നമ്മുടെ ബന്ധവും അതിന്റെ ആഴവും അത് നമ്മുടെ മാത്രം സ്വകാര്യതയാണ് രാഹുൽ….

രചന : സൂര്യകാന്തി (ജിഷ രഹീഷ് )

മൂന്നാമതൊരാൾ…

❤❤❤❤❤❤❤❤❤❤❤

“രാഹുൽ, ഇനഫ്, ഇനിയെനിയ്ക്ക് പറ്റില്ല.. ”

ലയ ഇരു കൈപ്പത്തികളും ഉയർത്തി രാഹുലിനെ തുടരാൻ അനുവദിയ്ക്കാതെ പറഞ്ഞു…

“വിവാഹം കഴിയുന്നതിനും മുമ്പേ, അതായത് നമ്മൾ പ്രണയിച്ചു നടക്കുന്ന കാലം മുതൽ നമുക്കിടയിൽ അവളുണ്ടായിരുന്നു… നീമ..”

ലയ പുച്ഛത്തിൽ ചുണ്ടുകളൊന്ന് കോട്ടി…

“നിന്റെ ജീവിതത്തിൽ എന്നും ഒരു സ്ഥാനം അവൾക്കുണ്ടാകുമെന്നും അത് ഞാനും അംഗീകരിക്കണമെന്നും നീയെന്നോട് പറഞ്ഞിരുന്നു..

ഇന്ന് വരെ ഞാനത് പാലിച്ചു.. നിങ്ങളുടെ ഫ്രണ്ട്ഷിപ്പിന് ഒരു വിലങ്ങു തടിയായി നിന്നിട്ടില്ല ഞാൻ ഒരിക്കലും.. ഒരു ഭാര്യയ്ക്കും സഹിയ്ക്കാനാവാത്ത കാര്യങ്ങൾ ഉണ്ടായിട്ടും..”

“നിനക്ക് സഹിക്കാനാവാത്ത എന്ത് കാര്യമാണ് അവൾ ചെയ്തത്…?”

ലയ ആത്മനിയന്ത്രണത്തിനെന്നോണം മിഴികൾ ഇറുക്കെ അടച്ചൊരു നിമിഷം നിന്നു…

“രാഹുൽ ഞാൻ നിന്റെ ഭാര്യയാണ്.. ഒരു സുഹൃത്തിനേക്കാൾ നിന്റെ പ്രയോറിറ്റി എനിയ്ക്കാവണം…”

“ലയ….അവൾക്ക് വയ്യാത്തത് കൊണ്ടല്ലേ ഞാൻ…”

അപ്പോഴേക്കും രാഹുലിന്റെ മൊബൈൽ ശബ്ദിച്ചിരുന്നു.. ലയയെ പാളിയൊന്ന് നോക്കി,അവനത് കട്ട്‌ ചെയ്തു..

“സമ്മതിച്ചു..നീമ വയ്യെന്നും പറഞ്ഞു പിക്ക് ചെയ്യാൻ ചെല്ലാൻ പറഞ്ഞു.. നിനക്ക് അതൊന്ന് എന്നോട് വിളിച്ചു പറയാമായിരുന്നില്ലേ..?നീ എന്നെ കൂട്ടാൻ വരാമെന്ന് പറഞ്ഞത് കൊണ്ട്,ഒരു മണിക്കൂറോളം ഞാൻ ആ ബസ് സ്റ്റോപ്പിൽ കാത്തു നിന്നു…വിളിച്ചിട്ട് കോൾ എടുക്കുന്നുമില്ല.. ഞാനെന്തു മാത്രം പേടിച്ചുവെന്നറിയോ…?”

“അത്..മൊബൈൽ സൈലന്റിൽ ആയിരുന്നത് കൊണ്ട് ഞാൻ കേട്ടില്ല ലയ.. അതാണ്‌… ഇത്രയ്ക്കൊക്കെ പ്രശ്നമാക്കാനുണ്ടോ ഇത്…?നീ സേഫ് ആയി ഇവിടെ എത്തിയില്ലേ…?”

ലയയുടെ ചുണ്ടിൽ ആത്മനിന്ദയാലെന്നോണം ഒരു ചിരി തെളിഞ്ഞു..

“എനിയ്ക്ക് എന്നോട് തന്നെയാണ് വെറുപ്പ് തോന്നുന്നത് രാഹുൽ.. നിന്നെ ഇത്രയധികം സ്നേഹിച്ചു പോയതിന്…”

അപ്പോഴേക്കും രാഹുലിന്റെ മൊബൈൽ മൂന്നാം തവണയും റിംഗ് ചെയ്യാൻ തുടങ്ങിയിരുന്നു…

“എടുക്ക്, അവളാവും.. ഭാര്യ പിണങ്ങിയോയെന്നറിയാനും ആശ്വസിപ്പിക്കാനും വിളിക്കുകയാവും…”

അതും പറഞ്ഞു, പുച്ഛത്തോടെ ഒന്ന് നോക്കി ലയ മുറിയ്ക്ക് പുറത്തേയ്ക്ക് നടന്നു…

രാഹുൽ കോൾ അറ്റാൻഡ് ചെയ്തു ചെവിയോട് ചേർത്ത് പിടിച്ചു..

“നീം .. ഞാൻ വിളിയ്ക്കാം.. കുറച്ചു തിരക്കാണ്..”

നീമ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും രാഹുൽ കോൾ കട്ട്‌ ചെയ്തു…

അടുത്ത നിമിഷം അവൻ ആലോചിച്ചു..

സംസാരിക്കാമായിരുന്നു .. അവൾക്ക് വിഷമമായിക്കാണും..

നീമയും രാഹുലും… അയൽക്കാർ എന്നതിൽ ഉപരി ആത്മാർത്ഥസുഹൃത്തുക്കളുടെ മക്കളാണ് രണ്ടുപേരും

സമപ്രായക്കാരും,ജനിച്ച കാലം മുതൽ ഒരുമിച്ചു നടക്കുന്നവരുമാണ് അവർ…

പലരും,ഇരുവരും പ്രണയമാണെന്ന് തെറ്റിദ്ധരിച്ചുവെങ്കിലും അങ്ങനെയൊരു ബന്ധം അവർക്കിടയിൽ ഉണ്ടായിട്ടില്ല..

പക്ഷെ ഒരാൾക്ക് മറ്റൊരാളില്ലാതെ പറ്റില്ല..

പഠനകാലത്തും അങ്ങനെ തന്നെയായിരുന്നു.. മറ്റുള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിലും അവർ തമ്മിലുള്ള അടുപ്പത്തിന് ഒരു കുറവും വന്നില്ല…

എം ടെക് പഠനകാലത്താണ് രാഹുൽ ലയയെ കാണുന്നത്..

