എല്ലാവരുടെയും എതിർപ്പിനെ മറികടന്നു സമനില തെറ്റിയ ഒരുവളെ താലി ചാർത്തി കൂടെ കൂട്ടിയവൻ…

രചന : Libi Sebastian

നിന്നിൽ അലിയാൻ..

❤❤❤❤❤❤❤❤❤❤❤❤

“പാർവതി …””

അമ്പലത്തിൽ നിന്ന് തൊഴുതു ഇറങ്ങിയപ്പോഴാണ് പാർവതി ഒരിക്കൽ തനിക്ക് ഏറ്റവും പരിചിതമായ ആ ശബ്ദം കാതുകളിൽ പതിഞ്ഞപ്പോൾ ഹൃദയത്തിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി ഒരു നിമിഷം അവിടെത്തന്നെ തറഞ്ഞു നിന്നു…

ഒരിക്കൽ എപ്പോഴും കേൾക്കാൻ ആഗ്രഹിച്ച ശബ്ദം.. ഇപ്പോൾ കേൾക്കരുത് എന്നാഗ്രഹിക്കുന്ന ശബ്ദം ആ ശബ്ദ സ്രോതസ്സിലേയ്ക്ക് പിടയുന്ന ഹൃദയത്തോടെ തന്നെ പതിയെ പാർവതി

തിരിഞ്ഞുനോക്കി..

തന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ട് ഒരു നിമിഷം ഒരിക്കൽ തന്റെ ഹൃദയത്തെ സന്തോഷത്താൽ അലയടിപ്പിക്കുകയും പിന്നീട് കണ്ണുനീരിന്റെ താഴ്‌വരയിൽ വെന്തുരുകി

നീറുവാൻ കാരണമായ തന്റെ പ്രണയ കാലത്തിലേക്ക് ഓർമ്മകളിലേയ്ക്ക് പാർവതിയുടെ മനസ്സ് സഞ്ചരിച്ചു…

കോളേജ് കാലത്തിന്റെ ഒരു വസന്തത്തിൽ ഹൃദയത്തിൽ പ്രണയത്തിന്റെ വിത്തുകൾ പാകി തന്റെ എല്ലാമെല്ലാമായി തന്നിലേക്ക് കടന്നു വന്നവൻ .. . ആദിത്യ വർമ്മ എന്ന തന്റെ മാത്രമായിരുന്ന ആദി…

ബിസിനസ്സുകാരനായ ശിവകുമാറിന്റെ മകളാണ് താൻ എന്ന ഒറ്റക്കാരണത്താൽ മാത്രമാണ് തന്നിലേക്ക് അവൻ പ്രണയം വർഷിച്ചതെന്നു കാലത്തിനിപ്പുറം തെളിയിച്ചവൻ…

എന്നോ മറവിയ്ക്ക് കൊടുത്ത ആ ഭൂതകാലത്തിന്റെ ഓർമ്മകൾക്ക് വിരാമമിട്ട് ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി പാർവതി ആദിയ്ക്ക് സമ്മാനിച്ചു.. പാർവതിയുടെ പുഞ്ചിരി തൂകിയ മുഖം കണ്ടു..

കുറച്ചുനേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിട്ട് ആദി അവൾക്ക് അരികിലേക്ക് നടന്നടുത്തു…

അരികിൽ എത്തിയിട്ടും രണ്ടുപേരും മൗനത്തെ കൂട്ടുപിടിച്ചു നിന്നു…

“ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആദി എന്റെ പേര് മറന്നിട്ടില്ലല്ലോ … “”

ഒരു നിസ്സംഗ ഭാവത്തോടെ പാർവതി ചോദിച്ചു…

പാർവതിയുടെ ആ പറച്ചിലിൽ ആദി ഒന്നുലഞ്ഞു പോയി….

“പാർവതിയും എന്നെ മറന്നില്ലല്ലോ…””

“ ആദി..അതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ … നമ്മുടെ ജീവിതത്തിൽ എത്രത്തോളം സന്തോഷം ഉണ്ടായാലും കുറച്ചു നാളുകൾ കഴിയുമ്പോൾ നമ്മൾ അത് മറക്കും…

പക്ഷേ ജീവിതത്തിലൊരിക്കലെങ്കിലും ഹൃദയം നുറുങ്ങുന്ന വേദന അനുഭവിച്ചിട്ടുണ്ടെങ്കിൽ മരണംവരെ അത് നമ്മളെ ഇടയ്ക്കിടയ്ക്ക് അലട്ടിയിരിക്കും…

ആദിയും എനിക്ക് അതുപോലെ ഒരു നോവ് മാത്രമാണ് … അത്രമാത്രം.. “”

ആദിയുടെ ആ പറച്ചിലിൽ അതേ പുച്ഛചിരിയോടെ ചുണ്ടുകൾ ഒരു സൈഡിലേക്ക് കോട്ടി കൊണ്ട് ആദിയുടെ മുഖത്തു നിന്ന് മറ്റു എങ്ങോട്ടോ നോക്കിക്കൊണ്ട് പാർവതി പറഞ്ഞു….

“” ഞാൻ.. അത്.. “”

“ വേണ്ട ആദി എനിക്കൊന്നും കേൾക്കണ്ട… ഒരു വണ്ടി ആക്സിഡന്റിൽ മാതാപിതാക്കളും കൂടപ്പിറപ്പുകളും നഷ്ടപ്പെട്ട് ഒരു ഭ്രാന്തിയായി സർവ്വവും തകർന്ന അവസ്ഥയിൽ അലറി വിളിച്ചപ്പോൾ നിന്നെ ഞാൻ ആഗ്രഹിച്ചിരുന്നു.. ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിലെന്ന് … ഞാനുണ്ട് എന്ന ഒരു വാക്ക് പറഞ്ഞിരുന്നെങ്കിലെന്ന്.. പക്ഷേ അതൊന്നും അന്ന് ഉണ്ടായില്ല… ചേർത്തു പിടിക്കേണ്ട സമയത്തുതന്നെ നീയെന്നെ വലിച്ചെറിഞ്ഞു….

