തൊട്ടാവാടി, തുടർക്കഥ, ഭാഗം 36 വായിക്കൂ…

രചന : ഭാഗ്യലക്ഷ്മി

അന്നത്തെ ദിവസം ആദർശിന് ഒന്നിലും ശ്രദ്ധിക്കാൻ ആയില്ല… മിഴികൾ ഇഷാനിയെ കാണാൻ വെമ്പുകയായിരുന്നു… ഒരു വിധത്തിൽ അവൻ സമയം തള്ളി നീക്കി… ആദർശ് അതിയായ ആവേശത്തോടെ വീട്ടിലേക്ക് വന്നു…

അവൻ മിഴികൾ കൊണ്ട് ചുറ്റിനും ഇഷാനിയെ പരതി… ഒപ്പം അവൾ വീണ്ടും അവഗണിച്ചാൽ എന്താവും എന്ന ഉത്കണ്ഠ അവൻ്റെ മനസ്സിൽ വേദനയുളവാക്കി…

അടുക്കള ഭാഗത്ത് നിന്നും ഒരു ചിരി കേട്ടതും അവൻ അങ്ങോട്ടേക്ക് നടന്നു…

ധാനി എന്തോ പാചകം ചെയ്യുന്നുണ്ട്… അവളുടെ തൊട്ട് പിന്നിലായി ആദി മോനേയും എടുത്തു കൊണ്ട് റയാൻഷും നിൽക്കുന്നു..

അച്ഛാ… അച്ഛാ എന്ന് വിളിച്ചു കൊണ്ട് ആദി മോൻ എന്തൊക്കെയോ റയാൻഷിനോട് പറയുന്നു…

മൂവരും എത്ര സന്തോഷത്തിലാണ്..ധാനിയുടെ മനസ്സിലെ സന്തോഷം അവളുടെ മുഖത്ത് നിന്നും ആദർശിന് വായിച്ചെടുക്കാമായിരുന്നു…

റയാൻഷിൻ്റെ കൂടെ അല്ലാതെ ഒരിക്കൽപ്പോലും അവളെ ഇത്രമാത്രം സന്തോഷവതിയായി താൻ കണ്ടിട്ടില്ലെന്ന് ആദർശ് ഓർത്തു….

ധാനിയുടെ സാമീപ്യത്തിൽ റയാനും എത്ര സന്തുഷ്ടൻ ആണ്… അവന് ധാനിയിൽ ഒരു കുറവും കാണാൻ സാധിക്കുന്നില്ല…

ശരിയാണ്… ഇപ്പോൾ തനിക്കും അവളിൽ കുറവുകളൊന്നും ദർശിക്കാൻ സാധിക്കുന്നില്ല…

ശരിക്കും എന്തിനാ താൻ അവളെ വേണ്ടെന്ന് വെച്ചത്…? എന്തായിരുന്നു അവളിലെ കുഴപ്പം..?

ആദർശ് സ്വയം ചോദിച്ചു…

ഒപ്പം തൻ്റെ മകൻ….!! അവനെയും താൻ നഷ്ടപ്പെടുത്തി… സഹിക്കാനാവുന്നില്ല.. തൻ്റെ കുഞ്ഞ് തൻ്റെ അനിയനെ അച്ഛാ എന്ന് വിളിക്കുന്നു… അന്നങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് റയാൻ്റെ സ്ഥാനത്ത് താൻ അവരുടെ ഒപ്പം കണ്ടേനേം… ഇങ്ങനെ ഓരോ നിമിഷവും ഉരുകേണ്ടി വരില്ലായിരുന്നു തനിക്ക്…

അവൻ വേദനയോടെ ഓർത്തു… നഷ്ടപ്പെടുത്തിയതോർത്ത് ഇനീം ഇങ്ങനെ വേദനിച്ചിട്ട് എന്ത് കാര്യം..?

അവൻ പതിയെ മുറിയിലേക്ക് നടന്നു…

എന്നെ ഇനിയും അവഗണിച്ചാൽ ഞാൻ മരിച്ചു പോവും ഇഷാനീ… എല്ലാത്തിനും മാപ്പ്…

ആരോട് വേണമെങ്കിലും ക്ഷമ ചോദിക്കാം ഞാൻ… എനിക്ക് വയ്യ ഇങ്ങനെ നീറി നീറി ജീവിക്കാൻ…!! നീയും എന്നെ ഇങ്ങനെ ശിക്ഷിക്കാതെ…!!

