തൊട്ടാവാടി, തുടർക്കഥ, ഭാഗം 34 വായിക്കൂ…

രചന : ഭാഗ്യലക്ഷ്മി

ഇഷാനിക്ക് കുഞ്ഞിനെ പുണർന്നിട്ടും പുണർന്നിട്ടും മതിയായിരുന്നില്ല… അവളുടെ ഉള്ളിലെ മാതൃവാത്സല്യം അണ പൊട്ടി ആദി മോനിലേക്ക് ഒഴുകുകയായിരുന്നു…

തങ്ങളോടുള്ള ദേഷ്യം കൊണ്ടാണ് ഇഷാനി കുഞ്ഞിനെ എടുക്കാൻ വരാത്തതെന്ന് റയാൻഷിനറിയാമായിരുന്നു… ആദി മോനോടുള്ള അവളുടെ വാത്സല്യം എത്ര മാത്രമാണെന്ന് അവന് അറിയാവുന്നതിനാൽ കുഞ്ഞിനെ അവൾക്കരികിൽ നിർത്തി റയാൻഷ് നടന്നകന്നു…

ഇഷാനി ആദി മോനുമായി മുറിയിലേക്ക് കയറി…

ഇഷാനിയുടെ കരങ്ങളിൽ ഇരുന്ന് കൗതുകത്തോടെ അവളുടെ മുടിയിഴകളിൽ വിരൽ കോർക്കുന്ന ആദി മോനെ ആദർശ് വാത്സല്യത്തോടെ നോക്കി നിന്നു… തന്നെ അനുകരിക്കുന്ന അവൻ്റെ ചിരിയും ആ മിഴിമുനകളും ആദർശിൽ ഓരോ നിമിഷവും സ്നേഹം അലതല്ലിച്ചു…. അവൻ ക്ഷമയില്ലാതെ കുഞ്ഞിനെ വാങ്ങി തൻ്റെ നെഞ്ചോട് ചേർത്തു…

ഇഷാനി ആ കാഴ്ച നിർവികാരതയോടെ നോക്കി.

ആദർശ് കുഞ്ഞിനെയും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു… കുഞ്ഞ് അവൻ്റെ മീശയിൽ പിടുത്തമിട്ടപ്പോൾ അവൻ്റെ ഉള്ളിൽ കുറുമ്പോടെയുള്ള ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു… ഗൗരവഭാവം അവന് പൂർണ്ണമായും അന്യമായി തീർന്ന പോലെ… ഹൃദയത്തെ വാത്സല്യം മാത്രം കീഴ്പ്പെടുത്തുന്ന പോലെ…

അപ്പോഴും ഈ കുഞ്ഞിൽ തനിക്കെന്തവകാശം എന്ന മനസാക്ഷിയുടെ ചോദ്യത്തിന് മുൻപിലവൻ ഉത്തരമില്ലാതെ ഉഴഞ്ഞു…

അവൻ്റെ മിഴികൾ പശ്ചാതാപത്താൽ ഈറനണിഞ്ഞു… പക്ഷേ എന്തോ കുഞ്ഞിനെ തൻ്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റാൻ അവനായില്ല….

അച്ഛനോട് ക്ഷമിക്ക് മോനെ… അവൻ കുഞ്ഞിനെ നോക്കി മാപ്പിരന്നു…

ഇവൻ തന്നോട് ക്ഷമിക്കുമായിരിക്കുമോ..? ഒരു മാത്രയെങ്കിലും ആ നാവിൻ തുമ്പിനാൽ തന്നെ നോക്കി അച്ഛാ എന്ന് വിളിക്കുമായിരിക്കുമോ…?

ആദർശ് വൃഥാ ഓർത്തു..

ഇപ്പോഴെന്താ ആദിക്ക് കുഞ്ഞിനോടിത്ര സ്നേഹം…? ഇഷാനി ചിന്തിച്ചു….

ഇനീം തനിക്ക് എത്ര കുട്ടികൾ ഉണ്ടായാലും ആദി മോനോടാവും തനിക്ക് ഏറ്റവും അധികം സ്നേഹം…. കുഞ്ഞിൻ്റെ കവിളിൽ ചുംബിച്ചപ്പോൾ അവൻ്റെ ഹൃദയം പലവുരു ഉരുവിട്ടു…

❤❤❤❤❤❤❤❤❤❤❤

“ഏറെ നേരമായിട്ടും മോനെ കണ്ടില്ലല്ലോ..”

