വീട്ടിൽ ആകെ വിഷയം ആയി.. മോള് നമ്മുടെ ബന്ധം അറിഞ്ഞു.. ഇനി എന്താ ചെയ്യാ…

രചന : ഉണ്ണി കെ പാർത്ഥൻ

നിന്റെ നിഴലായ്.. (ചെറുകഥ )

❤❤❤❤❤❤❤❤❤❤❤

“അമ്മക്ക് ആരോടെങ്കിലും പ്രണയമുണ്ടോ…”

ചാരുവിന്റെ ചോദ്യം കേട്ട് ടിവിയിൽ നിന്നും മുഖം തിരിച്ചു മെല്ലേ ജാനകി ചാരുവിനെ നോക്കി..

“ഉണ്ടെങ്കിൽ.. ”

പുഞ്ചിരിയോടെ കൂസലില്ലാതെയുള്ള അമ്മയുടെ മറുപടി കേട്ട് ചാരുവിന്റെ ഉള്ളൊന്ന് പിടച്ചു..

“ന്തേ…ഇപ്പൊ ചാരുമോൾക്ക് ഇങ്ങനെ ഒരു തോന്നൽ.. കോളേജിലെ ഫ്രണ്ട്സിന്റെ അമ്മമാരിൽ ആർക്കേലും ഉണ്ടോ ഇങ്ങനെ..”

ചുണ്ടിലേ ചിരി മായാതെ ജാനകി വീണ്ടും ചോദിച്ചു…

“ഇല്ല.. ”

ചാരുവിന്റെ ശബ്ദം നേർത്തു..

“പിന്നേ…”

“അമ്മയുടെ വാട്സാപ്പ് ചാറ്റിങ്ങ് കണ്ടു..”

“ആഹാ.. കൊള്ളാലോ.. എന്നിട്ട്…”

ടിവിയുടെ വോളിയം കുറച്ചു ജാനകി ഒന്ന് ഇളകി തിരിഞ്ഞു ഇരുന്നു..

“ഒരാളുടെ അനുവാദം ഇല്ലാതെ വേറെ ആളുടെ മൊബൈൽ നോക്കുന്നത് മോശം ഏർപ്പാട് ആണ് എന്ന് ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റിനു ഞാൻ പറഞ്ഞു തരണോ..”

ചിരിയുണ്ടായിരുന്നു ഇപ്പോളും ജനകിയുടെ ചുണ്ടിൽ..

“മനഃപൂർവം നോക്കിയത് അല്ല.. രാവിലെ അമ്മയുടെ വാട്സാപ്പിലേക്ക് നീതു ഒരു മെസ്സേജ് ഇട്ടിരുന്നു ലോ… അത് എനിക്ക് അമ്മ കാണിച്ചു തന്നില്ലേ..”

“മ്മ്… ഉവ്വ്..”

ജാനകി റിമോട്ട് ചുണ്ടിൽ മെല്ലേ തട്ടി കൊണ്ട് പറഞ്ഞു..

“അപ്പോൾ.. ചുമ്മാ ഞാൻ അമ്മയുടെ വാട്സാപ്പ് ഒന്ന് നോക്കി..”

“ആഹാ… കൊള്ളാലോ.. എന്നിട്ട് എന്റെ കാമുകനെ കണ്ടോ മോള്…”

“മ്മ്..” തല താഴ്ത്തി കൊണ്ട് ചാരു മൂളി..

ഇത്തവണ ജാനകിയുടെ ഉള്ളൊന്നു പിടച്ചു..

“അമ്മേടെ മൊബൈൽ എവടാ..”

ജാനകി ചാരുവിനോട് ചോദിച്ചു..

“ചാർജിന് ഇട്ടേക്കുവാ..”

“മ്മ്..”

ജാനകി മെല്ലേ എഴുന്നേറ്റു റൂമിലേക്ക് പോയി..

മൊബൈലുമായി തിരിച്ചു വന്നു..

“ദാ.. മൊബൈൽ.. അമ്മേടെ കാമുകനെ ഒന്ന് കാണിച്ചു തന്നേ..”

