ചെറുപ്പത്തിലേ തന്നെ വിധവയാകേണ്ടി വന്ന അവൾ, തന്റെ നേരെ നീണ്ട് വന്ന കഴുകൻ കണ്ണുകളെ…

രചന : സജി തൈപ്പറമ്പ്.

ഡാ ചെക്കാ.. മൂട്ടിൽ വെയിലൊറിക്കുന്നത് വരെ മാറികിടന്നോണം കെട്ടോ?

ദേ ഞാനിപ്പോൾ ഒരുങ്ങിക്കഴിയും, അതിനുള്ളിൽ നീ റെഡിയായില്ലെങ്കിൽ, ഞാനൊറ്റയ്ക്കങ്ങ് പോകും പറഞ്ഞേക്കാം

നേരം പരപരാ വെളുക്കുന്നതേയുള്ളുവെങ്കിലും ,

മൂടിപ്പുതച്ചുറങ്ങുന്ന മകനെ സുഖസുഷുപ്തിയിൽ നിന്നും ,തട്ടിയുണർത്തിയിട്ടാണ്

അന്ന, അടുക്കളയിലേക്ക് നീങ്ങിയത്.

ഇന്ന് രണ്ട് പേരും കൂടി , ടൂറ് പോകാൻ പ്ളാൻ ചെയ്തിരിക്കുന്നത്, ഇടയ്ക്കൽ ഗുഹയിലേക്കാണ്,

ചരിത്രമുറങ്ങുന്ന വയനാടൻ ചുരം കയറി, ചെങ്കുത്തായ മലനിരകളിൽ, അപ്പൂപ്പൻ താടി പോലെ പാറി നടക്കുന്നത് സ്വപ്നം കണ്ട് കൊണ്ടാണ്,

വെളുപ്പിന് നാല് മണിക്കടിച്ച അലാറം കേട്ട്, അന്നറോസ് ഉണർന്നത് .

രണ്ട് പേർക്കും കഴിക്കാനുള്ള ഭക്ഷണം തയാറാക്കിയതിന് ശേഷമാണ്,

ഇരുപത്തിയൊന്ന്കാരനായ, ജോൺ കെന്നഡി എന്ന ജോയെ അവൾ ഉറക്കമുണർത്തിയത് .

ചെറുപ്പത്തിലേ തന്നെ വിധവയായ അന്നയ്ക്ക്, ജോ വെറുമൊരു മകൻ മാത്രമായിരുന്നില്ല ഏറ്റവുമടുത്ത ഒരു ഫ്രണ്ട് കൂടിയായിരുന്നു .

ജോക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ്, അന്നയ്ക്ക് തൻ്റെ ഭർത്താവിനെ നഷ്ടപ്പെടുന്നത്.

അതോടെ ഒറ്റപ്പെട്ടു പോയ അവൾക്ക് ,ജീവിക്കാനുള്ള പ്രചോദനം നല്കിയത് ,ജോയെ കുറിച്ചുള്ള ആശങ്ക ഒന്ന് മാത്രമായിരുന്നു.

തന്നെയൊന്ന് സപ്പോർട്ട് ചെയ്യാൻ, പിന്നിലാരുമില്ലെന്ന തിരിച്ചറിവാണ്, വിധവയായതിന് ശേഷം തൻ്റെ നേരെ നീണ്ട് വന്ന കഴുകൻ കണ്ണുകളെയും, കടന്നാക്രമണങ്ങളെയും പൊരുതി തോല്പിക്കാൻ,

അവളെ കരുത്തയാക്കിയത്.

അമ്മാ.. സെറ്റ്വറെടുത്തായിരുന്നോ ?

ഉൾകാട്ടിലേക്ക് കയറുമ്പോൾ തണുപ്പ് അസഹ്യമായിരിക്കും

സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് റോഡിലേക്കിറക്കി നിർത്തിയിട്ട് ജോ, അന്നയോടാരാഞ്ഞു .

