ചേച്ചിക്ക് പ്രശ്നം ഇല്ലെങ്കിൽ നാളെ ഞാൻ വരാം ഗുരുവായൂർക്ക്‌. എന്റെ കാറിൽ പോകാം…

രചന : Kamala Kallu

നിത്യവസന്തം (ചെറുകഥ)

❤❤❤❤❤❤❤❤❤❤❤

ഓഫീസ് ടൈം കഴിയാറായി. സമയം നോക്കി ഇരിക്കുകയായിരുന്നു ഞാൻ. തിരിച്ച് വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇന്നാണെങ്കിൽ വേഗം എത്തണം. കമ്പ്യൂട്ടർ ഷട്ഡൗൺ ചെയ്തു.

സാരി നേരേയിട്ട് ബാഗുമെടുത്തു പുറത്തിറങ്ങാൻ നോക്കിയപ്പോഴാണ് പിറകിൽനിന്ന് മഹേഷ്‌ വിളിക്കുന്നത് “ചേച്ചി നിൽക്കു സ്റ്റാൻഡ് വരെ വേണേൽ ലിഫ്റ്റ് തരാം”. മഹേഷ്‌ അവനും എന്നെപോലെ തന്നെ അക്കൗണ്ട് സെക്ഷൻ സ്റ്റാഫ്‌ ആണ് . അവിവാഹിതൻ, 26 കഴിഞ്ഞു കാണും.

എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരം . എന്റെ ചിന്തകൾ അപ്പോഴേക്കും വീട്ടിലെത്തി കഴിഞ്ഞു.

ഒരുപാട് നാൾ ആയി വിചാരിക്കുന്നു ഗുരുവായൂരിൽ പോകണം തൊഴണം എന്നൊക്കെ . ചേട്ടനും എനിക്കും ഒഴിവു കിട്ടിയ ഒരു ഞായർ നാളെ ആണ്.

അല്ലെങ്കിൽ എന്തെങ്കിലും പരിപാടികൾ ഉണ്ടാകും.

എന്തായാലും എല്ലാംകൂടി നാളെയാണ് ഒത്തുവന്നത്.

ഇനി ഇവിടുന്ന് ഓട്ടോ കിട്ടി സ്റ്റാൻഡിൽ എത്തുന്നത് ആലോചിച്ചപ്പോൾ മഹേഷിന്റെ ഓഫർ നിരസിക്കാൻ തോന്നിയില്ല. എന്നാലും എടുത്തുചാടി ഒന്നും പറയാൻ തോന്നിയില്ല. “ഓ വേണ്ടടാ നിനക്കത് ബുദ്ധിമുട്ട് ആകില്ലേ” ഇങ്ങനെ ചോദിച്ചാൽ അവൻ എന്തു പറയും എന്നെനിക്കറിയാമായിരുന്നു. പ്രതീക്ഷിച്ച മറുപടി തന്നെ വന്നു “എനിക്കെന്ത് ബുദ്ധിമുട്ട്” അവൻ എന്തോ വളരെ സന്തോഷത്തോടെ കാറിന്റെ കീ എടുത്തു ഇറങ്ങി. മഹേഷ് കാർ തിരിച്ചു വന്ന്‌ ഫ്രണ്ടിലെ ഡോർ തുറന്ന് തന്നു ഞാൻ സാരി ഒതുക്കി പിടിച്ചു കാറിൽ കയറി. സെക്യൂരിറ്റിക്കാരൻ ഞങ്ങളെ വല്ലാതെ ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി.വല്ലാത്ത നോട്ടം!!.

5 മിനിറ്റ് കൊണ്ട് സ്റ്റാൻഡിൽ എത്തും. ഞാൻ സ്റ്റാൻഡ് എത്തുന്നതും കാത്ത് പുറത്ത് നോക്കി ഇരിക്കുന്നു

” ചേച്ചി ആദ്യമായിട്ടല്ല ഈ കാറിൽ കയറുന്നെ? !! ” അപ്പോഴാണ് അവന്റെ ചോദ്യം.

അതെ എന്ന് ഞാനും പറഞ്ഞു. “ഞാൻ നാളെ ഒരു സ്ഥലം വരെ പോകുവാണ് ” അതാണ്‌ ഇന്ന് ഇത്ര തിരക്കിട്ട് പോകുന്നത് ” ഞാൻ പറഞ്ഞു. “അതെനിക്കറിയാം ഗുരുവായൂർക്കല്ലെ..!!!” ഞാനാകെ ആശ്ചര്യപ്പെട്ടു. ഞാൻ ഇതാരോടും പറഞ്ഞതല്ലല്ലോ ഇതെങ്ങനെ ഇവൻ അറിഞ്ഞു.