മൊബൈൽ ചാരുവിന്റെ നേർക്ക് നീട്ടി..

വിറക്കുന്ന കൈകൾ കൊണ്ട് ചാരു മൊബൈൽ വാങ്ങി..

“നിന്റെ മൊബൈൽ പോലേ ഫേസ് ലോക്കും..

ഫിംഗർ ലോക്കും ഒന്നും ഇല്ല.. ഏതാ ന്ന് നോക്കി.. അമ്മക്ക് കാണിച്ചു താ..”

ചാരു വാട്സാപ്പ് എടുത്തു..

“ദാ… ഇയ്യാള്… അമ്മക്ക് പറയാമോ.. ഇത് അമ്മയുടെ കാമുകൻ അല്ല ന്ന്..”

ഒരു വാട്സാപ്പ് ചാറ്റ് എടുത്തു കാണിച്ചു ചാരു..

“മ്മ്.. മോളോട് അമ്മ പറയാൻ മറന്നു പോയി..

ഞങ്ങൾ തമ്മിൽ..”

“വേണ്ടാ.. അമ്മ ഇനി ഒന്നും പറഞ്ഞു ന്യായികരിക്കാൻ ശ്രമിക്കേണ്ട..”

ജാനകിയെ പറയാൻ അനുവദിക്കാതെ ചാരു ഇടയിൽ കയറി പറഞ്ഞു..

അവളുടെ ശബ്ദം ഉയർന്നിരുന്നു..

“അമ്മക്ക് എങ്ങനെ തോന്നി… അച്ഛൻ..

അച്ഛനെ ഓർത്തോ അമ്മ..

ആ പാവം നമുക്ക് വേണ്ടി അന്യ നാട്ടിൽ കിടന്നു കഷ്ടപെടുന്നു..

അമ്മയോ.. ഇവിടെ.. ശ്ശേ..”

ചാരു മുഖം തിരിച്ചു..

“ഞാൻ ഒന്ന് പറയട്ടെ ചാരു..”

“വേണ്ടാ..”

ചാരു അലറി..

“ഇയ്യാള് അല്ലേ നീ പറഞ്ഞ എന്റെ കാമുകൻ..”

വാട്സാപ്പ് ചാറ്റിങ് പൊക്കി കാണിച്ചു കൊണ്ട് ജാനകി ചോദിച്ചു..

“ദാ… പുള്ളി ഓൺലൈൻ ഉണ്ട്.. വെയിറ്റ്..”

ജാനകി വീഡിയോ കാൾ വിളിച്ചു..

അപ്പുറത്ത് കാൾ കണക്ട് ആയി..

“വീട്ടിൽ ആകെ വിഷയം ആയി.. മോള് നമ്മുടെ ബന്ധം അറിഞ്ഞു.. ഇനി..”

പാതിയിൽ നിർത്തി ജാനകി..

ചാരു ഈ നിമിഷം ചാടിയെഴുന്നേറ്റ് മൊബൈൽ തട്ടി പറിച്ചു വാങ്ങി..

“നിങ്ങൾക്ക് എന്തിന്റെ കേടാണ് മനുഷ്യാ..”

ചാരു അലറി വിളിച്ചു കൊണ്ട് ചോദിച്ചതും അപ്പുറത്തെ മുഖം കണ്ടു ചാരു ഞെട്ടി..

“അച്ഛൻ..”

“ന്തേടീ നിനക്ക് ഭ്രാന്തായോ..”

ഹരിഹരന്റെ ചോദ്യം കേട്ട് ചാരു വാ പിളർന്നു നിന്നു പോയി..

“നിനക്കൊക്കേ മാത്രം ചാറ്റ് ചെയ്തു പ്രണയിച്ചാൽ മതിയോ.. ഞങ്ങളും അതിന്റെ ഫീലൊക്കെ ഒന്ന് അറിയാന്ന് വിചാരിച്ചാ നീയൊന്നും അറിയാതെ ഈ നമ്പർ എടുത്തത്.. ഇനി ഇപ്പൊ ന്താ ചെയ്യാ..

