അറിയാതെ, തുടർക്കഥയുടെ ഭാഗം 43 വായിക്കൂ…

രചന : Thasal

“തല വേദനയാ അമ്മാ…. ”

പോയി വന്നിട്ട് മുഖം തെളിയാതെ നിൽക്കുന്ന നിലയെ സംശയത്തോടെ നോക്കുന്ന അമ്മയോട് ആയി അവൾ തന്നെ പറഞ്ഞു ഒപ്പിച്ചു….

“നല്ല വേദന ഉണ്ടോ മോളെ…

“കുഴപ്പം ഇല്ല…. വരുന്ന വഴി അച്ചേട്ടൻ മരുന്നു വാങ്ങി തന്നു… വേദന കുറവ് ഉണ്ട്.

റൂമിലേക്ക്‌ പോകാതെ തന്നെ അവൾ അമ്മക്ക് അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു….

“ന്നാ ഇങ്ങനെ ഇരിക്കണ്ടാ…. മോള് പോയി കിടന്നോ…. ”

അമ്മയും വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു…

അവളും എതിർത്ത് പറഞ്ഞില്ല… എങ്ങനെ എങ്കിലും കിടന്നാൽ മതി എന്ന് ആയിട്ടുണ്ടായിരുന്നു.

“കൊച്ചേ…. ഒന്ന് മേല് കഴുകീട്ടു കിടന്നോ… ക്ഷീണം മാറി കിട്ടും… ”

അവൾ പോകുന്നത് കണ്ടു ഹർഷനും വിളിച്ചു പറഞ്ഞു… അവൾ മെല്ലെ ഒന്ന് തലയാട്ടി…

“എന്തെങ്കിലും കഴിച്ചായിരുന്നോടാ നിങ്ങള്… ”

അമ്മയുടെ ചോദ്യം കേട്ടു അവൻ അവരുടെ അരികിലേക്ക് ചെന്നിരുന്നു കൊണ്ട് ഒന്ന് തലയാട്ടി…

“വരും വഴി കഴിച്ചു…. ഇനിയും വൈകിയാൽ അവൾക്ക് പിന്നെ അത് മതിയാകും….ഒന്നും കഴിക്കാതെ കിടക്കാൻ… ”

അവൻ അതും പറഞ്ഞു കൊണ്ട് അമ്മയുടെ മടിയിലേക്ക് ചാഞ്ഞു…

അമ്മയോട് വിശേഷങ്ങൾ പറഞ്ഞു അവൻ റൂമിലേക്ക്‌ എത്തിയപ്പോഴേക്കും നില ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു…

അവൻ അവളുടെ അരികിലേക്ക് ചെന്നു അവളുടെ മുടിയിലൂടെ ഒന്ന് തലോടി… അവളുടെ മുഖം ചുളിയുന്നത് കണ്ടതും അവൻ മെല്ലെ അവളിൽ നിന്നും മാറി…. കയ്യിലെ വാച്ച് അഴിച്ചു വെച്ചു ഫോണും എടുത്തു വെച്ചു കൊണ്ട് അവൻ ബാത്‌റൂമിലേക്ക് കയറി….

ഡോറിന്റെ ശബ്ദം കേട്ടു അവൾ ഉറക്കം ഞെട്ടിയിരുന്നു…. എങ്കിലും കണ്ണുകൾ തുറക്കാൻ പ്രയാസം തോന്നി… കണ്ണുകൾ മുറുകെ അടച്ചു കിടക്കുമ്പോൾ എപ്പോഴോ തനിക്ക് അടുത്ത് അച്ചേട്ടന്റെ സാനിധ്യം അവൾ അറിഞ്ഞിരുന്നു…

ഒന്നും മിണ്ടാതെ ആ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു… അവനും വാക്കുകൾ കൊണ്ട് അവളെ ശല്യപ്പെടുത്തിയില്ല…. വേദന അറിഞ്ഞ പോൽ നെറ്റിയിൽ വിരൽ വെച്ചു മെല്ലെ തലോടി കൊണ്ടിരുന്നു….

❤❤❤❤❤❤❤❤❤❤❤

നാളുകൾ ആരെയും കാത്തു നിന്നില്ല….

