സംഗമം, തുടർക്കഥയുടെ പതിനൊന്നാം ഭാഗം വായിക്കുക…

രചന : ഭാഗ്യ ലക്ഷ്മി

അലക്സി സങ്കടത്തോടെ അല്ലി പോയ വഴിയേ നോക്കി നിന്നു… പോകും മുൻപ് ഒരു നോട്ടം കൊണ്ട് പോലും അവൾ കടാക്ഷിക്കാഞ്ഞത് അവനിൽ നിരാശ നിറച്ചു….

അസ്വസ്ഥമായ മനസ്സോടെയവൻ സമയം തള്ളി നീക്കി…. അല്ലിയെ പറ്റി ഓർക്കുമ്പോൾ ഉള്ളിൽ ഉരുണ്ടു കൂടുന്ന വികാരം പ്രണയമാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ പോലെ…!! അവളെ കാണാതെ ശ്വാസം വിലങ്ങുന്ന പോലെ തോന്നി….

അവൾ തന്നോടൊപ്പം ഇല്ലെന്ന് വിശ്വസിക്കാൻ പറ്റാത്ത പോലെ….!!

സമയം രാത്രിയായതും അലക്സി ഉറക്കം വരാതെ കൈവരികളിൽ ഇറുകെ പിടിച്ച് ബാൽക്കണിയിൽ നിന്നു… മനസ്സാകെ അല്ലിയുടെ മുഖം മാത്രം…

അവളുടെ നോട്ടവും ഭാവവും ചിരിയുമൊക്കെ അവൻ്റെ ഉള്ളത്തെ ഇതിനോടകം അടിമപ്പെടുത്തിയിരുന്നു….

“കണ്ടോടാ കണ്ടോ അവള് നിന്നെ പുല്ല് പോലെ വേണ്ടാന്ന് വെച്ചിട്ട് പോയത്…?എന്തൊക്കെയായിരുന്നു… അവളുടെ മനസ്സ് മാറാൻ സമയം കൊടുത്തോണ്ടിരുന്നതാ അവൻ… എന്നിട്ടവസാനം ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ കറിവേപ്പില പോലെ അവൾ നിന്നെ ഇട്ടിട്ട് പോയത് കണ്ടില്ലേ….?”

അല്ക്സിയുടെ അവസ്ഥ കണ്ടതും വരുൺ കോപത്തോടെ പറഞ്ഞു…

“ഇത്ര വിഷമം ഉണ്ടെങ്കിൽ നീ ഉടനെ കയറി സമ്മതിച്ചതെന്തിനാ..? അല്ലിയെ വിടാൻ പറ്റില്ലെന്ന് പറഞ്ഞൂടായിരുന്നോ…?”

മെറിൻ ചോദിച്ചു….

“ഞാനെങ്ങനെ വിടാൻ പറ്റില്ലെന്ന് പറയും…? അവളുടെ സഹോദരൻ അല്ലേ അത്…? അയാളേക്കാൾ എന്തവകാശമാണ് എനിക്കവളിൽ..?”

“അവകാശം നീ ഉണ്ടാക്കണമായിരുന്നു…

എന്നാൽ നീ മനപ്പൂർവ്വം അവളിൽ നിന്നും ഒഴിഞ്ഞ് മാറി… ഇത്രേം നാളും മാറ്റി നിർത്തിയത് തന്നെ തെറ്റ്… അതു കഴിഞ്ഞ് നിയമപരമായി വിവാഹം കഴിഞ്ഞപ്പോഴെങ്കിലും നിനക്ക് അവളുമായി അടുക്കാമായിരുന്നു… അതും നീ ചെയ്തില്ല… നിൻ്റെ കുഴപ്പം മാത്രമാണ് എല്ലാം…”

“മതി അവനെ കുറ്റപ്പെടുത്താതെ… അവൻ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണ്… നമ്മളും കൂടെ അവനെ വേദനിപ്പിക്കാതെ…”

ജിയ വരുണിനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..