നല്ലൊരു ഗായകൻ കൂടെയായ രാഹുലിനോട്, ലയയ്ക്കുണ്ടായ ആരാധന പതിയെ പ്രണയമായി…

അവളത് തുറന്നു പറഞ്ഞപ്പോൾ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും രാഹുലും അവളെ ശ്രെദ്ധിക്കാൻ തുടങ്ങി…

ലയയോട് പ്രണയം തോന്നി തുടങ്ങിയപ്പോൾ രാഹുൽ ആദ്യം പറഞ്ഞതും നീമയോടായിരുന്നു…

ലയ രാഹുലിന് മാച്ച് അല്ലെന്നൊക്കെ, നീമ ആദ്യം പറഞ്ഞെങ്കിലും, ലയയോട് നേരിട്ട് സംസാരിച്ചതിന് ശേഷം നീമയുടെ എതിർപ്പും മാറി…

പതിയെ നീമയും ലയയും നല്ല സുഹൃത്തുക്കളായി…

രാഹുലിനായിരുന്നു സന്തോഷം…

തങ്ങളുടെ ബന്ധത്തെ മനസ്സിലാക്കുന്ന പങ്കാളികളെ തന്നെ കിട്ടുമോയെന്ന ഭയം നീമയുടെയും രാഹുലിന്റെയും മനസ്സിൽ എന്നും ഉണ്ടായിരുന്നു..

രാഹുൽ ലയയോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ..

ഒരിക്കലും നീമയ്ക്കും തനിയ്ക്കും ഇടയിൽ വരരുത്.. അവൾ എന്നും തനിയ്ക്ക് പ്രിയപ്പെട്ടവളായിരിക്കും…

എന്തിനും എപ്പോഴും രാഹുലിനും ലയയ്ക്കും ഒപ്പം നീമയും ഉണ്ടാവും…

ലയയ്ക്കതിൽ പലപ്പോഴും അസ്വസ്ഥത തോന്നിയെങ്കിലും രാഹുലിന്റെയും നീമയുടെയും ബന്ധത്തിന്റെ ആഴവും പരിശുദ്ധിയും അറിയാവുന്നത് കൊണ്ടവൾ പലപ്പോഴും മൗനം പാലിച്ചു… അതിലുപരി രാഹുലിനോടുള്ള ഭ്രാന്തമായ പ്രണയം അവളെ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു…

പഠനം കഴിഞ്ഞു രാഹുലും നീമയും മറ്റു രണ്ടു മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഒരു കമ്പനി തുടങ്ങി…

എപ്പോഴും ഒരുമിച്ചു നടക്കുന്നവരെ എന്നെന്നേക്കുമായി ഒരുമിപ്പിക്കാൻ വീട്ടുകാർ ആലോചിച്ചപ്പോൾ ഇരുവരും പൊട്ടിച്ചിരിച്ചു…

തങ്ങൾക്ക് ഒരിക്കലും പരസ്പരം പ്രണയിക്കാൻ കഴിയില്ലെന്നും,എന്നും നല്ല സുഹൃത്തുക്കൾ മാത്രമാവാനെ സാധിയ്ക്കുള്ളൂവെന്നു രണ്ടുപേരും ഒരുമിച്ചു പ്രഖ്യാപിച്ചു…

തങ്ങളുടെ ബന്ധത്തെ അംഗീകരിക്കുന്നവരെ മാത്രമേ പങ്കാളികളാക്കൂവെന്നത് ഇരുവരും മുൻപേ തീരുമാനിച്ചതുമാണ്…

ഇതിനിടെ പ്രണയം വീട്ടിൽ അറിഞ്ഞു ലയ വീട്ടുതടങ്കലിലായി…

ഒരു കണക്കിനും ലയയുടെ വീട്ടുകാർ അടുക്കാതിരുന്നപ്പോൾ,ലയയെ അവളുടെ കസിനിന്റെ സഹായത്തോടെ,തടങ്കലിൽ നിന്നും ചാടിച്ചു രജിസ്റ്റർ മാര്യേജ് ചെയ്തു രാഹുൽ…

എല്ലാത്തിനും ഒത്താശയുമായി നീമയും കൂട്ടുകാരും…..

രാഹുലിന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്ന ചെറിയ പിണക്കം മാറ്റിയതും നീമയായിരുന്നു…

ജോലിസ്ഥലത്തു,നീമയും രാഹുലും അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചത്…

നീമയോടൊപ്പം അവരുടെ കൂടെ തന്നെയുള്ള ജ്യോതിയും രാഹുലിനൊപ്പം നിവിനും മനോജും…

രാഹുലിനൊപ്പം ലയ കൂടെ വന്നതോടെ,നിവിനും മനോജും മറ്റൊരു ഫ്ലാറ്റിലേയ്ക്ക് മാറി…

മിക്കപ്പോഴും നീമ രാഹുലിന്റെ ഫ്ലാറ്റിലായിരിക്കും… രാഹുലിന് അതിൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെങ്കിലും, തങ്ങളുടെ സ്വകാര്യതകളിൽ എപ്പോഴുമുള്ള നീമയുടെ സാന്നിധ്യവും ഇടപെടലുകളും ലയയുടെ മനസ്സിനെ അസ്വസ്ഥമാക്കി…

രാഹുലിന്റെ വിവാഹം കഴിഞ്ഞുവെന്നതും അവനു മറ്റൊരു അവകാശിയുണ്ടെന്നതും ഒട്ടും ഗൗനിക്കാതെയായിരുന്നു നീമയുടെ പെരുമാറ്റം…

എന്തിലും ഏതിലും നീമയുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്ന രാഹുലിന്റെ സ്വഭാവം,പതിയെ ലയയ്ക്ക് ഉൾക്കൊള്ളാനാവാതെയായി..

സ്വയമൊരുക്കിയ കുടുക്കിൽ പെട്ടു പോയത് പോലെയായിരുന്നു ലയയുടെ ജീവിതം…

മൂന്നാല് തവണ ഒളിഞ്ഞും തെളിഞ്ഞും അവൾ ഈ കാര്യം പറഞ്ഞെങ്കിലും, രാഹുൽ അതൊരു തമാശയായി കരുതി നിസ്സാരമായി തള്ളിക്കളഞ്ഞു..

എല്ലാവരും ജോലിയ്ക്ക് പോയി കഴിഞ്ഞാൽ ലയ ആകെ ഒറ്റപ്പെടും.. സമനില തെറ്റുമെന്ന് തോന്നിയപ്പോഴാണ് ലയ ഒരു ജോലി നോക്കുന്ന കാര്യം രാഹുലിനോട് പറഞ്ഞത്..