ശ്രീകുട്ടിയുടെയും കിച്ചുവിന്റെയും നിശ്ചയം കഴിഞ്ഞു… വിവാഹം രണ്ട് വർഷത്തിന് ശേഷം എന്ന് വാക്ക് പറഞ്ഞു ഉറപ്പിച്ചു…. കാലങ്ങൾ കൊണ്ട് അറിയാം എങ്കിലും പരസ്പരം പ്രണയം അറിയിച്ചിട്ട് മാസങ്ങൾ ആയുള്ളൂ എന്നത് കൊണ്ട് തന്നെ അവർക്കും അത് സമ്മതം ആയിരുന്നു…

പരസ്പരം അറിയാൻ ഉള്ള കുറച്ചു സമയം….

നിലയും ഹർഷനും നിശ്ചയത്തിന് പോയി എങ്കിലും നിലയുടെ ഉള്ളിൽ അരുണിനുള്ള സ്ഥാനം പഴയതിലും മോശമായിരുന്നു…. ചില മുറിവുകൾ അങ്ങനെയാണ്… കാലം ചെല്ലും തോറും ആഴം ഏറും….

ഹർഷനും അവളെ ഒരിക്കൽ പോലും നിർബന്ധിച്ചില്ല….

ഹർഷന്റെയും കിച്ചുവിന്റെയും മനുവിന്റെയും അവസ്ഥ മറിച്ച് അല്ലായിരുന്നു…. ഏച്ചു കെട്ടിയാൽ മുഴച്ചു നിൽക്കും എന്ന് പറയും പോലെ… എത്രയൊക്കെ ശ്രമിച്ചിട്ടും അവർക്ക് അവനെ ആ പഴയ അരുൺ ആയി തങ്ങളുടെ കൂട്ടുകാരൻ ആയി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല…. പുറമെ പ്രകടിപ്പിച്ചില്ല എങ്കിലും അദൃശമായ ഒരു മറ അവർക്കിടയിൽ ഉണ്ടായിരുന്നു….

അരുണിനും അത് മനസ്സിലാക്കാൻ സാധിച്ചിരുന്നു… പക്ഷെ തന്റെ സങ്കടം ശ്രേയയെ കൂടി ബാധിക്കും എന്ന കാരണത്താൽ അവൻ എല്ലാം ഉള്ളിൽ ഒതുക്കി…

“നിനക്ക് എന്ത് പറ്റി…. രാവിലെ തുടങ്ങിയത് ആണല്ലോ ഈ കിടത്തം…

എഴുന്നേറ്റു ഇരുന്നേ… നീ… ”

ക്ലാസിൽ ഡെസ്കിൽ തല വെച്ചു കിടക്കുന്ന നിലയെ ഒന്ന് തട്ടി വിളിച്ചു കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.

നില മെല്ലെ ഒന്ന് എഴുന്നേറ്റു ഇരുന്നു.

“എന്താടി പനി ആണോ… !!?”

“മ്മ്മ്ഹും… ചെറിയ ഒരു ക്ഷീണം… കുഴപ്പം ഒന്നും ഇല്ല…. നമുക്ക് ഇന്ന് ഉച്ചക്ക് പോവാട്ടോ. ”

നിലയുടെ സംസാരം കേട്ടു ശ്രീക്കുട്ടി ഒരു സംശയത്തോടെ അവളെ നോക്കി…

“ഇരിക്കാൻ തോന്നുന്നില്ലടി… പോകാം… ”

അവളുടെ നോട്ടത്തിന് അർഥം മനസ്സിലാക്കിയ കണക്കെ നില പറഞ്ഞു… ശ്രീക്കുട്ടി ഇടയ്ക്കിടെ ഡെസ്കിൽ തല വെച്ചു കിടക്കുന്നവളുടെ നെറ്റിയിൽ പുറം കൈ ചേർത്ത് നോക്കുന്നുണ്ടായിരുന്നു.

“നീ ഇവിടെ നിൽക്ക്…. ഞാൻ ഇപ്പൊ വരാട്ടോ..”

