സ്നേഹിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒരുത്തി ഉപേക്ഷിച്ചതാണ് എന്നെ… ആ എന്നെ വേണോ നിനക്ക് വിവാഹം കഴിക്കാൻ

രചന : Vaiga Lekshmi (വിച്ചു)

ജീവാംശമായ്‌

❤❤❤❤❤❤❤❤❤❤

“”സ്നേഹിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒരുത്തി ഉപേക്ഷിച്ചതാണ് എന്നെ… ആ എന്നെത്തന്നെ വേണോ നിനക്ക് വിവാഹം കഴിക്കാൻ????””

യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ മുഖത്ത് നോക്കി പറയുന്നവനെ കൗതുകത്തോടെ അവൾ നോക്കി നിന്നുപോയി…

അവളിൽ നിന്ന് മറുപടി ഒന്നും വരുന്നില്ല എന്ന് കണ്ടപ്പോൾ അവൻ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു…

“”നിന്റെ ജീവിതം ആണ്… തീരുമാനം ആലോചിച്ചെടുത്താൽ മതി… പിന്നീട് ഈ കല്യാണം വേണ്ടായിരുന്നു എന്ന് നിനക്ക് ഒരു ചിന്ത വരരുത്… മറുപടി എന്തായാലും അമ്മയെ വിളിച്ച് പറഞ്ഞാൽ മതി… ഞാൻ ഇറങ്ങുന്നു….””

അത്രമാത്രം പറഞ്ഞ് ഇറങ്ങാൻ പോകുന്നവനോട് എന്ത്‌ പറയണം എന്ന് പെട്ടെന്ന് കൺഫ്യൂഷൻ വന്നെങ്കിലും അവൾ പെട്ടെന്ന് അവനെ പുറകിൽ നിന്ന് വിളിച്ചു….

“”മിസ്റ്റർ പട്ടാളം… അങ്ങനങ്ങ് പോയാലെങ്ങനാ???? കാണണമെന്ന് പറഞ്ഞ് വിളിച്ചിട്ട് സ്വന്തം തേപ്പ് കഥയുടെ സമ്മറി മാത്രം പറഞ്ഞിട്ട് പോയാൽ ഞാൻ എന്ത്‌ തീരുമാനം എടുക്കാൻ ആണ്.. ബാക്കി കൂടി പറയണം ഹേ…””

മുന്നിൽ ഇരുന്ന മാംഗോ ഷേക്ക്‌ കുടിച്ച് കൂൾ ആയി പാർവതി എന്ന പാറു പറയുന്നത് കേട്ടതും അവൻ ഇതെന്തിന്റെ കുഞ്ഞാണോ എന്ന രീതിയിൽ അവളെ തന്നെ നോക്കി നിന്നുപോയി…

എന്നാൽ പാറു അതൊന്നും ശ്രദ്ധിക്കാതെ മുന്നിൽ ഉള്ള ജ്യൂസ് കുടിച്ച് തീർക്കുന്ന തിരക്കിലായിരുന്നു

❤❤❤❤❤❤❤❤❤❤❤

അഭി മുന്നിൽ വന്നിരുന്നതും പാറു ജ്യൂസ്‌ വേണോ എന്ന പോലെ അവനെ നോക്കി…

“”പട്ടാളത്തിന് ജ്യൂസ്‌ വേണോ????””

“”നീ എന്നേ ഇങ്ങനെ പട്ടാളം എന്ന് വിളിക്കാൻ നിൽക്കാതെ മര്യാദക്ക് എന്റെ പേര് പറഞ്ഞാൽ പോരെ… വന്നപ്പോൾ മുതൽ പട്ടാളം പട്ടാളം പട്ടാളം….””