ഒന്ന് പോടാ ചെറുക്കാ … സെറ്റ്വറ് പുതയ്ക്കാനുള്ള പ്രായമൊന്നും എനിക്കായിട്ടില്ല, വേണമെങ്കിൽ നിനക്കൊരെണ്ണമെടുത്ത് തരാം

അവൾ മകനെ പരിഹസിച്ച് കൊണ്ട് പറഞ്ഞു.

ഓഹ് ഇയാള് വലിയ ഫുലൻ ദേവിയല്ലേ ? ചുമ്മാ അവിടെ നിന്ന് തള്ളാതെ, വേഗം വന്ന് വണ്ടിയിലോട്ട് കയറമ്മാ …

തെല്ല് നീരസത്തോടെ , ജോ പറഞ്ഞത് കേട്ട്, ഒരു ചിരിയോടെ അന്ന ,സ്കൂട്ടറിൻ്റെ പിന്നിലേക്ക് കയറി.

അടിവാരത്ത് നിന്ന് ചുരം കയറുമ്പോൾ, കുളിർകാറ്റേറ്റ് അന്നയുടെ ശരീരം മരവിച്ച് തുടങ്ങിയിരുന്നു,

ലക്കിടിയിലെ വ്യൂ പോയിൻ്റിലെത്തിയപ്പോൾ , അന്നയുടെ നിർദ്ദേശപ്രകാരം, ജോ ,സ്കൂട്ടർ സൈഡിലേക്കൊതുക്കി നിർത്തി .

തട്ട് കടയിൽ ചെന്ന്, ജോ, രണ്ട് മീഡിയം ചായയ്ക്ക് ഓർഡർ കൊടുക്കുന്ന സമയത്ത് ,തണുത്ത പിശറൻ കാറ്റിൽ നിന്നും മോചിതയാകാൻ, അന്ന ,കടയുടെ പുറകിലേക്ക് ഒതുങ്ങി നിന്നു .

അമ്മാ.. ഇവിടെ നിന്ന് നമുക്കൊരു റീൽസ് ചെയ്താലോ?

ഓഹ്, വൈ നോട്ട്?

എങ്കിൽ വാ ,

ചൂടോടെ കടക്കാരൻ കൊടുത്ത ചായ ,കാറ്റ് കൊണ്ട് വളരെ വേഗം തണുത്തതിനാൽ പെട്ടെന്ന് കുടിച്ച് തീർത്ത് ഗ്ളാസ്സ് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചിട്ട് ,അന്ന , ജോ, ഓൺ ചെയ്ത മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ, റീൽസിനായി ഒരുങ്ങി.

ഓഹ് ദേ ,നെറ്റ് ഓൺ ചെയ്തില്ല അതിന് മുന്നേ മെസ്സേജുകൾ വരാൻ തുടങ്ങി ,

അമ്മയ്ക്കിതിന് മാത്രം ആരാധകരുണ്ടോ അമ്മാ ?

അമർഷത്തോടെ ജോ ചോദിച്ചു .

ആരാധകരല്ലടാ, ആഭാസൻമാരെന്ന് പറയ്

പലരുടെയും പ്രൊഫൈൽ പരിശോധിച്ചിട്ടാണ് ,

വരുന്ന ഫ്രണ്ട് റിക്വസ്റ്റിൽ നിന്നും, ഡീസൻ്റായി തോന്നുന്ന കുറച്ച് പേരെ മാത്രം കൺഫോം ചെയ്യുന്നത്, പക്ഷേ ,അത് കഴിയുമ്പോഴാണ് ഇവൻമാരുടെ തനിക്കൊണം പുറത്ത് വരുന്നത്

പിന്നെ രാവിലെയും വൈകിട്ടും ഗുഡ് മോർണിങ്ങിലും ഗുഡ് നൈറ്റിലും തുടങ്ങി ,അവസാനം ചെന്ന് നില്ക്കുന്നത് പ്രൊപ്പോസിലിലാണ് ,ബ്ലോക്ക് ചെയ്ത് ചെയ്ത് ഞാൻ മടുത്തു ,ഇനി വരുന്നവൻമാര് കുറെ കഴിയുമ്പോൾ താനേ മടുത്ത് പോയ്ക്കൊള്ളും

ഓകെ അമ്മാ.. ക്യാമറാ റെഡി ,ആക്ഷൻ …

മകൻ്റെ നിർദ്ദേശം കിട്ടിയതും അന്ന, മൊബൈലിൽ നിന്നൊഴുകി വന്ന സംഗീതത്തിനൊപ്പം നൃത്തം ചെയ്തു.

