എനിക്കാണെങ്കിൽ സ്വന്തം കെട്ടിയോളുടെ പോലും ഫോൺ നമ്പർ കാണാതെ അറിയില്ല…

രചന : രാജീവ് രാധാകൃഷ്ണ പണിക്കർ

കുറച്ചു ദിവസങ്ങളായി ഫോണിനൊരു മന്ദത, ഇടയ്ക്കൊരു വിറയൽ. ചിലപ്പോൾ മാനസീകനില തെറ്റിയത് പോലെ തന്നത്താൻ പാട്ടു പാടും.വർത്തമാനം പറയും, .മറ്റുള്ളവരെ വിളിക്കും.

എന്റെ പോലെ തന്നെ ഫോണുമായോ എന്നു സംശയിച്ചിരിയ്ക്കുമ്പോഴാണ് മകൻ പറഞ്ഞത് ഹാങ് ആവുന്നതാണെന്ന്.

പുതിയ ഫോണാണ് വാങ്ങിയിട്ട് ആറു മാസങ്ങളിൽ താഴെ മാത്രം.

പക്ഷേ പറഞ്ഞിട്ട് കാര്യമില്ല.ദിനരാത്രി ഭേദമില്ലാതെയുള്ള ഉപയോഗമാണ്.

അതിനും മടുത്തു കാണും.

വൈകിട്ട് തിരക്കൊഴിഞ്ഞിട്ട് ഫാക്ടറി റീസെറ്റ് ചെയ്യാം എന്ന് കരുതിയിരിക്കുമ്പോഴാണ് അടുത്ത വീട്ടിൽ ഒരു മരണത്തിനു പോകേണ്ടിവന്നത്.

മരണ വീട്ടിൽ ചെന്ന് ടർപായ കെട്ടാൻ കൂടിയപ്പോഴാണ് ആദ്യ പ്രഹരം .ഫോണിൽ നിന്നും അടിപ്പൻ ഒരു ഹിന്ദി പാട്ട്.ആരോ ഇട്ട സ്റ്റാറ്റസ് തന്നത്താൻ പ്ലേ ആയതാണ്.

മൃതദേഹം പോലും ഒന്നു ഞെട്ടി.

തെല്ലൊരു ജാള്യതയോടെ ഓഫ്‌ ചെയ്ത് പണി തുടർന്നു.

പട്ടട ഒരുക്കിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത പ്രഹരം.ഏതോ സിനിമയിലെ പ്രേമഗാനം വീണ്ടും മൊബൈലിൽ നിന്നും ഒഴുകി.

ഫോൺ സ്വിച്ച് ഓഫ്‌ ചെയ്യാമെന്ന് കരുതിയാൽ പലരിൽ നിന്നും കോളുകൾ വന്നു കൊണ്ടേയിരിക്കുന്ന സമയമാണ്.നിർത്തിയിട്ടാൽ പണിയാകും.

പ്രേമഗാനവും പരിഹരിച്ചു ഒരു വിധത്തിൽ തലയൂരി.

മൃതദേഹം പുറത്തു കിടത്താനായി ഒരു കൈ സഹായിക്കാൻ കൂടിയപ്പോഴാണ് സീൻ കോൺട്ര ആയത്.

“താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ…..”

കുതിരവട്ടം പപ്പുവിന്റെ അഡാറ് ഡയലോഗ് പോക്കറ്റിൽ നിന്നും അവിടെയാകെ മുഴങ്ങി.

ഇനി വൈകിയാൽ ആരെങ്കിലും കൈ വയ്ക്കുമെന്നു തോന്നിയപ്പോഴാണ് ആ ചൂടിൽ ഒതുങ്ങിയ ഒരു മൂലയിൽ ചെന്നിരുന്ന് ഫാക്ടറി റീസെറ്റ് ബട്ടൻ ഞക്കിയത്.

റീസെറ്റ് ഒക്കെ കഴിഞ്ഞ് പുനർജനിച്ച ഫോണിനെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാനായി ശ്രമിച്ചപ്പോഴാണ് അടുത്ത കുരിശ് .മെയിൽ ഐഡിയുടെ പാസ്സ് വേർഡ് ഓർമയിലില്ല.

ഓർമയുടെ ഓളങ്ങളിൽ മുങ്ങിതപ്പി ഒന്നുരണ്ടെണ്ണം കണ്ടെത്തി ശ്രമിച്ചെങ്കിലും അതൊക്കെ പഴയത്.

ഫോർഗോട് പാസ്സ് വേർഡ് അടിച്ചു കൊടുത്തു.

ഒടിപി വന്നു.

അപ്പോൾ ഫോൺ പറയാ അവൻ എന്റെ മെയിലിലേക്ക് ഒരു പിൻ അയച്ചിട്ടുണ്ട് . അവന് അതു കൂടി വേണമെന്ന്.

തുറക്കാത്ത മെയിലിൽ എന്തൂട്ട് മെസ്സേജ്.

അതുമാത്രമല്ല ഒട്ടനവധി തവണ ഒടിപി ക്ക് ശ്രമിച്ചത് മൂലം അതും ബ്ലോക്ക്.

വീട്ടിലെ കംപ്യൂട്ടറിൽ അടുത്തെങ്ങും മെയിൽ ചെക്ക് ചെയ്തിട്ടില്ല.

ഓഫീസിലെ സിസ്റ്റത്തിൽ ആയിരിക്കാം മെയിൽ ഓപ്പണായി കിടക്കുന്നത്.

