സുകന്യ പ്രസവിച്ചു, പെൺകുട്ടിയാണ് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു, സിസ്റ്റർ വന്നു പറഞ്ഞത് കേട്ടു എല്ലാർക്കും വലിയ സന്തോഷം….

രചന : Manu Reghu

ഹൃദയത്തിന്റെ താളം

❤❤❤❤❤❤❤❤❤

“സുകന്യ പ്രസവിച്ചു. പെൺകുട്ടിയാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ”

ലേബർ റൂമിൽ നിന്നും സിസ്റ്റർ വന്നു പറഞ്ഞത് കേട്ടു എല്ലാർക്കും വലിയ സന്തോഷം. അതിന്റെ 100 മടങ്ങു സന്തോഷം എനിക്കുണ്ടായിരുന്നു. ബർത്ത് സർട്ടിഫിക്കറ്റിന്റെ ആവിശ്യത്തിന് കുഞ്ഞിന്റെ പേര് പറഞ്ഞു കൊടുക്കാൻ പറഞ്ഞു. രണ്ടാമത് ഒന്നാലോചിക്കാൻ എനിക്കുണ്ടായിരുന്നില്ല.

ഞാൻ പറഞ്ഞു “അനാമിക… അനാമിക ചന്ദ്രശേഖർ ” . എല്ലാരും അത്ഭുദത്തോടെ എന്നെ നോക്കി.

ചുണ്ടിൽ ഒരു പുഞ്ചിരിയും കണ്ണിൽ അല്പം കണ്ണുനീരുമായി ഞാൻ പുറത്തേക്കു നടന്നു.

ചന്ദ്ര ശേഖർ ഞാനാണ്.

എന്റെ ഭാര്യയാണ് സുകന്യ

നല്ല ഒരു കുടുംബ ജീവിതം എനിക്കു വിധിച്ചിട്ടില്ല എന്നു കരുതിയതാ. ഇഷ്ടപെട്ടത് എല്ലാം നഷ്ടപ്പെട്ടു പോകുന്ന ഒരു വിധിയാണ് എന്റേത്.

സുകന്യക്കു ഒരിക്കലും അമ്മയാകുവാൻ കഴിയില്ല എന്നു പല ഡോക്ട്ടേർസും വിധി എഴുതിയതാ.

മുൻപ് പലതവണ പരാജയപെട്ടതാണ്. കാരണം അവളുടെ ആരോഗ്യ നില തന്നെ ആയിരുന്നു. മരണം പോലും സംഭവിക്കാൻ സാധ്യത ഉണ്ടെന്നു ഡോക്ടർ പറഞ്ഞിട്ടും പിന്മാറാൻ അവൾ ഒരുക്കമായിരുന്നില്ല. അവൾ ധൈര്യത്തോടെ ആ ചുമതല ഏറ്റെടുത്തു. ഒരു പക്ഷെ എന്നോടുള്ള കടം വീട്ടലാകാം.

ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ അമ്മാവന്റെ മകൾ ദീപ അടുത്തേക്ക് വന്നു. ഞങ്ങൾ പണ്ടേ വലിയ കൂട്ടായിരുന്നു. അവൾ ചോദിച്ചു.

“നീ അനുവുവിനെ ഇതുവരെ മറന്നില്ല അല്ലേടാ”

“ഇല്ലെടി. എനിക്കവളെ മറക്കാൻ കഴിയുമോടി.

“എന്നാലും വർഷം മൂന്നുനാലു കഴിഞ്ഞില്ലേ.”

“മറക്കുന്തോറും അവൾ എന്നെ കൂടുതൽ വേദനിപ്പിക്കുന്നു. നീ അവിടെക്കു ചെല്ല്. അവിടെ അമ്മായി മാത്രമേയുള്ളു. ഞാൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ. ”

അനാമിക എന്റെ ജീവൻ ആയിരുന്നു. നാലു വർഷങ്ങൾക്കു മുൻപ് ദീപയുടെ കൂടെയാണ്‌ ഞാൻ അവളെ ആദ്യമായി കാണുന്നത്. ദീപയുടെ കൂട്ടുകാരിയുടെ ബന്ധു. എന്തോ ഒരു ആകർഷണം അവൾക്കുണ്ടായിരുന്നു. ഉയരം കുറവായിരുന്നു. കൂർപ്പിച്ചു വരച്ച കണ്ണുകൾ. നിരയൊത്ത പല്ലുകൾ.