ജോ അമ്മയുടെ ഫെയ്സിലേക്ക് ക്യാമറ ഫോക്കസ്സ് ചെയ്യുമ്പോഴാണ് മെസ്സഞ്ചറിൽ വീഡിയോ കോൾ വരുന്നത്

നാശം പിടിക്കാൻ ആരാണമ്മാ.. ഈ ജീവൻ പോൾ?, അയാളെന്തിനാ ചുമ്മാ ഡിസ്റ്റർബ് ചെയ്യുന്നത്? അയാളെ അമ്മയ്ക്ക് ബ്ലോക്ക് ചെയ്തൂടെ? നോൺസെൻസ്..

എൻ്റെ ജോ, അയാളെ ഞാൻ ഒന്ന് രണ്ട് പ്രാവശ്യം ബ്ളോക്കിയതാണ് ,ഇതിന് മുമ്പ് പോൾ ദിനകറും,

പോൾ ജോൺസണുമൊക്കെയായിട്ടായിരുന്നു വന്നിരുന്നത് ,നീയത് വിട്ട് കള ,നമുക്കിനി മലമുകളിലെത്തിയിട്ട് വേറെ റീല് ചെയ്യാം ,

എന്നാൽ പിന്നെ അമ്മ വണ്ടിയിലോട്ട് കയറ് നമുക്ക് പോകാം

അവർ വീണ്ടും ഇരുവശവും അഗാധഗർത്തങ്ങൾ നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ യാത്ര തുടർന്നു .

❤❤❤❤❤❤❤❤❤❤❤

അമ്മാ…

ഉം …

അമ്മോ…

എന്താടാ ചെറുക്കാ…

ഒരുമാതിരി തെണ്ടി പിള്ളേരെ പോലെ, എപ്പോഴും അമ്മാ… അമ്മാ.. എന്ന് വിളിച്ചോണ്ടിരിക്കുന്നത് ?

ഇന്നത്തെ യാത്ര അടിപൊളി അല്ലായിരുന്നോ അമ്മ? ഞാൻ ശരിക്കും എൻജോയ് ചെയ്തു,

നമുക്കിങ്ങനെ എപ്പോഴും ഓരോ സ്ഥലങ്ങിലേക്കും യാത്ര ചെയ്യണം ,ആദ്യം കേരളം മുഴുവ അത് കഴിഞ്ഞ് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും കറങ്ങണം

അങ്ങനെയങ്ങനെ മരിക്കുന്നതിന് മുമ്പ്, നമുക്ക് ലോകം മുഴുവൻ ചുറ്റിക്കാണണം, കെട്ടോ അമ്മാ..?

രാത്രിയിൽ ,മൊബൈലിൽ കണ്ണ് നട്ടിരിക്കുന്ന ,അന്നയുടെ മടിയിൽ കിടന്ന് കൊണ്ട് ജോ കൗതുകത്തോടെ ചോദിച്ചു .

ഉം നിൻ്റെ ആഗ്രഹമൊക്കെ കൊള്ളാം,പക്ഷേ ഇതൊക്കെ കുറച്ച് നാളുകൾ കൂടിയല്ലേ ഉണ്ടാവൂ,

കൂടി വന്നാൽ ഒരഞ്ചാറ് വർഷം കൂടി, അത് കഴിയുമ്പോൾ, നിൻ്റെ കല്യാണം കഴിഞ്ഞ് ,നീ പിന്നെ നിൻ്റെ കെട്ട്യോളുമായിട്ടായിരിക്കുമല്ലോ ? കറങ്ങാൻ പോകുന്നത് ?