ഇനി ഒരു ന്യായീകരണവും നടത്തേണ്ട ആദി അതിന്റെ ആവശ്യം ഇപ്പോൾ ഇല്ല.. “”

പാർവതിയുടെ വാക്കുകൾ കേട്ട് ആദിയുടെ തല കുനിഞ്ഞു പോയി..

“ നിനക്ക്.. നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്.. “”

“ പാർവതി എന്ന പെണ്ണ്. ഭ്രാന്തി ആയിരുന്നു ഒരിക്കൽ…

ഇപ്പോൾ ഞാൻ നോർമലാണ് ആദി പക്ഷേ, ഒരാൾക്ക് ഒഴികെ ബാക്കി സമൂഹത്തിന്റെ മുന്നിൽ ഞാൻ ഇപ്പോഴും ഒരു ഭ്രാന്തിയാണ് ആദി….””

“ ആര്.. ആരുടെ കാര്യമാ നീ പറയുന്നേ.. “”

പാർവതിയുടെ വാക്കുകളിൽ അവളെ ആരോ സംരക്ഷിച്ചിട്ടുണ്ടെന്നുള്ള കാര്യം ആദിക്ക് ബോധ്യപ്പെട്ടു…ആ അറിവിൽ ഒരു ഉലച്ചിൽ ആദിയുടെ ഹൃദയത്തിൽ ഉടലെടുത്തു.. അതെ വേവലാതിയോടെ തന്നെയാണ് ആദി പാർവതിയോട് ചോദിച്ചത്…

ആദിയുടെ ആ അന്വേഷണത്തിൽ മൂർച്ഛിച്ച ഭ്രാന്തമായ അവസ്ഥയിൽ അലറി വിളിച്ചപ്പോൾ പോലും തള്ളിക്കളയാതെ യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചവന്റെ മുഖം മനസ്സിൽ തെളിഞ്ഞതും പാർവതിയുടെ മുഖത്ത് ഉദയസൂര്യന്റെ പ്രഭ തന്നെ വിരിഞ്ഞു …

“ രുദ്രൻ… എന്റെ രുദ്രേട്ടൻ.. “”

ആദിയുടെ പിന്നിലേയ്ക്ക് നോക്കി തങ്ങളുടെ അരികിലേയ്ക്ക് നടന്നു വരുന്നവനെ നോക്കി പാർവതി പറഞ്ഞു…

മുഖത്തു ഉദയ സൂര്യന്റെ പ്രഭയോടെ രുദ്രൻ എന്ന് പറഞ്ഞ പാർവതിയുടെ മുഖം കണ്ടു .. എന്തോ ഒന്ന് എന്നുന്നേയ്ക്കുമായി തനിക്ക് നഷ്ട്ടപ്പെട്ടു എന്ന തോന്നൽ ആദിയുടെ ഹൃദയത്തിൽ ആ നിമിഷം രൂപപ്പെട്ടു..അതോടൊപ്പം തന്നെ പാർവതിയുടെ കണ്ണുകൾക്ക് പിന്നാലെ ആദിയുടെ കണ്ണുകളും പിന്നിലേയ്ക്ക് പാഞ്ഞു…

ആറടി പൊക്കത്തിൽ അതിനൊത്ത വണ്ണത്തോടെ ഗാംഭീരത്തോടെ താടിയും ഉഴിഞ്ഞ് മുണ്ടും മടക്കി പിടിച്ചു ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ നടന്നു വരുന്നവനെ കണ്ടു ആദി കണ്ണിമചിമ്മാതെ നോക്കി നിന്നു…അതോടൊപ്പം തന്നെ രൂപത്തിൽ എന്തു കൊണ്ടും തന്നെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന രുദ്രനെ കണ്ടു ആദിയുടെ മനസ്സിൽ രുദ്രനോട് അസൂയയും ഉടലെടുത്തു…

“ആദിയല്ലേ..”

ചുണ്ടിൽ അതേ പുഞ്ചിരിയോടെ തന്നെ രുദ്രൻ ചോദിച്ചപ്പോഴാണ് ആദി സ്ഥലകാല ബോധത്തിലേയ്ക്ക് തിരികെ എത്തിയത്…

“അ.. അതെ…”

രുദ്രന്റെ ചോദ്യത്തിൽ ആദി ഒന്ന് പതറി പോയെങ്കിലും പെട്ടെന്ന് തന്നെ ആ ചമ്മൽ മറച്ചു പിടിച്ചു മുഖത്തു ഒരു പുഞ്ചിരി വരുത്തി കൊണ്ട് രുദ്രന് നേരെ ആദി കൈ നീട്ടി..

മുഖത്തു അതേ പുഞ്ചിരിയോടെ തന്നെ രുദ്രൻ ആദിയ്ക്ക് കൈ കൊടുത്തു…

“എന്നാ… സംസാരം നടക്കട്ടെ…. ”

“പാറു..ഞാൻ താഴെ കണ്ടേക്കാം..”