നില ശ്രീക്കുട്ടിയെ ബസ്സ്റ്റോപ്പിൽ നിർത്തി കൊണ്ട് പറഞ്ഞു…

“നീ എങ്ങോട്ട് പോവാ…. അല്ലേൽ തന്നെ നിനക്ക് വയ്യ… ഒറ്റയ്ക്ക് പോയിട്ട് എന്തേലും ണ്ടാക്കി വെക്കാനോ…. ഞാനും വരാം…. ”

“ന്റെ ശ്രീക്കുട്ടി വേണ്ടാ… നിക്ക് ഒരു കുഴപ്പവും ഇല്ല…. ഞാൻ ഇപ്പൊ വരാം… ”

നിർബന്ധ പൂർവ്വം അവളുടെ കയ്യിൽ പിടിച്ചു വെച്ചു കൊണ്ട് നില പറയുമ്പോൾ ശ്രീക്കുട്ടിയിൽ സംശയം ജനിച്ചു… നില റോഡ് മുറിച്ചു കടന്നു മെഡിക്കൽ ഷോപ്പിലേക്ക് പോകുമ്പോൾ അത് കൂടുതൽ ശക്തിപ്പെടുകയായിരുന്നു…..

എന്തോ വാങ്ങി ബാഗിൽ വെച്ചു കൊണ്ട് തിരികെ വരുന്ന നിലയെ ശ്രീക്കുട്ടി സംശയത്തോടെ നോക്കി

“നീ എന്തെങ്കിലും എന്നിൽ നിന്നും ഒളിക്കുന്നുണ്ടോടി…. ”

ശ്രീക്കുട്ടിയുടെ ചോദ്യം കേട്ടു നില ഒന്ന് പുഞ്ചിരിച്ചു…. മെല്ലെ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി…

“നീ വിചാരിക്കും പോലെ ഒന്നും ഇല്ലഡി… ”

ഒരു തമാശയോടെ നില പറഞ്ഞു…

“പിന്നെ ന്ത്‌ മരുന്നു വാങ്ങാൻ ആടി നീ മെഡിക്കൽ ഷോപ്പിലേക്ക് പോയത്… ന്തേലും ണ്ടേൽ പറ…. നമുക്ക് ഹർഷേട്ടനോട് പറയാം… ”

ശ്രീക്കുട്ടിയുടെ ആധി കേട്ടു നില ചിരിക്കിടയിലും സ്വയം തലയിൽ കൈ വെച്ചു പോയി…

“ന്റെ ശ്രീക്കുട്ടി… നിക്ക് പറയാൻ തക്ക അസുഖം ഒന്നും ഇല്ലടി…. ഒരു സാധനം വാങ്ങാൻ ണ്ടായിരുന്നു അതിനു പോയതാ…. നീ വെറുതെ ടെൻഷൻ ആകാതെ…. ”

നില എന്ത് പറഞ്ഞിട്ടും അവൾക്ക് സമാധാനം ആകുന്നുണ്ടായിരുന്നില്ല…. അപ്പോഴേക്കും ബസ് വന്നതോടെ നില ബസിലെക്ക് ഒന്ന് നോക്കി… ഇരിക്കാൻ പോയിട്ട് നേരാം വണ്ണം കാല് കുത്തി നിൽക്കാൻ പോലും സ്ഥലമില്ലാ….

“നില വാ…. ”

ശ്രീക്കുട്ടി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു… നില അവളെ വലിച്ചു തനിക്ക് അടുത്ത് തന്നെ നിർത്തി…

“നമുക്ക് ഔട്ടോയിൽ പോകാം…. ”

നിലയുടെ സംസാരം കേട്ടു ശ്രീക്കുട്ടി കണ്ണ് ചുളിച്ചു അവളെ നോക്കി…

“ഇത്രേം ദൂരമോ…. നീ വട്ട് പറയാതെ വാടി. ”

“അത് സാരല്യ ശ്രീക്കുട്ടി… ഈ തിരക്കിൽ പോയാൽ ശരി ആകത്തില്ല…. ഔട്ടോയിൽ പോകാം.”

നില വീണ്ടും പറഞ്ഞതോടെ ശ്രീക്കുട്ടി ഒന്ന് അടങ്ങി… എന്തോ അവളുടെ ഉള്ളിൽ ഉണ്ട് എന്ന് ഇതിനോടകം അവൾക്ക് മനസ്സിലായിരുന്നു…

“നീ തന്നെ ഔട്ടോ കൂലി കൊടുത്തോണം…. ”

ഔട്ടോയിൽ കയറി ഇരിക്കുന്നതിനിടെ നിലയെ നോക്കി പേടിപ്പിച്ച് കൊണ്ട് ശ്രീക്കുട്ടി പറയുമ്പോൾ കുഞ്ഞ് പുഞ്ചിരിയോടെ നിലയുടെ കൈകൾ മെല്ലെ അവളുടെ വയറിനെ തലോടിയിരുന്നു…..