ഞാൻ അത് ചോദിച്ചു അവനോട്. “അതൊക്കെ അറിയാം” എന്നുമാത്രം മറുപടി. അപ്പോഴാണ് ആ കാഴ്ച കണ്ടത്.

സ്റ്റാൻഡിലേക്ക് എത്തുന്നതിനു മുമ്പുള്ള വളവിൽ ഒരാൾക്കൂട്ടം ആക്സിഡന്റ് ആണെന്നു കണ്ടപ്പോഴേ മനസ്സിലായി റോഡിൽ ബൈക്ക് കിടക്കുന്നുണ്ട്.

കാർ മെല്ലെ സ്ലോ ചെയ്തു പോയിക്കൊണ്ടിരിക്കുന്നു.

ബൈക്കിൽ ഫാമിലി ആയിരുന്നു . ആരാണെന്നൊന്നും കാണാൻ കഴിഞ്ഞില്ല അപ്പോഴേക്കും ആംബുലൻസിൽ കയറ്റുന്നത് കണ്ടു. ആ കാഴ്ച കണ്ടപ്പോൾ മനസ്സാകെ മരവിച്ച പോലെയായി.

സ്റ്റാൻഡിന്റെ പുറത്ത് കാർ നിറുത്തി ഞാൻ ഇറങ്ങി

“താങ്ക്സ് മഹേഷേ തിങ്കളാഴ്ച കാണാം” എന്ന് പറഞ്ഞു.

“താങ്ക്സൊന്നും വേണ്ട നാളെ പോയി പ്രാർത്ഥിക്കുമ്പോൾ എന്റെ കാര്യം കൂടി പറയണം”

“തീർച്ചയായും”

അവൻ കാർ എടുത്തു പോയി. ഞാൻ സ്റ്റാൻഡിലേക്ക് നീങ്ങി ആലുവ ബസ് കണ്ടു കയറി ഇരുന്നു.

അപ്പോഴാണ് ആ കോൾ വന്നത്!!

ബാഗിൽ നിന്നും ഫോൺ എടുത്തുനോക്കി.

ഏട്ടനാണ്!!. വീട്ടിൽ എത്തിയോ എന്ന് അറിയാൻ ആകും വിളിക്കുന്നത്. കാൾ എടുത്തു.

” നീ എവിടെ എത്തി”

” ഞാൻ സ്റ്റാൻഡീൽന്ന് ബസ് കയറിയിട്ടെവു ള്ളൂ”

“നീ വരുമ്പോ അവിടെ വല്ല ആക്സിഡന്റും കണ്ടാരുന്നോ..? ”

“ആ കണ്ടു, ഒരു ബൈക്ക് ഇടിച്ചു കിടക്കണത്. ആരാണെന്നു മനസ്സിലായില്ല .”

“അതെനിക്കും അറിയില്ല പക്ഷെ ഇടിച്ചത് ജെറിന്റെ കാറാണ് ”

” എന്നിട്ട് അവൻ എന്തെങ്കിലും പറ്റിയോ അവിടെ അവന്റെ കാറൊന്നും കണ്ടില്ലല്ലോ”

“അത് ചിലപ്പോൾ ആരെങ്കിലും മാറ്റിയിട്ടിട്ടുണ്ടാവും. അവന് വലിയ പ്രശ്നമൊന്നുമില്ല. ഞാനേ ഹോസ്പിറ്റലിൽ പോവാണ്. അവിടെ ചെന്നിട്ട് വിളിക്കാം. സാറുണ്ട് കൂടെ!.” അതും പറഞ്ഞു കാൾ കട്ട് ചെയ്തു.

ബസ് നീങ്ങിതുടങ്ങി . ജെറിനും അപ്പനും അമ്മയും ഭാര്യ ആൻസി അടക്കം നാല് ഡോക്ടേഴ്സ് ഉള്ള വീട്ടിലെ ഡ്രൈവർ ആണ് എന്റെ ഏട്ടൻ. ഏകദേശം പത്ത് വർഷത്തോളമായി അവരുടെ കൂടെ…

ഇറങ്ങാനുള്ള സ്റ്റോപ്പെത്തി..

ഹോസ്പിറ്റൽ കേസ് ആയതുകൊണ്ട് ഇനി എപ്പോ ഏട്ടൻ തിരിച്ചുവരുമെന്നറിയില്ല. നാളത്തെ കാര്യം എങ്ങനെയാണാവോ. അല്ലേലും എങ്ങോട്ടെങ്കിലും പോകാൻ തീരുമാനിച്ച വല്ല തടസ്സവും ഉണ്ടാവും പതിവാണ്. മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടിയപ്പോഴേക്കും വീടിന്റെ മുറ്റത്തെത്തി. വീട് തുറന്ന് അകത്തു കയറി കുളിച്ചു വന്ന്‌ വിളക്ക് വച്ചപ്പോഴേക്കും സമയം ആറു കഴിഞ്ഞു.