അത്രയും പറഞ്ഞു പാർവതിയെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് രുദ്രൻ അമ്പലത്തിന്റെ പടവുകൾ ഇറങ്ങി

ആദി തന്റെ പ്രണയമായിരുന്നുന്നെന്നറിയാം..എങ്കിലും തമ്മിൽ സംസാരിക്കുന്നത് കണ്ടു മറ്റൊന്നും ചോദിക്കാതെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അതേ കള്ളച്ചിരിയോടെ തന്നിൽനിന്ന് അകന്ന് പോകുന്നവനെ കണ്ടു രുദ്രനോട് പാർവതിയ്ക്ക് ബഹുമാനം തോന്നി…ആ തോന്നൽ ഒരു പുഞ്ചിരിയായി പാർവതിയുടെ ചുണ്ടിൽ വിരിയുകയും ചെയ്യ്തു…

“ഹും… ഇതാണല്ലേ നിന്റെ രക്ഷകൻ,… ”

ചുണ്ടിൽ പുച്ഛചിരിയോടെയാണ് ആദി പാർവതിയോട് ചോദിച്ചത്…

നടന്നകലുന്ന രുദ്രനെ നോക്കിനിന്ന പാർവ്വതിയുടെ കാതുകളിൽ ആദിയുടെ വാക്കുകൾ തുളഞ്ഞു കയറിയതും ആദിയെ ചുട്ടെരിക്കാനുള്ള അഗ്നിയിലും, രുദ്രനോടുള്ള അടങ്ങാത്ത പ്രണയത്താലും പാർവ്വതിയുടെ മനസ്സ് ആളി കത്തി…

” അതേടാ…കൈലാസ് രുദ്രൻ എന്ന ആ മനുഷ്യൻ എനിക്ക് രക്ഷകൻ തന്നെയാ… എനിക്ക് എന്റെ ജീവിതവും ജീവനും തിരികെ തന്ന ഞാൻ ജീവനോടെ കണ്ട ഈശ്വരൻ…”

കണ്ണുകളിൽ ആളിക്കത്തുന്ന അഗ്നിയുമായി തനിക്കു മുന്നിൽ നിൽക്കുന്ന പാർവതിയുടെ രൂപം ആദിയ്ക്ക് അന്യമായിരുന്നു.. ഒരു നിമിഷം പാർവതിയുടെ ആ രൂപഭാവത്തെ കണ്ടു ആദിയുടെ ഹൃദയത്തിൽ ഒരു ഭയവും ഉടലെടുത്തു…

” എന്റെ ജീവൻ മാത്രം ഈ ഭൂമിയിൽ അവശേഷിപ്പിച്ച് അച്ഛന്റെയും അമ്മയുടെയും കൂടപ്പിറപ്പിന്റെയും ജീവൻ ഒരു വണ്ടി ആക്സിഡന്റിൽ അങ്ങ് പോയപ്പോൾ തകർന്നടിഞ്ഞ എന്റെ അരികിൽ നീ ഉണ്ടായിരുന്നോ… ഒരു ഉറക്കത്തിൽ നിന്ന് എണീറ്റപ്പോൾ എന്തിനും ഏതിനും ചുറ്റിലുമുണ്ടായിരുന്ന മൂന്ന് പേർ ഇനി ഈ ജന്മത്തിൽ ഒരിക്കലും കൂടെ ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ എന്റെ സമനില തെറ്റിയപ്പോൾ എന്റെ അരികിൽ നീ ഉണ്ടായിരുന്നോ ആദി… ”

തനിക്ക് നേരെ ചൂണ്ടുവിരൽ ചൂണ്ടി കണ്ണുകളിൽ ആളിക്കത്തുന്ന അഗ്നിയോടെ ഓരോ വാക്കുകളും പൊഴിക്കുന്ന പാർവ്വതിയെ കണ്ട് തിരികെ കൊ=ടുക്കാൻ യാതൊരു മറുപടിയുമില്ലാതെ ഒന്ന് അനങ്ങാൻ പോലുമാകാതെ ആദി നിന്നു..

“ഹും… എന്റെ അച്ഛന്റെ സ്വത്ത് കൈവശമാക്കാൻ വേണ്ടി ചുറ്റിലും നടക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാനാവാതെ മരവിച്ചിരുന്ന എന്നെ ഒരു മനോരോഗിയായി ചിത്രീകരിച്ച് ഭ്രാന്താശുപത്രിയുടെ സെല്ലുകളിലേയ്ക്ക് തള്ളുമ്പോൾ നീ എതിർത്തോ ആദി..”

പാർവതിയുടെ ഓരോ വാക്കുകൾക്കും കൊടുക്കാൻ മറുപടിയില്ലാതെ ആദി നിന്ന് ഉരുകി…

” ആശുപത്രിക്കാര് തരുന്ന ഷോക്കിൽ ഉള്ള സമനില കൂടി തെറ്റി ഭ്രാന്താശുപത്രിയുടെ സെല്ലിൽ കിടന്ന് ഞാൻ അലറി വിളിച്ചപ്പോൾ നീ വന്നോ. ”

സത്യമാണ്… പാർവതിയുടെ ഓരോ വാക്കുകളും സത്യമാണ്…

അവളുടെ അച്ഛന്റെ സ്വത്തും, അവളുടെ അംഗലാവണ്യവും കണ്ടു അവളോട് പ്രണയം നടിച്ചന്നല്ലാതെ യാതൊരു ദാക്ഷിണ്യവും താൻ അവളോട് കാണിച്ചിട്ടില്ല … പാർവതിയുടെ ഓരോ വാക്കുകളും തന്റെ മനസ്സാക്ഷിയെ കുത്തി മുറിവേൽപ്പിക്കാൻ തുടങ്ങിയപ്പോൾ അവളിൽനിന്ന് ആദി മുഖം തിരിച്ചു പിടിച്ചു..