റയാൻഷിനോട് ചേർന്നിരുന്നു കൊണ്ട് ധാനി ചോദിച്ചു…

“ഏട്ടത്തീടെ കൈയ്യിലാ… കുറേ ദിവസം കഴിഞ്ഞല്ലേ ഏട്ടത്തി മോനെ എടുക്കുന്നെ… പാവം ഇത്രേം ദിവസം നമ്മള് കൊഞ്ചിക്കുന്നത് വേദനയോടെ നോക്കി നിൽക്കുന്നത് കാണാമായിരുന്നു…”

റയാൻഷിൻ്റെ മറുപടി ധാനിയുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി വിരിയിച്ചു… ഇഷാനിയുടെ ദുഖം മാറി കുഞ്ഞിൻ്റെ സാമീപ്യത്തിൽ അവളുടെ മനസ്സ് അളവറ്റ് സന്തോഷിക്കുന്നത് ഓർത്തായിരുന്നു ആ പുഞ്ചിരി…

ധാനി ഒരാശ്വാസത്തോടെ അവൻ്റെ ഹൃദയമിടിപ്പുകളിലേക്ക് കാതോർത്തു… ഇതിലും മനോഹരമായൊരു പ്രണയകാവ്യം തനിക്കായ് ഇന്നോളം ആരും രചിച്ചിട്ടുണ്ടാവില്ല…

“ഈ ഹൃദയമിടിപ്പുകൾ ഓരോന്നും ധാനിയെന്ന് മാത്രമാണ് മന്ത്രിക്കുന്നത്…!!”

അവൻ പറഞ്ഞ വാചകങ്ങൾ മനസ്സിലേക്ക് അലയടിച്ചതും അവളുടെ ചുണ്ടിലെ പുഞ്ചിരി നാണത്താൽ കുതിർന്ന സ്മേരത്തിന് വഴി മാറി..

കവിളുകൾ വദനത്തിലാകെ പതിയെ ചുവപ്പു രാശി പടർത്തുന്നു…

പ്രണയത്തിൻ്റെ അതിതീവ്രമായ ഒരു അവസ്ഥയിലേക്ക് തൻ്റെ മനസ്സ് വഴുതി വീഴുകയാണോ…??

ആ നിശ്വാസങ്ങൾ തന്നിലെ പ്രണയിനിയെ ഓരോ നിമിഷവും ഉണർത്തുന്നില്ലേ…??

ധാനി മുഖമുയർത്തി അവൻ്റെ നയനങ്ങളിലേക്ക് നോക്കി… അവളുടെ മിഴികളിൽ നിറഞ്ഞ് തുളുമ്പുന്ന പ്രണയം അവനിലും പ്രതിഫലിച്ചു…

മിഴികൾ തമ്മിൽ ഇടഞ്ഞപ്പോൾ ഹൃദയങ്ങൾ മൗനമായി എന്തോ കൈമാറി… ചിലപ്പോൾ അദൃശ്യമായ പ്രണയോപഹാരങ്ങളാവാം…

അവളുടെ ചുണ്ടുകൾ ഒരു ചുംബനം കൊതിക്കുന്നത് പോലെ റയാൻഷിന് തോന്നി…

അവൻ തൻ്റെ അധരങ്ങൾ അതിൻ്റെ ഇണയോടടുപ്പിച്ചതും അവളുടെ മിഴികൾ അറിയാതെ തന്നെ കൂമ്പിയടഞ്ഞു…

റയാൻഷിൻ്റെ സാമീപ്യത്തിൽ തന്നിൽ ഉടലെടുക്കുന്ന വികാരങ്ങളെ നിർവ്വചിക്കാനാവാത്ത വിധം ഹൃദയം ദുർബ്ബലമായതവളറിഞ്ഞു…

ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത പ്രണയിനി താനാവും എന്നവൾക്ക് തോന്നി… പ്രണയം എന്ന വാക്കിന് റയാൻഷ് എന്ന നാമത്തേക്കാളും മനോഹരമായൊരു വിവരണം അവളിൽ ഉണ്ടായിരുന്നില്ല…

“ധാനീ….” അവളെ ഒന്നും കൂടെ തൻ്റെ മാറോടണച്ചവൻ ആർദ്രമായ് വിളിച്ചതും കുറുമ്പ് തോന്നി തുടങ്ങിയിരുന്നു അവളിൽ… അവൻ്റെ ഹൃദയതാളത്തിനൊത്ത് ചലിക്കുവാൻ തൻ്റെ ഹൃദയവും വാശി പിടിക്കുകയാണെന്നവൾക്ക് തോന്നി..

“ഉം…” ആ നെഞ്ചോട് മുഖം ചേർത്തവൾ മൂളുമ്പോൾ സ്വരം അത്രമേൽ നേർത്തതായിരുന്നു

“I love you….”

ആ കാതോരം അവൻ മന്ത്രിച്ചപ്പോൾ ഈ പ്രണയത്തിന് പകരം തരാൻ തന്നിൽ ഒന്നുമില്ലെന്നവളുടെ ഹൃദയവും മൊഴിഞ്ഞു…. ഈ മനസ്സ് നിറയെ നീയാണെന്ന് മാത്രം ശബ്ദമില്ലാതെ പറഞ്ഞു…

“ഞാനും പ്രണയിക്കുന്നു… ഒരുപാട്….”