“”പട്ടാളത്തെ പിന്നെ പട്ടാളം എന്ന് അല്ലാതെ പോലീസ് എന്ന് വിളിക്കാൻ പറ്റില്ലല്ലോ… ഞാൻ ചോദിച്ചതിന് മറുപടി പറ… ജ്യൂസ്‌ വേണോ??? പേടിക്കണ്ട.. പൈസ ഞാൻ കൊടുത്തോളാം…””

“”എനിക്ക് വേണ്ട.. നീ തന്നെ കുടിച്ചോ….””

“”ഹ്മ്മ്…. ഓക്കേ… എങ്കിൽ പിന്നെ തുടങ്ങിക്കോ… തേപ്പ് കഥ…””

“”ഒരാൾ സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ എങ്ങനെ പറ്റുന്നെടോ തനിക്ക് ഇങ്ങനെ തമാശ പറയാൻ… ഇയാൾക്ക് അത് തേപ്പ് കഥ ആയിരിക്കും… പക്ഷേ എന്നേ സംബന്ധിച്ച് മൂന്ന് വർഷം എന്റെ സ്വന്തം എന്ന പോലെ സ്നേഹിച്ച പെണ്ണ് പെട്ടെന്ന് ഒരു ദിവസം ഇട്ടിട്ട് പോയത് അത്ര സുഖമുള്ള ഓർമ്മയല്ല….””

“”പട്ടാളം ഒരു പെണ്ണിനെ സ്നേഹിച്ചു… എന്തൊക്കെയോ കാരണം കൊണ്ട് അവൾ ഇട്ടിട്ട് പോയി.. അതിനെ തേപ്പ് എന്ന് അല്ലാതെ ആത്മാർത്ഥ പ്രണയം എന്ന് പറയാൻ എനിക്ക് പറ്റില്ല…

പിന്നെ ഞാൻ ചോദിച്ചത് അതിന്റെ കാരണമാണ്… ആ കാരണമറിയാതെ എനിയ്ക്കൊരു തീരുമാനത്തിലെത്താൻ പറ്റില്ല… അച്ഛനും അമ്മയ്ക്കും ഇയാളെ ഇഷ്ടമായി… ഇനി എന്റെ മറുപടി ആണ് അവർക്ക് വേണ്ടത്… എന്തിനാണ് അവൾ ഇട്ടിട്ട് പോയത്…???? അത് പറ…””

മുഖവര ഒന്നും കൂടാതെ തന്നെ കാര്യം പറയുന്ന പെണ്ണിനെ അവൻ ഒരല്പം അത്ഭുതത്തോടെ നോക്കിയിരുന്നു…

കയ്യിൽ ഇരുന്ന ഫോൺ ടേബിളിൽ വെച്ചിട്ട് പാറുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ അഭി എന്താ പറയുന്നത് എന്ന് അറിയാൻ വേണ്ടി ആകാംഷയോടെ ഇരിക്കുകയായിരുന്നു….

ടേബിളിന്റെ മുകളിൽ കൈകൾ വെച്ച് അവൻ തന്റെ ഓര്‍മ്മകളുടെ ചെപ്പ് അവള്‍ക്കായി തുറന്നു…

അവരുടെ പ്രണയം നിറഞ്ഞ ദിവസങ്ങൾ…..

❤❤❤❤❤❤❤❤❤❤❤

“”ഞാൻ പത്തിൽ പഠിക്കുമ്പോൾ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സിലേക്ക് പുതിയ ഒരു കുട്ടി വന്നത്.. കാണാൻ സുന്ദരി, നല്ല മുടി, അങ്ങനെ എല്ലാവരോടും കയറി സംസാരിക്കില്ല… എന്താ പറയുക… നല്ല അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണ്… ക്ലാസ്സിൽ ടീച്ചർ പരിചയപ്പെടുത്തിയപ്പോൾ മനസിലായി പേര് നന്ദിത എന്ന് ആണെന്ന്… അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥൻ… അമ്മ ഹൗസ് വൈഫ്‌.. ഇവൾ വീട്ടിൽ ഒറ്റ മോൾ…

ആദ്യമാദ്യം ഒക്കെ കാണുമ്പോൾ ഒരു ചിരി മാത്രമായിരുന്നു… ഞാനും അതേ… എന്റെ അച്ഛൻ പട്ടാളം ആയിരുന്നത് കൊണ്ട് തന്നെ പണ്ട് മുതൽ ഉള്ള എന്റെ സ്വപ്നമാരുന്നു ആർമിയിൽ ചേരുക എന്നത്..