അന്ന ചിരിയോടെ പറഞ്ഞു

അതിന് ഞാൻ കല്യാണം കഴിച്ചാലല്ലേ ?

എൻ്റെ അമ്മാ …നമ്മൾ രണ്ടുപേരുമിപ്പോൾ, എത്ര സന്തോഷത്തിലാണ് കഴിയുന്നത് ?അതിനിടയിലേക്ക് മൂന്നാമതൊരാൾ ,

ഹോ! എനിക്ക് ചിന്തിക്കാൻ കൂടിവയ്യാ ..

ഹ ഹ ഹ ,എടാ മോനേ ..ഇതൊക്കെ പണ്ട് ഞാനും എൻ്റെ മമ്മയോടും, പപ്പയോടും പറഞ്ഞിട്ടുള്ളതാണ് , കാരണം ആ പ്രായത്തിൽ എനിക്ക് അവരായിരുന്നു ഏറ്റവും വലുത് , പക്ഷേ നിൻ്റെ പപ്പ വന്ന് കുറെ പഞ്ചാര വാക്കുകൾ പറഞ്ഞെന്നെ മയക്കിയപ്പോൾ, ഞാനെൻ്റെ അപ്പനെയും അമ്മയെയും മറന്നില്ലേ? അത്രേയുള്ളു,

ഏത് വലിയ ബന്ധങ്ങളുടെയും ആയുസ്സ്,,

ഇല്ലമ്മാ…ഈ ജോ ,അങ്ങനെ ഏതെങ്കിലും പെമ്പിള്ളേര് വന്ന് ചിരിച്ച് കാണിച്ചാൽ മയങ്ങുന്നയാളല്ല, കാരണം, എനിക്കറിയാം, എൻ്റെ അമ്മയ്ക്ക് ഞാനേ ഉള്ളുവെന്ന്, എൻ്റെ ഓർമ്മ വച്ച കാലം തൊട്ട്, എല്ലാ സുഖങ്ങളും, വേണ്ടെന്ന് വച്ച് പത്തിരുപത്തിയൊന്ന് കൊല്ലങ്ങളായി, എനിക്ക് വേണ്ടി മാത്രം ജീവിച്ച എൻ്റെ അമ്മയാണ് എനിക്ക് വലുത്, അത് കൊണ്ട്, ഞാൻ നിങ്ങളെ വിട്ട് പോകുമൊന്ന് കരുതി, സന്തോഷിക്കണ്ട, കെട്ടോ കിഴവിത്തള്ളേ…?

അതും പറഞ്ഞവൻ ,അന്നയുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു.

ഡാ കുരിപ്പേ… ,കിഴവി നിൻ്റെ അമ്മൂമ്മയാണ് കെട്ടോടാ.. മാങ്ങാത്തലയാ…

അതും പറഞ്ഞ്, അവർ തമ്മിൽ അടിപിടിയായി,ഇതൊക്കെ ആ അമ്മയുടെയും ,മകൻ്റെയും നിത്യജീവിതത്തിലെ സ്ഥിരം കാഴ്ചകളായിരുന്നു.

❤❤❤❤❤❤❤❤❤❤❤

പിറ്റേന്ന് ,ടൗണിലെ ഡാൻസ് സ്കൂളിൽ നിന്നും പ്രാക്ടീസ് കഴിഞ്ഞിറങ്ങുമ്പോൾ , ജോയെ കാത്ത് ഒരാൾ നില്പുണ്ടായിരുന്നു.

ജോൺ കെന്നഡിയല്ലേ?

സ്കൂട്ടറിലേക്ക് കയറി ഇരിക്കുമ്പോഴാണ്, അയാൾ ജോയോട് അങ്ങനെ ചോദിച്ചത്.