പക്ഷെ നിർദ്ദേശം വന്നത് നീമയിൽ നിന്നുമായിരുന്നു.. ജോലിയ്ക്ക് പോകുന്നതിലും നല്ലത്,എം ടെക്കിന് പോവുന്നതല്ലേയെന്ന നീമയുടെ അഭിപ്രായം കേട്ടത്തോടെ, തുടർപഠനത്തിന് താല്പര്യമില്ലാതിരുന്ന ലയയ്ക്ക് ഹാലിളകി…

രാഹുലിനോട് പറയാതെ തന്നെയവൾ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു.. ജോലിയ്ക്കുള്ള ഓർഡർ കിട്ടിയതിനു ശേഷമാണ് ലയ രാഹുലിനോട് കാര്യം പറഞ്ഞത്.. അവനോട് പറയാതെ പോയതിലുള്ള നീരസം പ്രകടിപ്പിച്ചുവെങ്കിലും രാഹുലിന് എതിർപ്പൊന്നും ഇല്ലായിരുന്നു..

പക്ഷെ ദിവസങ്ങൾ പോകവേ, ജോലിയ്ക്ക് പോകുന്നതിൽ ഇടയ്ക്കിടെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു രാഹുൽ..

ലയ ഉപയോഗിക്കുന്ന വസ്ത്രങ്ങളെ പറ്റി.. സോഷ്യൽ മീഡിയയിൽ അവളിടുന്ന ഫോട്ടോസ്, സ്റ്റാറ്റസ് എന്ന് വേണ്ട സകലത്തിലും കുറ്റങ്ങൾ കണ്ടെത്തി തുടങ്ങിയിരുന്നു രാഹുൽ…

ഇതെല്ലാം നീമയുടെ കുത്തിത്തിരിപ്പാണെന്ന് മനസ്സിലാക്കിയപ്പോഴാണ് ലയ ഞെട്ടിയത്.. നീമയോട് പഴയത് പോലെ ഇടപെടാൻ ലയയ്ക്ക് കഴിഞ്ഞില്ല.. പക്ഷേ പുറമെ നീമയുടെ പെരുമാറ്റം സ്നേഹപൂർണ്ണമായിരുന്നു.. പഴയ അതേ കരുതലും സ്നേഹവും…

അനുദിനം വഷളായി വരുന്ന തങ്ങളുടെ ബന്ധത്തെയോർത്ത് ടെൻഷനടിയ്ക്കാനേ ലയയ്ക്ക് കഴിഞ്ഞുള്ളു.. ഇതൊന്നും രാഹുൽ വിശ്വസിക്കില്ലെന്ന് ലയയ്ക്ക് ഉറപ്പായിരുന്നു…

എന്ത് ചെയ്യണം, ആരോടു പറയണം, എങ്ങോട്ട് പോണം,എന്നറിയാതെ ലയ ആകെ കുഴങ്ങി..

പൊതുവെ ഇത്തിരി ഉൾവലിഞ്ഞ പ്രകൃതമുള്ള ലയയ്ക്ക് കാര്യമായി സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല.

രാഹുലിന് ഒന്ന് രണ്ട് ക്ലയന്റ് മീറ്റിംഗ് ഉള്ള ദിവസമായിരുന്നു അന്ന്.. ലയയുടെ സ്കൂട്ടി സർവീസിങിനും കൊടുത്തിരുന്നു.. വൈകുന്നേരം ആവുമ്പോഴേക്കും തിരക്ക് കഴിയുമെന്നും. താൻ കൂട്ടാൻ വരാമെന്നും ഒരുമിച്ചു ചെറിയൊരു ഷോപ്പിംഗിന് പോവാമെന്നും രാഹുൽ തന്നെയാണ് പറഞ്ഞത്..

അന്ന് രാവിലെ ഓഫീസിലെത്തി,വണ്ടി പാർക്ക് ചെയ്തു,അകത്തേയ്ക്ക് നടക്കുന്നതിനിടെ,എന്തിലോ കാലുടക്കി നീമ ഒന്ന് വീണിരുന്നു.. അത് കൊണ്ട് തന്നെ മീറ്റിങ്ങുകൾ രാഹുൽ ഒറ്റയ്ക്ക് തന്നെ അറ്റൻഡ് ചെയ്യേണ്ടി വന്നു..

എല്ലാം കഴിഞ്ഞപ്പോഴേക്കും,ലയയോട് കാത്ത് നിൽക്കാൻ പറഞ്ഞ കാര്യം രാഹുൽ മറന്നിരുന്നു..

അപ്പോഴാണ് നീമ വിളിച്ചതും കാലിൽ നിരു വെച്ചിട്ടുണ്ടെന്നും പറഞ്ഞത്..

ഓഫീസിൽ എത്തി,നീമയെ കൂട്ടി ഡോക്ടറെയും കാണിച്ചു,തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് ലയയോട് കാത്ത് നിൽക്കാൻ പറഞ്ഞത്,രാഹുൽ ഓർക്കുന്നത്..

രാഹുൽ ലയയെ വിളിച്ചെങ്കിലും അവൾ എടുത്തില്ല.. പിന്നെയും കുറേ കഴിഞ്ഞാണ് ലയ ഓട്ടോയിൽ വന്നിറങ്ങിയത്…

സാധാരണ, രാഹുലിന്റെ പശ്ചാത്താപം നിറഞ്ഞ വാക്കുകളിലും,സ്നേഹപ്രകടങ്ങളിലും കീഴടങ്ങുന്ന ലയ അന്നതിനു തയ്യാറായില്ല..

അവളുടെ മനസ്സിൽ ആഴത്തിൽ മുറിവേറ്റിരുന്നു..

രാഹുൽ പിന്നാലെ നടന്നെങ്കിലും,ഇത്തവണ ലയ ഇണങ്ങിയില്ല.. അവൾ രാഹുലിനെ മൗനം കൊണ്ട് നേരിട്ടു…

അന്ന് ആദ്യമായി, അവർ കിടന്നതും രണ്ടു മുറികളിലായിരുന്നു..

ലയയുടെ അവഗണന രാഹുലിനെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു..