“ആരെ…??” ഉത്തരമറിയാമായിരുന്നിട്ടും മിഴികളിൽ കുസൃതി നിറച്ചവൻ ചോദിച്ചു..

“സ… സാറിനെ…” കുറുമ്പോടെയുള്ള അവൻ്റെ നോട്ടത്തിൽ ശബ്ദം പുറത്തേക്ക് വരാൻ മടിക്കുന്നതായവൾക്ക് തോന്നി…

“എൻ്റെ ധാനീ…. ഈ സാറ് വിളി നിനക്ക് നിർത്താറായില്ലേടീ…?! നിനക്ക് വിളിച്ച് മടുത്തില്ലെങ്കിലും കേട്ട് കേട്ട് ഞാൻ മടുത്തെടീ…”

അവൻ പരിഭവത്തിൽ പറഞ്ഞതും അവൾ ചിരിയോടെ മുഖം തിരിച്ചു…

“ങും പറ… എന്ത് വിളിക്കും നീയെന്നെ…?”

താടിരോമങ്ങൾ അവളുടെ കവിൾത്തടങ്ങളിൽ ഉരസിക്കൊണ്ടവൻ ചോദിച്ചു…

“എ… എന്താ വിളിക്കണ്ടെ..?” അവൾ മറുചോദ്യം ഉന്നയിക്കെ നേർത്ത ഒരു പുഞ്ചിരി വിടർന്നിരുന്നു അവൻ്റെ ചൊടികളിലും..

“റയാൻ എന്ന് വിളിച്ചോ…”

താൻ പറഞ്ഞത് അവൾക്ക് സ്വീകാര്യമല്ലെന്ന് ധാനിയുടെ മുഖഭാവത്തിൽ നിന്നും റയാൻഷ് മനസ്സിലാക്കി

“ങും… എന്തേ… ഏട്ടാ എന്ന് വിളിക്കണമെന്നുണ്ടോ..?” അവൻ നേരിയ മന്ദഹാസത്തോടെ ചോദിച്ചു..

“റയാൻ എന്ന് തന്നെ വിളിക്കാം…” അത് കേട്ടതും അവൾ പറഞ്ഞു…

“അതെന്താടീ എൻ്റെ മുഖത്ത് നോക്കി നിനക്ക് ഏട്ടാന്ന് വിളിക്കാൻ പറ്റില്ലേ..?”

മീശ പിരിച്ചു കൊണ്ടവൻ കൃത്രിമ ഗൗവത്തിൽ ചോദിച്ചു…

“ഏ… ഏട്ടാ…”

ധാനി വിളിച്ചതും അവൻ അത്ഭുതത്തോടെ നോക്കി…

“എന്ത് പറ്റി…?” അവൻ്റെ നോട്ടം കണ്ടതും അവൾ ചോദിച്ചു…

“ഏയ് ഒന്നുമില്ല… ആദ്യമായിട്ട് സാറ് വിളി മാറ്റിപ്പിടിച്ചതു കേട്ട് വണ്ടറടിച്ചു പോയതാ…” അവൻ ചിരിയോടെ പറഞ്ഞു…

മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്ന റയാൻഷിനോടുള്ള മുഴുവൻ പ്രണയവും അവനിലേക്ക് പകരുവാൻ ധാനിയുടെ മനം വെമ്പി… അവൻ്റെ മുടിയിഴകളിൽ ഇറുകെ പിടിച്ചു കൊണ്ടവൾ തൻ്റെ അധരങ്ങളെ അവൻ്റെ അധരങ്ങളോട് ചേർത്ത് ദീർഘമായി ചുംബിച്ചു… ധാനിയുടെ പ്രവർത്തിയിൽ റയാൻഷ് മിഴിച്ചു നോക്കി….

“എൻ്റെ തൊട്ടാവാടീ… നീയും…??” അവൻ കള്ളച്ചിരിയോടെ ചോദിച്ചതും അവളുടെ അധരങ്ങൾ അവൻ്റെ കവിളിലും മുദ്രണം ചെയ്തിരുന്നു….

റയാൻഷ് ഇരു കൈകൾ കൊണ്ടും അവളെ ഇറുകെ പിടിച്ച് തൻ്റെ നെഞ്ചോരം ചേർത്തു…

ആദ്യം വാത്സല്യത്തോടെ അവളുടെ മൂർദ്ധാവിലും പിന്നീട് പ്രണയത്തോടെ അവളുടെ കവിൾത്തടങ്ങളിലും സ്ഥാനമുറപ്പിച്ച അവൻ്റെ അധരങ്ങൾ പതിയെ അവളുടെ കഴുത്തിലേക്ക് ചലിച്ചു..ആ പിൻ കഴുത്തിൽ മൃദുവായി കടിച്ചു കൊണ്ട് അവളിലെ ഓരോ അണുവിനെയും ചുംബിച്ചുണർത്തുമ്പോൾ അവനെ ഇറുകെ പിടിച്ചിരുന്നു അവൾ….!!

