അടുത്ത ആഴ്ച്ച എന്റെ വീടിന് അടുത്ത് ഒരു കുറി തുടങ്ങുന്നുണ്ട്, എനിക്ക് ചേരണം മാസം 1000 രൂപ നിങ്ങൾ തരണം

രചന: Aswathy Achus

ഒരു വിവാഹ സമ്മാനം…

പ്രകാശൻ പത്രം നോക്കി ഇരിപ്പു തുടങ്ങിയിട്ട് മണിക്കൂർ രണ്ട് കഴിഞ്ഞു.

“ഉണ്ണി…. കുഞ്ഞാ… നിൽക്കാൻ. ഡ്രസ്സ്‌ ഇട്. അമ്മമ്മ കൂടെ അംഗനവാടി പോയി വാ ”

പിറകിൽ സുചിയുടെ ഒച്ച കേൾക്കാം. കുറെ നേരം ആയി രണ്ടാൾക്കും പിന്നാലെ ഓടാൻ തുടങ്ങിയിട്ട്.

“നിങ്ങൾ ഇത് ഒന്നും കേൾക്കുന്നില്ലേ മനുഷ്യ.

എന്താണ് ഇത്ര മാത്രം വായിക്കാൻ പത്രത്തിൽ ഉള്ളത്. ”

പിന്നെ ഒന്നും നോക്കിയില്ല പത്രം മടക്കി വെച്ചു

“എന്താ ”

“നോക്കി നിൽക്കാതെ ഒരാൾക്ക് ഡ്രസ്സ്‌ ഇട്ട് കൊടുക്ക്. അല്ലേ പത്തു മണി കഴിഞ്ഞാലും സ്കൂളിൽ എത്തില്ല ”

ഒരാൾക്ക് ഉള്ള വസ്ത്രം എടുത്ത് ഇടാൻ തുടങ്ങി അയാൾ പറഞ്ഞു

“സ്കൂൾ അല്ല അംഗനവാടി ”

“ഓ അങ്ങനെ എങ്കിൽ അങ്ങനെ വെറുതെ ഇരിക്കുകയല്ലേ ഈ പണിയെങ്കിലും ചെയ്”

“ഹും ”

പക്ഷേ ഇന്ന് പണി ഉണ്ടായിരുന്നതാണ്. ഇന്ന് പോകണ്ട എന്ന് പറഞ്ഞതും ഇവൾ തന്നെ എന്തിനാണ് എന്ന് ഈ നേരം വരെ പറഞ്ഞിട്ടില്ല. എന്നിട്ട് ഒരു മനസാക്ഷി ഇല്ലാതെ പറയുന്ന കേട്ടില്ലേ വെറുതെ ഇരിക്കുകയല്ലേ എന്ന് ഹും

ഒന്ന് മൂളിയതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല. എന്ത് പറയാൻ സീസൺ വർക്ക്‌ ആണ് ചിലപ്പോൾ പണി ഇല്ലാതെ വീട്ടിൽ ഇരിക്കെണ്ടി വരും.

എന്താ ചെയ്യാ…. ആലോചന തീരും മുന്നേ റോഡിൽ ഒരു സൈക്കിൾ ബെല്ലടിച്ചു. അയാൾ തല എത്തിച്ചു നോക്കി. പോസ്റ്റ്‌മാൻ ആണ്. ഇനി എന്ത് പുകിൽ ആണോ ആവോ വരുന്നത്.

ഡ്രസ്സ്‌ ഇട്ട് മുടി ചീകി രണ്ട് പേർക്കും ഒരു കുറി കൂടി വരച്ചു കൊടുത്താണ് അയാൾ എഴുന്നേറ്റത്.

“എന്താ ചേട്ടാ മണപുറം ബാങ്കിൽ നിന്നാണോ ”

“ഏയ്‌ അല്ല ഒരു കൊറിയർ ആണ്. ധൈര്യമായി പോന്നോ ”

ചെറിയ ചിരിയോടെ അയാൾ പറഞ്ഞു.

കൊറിയറോ തനിക്കോ. ആര് അയക്കാൻ.

അയാൾ ചിന്തയോടെ കൊറിയർ ഒപ്പിട്ട് വാങ്ങി.

മുറിയിൽ കയറുമ്പോൾ കുട്ടികൾ പോകാൻ ഇറങ്ങുന്നു. പ്രകാശൻ അവർക്ക് ഓരോ ഉമ്മ കൊടുത്തു. പിന്നെ വേഗം കവർ പൊട്ടിക്കാൻ തുടങ്ങി.

അതൊരു പൗഡർ ടിൻ ആയിരുന്നു.

