അറിയാതെ, തുടർക്കഥയുടെ ഭാഗം 41 വായിക്കൂ…

രചന : Thasal

“ഇറങ്ങാൻ ആയോടി…. ”

രണ്ട് ഭാഗത്തേക്കും ആയി ഒതുക്കിയ മുടിയിൽ ക്ലിപ്പ് ഇട്ടു ഒതുക്കുന്ന നിലയെ നോക്കി കൊണ്ട് ഹർഷൻ ചോദിച്ചു… ചാർജിന് ഇട്ട ഫോൺ എടുക്കാൻ വന്നതായിരുന്നു അവൻ…

“ഇത്രേം രാവിലെ എവിടെ പോയതായിരുന്നു… ”

കണ്ണാടിയിലൂടെ അവനെ നോക്കി പിരികം പൊക്കി കൊണ്ട് അവൾ ചോദിക്കുമ്പോൾ അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു.. മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു ചേർത്ത് പിടിക്കാതെ തന്നെ നെറുകയിൽ ഒന്ന് മുത്തി കൊണ്ട് ജനലിൽ വിരിച്ചിട്ട തോർത്ത്‌ എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു…

“കിച്ചുന്റെ വിളി ണ്ടായിരുന്നു…. പാടത്തേക്ക് ഒന്ന് പോയതാ…. നീ ഇപ്പോൾ ഇറങ്ങുന്നില്ലല്ലോ.

“ബസ് വരാൻ ആയിട്ടുണ്ട് അച്ചേട്ടാ…. ”

“അത് സാരല്യ… ഞാനും ണ്ട് ടൗണിലേക്ക്….

നമുക്ക് ഒരുമിച്ച് പോകാം… ശ്രീക്കുട്ടി അരുണിന്റെ കൂടെ ആകും… ”

ബാത്റൂമിൽ നിന്നും ഹർഷന്റെ ശബ്ദം ഉയർന്നു….. നില പിന്നെ ധൃതി കൂട്ടാതെ ആയിരുന്നു ഓരോ കാര്യങ്ങളും ചെയ്തത്…. ഒന്ന് ഒരുങ്ങി കഴിഞ്ഞതും വെറുതെ ഹാങ്ങറിലേക്ക് കണ്ണുകൾ പോയി….

പിന്നെ ഹാങ്ങറിൽ നിന്നും ഒരു ഷർട്ട് എടുത്തു ഒന്ന് ഇസ്തിരി ഇട്ടു കസേരയിൽ തൂക്കി ഇട്ടു…

വന്നിട്ട് ഇന്ന് വരെ ഷർട്ട് ഒന്ന് തേക്കുന്നത് കണ്ടിട്ടില്ല…. ഹാങ്ങറിൽ നിന്നും എടുത്തു ഒന്ന് കുടഞ്ഞു ഇടും….

“എന്തിനാ കൊച്ചേ… വേണ്ടാത്ത പണിക്ക് ഒക്കെ നിൽക്കുന്നെ…. ”

ബാത്റൂമിൽ നിന്നും ഇറങ്ങിയ പാടെ ഹർഷന്റെ ചോദ്യം കേട്ടു അവൾ ചെറുതിലെ ഒന്ന് ചിരിച്ചു…

“ന്തേ അച്ചേട്ടന് ഇഷ്ടപ്പെട്ടില്ലേ…. ”

“വാങ്ങിച്ച് ഇന്ന് വരെ ഇസ്തിരി പെട്ടി തട്ടാത്ത ഷർട്ടുകളാ മുഴുവൻ…. വെറ്തെ എന്തിനാ.. ”

“ഒരു മാറ്റാം ഒക്കെ വേണ്ടേ….