❤❤❤❤❤❤❤❤❤❤

“ആദീ…. നമ്മുക്ക് ഈ വീട് വിട്ട് മാറി താമസിക്കാം…”

രാവിലെ തന്നെ ഇഷാനി വന്ന് പറഞ്ഞതും ആദർശ് ഞെട്ടലോടെ നോക്കി…

“എന്താ ഇഷാനീ… നീ ഈ പറയുന്നത്…?”

“നമ്മുക്ക് ഒരു ഫ്ലാറ്റ് എടുത്ത് ഇവിടുന്ന് മാറാമെന്ന്…

എനിക്ക് മനസ്സിലാവും ധാനിയെ ഫേസ് ചെയ്യാനുള്ള തൻ്റെ ബുദ്ധിമുട്ട്… പിന്നെ എനിക്കും പറ്റുന്നില്ല…

മനസ്സിന് തീരെ സ്വസ്ഥതയില്ല… എത്ര ദിവസമായി ഒന്നു സമാധാനത്തോടെ ഇരുന്നിട്ട്… വയ്യ ആദീ എനിക്ക് ഇവിടിങ്ങനെ..ഒരു സന്തോഷവും ഇല്ല..”

ഇഷാനി ദുഖം നിറഞ്ഞ സ്വരത്തിൽ പറഞ്ഞതും ആദർശിന് മറുപടി ഉണ്ടായിരുന്നില്ല…

“ശരിക്കും എന്താ നിൻ്റെ പ്രശ്നം..?”

“അത് ആദിക്ക് ഇനിയും മനസ്സിലായില്ലേ..?

എനിക്ക് റയാനും ധാനിയും ഉള്ളിടത്ത് താമസിക്കാൻ വയ്യ… പിന്നെ തനിക്കും അവർ ഇരുവരേയും ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവില്ലേ…?

അവർ അന്നാലും ഇത്രയും തരം താഴ്ന്ന് പോയില്ലേ.. ഛെ!…”

“ഇഷാനീ please stop this…!!”

ആദർശ് സങ്കടത്തോടെ അതും പറഞ്ഞ് ബാൽക്കണിയിലേക്ക് നടന്നു… ആ കൈവരികളിൽ മുറുകെ പിടിച്ചവൻ അസ്വസ്ഥമായ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചു…

“ആദീ….!!”

ഇഷാനി വിളിച്ചതും ആദർശ് സങ്കടത്തോടെ തിരിഞ്ഞു… ഈറൻ മിഴികളോടെ നിൽക്കുന്ന അവളെ കണ്ടതും അവൻ എന്താണെന്ന മട്ടിൽ നോക്കി..

“ഇവിടുന്ന് മാറണ്ട ആദീ… മാറണ്ട…”

ഇഷാനി വിങ്ങിപ്പൊട്ടിക്കൊണ്ട് അവനെ കെട്ടിപ്പിടിച്ചു…

“ഇവിടുന്ന് മാറിയാൽ ഞാൻ ആദി മോനെ എങ്ങനെ കാണും..? ഈശ്വരൻ നമ്മുക്കൊരു കുഞ്ഞിനേയോ തന്നില്ല… ആ കുറവ് ആദി മോനെ കാണുമ്പോഴാ ഞാൻ മറക്കുന്നെ… എനിക്ക് ആദി മോനെ കാണാതെ ഇരിക്കാൻ പറ്റില്ല ആദീ… അവൻ എൻ്റെ ജീവനാ…”

ഇഷാനി ഇടർച്ചയോടെ പറഞ്ഞു…

“നീ വിഷമിക്കണ്ട ഇഷാനീ… അവൻ നമ്മുടെ മകനാണ്…!!” അവളുടെ മുടിയിഴകളിൽ തഴുക്കിക്കൊണ്ടവൻ ശാന്തമായി പറഞ്ഞതും ഇഷാനി മുഖമുയർത്തി നോക്കി…

“അതെ… ആദി എൻ്റെ മകനാണ്… എൻ്റെ സ്വന്തം മകൻ…!!”

“ആ… ദീ…” ഇഷാനി അവിശ്വസനീയതയോടെ വിളിച്ചു…

“അതെ… അവൻ എൻ്റെ മോനാ… റയാൻ്റെ അല്ല… എൻ്റെ ചോരയാ അവൻ…ധാനിയിൽ എനിക്കുണ്ടായ എൻ്റെ സ്വന്തം മകൻ…!!”