നീമക്ക് നടക്കാൻ വയ്യാത്തത് കൊണ്ട്,ഓഫീസിലും ഫ്ലാറ്റിലും ഒന്നും വരാറില്ല.. എങ്കിലും ദിവസവും നാലഞ്ച് തവണ വിളിയ്ക്കാനും ആശ്വസിപ്പിക്കുവാനും ഉപദേശിക്കുവാനും നീമ മറക്കാറില്ല…

അന്ന് രാവിലെ രാഹുൽ കുളിയ്ക്കാനായി ബാത്‌റൂമിലേയ്ക്ക് കയറിയതും, അവന്റെ മൊബൈൽ റിംഗ് ചെയ്തു.. മൂന്നാല് തവണ ബെല്ലടിച്ചു നിന്നിട്ടും ലയ എടുത്തു നോ*ക്കിയതേയില്ല…

അപ്പോഴാണ് ലയയുടെ മൊബൈൽ ശബ്ദിച്ചത്.. മനോജാണ്..

അത്യാവശ്യമായി രാഹുലിനോട് സംസാരിക്കണമെന്നും ഒരു ക്ലയന്റ് ഡീറ്റെയിൽസ് അറിയാനാണെന്നും മനോജ്‌ പറഞ്ഞപ്പോൾ,ഇപ്പോൾ തിരിച്ചു വിളിയ്ക്കാമെന്നും പറഞ്ഞു കോൾ കട്ട്‌ ചെയ്തു,ലയ മൊബൈലുമായി ബാത്‌റൂമിന് മുൻപിലെത്തി രാഹുലിനോട് കാര്യം പറഞ്ഞു…

“ലയ, എന്റെ മൊബൈലിൽ ഇന്നലെ രാത്രിയിൽ അയാളുമായി സംസാരിച്ചത് റെക്കോർഡ് ആയിട്ടുണ്ട്.. നീ മൊബൈലിൽ കാൾ റെക്കോർഡർ എടുത്തു,ആ ഓഡിയോ മനോജിന് അയച്ചു കൊടുത്താൽ മതി.. ലാസ്റ്റ് കോളിൽ നിന്നു മൂന്നാമതോ,നാലാമതോ ആയി,കുമാർ എന്നൊരു പേര് കാണാം.. അതാണ്…”

“ശരി…”

ലയ രാഹുലിന്റെ മൊബൈൽ അൺലോക്ക് ചെയ്ത്, കുമാർ എന്ന പേരിലെ ലാസ്റ്റ് കോൾ എടുത്തു നോക്കി…

പൊടുന്നനെ അവളുടെ മിഴികൾ സ്ക്രീനിന്റെ താഴേയ്ക്ക് ഒന്ന് ചലിച്ചു…

നീമയുടെ എണ്ണമറ്റ കോളുകൾ…

രാഹുൽ പറഞ്ഞ പ്രകാരം, മനോജിന് അത് അയച്ചു കൊടുത്ത്,മൊബൈൽ താഴെ വെയ്ക്കാൻ തുനിഞ്ഞ ലയ,പെട്ടെന്നുള്ളൊരു ഉൾപ്രേരണയാൽ,

അടഞ്ഞു കിടന്നിരുന്ന ബാത്‌റൂം വാതിലിലേയ്ക്കും, പിന്നെ മൊബൈലിലേയ്ക്കും മാറി മാറി നോക്കി…

വീണ്ടും രാഹുലിന്റെ മൊബൈൽ എടുത്തു,കോൾ റെക്കോർഡർ ഓൺ ചെയ്തു,നീമയുടെ ഓഡിയോയിൽ പ്രെസ്സ് ചെയ്തപ്പോൾ ലയയുടെ ഉള്ളു പിടയുന്നുണ്ടായിരുന്നു…

“രാഹുൽ.. നീയിങ്ങനെ ടെൻഷനടിയ്ക്കേണ്ട കാര്യമൊന്നും ഉണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല…

ലയയ്ക്ക് വല്യ പ്രശ്നമൊന്നുമില്ല.. അവൾ ഇന്നും ചിരിച്ചോണ്ട്,ഹാപ്പിയായി നിൽക്കുന്നൊരു സ്റ്റാറ്റസ് ഇട്ടത് നീയും കണ്ടതല്ലേ…?”

നീമയുടെ സംസാരം കേട്ടപ്പോൾ ലയയ്ക്ക് മേലാസകലം പുകയുന്നത് പോലെ തോന്നി..

“നീം.. നിനക്കറിയാലോ അവൾക്ക് എന്നോടുള്ള പോസ്സസ്സീവ്നെസ്.. അവൾക്ക് വിശ്വാസക്കുറവൊന്നും ഉണ്ടായിട്ടല്ല.. എന്നെ ജീവനാണ് താനും.. അവളുടെ പാരന്റ്സ് തമ്മിലുള്ള പ്രശ്നങ്ങളും, ലയയുടെ ഇൻസെക്യൂരിറ്റിസുമൊക്കെ ഞാൻ പറഞ്ഞിട്ടുള്ളതല്ലേ….അതൊക്കെയാണ് അവളുടെ പ്രശ്നങ്ങൾ..

അവളുടെ ലോകം ഞാനാണ്… ഞാൻ മറ്റൊരാളോട് അടുത്ത് പെരുമാറുന്നത് അവൾക്ക് സഹിയ്ക്കാനാവില്ല..”

ലയയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി… മൊബൈൽ കയ്യിലിരുന്നു വിറച്ചു. കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി….

ബാത്‌റൂമിൽ നിന്നും ഇറങ്ങിയ രാഹുൽ കാണുന്നത്, തന്റെ മൊബൈലും പിടിച്ചു പ്രതിമയെ പോലെ നിൽക്കുന്ന ലയയെ ആയിരുന്നു…

ആ ഓഡിയോ രാഹുലും കേട്ടു.. അവർ സംസാരിച്ചത് അത്രയും ലയയെ പറ്റിയായിരുന്നു…

“ലയ .. ഞാൻ.. ഞാനൊന്ന് പറയട്ടെ..”

രാഹുൽ അടുത്തേയ്ക്ക് വരാൻ തുടങ്ങിയതും ലയ കൈ എടുത്തു വിലക്കി..

“നോ രാഹുൽ… എന്റെ അടുത്തേയ്ക്ക് വരരുത്..”

ലയയുടെ ഭാവം കണ്ടതും രാഹുലിന്റെ ഉള്ളൊന്നാളി

“ഞാൻ ആരാണ് നിങ്ങളുടെ..?”

“ലയ…”

“പറയൂ രാഹുൽ ഞാൻ നിന്റെ ആരാ..?”

ലയയുടെ ശബ്ദം വല്ലാതെ മുറുകിയിരുന്നു…

“എന്റെ.. എന്റെ ഭാര്യ..”

“ഭാര്യ..”