അലക്സി ഒന്നും മിണ്ടാതെ മിഴികൾ ഇറുക്കിയടച്ചു

“നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നെങ്കിൽ ഇതേ പോലെ പുല്ല് വില പോലും തരാതെ അവൾ നിന്നെ വേണ്ടെന്ന് വെച്ച് പോവാരുന്നോ…? നിൻ്റെ കഴിവ് കേടാണ് എല്ലാം…. എടാ കെട്ടിയാൽ മാത്രം പോരാ…

ചില കടമകൾ ഒക്കെ ഉണ്ട്… അതും കൂടെ നിർവ്വഹിക്കണം… മനസ്സിലായോ നിനക്ക്…? ജീവിത കാലം മുഴുവൻ അവൾക്ക് സമയോം കൊടുത്തോണ്ടിരുന്നാൽ ഒടുക്കം അവൾ നിന്നെ വേണ്ടെന്ന് വെച്ച് ഇതേ പോലെ കണ്ടവൻ വന്ന് വിളിക്കുമ്പോൾ അങ്ങ് പോവും…”

വരുൺ പറഞ്ഞത് അലക്സിയുടെ മനസ്സിൽ കൊണ്ടു….

അവൻ കോപത്തോടെ പല്ലുകൾ ഞെരിച്ചു… ശേഷം എന്തോ തീരുമാനിച്ചു….

“എനിക്കിപ്പം അല്ലിയെ വേണം…!!”

അലക്സി സ്വരം കനപ്പിച്ച് പറഞ്ഞു…. ആ വാക്കുകളിൽ വല്ലാത്തൊരു ദൃഢനിശ്ചയം പ്രകടമായിരുന്നു….

“എങ്കിൽ വാ… അങ്ങേര് അഡ്രസ്സ് തന്നില്ലേ…

വേഗം വാ….”

വരുൺ വിളിച്ചു…

“എടാ ഈ രാത്രിയിലോ…? അത് വേണ്ട നാളെ പോകാം..”

മെറിൻ പറഞ്ഞു…

“നീയൊന്ന് പോകുന്നുണ്ടോ… ഇപ്പോൾ തന്നെ പോകണം… ഇവൻ്റെ പെണ്ണ് ഇവൻ്റെ ഒപ്പമാണ് ഉണ്ടാവേണ്ടത്…”

വരുൺ പറഞ്ഞവസാനിപ്പിച്ചതും അലക്സിയും അമിത്തും അവനെ അനുഗമിച്ച് ധൃതിയിൽ പുറത്തേക്ക് നടന്നു…

❤❤❤❤❤❤❤❤❤❤❤

അനന്തൻ്റെ വീടെത്തും വരെ നിമിഷങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു അലക്സി…

ഇതുവരെ ഇല്ലാത്തൊരു ഭാവമായിരുന്നു അവനിൽ അപ്പോൾ…!! ദേഷ്യമാണോ സങ്കടമാണോ എന്ന് നിർവ്വചിക്കാൻ പറ്റാത്ത അവസ്ഥ…

അലക്സിയും വരുണും ദേഷ്യത്തിൽ വാതിലിൽ മുട്ടി….

വാതിൽ തുറന്നതും ധൃതിയിൽ പാഞ്ഞ് വരുന്ന അലക്സിയെയും സുഹൃത്തുക്കളെയും അനന്തൻ സംശയത്തിൽ നോക്കി…

“അല്ലീ….!!” വാതിൽപ്പടി കടന്നതും അലക്സി ഉറക്കെ വിളിച്ചു….

“എന്താ എന്ത് പറ്റി…?”

ഈ സമയത്ത് കണ്ടതും അനന്തൻ മൂവരെയും നോക്കി പരിഭ്രമത്തിൽ ചോദിച്ചു…

“ഞാൻ എൻ്റെ ഭാര്യയെ കൊണ്ട് പോകാൻ വന്നതാണ്….”

സ്വരത്തിലൊരു അധികാര ഭാവം ധ്വനിച്ചു…

“അതിന് അല്ലിയെ ഞാൻ രാവിലെയല്ലേ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്…?”

“ആഹ്.. പക്ഷേ എനിക്ക് ഇപ്പോൾ അവളെ കൊണ്ട് പോകണം…”

“രണ്ട് ദിവസം കഴിഞ്ഞ് ഞാൻ കൊണ്ട് വിടാം…

അത് ഞാൻ പറഞ്ഞതാണല്ലോ…”

അനന്തൻ ശാന്തമായി പറഞ്ഞു..

“അത് പറ്റില്ല… എനിക്ക് അല്ലിയെ എൻ്റെയൊപ്പം കൊണ്ട് പോയേ പറ്റൂ….”