ചുവന്ന ചുണ്ടുകൾ. ആരെയും കൊല്ലാൻ പോന്ന നോട്ടം…

ഞാൻ ദീപയോട് അവളെ കുറിച്ച് ചോദിച്ചു. അവളെ വല്ലാതെ ഇഷ്ടമായി എന്നു പറഞ്ഞു. അവൾ അതൊരു കല്യാണ ആലോചന ആക്കി മാറ്റി.

പെണ്ണുകാണാൻ പോയപ്പോൾ ഒറ്റ മോളാണെന്നും അവൾ വീട്ടുകാരുടെ ചെല്ലക്കുഞ്ഞാണെന്നു മനസ്സിലായി. രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാവുന്നത് കൊണ്ടു കാര്യങ്ങൾ ഒക്കെ സിമ്പിൾ ആയിരുന്നു. രണ്ടുപേർക്കും ഇഷ്ടമായിരുന്നു. എന്തായാലും നിശ്ചയം നടത്തി.

പിന്നെ അങ്ങോട്ട്‌ 6 മാസം ഞങ്ങൾ മനസ്സറിഞ്ഞു സ്നേഹിച്ചു. സ്വപ്‌നങ്ങൾ നെയ്തു കൂട്ടി. അനു ഒരു പാവം കുട്ടിയായിരുന്നു.. ഒരു പൊട്ടി പെണ്ണ്. എനിക്കൊന്നു ദേഷ്യപ്പെട്ട് സംസാരിക്കാൻ പോലും തോന്നില്ല. അത്രയ്ക്ക് പാവം. എന്റെ ഭാവം ഒന്ന് മാറിയാൽ അവളുടെ കണ്ണുകൾ നിറയുമായിരുന്നു

ഒരു പനിനീർ പൂവിന്റെ മൃദുലത ഉണ്ടായിരുന്നു അവൾക്കു. ഞാൻ അവളെ വല്ലാതെ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.

ആറു മാസത്തെ കാത്തിരിപ്പ് കഴിഞ്ഞു. ഞങ്ങളുടെ കല്യാണം വളരെ ആർഭാടമായി നടന്നു. പിന്നെ അങ്ങോട്ട്‌ വിരുന്നും മധുവിധു യാത്രകളും ഒക്കെയായി ജീവിതം ആഘോഷിച്ചു. എന്നും എപ്പോഴും സന്തോഷം മാത്രം.

എല്ലാ തിരക്കും കഴിഞ്ഞു കാര്യങ്ങൾ ഓക്കേ പഴയത് പോലെ ആയി. ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ അനുവിന്റെ കാൾ വന്നു. ഡോക്ടറെ കാണാൻ പോണം, ഹാഫ് ഡേയ് ലീവ് എടുത്തു വരുമോ എന്നവൾ ചോദിച്ചു. കാര്യം ചോദിച്ചിട്ട് അവൾ ഒന്നും തെളിച്ചു പറഞ്ഞില്ല. എന്തായാലും ഉച്ചക്ക് ലീവ് എടുത്തു വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയപ്പോൾ അവളുടെ മുഖത്തെ സന്തോഷവും നാണവും ഒക്കെ കണ്ടപ്പോൾ എനിക്കു കാര്യത്തിന്റെ ഒരു ഏകദേശ രൂപം മനസ്സിലായി.

ഞാൻ അവളെ കെട്ടിപിടിച്ചു. അങ്ങനെ ഞങ്ങൾ ഡോക്ടറെ പോയിക്കണ്ടു. ടെസ്റ്റ്‌ ചെയ്തു. റിസൾട്ട്‌ പോസിറ്റീവ്. ഞങ്ങൾക്ക് ഒരു കുഞ്ഞാവ വരാൻ പോകുന്നു. ഞങ്ങളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.

തിരികെ വരുമ്പോൾ ഞങ്ങൾ ഒരു ഐസ്ക്രീം പാർലറിൽ കയറി. അവളുടെ ആഗ്രഹം പോലെ ഒരെണ്ണം വാങ്ങി ഞങ്ങൾ രണ്ടുപേരും പങ്കിട്ടു.