” സ്വത്തിനുവേണ്ടി എന്നെ കൊല്ലാക്കൊല ചെയ്യാൻ നിന്നവരുടെ കൂടെ നീയും നിന്നു….നിനക്കറിയുവോ ചില സമയങ്ങളിൽ ഓർമ്മകൾ എന്റെ മനസ്സിനെ തേടിയെത്തുമ്പോൾ ആദ്യം ഞാൻ തിരഞ്ഞത് നിന്നെയായിരുന്നു.. നീയെന്ന എന്റെ പ്രണയത്തെ…”

പാർവതിയുടെ ആ വാക്കുകൾ കേട്ട് ഒരു നിമിഷം ആദി പാർവതിയെ തലയുയർത്തി നോക്കി… പറഞ്ഞറിയിക്കാനാവാത്ത ഒരു ഹൃദയ വേദന തന്നിൽ ഉടലെടുക്കുന്നത് ആ നിമിഷം ആദി തിരിച്ചറിഞ്ഞു

” ഭ്രാന്താശുപത്രിയുടെ സെല്ലുകളിൽ ഒരിക്കൽ എന്നെ കാണാൻ ഒരാൾ വന്നിരുന്നു എന്റെ അച്ഛൻ പെങ്ങൾ രക്തബന്ധത്തിൽ ഞാൻ ജിവിച്ചിരിക്കണമെന്ന് ആഗ്രഹിച്ച ഒരേ ഒരാൾ.. എങ്ങനെ എങ്കിലും ആ സെല്ലുകളിൽ നിന്ന് രക്ഷപ്പെടണം എന്ന് ആത്മാർത്ഥമായി പറഞ്ഞ ആൾ.. അന്ന് അമ്മായിടെ നാവിൽ നിന്ന് നിന്നെ കാത്തു ജീവിക്കണ്ട നീയും കൂടി എന്നെ ചതിക്കാൻ കൂട്ട് നിന്നറിഞ്ഞപ്പോഴാ ആദി എനിക്ക് ജീവിക്കണമെന്ന് പോലും തോന്നാതിരുന്നത്…

അവരു നൽകുന്ന മരുന്നുകളും ഷോക്കും ഒക്കെ ഞാൻ സ്വീകരിച്ചത് ഈ ജൻമം എങ്ങനെയെങ്കിലും തീരട്ടെ എന്നോർത്ത് തന്നെയാ…

പക്ഷെ…അപ്രതീക്ഷിതമായി ഒരാളുടെ കടന്ന് വരവിൽ എനിക്ക് ജിവിക്കണമെന്ന് തോന്നി തുടങ്ങി ആരൊക്കെയോ ഉണ്ടെന്ന തോന്നൽ എന്നിൽ വളർത്തി ആ കരുതലിനു ഒരേ ഒരു പേര് മാത്രമെ ഉള്ളു… ഞാൻ കണ്ട യഥാർത്ഥ പ്രണയം കൈലാസ് രുദ്രൻ…എന്റെ രുദ്രേട്ടൻ ”

രുദ്രൻ എന്ന പേര് പറഞ്ഞപ്പോൾ ആളിക്കത്തി നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ പ്രതീക്ഷയുടെ നീർ തിളക്കം ഉടലെടുക്കുന്നതും ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരി വിടരുന്നതും കണ്ടു ഒരു അത്ഭുതം കണക്കേ ആദി പാർവതിയുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കി…

” ഈ ജന്മത്തിൽ കളങ്കമില്ലാത്ത പ്രണയത്തിലേയ്ക്ക് ഞാൻ എന്ന പെണ്ണിന്റെ ജീവിതത്തിന് വെളിച്ചം പകരാൻ .എത്തിയവൻ ..

ഓട്ടോ ഓടിച്ചും, കൃഷി പണി ചെയ്യതും മുന്നോട്ട് കൊണ്ട് പോകുന്ന ഒരു കുടുംബത്തിലേയ്ക്ക് എല്ലാവരുടെയും എതിർപ്പിനെ മറികടന്നു സമനില തെറ്റിയ ഒരുവളെ, എന്നെങ്കിലും തിരികെ സാധാരണ ജീവിതത്തിലേയ്ക്ക് വരുമോ എന്ന് പോലും ഉറപ്പില്ലാത്ത ഒരുവളെ താലി ചാർത്തി കൈ പിടിച്ചു കൂടെ കൂട്ടിയവൻ …നിന്നെ പോലെ പ്രണയം നടിച്ച് വഞ്ചിച്ചില്ല.. മുൻപൊന്നും പ്രണയത്തിന്റെ ഒരു ഭാവവും എന്നോട് പ്രകടിപ്പിക്കാത്ത മനുഷ്യൻ…എന്നും എല്ലാവർക്കും വേണ്ടി ആ മുഖത്തു ഒരു പുഞ്ചിരി വിരിയുമായിരുന്നു…..

അന്നൊക്കെ എനിക്കും തന്നത് ആ ഒരു പുഞ്ചിരി മാത്രമാ…മറ്റൊരു അടുപ്പവും ഇല്ലാത്ത ആ മനുഷ്യനാണു ഇന്ന് നിന്റെ മുന്നിൽ നിൽക്കുന്ന എന്നെ എനിക്ക് തിരിച്ചു തന്നത്..എന്നെ ചികിൽസിച്ചത്…

ആ മനുഷ്യൻ രാപകൽ അധ്വാനിച്ച് മിച്ചം പിടിച്ചതിന്റെ ഒരു ഓഹരി എടുത്താണ് എന്റെ സ്വപ്നങ്ങൾക്ക് ചിറക് വെപ്പിച്ചത്… അത് കൊണ്ട് ഞാൻ ഇന്ന് ഒരു ടീച്ചറാ…സുബോധം തിരിച്ചു കിട്ടുമ്പോ കണ്ടത് ആ മുഖമാ എന്താണെന്നോ ..ആരാന്നോ അറിയാതെ ആ മുഖത്തു നോക്കിയപ്പോൾ പറഞ്ഞത് ഒന്ന് മാത്രമാ…”താൻ സുരക്ഷിതയാണെന്ന്..”. അതേ എല്ലാ അർഥത്തിലും ഞാൻ എന്ന പെണ്ണ് സുരക്ഷിതയായിരുന്നു..

