തന്നെ നോക്കി ഉറക്കെ കരയുന്ന കുഞ്ഞിന്റെ മുഖമായിരുന്നു അവളുടെ മനസിലപ്പോൾ…

രചന : ജോമോൻ ജോസഫ്

ഒരു ന്യൂജൻ അമ്മ

❤❤❤❤❤❤❤❤❤❤❤

“നീ ഈ ട്രിപ്പിനെങ്കിലും ഉണ്ടാവണോട്ടോ, ഇതു നമ്മുടെ കോളേജിൽ നിന്നുള്ള അവസാനത്തെ ടൂർ ആയിരിക്കും ”

ടീന അനുവിനോടു പറഞ്ഞു .

” ഇതിന് വരാടാ, കഴിഞ്ഞ ട്രിപ്പിനൊക്കെ കുഞ്ഞു തീരെ ചെറുതായിരുന്നില്ലേ … ഇപ്പോൾ അവന് രണ്ട് വയസ്സ് കഴിഞ്ഞു .എന്റെ അമ്മ ഭക്ഷണം കൊടുത്താൽ തിന്നാൻ ഒക്കെ ആയി ,അതു കൊണ്ട് ധൈര്യമായിട്ട് വരാം ….”

അനു മറുപടി പറഞ്ഞു .

” പിന്നേ ഈ ലോകത്ത് മറ്റാർക്കും മക്കൾ ഇല്ലാത്തതു പോലെ ,ഫോൺ വിളിച്ചാൽ എടുക്കില്ല ,വാട്സപ്പിൽ മെസ്സേജ് അയച്ചാൽ മറുപടിയില്ല … ഇത്രയും തിരക്കുള്ള ഒരമ്മ നീ മാത്രമേ കാണൂ …

ജീവിതം ആസ്വദിക്കുവാൻ ഉള്ളതാണ് ഈ സന്തോഷമൊക്കെ ഈ ഒരു പ്രായത്തിലേ കിട്ടൂ ….”

രേവതി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു .

” അപ്പോ ശരി മക്കളെ നാളെ രാവിലെ കാണാം ,ചെന്നിട്ട് ഒത്തിരി തിരക്കുള്ളതാണ് ….”

എല്ലാവരോടും യാത്ര പറഞ്ഞ് അനു വീട്ടിലേക്കു നീങ്ങി ….ബസിൽ നിന്നും ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോഴേ തന്നെ അവളുടെ നോട്ടം മുഴുവൻ അകലെ തന്നെയും കാത്ത് അമ്മയുടെ കൈകളിൽ ഇരിക്കുന്ന കുഞ്ഞിനെയായിരുന്നു .ഗേറ്റ് തുറന്ന് അകത്തേക്ക്‌ കയറുമ്പോൾ അമ്മുമ്മയുടെ കൈകളിൽ നിന്നും തന്റെ അമ്മയെ കണ്ട സന്തോഷത്തിൽ അവൻ കുതിച്ചു ചാടി ….

” അമ്മേടാ വാവേ ,മോന് വിശക്കുന്നുണ്ടോടാ….

അമ്മയെ കാണാഞ്ഞിട്ട് മോന് സങ്കടം വന്നോ …. അമ്മ പാലുതരാട്ടോ ……”

അവൾ ധൃതിയിൽ അകത്തെ മുറിയിലേക്കു പോയി

“ഡീ പെണ്ണേ നീ വല്ലതും കഴിച്ചിട്ട് അവന് പാല് കൊടുക്ക് ,അവൻ അല്പം മുന്നേ കുറുക്ക്‌ കഴിച്ചതേയുള്ളൂ ….”

അമ്മ അനുവിനോടു പറഞ്ഞു …

” അതു സാരല്ലമ്മേ ,അപ്പുക്കുട്ടൻ ഇത്തിരി പാല് കുടിക്കട്ടെ എന്നിട്ട് മതി എനിക്ക് ഭക്ഷണം ”

കുഞ്ഞിനെ കൈകളിൽ വാങ്ങി അനു കട്ടിലിലേക്കു നീങ്ങി .കുഞ്ഞ് ഉറങ്ങിയശേഷം അവൾ അലമാരി തുറന്ന് നാളത്തെ ട്രിപ്പിനുവേണ്ടി വാങ്ങി വച്ച പുതിയ കുപ്പായം കൈകളിൽ എടുത്തു .

അതൊന്ന് അണിഞ്ഞതിന് ശേഷം അമ്മയുടെ അഭിപ്രായത്തിനായി മുൻ വശത്തേക്ക് നീങ്ങി ….

” എങ്ങനെയുണ്ട് അമ്മേ…. ”

” കൊള്ളാം ,നന്നായിട്ടുണ്ട് ”

അമ്മ മറുപടി പറഞ്ഞു ….

” നാളെ രാവിലെ 8 മണിക്ക് പോകണം ,പാതിരാത്രിയേ തിരിച്ചെത്തൂ…. അമ്മേ കുഴപ്പം ഇല്ലല്ലോ

അമ്മയുടെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചു .

” നീ പോയിട്ട് വാടീ…., ഇനി കോളേജിൽ നിന്നും ഒരു ടൂർ പോകാൻ ഒരവസരം ഉണ്ടാവില്ലല്ലോ ”

അമ്മ മറുപടി പറഞ്ഞു ….