ലയ പുച്ഛത്തോടെ ഒന്ന് ചുണ്ട് കോട്ടി…

“ഭാര്യാഭർതൃ ബന്ധം എന്നാൽ ശരീരങ്ങൾ പങ്കിടുകയെന്നതല്ല അർത്ഥം…”

“ലയ.. ഞാൻ നിന്നെ കുറ്റപ്പെടുത്തിയൊന്നും..”

“യൂ ചീറ്റഡ് ഓൺ മൈ ഫീലിംഗ്സ് രാഹുൽ.. മറ്റാരോടും പങ്കു വെയ്ക്കാത്ത, നിന്നോട് മാത്രം ഞാൻ പറഞ്ഞ കാര്യങ്ങളാണ് നീ നിന്റെ കൂട്ടുകാരിയോട് പറഞ്ഞത്..”

“ലയ.. ഞാൻ അങ്ങനെയൊന്നും നിന്നെ കുറ്റപ്പെടുത്തി…”

“രാഹുൽ.. നിനക്കിത് ഒരു വലിയ കാര്യമൊന്നും അല്ലായിരിക്കും.. പക്ഷെ എന്റെ പ്രൈവസി,എന്റെ ഫീലിംഗ്സ് അതൊക്കെ എനിയ്ക്ക് ഇമ്പോർട്ടന്റാണ്.. അതുകൊണ്ട് തന്നെ,എന്നോട് ആരെങ്കിലും അങ്ങനെ എന്തെങ്കിലും ഷെയർ ചെയ്താൽ അത് മറ്റൊരാളോട് ഞാൻ പറയാറുമില്ല..”

“ലയ ഞാൻ അങ്ങനെയൊന്നും ചിന്തിച്ചില്ല.. അല്ലെങ്കിലും അവളല്ലേ.. അവളോടല്ലേ ….”

ലയ ഒന്ന് ചിരിച്ചു..

“നീമ രാഹുലിന്റെ കൂട്ടുകാരിയാണ്, അതിനർത്ഥം ഞാൻ രാഹുലിനോട് പറയുന്നതൊക്കെ അവളോട് പറയാമെന്നല്ല.. എന്നെ പറ്റി, അവളോടെന്നല്ല മറ്റൊരാളോടും ഡിസ്‌കസ് ചെയ്യുന്നത് എനിയ്ക്ക് ക്ഷമിയ്ക്കാനാവില്ല,. പൊറുക്കാനും..”

ലയയുടെ അവസാനവാക്ക് ഒന്ന് കനത്തിരുന്നു…അവൾ വെട്ടി തിരിഞ്ഞു നടന്നു..

“ലയ.. പ്ലീസ്.. ഞാൻ…”

ലയ തിരിഞ്ഞു നിന്നു

“സപ്പോസ്.. എനിയ്ക്ക് ഒരു കൂട്ടുകാരൻ ഉണ്ടെന്ന് വിചാരിക്കുക… ഞാനാണ് അവനൊപ്പം പോവുന്നതെന്നും ഇങ്ങനെ നമ്മൾക്കിടയിലെ കാര്യങ്ങൾ ഷെയർ ചെയ്യുന്നതെന്നും കരുതുക..

രാഹുൽ എങ്ങനെ പ്രതികരിക്കും…?”

രാഹുലിന് നെഞ്ചിലൊരു കനം പോലെ തോന്നി…

“രാഹുൽ.. നിങ്ങൾക്കിടയിൽ ഞാനൊരിക്കലും വരാൻ ശ്രെമിച്ചിട്ടില്ല.. ഏത് ബന്ധത്തിലും ഒരു ബ്രീതിങ് സ്പേസ് വേണെന്ന് എനിയ്ക്കും അറിയാം.. ഭാര്യയ്ക്കായാലും,ഭർത്താവിനായാലും മറ്റു സൗഹൃദങ്ങളൊന്നും പാടില്ലെന്നും ഞാൻ വിശ്വസിക്കുന്നില്ല.. ബട്ട്‌ ദേർ ഈസ്‌ എ ലിമിറ്റ്… എല്ലാത്തിനും…”

“ലയ… നീമ ഒരിക്കലും നിന്നെ പറ്റി കുറ്റം പറഞ്ഞിട്ടില്ല..”

രാഹുൽ വെപ്രാളത്തോടെ പറഞ്ഞതും ലയ പൊള്ളയായ ഒരു ചിരി ചിരിച്ചു…

“ശരിയാണ് രാഹുൽ.. നീമ എന്നെ പറ്റി നല്ലത് മാത്രമേ പറയുകയുള്ളൂ…

ഉദാഹരണത്തിന്,ഞാൻ ഒരു നല്ല ഡ്രെസ്സിട്ടാൽ, ‘ ഡ്രസ്സ്‌ കുറച്ചു ടൈറ്റ് ആണെങ്കിലും ലയയ്ക്ക് ചേരുന്നുണ്ടെന്ന് ‘നീമ പറയും…ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളെ കണ്ടു സംസാരിക്കുമ്പോൾ നീമ പറയും നിന്നോട്, ‘അവൻ ആള് ശരിയല്ല പക്ഷെ ലയയെ നമ്മൾക്ക് അറിയാലോ’ന്ന്.. ചുരുക്കി പറഞ്ഞാൽ ഞാൻ എന്തുടുക്കണമെന്നും, ആരോട് സംസാരിക്കണമെന്നും തുടങ്ങി,നമ്മുടെ സകല കാര്യങ്ങളും തീരുമാനിയ്ക്കുന്നത് നീമയാണ്….”

രാഹുൽ ലയ പറഞ്ഞതൊക്കെ കേട്ടു പകച്ചു നിൽപ്പാണ്..

“നീമ ഒരിക്കലും എന്റെ കുറ്റങ്ങൾ അതുപോലെ നിന്നോട് പറയില്ല.. പകരം നിന്നിൽ അത് പോയ്‌സണായി കുത്തിവെയ്ക്കും.. ഇതിലെ ഏറ്റവും സാഡസ്റ്റ് പാർട്ട്‌ എന്താണെന്ന് അറിയാമോ രാഹുൽ.?

ലയയുടെ ചുണ്ടിൽ ഒരു വാടിയ പുഞ്ചിരി ഉണ്ടായിരുന്നു…

“നിനയ്ക്കിത് ഒരിക്കലും മനസ്സിലാവില്ല… ഇനി അഥവാ മനസ്സിലായാലും നീയത് സമ്മതിയ്ക്കാനും പോണില്ല..എന്ത് തന്നെയാലും എനിയ്ക്ക് ഇത് ക്ഷമിയ്ക്കാനാവില്ല രാഹുൽ .. മറക്കാനും..”