അവളും കുസൃതിയോടെ ചോദിച്ചു… അവൻ കള്ള ചിരിയോടെ അവളെ നോക്കിയതും അവൾ മെല്ലെ പുറത്തേക്ക് വലിഞ്ഞു…

“വേഗം വാട്ടോ അച്ചേട്ടാ….വൈകിയാൽ ക്ലാസ്സ്‌ കിട്ടില്ല… ”

ചെറുതിലെ ഉള്ളിലേക്ക് ഒന്ന് തലയിട്ട് നോക്കി കൊണ്ട് അവൾ പറഞ്ഞു…

“വന്നേക്കാം ന്റെ കൊച്ചേ… ”

അവനും തിരികെ ഒരു മറുപടി നൽകിയതോടെ അവൾ അമ്മയുടെ അടുത്തേക്ക് നടന്നു… അവൾ പോകുന്നത് കണ്ടു ചെറു ചിരിയോടെ അവൻ തേച്ചു വെച്ച ഷിർട്ടിലേക്ക് ഒന്ന് നോക്കി… പിന്നെ ഒന്ന് കുടഞ്ഞു കൊണ്ട് ദേഹത്തേക്ക് ഇട്ടു….

❤❤❤❤❤❤❤❤❤❤❤

“ഒന്ന് കൂടെ കഴിച്ചിട്ട് എണീറ്റാൽ മതി…. ”

പ്ലേറ്റും എടുത്തു എഴുന്നേൽക്കാൻ ഒരുങ്ങിയ നിലയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞതും അവളുടെ കണ്ണുകൾ ദയനീയമായി അമ്മയിലേക്ക് പോയി… അമ്മ ഒന്ന് കണ്ണടച്ചു കാണിച്ചു കൊണ്ട് അതിൽ ഇടപെടാതെ കഴിക്കുന്നതിലേക്ക് ശ്രദ്ധ കൊടുത്തു…

“അമ്മേനെ നോക്കീട്ട് കാര്യം ഇല്ല കൊച്ചേ… ഇരുന്നു കഴിക്കടി….

കൊത്തി പെറുക്കി ഇരുന്നപ്പോൾ തന്നെ അറിയായിരുന്നു ഒന്ന് കൊണ്ട് നിർത്തുംന്ന്… അതോണ്ട് തന്നെയാ കഴിഞ്ഞിട്ടും ഞാൻ എണീക്കാഞ്ഞത്… കഴിക്ക്…

ഒരു ദോശ കൂടി അവളുടെ പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു… അവൾ മെല്ലെ വയർ തൊട്ടു കാണിച്ചു കൊടുത്തു…

“അത് പൊട്ടിയാൽ ഞാൻ തുന്നി കെട്ടി തരാം… നീ ദേഷ്യം പിടിക്കാതെ കഴിക്ക്… കഴിക്കാൻ.”

പറയുന്നതിനോടൊപ്പം അവൾ കഴിക്കുന്നില്ല എന്ന് കണ്ടതും കണ്ണുരുട്ടലോടെ അവൻ ദോശ മുറിച്ചു ചട്ടിണിയിൽ മുക്കി കൊണ്ട് അവളുടെ ചുണ്ടിൽ തട്ടിച്ചു നിർത്തിയിരുന്നു… അവൾ ഒരു നിമിഷം അല്പം പതർച്ചയോടെ അമ്മയിലേക്ക് കണ്ണുകൾ എറിഞ്ഞു.. അപ്പോഴേക്കും അവൻ ചൂണ്ട് വിരൽ കൊണ്ട് ചുണ്ട് പിളർത്തി കൊണ്ട് അത് വായിൽ വെച്ചു കൊടുത്തിരുന്നു…

അമ്മ അവരെ നോക്കാതെ തന്നെ കഴിപ്പിൽ ആയിരുന്നു…

കൊടുത്തത് വലിയ കഷ്ണം തന്നെ ആയത് കൊണ്ട് അത് അവളുടെ കവിളിൽ മുഴച്ചു നിന്നു…

അവൾ കഷ്ടപ്പെട്ട് ഇറക്കുന്നത് കണ്ടതും അവൻ ഒരു ഗ്ലാസ്‌ ചായ അവൾക്ക് മുന്നിലേക്ക് നീക്കി വെച്ചു കൊടുത്തു…

“മുഴുവൻ കഴിച്ചിട്ട് എണീറ്റാൽ മതി… ”

ഗ്ലാസ്‌ ചുണ്ടോട് ചേർക്കുന്ന അവളെ നോക്കി പറഞ്ഞു കൊണ്ട് അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു

“അമ്മ നോക്കിയേക്കണം…. ”

അവൻ അമ്മയുടെ തലയിൽ ഇടതു കൈ കൊണ്ട് മെല്ലെ തലോടി കൊണ്ട് വാഷ് ബേസിന്റെ അടുത്തേക്ക് പോയി….

