കല്ല്യാണം കഴിഞ്ഞത് മുതൽ അവൾ ശ്രദ്ധിക്കുന്നതാ അമ്മ അവളെ ഹരിയിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നത്

രചന : പ്രവീൺ ചന്ദ്രൻ

നീരാളി (ചെറുകഥ)

❤❤❤❤❤❤❤❤❤❤❤

ഒരു മകൻ മാത്രമുള്ള അമ്മമാർക്ക് ആ മകനോട് സ്വാർത്ഥത കൂടുമെന്നും അങ്ങനെയുള്ള വിട്ടിലേക്ക് കയറിചെന്നാൽ ഭർത്താവിൽ നിന്നും പൂർണ്ണമായ സ്നേഹം അനുഭവിക്കാൻ പറ്റില്ലെന്നും ബന്ധുവായ രാജിചേച്ചി പറഞ്ഞപ്പോൾ അവളിത്രയും പ്രതീക്ഷിച്ചില്ലായിരുന്നു..

അന്ന് ചേച്ചി പറഞ്ഞതൊക്കെ ഹരിയോടുള്ള ഇഷ്ടക്കൂടുതൽ കാരണം തള്ളിക്കളയുകയായിരുന്നു അവൾ..

ഹരി അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നതും അമ്മയോടുള്ള ഹരിയുടെ സ്നേഹത്തെക്കുറിച്ച് അവൾക്ക് നന്നായി അറിയാവുന്നതു കൊണ്ടും അവൾക്ക് അത് ഉൾക്കൊള്ളാനാവും എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു…

തന്നെയുമല്ല ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ കാണണമെന്നാണ് അവളുടെ അമ്മ പോലും അവളെ ഉപദേശിച്ചിട്ടുണ്ടായിരുന്നത്…

പക്ഷെ ഇതിപ്പോ അവളെ ആകെ ധർമ്മ സങ്കടത്തിലാക്കിയിരിക്കുകയാണ്… അതിന് തക്ക കാരണവും ഉണ്ടായിരുന്നു…

കല്ല്യാണം കഴിഞ്ഞ അന്ന് മുതൽ അവൾ ശ്രദ്ധിക്കുന്നതാണ് അമ്മ അവളെ ഹരിയിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നത്…

ആദ്യമൊക്കെ തന്റെ തോന്നലാവും എന്നവൾ കരുതിയിരുന്നെങ്കിലും പിന്നീട് അവൾക്ക് അതിലെന്തോ അസ്വസ്ഥത തോന്നിതുടങ്ങി..

മിക്ക സമയങ്ങളിലും രണ്ട് പേരും കൂടെ കതകടച്ചിരുന്നു സംസാരിക്കുന്നത് കാണാം..

അവന് ഒരു ചായ ഇട്ട് കൊടുക്കാൻ പോലും അവൾക്ക് അവകാശമില്ലായിരുന്നു…

ഒരിക്കൽ ക്ഷമ നശിച്ച് അവൾ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെയായിരുന്നു

” താനതൊന്നും കാര്യമാക്കണ്ടടോ… ചെറുപ്പം മുതൽ അമ്മയാണ് എന്റെ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരുന്നത്… അതിൽ ആരും ഇടപെടുന്നത് അമ്മയ്ക്കിഷ്ടമല്ല.. സ്നേഹം കൊണ്ടല്ലേ? വിട്ട് കള….” ഹരിയുടെ ആ സംസാരം പക്ഷെ അവൾക്കിഷ്ടപെട്ടില്ലായിരുന്നു…

അവൾക്ക് അതിനെ എതിർക്കണമെന്നുണ്ടായിരു ന്നെങ്കിലും അവൻ ചിലപ്പോൾ തെറ്റിധരിച്ചേക്കാം എന്ന ഭയം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു..

പക്ഷെ ദിവസങ്ങൾ കടന്നുപോകും തോറും അവളുടെ ടെൻഷൻ കൂടി കൊണ്ടിരുന്നു.. അവനുമായി ഒരു സിനിമയ്ക്ക് പോകാനോ ബന്ധുവീടുകളിലേക്ക് പോകാനാ എന്തിന്ന് മര്യാദയ്ക്ക് ഒന്ന് സംസാരിച്ചിരിക്കാൻ പോലും അവൾക്ക് കഴിയുന്നില്ലായിരുന്നു…

അവസാനം ക്ഷമകെട്ട് അവൾ പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു…

“ഹരിയേട്ടാ എനിക്ക് സീരിയസ്സ് ആയി ഒരു കാര്യം പറയാനുണ്ട്?”

അവളുടെ ചോദ്യം കേട്ട് കണ്ണാടിയിൽ നോക്കി മുടി ചീകുകയായിരുന്ന അവൻ അവൻ ചീർപ്പ് താഴെ വച്ച് അവളുടെ അടുത്തേക്ക് വന്നു..

“എന്താ ദിവ്യ? പറയൂ”

” വിവാഹം കഴിഞ്ഞ ഏതൊരു പെണ്ണിന്റെയും ആഗ്രഹമാണ് ഭർത്താവിനെ പരിചരിക്കുക എന്നുള്ളത്..