ലയ തിരിഞ്ഞു നടന്നു പോയിട്ടും രാഹുൽ അതേ നിൽപ്പായിരുന്നു …

പിനീടുള്ള ദിവസങ്ങളിൽ ലയ രാഹുലിനെ തീർത്തും അവഗണിച്ചു.. ലയയുടെ പെരുമാറ്റം അവനെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു …

ലയയ്ക്ക് തന്റെ ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാക്കുകയായിരുന്നു രാഹുൽ.. അതൊരിക്കലും മറ്റൊരാൾക്ക്‌ നികത്താൻ കഴിയുന്നതല്ലെന്നും..…

ജോലി കഴിഞ്ഞു ഫ്ലാറ്റിൽ എത്തുന്ന ലയ,മിക്കപ്പോഴും ഫോണിൽ ആരോടോ ചിരിച്ചു കളിച്ചു സംസാരിക്കുന്നതും,ചിലപ്പോഴൊക്കെ ജോലി കഴിഞ്ഞു വൈകിയെത്തുന്നതും,രാഹുൽ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. രാഹുൽ സംസാരിക്കാൻ ശ്രെമിച്ചെങ്കിലും ലയ അവനെ ഗൗനിച്ചില്ല…

അന്ന് ഉച്ചഭക്ഷണത്തിനായി ഇറങ്ങിയപ്പോഴാണ്, മനോജിനൊപ്പം അവനൊരു ഷർട്ട്‌ എടുക്കാനായി അടുത്തുള്ള ഷോപ്പിംഗ് മാളിൽ രാഹുൽ എത്തിയത്..

തെല്ലപ്പുറമുള്ള റാക്കിൽ നിന്നും ഒരു ഷർട്ട് എടുത്തു,കൂടെയുള്ള സുമുഖനായ ചെറുപ്പക്കാരനു നീട്ടി,ചിരിയോടെ എന്തോ പറയുന്ന യുവതിയെ,അപ്പോഴാണ് രാഹുൽ കാണുന്നത്…

ലയ…

രാഹുലിന്റെ നെഞ്ചോന്ന് പുകഞ്ഞു.. ലയയുടെ ഓഫീസിൽ ഉള്ളവരെയും, വിരലിൽ എണ്ണാവുന്ന കൂട്ടുകാരെയും രാഹുലിനുമറിയാം… ആരോടും ഒരു പരിധിയിൽ കവിഞ്ഞ അടുപ്പം ലയ കാണിക്കാറുമില്ല…

എന്തോ പറഞ്ഞു ചിരിയോടെ തിരിഞ്ഞപ്പോഴാണ്,തങ്ങളെ തന്നെ നോക്കി നിൽക്കുന്ന രാഹുലിനെ ലയ കണ്ടത്…. പ്രത്യേകിച്ചു ഭാവഭേദമൊന്നുമില്ലാതെ ലയ കൂടെയുള്ള ചെറുപ്പക്കാരനോട് എന്തോ പറഞ്ഞു.. പിന്നെ അവർ രാഹുലിനരികിലെത്തി…

“രാഹുൽ, ഇത് എന്റെ ഫ്രണ്ട് സിദ്ധാർഥ്.. എന്റെ ഓഫീസിൽ തന്നെയാണ്… മാറ്റം കിട്ടി വന്നതാണ്….”

“ഹായ് രാഹുൽ… കേട്ടിട്ടുണ്ടെങ്കിലും ഇത് വരെ ആളെ കണ്ടിട്ടില്ല..

ഞാനും ലയയും ഒരേ നാട്ടുകാരാണ്…. സ്കൂൾ മേറ്റ്സ്…”

ചിരിയോടെ സിദ്ധാർഥ് കൈ നീട്ടിയപ്പോൾ തിരിച്ചു കൈ നീട്ടാതിരിക്കാനായില്ല രാഹുലിന്…

“ലഞ്ച് ബ്രേക്കിൽ ഒരു പർച്ചേസിംഗിന് ഇറങ്ങിയതാണു ഞങ്ങൾ… എന്റെ ഒരു ഫ്രണ്ടിന്റെ ബർത്ത് ഡേ പാർട്ടിയുണ്ട് ഈവെനിംഗിൽ..”

സിദ്ധാർഥ് പറഞ്ഞപ്പോൾ രാഹുൽ തലയാട്ടി.. അവർക്കരികിലേയ്ക്ക് എത്തിയ മനോജിനെയും സിദ്ധാർഥിനു പരിചയപ്പെടുത്തി…

അല്പനേരത്തിനകം യാത്ര പറഞ്ഞു പിരിയുമ്പോൾ,ലയ രാഹുലിനെ ഒന്ന് നോക്കിയത് പോലുമില്ല…

“രാഹുൽ.. ലയ നിന്റെ ഭാര്യയാണ്.. നീമ സുഹൃത്തും..അത് മനസ്സിലാക്കേണ്ടത് നീയാണ്..”

അവർ പോകുന്നതും നോക്കി നിന്ന രാഹുലിന്റെ തോളിൽ തട്ടി മനോജ്‌ പറഞ്ഞു.. രാഹുൽ ഞെട്ടലോടെ അവനെ നോക്കി..

“ഞങ്ങൾ എല്ലാം ശ്രെദ്ധിച്ചിട്ടുണ്ട്.. നീമ നിങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നത് ഉൾപ്പെടെ.. ലയ ആയത് കൊണ്ട് മാത്രമാണ് ഇത്രയും സഹിച്ചത്..

പലവട്ടം നിന്നോട് പറയണമെന്നും വിചാരിച്ചതാണ്..

പിന്നെ നിന്റെയും നീമയുടെയും ബന്ധത്തിൽ മറ്റാരും ഇടപെടുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെന്ന് അറിയാവുന്നത് കൊണ്ടാണ്..പക്ഷെ നീയും ലയയും പരസ്പരം ഒത്തിരി സ്നേഹിക്കുന്നുണ്ടെന്നും ഞങ്ങൾക്ക് അറിയാം…”

രാഹുൽ ദയനീയമായി മനോജിനെ നോക്കി..

ആകെ അസ്വസ്ഥനായാണ് രാഹുൽ മനോജിനൊപ്പം തിരികെ ഓഫീസിൽ എത്തിയത്… ക്യാബിന് തൊട്ട് മുൻപിൽ എത്തിയതും അകത്തു നിന്നുള്ള ജ്യോതിയുടെ പതിഞ്ഞ ശബ്ദമാണ് അവരെ എതിരേറ്റത്…

“ദിസ്‌ ഈസ്‌ ക്രൂവെൽ നീം, രാഹുൽ സന്തോഷമായി ജീവിക്കണമെന്ന് തന്നെയല്ലേ നീയും ആഗ്രഹിക്കുന്നത്..?”