വലിയ കനം ഒന്നും ഇല്ല എങ്കിലും ഉള്ളിൽ എന്തോ കിലുങ്ങുന്നുണ്ട്. എന്താണ് എന്ന് അറിയാൻ മുകളിലേക്ക് ഉയർത്തി നോക്കിയപ്പോൾ ആണ് അതിന് ഒരു ഓട്ട കണ്ടത്. കാശുകുടുക്ക.

ഇതാരാ തനിക്ക് കാശുകുടുക്ക അയക്കാൻ.

അയാൾ വേഗം അകത്തു പോയി കത്തിയുമായി വന്നു.

പതിയെ മുറിക്കാൻ നോക്കി എങ്കിലും ഉള്ളിലെ ആഗ്രഹം കൊണ്ട് കത്തി ഒന്ന് പാളി കൈ ഒന്ന് മുറിഞ്ഞു. ടിൻ നടു പൊളിച്ചു കഴിഞ്ഞതും തിക്കിനിടയിൽ നിന്ന് ജീവ വായു ലഭിച്ച പോലെ 500 ന്റെയും 2000ന്റെയും ചുരുട്ടി കൂട്ടിയ നോട്ടുകൾ താഴെ വീണു. ആദ്യം ഒന്ന് പകച്ചു എങ്കിലും പ്രകാശൻ പതിയെ ഓരോ നോട്ടും നിവർത്തി തുടങ്ങി. ഏറെ പരിചിതം തോന്നുന്ന നോട്ടുകൾ.

എല്ലാം എടുത്ത് കൂട്ടി നോക്കിയപോൾ അവന്റെ കണ്ണുകൾ തള്ളി പോയി. 56000 രൂപ. തള്ളി പോയ കണ്ണ് തിരികെ എടുത്ത് അയാൾ ഒന്നൂടെ നോക്കി. ചുരുട്ടി കൂട്ടിയ ഒരു പേപ്പർ. അയാൾ അത് എടുത്ത് ചുളിവുകൾ നിവർത്തി വായിച്ചു

“നീ നിന്റെ ജാലകങ്ങള്‍ ഒരിക്കല്‍ തുറന്നു നോക്കുക. എന്റെ പ്രണയത്തിന്റെ ചുവന്ന പുഷ്പ്പങ്ങള്‍ നിനക്ക് കാണാനാകും. ഇത്രയും കാലത്തിനുശേഷം അതിന്റെ ചുവപ്പും പ്രസരിപ്പും കണ്ട് നീ അദ്ഭുതപ്പെടും. എന്നാല്‍ നിനക്കറിയാമോ ആ പുഷ്പ്പങ്ങളിലത്രയും നിന്നോടുള്ള എന്റെ അടങ്ങാത്ത പ്രണയമായിരുന്നു. അതിന്റെ വേരുകളാകട്ടെ ആഴ്ന്നിറങ്ങിയത് എന്റെ ഹൃദയത്തിലും

ഏട്ടന് ഹൃദയം നിറഞ്ഞ വിവാഹവാർഷിക ആശംസകൾ

സുചിത്ര

ഒരു നിമിഷം അയാൾ പകച്ചു. ഇന്ന്… ഇന്ന് തന്റെ വെഡിങ് ഡേ ആയിരുന്നോ. അയാൾ കലണ്ടർ നോക്കി. ഓ എത്ര ശരി താൻ ഇത് മറന്നു പോയിരിക്കുന്നു. പക്ഷേ സുചി.. അവൾ എവിടെ.

അയാൾക്ക് കഴിഞ്ഞു പോയ കുറെ കാര്യങ്ങൾ ഓർമ വന്നു

❤❤❤❤❤❤❤❤❤❤

“ഏട്ടാ ”

“ഉം ”

“അടുത്ത ആഴ്ച്ച എന്റെ വീടിന് അടുത്ത് ഒരു കുറി തുടങ്ങുന്നുണ്ട് ”

“അതിന് ”

“എനിക്ക് ചേരണം മാസം 1000 രൂപ നിങ്ങൾ തരണം

“പിന്നേ… ഇവിടെ പിന്നെ അടിച്ചു വെച്ചേക്കുവല്ലേ ഉണങ്ങികഴിഞ്ഞ് എടുക്കുകയെ വേണ്ടു. ”

“ദേ മനുഷ്യ കളിയാക്കാൻ നിൽക്കണ്ട ”

“പിന്നേ നീ എന്തെ എന്നെ കളിയാക്കുന്നോ ”

“നിങ്ങൾക് തരാൻ പറ്റുമോ ഇല്ലേ അത് പറ ”