ഫോണെടുത്ത് ഏട്ടനെ വിളിച്ചു നോക്കി. ഫോൺ എടുക്കുന്നില്ല. സൈലന്റ് ആണെന്നു തോന്നുന്നു.

ഫോൺ ടേബിളിൽ വച്ച് തിരിഞ്ഞപ്പോഴാണ് ഒരു വാട്സാപ്പ് മെസ്സേജ് വന്നത്.

എടുത്തു നോക്കിയപ്പോൾ മഹേഷിന്റെ മെസ്സേജ്.!!

“ചേച്ചി വീട്ടിൽ എത്തിയോ?

നാളെ എപ്പോഴാ പോകുന്നേ..?

ഞാൻ ഫോൺ വിളിച്ച് ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഞാൻ ഫോൺ അവിടെവെച്ച് അടുക്കളയിലേക്ക് കയറി.

രാത്രിക്കുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കി ഹാളിൽ വന്നിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞവൻ വിളിച്ചില്ലല്ലോ എന്നോർത്തു നിൽക്കുമ്പോളാണ് ചേട്ടന്റെ കാൾ വന്നത്. ആ ബൈക്കുകാരന്റെ കാര്യം കുറച്ച് സീരിയസ് ആണ്.

എനിക്കിന്ന് അങ്ങോട്ട് വരാൻ പറ്റില്ല എന്ന് പറഞ്ഞു.

നാളത്തെ ഗുരുവായൂർ പോണ കാര്യം ചോദിച്ചപ്പോൾ ഈ അവസ്ഥയിൽ എങ്ങനെ വരാനാ എന്നു പറഞ്ഞു ഫോൺ വച്ചു.

ഒരുപാട് നാളത്തെ ആഗ്രഹം ഇനിയും കാത്തിരിക്കണം അല്ലോ എന്ന് ആലോചിച്ചപ്പോൾ വല്ലാത്ത സങ്കടം തോന്നി. അപ്പോഴാണ് മഹേഷ് വീണ്ടും വിളിച്ചത് . ” ചേച്ചിക്ക് പ്രശ്നം ഇല്ലെങ്കിൽ നാളെ ഞാൻ വരാം ഗുരുവായൂർക്ക്‌. എന്റെ കാറിൽ പോകാം.”

അതുകേട്ടപ്പോൾ എന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ നിഴലിച്ചു. ഏയ് അതു കുഴപ്പമില്ല പിന്നീട് പോകാലോ എന്നൊക്കെ പറഞ്ഞു ഞാൻ പിന്മാറാൻ ശ്രമിച്ചു. “ചേച്ചി പേടിക്കേണ്ട എന്റെ കൂടെ ഒരാൾ കൂടി ഉണ്ടാകും!!!

ഞാൻ ചോദിച്ചു : അതാരാ!

ഞാൻ ആകാംക്ഷയോടെ ചോദിച്ചു

“അങ്ങനെ പുറമേ നിന്നുള്ള ആരുമല്ല ചേച്ചി.

എന്റെ അമ്മ തന്നെയാണ് അമ്മയ്ക്ക് ഇപ്പോൾ നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. പണ്ട് മാസത്തിലൊരിക്കലെങ്കിലും ഗുരുവായൂർക്ക്‌ പോയിരുന്നതാ പിന്നെ ചേച്ചി ഗുരുവായൂർക്ക് പോണ കാര്യം ഫോണിൽ പറയുന്നത് ഞാൻ കേട്ടിരുന്നു.

ചേട്ടന് പ്രശ്നമില്ലെങ്കിൽ നമ്മുക്ക് ഒരുമിച്ചു പോകാലോ ” മനസ്സിൽ അല്പമെങ്കിലും ആശ്വാസവും സന്തോഷവും തോന്നി. എന്തായാലും ചേട്ടന്റെ തീരുമാനം അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.

ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു.

മഹേഷിന്റെ പെരുമാറ്റത്തിലും സംസാരത്തിലും എനിക്കുണ്ടായ സംശയങ്ങൾ തെല്ലുകുറഞ്ഞെങ്കിലും സംശയിച്ചതിൽ എനിക്ക് വിഷമം ഉണ്ടായില്ല.