“എങ്കിൽ നിങ്ങൾ ഇരിക്കൂ… എന്തെങ്കിലും കുടിക്കാൻ എടുക്കാം.. ഇത്രേം ദൂരം യാത്ര ചെയ്ത് വന്നതല്ലേ…

“സത്കാരം സ്വീകരിക്കാൻ ഇപ്പോൾ സമയമില്ല…!!”

അലക്സി കടുപ്പത്തിൽ പറഞ്ഞു…

“അല്ലീ…. അല്ലീ….”

അവൻ ഒന്നും കൂടെ ഉറക്കെ വിളിച്ചതും അല്ലി പുറത്തേക്ക് വന്നു…

അലക്സി ഞൊടിയിടയിൽ അവൾക്കരികിലേക്ക് നടന്ന് അധികാരത്തോടെ അല്ലിയുടെ കൈകളിൽ പിടിച്ചു… ഇതുവരെ ഉണ്ടായിട്ടില്ലാത്ത അവൻ്റെ ഭാവ മാറ്റത്തിൽ അവളൊന്നു ഞെട്ടി…

“അല്ല അലക്സീ പണമോ മറ്റു സഹായങ്ങളോ എന്തെങ്കിലും വേണോ…?”

അവളെയും കൂട്ടി അവൻ പോകാൻ തുടങ്ങിയതും അനന്തൻ ചോദിച്ചു..

“വേണ്ട… എനിക്ക് അല്ലിയെ മാത്രം മതി…!!”

സ്വരം കനപ്പിച്ച് അത്ര മാത്രം പറഞ്ഞവൻ അവളുടെ കരങ്ങളിൽ ഇറുകെ പിടിച്ച് മുൻപോട്ട് നടന്നതും അല്ലി അനന്തനെ പിൻതിരിഞ്ഞ് നോക്കി….അനന്തൻ തന്നെ ഒന്നു തിരികെ വിളിച്ചിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു…

അല്ലിയെ പറഞ്ഞ് വിടാൻ മനസ്സില്ലായിരുന്നെങ്കിലും അലക്സിയോട് എതിര് പറയാനാവാത്തതിനാൽ അനന്തൻ മൗനം പാലിച്ചു….

കാറിലേക്ക് കയറിയതും അലക്സി വല്ലാത്ത ആവേശത്തിൽ അല്ലിയെ വലിച്ചടുപ്പിച്ചു… അവൾ കുതറി മാറും മുൻപേ അവൻ അവളുടെ അധരങ്ങളെ കവർന്നെടുത്തതും ആ ചുംബനം തൻ്റെ പ്രാണനെ തന്നെ തന്നിൽ നിന്നും അടർത്തിയെടുത്ത പോലെ… ആദ്യം അവളുടെ കീഴ്ച്ചുണ്ടിനെ…..

പതിയെ അവളുടെ മേൽച്ചുണ്ടിനെ…. അവൻ തൻ്റെ അധരങ്ങളാൽ ബന്ധിച്ചു…. അവൻ്റെ ആദ്യ ചുംബനം….!! കാറിൻ്റെ പിൻ സീറ്റിലായി ഇരിക്കുന്നവളുടെ ഇടുപ്പിലായി കരവലയങ്ങൾ തീർത്തവൻ അടർത്തി മാറ്റാതെ അവളെ ദീർഘമായി ചുംബിച്ചു….

അവനിലെ പ്രണയം സകല കടിഞ്ഞാണുകളെയും ഭേദിച്ച് അവളിലേക്കൊഴുകുവാൻ തുടങ്ങിയിരുന്നു…. അവൻ്റെ പ്രവർത്തിയിൽ സ്തംഭിച്ച അല്ലി താൻ പോലുമറിയാതെ അവന് വിധേയയായി തീർന്നു…. അനുവാദമില്ലാതെ തന്നെ ചുംബിച്ചവനെ എതിർക്കാനാവാത്ത വിധമവൾ ഓരോ നിമിഷവും ബലഹീനയായി പോയി….പൊള്ളുന്ന ചുംബനച്ചൂടിൽ ഉടലുരുകി….. അലക്സി മതിയാവാതെ വീണ്ടും വീണ്ടുമവളെ ചുംബനങ്ങൾ കൊണ്ട് മൂടി… അധരങ്ങളുടെ മറ നീങ്ങി പതിയെ നാവുകൾ തമ്മിൽ കെട്ടിപ്പിണയാൻ തുടങ്ങിയപ്പോൾ അവൻ്റെ കരങ്ങൾ അവളുടെ പിൻകഴുത്തിലൂടെയും അണി വയറിലൂടെയും ഇഴഞ്ഞ് തുടങ്ങിയിരുന്നു.. ആ അവസ്ഥയിൽ അവന് നിയന്ത്രണം നഷ്ടമായി തീർന്നിരുന്നു…!!