“ഇല്ല ”

“വേണ്ട… നാളെ തൊട്ട് ഞാൻ ജോലിക്ക് പോയ്കോളാം. നിങ്ങ കുട്ടികളെ നോക്കിക്കോ ”

“ങ്ങേ ”

“മാസം പതിനഞ്ചു ആയിരം രൂപ വാങ്ങിയിരുന്ന ഞാൻ ആണ്. നിങ്ങൾ വന്നു കയും കാലും കാണിച്ചു എന്നെ മയക്കി. ഞാൻ ഒരു പൊട്ടി ഉള്ള ജോലി വേണ്ടന്ന് വെച്ച് നിങ്ങളുടെ കൂടെ പോരുകയും ചെയ്തു . ഇന്നലെ കൂടെ വിളിച്ചേ ഉള്ളൂ ഓഫിസിൽ നിന്ന് വരുന്നുണ്ടോ എന്ന് ചോദിച്ച് ”

“എന്റെ പൊന്ന് സുചി നിനക്ക് ഇപ്പൊ കുറി ചേരാൻ 1000 രൂപ വേണം അത്രേ അല്ലേ ഉള്ളൂ ഞാൻ തരാം”

“ഓ നേരത്തെ ഉണങ്ങാൻ ഇട്ടത് ഒക്കെ ഉണങ്ങിയോ ഇത്ര വേഗം ”

അതിന് അയാൾ മറുപടി പറഞ്ഞില്ല. എന്ത് പറയാൻ എല്ലാം വരുത്തിവെച്ചത് ഞാൻ തന്നെ. അവൾ എങ്ങാനും കുഞ്ഞുങ്ങളെ എന്നെ ഏല്പിച്ചു പോയാൽ എന്റമ്മോ ആലോചിക്കാൻ പോലും വയ്യ

അങ്ങനെ ആഴ്ചയിൽ ആഴ്ചയിൽ ആയിരം രൂപ കൊടുത്തു എന്ന് മാത്രം അല്ല അച്ഛന് അത്യാവശ്യം ആയി കൊടുക്കാൻ എന്ന് പറഞ്ഞു വാങ്ങിക്കും (അത് പിന്നെ തിരികെ കിട്ടാറേ ഇല്ല ) അതും പോരാഞ്ഞിട്ട് ഇസാഫ് കുടുമ്പശ്രീ അങ്ങനെ പറഞ്ഞ് വാങ്ങിക്കുന്നത് വേറെ. എങ്ങാനും കൈയിൽ ഇപ്പോൾ ഇല്ല എന്ന് പറഞ്ഞാൽ തീർന്നു.

അപ്പൊ പറയും ജോലിക്ക് പോകുന്ന കാര്യം അതുകൊണ്ട് ഞാൻ സ്ഥിരം ആയി വാങ്ങിയിരുന്ന കുപ്പി പോലും ഇപ്പോ വാങ്ങാറില്ല. കള്ള് കുടിച് കിട്ടുന്ന മനസമാധാനം എനിക്കിപ്പോൾ വേണ്ടാതായിരിക്കുന്നു. അമ്മയ്ക്കും സന്തോഷം ആയി ആ മാറ്റം.

ഇപ്പോ രണ്ട് മാസം ആയി പണി അങ്ങനെ കാര്യമായി ഇല്ല. കിട്ടുന്ന പൈസ കൃത്യം 1000 രൂപ എല്ലാ ആഴ്ചയും ഭാര്യക്ക് കൊടുക്കും.

പക്ഷെ…. അറിഞ്ഞില്ലല്ലോ അതെല്ലാം തനിക്ക് തരാൻ കരുതിയ വിവാഹ സമ്മാനം ആണെന്ന്.

ഇന്ന് വാർഷികം ആണെന്ന് പോലും താൻ മറന്നു.

വില കൂടിയ സമ്മാന പൊതികളെക്കാൾ എത്രയോ വിലപിടിപ്പുള്ളതാണ് ഇതെന്ന്….

പ്രകാശന്റെ കണ്ണിൽ വെള്ളം നിറഞ്ഞു

“ഇഷ്ടപ്പെട്ടോ ”

അയാളെ പിറകിൽ നിന്ന് കെട്ടിപിടിച്ചു കൊണ്ട് സുചിത്ര ചോദിച്ചു

അയാൾ അതിന് മറുപടി പറഞ്ഞില്ല തിരികെ നെറുകയിൽ ഒരു ഉമ്മ നൽകി

“വിവാഹവാർഷിക ആശംസകൾ സുചി ”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aswathy Achus


Comments

Leave a Reply

Your email address will not be published. Required fields are marked *