ആദർശ് ഉറക്കെ പറഞ്ഞു…

ഇഷാനി സ്തംഭിച്ച് അവനെ നോക്കി…

“ആരും… ആരും എന്നെ ചതിച്ചിട്ടില്ല… റയാനോ ധാനിയോ ആരും… ഞാനാ… ഞാനാ…

ധാനിയെ ചതിച്ചത്…!! സ്വന്തം കുഞ്ഞാണെന്ന് അറിയാമായിരുന്നിട്ടും ഞാനാ പറഞ്ഞത് അത് എൻ്റെ കുഞ്ഞല്ലെന്ന്… അവളെ ഒഴിവാക്കാൻ വേണ്ടി…!! അതെ ഇഷാനി… ധാനി ഇവിടുത്തെ വേലക്കാരി ആയിരുന്നു… ആരുമില്ലാത്ത ഒരു അനാഥ… ഞാൻ വിവാഹം കഴിക്കാൻ ഇരുന്ന പെൺകുട്ടി ആരുടേയോ ഒപ്പം ഒളിച്ചോടിയതിനാൽ എന്നെക്കൊണ്ട് അമ്മ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണ് ധാനിയെ…. അവൾ ഒരിക്കലും എൻ്റെ സങ്കൽപ്പത്തിൽ ഉള്ള ഒരു പെണ്ണായിരുന്നില്ല…

എനിക്കവളെ ഭാര്യയായി ഉൾക്കൊള്ളാനും സാധിച്ചില്ല…

വിവാഹം കഴിഞ്ഞതിനു ശേഷം എങ്ങനെയെങ്കിലും ധാനിയെ ഒഴിവാക്കാം എന്ന അമ്മ പറഞ്ഞ ഉടമ്പടിയോടെ മാത്രമാണ് ഞാനവളെ സ്വീകരിച്ചത്….എന്നാൽ മദ്യപിച്ച് ബോധം നഷ്ടപ്പെട്ട ഒരു രാത്രിയിൽ ഞാൻ പോലും അറിയാതെ അവളുടെ ശരീരത്തെ ഞാൻ സ്വന്തമാക്കി… ധാനി പ്രെഗ്നന്റ് ആയപ്പോൾ ഇനീം അവളെ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിലോ എന്ന ഭയത്താൽ ഞാൻ തന്നെയാ എല്ലാവരുടെയും മുൻപിൽ വിളിച്ച് പറഞ്ഞത് അതെൻ്റെ കുഞ്ഞല്ലെന്ന്… അന്ന് സർവ്വരുടെയും മുൻപിൽ അപമാനിതയായി നിൽക്കുന്ന ധാനിയെ കണ്ട് ഉള്ളിൽ കുറ്റബോധം അലയടിച്ചെങ്കിലും അവളെ ഒഴിവാക്കണമെന്ന അത്യാഗ്രഹത്തിന് മുൻപിൽ ഞാൻ മനപൂർവ്വം കണ്ണടച്ചു…

അന്ന് റയാനാണ് അത് അവൻ്റെ കുഞ്ഞാണെന്ന് പറഞ്ഞ് ധാനിയെ സ്വീകരിച്ചത്… ഇതാണ് ഇഷാനീ സത്യം… ആദി എൻ്റെ മകനാണ്…!!”

“മിണ്ടരുത്… താൻ…!!”

പറഞ്ഞവസാനിപ്പിച്ചതും ഇഷാനിയുടെ കരങ്ങൾ ആദർശിൻ്റെ കരണത്ത് പതിഞ്ഞു…

“തൻ്റെ മകനാണെന്ന് പോലും… നാണമില്ലേ തനിക്കിത് പറയാൻ….?!”

വിതുമ്പലോടെ അത് പറഞ്ഞപ്പോഴേക്കും ഇഷാനി നിലത്തേക്കൂർന്ന് പോയി…

അവൾ മുഖം പൊത്തി അലമുറയിട്ട് കരഞ്ഞു….

അല്പ സമയത്തേക്ക് ഒന്നും ഉരിയാടൻ അവൾക്കായില്ല.. കേട്ടതൊന്നും വിശ്വസിക്കാനാവാത്ത പോലെ… ഈ നിമിഷം താൻ പ്രാണൻ വെടിഞ്ഞ് പോയിരുന്നെങ്കിൽ എന്നവൾ ആശിച്ച് പോയി….