സുബോധം ഇല്ലാത്തവളോട് താലി കെട്ടിയതിന്റെ അവകാശം കാണിക്കാമായിരുന്നു പക്ഷെ ഞാൻ അറിഞ്ഞു സമർപ്പിക്കാതെ അങ്ങനെ ഒന്നും എന്നോട് പെരുമാറാതെ എന്നെ സംരക്ഷിച്ചവൻ…

ഈ നിമിഷം വരെ പ്രണയം കൊണ്ട് വീർപ്പുമുട്ടിക്കുന്നവൻ… ഞാൻ എന്ന പെണ്ണിന് സ്വാതന്ത്ര്യവും,

സ്നേഹവും പ്രണയവും കരുതലും തരുന്നവൻ.. ഈ താലിയിൽ ആ മനുഷ്യന്റെ പ്രണയത്തിൽ ഞാൻ പൂർണ്ണയാണ് ആദി… നീ എന്ന വഞ്ചകനെ ഒരു നിമിഷം പോലും ഞാൻ ഓർക്കാറു പോലുമില്ല.. അത്രത്തോളം എല്ലാം മറക്കാൻ പുതിയൊരു പാർവതി ആയി ജീവിക്കാൻ ആ മനുഷ്യന്റെ പ്രണയം ധാരാളമാണ് ആദി..ആദിത്യൻ എന്ന പേര് പോലും ഇനി ഈ ജന്മത്തിലോ വരാനിരിക്കുന്ന ജന്മത്തിലോ ഒരിക്കൽ പോലും പാർവതിയുടെ ഓർമ്മകളിൽ തെളിയില്ല…എന്റെ പ്രണയത്തിനു ഒരേ ഒരു അവകാശി അത് കൈലാസ് രുദ്രൻ മാത്രമായിരിക്കും… ആ പേര് മാത്രം….”

അവസാനം പറഞ്ഞ വാക്കുകൾ അത്രമേൽ തീവ്രമായിട്ടായിരുന്നു പാർവതി പറഞ്ഞത്..

പാർവതിയുടെ ഓരോ വാക്കുകളിലും താൻ എന്ന ആണ് ഒന്നുമല്ലാതായി തീരുന്നത് സഹിക്കാൻ കഴിയാതെ ആദിയുടെ ഹൃദയം വിങ്ങി പൊട്ടി കുറ്റബോധം കൊണ്ട് അലയടിച്ചുയരുന്ന ഹൃദയത്തോടെ നിന്നിടത്തു തന്നെ ആദി തറഞ്ഞു നിന്നു…..

കണ്ണ് നിറഞ്ഞെങ്കിലും അത്രയും ആദിയോട് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ പാർവ്വതിയുടെ മനസ്സ് ശാന്തമായി… വർഷങ്ങളോളം ഉള്ളിൽ കൊണ്ടുനടന്ന ഒരു തീക്കനൽ കെട്ടടങ്ങിയതിന്റെ നിർവൃതി പാർവതിയുടെ മനസ്സിനെ വലയം ചെയ്തു….

മനസ്സിനെ വലയം ചെയ്ത ആ സന്തോഷത്താൽ പാർവതിയുടെ ചുണ്ടിൽ രുദ്രന് വേണ്ടി മനസ്സറിഞ്ഞ ഒരു പുഞ്ചിരി വിടർന്നു…അതേ പുഞ്ചിരിയോടെ തന്നെ രുദ്രന്റെ അരികിലേക്ക് പാർവതി നടന്നടുത്തു..

” സന്തോഷം കൊണ്ടാണെങ്കിലും സങ്കടം കൊണ്ടാണെങ്കിലും ഈ കണ്ണ് നിറയരുതെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ പെണ്ണേ… ”

നിറഞ്ഞൊഴുകിയ പാർവ്വതിയുടെ കണ്ണുകളെ തുടച്ചുകൊണ്ട് ചുണ്ടിൽ അതേ കള്ളച്ചിരിയോടെ രുദ്രൻ പറഞ്ഞു ….

രുദ്രന്റെ ആ കരുതലിലും സ്നേഹത്തിലും അവനോടുള്ള അടങ്ങാത്ത പ്രണയത്താൽ പാർവതിയുടെ മനസ്സ് നിറഞ്ഞു തുളുമ്പി…

“ഹാ… ബാക്കി വീട്ടിൽ ചെന്നിട്ട് നോക്കിയാ പോരേടി ഭാര്യയേ… ഈ നടുറോട്ടിൽ വെച്ച് മനുഷ്യന്റെ കൺട്രോൾ കളയാതെ വന്നു കേറടി പെണ്ണെ…”

കണ്ണിമ ചിമ്മാതെ നോക്കിനിന്ന പാർവതിയുടെ കാതുകളിൽ രുദ്രന്റെ വാക്കുകൾ എത്തിയപ്പോഴാണ് പാർവ്വതിയ്ക്ക് സ്ഥലകാലബോധം തിരികെ കിട്ടിയത്…ഒരു ചമ്മൽ തോന്നിയെങ്കിലും ആ ചമ്മൽ മറച്ച് പിടിച്ച് രുദ്രന്റെ വയറിനിട്ട് ഒരു കുത്തും കൊടുത്തിട്ട് ചുണ്ടിൽ ഒരു കള്ള ചിരിയോടെ ബൈക്കിനു പിന്നിൽ കയറി…രുദ്രൻ തന്നെ പതിയെ വണ്ടിയിൽ പിടിച്ച പാർവതിയുടെ കൈ എടുത്ത് വയറിൽ ചുറ്റി പിടിപ്പിച്ചു…ഒരു ചെറു ചിരിയോടെ രുദ്രനിലേയ്ക്ക് പാർവതി ചേർന്നു ഇരുന്നു…