“മെല്ലെ കഴിച്ചാൽ മതി മോളെ…. ”

“നിക്ക് വയറ് നിറഞ്ഞിട്ടാ… ”

“അത് മാത്രമല്ലേ ഒള്ളൂ… അവൻ കണ്ടാൽ അത് മതി ചീത്ത കേൾക്കാൻ.. കഴിക്ക് മോളെ ”

അമ്മ പറഞ്ഞതും അവൾ ബാക്കി കൂടി കഷ്ടപ്പെട്ട് കഴിച്ചു…

“ഞാൻ പുറത്ത് കാണും…. നീ പെട്ടെന്ന് വരാൻ നോക്ക്….കിച്ചു വണ്ടി വർക്ക്‌ ഷോപ്പിൽ നിന്നും ഇത് വരെ തിരികെ കൊണ്ട് വന്നിട്ടില്ല… അമ്മാ പോയി… ”

അമ്മയുടെ മുടിയിൽ ഒന്ന് തലോടി ഹർഷൻ അത് പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു….

നില എങ്ങനെയൊക്കെയോ ഫുൾ ആക്കി കൊണ്ട് പെട്ടെന്ന് തന്നെ എഴുന്നേറ്റു കൈ കഴുകി ഭക്ഷണം കഴിക്കുന്ന അമ്മയുടെ നെറുകയിൽ ഒരു കുഞ്ഞ് ചുംബനവും നൽകി ടേബിളിൽ വെച്ച ബാഗും എടുത്തു പുറത്തേക്ക് നടന്നു..

“അമ്മ പോയിട്ട് വരാട്ടോ…. ”

“രണ്ടും നോക്കി പോണേ…. ”

അമ്മയുടെ കരുതൽ നിറഞ്ഞ വാക്കുകൾ ഉണ്ടായിരുന്നു പിന്നാലെ തന്നെ…

❤❤❤❤❤❤❤❤❤❤❤

“നില കൊച്ചേ….. ”

“ന്താ… !!?”

പാടവും കടന്നു മുന്നോട്ട് നടക്കും വഴിയുള്ള ഹർഷന്റെ വിളിയിൽ അവൾ മെല്ലെ തല ഉയർത്തി അവനെ ഒന്ന് നോക്കി…. അവൻ പുഞ്ചിരിക്കുകയായിരുന്നു…..

“ഇന്ന് കോളജിൽ പോണോ….

അവനെ അറിഞ്ഞു അവന്റെ ഭാര്യയായതിന് ശേഷം ആദ്യമായി ആയിരുന്നു അവനിൽ നിന്നും അങ്ങനെ ഒരു ചോദ്യം…. അവൾ കണ്ണുകൾ വിടർത്തി അവനെ ഒന്ന് നോക്കി…

“പോണ്ടേ അച്ചേട്ടാ…. ”

“നിനക്ക് വല്ല ആഗ്രഹങ്ങളും ണ്ടേൽ പറ… അങ്ങോട്ട്‌ പോകാം…. ഇന്ന് വരെ അങ്ങനെ ഒന്നും ഞാൻ ചോദിച്ചിട്ടില്ലല്ലോ…. ”

അവൻ അവളിൽ നിന്നും നോട്ടം മാറ്റാതെ തന്നെയായിരുന്നു പറഞ്ഞത്… അവളിലും പുഞ്ചിരി നിറഞ്ഞു…എത്രമാത്രം അവളും അത് ആഗ്രഹിക്കുന്നുണ്ട് എന്ന് അവനെ ബോധ്യപ്പെടുത്താൻ പ്രാപ്തമായ പുഞ്ചിരി…. പിന്നെ എന്തോ ആലോചിച്ച കണക്കെ മുഖം മങ്ങി….