ഞാൻ അവൾക്കു അത് കോരികൊടുക്കണം.

അതായിരുന്നു അടുത്ത മോഹം. എല്ലാം സാധിച്ചു കൊടുത്തു. കാരണം എന്റെ ജീവന്റെ ഒരംശം അവളിൽ വളരുകയല്ലേ. എന്തു ചെയ്തുകൊടുത്താലും മതിവരില്ല എന്നു തോന്നി. കഴിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണിൽ ആനന്ദത്തിന്റെ രണ്ടുതുള്ളി കണ്ണുനീർ ഉണ്ടായിരുന്നു.

ഞാൻ അത് ചുണ്ടുകളാൽ ഒപ്പിയെടുത്തു. അവൾ എന്റെ മാറിലേക്ക് ചാഞ്ഞു. പിന്നെ കുറച്ച് നേരം ഞങ്ങൾ കടൽത്തീരത്തു ഇരുന്നു. എന്റെ മടിയിൽ കിടന്നു അവൾ ഞങ്ങളുടെ കുഞ്ഞാവയെപ്പറ്റി ഒത്തിരി സംസാരിച്ചു. ഞാനും എന്തൊക്കെയോ സ്വപ്നം കാണാൻ തുടങ്ങി.

അൽപനേരം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു. സന്തോഷം പങ്കു വെക്കാനുള്ള മധുരവുമായാണ് ഞങ്ങൾ പോയത്. അധികം ദൂരം പോകുന്നതിനു മുൻപ് സൈഡിൽ നിന്നും ഒരു സ്കൂട്ടർ വന്നു എന്റെ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഞങ്ങൾ റോഡിൽ വീണു.

ആ ഒരു ഷോക്കിൽ നിന്നും എണീറ്റു ഞാൻ ആദ്യം നോക്കിയത് അനുവിനെയായിരുന്നു. അവളുടെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. എന്തു ചെയ്യണം എന്നറിയാതെ ഞാൻ നിലവിളിച്ചു.

അവളെയും കോരിയെടുത്തു ആംബുലൻസ് ആശുപത്രിയിലേക്ക് പാഞ്ഞു. പിന്നെ അധികനേരം എനിക്കവളെ കാണാൻ കഴിഞ്ഞില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്.

ആ ഓപ്പറേഷൻ തീയറ്ററിന്റെ വാതിലിൽ ഞാൻ കാത്തു നിന്നു. അധികം താമസിയാതെ ഡോക്ടർ വന്നു.

“വരുന്ന വഴിയിൽ വെച്ചു തന്നെ അനാമിക….. എല്ലാം ദൈവത്തിന്റെ തീരുമാനം. സോറി., ”

അദ്ദേഹം പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല.

ഞാൻ എന്തൊക്കെയോ പറഞ്ഞു ബഹളം വെച്ചു.

ഒടുവിൽ ദീപയും വീട്ടുകാരുമൊക്ക എത്തി. സമനില തെറ്റിയവനെ പോലെ ഞാൻ എന്തൊക്കെയോ പുലമ്പി. അവൾ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. നിർജീവമായി ഞാൻ ഇരുന്നു. ഒന്നും കാണാതെ… കേൾക്കാതെ….

എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല.

ഡോക്ടർ എന്നെ കാണണം എന്നു പറഞ്ഞു വിളിപ്പിച്ചു. ഞാനും ദീപയും ഡോക്ടറെ കാണാൻ പോയി.

ആരൊക്കെയോ വേറെ കുറെ ഡോക്ടർമാർ ഉണ്ടായിരുന്നു. അദ്ദേഹം വളരെ ശാന്തനായി സംസാരിച്ചു തുടങ്ങി. അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന ഏതോ ഒരു കുട്ടിയുടെ ഹൃദയം തകരാർ ആയിരുന്നു. അനുവിന്റെ ഹൃദയം പെർഫെക്ട് മാച്ച് ആണെന്നും പറഞ്ഞു. പറഞ്ഞു തീർക്കാൻ കഴിയും മുന്നേ ഞാൻ അയാളുടെ ഷിർട്ടിന് കുത്തിപ്പിടിച്ചു. വളരെ പണിപ്പെട്ടു ദീപ പിടിച്ചു മാറ്റി. അദ്ദേഹം തുടർന്നു.