“ടാ അലക്സീ…. നീ ഞങ്ങളെ കൊലപാതകത്തിൻ്റെ സാക്ഷികളാക്കുമോ…? ഇനിയും പിടിച്ച് ഞെരിച്ചാൽ ആ കൊച്ച് ശ്വാസം കിട്ടാതെ ചത്ത് പോവെടാ….”

ഡൈവിംഗിനിടയിൽ ഫ്രണ്ട് സീറ്റിലിരുന്ന വരുൺ വിളിച്ചു പറഞ്ഞതും അലക്സിയുടെ കരങ്ങൾ പതിയെ അയഞ്ഞു….

അപ്രതീക്ഷിതമായ അവൻ്റെ പ്രവർത്തിയിൽ തളർന്നു പോയവളെ അവൻ തൻ്റെ നെഞ്ചോടമർത്തി… താങ്ങായി അവൻ്റെ കരങ്ങൾ അവളിൽ വലയം തീർത്തു… വെട്ടി വിറച്ച അവളുടെ ഉടലിനെ കരുതലോടെയവൻ തലോടി.

“ഇനീം വിട്ട് പോവോ നീയെന്നെ…?!”

കിതപ്പോടെയവൻ ചോദിച്ചതും അതിന് മറുപടി നല്കാനാവാത്ത വിധം അവശയായി തീർന്നവളുടെ മിഴികൾ കൂമ്പിയടഞ്ഞ് പോയിരുന്നു….

അവൻ്റെ ഹൃദയമിടിപ്പുകളെ ശ്രവിച്ചു കൊണ്ടവൾ പതിയെ നിദ്രയിലേക്ക് വഴുതി വീണപ്പോഴും അവൻ്റെ അധരങ്ങൾ മൃദുവായി അവളുടെ ശിരസ്സിൽ മുദ്രണം ചെയ്തു കൊണ്ടിരുന്നു….

രാവിലെ പതിവിലും വൈകിയുണർന്ന അല്ലി കുറുകിക്കൊണ്ട് തിരിഞ്ഞതും ആരേയോ ചെന്ന് തട്ടി…. ആരുടെയോ നെഞ്ചിലാണ് താൻ കിടക്കുന്നതെന്ന് മനസ്സിലായതും അവൾ ഞെട്ടലോടെ മിഴികൾ തുറന്നു…. അവൾ ഞെട്ടിപ്പിടഞ്ഞ് എഴുന്നേല്ക്കാൻ തുനിഞ്ഞതും അലക്സി പാതി ബോധത്തിൽ അവളെ വീണ്ടും തൻ്റെ നെഞ്ചോരം വലിച്ചടുപ്പിച്ചു… അവൾക്ക് കുതറി മാറാനാവാത്ത വിധം അവൻ ഇരു കരങ്ങൾ കൊണ്ടും ഇറുകെ പിടിച്ചു…

“എന്നതാ അല്ലിക്കൊച്ചേ നിനക്ക് ഇച്ചായനോട് ഒരു സ്നേഹോം ഇല്ലാത്തെ….?” അവളുടെ താടിത്തുമ്പിൽ പിടിച്ചു കൊണ്ടവൻ കുസൃതി ചിരിയോടെ ചോദിച്ചതും അല്ലി മിഴിച്ച് നോക്കി….

“എന്നെ വിട്…”

അല്ലി പറഞ്ഞതും അലക്സിയുടെ കരങ്ങൾ അയഞ്ഞു… അവൾ ധൃതിയിൽ അവനിൽ നിന്നും അടർന്ന് മാറി….. എന്നാൽ അവളുടെ മുടിയിഴകൾ അവനിൽ നിന്നും വേർപ്പെടാനാഗ്രിക്കാതെ ആ ഷർട്ടിൻ്റെ ബട്ടൺസിൽ കുരുങ്ങി പോയിരുന്നു… ചമ്മലോടെ നോക്കുന്ന അല്ലിയെ കണ്ടതും അലക്സി ഒരു ചെറു ചിരിയോടെ അവയെ സ്വതന്ത്രരാക്കി…

“പോയി ഇച്ചായന് ഒരു ഗ്ലാസ്സ് കാപ്പി ഇട്ടിട്ട് വാ അല്ലീ… ഭയങ്കര ക്ഷീണം….”