“ന്നാ പിന്നെ അമ്മേനേം കൂട്ടായിരുന്നു…. ഈ ബാഗും വേണ്ടായിരുന്നു…. ”

കുഞ്ഞ് സങ്കടത്തോടെ ആയിരുന്നു അവൾ പറഞ്ഞത്…. അവൻ ചെറു ചിരിയോടെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അമ്മക്ക് ഡയൽ ചെയ്തു അവൾക്ക് നേരെ നീട്ടി….

അമ്മ കാൾ അറ്റന്റ് ചെയ്തതും അവൾ സന്തോഷത്തോടെ കാര്യങ്ങൾ പറഞ്ഞു…അമ്മയെ വരാൻ ഒരുപാട് നിർബന്ധിച്ചു എങ്കിലും പരാജയം ആയിരുന്നു ഫലം….

“മിണ്ടാതെ നിന്നോണം രണ്ടും….രണ്ടടി നടന്നാൽ അരമണിക്കൂർ ഇരിക്കുന്ന ഞാനാ ഉള്ള ബസിലും തൂങ്ങി പിടിച്ചു വരാൻ പോകുന്നത്… നീ മോളുടെ ബാഗ് മനുവിനെ ഏൽപ്പിച്ചാൽ മതി അവൻ ഇങ്ങ് കൊണ്ട് തന്നോളും….എന്നിട്ട് രണ്ടാളും പോകാൻ നോക്ക്… മോളെ സൂക്ഷിച്ചോണം…. ”

രണ്ട് പേരും ഒരുപാട് നിർബന്ധിച്ചതോടെ അല്പം ശാസന കലർത്തി കൊണ്ട് അമ്മ പറഞ്ഞു…രണ്ട് പേരുടെയും മുഖം ഒരുപോലെ വാടി… എങ്കിലും ഒരു മൂളലിൽ അവസാനിപ്പിച്ച് കൊണ്ട് ഫോൺ വെക്കുമ്പോൾ അമ്മയുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു….

❤❤❤❤❤❤❤❤❤❤❤❤

“ശ്ശ്…..”

ബസിൽ പിന്നിലേക്ക് തിരിഞ്ഞു പിന്നിലെ സീറ്റിൽ ഇരിക്കുന്ന ഹർഷനെ മെല്ലെ ഒന്ന് നില വിളിച്ചു…

ഹർഷൻ സംശയത്തോടെ മുന്നിട്ടു ഒന്ന് ആഞ്ഞു അവൾക്ക് നേരെ ശ്രദ്ധ കൊടുത്തു കൊണ്ട് ഒന്ന് പിരികം പൊക്കി…

“നമ്മൾ എങ്ങോട്ടാ പോകുന്നെ…. ”

അവളുടെ ചോദ്യം കേട്ടു അവന് ചിരിയാണ് വന്നത്… അവൻ വിൻഡോ സീറ്റിൽ ഇരിക്കുന്ന ഒരു മധ്യവയസ്കനെ ഒന്ന് എത്തി നോക്കി… ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി… ശേഷം നിറഞ്ഞ ബസിനകത്ത് കണ്ണുകൾ പാഞ്ഞു…

എല്ലാവരും അവരുടേതായ ലോകത്ത് ആണ്…

“ഇതൊന്നും ചോദിക്കാതെ ആണോ വിളിച്ച ഉടനെ വന്നത്…. ”

അവന്റെ ചോദ്യത്തിൽ കുസൃതി…അവൾ നെറ്റി ചുളിച്ചു ഒരിക്കൽ കൂടി അവനെ നോക്കി…

“ഇപ്പൊ തത്കാലം ടൗൺ വരെ പോകാം… ന്നിട്ട് തീരുമാനിക്കാം… ”

അവളുടെ നോട്ടത്തിന് അർത്ഥം മനസ്സിലാക്കിയ മട്ടെ അവൻ പറഞ്ഞു… അവൾ മെല്ലെ തിരിഞ്ഞു ഇരുന്നു…

അവൾക്ക് ചാരെ വിൻഡോ സീറ്റിൽ ആയി st ടിക്കറ്റ് ആയിരുന്നു… ഒരു പത്തു പതിനേഴ് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി….അടുത്തുള്ള സ്കൂളിലെ ഹയർസെക്കന്ററിയുടെ യൂണിഫോം ആയത് കൊണ്ട് തന്നെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു പ്ലസ്ടു ആണെന്ന്….