❤❤❤❤❤❤❤❤❤❤❤

“മതിയഡി…. ഇനിയും കഴിച്ചാൽ ന്റെ വയറ് പൊട്ടി പോകും…. ”

പിന്നെയും പിന്നെയും ഹർഷന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പുന്ന നിലയുടെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് ഹർഷൻ പറഞ്ഞു…

“ന്നാ ഞാൻ തുന്നി തരാം അച്ചേട്ടാ…. ”

അവന്റെ കൈ എടുത്തു മാറ്റി കൊണ്ട് ഒരു കോരി ചോറു കൂടി അവന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് നില പറഞ്ഞു…

എത്ര വിളമ്പിയാലും അന്നം അവൻ ബാക്കി ആക്കില്ല എന്ന് അവൾക്ക് ഉറപ്പ് ഉണ്ടായിരുന്നു…

അവൻ ചുണ്ട് കടിച്ചു അവളെ ഒന്ന് നോക്കി..

“കണ്ടില്ലേ അമ്മാ….നാക്ക് ലേശം കൂടിയിട്ടുണ്ട്… ”

ചോറിലേക്ക് കറി ഒഴിച്ചു ഒന്ന് കുഴച്ചു കൊണ്ട് അവൻ കഴിക്കുന്നതും നോക്കി പുഞ്ചിരിയോടെ ഇരിക്കുന്ന അമ്മയോട് ആയി അവൻ പറഞ്ഞു..

“ആ കൊട്ടേഷൻ ഞാൻ കൊടുത്തതാ…. ഇച്ചിരി നാക്ക് ഇല്ലാച്ചാൽ നിന്റെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയില്ലല്ലോ…. ”

അമ്മയും നിലയുടെ ഭാഗം… ഹർഷന്റെ ചുണ്ടിലും പുഞ്ചിരി നിറഞ്ഞു എങ്കിലും അത് സമർത്ഥമായി മറച്ചു കൊണ്ട് അവൻ ഒന്ന് ചുണ്ട് കോട്ടി….

നിലയും പതിവിൽ കൂടുതൽ സന്തോഷത്തിൽ ആയിരുന്നു…. അത് അവളുടെ വാക്കുകളിലും പ്രവർത്തിയിലും ഒരുപോലെ വ്യക്തവുമായിരുന്നു….

ഹർഷൻ കുഞ്ഞ് പുഞ്ചിരിയോടെ അമ്മ കാണാത്ത തരത്തിൽ പിരികം പൊക്കി കാര്യം അന്വേഷിക്കുമ്പോൾ മുൻനിരയിലെ യക്ഷി പല്ലും കാണിച്ചു മനോഹരമായ ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി…

“ന്താഡി…. വലിയ സന്തോഷത്തിൽ ആണല്ലോ…

അമ്മ ഒന്ന് മാറിയതും അവൻ ശബ്ദം താഴ്ത്തി കൊണ്ട് ചോദിച്ചു…

“നിക്ക് ഒരു കൂട്ടം പറയാൻ ണ്ട് അച്ചേട്ടാ…. ”

“ന്ന… പറ… ”

“ഇവിടുന്ന് അല്ല…. റൂമിൽ ചെന്നിട്ട് പറയാം…. ”

അവൾ കൊഞ്ചലോടെ തന്നെ പറഞ്ഞു…

വാക്കുകളിൽ ധൃതി ഉണ്ടായിരുന്നു… ഉള്ളിലെ സന്തോഷം ആരോടെങ്കിലും പറയണം എന്ന വെപ്രാളവും…..

അവനും അത്ഭുതത്തോടെ കാണുകയായിരുന്നു അവളുടെ ഭാവം….

“കാര്യായിട്ട് ആണോ കൊച്ചേ… ”

അവൻ ഒരിക്കൽ കൂടി ചോദിച്ചു… അവൾ ഉത്തരം പുഞ്ചിരിയിൽ ഒതുക്കി….മെല്ലെ എഴുന്നേറ്റു റൂമിലേക്ക് നടന്നു….