അതെ, ആരാ എനിക്ക് മനസ്സിലായില്ല

ഞാൻ പോൾ ദിനകർ, മോന് എന്നെ അറിയില്ല,

പക്ഷേ മോൻ്റെ അമ്മയ്ക്ക് എന്നെ നന്നായി അറിയാം

ഓഹ് അത് ശരി ,അപ്പോൾ നിങ്ങളാണല്ലേ എൻ്റെ അമ്മയെ ചുമ്മാ ഡിസ്റ്റർബ് ചെയ്യുന്ന ജീവൻ പോൾ?

അതെ ,ജോണിൻ്റെ അമ്മ എൻ്റെ യഥാർത്ഥ അക്കൗണ്ട് ബ്ളോക്ക് ചെയ്തത് കൊണ്ടാണ് ,

ഞാനൊരു വ്യാജ പ്രൊഫൈലുണ്ടാക്കിയത് ,

പക്ഷേ, എന്നിട്ടുമവൾ, ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറാവുന്നില്ല

അവളോ ?ഹേ മിസ്റ്റർ, നിങ്ങളെന്തിനാണ് എൻ്റെ അമ്മയെ ഫോളോ ചെയ്യുന്നത് ?നിങ്ങൾക്ക് ഭാര്യയും കുടുംബവുമൊന്നുമില്ലേ?

എൻ്റെ ഭാര്യ മരിച്ച് പോയി പക്ഷേ എനിക്കൊരു മകളുണ്ട് ആ മകളെ എനിക്ക് വേണമെന്ന് പറയാനാണ് ഞാൻ നിൻ്റെ അമ്മയുടെ പിറകെ മാസങ്ങളായി അലയുന്നത്

നിങ്ങളെന്താണീ… പറയുന്നത്? എൻ്റെ അമ്മയ്ക്ക് ഞാനല്ലാതെ വേറാരുമില്ല, നിങ്ങൾക്ക് ആള് തെറ്റിയതാണ്

അല്ല മോനേ… വർഷങ്ങൾക്ക് മുമ്പ് ,തമിഴ്നാട്ടിലെ മണ്ഡപത്തൂരെന്ന ഗ്രാമത്തിൽ ഞാനും എൻ്റെ ഭാര്യയും ഒളിച്ചോടി പോയി താമസിക്കുമ്പോഴാണ് ,

അന്ന് തമിഴ്നാട് പോലീസ് ,ചെയ്യാത്തൊരു കുറ്റത്തിന് ,എന്നെ അറസ്റ്റ് ചെയ്യുന്നതും ,ഞാൻ ജയിലിൽ പോകുന്നതും ,അപ്പോൾ , സ്വന്തക്കാർ ആരുമില്ലാതിരുന്നത് കൊണ്ട്, ഭാര്യയെ ഞാൻ ഹൗസ് ഓണറായിരുന്ന സീതപാട്ടിയെ, ഏല്പിച്ചിട്ടായിരുന്നു, ജയിലേക്ക് പോയത്,

അന്നവൾ പൂർണ്ണ ഗർഭിണിയായിരുന്നു,

മൂന്ന് വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്ത് വരുമ്പോൾ, ഞാനറിയുന്നത്, പ്രസവത്തോടെ എൻ്റെ ഭാര്യ മരിച്ച് പോയെന്നും, അന്ന് ജനിച്ച മകളെ,

എൻ്റെ ഭാര്യ പ്രസവിച്ച സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നൊരു നഴ്സ്, അവർക്ക് പെൺകുട്ടികളില്ലാതിരുന്നത് കൊണ്ട് , എടുത്ത് കൊണ്ട് പോയെന്നുമായിരുന്നു,

അങ്ങനെ ആ ഹോസ്പിറ്റലിൽ ചെന്നന്വേഷിച്ചപ്പോഴാണ്, അന്നത്തെ നഴ്സ്, VRS എടുത്ത്, കേരളത്തിലേക്ക് താമസം മാറി പോയെന്നറിയുന്നത് ,

അങ്ങനെ അവിടെയുണ്ടായിരുന്ന അവരുടെ സഹപ്രവർത്തകരിൽ നിന്നാണ്, എൻ്റെ മകളെയും കൊണ്ട് നാട് വിട്ട ,ആ നഴ്സിൻ്റെ ഫോട്ടോ ഞാൻ സംഘടിപ്പിച്ചത്,