അവൾ അസ്വസ്ഥതയോടെ ഒരു ഭ്രാന്തിയെപ്പോലെ മുടിയിഴകളിൽ ഇറുകെ വലിച്ചു… മനസ്സ് തകർന്നടിഞ്ഞ് നിയന്ത്രണം നഷ്ടമായത് പോലെ…

“ഇ… ഇഷാനീ….” ശില പോലെയുള്ള അവളുടെ ഇരുപ്പ് കണ്ടതും ആദർശ് ഭയത്തോടെ അവളുടെ ചുമലിലേക്ക് കൈകൾ വെച്ചു കൊണ്ട് വിളിച്ചു…

ഇമ ചിമ്മും നേരത്തിനുള്ളിൽ ഇഷാനി ശക്തമായി അവൻ്റെ കരങ്ങളെ തട്ടി മാറ്റി… കനലെരിയുന്ന മിഴികളോടെ അവൾ അവനെ നോക്കിയതും ആ നോട്ടത്തിൽ താൻ വെന്തുരുകുന്നത് പോലെ ആദർശിന് തോന്നി…

അവൾ പല്ല് ഞെരിച്ചു കൊണ്ട് എഴുന്നേറ്റു… ധൃതിയിൽ മുറിയിലേക്ക് നടന്നവൾ ബാഗെടുത്ത് വസ്ത്രങ്ങൾ പായ്ക്ക് ചെയ്തു…

“ഇഷാനീ… ഇഷാനീ… നീ… നീ എവിടെ പോവാ…?” ആദർശ് വെപ്രാളത്തിൽ ചോദിച്ചു…

ഇഷാനി ഒന്നിനും മറുപടി നൽകാതെ പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ആദർശ് അവളുടെ കൈകളിൽ പിടിച്ച് അകത്തേക്ക് വലിച്ചു…

“ഇഷാനീ… ഞാൻ… ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്…”

“ഹും… ഇതിൽ കൂടുതൽ എന്ത് കേൾക്കാൻ…?? ഇപ്പോൾ… ഇപ്പോൾ ഈ നിമിഷം മുതൽ ഞാനും താനും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല… നമ്മൾ തീർത്തും അപരിചിതർ മാത്രം…!!

മനസ്സിലായോ തനിക്ക്…??” ഇഷാനി ക്രോധത്തോടെ പറഞ്ഞതും അവളുടെ മേലുള്ള ആദർശിൻ്റെ കരങ്ങൾ അയഞ്ഞു… അവൻ്റെ മിഴികൾ ഈറനണിഞ്ഞു..

“എടോ… തനിക്ക്…. തനിക്ക് എങ്ങനെയാ കഴിഞ്ഞത്…?? എൻ്റീശ്വരാ ആ പാവം റയാനേയും ധാനിയേയും ഞാൻ എന്തൊക്കെയാ പറഞ്ഞത്…”

അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു…

“ഇഷാനീ… നീ പോകരുത്… ഞാൻ… എല്ലാത്തിനും നിന്നോട് ക്ഷമ ചോദിക്കുവാ…”

“ഹും… ക്ഷമ..!! താനെന്തിനാ ആദർശ് എന്നോട് ക്ഷമ ചോദിക്കുന്നത്..? താൻ എൻ്റടുത്ത് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ… താൻ തൻ്റെ മനസാക്ഷിയോടൊന്ന് ചോദിക്ക് Mr. ആദർശ് രവീന്ദ്രൻ….!!

ശരിക്കും ആരോടാ താൻ മാപ്പിരക്കേണ്ടതെന്ന്… എന്നോടോ അതോ ധാനിയോടോ..?”

അവൾ തന്നെ സംബോധന ചെയ്തത് കേട്ടതും ആദർശിൻ്റെ ഹൃദയം തകർന്നു.. അവൻ വേദനയോടെ അവളെ നോക്കി…

“ഞാൻ ധാനിയോട് ക്ഷമ ചോദിക്കാം ഇഷാനീ…”

അവൻ ഇടർച്ചയോടെ പറഞ്ഞു…

“ഞാൻ പറഞ്ഞതു കൊണ്ട് താൻ ബുദ്ധിമുട്ടി ക്ഷമ ചോദിക്കണമെന്നില്ല… മനസ്സു കൊണ്ടെങ്കിലും…

ഒരൊറ്റ തവണ മനസ്സിലെങ്കിലും താൻ ധാനിയോട് ക്ഷമ ചോദിച്ചിട്ടുണ്ടോ…?? ”

ഉറച്ച സ്വരത്തിൽ അവൾ ചോദിച്ചതും അവന് മറുപടി ഉണ്ടായിരുന്നില്ല…

“പിന്നെ തൻ്റെ അമ്മ ഉണ്ടല്ലോ… ആ സ്ത്രീയെ ഞാൻ ഇനീം അമ്മയെന്ന് വിളിക്കില്ല… ഒരു പാവം പെണ്ണിൻ്റെ ജീവിതത്തെ പറ്റി ചിന്തിക്കാതെ സ്വന്തം മകനെക്കൊണ്ട് തത്കാലത്തേക്ക് മാത്രം അവളെ വിവാഹം കഴിപ്പിച്ച അവർ അമ്മയെന്ന വാക്കിന് അർഹയല്ല…”

ആദർശ് ഒന്നും പറയാനാവാതെ തല താഴ്ത്തി നിന്നു….