തന്റെ പ്രണയത്തോടൊപ്പം ആണെങ്കിൽ ഏതൊരു ചെറിയ നിമിഷങ്ങളും പൂർണ്ണമാണ്.. അത്രമേൽ ആർദ്രമാണ്. ആ നിമിഷങ്ങൾ മനസ്സിന് നൽകുന്ന അനുഭൂതി വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാറില്ല…

വീട്ടിൽ ചെന്നപ്പോഴും ആദിയോട് പറഞ്ഞ കാര്യങ്ങളെ പറ്റി ചിന്തയിലായിരുന്നു .. അത് കൊണ്ട് തന്നെ നേരെ മുറിയിലേയ്ക്ക് ചെന്ന് ടേബിളിൽ പ്രസാദം വച്ച് ജനലിലൂടെ പുറത്തേയ്ക്ക് കണ്ണുകൾ പായിച്ചു ചിന്തിച്ചു നിന്നു…

പറഞ്ഞ ഓരോ വാക്കുകളും വർഷങ്ങളോളം മനസ്സിൽ കുന്നുകൂടി കിടന്നതാണ്… തന്റെ പ്രണയത്തെ യാതൊരു വിലയും കൽപ്പിക്കാതെ വലിച്ചെറിഞ്ഞവനോട്‌   ഒരിക്കലെങ്കിലും മുഖത്തുനോക്കി എല്ലാം പറഞ്ഞു മനസ്സിന്റെ തിരയിളക്കം അവസാനിപ്പിക്കണമെന്ന് കരുതിയതാണ്… ഇന്നത് സാധിച്ചതിൽ ഒരുപാട് സന്തോഷത്തോടെ വേദനകൾ മാത്രം സമ്മാനിച്ച ആ പ്രണയത്തെ മറവിയുടെ അടിത്തട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു … ഒരു നിമിഷം ശ്വാസം വലിച്ചെടുത്തു കണ്ണുകളടച്ച് അങ്ങനെ നിന്നു

മുറിയിലേയ്ക്ക് കയറി വന്നപ്പോൾ ആലോചനയോടെ നിൽക്കുന്ന പാർവതി കണ്ട് ചുണ്ടിൽ അതേ കള്ള ചിരിയോടെ വന്നു രണ്ടു കൈ കൊണ്ടും പിറകിലൂടെ പാർവ്വതിയുടെ വയറിനെ ചുറ്റിപ്പിടിച്ച് തന്റെ ശരീരത്തിലേക്ക് ചേർത്തു നിർത്തി താടി തുമ്പു കഴുത്തിടുകിലേയ്ക്ക് പൂഴ്ത്തി വെച്ച് രുദ്രൻ നിന്നു…

“ഇതുവരെ ആലോചന കഴിഞ്ഞില്ലേ പെണ്ണേ…”

ചെവിക്കരുകിൽ രുദ്രന്റെ നിശ്വാസം പതിഞ്ഞപ്പോഴേക്കും പാർവതിയുടെ ഹൃദയം പ്രണയത്താൽ അലഅടിച്ചു തുടങ്ങി… ആ പ്രണയം ഒരു പുഞ്ചിരിയായി പാർവതിയുടെ ചുണ്ടിൽ വിരിയുകയും ചെയ്തു.

കുറെ നേരം കഴിഞ്ഞിട്ടും തിരിച്ച് പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ട് രുദ്രൻ പതിയെ പാർവതിയെ തന്നിൽ നിന്നു അടർത്തി മുഖത്തിന് അഭിമുഖമായി തിരിച്ചു നിർത്തി ചൂണ്ട് വിരൽ കൊണ്ട് പാർവതിയുടെ മുഖം രുദ്രന്റെ മുഖത്തിന് നേരെ ഉയർത്തി പിടിച്ചു….

” കുറച്ചു ദിവസത്തിന് മുമ്പ് തന്നെ ആദിയെ ഞാൻ കണ്ടിരുന്നു… ആദിത്യൻ അറിയുന്നില്ലെങ്കിലും അവന്റെ ഉള്ളിൽ ഇന്ന് ഒരു നഷ്ട്ടബോധം ഉണ്ട് അത് കൊണ്ട് . ഉടനെ തന്നെ അവൻ തന്റെ മുന്നിൽ എത്തുമെന്ന് എനിക്കറിയാമായിരുന്നു .

തന്നെ വിഷമിപ്പിക്കേണ്ടാന്ന് കരുതിയാണ് അവനെ കണ്ട കാര്യം പറയാതിരുന്നത് … പിന്നെ ഇന്ന് ഓരോന്നും എണ്ണി പെറുക്കി പറഞ്ഞു ഈ മനസ്സ് കലങ്ങി തെളിയട്ടെന്ന് കരുതി തന്നെയാ അവനോട് സംസാരിക്കാൻ അനുവദിച്ചത്… ഇല്ലെങ്കിൽ എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ പങ്ക് ചേർന്നതിനു രണ്ടെണ്ണം അവനിട്ടു ഞാൻ കൊടുത്തേന്നേ..