അതിന് വേണ്ടി NCC യിൽ എല്ലാം ഉണ്ടാരുന്നു ഞാൻ… അതിന്റെ കൂടെ ജൂഡോയും… ഇതിനെല്ലാം പോകുന്നത് കൊണ്ട് തന്നെ ക്ലാസ്സിൽ കയറുന്നത് കുറവും… പത്താം ക്ലാസ്സിൽ അങ്ങനെ ഒരുപാട് സംസാരിച്ചിരുന്നില്ല എങ്കിലും പതിനൊന്നിൽ ആയപ്പോൾ ഞങ്ങൾ രണ്ടും വീണ്ടും ഒരേ സ്കൂൾ, ഒരേ ക്ലാസ്സ്‌… പ്ലസ് വണ്ണിൽ ആയപ്പോൾ പിന്നെ ഞാൻ ഒന്ന് കൂടി ബിസി ആയി… കോമ്പറ്റീഷനും, ക്യാമ്പും എല്ലാം ആയി…

ഒരു ദിവസം ടീച്ചർ പറഞ്ഞു നോട്ട് കംപ്ലീറ്റ് ചെയ്യാതെ ക്ലാസ്സിൽ കയറരുതെന്ന്… ആഴ്ചയിൽ ഒരു ദിവസം ഒക്കെ ക്ലാസ്സിൽ കയറുന്ന എനിക്ക് നോട്ട് പോയിട്ട് ബുക്ക്‌ പോലുമില്ലാരുന്നു… എന്റെ ദയനീയാവസ്ഥ കണ്ട് ആദ്യമായി അവൾ എന്നോട് ഇങ്ങോട്ട് സംസാരിച്ചു…

“”അഭിയെ നോട്ട് എഴുതാൻ ഞാൻ ഹെല്‍പ്പ് ചെയ്യട്ടെ..?????””

“”എങ്ങനെ???””

“”കുറച്ചു നോട്ട്സ് ഞാൻ എഴുതിത്തരാം.. ബു=ക്ക്‌ തന്നാൽ മതി….””

അങ്ങനെയാണ് ഞങ്ങൾ ആദ്യമായി അടുത്ത് സംസാരിക്കുന്നത്… പിന്നീട് അതൊരു ശീലമായി…

ഞാൻ പ്രാക്ടീസും, ക്യാമ്പും ആയി നടന്ന് ക്ലാസ്സിൽ കയറുമ്പോൾ എന്നേ പഠിപ്പിക്കാൻ നന്ദു ഉണ്ടായിരുന്നു… അങ്ങനെ പതിയ ആ സൗഹൃദം വളർന്നു…

സൗഹൃദം പെട്ടെന്ന് പ്രണയമാകാൻ ഒരുപാട് നാളൊന്നും വേണ്ടി വന്നില്ല… പലരും പ്രായത്തിന്റെ തോന്നല്‍ മാത്രമെന്ന് പറയുമെങ്കിലും എനിയ്ക്ക് നന്ദു ഒരിക്കലും പ്രായത്തിന്റെ തോന്നൽ ആയിരുന്നില്ല… ആത്മാർത്ഥമായി തന്നെയായിരുന്നു അവളെ ഞാൻ സ്നേഹിച്ചത്…