ബാൽക്കണിയിൽ നിൽക്കുന്ന ഇഷാനിയെ നോക്കി ആദർശ് ശബ്ദമില്ലാതെ പറഞ്ഞു…

ആദർശിൻ്റെ സാമീപ്യം അറിഞ്ഞതും ഇഷാനിയുടെ മുഖത്തെ നിസ്സംഗത കോപത്തിന് വഴി മാറി…

പിൻ തിരിഞ്ഞ് നോക്കാതെ അവൾ നിശ്ചലയായി നിന്നു..

“ഇ… ഇഷാനീ ഞാൻ നിനക്ക് വേണ്ടി എന്തൊക്കെയാ വാങ്ങിയതെന്ന് അറിയാമോ…? ഒന്ന് തിരിഞ്ഞ് നോക്ക്…”

ആദർശ് അവളെ സ്നേഹത്തോടെ വിളിച്ചു…

“താൻ ഇനിയും എന്തൊക്കെ പറഞ്ഞാലും എൻ്റെ മനസ്സ് മാറില്ല ആദർശ്…. ആ പ്രതീക്ഷയിൽ എന്നോട് സംസാരിക്കാനും വരണ്ട…”

“ഇഷാനീ… ഞാൻ എന്താ വേണ്ടെ..? നീ പറയുന്ന എന്തും ചെയ്യാം..”

അവൻ നിസ്സഹായതയോടെ പറഞ്ഞു..

“താൻ ഒന്നും ചെയ്യണ്ട..!! എനിക്ക് കുറച്ച് സ്വസ്ഥത തരുമോ…? അത് മാത്രം മതി… പിന്നെ എൻ്റെ ഒരു കാര്യത്തിലും ഇടപെടാൻ വരരുത്…

നമ്മൾ തമ്മിലുള്ള ബന്ധം അവസാനിച്ചു…”

ശബ്ദം കനപ്പിച്ച് അത്ര മാത്രം പറഞ്ഞവൾ നടന്നകന്നു…

ആദർശ് അതീവ ദുഖത്തോടെ ഭിത്തിയിൽ ചാരി നിന്നു.. പ്രതീക്ഷയോടെ തന്നെ നോക്കിയിരുന്ന ധാനിയുടെ മുഖം അവൻ്റെ മനസ്സിൽ തെളിഞ്ഞു..

അവളുടെ ഉള്ളിൽ അന്നുണ്ടായ നിരാശയും സങ്കടും എത്ര മാത്രമാകുമെന്നവൻ ഊഹിച്ചു…

തന്നോട് ഒരു തെറ്റും ചെയ്യാത്ത ഒരു പാവത്തെ താൻ അത്രയ്ക്ക് വേദനിപ്പിച്ചിരിക്കുന്നു…

അതിൻ്റെ തിരിച്ചടികളാണ് ഇപ്പോഴത്തെ തൻ്റെ അവസ്ഥ…. ഇഷാനിയുടെ അവഗണനയും അതിൻ്റെ ഒപ്പം ആദി മോൻ്റെ മുഖവും എല്ലാം ഓർക്കെ ആദർശിന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി….

❤❤❤❤❤❤❤❤❤❤

ദിനങ്ങൾ കടന്ന് പോയി… ആദർശ് എന്നൊരു വ്യക്തി വീട്ടിൽ ഉണ്ടെന്ന് പോലും ഇഷാനി മൈൻ്റ് ചെയ്തില്ല…

എത്രയൊക്കെ വേണ്ടെന്ന് വെച്ചിട്ടും താൻ പോലും അറിയാതെ ഇഷാനിയുടെ കാര്യങ്ങളിൽ താൻ ശ്രദ്ധ ചെലുത്തുന്നത് ആദർശ് അറിഞ്ഞു… ഒരു പക്ഷേ ധാനിക്ക് സംഭവിച്ചതും ഇതു തന്നെ ആവാം…

താൻ ആട്ടിപ്പായിച്ചപ്പോഴും തന്നോടുള്ള സ്നേഹത്താൽ അവൾ പോലുമറിയാതെ അവളുടെ കരുതൽ തന്നെ തേടി വന്നതാകാം… അവൾ തൻ്റെ സ്നേഹത്തിനായി എത്ര മാത്രം കൊതിച്ചിരിക്കാം…