“താൻ ചെയ്തത് എത്ര വല്ല്യ തെറ്റാണെന്ന് തനിക്കറിയുമോ…? നമ്മുക്ക്… നമ്മുക്ക് ഇതുവരെ ഒരു കുഞ്ഞുണ്ടാകാത്തത് പോലും ഒരു പക്ഷേ താൻ തൻ്റെ മകനെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രമാകാം..”

ഇഷാനി ഇടറുന്ന സ്വരത്തിൽ പറഞ്ഞു..

“ഇ… ഇഷാനീ ഞാൻ… ഞാൻ നിൻ്റെ കൂടെ ഏത് ഹോസ്പിറ്റലിൽ വേണമെങ്കിലും വരാം…”

“ഇനിയെന്തിനാടോ താൻ ഹോസ്പിറ്റലിൽ വരുന്നത്…? തനിക്കൊരു കുഴപ്പവും ഇല്ലല്ലോ…

അതിനുള്ള ഏറ്റവും വല്ല്യ തെളിവല്ലേ ആദി മോൻ…!! പിന്നെ എന്തിനാടോ താൻ വരുന്നത്…?”

അവൻ്റെ കോളറിൽ പിടിച്ചുലച്ച് കൊണ്ടവൾ നിയന്ത്രണം നഷ്ടപ്പെട്ടവളെ പോലെ അലറി…

“ധാനിയിൽ കാണാത്ത എന്ത് മഹത്വമാ താൻ എന്നിൽ കണ്ടത്..അവളെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കാനും മാത്രം…? അവളിലില്ലാത്ത എന്താ എൻ്റടുത്ത് ഉള്ളത്…? ങേ..?? താൻ ഇത്രയ്ക്കും തരം താഴ്ന്ന് പോയല്ലോടോ… തൻ്റെ കുഞ്ഞല്ലെന്ന് താൻ പറഞ്ഞ നിമിഷം ധാനിയുടെ മനസ്സ് എത്രമാത്രം വേദനിച്ചെന്ന് തനിക്ക് ഊഹിക്കാൻ എങ്കിലും പറ്റുമോ…?? റയാനേയും ധാനിയേയും തൻ്റെ അളിയൻ അപമാനിച്ച നേരത്ത് പോലും സത്യം പറയാൻ തനിക്ക് തോന്നിയില്ലല്ലോ… തൻ്റെ കൺമുമ്പിൽ തന്നെ ഉണ്ടായിരുന്ന സ്വന്തം കുഞ്ഞിനെ ആദ്യമൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കാൻ തനിക്കെങ്ങനെയാ ആയത്..? തൻ്റെ തൊലിക്കട്ടി അപാരം തന്നെ…

തന്നെ ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല… തന്നോട് സംസാരിക്കാൻ എനിക്ക് അറപ്പാകുവാ…”

അവൾ കരച്ചിലടക്കാൻ പാട് പെട്ട് പറഞ്ഞു..

“പിന്നെ റയാനില്ലേ… റയാനോട് നേരത്തെ തോന്നിയതിൻ്റെ ആയിരം ഇരട്ടി സ്നേഹവും ബഹുമാനവും എനിക്കിപ്പോൾ തോന്നുന്നു…”

“ഇഷാനീ… ഞാൻ…”

“കൂടുതൽ ഒന്നും പറയണമെന്നില്ല… ഇനീം താനുമായി തുടർന്ന് പോവാൻ എനിക്കാവില്ല..ധാനിയൊന്ന് മനസ്സറിഞ്ഞ് ശപിച്ചിരുന്നെങ്കിൽ താൻ ഇതു പറയാൻ ഉണ്ടാകുമായിരുന്നില്ല…

അവളുടെ ജീവിതം തകർത്തിട്ട് താൻ ഞാനുമായി സന്തോഷത്തിൽ ജീവിക്കാമെന്ന് കരുതി അല്ലേ…?? നടക്കില്ല…

ഡിവോഴ്സിനുള്ളത് എന്താന്ന് വെച്ചാൽ വേഗം ചെയ്യ്…”

ഇഷാനി അതും പറഞ്ഞ് ബാഗുമായി പുറത്തേക്കിറങ്ങി…

ആദർശ് ആ കാഴ്ച നിസ്സഹായതയോടെ നോക്കി നിന്നു… ഇഷാനി വിട്ടകലുന്നത് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

ഇടതലവില്ലാതെ നിറഞ്ഞൊഴുകുന്ന മിഴികളെ അവൾ ശാസിച്ചു… കവിളിണകളെ ചുംബിച്ചിറങ്ങിയ മിഴിനീർ തുടച്ചവൾ ധൃതിയിൽ നടന്നു…

“ഏട്ടത്തീ….!!”