അവൾ കഷ്ടപ്പെട്ടു നിലയുടെ സീറ്റിനോട് ചാരി നിൽക്കുന്ന തന്റെ കൂട്ടുകാരികളോടുള്ള സംസാരം ആണ്…

“പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ…. എന്തൊരു ടഫ് ആണെന്നോ…. എനിക്ക് ആണേൽ ആകെ വട്ട് പിടിച്ചു നടക്കുകയാ…പ്രത്യേകിച്ച് ഫിസിക്സ് ലാബ്…. ആ സാറിന് എന്തൊരു ജാഡ ആണെന്നോ…. ”

കുട്ടികൾ പരസ്പരം പറയുന്നുണ്ട്…. നിലയുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു…

“ശരിയാടാ…. ക്ലാസിൽ വന്നിട്ടും വലിയ ഷോയാ…. അറിയാതെ ശബ്ദം ഒന്ന് ഉയർന്നാൽ തുടങ്ങും ചീത്ത… മടുത്തു അല്ലേ… പെട്ടെന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു… അല്ല… നീ റഫ് റെക്കോർഡ് സൈൻ ചെയ്യിപ്പിച്ചോ… ഇന്ന് ലാസ്റ്റ് ഹവർ പ്രാക്ടിക്കൽ അല്ലേ… ”

“ഈശ്വരാ മറന്നു… ഇനി അത് ചെയ്തില്ലേൽ ലാബിൽ കയറ്റില്ല…. നീ നിന്റെ റഫ് റെക്കോർഡ് ഇങ്ങ് കാണിച്ചേ… ”

ഇരുന്നിരുന്ന ആൾ ചോദിച്ചതും ആ പെൺകുട്ടി ബാഗ് ഒന്ന് അഴിച്ചു…

“ചേച്ചി ഇതൊന്നു പിടിക്കാവോ…”

ആ കുട്ടിയുടെ ചോദ്യം കേട്ടതും നില അവളുടെ ബാഗ് വാങ്ങി മടിയിൽ വെച്ചിരുന്നു… ആ പെൺകുട്ടി ബാഗിൽ നിന്നും ഒരു ബുക്ക്‌ എടുത്തു ഇരിക്കുന്ന കുട്ടിക്ക് നേരെ നീട്ടിയതും ആ കുട്ടി വളരെ കഷ്ടപ്പെട്ടു ബസ് ഒന്ന് ഇളകുമ്പോൾ ബുക്കിൽ മുറുകെ പിടിച്ചും ബുക്ക്‌ ഇളകാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടും പുസ്തകത്തിൽ ഉള്ളത് പകർത്തി എഴുതി കൊണ്ടിരുന്നു….

നിലയുടെ കണ്ണുകൾ പുഞ്ചിരിയോടെ അവരിൽ നിന്നും മാറ്റി…. ആ ഒരു ബസിനുള്ളിൽ ഒരുപാട് ജീവിതങ്ങൾ ഉണ്ടായിരുന്നു… ഒരു നേരത്തെ അന്നത്തിന് വേണ്ടി തന്നെ ജോലിക്ക് വേണ്ടി പോകുന്നവരും…. തന്റെ പ്രണയിനിക്ക് വേണ്ടി ബസിൽ കയറിയ കാമുകൻമാരും…. എല്ലാം….

ചിലർ സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്…

ചിലരുടെ കണ്ണുകൾ പുറത്തേക്ക് ആണ്… ചിലർ ആണെങ്കിൽ പ്രണയം പങ്കു വെക്കുന്ന തിരക്കിൽ ആണ്….

അവൾക്ക് കുറച്ചു അടുത്തായി തന്നെ സംസാരിച്ചു നിൽക്കുന്ന ഒരു പയ്യനും സ്കൂൾ യൂണിഫോം ഇട്ടു അവനോടൊപ്പം കമ്പിയിൽ തൂങ്ങി സംസാരിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു..