തൻ്റെ കുഞ്ഞിനെ ഉദരത്തിൽ വഹിച്ച സമയത്ത് എത്ര മാത്രമവൾ തൻ്റെ സാമീപ്യത്തിനായ് ആശിച്ചിരിക്കാം…

ഓരോന്നോർക്കെ അവൻ ദിനംപ്രതി വേദനിച്ചു കൊണ്ടിരുന്നു…

പിന്നീടുള്ള ദിനങ്ങളിൽ പതിവിലും നേരത്തെ അവൻ ഓഫീസിൽ പോയി… വീട്ടിൽ തിരികെ എത്തുന്നത് രാവേറെ വൈകിയും… അവൻ ആരോടും സംസാരിക്കാറില്ല… എല്ലാവരിൽ നിന്നും അവൻ അകലുകയായിരുന്നു…

ആദർശിലെ ഈ മാറ്റം റയാൻഷിന് നല്ലവണ്ണം മനസ്സിലാകുന്നുണ്ടായിരുന്നു.. ഒപ്പം ഇഷാനിയുടെ അവഗണനയും….

പത്മിനി അന്നാണ് പതിയെ നടന്ന് മുറിക്ക് പുറത്തേക്ക് വന്നത്… ആദർശിൻ്റെ ഉള്ളിലെ വിഷമം അവർക്ക് ഒറ്റ ദിവസം കൊണ്ട് തന്നെ മനസ്സിലായിരുന്നു… ഒപ്പം തൻ്റെ മകൻ്റെ ഈ അവസ്ഥക്ക് താനാണല്ലോ കാരണം എന്ന ചിന്ത അവരെ കൂടുതൽ തളർത്തി..

പത്മിനി പതിയെ റയാൻഷിൻ്റെ മുറിയിലേക്ക് നടന്നു…ധാനി കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു.. ഏന്തി വലിഞ്ഞ് നടന്നു വരുന്ന പത്മിനിയെ കണ്ടതും ധാനി വെപ്രാളത്തോടെ എഴുന്നേറ്റു…

“മോളവിടെ ഇരിക്ക്….”

പത്മിനി പറഞ്ഞത് കേട്ടതും ധാനി ഞെട്ടലോടെ നോക്കി…

പത്മിനി അവൾക്കരികിൽ ഇരുന്ന് കുഞ്ഞിനെ വാങ്ങി വാത്സല്യത്തോടെ ചുംബിച്ചു…

“എൻ്റെ ആദിയുടെ മോൻ…!!” കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കൊണ്ടവർ പറഞ്ഞു..

“ധാനീ… മോളെ… ആദിയെ നീ ശപിക്കരുത്…

അവൻ മനപൂർവ്വം നിന്നെ വേദനിപ്പിക്കണമെന്നോ നിൻ്റെ ജീവിതം തകർക്കണമെന്നോ ഒന്നും കരുതിയിട്ടില്ല… അവന് ഇഷ്ടമല്ലാഞ്ഞിട്ടും ഞാനാ നിന്നെ വിവാഹം കഴിക്കാൻ അവനെ നിർബന്ധിച്ചത്… അതും എങ്ങനെയെങ്കിലും നിന്നെ ഒഴിവാക്കാം എന്നവന് ഞാൻ വാക്ക് കൊടുത്തത് കൊണ്ട് മാത്രം… അവന് നീയുമായുള്ള വിവാഹത്തിന് സമ്മതമാണെന്ന് നിൻ്റടുത്ത് വന്ന് കള്ളം പറഞ്ഞതും ഞാനാണ്… നീ ഗർഭിണി ആയ സമയത്ത് ഞാൻ അവനെ കുറ്റപ്പെടുത്തിയത് കൊണ്ടാ അവൻ അവൻ്റെ കുഞ്ഞല്ലെന്ന് പറഞ്ഞത്… നിന്നോട് ക്ഷമ ചോദിക്കാൻ അർഹത ഉണ്ടോന്ന് അറിയില്ല… പക്ഷേ മോളെ ഇനിയും വയ്യ… ഇങ്ങനെ ഓരോന്നും നെഞ്ചിലേറ്റി നടക്കാൻ…”

പത്മിനി ഇടർച്ചയോടെ പറഞ്ഞു…

ധാനി വേദനയോടെ അവരെ നോക്കി പുഞ്ചിരിച്ചു…

“സ്വന്തം മക്കൾക്ക് ഈ അവസ്ഥ വന്നപ്പോൾ മാഡത്തിന് എൻ്റെ വേദന മനസ്സിലായി അല്ലേ…?

എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് എന്നോട് എന്തും ആവാമായിരുന്നല്ലേ..?” അവൾ ശാന്തമായി ചോദിച്ചു…

“ധാനീ… ഞാൻ…”

“എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല…

മാഡത്തിനെ ഞാൻ അന്നും എൻ്റെ അമ്മയുടെ സ്ഥാനത്താ കണ്ടിരുന്നത് ഇപ്പോഴും അങ്ങനെ തന്നെ… ഞാൻ മാഡത്തിൻ്റെ മകനെ ശപിക്കുവോന്നുള്ള പേടി കൊണ്ട് മാത്രമല്ലേ ഇപ്പോൾ എന്നോടിത് വന്ന് പറഞ്ഞത്..? സ്വന്തം മക്കളുടെ കാര്യത്തിൽ എല്ലാവരും സ്വാർത്ഥരായിരിക്കും അല്ലേ…?”

“അല്ല… അത് മാത്രമല്ല… ഞാൻ ആത്മാർത്ഥമായി പറഞ്ഞത് തന്നെയാണ് മോളെ…

ആദി അവൻ്റെ കുഞ്ഞല്ല എന്ന് പറഞ്ഞപ്പോൾ ഞാനത് വിശ്വസിച്ചു പോയി.. അതാ ഞാൻ നിന്നോട് അന്നങ്ങനെയൊക്കെ… എന്നോട് ക്ഷമിക്കില്ലേ കുട്ടീ നീ…”

“ഞാൻ പറഞ്ഞില്ലേ ആരോടും എനിക്കൊരു ദേഷ്യവും ഇല്ല… കഴിഞ്ഞതൊക്കെ ഞാൻ മറന്നു…

അല്ല മാഡത്തിൻ്റെ ഇളയ മകൻ്റെ സ്നേഹം എന്നെ അതൊക്കെ മറക്കാൻ പ്രേരിപ്പിച്ചു…

ഇപ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ള ജീവിതത്തിൽ ഞാനും എൻ്റെ മകനും സന്തുഷ്ടരാണ്…

മറ്റൊന്നിനെപ്പറ്റിയും ഞാൻ ഇപ്പോൾ ചിന്തിക്കുന്നു കൂടിയില്ല…”

തൻ്റെ മുൻപിൽ ഇരുന്ന് ശാന്തമായി സംസാരിക്കുന്നവളെ പത്മിനി ഉറ്റ് നോക്കി… കൂടുതൽ ഒന്നും പറയാൻ ആവാതെ മനസ്സാൽ ഒരിക്കൽക്കൂടി മാപ്പപേക്ഷിച്ചു കൊണ്ടവർ വ്യഥയോടെ എഴുന്നേറ്റു…

പോകും വഴി അങ്ങോട്ടേക്ക് ധൃതിയിൽ നടന്ന് വരുന്ന റയാൻഷിനെ കണ്ടതും അവരുടെ പാദങ്ങൾ നിശ്ചലമായി…

പത്മിനി ഒരു പുഞ്ചിരിയോടെ അവൻ്റെ ശിരസ്സിൽ തലോടി… ഇതെന്തെന്ന മട്ടിൽ റയാൻഷ് അന്തിച്ച് നിന്നു…

“നന്നായി വരും നീ…” പൂർണ്ണ മനസ്സാലെ അവനെ അനുഗ്രഹിച്ചു കൊണ്ടവർ നടന്നു…

ശെ! ഇത്ര പെട്ടെന്ന് അമ്മ നടക്കാറൊക്കെ ആയോ..? ഞാൻ ഒരു രണ്ട് മാസം കൂടി കിടക്കയിൽ പ്രതീക്ഷിച്ചു…

നിരാശയോടെ അതും ഓർത്തവൻ മുറിയിലേക്ക് കയറി…

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും)

രചന : ഭാഗ്യലക്ഷ്മി