ചന്ദ്ര… നിങ്ങളുടെ മാനസികാവസ്ഥ എനിക്കു മനസിലാകും. അനാമിക നമ്മളെ വിട്ടു പോയി.

എന്നാൽ അവൾ ബാക്കി വെച്ചിട്ട് പോയിരിക്കുന്ന അവളുടെ ഹൃദയത്തിന്റെ തുടിപ്പ് അവസാനിക്കും മുൻപ് അത് മറ്റൊരാൾക്കു കൊടുത്താൽ അനുവിന്റെ ഹൃദയം ഇനിയും ഒത്തിരി നാൾ ജീവിക്കും. ”

“നടക്കില്ല.. എന്റെ അനുവിനെ കീറിമുറിക്കാൻ ഞാൻ സമ്മതിക്കില്ല. ”

തറപ്പിച്ചു പറഞ്ഞിട്ട് ഞാൻ ഇറങ്ങി നടന്നു. ആരോ ഒരാൾ വന്നെന്റെ കാലിൽ വീണു. ആ കുട്ടിയുടെ അച്ഛൻ ആയിരുന്നു. ഞാൻ കൂട്ടാക്കിയില്ല.

അടുത്തത് അമ്മയായിരുന്നു. ഞാൻ അവരെയും തള്ളി മാറ്റി. എന്നാൽ

” മോനെ എന്റെ മകൾ ജീവിച്ചു തുടങ്ങിയില്ല. ഒന്ന് അവളെ രക്ഷിച്ചൂടെ ”

ഞാൻ നിവർന്നു പോലും നോക്കാതെപോയി.

ആ അമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു. ഇപ്പോൾ നിനക്ക് മാത്രം ചെയ്യാൻ കഴിയുന്ന സഹായം എന്നു ദീപയും കൂടി പറഞ്ഞപ്പോൾ ഞാൻ അവളെയും കൂട്ടി ആ കുട്ടിയെ കാണാൻ പോയി. 20 വയസ്സുണ്ട്. കണ്ടാൽ അനുവിനെ പോലെ തന്നെ. ആ മുഖം കണ്ടപ്പോൾ അനുവിനെ ഓർമവന്നു. അവളുടെ മുഖം ഞാൻ ആ കുട്ടിയിൽ കണ്ടു. ഒടുവിൽ ഞാൻ സമ്മതിച്ചു.

എന്റെ അനുവിന്റെ ഹൃദയം ആ കുട്ടിക്ക് കൊടുത്തു.

കാലം വീണ്ടും സഞ്ചരിച്ചു. അനു ഉണ്ടാക്കിയ ആ ശൂന്യത വളരെ വലുതായിരുന്നു. ഞാൻ പുറത്തേക്കു ഒന്നും പോകാതെയായി. സമനില തെറ്റി തുടങ്ങിയ ഞാൻ മദ്യത്തിൽ അഭയം കാണാൻ ശ്രമിച്ചു. മദ്യത്തിന്റ ലഹരിയിലും അനു എന്റെ മനസ്സിനെ വേട്ടയാടി. ആ ഓർമ്മകൾ എന്നെ ആ കുട്ടിയുടെ മുന്നിൽ എത്തിച്ചു. അവൾ പോകുന്ന വഴികളിൽ ഞാൻ കാത്തു നിന്നു. അവളറിയാതെ ഞാൻ അവളെ കണ്ടു. എന്റെ അനുവിന്റെ തുടിപ്പുമായി നടന്നവളെ.

ഒരു ദിവസം ഞാൻ അവളെ കാണാൻ നിന്നപ്പോൾ കുടിച്ചിരുന്നത് കൊണ്ടാകാം ചിലർ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ വഴക്കായി. ബഹളം കേട്ട് അവൾ അവിടക്കു വന്നു. എന്റെ പേര് അവൾ വിളിച്ചപ്പോൾ ഞാൻ ശരിക്കും അമ്പരന്നു .

അവൾ എന്നെ തിരിച്ചറിഞ്ഞിരുന്നു എന്നു ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്. അവളുടെ നാട്ടുകാർ ആയതുകൊണ്ട് പ്രശ്നം ഒക്കേ തീർന്നു.