എന്റെ വീട്ടിൽ വന്നിട്ടുണ്ട് അവൾ…

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു ഞാൻ പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി ചെയ്യാൻ പോയി.. അവൾ BBA പഠിക്കാനും… സത്യം പറഞ്ഞാൽ എന്റെ ഉദ്ദേശം പൊളിറ്റിക്കൽ സയൻസ് ആകുമ്പോൾ കയ്യിൽ ഡിഗ്രിയും ആകും, അതിന്റെ ഇടയിൽ ആർമി ജോലി ട്രൈയും ചെയാം.. അങ്ങനെയായിരുന്നു…

അവൾക്ക് കോളേജിൽ നിറയെ കൂട്ടുകാർ ആയി…

സംസാരിക്കാൻ ആളുകൾ ആയി… അപ്പോഴെല്ലാം ഞാൻ ആണെങ്കിൽ ഗ്രൗണ്ടിൽ കിടന്ന് റിക്രൂട്ട്മെന്റിന് പോകാനുള്ള പ്രാക്ടീസും…

അമ്മയുടെ പ്രാർത്ഥനയും, ദൈവത്തിന്റെ അനുഗ്രഹവും.. എല്ലാം കൂടി ചേർന്നു ഡിഗ്രി ഫസ്റ്റ് ഇയർ കംപ്ലീറ്റ് ആകുന്നതിന് മുൻപ്‌ തന്നെ എനിക്ക് ജോലി കിട്ടി… ഒൻപതു മാസത്തെ ട്രെയിനിങ്…

ഊട്ടിയിൽ… പോകുന്നതിന് മുൻപും ഞാൻ പോയിരുന്നു അവളെ കാണാൻ…

“”നാളെ ആണ് ഞാൻ പോകുന്നത്… നിനക്ക് വിഷമം ഉണ്ടോ????””

“”വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ… അഭിയുടെ സ്വപ്നം അല്ലായിരുന്നോ ഈ ജോലി… അത് ഞാനെങ്കിലും മനസ്സിലാക്കണ്ടേ അതുകൊണ്ട് വലിയ വിഷമമില്ല…

പോയി വാ.. ഞാൻ കാത്തിരിക്കും… വിളിക്കണം….””

“”എനിക്ക് എന്നും വിളിക്കാൻ പറ്റിയെന്ന് വരില്ല.. അവിടെ ഫോൺ ഉപയോഗിക്കുന്നതിനെല്ലാം വിലക്കുണ്ട്.. പറ്റുന്നത് പോലെ വിളിക്കാം ഞാൻ….””

അന്ന് നന്ദുവിന്റെ നെറുകയിൽ ചുംബനം കൊടുത്തു മടങ്ങുമ്പോൾ ഞാൻ അറിഞ്ഞില്ല അവൾ എന്റെ അടുത്ത് നിന്ന് അകലാൻ തുടങ്ങിയതിന്റെ തുടക്കമായിരുന്നു അതെന്ന്…

പിന്നീടെനിക്ക് കഷ്ടപ്പാടിന്റെ നാളുകൾ ആയിരുന്നു… ഓരോ ദിവസവും ഉള്ള അതികഠിനമായ ട്രെയിനിങ്… നേരം വെളുക്കുന്നതിന്റെ മുൻപ്‌ തുടങ്ങി വൈകുന്നേരം വരെ… വീട്ടിൽ വിളിക്കുന്നതിന് വരെ ഇത്ര സമയം എന്നുണ്ട്… അമ്മയോടും അച്ഛനോടും രണ്ട് വാക്ക് സംസാരിക്കുമ്പോഴേക്കും സമയം കഴിയും…

എങ്കിലും പറ്റുമ്പോഴെല്ലാം ഞാനവളെ വിളിച്ചിരുന്നു..