അലക്സി ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു….

അല്ലി ദേഷ്യത്തോടെ മിഴികൾ കൂർപ്പിച്ചവനെ നോക്കി….

“ഇങ്ങനെ ദേഷിച്ച് നോക്കാനും മാത്രം എന്ത് ദ്രോഹമാടീ ഞാൻ നിന്നോട് ചെയ്തത്…? നീ കാരണം ആദ്യം ഞാൻ പഠിക്കുന്ന കോളേജിൽ നാണം കെട്ടു… ഒടുവിൽ സ്വന്തം വീട്ടീന്നും ഇറക്കി വിട്ട് വഴിയാധാരോം ആയി… എന്നിട്ട് നീയോ പുല്ല് വില പോലും തരാതെ നിൻ്റെ ഏട്ടൻ വന്ന് വിളിച്ചപ്പോൾ എന്നെ ഇട്ടിട്ടും പോയി… നീ കൂടി പോയാൽ എനിക്ക് പിന്നെ ആരാ ഉള്ളത്….?”

അവൻ്റെ ചോദ്യങ്ങൾക്കുത്തരം നല്കാതവൾ പുറത്തേക്ക് നടന്നു… അവളുടെ മിഴികൾ മെറിനെയും ജിയയെയും ഒക്കെ പരതി…

ആരെയും കാണാത്തതവളിൽ നിരാശയുളവാക്കി.

ഇന്നലെ എപ്പോഴാ ഇവിടെ എത്തിയതെന്ന് അവൾക്കൊരു ഓർമ്മയും ഇല്ലായിരുന്നു… കാറിൽ കിടന്ന് ഉറങ്ങിപ്പോയതാവാം… അവൾ ചിന്തിച്ചു…

“ജിയ ചേച്ചീ…. മെറിൻ ചേച്ചീ…. ചേച്ചിമാരേ…”

അല്ലി നാലു പാടും തിരഞ്ഞു കൊണ്ട് വിളിച്ചു….

ഇവരിതെവിടെ പോയി…?!

“അവര് പോയി….”

അലക്സി ലാഘവത്തോടെ പറഞ്ഞു…

“എവിടേക്ക്…?” അല്ലി ഞെട്ടലോടെ ചോദിച്ചു…

“മെറിനും ജിയയും കോളേജ് ഹോസ്റ്റലിലേക്ക് മാറി…

“ങേ…. അതെന്തിനാ…?”

“അത് പിന്നെ നമ്മൾ രണ്ട് യുവമിഥുനങ്ങൾ ഇവിടെ താമസിക്കുമ്പോൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവെണ്ടാന്ന് അവർക്ക് തോന്നിക്കാണും…

അല്ലാതെ ഞാൻ പറഞ്ഞ് വിട്ടതൊന്നും അല്ല…”

അത് കേട്ടതും അല്ലിക്ക് വല്ലാത്ത ദേഷ്യം തോന്നി… അവൾ മുഖം വീർപ്പിച്ചു കൊണ്ട് എങ്ങോ നോക്കി നിന്നു….

“നീയെന്തിനാ ഇങ്ങനെ വിഷമിക്കുന്നെ…? ഞാനിവിടെയില്ലേ..? പിന്നെയെന്താ…?”

അലക്സി ചോദിച്ചതും അല്ലി അസ്വസ്ഥമായ മനസ്സോടെ മുറിയിലേക്ക് നടന്നു….

കുളിച്ചിറങ്ങി കണ്ണാടിയിൽ നോക്കിയതും ചുണ്ടിൻ്റെ ഒരു ഭാഗം വല്ലാതെ കല്ലിച്ച് കിടക്കുന്നു… തൊട്ട് നോക്കിയതും വല്ലാത്തൊരു നീറ്റൽ….