പിറ്റേന്നു രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് ആഹാരം കൊടുത്ത ശേഷം അമ്മയുടെ കൈകളിൽ ഏൽപ്പിച്ച് അനു യാത്രക്കായി തയ്യാറായി . കൂട്ടുകാരുടെ ഫോൺ കോളുകൾ കുറേനേരമായി നിർത്താതെ ശബ്ദം മുഴക്കിക്കൊണ്ടിരുന്നു ..

” ദേ ഇറങ്ങുവാടീ ….”

ഒരു കൂട്ടുകാരിയുടെ കോൾ എടുത്ത ശേഷം അനു പറഞ്ഞു .

“അമ്മ പോയിട്ട് വരാട്ടോ ….”

കുഞ്ഞിന്റെ കവിളത്തു ചുംബിച്ചശേഷം അവൾ പുറത്തേക്ക്‌ നടന്നു .മനസ്സു മുഴുവൻ സുഹൃത്തുക്കളുമായുള്ള ഉല്ലാസയാത്രയുടെ സന്തോഷം ആയിരുന്നെങ്കിലും എവിടെയൊക്കയോ ഒരു വിങ്ങൽ .താൻ ഇറങ്ങിയ നേരം മുതൽ തന്നെ നോക്കി ഉറക്കെ കരയുന്ന കുഞ്ഞിന്റെ മുഖം തന്നെ പിറകിലേക്കു വിളിക്കുന്നതു പോലെ

അവന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുള്ളികളെ ഒരു നിമിഷത്തേക്ക് കണ്ടില്ലയെന്നു നടിക്കുവാൻ കഴിയാത്തതുപോലെ .

ബസ്റ്റോപ്പിൽ നിന്നും തിരിഞ്ഞു നോക്കുമ്പോഴും അവളുടെ കണ്ണുകളിൽ തന്റെ കുഞ്ഞിന്റെ കരയുന്ന മുഖം തെളിഞ്ഞു കാണാമായിരുന്നു …

“ടിക്കറ്റ് ,ടിക്കറ്റ് …..”

എവിടേക്കാ രാവിലെ….

കണ്ടക്ടർ തിരക്കി …

”ചേട്ടൻ ടിക്കറ്റ് തന്നാൽ മതി ബാക്കി കാര്യങ്ങൾ തിരക്കണ്ടാ …..”

ടീന അല്പം ദേഷ്യത്തിൽ മറുപടി പറഞ്ഞു .

“മൂന്നു മഹാരാജാസ് ….”

പേഴ്‌സിൽ നിന്നും പണം എടുത്ത് അവൾ നീട്ടി

“നന്നായി നീ പറഞ്ഞത് അല്ലേലും അയാൾക്ക് ഇത്തിരി ഇളക്കം കൂടുതലാണ് ….. ഡീ അനുവിനെ കാണുന്നില്ലല്ലോ ,അവൾ ഇനി നേരത്തെ ഇറങ്ങി കാണുമോ …. അതോ വരാതിരിക്കുമോ…”

രേവതി ചോദിച്ചു ….

മൊബൈൽ ഫോൺ കയ്യിൽ എടുത്തു ടീന അനുവിനെ വിളിച്ചു .

“ഹലോ നീ എവിടാ ….. നേരത്തെ ഇറങ്ങിയോ ”

” ടീന….സോറീടാ …. ഞാൻ …… ഞാൻ വരുന്നില്ല …..”

“കുഞ്ഞിനെ ഒറ്റക്കാക്കി പോരുവാനുള്ള ബുദ്ധിമുട്ടായിരിക്കും ,നീയൊക്കെ ഇനി എന്നാണ് നന്നാവുന്നത് ….”

ടീന ദേഷ്യത്തിൽ ചോദിച്ചു ..

“അറിയില്ല ….. പക്ഷെ ഒന്ന് എനിക്കറിയാം …..

എന്റെ കുഞ്ഞിന്റെ കൂടെ കിട്ടുന്ന സന്തോഷം മറ്റെവിടെ നിന്നും എനിക്ക് കിട്ടാറില്ല …. വയറു നിറയെ പാൽ കുടിച്ച് എന്റെ മുഖത്തേക്കു നോക്കി ചിരിക്കുമ്പോൾ കിട്ടുന്ന സ്നേഹം മറ്റാരിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല …..

ഒരു പക്ഷേ അമ്മയാവുമ്പോൾ നിനക്കും അത് അറിയാൻ കഴിഞ്ഞേക്കും ….ok നിങ്ങൾ അടിച്ച് പൊളിക്ക് …. ബൈ….”

തന്റെ കുഞ്ഞിനെ മാറോടു ചേർത്തു കൊണ്ട് അവൾ പറഞ്ഞു …..

വയറു നിറയെ പാൽ കുടിച്ച് അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ച അവനെ അവൾ ചുംബിച്ചു

“അമ്മയുടെ ഉടുപ്പു ചീത്തയാക്കും ഈ കുറുമ്പൻ

തന്റെ പുതിയ വസ്ത്രത്തിൽ ഒഴുകി വീണ അവന്റെ ഉമിനീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞു.

ഇതെല്ലാം പുറത്തു നിന്നു വീക്ഷിച്ച അവളുടെ അമ്മ മനസ്സിൽ പറഞ്ഞു….

” കാലമെത്ര മാറിയാലും അമ്മയുടെ സ്വപ്നങ്ങളിൽ എന്നും മക്കൾ മാത്രം ”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ജോമോൻ ജോസഫ്