അമ്മയേ എന്തൊക്ക പറഞ്ഞു..

അച്ഛൻ ഡ്യൂട്ടിയിൽ ആണ് രാത്രി തിരിച്ചു വിളിക്കാം..

ജാനു… ഡീ നീ അവളേ ഒന്നും പറയണ്ട ട്ടോ..

മ്മക്ക് ഇനി വേറെ പുതിയത് ന്തെലും നോക്കാം..

രാത്രി വിളിക്കാം.. മോളേ പോണു ട്ടോ..”

അപ്പുറം കാൾ കട്ട്‌ ആയി..

“ഇരു കൈ കൊണ്ടും മുഖം പൊത്തി കൊണ്ട് ചാരു സെറ്റിയിലേക്ക് ചാരി..

“ചാരു.. വർഷം കുറച്ചായി ഞങ്ങൾ ഇങ്ങനെ..

സാധാരണ മെസ്സേജ് ഞാൻ സ്പോട്ടിൽ ഡിലീറ്റ് ചെയ്യാറുണ്ട്…

ഇന്നലെ രാത്രി മറന്നു പോയി..

അതാണ് മോള് കണ്ടത്..

അച്ഛൻ അവിടെ ഒറ്റക്കല്ലേ..

അപ്പോൾ.. ഇങ്ങനെയും പ്രണയിക്കാലോ..

ഈ പ്രണയം അടിപൊളി ആണ് മോളേ..

ഇങ്ങനെയുള്ള പിണക്കത്തിനു എന്തൊരു ഫീൽ ആണെന്നോ..

അപ്പുറത്ത് ഓൺലൈൻ കണ്ടിട്ട് മെസേജിനു റിപ്ലൈ ഇല്ലാതെ പിണങ്ങുന്ന ഫീൽ ഉണ്ടല്ലോ..

ശ്ശോ.. അനുഭവിച്ചു തന്നേ അറിയണം..

പ്രണയം… എന്നാ ഫീലാ മോളേ..

എനിക്ക് മോളോട് പിണക്കം ഒന്നും ഇല്ല ട്ടോ..

ഇനി ഇപ്പൊ ഇന്ന് മുതൽ എങ്ങനെ മെസ്സേജ് ഇടും എന്ന് ഓർത്തിട്ടാ ഒരു വിഷമം..”

ജാനകി ചിരിച്ചു കൊണ്ട് ചാരുവിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു..

“അമ്മേ.. സോറി..”

“എന്തിനാ ഡീ സോറി.. പ്രണയം.. സൗഹൃദം..

അതിന് രണ്ടിനും ഇടയിലുള്ള ഓൺലൈൻ സൗഹൃദം…

അതും ഉണ്ട് ഞങ്ങൾക്ക് രണ്ടാൾക്കും…

പക്ഷെ..

ആ സൗഹൃദങ്ങൾ ഞങ്ങൾക്ക് രണ്ടാൾക്കും പരസ്പരം അറിയാം ട്ടോ..

നമുക്ക് നമ്മളേ അറിയാൻ കഴിഞ്ഞാൽ മതി..

നമ്മേ അറിയേണ്ടവർ നമ്മളേയും അറിഞ്ഞാൽ..

ജീവിതത്തിൽ ബന്ധങ്ങൾക്ക് എന്തൊരു ഫീൽ ആണെന്നോ..”

ജാനകി പറഞ്ഞു തീർന്നതും ചാരു പൊട്ടികരഞ്ഞു കൊണ്ട് ജാനകിയെ കെട്ടിപിടിച്ചു തുരു തുരാ ഉമ്മ വെച്ചു..

“എന്റെ അച്ഛന്റേം അമ്മേടേം പ്രണയം സൂപ്പറാ..”

ചാരു ജാനകിയുടെ ചെവിയിൽ പറഞ്ഞു…

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം..

രചന : ഉണ്ണി കെ പാർത്ഥൻ