പിന്നെ ,എൻ്റെ ലക്ഷ്യം മുഴുവൻ, അവരെ എങ്ങനെയെങ്കിലും കണ്ടെത്തുക എന്നതായിരുന്നു,

അങ്ങനെയാണ്, ഒരിക്കൽ FB യിൽ ഞാനാ ഫോട്ടോ കാണുന്നത്,

എൻ്റെ കൈയ്യിലുണ്ടായിരുന്ന നഴ്‌സിൻ്റെ ഫോട്ടോയുമായി,

രൂപസാദൃശ്യം തോന്നിയപ്പോൾ മുതലാണ്, ഞാൻ നിൻ്റെ അമ്മയെ ഫോളോ ചെയ്ത് തുടങ്ങിയത്,

നിങ്ങളമ്മയും മകനും, സോഷ്യൽ മീഡിയയിൽ വൈറലായ താരങ്ങളല്ലേ? അത് കൊണ്ടാണ്,

നിന്നെ ഇവിടെ വച്ച് കണ്ടപ്പോൾ, എനിക്ക് പെട്ടെന്ന് മനസ്സിലായത് ,

ഇപ്പോൾ ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരുന്നില്ല,

കാരണം , അതിന് ചില നിയമോപദേശങ്ങളൊക്കെ എനിക്ക് തേടാനുണ്ട്,

പക്ഷേ, താമസിയാതെ ഞാനവിടെയെത്തും ,

അത് നിൻ്റെ അമ്മയോടൊന്ന് പറഞ്ഞേക്ക്,

അത്രയും പറഞ്ഞ്, അയാൾ തൻ്റെ കാറിൽ മടങ്ങിപ്പോയപ്പോഴും, ജോയ്ക്ക് അമ്പരപ്പ് മാറിയിരുന്നില്ല.

❤❤❤❤❤❤❤❤❤

അയാൾ പറഞ്ഞത് സത്യമാണോ അമ്മേ?

അങ്ങനെയെങ്കിൽ ആ പെൺകുട്ടിയെ അമ്മ എന്ത് ചെയ്തു ?

മകൻ്റെ ചോദ്യത്തിന് മുന്നിൽ അന്ന, പതറിപ്പോയി

എന്താ അമ്മാ… ഒന്നും മിണ്ടാത്തത് ? ഞാൻ കരുതിയത്, എനിക്കും അമ്മയ്ക്കുമിടയിൽ ഒരു രഹസ്യവുമില്ലെന്നായിരുന്നു

പക്ഷേ ഇപ്പോൾ അമ്മയുടെ ഈ മൗനം എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു ,ഞാനല്ലാതെ അമ്മയ്ക്ക് മറ്റൊരു അവകാശികൂടി ഉണ്ടെന്നറിയുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ലമ്മാ..

അങ്ങനെയൊരു മകളുണ്ടെങ്കിൽ അയാൾക്ക് കൊടുത്തേര് ,അമ്മയ്ക്ക് ഞാൻ മാത്രം മതിയമ്മാ …

എൻ്റെ അമ്മയെ ഞാനാർക്കും വിട്ട് കൊടുക്കില്ല

മകൻ തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോൾ അന്നയും തേങ്ങിപ്പോയി

ഇല്ല ജോ, ഈ അമ്മയ്ക്കും നിന്നെ മാത്രം മതി ,അത് കൊണ്ട് തന്നെയാണ് വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ ഉൾഗ്രാമത്തിലെ സർക്കാരാശുപത്രിയിലന്ന് അയാളുടെ ഭാര്യ പ്രസവിച്ചതൊരു പെൺകുട്ടിയെ ആയിരുന്നെന്ന് ഞാനും ,ഗൈനക്കോളജിസ്റ്റായ ഡോക്ടറും ചേർന്ന് മറ്റുള്ളവരോട് കളവ് പറഞ്ഞത്,

അത് മറ്റൊന്നും കൊണ്ടായിരുന്നില്ല ,

എനിക്കൊരിക്കലും പ്രസവിക്കാൻ കഴിയില്ലെന്ന്,

എന്നെപ്പോലെ തന്നെ , അന്ന് അയാളുടെ ഭാര്യയുടെ പ്രസവമെടുത്ത ആ ഡോക്ടർക്കുമറിയാമായിരുന്നു

ങ്ഹേ ,അപ്പോൾ അന്നവർ പ്രസവിച്ചത് ആൺകുട്ടിയെ ആയിരുന്നോ?