“ക്ഷമിക്കണം. ഞാൻ വെറുതെ. കുട്ടിയെ കാണാൻ വന്നതാ.

” ചേട്ടാ.. ഇനിയും ചേട്ടൻ കള്ളുകുടിച്ചു ജീവിതം നശിപ്പിക്കരുത്. ”

“എന്റെ ജീവിതം അവസാനിച്ചതാ കുട്ടി.”

ഇല്ല. ഓരോ തവണയും ചേട്ടനുവേണ്ടി മാത്രം തുടിക്കുന്ന ഒരു ഹൃദയം ഉണ്ട്.. എന്റെ നെഞ്ചിനുള്ളിൽ… ചേട്ടന്റെ അനുവിന്റെ ഹൃദയം.

ചേട്ടൻ അന്ന് കാട്ടിയ വലിയ മനസ്സുകൊണ്ട് മാത്രമാണ് ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത്. അനു ഈ ഹൃദയം ബാക്കിയാക്കിവെച്ചത് ചേട്ടന് വേണ്ടിയാകും ഇനി ചേട്ടനെ ഇങ്ങനെ നശിക്കാൻ വിടുന്നത് ഞാൻ അനുവിനോട് ചെയ്യുന്ന ഏറ്റവും വലിയ പാപമായിരിക്കും. ”

അവൾ ആ പറഞ്ഞതിന്റെ അർത്ഥം എനിക്കു മനസ്സിലായില്ല.

അവളുടെ ഇഷ്ടം പറയാതെ പറഞ്ഞു എന്നതാകും ശരി. പക്ഷെ അനുവിന്റെ സ്ഥാനം മറ്റൊരാൾക്കു കൊടുക്കാൻ എനിക്കു കഴിയില്ലായിരുന്നു. ഞാൻ അങ്ങനെ ചിന്തിച്ചു പോലും നോക്കാൻ തയ്യാറായില്ല. അവൾ എന്നെ വിടാതെ പിന്തുടർന്നു. ഇടക്കൊക്കെ എപ്പോഴോ അവളിൽ ഞാൻ എന്റെ അനുവിന്റെ കളിയും ചിരിയും കുസൃതികളും സങ്കടവും ഒക്കെ കണ്ടു.

അനു പുനർജനിച്ചു വന്നതാണോ എന്നു വരെ ചിലപ്പോൾ തോന്നിയിരുന്നു. അവളുടെ സാമീപ്യം ഉള്ളപ്പോൾ അത് അനു ആണെന്ന തോന്നൽ എന്നെ വേട്ടയാടി. ഞാൻ വിലക്കിയിട്ടും എന്റെ മനസ്സ് അവൾ അനു തന്നെയാണെന്ന് വിശ്വസിച്ചു. ഞാൻ പതിയെ അവളെ ഇഷ്ടപ്പെടാൻ തുടങ്ങി.

ഒടുവിൽ എന്റെ അനുവിനെ എനിക്കു തിരിച്ചു കിട്ടി ….. എന്റെ സുകന്യയുടെ രൂപത്തിൽ. രൂപത്തിൽ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളു.

ശരിക്കും അവൾ അനുവായി മാറി. അനുവും ഞാനും കണ്ട സ്വപ്നങ്ങൾ സുകന്യ സാക്ഷത്കരിച്ചു തന്നു. ജീവൻ പണയം വെച്ചിട്ട് ആണെങ്കിലും.

ആദ്യത്തെതു ഒരു പെൺകുഞ്ഞ് എന്റെയും അനുവിന്റെയും സ്വപ്നമായിരുന്നു.

കണ്ടു തുടങ്ങും മുൻപേ പൊലിഞ്ഞു പോയ ഞങ്ങളുടെ സ്വപ്നം. അല്പം വൈകിയാണെങ്കിലും ആ സ്വപ്നങ്ങൾ പൂവണിയുന്നു. ഏറ്റവും സന്തോഷം അനുവിനാണ്. സുകന്യയുടെ ഹൃദയതാളം പലപ്പോഴും അത് വ്യക്തമാക്കാറുണ്ട്.

അവൾ അങ്ങു മുകളിൽ ഏതോ ഒരു കോണിൽ ഇരുന്നിതൊക്ക കാണുന്നുണ്ടാകും

അല്ലേ…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Manu Reghu

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top