അല്പനേരത്തെ നിശബ്ദതയ്ക്കൊടുവിൽ നീമയുടെ ഇടറിയ ശബ്ദം കേട്ടു…

“രാഹുലിന്റെ വിഷമങ്ങൾ എന്നെയും വേദനിപ്പിയ്ക്കുന്നുണ്ട് ജോ,..പക്ഷെ അവൻ എന്നെക്കാൾ ഉപരി,ലയയെ കെയർ ചെയ്യുന്നതും സ്നേഹിക്കുന്നതും എനിയ്ക്ക് സഹിക്കാനാവുന്നില്ല..”

“നീമ നീ എന്തൊക്കെയാണ് പറയുന്നത്..?ലയ അവന്റെ ഭാര്യയാണ്..”

“എല്ലാം എനിക്കറിയാം ജോ, അവർ തമ്മിൽ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും.. പക്ഷെ എനിയ്ക്ക് പറ്റുന്നില്ല…എന്റെ സ്ഥാനത്ത് ലയ..”

“അതുകൊണ്ടാണോ നീ ലയയെ പറ്റി രാഹുലിനോട് ഓരോന്നും പറഞ്ഞു കൊടുത്ത്,ആ പാവത്തിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്..?.എങ്കിൽ നിനക്കവനെ തന്നെ വിവാഹം കഴിയ്ക്കാമായിരുന്നില്ലേ..?”

“ഇല്ല ജോ.. അങ്ങനെയല്ല.. ഞാൻ അവനെ പ്രണയിക്കുന്നില്ല… അവനെ എനിയ്ക്ക് അങ്ങനെ കാണാനാവില്ല..അവനും അങ്ങനെ തന്നെയാണ്..പക്ഷെ എന്നെക്കാളുപരി പ്രാധാന്യം,മറ്റൊരാൾക്ക് അവന്റെ ജീവിതത്തിൽ ഉണ്ടാവുന്നതും എനിയ്ക്ക് സഹിയ്ക്കാനാവുന്നില്ല …”

കണ്ണുകൾ തുടച്ചു മുഖമുയർത്തിയ നീമ നോക്കിയത്,രാഹുലിന്റെ മുഖത്തേയ്ക്കാണ്….

ആദ്യമായി കാണുന്നത് പോലെ രാഹുൽ അവളെ തന്നെ നോക്കി നിന്നു.. ഏറെ നേരം..

“എല്ലാവരേക്കാളും ഞാൻ നിന്നെ സ്നേഹിച്ചു..

വിശ്വസിച്ചു.. പക്ഷെ.. പക്ഷേ .. നീ.. ഛെ..”

അവൾക്ക് നേരെ ചൂണ്ടിയ കൈ കുടഞ്ഞു രാഹുൽ തിരികെ നടന്നു..

“രാഹുൽ.. ലയയെ മാത്രം കുറ്റം പറയണ്ട..

നിന്റെ ജീവിതം മറ്റൊരാളുടെ കയ്യിൽ വെച്ചു കൊടുത്തത് നീയാണ്.. നിങ്ങളുടെ ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കേണ്ടത് നിങ്ങളായിരുന്നു….

ഓരോരുത്തർക്കും അവരവരുടെ സ്ഥാനമേ കൊടുക്കാവൂ…മറ്റൊരാളുടെ കണ്ണിലൂടെയല്ല കാണേണ്ടതും കാര്യങ്ങളെ വിലയിരുത്തേണ്ടതും..’

മനോജ്‌ പറഞ്ഞത് കേട്ട്,അവനെയൊന്ന് നോക്കി ഓഫീസിൽ നിന്നിറങ്ങി നടന്നു രാഹുൽ…

ഫ്ലാറ്റിൽ എത്തിയതും,കുറേ നേരം വസ്ത്രം പോലും മാറ്റാതെ കട്ടിലിൽ കമിഴ്ന്നു കിടന്നു..

ലയ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതായത് കൊണ്ടാണ് ബാൽക്കണിയിൽ ചെന്നിരുന്നത്..

ഫ്ലാറ്റിനു മുൻപിൽ നിർത്തിയ കാറിൽ നിന്നും,ചിരിയോടെ ലയ ഇറങ്ങുന്നതും ഡ്രൈവിംഗ് സീറ്റിനരികെയെത്തി സിദ്ധാർഥിനോട്‌ യാത്ര പറയുന്നതും രാഹുൽ കണ്ടു..

രാഹുലിനോട് പതിവ് പോലെ തന്നെ…സംസാരമൊന്നുമില്ല…

രാത്രി ഉറങ്ങാൻ കിടന്നിട്ടും രാഹുൽ തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറങ്ങിയില്ല…

ഓഫീസിൽ നിന്നും ഇറങ്ങി പോന്നതിനു ശേഷം,നീമ ഒരുപാട് തവണ വിളിച്ചിട്ടും രാഹുൽ കോൾ അറ്റൻഡ് ചെയ്തിരുന്നില്ല..

ഭ്രാന്ത്‌ പിടിയ്ക്കുമെന്ന് തോന്നിയപ്പോഴാണ് ലയയുടെ മുറിയുടെ വാതിൽക്കൽ എത്തിയത്.. ഹാൻഡിലിൽ പിടിച്ചു തിരിച്ചപ്പോൾ വാതിൽ തുറന്നു.. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ ലയ കണ്ണുകൾ അടച്ചു കിടക്കുന്നത് രാഹുൽ കണ്ടു…

പിന്നെയവന് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല..

കട്ടിലിനരികെ നിലത്തു ഇരുന്ന്,മുഖം അവളുടെ വയറിൽ ചേർത്തു…

“എന്നോട് ക്ഷമിച്ചൂടെ…?ചെയ്തത് എന്തെന്ന് തിരിച്ചറിയാൻ എനിയ്ക്ക് പറ്റിയില്ല.. എനിയ്ക്ക് നീ ഇല്ലാതെ പറ്റില്ലെടോ..അത്രയ്ക്കിഷ്ടമാണ്..”

