എടി സുലോചനേ നീ അറിഞ്ഞോ, ആ മത്തായി മാഷിന്റെ മകൻ ജോമോനെ പോലീസ് പിടിച്ചെന്ന്….

രചന : SHEROON4S

സേവ് ദ ഡേറ്റ്

❤❤❤❤❤❤❤❤❤

എടി സുലോചനേ നീ അറിഞ്ഞോ !! നമ്മുടെ മേലേപ്പറമ്പിലെ മത്തായി മാഷിന്റെ മോനില്ലേ ജോമോൻ !!! അവനെ പോലീസ് പിടിച്ചെന്ന് …

തൊഴിലുറപ്പിനു തയ്യാറായി വഴിയിലേക്ക് ഇറങ്ങിയ സുലോചനയെ ചൂടുള്ള വാർത്തയുമായി വരവേറ്റത് പരദൂഷണം രമണി ആയിരുന്നു …

ഏതാ രമണി കൊച്ചീല് പരസ്യ കമ്പനി ഉള്ള ചെറുക്കന്റെ കാര്യം ആണോ നീ ഈ പറഞ്ഞു വരുന്നത് ?? സുലോചന തന്റെ സംശയം തീർക്കാനായി രമണിയോട് ചോദിച്ചു …

പിന്നല്ലാതെ !!! ആ വിളഞ്ഞ വിത്തു തന്നെ !!!

അല്ലേലും മത്തായിമാഷിന്‌ പറയാനായി ഡസൻ കണക്കിന് മക്കൾ ഒന്നും ഇല്ലല്ലോ !! ആകെ ആണായും പെണ്ണായും ഈയൊന്നല്ലേ ഒള്ളു !!!

ആ ആലീസിന്റെ കാര്യമാണ് കഷ്ടം !! ഈ ഒരു തല തെറിച്ച ഒന്ന് ഉണ്ടാക്കുന്ന പുകിലു കാരണം എന്നും അവൾക്ക് തലവേദന ആണ് ..രമണി സങ്കടം ഭാവിച്ചു പറഞ്ഞു

ശ്ശെടാ !! ആ ചെക്കന്റെ കല്യാണം ഏതാണ്ട് ഉറച്ചതാണെന്ന് എന്ന് കഴിഞ്ഞ ദിവസം മോള് വിളിച്ചപ്പോൾ കൂടി പറഞ്ഞതാണ് !! എന്റെ പ്രിയ മോളുടെ കൂടെ പഠിച്ച പയ്യനാണ് ഈ ജോമോൻ !!

വളരെ നല്ല പയ്യനായിരുന്നു !! ആ ചെക്കനെ പറ്റി നാട്ടിൽ എല്ലാവർക്കും നല്ല അഭിപ്രായം ആയിരുന്നു

അല്ലേലും തലതിരിയാൻ അ=ധിക സമയം ഒന്നും വേണ്ടല്ലോ ..സുലോചന ഗദ്ഗദത്തോടെ പറഞ്ഞു

രമണി ..എനിക്ക് എന്തോ മനസ്സിന് ഒരു സുഖം തോന്നുന്നില്ല … നീ പൊയ്ക്കോ ഞാൻ ഇന്ന് പണിക്ക് വരുന്നില്ല …സുലോചന പറഞ്ഞു …

എന്റെ സുലു നിനക്ക് എന്തിനാ ഇത്ര വിഷമം ??

ഞാൻ പറഞ്ഞിട്ട് അവന് കുറച്ചു നിഗളിപ്പ് ഉണ്ട്

ആലീസും ഒട്ടും മോശമല്ല … കുമ്പനാട്ടിൽ നിന്നും മോന് അമേരിക്കക്കാരുടെ ആലോചന വന്നപ്പോൾ മുതൽ അവൾ നിലത്തൊനും അല്ല

എന്തായാലും എല്ലാം കഴിഞ്ഞല്ലോ … രമണി വിടാൻ ഭാവമില്ലാത്തപോലെ തുടർന്നു …

നീ പണിക്ക് വന്നില്ലെങ്കിൽ നിന്റെ കുടുംബം പട്ടിണിയിലാകും അത്‌ മറക്കേണ്ട … രമണി പറഞ്ഞു നിറുത്തി …

ഇല്ലടി ഇന്ന് ഇനിയും എനിക്ക് വയ്യ നീ പൊയ്ക്കോ … സുലോചന രമണിയെ പറഞ്ഞുവിട്ടു …

വീട്ടിലേക്ക് തിരികെ നടന്നു ..

രമണിക്ക് പണ്ടേ ആരും നന്നാവുന്നത് ഇഷ്ടമല്ല .