ആദ്യമാദ്യം എന്റെ കാേൾ കാത്തിരുന്നവൾ പിന്നീട് സംസാരിക്കാൻ താല്പര്യമില്ലാതെ ആയി…

ചോദിക്കുമ്പോൾ പറയും തിരക്കാണ് പഠിക്കാനുണ്ട് എന്നൊക്കെ… ഞാനും അത് വിശ്വസിച്ചു…

അല്ലെങ്കിൽ എന്റെ നന്ദുവിനെ വിശ്വസിക്കാതിരിയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല എന്ന് വേണം പറയാൻ….

ഒമ്പതു മാസത്തെ ട്രെയിനിങ്ങിന് ശേഷം ഞാൻ വീട്ടിൽ വന്നിട്ട് ആദ്യം ചെയ്തത് നന്ദുവിനെ കാണാൻ പോയി. അവളുടെ കോളേജിന്റെ മുന്നിൽ ചെന്നപ്പോൾ കണ്ടത് ഏതോ ഒരു ചെറുക്കന്റെ കൂടെ കളിച്ചു ചിരിച്ചു വരുന്ന നന്ദുവിനെയാണ്…

എന്നേ കണ്ടപ്പോൾ അടുത്ത് വന്നു സംസാരിച്ചു…

അതും സാധാരണ രീതിയിൽ… അല്ലാതെ ഞാൻ ക്ഷീണിച്ചതൊന്നും അവളെ ബാധിക്കുന്ന വിഷയം പോലും അല്ലായിരുന്നു…

ഒരു മാസം ആയിരുന്നു എന്റെ ലീവ്.. അത് കഴിഞ്ഞ് ആദ്യ പോസ്റ്റിങ്ങ്‌ കശ്മീർ… പോകുന്നതിനു രണ്ട് ദിവസം മുൻപ്‌ അവളെ കാണാൻ ഞാൻ ചെന്നപ്പോൾ നന്ദുവിന്റെ കൂടെത്തന്നെ ഞാൻ ആദ്യ ദിവസം കണ്ട ചെക്കനും ഉണ്ടാരുന്നു…

“”എന്തിനാ നന്ദൂ നീ എന്നേ കാണണം എന്ന് പറഞ്ഞത്????? എന്തെങ്കിലും അത്യാവശ്യം ഉണ്ടോ????””

“”ഏയ്… ഒരു കാര്യം പറയാനായിരുന്നു അഭീ….””

“”എന്ത്‌ കാര്യം????””

“”നമ്മൾ തമ്മിൽ ചേരില്ല അഭി. എന്റെ സങ്കല്പത്തിൽ ഉള്ള ഒരു ചെറുക്കൻ അല്ല നീ..

എനിക്ക് വേണ്ടത് എന്നേ കെയർ ചെയ്യുന്ന ഒരാളെയാണ്… എന്റെ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കുന്ന, വാ തോരാതെ എന്നോട് സംസാരിക്കുന്ന ഒരാൾ.. നീ ആണെങ്കിൽ ഏത് നേരവും ജോലിയും തിരക്കും… എന്റെ കാര്യങ്ങൾ ശ്രദ്ധിയ്ക്കാൻ പോയിട്ട് എന്നെ ഒന്ന് വിളിക്കാൻ പോലും നിനക്ക് സമയമില്ല…

ആദ്യത്തെ ജോലി തന്നെ കാശ്മീർ അല്ലേ.. എന്ത്‌ ഉറപ്പ്‌ ഉണ്ട് പോയിട്ട് തിരിച്ച് വരുമെന്ന്…

എനിക്ക് നിന്റ ജോലി ഇഷ്ടമല്ല അഭീ…. ഒരു പട്ടാളക്കാരനെ ഭർത്താവ് ആയിട്ട് എനിക്ക് വേണ്ട…

അത് കൊണ്ട് ഈ ബന്ധം നമുക്ക് ഇവിടെ വെച്ച് നിർത്താം…. ഇനി നിനക്ക് ഞാൻ ഒരു നല്ല ഫ്രണ്ട് മാത്രം ആയിരിക്കും.. അതിൽ കൂടുതൽ ഒന്നുമില്ല… ഐ ആം സോറി….””