( “അത് ഉടനെ കൊടുക്കുന്നുണ്ട്.. ” രുദ്രൻ അത് മനസ്സിൽ പറഞ്ഞു…) ആദിത്യനെ കണ്ട കാര്യം പറയാതെ ഇരുന്നതിൽ തനിക്ക് ദേഷ്യം ഉണ്ടോ…

ഞാൻ…സോ…”

പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ രുദ്രന്റെ വായ പാർവതി പൊത്തിപ്പിടിച്ചു…

“വേണ്ട.. ഇനി ഒന്നും വേണ്ട രുദ്രട്ടാൻ എന്നോട് സോറി പറയരുത്… അത് എനിക്ക് സഹിക്കില്ല…

ആദിയെ പറ്റി എന്നോട് പറയാതിരുന്നതിൽ എനിക്ക് വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്…

പക്ഷേ അത് വർഷങ്ങളായി ആ മുഖത്ത് നോക്കി പറയേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു അത് പറയാൻ വൈകിയല്ലോന്ന് ഓർത്തു ഉള്ള വിഷമാ… സാരമില്ല.. ഇന്ന് എല്ലാം പറഞ്ഞവസാനിപ്പിച്ചു ആദിത്യൻ എന്ന വിഷത്തിന്റെ മുഖത്തു നോക്കി പറഞ്ഞതിന്റെയാ സന്തോഷമാ രുദ്രേട്ടാ എന്റെ ഈ കണ്ണീര് പോലും….”

പാർവതിയുടെ വാക്കുകൾ കേട്ട് അവളെ ഒന്ന് ആശ്വസിപ്പിക്കാനായി ചുണ്ടിൽ ഒരു ചിരിയോടെ പാർവതിയുടെ തലയിലൂടെ രുദ്രൻ പതിയെ തലോടി…

“പക്ഷെ ഒരു കാര്യത്തിൽ ആദിയോട് എനിക്ക് നന്ദിയുണ്ട്…”

പാർവതിയോട് എന്തെന്ന് അർത്ഥത്തിൽ രുദ്രൻ പുരികമുയർത്തി ചോദിച്ചു..

“അത്… ആദി ഇങ്ങനെ ഒരു വഞ്ചന കാണിച്ചത് കൊണ്ടല്ലേ എനിക്ക് ഈ പ്രണയത്തെ കിട്ടിയത്… ഞാനേറ്റവും സുരക്ഷിതമായി ഈ ഭൂമിയിൽ ജീവിക്കുന്നത്… ഈ നെഞ്ചിൽ നിന്നല്ലേ എന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചത്….ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ഇല്ലാതായെന്നെ..”

അത്രയും പറഞ്ഞപ്പോഴേക്കും പാർവതിയുടെ കണ്ണുകളും ഹൃദയവും രുദ്രനോടുള്ള പ്രണയത്താൽ നിറഞ്ഞൊഴുകി…

പാർവതിയുടെ നാവിൽ നിന്ന് കേട്ട വാക്കുകൾ രുദ്രന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു.. അവളുടെ ഓരോ വാക്കുകളിൽ നിന്നും താൻ എത്രമേൽ അവളുടെ ഹൃദയത്തിൽ പ്രാണനിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് രുദ്രൻ മനസ്സിലാക്കുവായിരുന്നു…

പ്രാണനോളം താൻ ചേർത്തു പിടിച്ചതിനേക്കാൾ ആഴത്തിൽ തന്നെ പാർവതി ചേർത്തണച്ചിണ്ടല്ലോനുള്ള നിർവൃതിയിൽ പാർവതിയുടെ നെറുകയിൽ ചുണ്ടുകൾ ചേർത്ത് തന്നിലേയ്ക്ക് അണച്ചു പിടിച്ചു…

അത്രമേൽ ശാന്തമായി പ്രണയാർദ്രമായി കണ്ണുകൾ അടച്ച് രണ്ടുകൈകൊണ്ടും രുദ്രനെ വട്ടം ചുറ്റിപ്പിടിച്ച് രുദ്രന്റെ നെഞ്ചിലേയ്ക്ക് ഒരു കൊച്ചു കുഞ്ഞിനെ പോലെ പാർവതി കുറുകി ചേർന്നു …

കുറച്ചുനേരം അങ്ങനെ നിന്നതിനുശേഷം പാർവതി പതിയെ തലയുയർത്തി രുദ്രന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചതിനുശേഷം ഷർട്ടിന്റെ ബട്ടൻസ് അഴിച്ച്

വർഷങ്ങൾക്കു മുൻപ് ഭ്രാന്തിന്റെ മൂർധന്യാവസ്ഥയിൽ രുദ്രന്റെ ശരീരത്തിൽ ഇന്നും അവശേഷിക്കുന്ന താൻ ഏൽപ്പിച്ച നഖക്ഷതങ്ങളുടെ പാടുകളിലൂടെ തന്റെ കൈവിരലുകൾ പതിയെ ഓടിച്ചു…

എത്രത്തോളം രുദ്രൻ പാർവതിയെ തന്നിലേയ്ക്ക് ചേർത്തനച്ചിട്ടുണ്ടെ ന്നുള്ളതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ പാടുകൾ ആ ഒരു ഓർമ്മയിൽ പാർവതി സ്വയം മറന്ന് ആ നെഞ്ചിൽ അഭയം പ്രാപിച്ചു…

യാതൊന്നും പ്രതീക്ഷിക്കാതെ അലറി വിളിച്ചു കൊണ്ടിരുന്ന ഒരു ഭ്രാന്തി പെണ്ണിനെ ചേർത്തുപിടിച്ച ആ നെഞ്ചിനോട് തോന്നിയ അടങ്ങാത്ത പ്രണയത്താൽ രുദ്രന്റെ നെഞ്ചിൽ ചുണ്ടുകൾ അമർത്തി ഒരിക്കലും അസ്തമിക്കാത്ത യഥാർത്ഥ പ്രണയചൂടിലേക്ക് പാർവതി ചേർന്ന് നിന്നു…