അതിനി നാളെയെ പറ്റുകയുള്ളു.പക്ഷെ മൊബൈൽ ഓൺ ആക്കാതിരിക്കാൻ പറ്റില്ല.

കോണ്ടക്റ്റ്സ് എല്ലാം ഫോണിലാണ്.ഒന്നും കാണാതെ അറിയില്ല .

ചെറുക്കന്റെ മെയിൽ ഐഡി വച്ച് ഫോൺ ചാലാക്കി.

അപ്പോൾ അടുത്ത പ്രശ്നം .എന്റെ കോണ്ടാക്റ്റ്സ് എല്ലാം ഗൂഗിളിൽ ആണ് സേവ് ചെയ്തിരിക്കുന്നത്. ചെറുക്കന്റെ ഐഡിയിൽ നിന്നു കിട്ടിയത് നാട്ടിലെ യുടൂബർമാരുടെയും വ്ലോഗർമാരുടെയുമൊക്കെ നമ്പറുകൾ.

എനിക്കാണെങ്കിൽ സ്വന്തം കെട്ടിയോളുടെ പോലും ഫോൺ നമ്പർ കാണാതെ അറിയില്ല.

എല്ലാം ഫോണിൽ മാത്രം ഭദ്രം.

അതാ വരുന്നു ഒരു ഇൻകമിങ് കോൾ.

ആരുടേതാണെന്നറിയാൻ നിർവാഹമില്ല.

“ആരാ ”

ധൈര്യം സംഭരിച്ചു ചോദിച്ചു.

” എന്തുവാടേ നാല് കോമാളി കഥകൾ എഴുതിയപ്പോഴേക്കും എന്റെ നമ്പർ പോലും കളഞ്ഞോ”

പഴയൊരു സുഹൃത്താണ്.അവന്റെ വാക്കുകളിൽ തിരിച്ചറിയാൻ കഴിയാഞ്ഞതിന്റെ പരിഭവം.

ഉടൻ ട്രൂകോളർ ആക്ടിവേറ്റ് ചെയ്ത് ഇൻകമിങ് കോളുകൾ ഭദ്രമാക്കി.

അപ്പോഴും ഔട്ട്ഗോയിങ് സങ്കീർണമായ പ്രശ്നം.

രാത്രി ആരെയും വിളിക്കേണ്ടി വരല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ട് കിടന്നു.

രണ്ടു മണിയായിക്കാണും.എല്ലാ പ്രതീക്ഷകളേയും തെറ്റിച്ചുകൊണ്ട്‌ ആ വിളിവന്നു.

ഒരു സെക്ഷൻ മൊത്തം പവർ ഫെയിലിയർ.

ഡ്യൂട്ടിയിലുള്ള ഇലക്ട്രീഷ്യനോട് ഒന്നു പറയണമെന്ന്.

വിളിച്ചയാളാകട്ടെ ഉന്നതനാണ്.

ഇങ്ങോട്ടു പറയുന്നത് കേൾക്കുകയല്ലാതെ അങ്ങോട്ട് തിരിച്ചു പറയുവാൻ നിർവാഹമില്ല.

ഇലക്ട്രീഷ്യന്റെയെന്നല്ല എന്റെയൊഴിച്ചു രാത്രി അവിടെയുള്ള മറ്റാരുടെയും നമ്പർ പുള്ളിക്ക് അറിയില്ല.

കുടുങ്ങി.

ഓഫിസുമായി ബന്ധപ്പെടുവാൻ വേറെ കുറുക്കുവഴികൾ ഒന്നുമില്ല.

ഒരേയൊരു മാർഗം മാത്രം.

നേരെ വണ്ടി വിട്ടു.ഓഫീസിലേക്ക്.

വഴിയിൽ തടഞ്ഞു നിർത്തിയ നിയമപാലകരോട് ചുരുക്കത്തിൽ കാര്യം ധരിപ്പിച്ചു. അവരുടെ ആശിർവാദത്തോടെ രാത്രിയാത്ര തുടർന്നു.

സ്ഥലത്തെത്തിയപ്പോൾ ഡ്യൂട്ടിയിലുള്ളവൻ വാതിലടച്ച് സുഖനിദ്രയിൽ.

അപ്പോഴും വിളിക്കാൻ ഫോൺനമ്പർ പ്രശ്നം.

വാതിലിൽ ശക്തിയായി മുട്ടി.

ഏത് ****** മോനാടാ രാത്രി കൊട്ടുന്നത് എന്നു ചോദിച്ച്കൊണ്ട് ശിഷ്യൻ വാതിൽ തുറന്നപ്പോൾ കാണുന്നത് ഗുരുവിനെ.

അവൻ ഭയഭക്തി ബഹുമാനത്തോടെ തൊഴുതുനിന്നു.

അവനെ വർക്കേല്പിച്ച് റൂമിൽ കയറി സിസ്റ്റത്തിൽ നിന്നും ഒടിപി യും തപ്പി ഫോൺ ശരിയാക്കി വീട്ടിൽ തിരിച്ചെത്തുമ്പോൾ അടുത്തുള്ള ക്ഷേത്രത്തിൽ നിന്നും സുപ്രഭാതം മുഴങ്ങി തുടങ്ങിയിരുന്നു.

ശുഭം

വാൽകഷ്ണം. : പാസ്‌വേഡ്കൾ മറക്കാതിരിക്കുക.ഫോൺ നമ്പറുകൾ എഴുതി വയ്ക്കുക.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : രാജീവ് രാധാകൃഷ്ണ പണിക്കർ