അല്ലെങ്കിലും മനസ്സിൽ വച്ച് സംസാരിക്കുമ്പോൾ എങ്ങനെയാണ് ആളുകളെ മനസ്സിലാക്കാൻ കഴിയുന്നത്?!!

ഏട്ടനോട് ഇക്കാര്യങ്ങൾ എങ്ങനെ സംസാരിക്കും എന്ന് ആലോചിക്കാൻ കൂടി വയ്യ. എങ്കിലും മനസ്സില്ലാമനസ്സോടെ ഞാൻ വിളിച്ചു കാര്യം പറഞ്ഞു.

” അവൻ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് നിനക്ക് ഉറപ്പുണ്ടോ ..? ഉണ്ടെങ്കിൽ അവരുടെ കൂടെ പൊയ്ക്കോളൂ… ഒന്നുമല്ലെങ്കിലും ആ അമ്മയ്ക്കും നിനക്കും സന്തോഷമാവില്ലേ നീയും ഒരുപാട് ആഗ്രഹിച്ചത് അല്ലേ.. ഈ യാത്ര..നമുക്ക് ഒരുമിച്ച് പിന്നെയും പോകാലോ…” ഏട്ടന്റെ മറുപടി കേട്ടപ്പോൾ വല്ലാതെ അഭിമാനം തോന്നി. എന്നിലെ വിശ്വാസത്തെ തുലാസിൽ വച്ചുകൊണ്ട് മഹേഷിനോട് നാളെ കൂടെ ഞാനും ഉണ്ടാകും എന്ന് പറഞ്ഞു.

അടുക്കളയിൽ കയറി അത്താഴം കഴിച്ച് വാതിലടച്ച് തിരിച്ചുവന്നു നാളെ ഇടാനുള്ള സാരി മേശമേൽ വെച്ചു ലൈറ്റ് ഓഫ് ചെയ്തു കിടന്ന് ഫോണിൽ സമയം നോക്കിയപ്പോൾ പത്തുമണി കഴിഞ്ഞു.

ചിന്തകളും സംശയങ്ങളും മാറി മാറി ഉറക്കത്തെ വല്ലാതെ ബാധിച്ചു പിന്നീട് എപ്പോഴാണ് ഉറക്കം വന്നത് എന്ന് ഞാൻ പോലും അറിഞ്ഞില്ല.

❤❤❤❤❤❤❤❤❤❤❤❤

അലാറത്തിന്റെ കരച്ചിൽ കേട്ടാണ് പാതി ഉറക്കത്തിലായ ഞാനെഴുന്നേറ്റത്. ധൃതിയിൽ പാതിയടഞ്ഞ കണ്ണുതിരുമ്മി നേരെ കുളിക്കാൻ പോയി. കുളി കഴിഞ്ഞു വന്ന് നേരെ ചായ ഉണ്ടാക്കി റൂമിൽ കയറി

സാരി ഉടുത്ത് കുറച്ചുനേരം കണ്ണാടിയുടെ മുമ്പിൽ നിന്നപ്പോഴേക്കും ഫോണിൽ മഹേഷിന്റെ മെസ്സേജ് വന്നു

“വീട്ടിൽ നിന്ന് ഇറങ്ങി” എന്ന്.

അടുക്കളയിൽ കയറി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഏട്ടനെ വിളിച്ചുനോക്കി. ഫോൺ എടുക്കുന്നില്ല ഉറക്കത്തിലായിരിക്കും.

ചായ പാത്രം കഴുകി ബാഗും ഫോണുമെടുത്തു വീടു പൂട്ടി പുറത്തു ചാരുകസേരയിൽ ഇരുന്നു.

കാറ് വീടിന്റെ മുറ്റത്തിട്ട് തിരിച്ച് ഡ്രൈവർ സീറ്റിൽ നിന്നും മഹേഷ് തല പുറത്തിട്ടു എന്നെ വിളിച്ചു

” ചേച്ചി വാ കയറു” കാറിന്റെ അടുത്തേക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു അമ്മയില്ലേ എന്ന്. അപ്പോഴാണ് ചെറിയ വെളിച്ചത്തിൽ ഒരു സ്ത്രീ ഫ്രന്റ് സീറ്റിൽ ഇരിക്കുന്നത് കണ്ടത്.

” ഇതാണ് എന്റെ അമ്മ”. ഇപ്പോഴാണ് മനസ്സിന് ഒരു ആശ്വാസം വന്നത്. ഞാനല്പം സന്തോഷത്തോടെ പിന്നിലെ സീറ്റിൽ കയറിയിരുന്നു.

കാറ് ഇടവഴികൾ കടന്ന് മെയിൻ റോഡിലേക്ക് കയറി.