അത് അവരുടെ അവകാശവും ആണ്.. അത് മനസ്സിലാക്കി അമ്മമാർ ഒഴിഞ്ഞു കൊടുക്കുകയാണ് പതിവ്.. ഒരു പരിധി വരെ അമ്മമാരുടെ സ്നേഹപ്രകടനം അംഗീകരിക്കാം വളർത്തിയ അമ്മയുടെ അവകാശം ആണെന്ന് കരുതി..

പക്ഷെ ഇവിടെ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? എനിക്കൊന്ന് ഏട്ടന്റെ കൂടെ ഇരിക്കാൻ പോലും അവകാശമില്ലേ ഈ വീട്ടിൽ?

എത്രയായി ഞാൻ ക്ഷമിക്കുന്നു… ഏട്ടനാണെ ങ്കിൽ കണ്ട ഭാവം പോലും നടിക്കുന്നില്ല… ഇനി ഇങ്ങനെ പോയാൽ ശരിയാവില്ല… ഏട്ടനമ്മയോട് ഒന്ന് സംസാരിക്കണം.. ഇല്ലെങ്കിൽ എനിക്ക് സംസാരിക്കേണ്ടി വരും”

അവളുടെ ആവശ്യം കേട്ട് അവനൊന്ന് അമ്പരെന്നെങ്കിലും അത് പുറത്തുകാട്ടാതെ അവൻ പറഞ്ഞു…

“നീ എന്താ ഈ പറഞ്ഞ് വരുന്നത്? എന്റെ അമ്മയാണ് അത്… അവർക്കും എന്റെ മേൽ അവകാശങ്ങളില്ലേ? അമ്മയാണ് എനിക്കെല്ലാം അമ്മയ്ക്കും അങ്ങനെ തന്നെയാണ്.. ആ സ്നേഹം നിനക്ക് പറഞ്ഞാൽ മനസ്സിലാവാത്തതിനാലാണ് നീ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്..”

അത് കേട്ടതും അവൾക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്…

“അങ്ങനെയായിരുന്നെങ്കിൽ പിന്നെ എന്തിനാണ് എന്നെ കല്ല്യാണം കഴിച്ചത്.. ഒരു ഭാര്യയ്ക്ക് അവളുടെ ഭർത്താവിന്റെ മേൽ അവകാശം ഇല്ലേ?

“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ ദിവ്യ? നിനക്കും അവകാശമുണ്ട്… പക്ഷെ അത് അമ്മ കഴിഞ്ഞേ ഉള്ളൂ.. അതിന് വേണ്ടി നീ വാശിപിടിക്കണ്ട…

ഈ വിഷയം ഇവിടെ അവസാനിച്ചു..”

അതും പറഞ്ഞ് അവൻ അവിടന്ന് ദേഷ്യത്തിൽ പുറത്തേക്ക് നടന്നു…

അവൾക്ക് പക്ഷെ സങ്കടമാണ് വന്നത്… അവൾ കിടക്കയിൽ കമിഴ്ന്ന് കിടന്ന് അല്പനേരം കരഞ്ഞു….

അങ്ങനെ അവൾ ആ തീരുമാനത്തിലെത്തി…

എന്താണ് അവൾ തീരുമാനിച്ചത്… ?ആ അമ്മയുടെ സ്നേഹത്തിന്റെ നീരാളിപിടുത്തത്തിൽ നിന്ന് തന്റെ ഭർത്താവിനെ മോചിപ്പിച്ച് തന്റെ വരുതിയിലാക്കാൻ അവൾക്ക് ആവുമോ?

ഉദ്യോഗജനകമായ നിമിഷങ്ങൾക്കായ് കാത്തിരിക്കുക… “നീരാളി…” തുടരും….

എങ്ങനുണ്ട് സർ ഈ ആഴ്ച്ചത്തെ എപ്പിസോഡിനുള്ള ഡോസ് ആയില്ലേ?..

ഊശാൻ താടി ഉഴിഞ്ഞുകൊണ്ട് അയാൾ സംവിധായകയകനോട് കഥ പറഞ്ഞു…

കഥകേട്ടതും വല്ലാത്തൊരു സംതൃപ്തിയോടെ അയാൾ പറഞ്ഞു…

“ഫെന്റാസ്റ്റിക്ക്… ഇത് നമ്മൾ ഒരു രണ്ട് വർഷം ഓടിക്കും… ”

“താങ്ക്യൂ സർ… ” കഥാകൃത്ത് വിനീതനായി പറഞ്ഞു…

“അല്ലാ ഞാനൊരു കാര്യം ചോദിക്കട്ടെ.. എന്താണ് അവൾ തീരുമാനിച്ചത്? ബാക്കി കഥ ഒന്ന് പറഞ്ഞു തരോ? ആ ഉദ്യോഗജനക സംഭവം എനിക്കും ഉണ്ടേ.. അല്ലേല് എനിക്ക് ഉറക്കം വരില്ല അതാ..”

സംവിധായകൻ പറഞ്ഞത് കേട്ട് കഥാകൃത്തിന് കൈ മലർത്തുകയേ തൽക്കാലം നിവൃത്തിയുണ്ടായിരുന്നുള്ളൂ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : പ്രവീൺ ചന്ദ്രൻ