ഇടറിയ സ്വരത്തിൽ രാഹുൽ പറഞ്ഞു…അവളുടെ ദേഹമൊന്ന് അനങ്ങിയെങ്കിലും ലയ മറുപടി പറഞ്ഞില്ല…

അല്പനേരം കഴിഞ്ഞു,ദേഹത്തു നേരിയ നനവ് അറിഞ്ഞതും രാഹുലിന്റെ ഉടൽ വിറയ്ക്കുന്നത് കണ്ടതും അവൻ കരയുകയാണെന്ന് ലയ തിരിച്ചറിഞ്ഞു…

പിടഞ്ഞെഴുന്നേറ്റവൾ അവന്റെ മുഖം തന്നിലേയ്ക്ക് ചേർത്തു…. ഏറെ നേരം അവരങ്ങനെ ഇരുന്നു

“മാപ്പ്.. വേദനിപ്പിച്ചതിന്..”

ലയ ആ കണ്ണുകൾ തുടച്ചു,ചുണ്ടുകൾ രാഹുലിന്റെ നെറ്റിയിൽ ചേർത്തു….

“രാഹുലിനെ ഞാൻ മനസ്സിലാക്കിയത് പോലെ രാഹുൽ എന്നെ മനസ്സിലാക്കിയില്ല.. രാഹുലിന് നീമ എത്ര പ്രിയ്യപ്പെട്ടവളാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ നിങ്ങളുടെ ബന്ധം തടയാതിരുന്നത്..

അതുപോലെ രാഹുൽ എന്റെ ഭാഗത്തു നിന്നും ചിന്തിച്ചില്ല… എന്നെ മനസ്സിലാക്കാൻ ശ്രെമിച്ചില്ല…”

“സോറി…”

രാഹുലിന്റെ ശബ്ദം നേർത്തിരുന്നു..

“സാരമില്ല.. ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ സ്ഥാനമുണ്ട്.. പേരന്റസിന്,,

സഹോദരങ്ങൾക്ക്,സുഹൃത്തുക്കൾക്ക്.. മറ്റെല്ലാം അവഗണിച്ചു ഭാര്യയ്ക്ക് പ്രയോറിറ്റി നൽകണമെന്ന് ഞാൻ പറയില്ല.. ബട്ട്‌ യുവർ പാർട്ണർ ഈസ്‌ ഇമ്പോര്ടന്റ്റ്‌…. ലൈക്‌ എ പാർട്ട്‌ ഓഫ് യുവർ സെൽഫ്.. ”

രാഹുൽ ഒന്നും പറഞ്ഞില്ല…അല്പനേരം കഴിഞ്ഞാണ് ലയ പറഞ്ഞത്..

“അതേയ് നാളെ നമുക്കൊരു ഗസ്റ്റ് ഉണ്ട് ട്ടോ..”

“ആരാ…? ”

ലയ രാഹുലിനെ പിടിച്ചു മാറ്റി എഴുന്നേറ്റു, ബാഗിൽ നിന്നും ഒരു കാർഡ് എടുത്തു രാഹുലിന് നേരെ നീട്ടി…

‘സിദ്ധാർഥ് വെഡ്സ് ദീപിക…’

രാഹുൽ സംശയത്തോടെ ലയയെ നോക്കി.. അവളുടെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ടായിരുന്നു…

“സിദ്ധാർഥ് ….അവനറിയാമായിരുന്നോ നമ്മൾ തമ്മിലുള്ള…”

“ചെറിയൊരു സൂചന ഞാൻ കൊടുത്തിരുന്നു..

അല്ലാതെ അടുത്ത് ഇടപഴകുമ്പോൾ, അവനു എന്തെങ്കിലും തോന്നിയാലോ..?പക്ഷെ കാര്യം പറഞ്ഞില്ല.. ആളൊരു ജന്റിൽമാൻ ആയത് കൊണ്ട് കൂടുതൽ ഒന്നും ചികഞ്ഞതുമില്ല..”

ലയ നേർത്തൊരു ചിരിയോടെ രാഹുലിനെ നോക്കി..

“ഞാൻ അനുഭവിച്ചതിന്റെ ചെറിയൊരു അംശമെങ്കിലും രാഹുലും അറിയണമെന്ന് തോന്നി..

അതിനു വേണ്ടിയാണ് ഞാൻ…ഞാൻ മറ്റൊരാളുമായി അടുത്ത് ഇടപഴകിയപ്പോൾ,രാഹുലിന്റെ ഫീലിങ്‌സിനു വിലകൽപ്പിക്കാതിരുന്നപ്പോൾ രാഹുലിന് വേദനിച്ചില്ലേ…?സിദ്ധാർഥ്വിനെയും ദീപികയേയും നാളെ ഞാൻ ഇങ്ങോട്ട് വിളിച്ചിട്ടുണ്ട്…”

ലയ രാഹുലിനെ ചേർത്ത് പിടിച്ചു…

“എനിയ്‌ക്കിഷ്ടമല്ല രാഹുൽ,നമ്മുടെ സന്തോഷങ്ങൾ പോലും ഒരു പരിധിയ്ക്ക് അപ്പുറം മറ്റുള്ളവരോട് ഷെയർ ചെയ്യുന്നത്…നമ്മുടെ ബന്ധവും അതിന്റെ ആഴവും അത് നമ്മുടെ മാത്രം സ്വകാര്യതയാണ്..”

രാഹുൽ കണ്ണുകൾ ഇറുക്കെ അടച്ചതല്ലാതെ ഒന്നും പറഞ്ഞില്ല….

“നീമ വിളിച്ചിരുന്നു.. ”

ലയ പതിയെ പറഞ്ഞതും രാഹുൽ മുഖമുയർത്തി…

“കുറേ കരഞ്ഞു.. തെറ്റുകൾ ഏറ്റു പറഞ്ഞു ക്ഷമയും ചോദിച്ചു..രാഹുലിനോടുള്ള ഇഷ്ടം കൊണ്ടാണ്.. എനിയ്ക്കറിയാം..”

രാഹുൽ അപ്പോഴും ഒന്നും പറഞ്ഞില്ല…

“ഞാൻ വാക്ക് പാലിയ്ക്കും രാഹുൽ….

നിങ്ങളുടെ സൗഹൃദം ഞാൻ കാരണം തകരില്ല… പക്ഷെ…..”

അവൾ പൂർത്തിയാക്കിയില്ല….രാഹുൽ ലയയുടെ കണ്ണുകളിലേയ്ക്ക് നോക്കി… നെറ്റിയിൽ അമർത്തി ചുംബിച്ചു….

ലയയുടെ ചുണ്ടിൽ ചിരി തെളിഞ്ഞിരുന്നു..…

നീമയ്ക്കെന്നല്ല മറ്റാർക്കും ഇനി തങ്ങൾക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാൻ കഴിയില്ലെന്ന് ലയയ്ക്ക് ഉറപ്പായിരുന്നു…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : സൂര്യകാന്തി (ജിഷ രഹീഷ് )