“”ഏയ്… നീ സോറി ഒന്നും പറയേണ്ട നന്ദു…

ചെറുപ്പം മുതൽ എന്റെ സ്വപ്നമായിരുന്നു ഒരു ആർമിക്കാരൻ ആവുക എന്നത്.. അതിന് വേണ്ടി ഞാൻ കുറേ കഷ്ടപ്പെട്ടു… എല്ലാം നിനക്കും അറിയാവുന്നത് തന്നെ അല്ലേ… നിന്നെ ഞാൻ സ്നേഹിച്ചത് എന്റെ ഉ=ള്ളിൽ നിന്ന് തന്നെ ആണ്…

പിന്നെ ഓരോ പട്ടാളക്കാരനും അവന്റെ രാജ്യം തന്നെയാണ് വലുത്… നീ പറഞ്ഞത് പോലെ ചിലപ്പോൾ ഞാൻ തിരികെ വന്നില്ല എന്നും വരാം… സോ നീ അറിഞ്ഞു കൊണ്ട് റിസ്ക്കെടുക്കണ്ട… നിന്നെ മനസിലാക്കുന്ന, നിന്റെ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കുന്നവൻ ഇവൻ ആയിരിക്കും അല്ലേ…

ഞാൻ മറ്റന്നാൾ പോകും… അതിന് മുൻപ്‌ തന്നെ എല്ലാം പറഞ്ഞതിന് നന്ദി… ഇനി നന്ദിതയുടെ ജീവിതത്തിൽ അഭിരാം എന്ന ഞാന്‍ ഉണ്ടായിരിക്കില്ല….””

❤❤❤❤❤❤❤❤❤❤❤

അത്രയും പറഞ്ഞ് അഭി പാറുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരുതരം കള്ളച്ചിരി ആണ്..

“”നീ എന്തിനാ ചിരിക്കുന്നത്???..””

“”പിന്നല്ലാതെ… ഇതൊക്കെ കേട്ടാൽ ഞാൻ പിന്നെ എങ്ങനെ ചിരിക്കാതിരിയ്ക്കും.???? ഇത്ര നല്ല ചെറുക്കനെ ഇട്ടിട്ട് പോയ അവൾ പൊട്ടി… സ്നേഹം തേടി പോയിട്ട് കിട്ടിയോ അവൾക്ക് സ്നേഹം???? അവനെ തന്നെ ആണോ ഇപ്പോൾ കല്യാണം കഴിച്ചത്????””

“”അല്ല… കല്യാണം പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.. ഇപ്പോൾ ഒരു മോനും ഉണ്ട്….””

“”ഉഫ്ഫ്… ഇജ്ജാതി പ്രേമകഥ… ഇട്ടിട്ട് പോയ ഏതോ ഒരുത്തിക്ക് വേണ്ടി ഇവിടെ ഒരാൾ മാനസമൈന കളിക്കുന്നു… ഇപ്പോൾ ഏകദേശം എട്ടു വർഷം ആയില്ലേ നിങ്ങളുടെ ബ്രേക്കപ്പ് നടന്നിട്ട്…. എന്നിട്ടും ആദ്യ കാമുകിയെ ആലോചിച്ചു നടക്കുന്ന ഈ മനസ്…