അവരുടേതായ ലോകത്തു പ്രണയം പങ്ക് വെക്കുകയാണ്…

തെറ്റാണ് എന്ന് പറയാൻ നിലക്ക് തോന്നി….ഉള്ളിൽ ആ കുട്ടി ചതിക്കപ്പെടുമോ എന്നൊരു ആധി….

പെട്ടെന്ന് തോളിൽ ആരോ തട്ടിയതും നില ഞെട്ടി കൊണ്ട് സ്വബോധത്തിലേക്ക് വന്നു…

“ബാഗ്… ”

ഇനിയും രണ്ട് സ്റ്റോപ്പ്‌ ഉണ്ട് സ്കൂൾ ലൈനിലേക്ക് അപ്പോഴേക്കും ബാഗ് ഇട്ടു റെഡി ആകാൻ ഉള്ള തിരക്കിൽ ആണ് എല്ലാവരും… ബാഗ് തോളിൽ ഇടുമ്പോൾ നില കുഞ്ഞ് പുഞ്ചിരി അവൾക്ക് നൽകി…

ആ കുട്ടിയും നൽകി നല്ലൊരു പുഞ്ചിരി തന്നെ….

സ്റ്റോപ്പ്‌ എത്തിയതും സ്കൂൾ പിള്ളേര് എല്ലാം ഇറങ്ങിയതും ബസ് പാതിയും കാലി ആയിരുന്നു…ആകെ ഉള്ളത് കുറച്ചു കോളേജ് പിള്ളേരും….ടൗണിലേക്ക് പോകുന്നവരും മാത്രം…

നില മെല്ലെ വിൻഡോ സൈഡിലേക്ക് നീങ്ങി ഇരുന്നു…. അടുത്ത് നിന്നിരുന്ന ചേച്ചി ഇരിക്കും എന്ന് പ്രതീക്ഷിച്ചു എങ്കിലും അപ്പോഴേക്കും ആ ചേച്ചി സൈഡ് സീറ്റിലേക്ക് ചെന്ന് ഇരുന്നിരുന്നു…

ആണുങ്ങളുടെ സൈഡിൽ ഒരാൾ നിൽക്കുന്നുമുണ്ട്….അവിടെ ആണേൽ ഇരിക്കാൻ വേറെ സീറ്റ്‌ ഒന്നുമില്ലതാനും…

ഹർഷൻ അയാളെ ഒന്ന് നോക്കി കൊണ്ട് നിലക്ക് അടുത്തേക്ക് ചെന്നിരുന്നു… അയാൾ ആ സീറ്റിലേക്കും ഇരുന്നു…

നില കുഞ്ഞ് പുഞ്ചിരിയോടെ അവനെ നോക്കി…

“അയാൾക്ക്‌ വേണ്ടി മാറി കൊടുത്തതോ അതോ എനിക്ക് വേണ്ടി വന്നിരുന്നതോ….”

അവളിൽ നിന്നും വെറുതെ ഒരു ചോദ്യം… മറുപടി എന്നോണം അവൻ ഒന്ന് ചിരിച്ചു…. പുറത്തേക്ക് കണ്ണുകൾ പായിച്ച് ഇരുന്നു… മറുപടി ഒന്നും കിട്ടാതെ ആയതോടെ അവളുടെ ചുണ്ടുകൾ ഒന്ന് പുറത്തേക്ക് ഉന്തി..പരിഭവത്തോടെ കെട്ടി തിരിഞ്ഞു ഇരുന്നു…

“എനിക്ക് വേണ്ടിയാടി കൊച്ചേ…. ”

കാതോരം ചേർന്നു നിൽക്കുന്ന കാറ്റ് പോലൊരു ശബ്ദം…. അവളുടെ ചുണ്ടിൽ ഞൊടി ഇടയിൽ പുഞ്ചിരി തെളിഞ്ഞു എങ്കിലും അവൾ തിരഞ്ഞു നോക്കിയില്ല….അവനും അതിനു നിർബന്ധിച്ചില്ല….

രണ്ട് പേർക്കും നോക്കാതെ തന്നെ അറിയാമായിരുന്നു ഇരുവരുടെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകും എന്ന്…

ലൈക്ക് ചെയ്തു അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും…..

രചന : Thasal