പോരാത്തതിന് ആലീസിനെ തീരെ കണ്ടുകൂടാ

അതിന്റെ കാരണം ആലീസ് ഒരിക്കൽ തന്നോട് പറഞ്ഞതാണ് …

ഒരിക്കൽ മത്തായി മാഷും മാഷിന്റെ കൂടെ സ്കൂളിൽ ഉണ്ടായിരുന്ന ഒരു പാവം വിധവയായ ടീച്ചറിനെയും കൂട്ടി ചേർത്ത് അപവാദം പറഞ്ഞ രമണിയെ വഴിയിൽ തടഞ്ഞു നിറുത്തി നാലാൾ കേൾക്കെ നല്ല വർത്തമാനം പറഞ്ഞു വായടപ്പിച്ചതാണ് ആലീസ് …

അതിന്റെ ചൊരുക്ക് രമണിക്ക് ആലീസിനോട് ഉണ്ട്

ആലീസിനെയും വീട്ടുകാരെയും തരം കിട്ടുമ്പോഴെല്ലാം എന്തേലും ഒക്കെ കെട്ടുകഥ പറഞ്ഞു താറടിക്കുന്ന സ്വഭാവം രമണിക്ക് ഉള്ളത് സുലോചനക്ക് അറിയാം …

വീട്ടിൽ കയറിവന്ന സുലോചനയുടെ മട്ടും ഭാവവും കണ്ടപ്പോൾ ഭർത്താവ് രമേശൻ കാര്യം തിരക്കി

സുലോചന കാര്യങ്ങൾ രമേശനോട് പറഞ്ഞു

ഏയ്‌ , ആ രമണി നിന്നോട് വെല്ല ഏഷണിയും പറഞ്ഞതായിരിക്കും … രമേശൻ സുലോചന പറഞ്ഞ കാര്യം പാടെ നിഷേധിച്ചു …

എന്നാലും സത്യം എന്താണെന്ന് അറിയേണ്ടേ രമേശേട്ടാ ??

ജോമോൻ പോലീസിന്റെ പിടിയിൽ ആയെന്നു നേരായ കാര്യമായിരിക്കുമോ ??

നീ പ്രിയമോളെ വിളിച്ചു ചോദിക്ക് … അവര് രണ്ടാളും അടയും ചക്കരയും അല്ലേ … രമേശൻ പറഞ്ഞു …

മ്മ് , അതെ ,,,പ്രിയയെ തന്നെ വിളിക്കാം …

എന്തേലും ഉണ്ടെങ്കിൽ അവൾ അറിയാതെ ഇരിക്കില്ല

സുലോചന ഫോൺ എടുത്ത് പ്രിയയെ വിളിച്ചു …

ഹഹഹാ എന്റെ അമ്മേ ,, അമ്മയോട് ആരാ കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിച്ചു പറഞ്ഞത് ??? ആ ഏഷണി പിശാചാണോ ??? പ്രിയ ചിരിയോടെ ചോദിച്ചു …

എന്റെ അമ്മേ … അമ്മക്ക് അറിയില്ലേ ജോമോൻ പരസ്യ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് …

ആ മണ്ടൻ ഒരു വറൈറ്റിക്ക് വേണ്ടി അവന്റെ സേവ് ദ ഡേറ്റ് ഒന്ന് ട്രയൽ നോക്കിയതാണ് …

അവൻ മാത്രമല്ല … അവൻ കെട്ടാൻ പോകുന്ന പെണ്ണും ഉണ്ടായിരുന്നു …ആ. പെൺകൊച്ചു ഒന്ന് കൂടി പരിഷ്കരിച്ചു വീഡിയോ എടുക്കാൻ നോക്കിയതാണ് അമ്മേ ….

അതെന്താ മോളെ ഈ പറഞ്ഞ ഡേറ്റ് ?? അമ്മക്ക് മനസ്സിലായില്ല !!!

ഓ ,, അത് എന്റെ അമ്മേ … പണ്ടൊക്കെ നമ്മൾ കല്യാണക്കുറി കൊടുക്കുന്നതിന് പകരമായി …

വധുവരന്മാരുടെ നല്ല കുറച്ചു ഫോട്ടോസ് എടുത്ത് കല്യാണത്തിന്റെ തിയതിയും സമയവും സ്ഥലവും കൂടി ചേർത്ത് എഡിറ്റ് ചെയ്ത് കിട്ടുന്ന ഒരു മോഡിഫൈഡ് ഫോട്ടോ ആണ് …

ഇപ്പോൾ ഫേസ്ബുക്കിലും , വാട്സാപ്പിലും ഇതാണ് കല്യാണകുറിക്ക് പകരം ഷെയർ ചെയുന്നത്

കല്യാണ കുറി പ്രിന്റ് ചെയ്യുന്ന പൈസ ലാഭം ആണ് … ഒന്ന് രണ്ട് നല്ല ഫോട്ടോസിൽ കാര്യം നടക്കുമല്ലോ …

ഓഹോ …അങ്ങനെയൊക്കെ ഉണ്ടല്ലേ ??