ദേ മനുഷ്യാ… ഒരു കാര്യം ഞാൻ മര്യാദയ്ക്ക് പറയാം… നിങ്ങളുടെ വർഷങ്ങൾക്ക് മുൻപ്‌ ഉള്ള പ്രണയകഥ കേട്ടിട്ട് ചേട്ടന്റെ ആത്മാർത്ഥ പ്രണയത്തിന് വേണ്ടി ഞാൻ വീട്ടിൽ പറഞ്ഞു ഈ കല്യാണത്തിൽ നിന്ന് പിന്മാറാം, അല്ലെങ്കിൽ കല്യാണം കഴിഞ്ഞും ഞാൻ കാത്തിരിക്കാം തുടങ്ങിയ ക്ലിഷേ ഡയലോഗ് ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്… ഏകദേശം ആറു മാസം കഴിഞ്ഞായിരിക്കും നമ്മുടെ കല്യാണം… അത് വരെ നമുക്ക് മനസിലാക്കാനും, പ്രേമിക്കാനും സമയം ഉണ്ട്.. ഒന്ന് ശ്രമിച്ചു നോക്കാമല്ലോ… അല്ലേ…

പതിവ് കുസൃതിച്ചിരിയോടെ അവള്‍ തുടര്‍ന്നു..

എന്തായാലും ഈ പട്ടാളത്തിനെ എനിക്ക് ഇഷ്ടായി… ഒരു തേപ്പ് കിട്ടിയതാണെന്നുള്ളത് ഞാൻ മറക്കാം… ഈ ജന്മം എന്നേ ചുമക്കാൻ ആയിരിക്കും നിങ്ങളുടെ വിധി….””

ഒരു പുഞ്ചിരിയോടെ പാറു പറഞ്ഞതും അഭിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

“”നിനക്ക് കാര്യം പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ??? എന്റ ജോലി… പിന്നെ ഇനി ഒരാളെ സ്നേഹിക്കുക എന്നത്….””

“”ഇനി ഒരാളെ സ്നേഹിച്ചാലെന്താ കുഴപ്പം???.. നന്ദിതയ്ക്ക് എന്തായാലും പട്ടാളത്തോട് ഉള്ളത് ദിവ്യ പ്രണയം ഒന്നുമായിരുന്നില്ല എന്നത് എനിയ്ക്കും അറിയാം, നിങ്ങൾക്കും അറിയാം…

അങ്ങനെയായിരുന്നെങ്കിൽ സ്നേഹിച്ച പുരുഷനെ ഒരിയ്ക്കലും അവൾ തള്ളിപ്പറയില്ലായിരുന്നു…

പിന്നെ ജോലി… ഇന്ത്യൻ ആർമി എന്നത് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു ജോലി ആണ്.. നിങ്ങളെപ്പോലുള്ള ഓരോ പട്ടാളക്കാരനും അതിർത്തിയിൽ കാവൽ നിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഇവിടെ സമാധാനമായിട്ട് ഉറങ്ങുന്നത്… രാജ്യം കാക്കുന്നവന് സ്വന്തം പെണ്ണിനേയും നന്നായി നോക്കാൻ കഴിയും എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്…

പിന്നെ മരിയ്ക്കുന്നത് ആണെങ്കിൽ, ഞാൻ ഇവിടെക്ക് വന്നത് സ്കൂട്ടിയിൽ ആണ്… തിരിച്ചു പോകുമ്പോൾ ഏതെങ്കിലും ലോറി ഇടിച്ചാൽ തീരും എന്റെ ജീവൻ… അല്ലാതെ പട്ടാളക്കാർ മാത്രമല്ല ഈ ലോകത്തു മരിയ്ക്കുന്നത്…

ഇനി നിങ്ങളുടെ സങ്കല്പത്തിലെ പെണ്ണ് എന്നേ പോലെ ഒരു വായാടി അല്ലെങ്കിൽ ധൈര്യമായി പറഞ്ഞോ… പിന്നീട് ഒരു ശല്യത്തിന് ഞാൻ വരില്ല….