തലേന്ന് തൻ്റെ ഉടലാകെ ഉരുക്കിയ ചുബനത്തിൻ്റെ ചൂടിലേക്ക് മനം പാഞ്ഞു.. കരുത്തുറ്റ ആ കരവലയത്തിൽ അവൻ്റെ ചുടേറ്റ് വാടിത്തളർന്ന് കിടന്നതവളുടെ മനസ്സിനെ കീഴ്പ്പെടുത്തി

ഉള്ളിലെ വികാരത്തെ നിർവ്വചിക്കാനാവാതവൾ സ്വന്തം പ്രതിബിംബത്തെ ഉറ്റു നോക്കി അലക്സിയുടെ പ്രവർത്തിയെ വിശകലനം ചെയ്തു കൊണ്ടിരുന്നു… ആശയക്കുഴപ്പത്തിലാണ്ടവൾ വിറയാർന്ന വിരലുകളോടെ ദാവണി തുമ്പിൽ ഇറുകെപ്പിടിച്ചു…

ഒന്ന് എതിർക്കാൻ പോലും ശ്രമിക്കാതിരുന്ന മനസ്സിനെ അവൾ ശപിച്ചു…. അവളുടെ മിഴികൾ കോപത്താലും സങ്കടത്താലും ഈറനണിഞ്ഞു…

അലക്സി അകത്തേക്ക് കടന്ന് വന്നതും അല്ലി മുഖം പൊത്തി കട്ടിലിൽ തന്നെ ഇരിക്കുകയാണ്…

ഇനീം നിന്നെ ഇങ്ങനെ എന്നിൽ നിന്നും അകറ്റി നിർത്തിയാൽ ശരിയാവില്ല അല്ലീ… നീ അകന്നാൽ സഹിക്കാനാവില്ലെനിക്ക്….

അതും ഓർത്തവൻ അവൾക്കരികിലേക്ക് നടന്നു…

“അല്ലീ….!!”

അവളുടെ ശിരസ്സിൽ തഴുകിയവൻ ആർദ്രമായ് വിളിച്ചതും അല്ലി മുഖമുയർത്തി നോക്കി…. ചുവന്ന അവളുടെ മിഴികൾ ഒരു കുറ്റവാളിയെ കാണുന്ന പോലെ അവനെ നോക്കുന്നുണ്ടായിരുന്നു…

അലക്സി പതിയെ തൻ്റെ ചൂണ്ടുവിരൽ കൊണ്ടവളുടെ അധരത്തെ മൃദുവായി തലോടി…

തൻ്റെ പ്രവർത്തി അവളിൽ ഏല്പ്പിച്ച മുറിപ്പാടിനെ അവൻ വേദനയോടെ നോക്കിയപ്പോൾ ആ സാമീപ്യത്തിൽ അല്ലെങ്കിൽ ആ സ്പർശനത്തിൽ തൻ്റെ മനം പതറും പോലെയവൾക്ക് തോന്നി…

പെട്ടെന്ന് തോന്നിയ ഉൾപ്രേരണയാൽ അവൾ അവനെ തള്ളി മാറ്റിയതും അലക്സി സ്വബോധം വീണ്ടെടുത്തു…..

അല്ലി ദേഷ്യത്തോടെ എഴുന്നേറ്റ് പോയി….

നീ ഇപ്പോൾ പൊയ്ക്കോ മോളെ… പക്ഷേ നിന്നെ ഞാൻ അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ല… നിന്നെക്കൊണ്ട് എന്നെ ഇച്ചായാന്ന് ഞാൻ വിളിപ്പിച്ചിരിക്കും….

അലക്സി ഒരു കള്ളച്ചിരിയോടെ ഓർത്തു….

“ഈശ്വരാ ഇങ്ങേര് രണ്ടും കൽപ്പിച്ചാണെന്ന് തോന്നുന്നു… എന്തു ചെയ്യുമിപ്പോൾ…?

ഇതുവരെ ഒരു ശല്ല്യവും ഇല്ലായിരുന്നു… ഇന്നലെ വല്ല്യേട്ടൻ്റെ കൂടെ പോയപ്പോൾ മുതലാ….!! ”

അല്ലി പിറു പിറുത്തു…

ആ മുഖം ഓർമ്മയിൽ തെളിയുമ്പോൾ ചുണ്ടിലെ നീറ്റലാണ് ആദ്യം മനസ്സിലേക്ക് കടന്ന് വരുന്നത്…

അവൾ പരിഭ്രമത്തോടെ ഓർത്തതും പിൻകഴുത്തിലേക്കൊരു നിശ്വാസമേറ്റതും ഒരുമിച്ചായിരുന്നു….

(തുടരും)

അഭിപ്രായങ്ങൾ അറിയിക്കണേ

രചന : ഭാഗ്യ ലക്ഷ്മി