“മോള് ഇന്ന് ഉച്ചക്ക് തന്നെ ക്ലാസ്സ്‌ കഴിഞ്ഞു വന്നിരുന്നു….. അപ്പോൾ തൊട്ടു ഭയങ്കര സന്തോഷത്തിലാ…. ന്താ കാര്യം ന്ന് ചോദിച്ചപ്പോൾ അച്ചേട്ടൻ വന്നിട്ട് പറയാം അമ്മാന്ന് പറഞ്ഞു….

വൈകീട്ട് തുടങ്ങിയതാ ഉമ്മറത്തു തന്നെ നിന്നെ നോക്കി ഇരിപ്പ്…. ”

കഴിച്ചു എഴുന്നേൽക്കുമ്പോൾ അമ്മയുടെ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു…അവൻ പുഞ്ചിരിയോടെ അമ്മയെ നോക്കി….

“കാര്യായിട്ട് എന്തോ ണ്ടെന്നു തോന്നുന്നു…. ”

റൂമിലേക്ക്‌ നടക്കുന്നതിനിടെ അമ്മ പറഞ്ഞു….ഹർഷനും റൂമിലേക്ക് ചെന്നപ്പോഴേക്കും നില കിടന്നിരുന്നു….

അവനും ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് ചെന്നു കിടന്നു… അവൾ അവന്റെ നെഞ്ചിലേക്ക് നുഴഞ്ഞു കയറുന്നതും അവിടെ ചുണ്ട് ചേർക്കുന്നതും അറിയുന്നുണ്ടായിരുന്നു….

“ന്താഡി കൊച്ചേ…. ”

അവൻ ഒരു കൈ കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് കൊണ്ട് ചോദിച്ചു…..അവൾ മൗനമായി തന്നെ അവന്റെ കൈ എടുത്തു അവളുടെ വയറ്റിലേക്ക് ചേർത്ത് വെച്ചു കൊടുത്തു….

ആദ്യം ഒന്നും മനസ്സിലായില്ല എങ്കിലും പെട്ടെന്ന് എന്തോ കിട്ടിയ കണക്കെ അവൻ കിടന്നിടത്ത് നിന്നും ചാടി എഴുന്നേൽക്കാൻ ശ്രമിച്ചതും അവളുടെ പിടുത്തം അവനിൽ കൂടുതൽ ശക്തിയിൽ പതിഞ്ഞിരുന്നു…. ആ അരണ്ട വെളിച്ചത്തിലും അവൻ അവളെ അത്ഭുതവും ആകാംഷയും ഒരുപോലെ നിറഞ്ഞ കണ്ണുകളോടെ നോക്കി…..

“കൊച്ചേ…. ”

വയറിൽ വെച്ച കൈകൾ പോലും വിറ പൂണ്ടു…

“നമ്മടെ വാവയുണ്ട് അച്ചേട്ടാ….. ”

തന്റെ ഉള്ളിലെ സന്തോഷം എല്ലാം ജീവനായവനോട് എങ്ങനെ പറയണം എന്നറിയാതെ കുഞ്ഞ് വാക്കുകൾ കൊണ്ട് അവൾ അറിയിക്കുമ്പോൾ അവനും എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു…

തങ്ങളുടെ കുഞ്ഞ്…. തങ്ങളുടെ പ്രണയം….

രണ്ട് പേരുടെയും ഉള്ളിൽ എന്തെന്നില്ലാത്ത വികാരങ്ങൾ ആയിരുന്നു….

ആദ്യമായി അവൾക്ക് മുന്നിൽ അവന്റെ കണ്ണുകൾ നിറഞ്ഞു…. അത് സന്തോഷം കൊണ്ടായിരുന്നു..

നിറഞ്ഞ കണ്ണുകളോടെ അവളുടെ നെറ്റിയിലും നെറുകയിലും ചുംബനങ്ങൾ വർഷിക്കുമ്പോൾ ആനന്ദം നിറഞ്ഞ അവളുടെ കണ്ണുകളിലും കണ്ണുനീർ ഉരുണ്ടു കൂടി…. ആ മനുഷ്യന്റെ സ്നേഹത്തിന് മുന്നിൽ വീണ്ടും വീണ്ടും തോൽക്കുകയായിരുന്നു അവൾ…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും…..

രചന : Thasal