വീടിൻ്റെ പടി കടന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ആർദ്രമായൊരു വിളി കേട്ടവൾ പിൻതിരിഞ്ഞു…..

മുൻപിൽ നിൽക്കുന്ന റയാൻഷിനേയും ധാനിയേയും കണ്ടതും ഇഷാനിയുടെ ശിരസ്സ് താഴ്ന്നു… അവൾ വിതുമ്പി….

“മാപ്പ്…. മാപ്പ്…” അവൾ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു…

“എന്നോട് ക്ഷമിക്ക് റയാൻ…. എന്നോട് ക്ഷമിക്ക്… പറഞ്ഞ് പോയതിനെല്ലാം മാപ്പ്…”

അവൾ സങ്കടത്തോടെ പറഞ്ഞു…

“ധാനീ… ഞാൻ… ഞാൻ ഒന്നും അറിയാതെ…

എന്തൊക്കെയോ പറഞ്ഞ് പോയി… അറിഞ്ഞിരുന്നില്ല ആദർശ് നിന്നോട് ചെയ്ത ചതി…

എന്നോട് ക്ഷമിക്കില്ലേ രണ്ട് പേരും….”

ഇഷാനി യാചനയോടെ ചോദിച്ചു…

“എന്താ ഇത് ഏട്ടത്തീ… ഏട്ടത്തിയുടെ സ്ഥാനത്ത് ആരായാലും ഇതൊക്കെ അല്ലേ പറയൂ…

അതൊന്നും സാരമില്ല.. ഏട്ടത്തിയോട് ഞങ്ങൾക്ക് ഒരു ദേഷ്യവും ഇല്ല…” റയാൻഷ് പറഞ്ഞു…

ഇഷാനി വേദനയോടെ ഇരുവരെയും നോക്കി…

“ഏട്ടത്തി ഇവിടുന്ന് പോവാണോ..? ങേ..?

ആദി മോനെ കാണാതെ ഏട്ടത്തിക്ക് ഇരിക്കാൻ പറ്റുമോ..?”

റയാൻഷ് ചോദിച്ചതും ഇഷാനി വിങ്ങിപ്പൊട്ടി…

മനസ്സിനെ മുഴുവൻ ദുഖം കീഴ്പ്പെടുത്തിയത് പോലെ…

അവൾക്ക് തൻ്റെ ശരീരം തളരുന്ന പോലെ തോന്നി…. കാലുകൾ നിലത്തുറയ്ക്കാത്ത പോലെ….

“ഏട്ടത്തീ….” റയാൻഷ് വിളിച്ചതും ഇഷാനി ബോധം മറഞ്ഞ് വീ*ഴാൻ പോയി…

റയാൻഷും ധാനിയും ഇഷാനിയെ താങ്ങി…

അവളെ സോഫയിലേക്ക് കിടത്തി…

“ചേട്ടാ… ചേട്ടാ…” റയാൻഷ് വെപ്രാളത്തോടെ വിളിച്ചതും ആദർശ് മുറിയിൽ നിന്നും ഓടി വന്നു..

“ചേട്ടാ… ഏട്ടത്തി….!!”

റയാൻഷ് പറഞ്ഞതും ആദർശ് വെപ്രാളത്തോടെ ഇഷാനിക്കരികിൽ വന്നിരുന്നു….അപ്പോഴേക്കും ബഹളം കേട്ട് രവീന്ദ്രനും നിവികയും ഓടി വന്നു…

“ഇഷാനീ… ഇഷാനീ… ഇഷാനീ കണ്ണ് തുറക്ക്… ഇഷാനീ….”

ആദർശ് പരിഭ്രമത്തോടെ വിളിച്ചു… ഇതു വരെ ഉണ്ടാവാത്ത തരം ഒരു വെപ്രാളം ആയിരുന്നു അവനിൽ…

“ഇഷാനി… എൻ്റെ ഇഷാനിക്കെന്താ പറ്റിയെ..?”

അവൻ ആരോടെന്നില്ലാതെ അലറി…

“ചേട്ടാ… ടെൻഷനടിക്കാതെ… വേഗം ഹോസ്പിറ്റലിൽ പോവാം…. ഏട്ടത്തിയെ എടുക്ക്…”

എന്നാൽ ആദർശിന് വെപ്രാളം കൊണ്ട് കൈകാലുകൾ വിറയ്ക്കുകയായിരുന്നു…

അത് കണ്ടതും റയാൻഷ് ഇഷാനിയെയും എടുത്ത് കാറിനരികിലേക്ക് നടന്നു… പിന്നാലെ ആയി വെപ്രാളത്തോടെ ആദർശും…

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും)

രചന : ഭാഗ്യലക്ഷ്മി