സുലോചന ചോദിച്ചു …

ഉവ്വ്‌ അമ്മേ …

പക്ഷെ ഇവിടെ കാര്യം അല്പം കൈ വിട്ട് പോയി

ഏതോ നാട്ടുമ്പുറത്തെ കുളിക്കടവിൽ പോയി ഫോട്ടോ ഷൂട്ട് ചെയ്യാൻ പോയതാണ് …

ഏതാണ്ട് കുളി സീൻ പോലെ ഫോട്ടോ ഷൂട്ട് എടുക്കാൻ പോയാൽ നാട്ടുകാരും സദാചാര പരിഷകളും വെറുതെ വിടുമോ ?? രണ്ടിനെയും കൈയ്യോടെ പൊക്കി പോലീസിൽ ഏല്പിച്ചു …

എല്ലാം വറൈറ്റിയുടെ കാലം അല്ലേ അമ്മേ …

പൊലീസിന് കാര്യം പറഞ്ഞപ്പോൾ ഏതാണ്ട് ബോധ്യമായി … ഒരുവിധത്തിൽ രണ്ടും തടിയൂരി …

ഇപ്പോൾ എന്റെ അടുത്തുണ്ട് … പ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു …

ഹോ ,, എന്റെ മോളേ ആ രമണി ഇത്‌ പറഞ്ഞപ്പോൾ ഞാൻ അങ്ങ് വല്ലാണ്ടായി പോയെന്നേ …

അവൾ പറഞ്ഞു പറഞ്ഞു കല്യാണം വരെ മുടങ്ങി പോകുമെന്ന് അവസ്ഥ വരെ കാര്യങ്ങൾ എത്തിച്ചേനെ ….സുലോചന ഒരു നിശ്വാസത്തോടെ പറഞ്ഞു …

അമ്മേ ഇതിൽ അമ്മ രമണി ചേച്ചിയെ കുറ്റം പറയേണ്ട കാര്യം ഒന്നുമില്ല …പട്ടണത്തിലെ പുതിയ പരിഷ്‌കാരം ഒന്നും നമ്മുടെ ചെറിയ ഗ്രാമത്തിൽ അത്ര പരിചയം ഇല്ലാത്ത കാര്യങ്ങൾ അല്ലേ…

എന്തിന് ഏറെ പറയാൻ …സ്റ്റേജിൽ കയറി പെണ്ണും ചെക്കനും കൂടി ഒന്ന് ഡാൻസ് ചെയ്താൽ ഉടനെ അടക്കവും ഒതുക്കവും ഇല്ലാതെയാണ് ഇവറ്റകളെ വളർത്തിയത് എന്ന പട്ടം ചാർത്തി കൊടുത്തു മൃഷ്ടാനം വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ടു പോകുന്നവർ അല്ലേ ഒട്ടുമിക്ക ആൾക്കാരും …

മ്മ് ശെരി ശെരി … എന്റെ മോള് ഫോൺ വെച്ചേക്ക്‌

സുലോചന ഫോൺ കട്ട് ചെയ്തു..

മോള് എന്താ പറഞ്ഞത് …രമേശൻ ആകാംഷയോടെ ചോദിച്ചു …

ഓഹ് ,, പേടിച്ച പോലെ പ്രശ്നം ഒന്നും ഇല്ലന്നെ

ഏതാണ്ട് ഒരു സേവ് ദ ഡേറ്റ് ആണെന്നാണ് പറഞ്ഞത്… ആർക്ക് അറിയാം എന്ത് പണ്ടാരം ആണെന്ന് … നമ്മുടെ നാട്ടിൽ ഒക്കെ അധികം താമസിക്കാതെ വരുമെന്നാണ് പറഞ്ഞത്

കല്യാണ കുറിക്ക് പകരം ഉള്ള പടം ആണെന്നാണ് മോള് പറഞ്ഞത് …. സുലോചന പറഞ്ഞു …

ആണോ !! എന്നാൽ അത്‌ കൊള്ളാം … നമുക്ക്‌ നമ്മുടെ പ്രിയമോളുടെ കല്യാണത്തിനും എന്നാൽ അത്‌ ഏർപ്പാടാക്കണം … പൈസ എത്രയായാലും കുഴപ്പം ഇല്ല … എല്ലാവരെയും ഞെട്ടിക്കുന്ന ഒന്നായിരിക്കണം …

നിങ്ങളായിട്ട് ആരെയും ഞെട്ടിക്കേണ്ട …

മോള് പറഞ്ഞത് കേട്ടപ്പോഴേ ഞാൻ ഞെട്ടി ഇരിക്കുകയാണ്

ഓരോരോ കോപ്രായങ്ങൾ അല്ലാതെ എന്ത് പറയാൻ …

( ഒരു സേവ് ദ ഡേറ്റ് അപാരതയിൽ നിന്നും ചീന്തി എടുത്ത ഒരു ഏട്… പല നാട്ടുമ്പുറത്തും കേട്ട് കേൾവി ഇല്ലാത്ത ഒന്നാണ് Save the date എന്ന് അറിയാൻ കഴിഞ്ഞത് കൊണ്ട് എന്റെ എളിയ ഭാവനയിൽ എഴുതിയ ഒരു കുറിപ്പ് )

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : SHEROON4S