അവൻ ആകാംക്ഷയോടെ ചോദിച്ചു

അതെ ,ആ ആൺകുട്ടിയാണ് നീ ,നിന്നെ ഞാനാർക്കും വിട്ട് കൊടുക്കില്ല പോരെ? ,മാത്രമല്ല അയാൾക്കാവശ്യം അയാളുടെ മകളെയാണ് ,അത് കൊണ്ട് അയാൾ നിയമപരമായി പോയാലും പരാജയപ്പെട്ട് പോകുകയേ ഉള്ളു,

ഹോ എൻ്റമ്മേ … കുറച്ച് നേരത്തേയ്ക്ക് എൻ്റെ ശ്വാസം തന്നെ നിന്ന് പോകുമെന്ന് തോന്നിപ്പോയി ,ഇപ്പോഴാണ് ഒരു സമാധാനമായത് ,അല്ലമ്മേ.. ഒരു സംശയം ?അന്നത്തെ ആ ഡോക്ടർ, സത്യം തുറന്ന് പറഞ്ഞാലോ ?

അതൊരിക്കലുമുണ്ടാവില്ല കാരണം ,നിനക്ക് മൂന്ന് വയസ്സുള്ളപ്പോൾ മരിച്ച് പോയത് ആ ഡോക്ടറായിരുന്നു ,നീ പപ്പാന്ന് വിളിച്ച നിൻ്റെ അച്ഛനായിരുന്നു അന്നത്തെ ആ ഗൈനക്കോളജിസ്റ്റ്,

ഹോ എൻ്റമ്മേ … ഇതെല്ലാം കേട്ടിട്ട് എൻ്റെ തല കറങ്ങുന്നു,

എനിക്കിതൊന്നും വിശ്വസിക്കാനേ പറ്റുന്നില്ല..

പക്ഷേ നിങ്ങളെൻ്റെ പെറ്റമ്മ തന്നെയാണെന്നാണ്,

ഞാനിപ്പോഴും വിശ്വസിക്കുന്നത്, ബാക്കിയൊക്കെ നമ്മളൊരുമിച്ച് കണ്ടൊരു ദു:സ്വപ്നമാണമ്മേ…

അതേ മോനേ…ഞാൻ നിന്നെ നൊന്ത് പെറ്റ അമ്മ തന്നെയാണ് ,അന്ന് ആ സ്ത്രീ പ്രസവിക്കുമ്പോൾ, അത് കണ്ട് കൊണ്ട് അടുത്ത് നിന്ന, ഞാനും അനുഭവിച്ചത് ,അതേ വേദന തന്നെയായിരുന്നു,

ദേ തള്ളേ ….ചുമ്മാ സെൻ്റിയടിച്ച് കൊളമാക്കല്ലേ?

വാ, വല്ലതും കഴിച്ചിട്ട് കിടന്നുറങ്ങാം, നാളെ ഞായറാഴ്ചയല്ലേ? നേരത്തെ എഴുന്നേറ്റിട്ട് വേണം,

മുള്ളൻകൊല്ലിയിലേക്കുള്ള യാത്ര പോകേണ്ടത്,,

ഒന്ന് പോടാ .. മരത്തവളേ ..

തള്ള നിൻ്റെ കെട്ടിയോളാണ്,,

അവർ പിന്നെയും കലഹം തുടങ്ങി ,അത് പക്ഷേ,

സ്നേഹം കൂടിയത് കൊണ്ടാണെന്ന് മാത്രം ….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ്.