ഓർമ്മകളുടെ വേലിയേറ്റത്തിനൊപ്പം തന്നോടുള്ള പ്രണയത്താൽ അലയടിച്ചുയരുന്ന പാർവതിയുടെ മനസ്സിനെ മനസ്സിലാക്കി ഒരിക്കൽ ഹൃദയത്തിൽ ചേക്കേറിയവളോടുള്ള.. സ്വന്തമായി ലഭിക്കുമെന്ന് യാതൊരു ഉറപ്പും ഉണ്ടാകാതിരുന്നിട്ടും അവളെ മാത്രം മനസ്സിൽ ധ്യാനിച്ചു കൊണ്ട് നടന്ന ,

അവൾ ഒരു ഭ്രാന്തിയായി മാറി എന്ന് അറിഞ്ഞിട്ടും വിട്ടു കൊടുക്കാൻ കഴിയാതെ ആരെയും വകവയ്ക്കാതെ ഒരു താലി ചരടിൽ കൂടെ കൂട്ടി ഇന്നീ നിമിഷം വരെ..താൻ അവളെ പ്രണയിച്ചിരുന്നു എന്നോ… തന്നിൽ ജീവൻ ഉള്ളടത്തോളം കാലം ഭ്രാന്തമായി തന്നെ പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്ന് പറയാതെ പാർവതിയെ പ്രണയിച്ച് കൊണ്ടിരിക്കുന്ന രുദ്രന്റെ മനസ്സിനെ പറ്റി ചിന്തിച്ചപ്പോൾ രുദ്രൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… അതേ പുഞ്ചിരിയോടെ തന്നെ പാർവതിയുടെ നെറുകയിൽ രുദ്രൻ തന്റെ ചുണ്ടുകൾ ചേർത്തു…

“മം… എല്ലാം ഒരു ദുസ്വപ്നമായി മറന്നേക്ക് പെണ്ണേ…എല്ലാം ഇന്ന് അവസാനിച്ചു..

പിന്നെ.. അതൊക്കെ വിട്ടേ… ഇന്നേ എന്റെ പിറന്നാൾ ആയിട്ട് എന്റെ പെണ്ണിന്റെ വക എനിക്ക് കിട്ടാനുള്ള പിറന്നാൾ സമ്മാനം കിട്ടിയില്ല…”

ഇത്തിരി പരിഭവത്തോടെ പറയുന്ന രുദ്രന്റെ വാക്കുകൾ കേട്ട് ഒരു പുഞ്ചിരിയോടെ രുദ്രന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി രുദ്രന്റെ മുഖത്താകെ പാർവതി തന്റെ ചുണ്ടുകൾ ചേർത്തു…

“ആഹാ.. ഒരു പാൽപായസം . ചോദിച്ചപ്പോ സദ്യ തന്നെ തന്നല്ലോ എന്റെ പെണ്ണ് …”

പാർവ്വതിയെ തന്നിലേക്ക് ഒന്നുകൂടി ചേർത്തുപിടിച്ച് മീശ ഒന്ന് പിരിച്ച് ഇത്തിരി കുറുമ്പുബോടെ ചുണ്ടിൽ ഒരു കള്ള ചിരിയോടെ രുദ്രൻ പറഞ്ഞു…

“ആണോ… എന്നാ ഈ പിറന്നാളിന് മറ്റൊരു സമ്മാനം കൂടിയുണ്ട്…”

ഇനി എന്താണെന്നറിയാതെ പാർവതിയുടെ മുഖത്തേയ്ക്ക് രുദ്രൻ ഉറ്റു നോക്കി…

രുദ്രന്റെ നോട്ടം കണ്ടു രക്ത വർണ്ണമായ് മുഖത്തോടെ വയറിൽ നിന്ന് സാരി തുമ്പു മാറ്റി തന്നെ ചുറ്റി പിടിച്ച രുദ്രന്റെ ഒരു കൈ അയച്ച് തന്റെ വയറിലേയ്ക്ക് പാർവതി ചേർത്ത് വെച്ചു..

താൻ ഒരു അച്ഛനാകാൻ പോവാനുള്ള സന്തോഷത്തിൽ മതിമറന്ന് ഈറൻ കണ്ണുകളോടെ പാർവതിയുടെ മുഖത്താകെ ചുംബനങ്ങൾ തീർത്ത് ഒരു കൈ പാർവതിയുടെ വയറ്റിലും മറു കൈ കൊണ്ടും പാർവതിയെയും തന്നിലേയ്ക്ക് വീണ്ടും ചേർത്തണച്ചു…അത്രമേൽ പ്രണയാർദ്രമായി…

രുദ്രൻ എന്ന തന്റെ യഥാർത്ഥ പ്രണയത്തിലേയ്ക്ക് അതിന്റെ എല്ലാ പൂർണതയോടെയും ഈ ജന്മവും വരാനിരിക്കുന്ന ജന്മവും ഈ പ്രണയത്തിൽ തന്നെ അലിയിച്ചു ചേർക്കണമെന്ന മനസ്സിന്റെ വെമ്പലോടെ ആത്മാവിനോളം ആഴത്തിൽ തന്നിൽ വേരുന്നി ആളി പടർന്ന പ്രണയത്തിനെ തിരികെ പ്രണയിച്ചു കൊണ്ട് ആത്മാവിനാലും ശരീരത്താലും പ്രണയിച്ചു കൊണ്ട് രുദ്രനിലേയ്ക്ക് പാർവതി അലിഞ്ഞു ചേർന്നു…

“അതേ .. രുദ്രേട്ടാ ഞാനറിയുന്നുണ്ട്.. വസന്തം വേദനകൾ മാത്രം നൽകി എന്നിൽ നിന്നകന്നത് ഒന്നിന് വേണ്ടി മാത്രമാണ്… എന്നെ ഈ നെഞ്ചിലെ പ്രണയത്തിൽ അലിയാൻ …

നിന്നിൽ അലിയാൻ…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Libi Sebastian