❤❤❤❤❤❤❤❤❤❤❤

ആറ് മാസത്തിന് ശേഷം ഒരു ദിവസം…

❤❤❤❤❤❤❤❤❤❤❤

അഭി ചാർത്തിയ താലിയും സിന്ദൂരവും അണിഞ്ഞ് ക്യാമറാമാൻ പറയുന്നത് അനുസരിച്ച് സ്റ്റേജിൽ നിൽക്കുമ്പോൾ ഈ ലോകത്തു ഏറ്റവും ഭാഗ്യവതി താനാണെന്ന് തോന്നി പാറുവിന്…

ഓരോ തവണ അഭിയുടെ കൈ അവളിൽ കുസൃതി കാണിക്കുമ്പോഴും പാറുവിന്റെ മുഖം ബ്ലഷ് ചെയ്യും..

കൈയിൽ ഒരു കുഞ്ഞുമായി കയറി വരുന്ന നന്ദിതയെ കണ്ട് പാറു ഏറുകണ്ണിട്ട് നോക്കിയത് അഭിയുടെ മുഖത്തേക്കാണ്… അവിടെ നിറഞ്ഞ പുഞ്ചിരി കണ്ടതും പെണ്ണിന്റ മുഖം കടന്നൽ കുത്തിയത് പോലെ ആയി…

പെട്ടെന്നാണ് അഭി ഒരു കൈ കൊണ്ട് പാറുവിനെ ചേർത്തു പിടിച്ചത്… തന്നെ ചേർത്ത് പിടിച്ചു തന്നെ നന്ദിതയോട് സംസാരിക്കുന്ന അഭിയെ തെല്ലൊരു അത്ഭുതത്തോടെ നോക്കി നിന്ന് പോയി പാറു…

അഭിയുടെ മുഖത്തേക്കും അവൻ ചേർത്ത് പിടിച്ച കയ്യിലേക്കും നോക്കുമ്പോഴുള്ള നന്ദിതയുടെ മുഖത്തെ വിഷമം മറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും പാറു ശ്രദ്ധിച്ചിരുന്നു…

സ്റ്റേജിൽ നിന്ന് ഇറങ്ങാൻ പോയ നന്ദിതയെ പെട്ടെന്നാണ് പാറു കെട്ടിപ്പിടിച്ചത്…

“”താങ്ക്യൂ… എന്റെ അഭിയേട്ടനെ എനിക്ക് തന്നതിൽ… ഇന്ന് ഈ ലോകത്തിൽ ഏറ്റവും സന്തോഷവതി ഞാനായിരിക്കും… അതിന് നിങ്ങളോട് താങ്ക്യൂ സോ മച്ച്….””

❤❤❤❤❤❤❤❤❤❤❤

“”എന്താണ് ഭാര്യേ… നീ ഇന്ന് എന്റെ എക്സിനോട് പറഞ്ഞത്????”” രാത്രിയിൽ പ്രണയാലസ്യത്തിൽ വാടി തളർന്ന് കിടക്കുന്നവളെ നെഞ്ചോട് ചേർത്തായിരുന്നു അവന്റെ ചോദ്യം… “”

“”പ്രത്യേകിച്ച് ഒന്നുല്ല പട്ടാളം… ഇനി എന്റെ പട്ടാളത്തെ നോക്കിയാൽ ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും എന്ന് പറഞ്ഞതാ… ഇനി ഇത് എന്റെ പ്രോപ്പർട്ടി ആണ്… എന്റെ മാത്രം….””

“”ഒന്ന് അഭിയേട്ടാ എന്ന് വിളിക്കെടീ കുട്ടിപ്പിശാശേ… ഇങ്ങനെ പട്ടാളം പട്ടാളം എന്ന് പറയാതെ…””

“”അതിൽ ഒരു ത്രില്ലില്ല…”” ഒരു കണ്ണ് ഇറുക്കി പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് ചേർന്നപ്പോൾ പെണ്ണിനെ ഒന്ന് കൂടി ചേർത്ത് പിടിച്ച് അവൻ പുതപ്പിനടിയിലേക്ക് നൂണ്ടു….

ലൈക്ക് കമന്റ്‌ ചെയ്യണേ

അവസാനിച്ചു…

രചന : Vaiga Lekshmi (വിച്ചു)