” ചേച്ചി എന്താ ഒന്നും മിണ്ടാത്തത് ”

” ഏയ്‌ ഒന്നൂല്യ ”

“ചേച്ചി വല്ലതും കഴിച്ചോ”

” ഉവ്വ് ചായ കുടിച്ചു.”

ഞാൻ അമ്മയെ ശ്രദ്ധിക്കുകയായിരുന്നു. ഇതുവരെ ഒന്നും സംസാരിക്കുന്നത് കേട്ടില്ല. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.ഒന്ന് ചാരിയിരുന്നു .പതിയെ എന്റെ കണ്ണുകൾ അടഞ്ഞു ഞാനൊന്നു മയങ്ങി.

❤❤❤❤❤❤❤❤❤❤❤

ഹോണടികളുടെ ബഹളം കേട്ടാണ് പിന്നീട് ഉണർന്നത്. ഗുരുവായൂർ എത്താറായി.

” ചേച്ചി ഒന്നുമയങ്ങി അല്ലേ..!! നമ്മൾ എത്തീട്ടൊ

ഞാൻ നിവർന്നിരുന്ന് ബാഗ് എടുത്തു മടിയിൽ വച്ചു.

ഇവിടെ എത്തി എന്ന് ഫോണെടുത്തു ഏട്ടനെ വിളിച്ചു പറഞ്ഞു. വണ്ടി നേരെ പാർക്കിംഗിൽ നിർത്തി.

മഹേഷും ഞാനും ഇറങ്ങി. മഹേഷ് നേരെ കാറിന്റെ ഡിക്കി തുറന്ന് വീൽ ചെയറെടുത്തുവന്ന് അമ്മയുടെ അടുത്തേക്ക് ചെന്നു ഡോർ തുറന്ന് കൈപിടിച്ച് അമ്മയെ ഇറക്കി ചെയറിൽ ഇരുത്തി . എനിക്ക് അപ്പോഴാണ് അമ്മയുടെ അവസ്ഥ മനസ്സിലായത്. നേരെ അമ്പലത്തിലേക്ക് നടന്നു.

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ദർശനം കഴിഞ്ഞ് പുറത്തേക്കിറങ്ങി. പ്രാർത്ഥനാനിർഭരമായ ആ നിമിഷം എന്നെ വളരെയധികം സന്തോഷവതിയാക്കി.

തിരിച്ചുവന്ന് അടുത്തുള്ള ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങി കാറിലിരുന്ന് കഴിക്കാൻ തുടങ്ങി.

അമ്മക്ക് അവൻ വാരികൊടുക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.

കൈകഴുകാൻ വേണ്ടി പുറത്തിറങ്ങിയപ്പോൾ അമ്മയെക്കുറിച്ച് ഞാൻ ചോദിച്ചു.

“എനിക്കൊരു ട്വിൻസ് സിസ്റ്റർ ഉണ്ടാരുന്നു 3 വർഷം മുൻപ് .ചേച്ചി ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുകയായിരുന്നു അവിടെ നടന്ന റാഗിങ്ങും മറ്റും.. ചേച്ചി മനംനൊന്ത് ആത്മഹത്യ ചെയ്തു

അതിനുശേഷമാണ് അമ്മ ഈ അവസ്ഥയിൽ ആയത്. ചേച്ചിയെ കാണുമ്പോൾ എങ്കിലും എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് ഞാൻ കരുതി

ഉള്ളിലെ വിഷമങ്ങൾ ഒതുക്കിപ്പിടിച്ച് എന്നത്തെ പോലെ ചിരിച്ചുകൊണ്ട് കൈ കഴുകി അവൻ തിരിച്ചു കാറിലേക്ക് കയറി. ഞാൻ കാറിൽ കയറിയപ്പോഴാണ് ഏട്ടന്റെ കോൾ വന്നത് ആക്സിഡന്റ് പറ്റിയ ആൾക്ക് ഇപ്പോൾ പ്രശ്നമില്ലെന്നും കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാമെന്നും പറഞ്ഞു. ഞങ്ങൾ തിരിച്ചു വരികയാണെന്ന് പറഞ്ഞ് ഫോൺ വെച്ചു. സീറ്റ്ബെൽറ്റ് ഇട്ട് പോകാമെന്ന് പറഞ്ഞ് മഹേഷ്‌ അമ്മയെ നോക്കിയപ്പോളാണ് ആ കാഴ്ച കണ്ടത്.

ഒരുപാട് നാളുകൾക്കു ശേഷം ആ അമ്മയുടെ മിഴികൾ നിറഞ്ഞിരിക്കുന്നു

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം….

രചന : Kamala Kallu