ഒരു അനാഥ പെണ്ണിനെ എന്റെ മരുമോളാക്കാൻ ഞാനൊരിക്കലും തയ്യാറല്ല…..

രചന : ശിവാംഗിശിവ

“ഒരനാഥപെണ്ണിനെ എന്റെ മരുമോളാക്കാൻ ഞാനൊരിക്കലും തയ്യാറല്ല ”

“അമ്മയിത് എന്തറിഞ്ഞിട്ടാണ്? കൃതി… അവളല്ലാതെ മറ്റൊരു പെണ്ണും എന്റെ ലൈഫിൽ ഉണ്ടാവില്ല… അതിനി ഏത് കൊമ്പത്തെയായാലും…

“എന്ത് മഹിമയുണ്ടായിട്ടാ അവളെ നീ പ്രേമിക്കണത്… ഊരും പേരും അറിയാത്ത ഒന്ന്…ഇങ്ങനെയുള്ളത്ങ്ങളൊക്കെ ഏതുതരം ആൾക്കാർക്ക് ഉണ്ടായതാവോ…? അവന്റെയൊരു കൃതി…

എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം ഇത് ഞാൻ സമ്മതിക്കില്ല… ”

“വേണ്ട… അമ്മ അവളെ സ്വീകരിക്കേണ്ട…

പക്ഷെ എനിക്കവളെ ഒഴിവാക്കാനാവില്ല…

അതിനെനിക്ക് ആരുടെയും സമ്മതം വേണ്ട ”

“ഓഹോ… അപ്പൊ ജാലക്കാരി നിന്നെ മയക്കിവെച്ചിരിക്കയാണല്ലേ…

ഒന്നോർത്തോ… എന്റെ വാക്ക് വെട്ടിച്ചു നീ വല്ലോം ചെയ്‌താൽ പിന്നേ ഈ പടിക്കുപുറത്താ നിന്റെ സ്ഥാനം… ”

“എങ്കിൽ കാണാം… ”

***************

“കൈ വിട് നന്ദൻ…വേദനിക്കുന്നു… എന്താണ് കാര്യം പറയു.. ”

“നീ ഇപ്പൊ ഈ നിമിഷം എന്റെ കൂടെ വരണം…

നമ്മുടെ കല്യാണമാണിന്ന്… ”

ഞെട്ടലോടെ കൃതിയുടെ മിഴികൾ അവനിൽ തറച്ചുനിന്നു…

“വാ… പോവാം… ”

“എങ്ങോട്ട്…? ”

ആശ്ചര്യം മാറി പുഞ്ചിരിയോടെ അവളത് പറയുമ്പോൾ അവന്റെ കണ്ണുകൾ വിറച്ചു… നഷ്ടപ്പെടലാണോ ഇത്…?!!

“നന്ദാ… അനാഥത്വത്തിന്റെ വേദന എനിക്ക് നന്നായി അറിയാം… എനിക്കും കൊതിയുണ്ട് ഒരമ്മയുടെ.. ചേച്ചിയുടെ വാത്സല്യം അറിയാൻ…ഒരു കൂട്ടുകുടുംബത്തിന്റെ ഭാഗമാവാൻ…നിന്നെ പറിച്ചുമാറ്റി ഞാൻ നേടിയതുകൊണ്ട് നമുക്ക് ഒരിക്കലും സുഖമോ സന്തോഷോ കിട്ടില്ല…”

“അതിനർത്ഥം….?? ”

“ഞാൻ കാത്തിരിക്കാം… നിനക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും… പക്ഷെ ഒന്നിക്കണമെങ്കിൽ നന്ദന്റെ കുടുംബത്തിൽ കൃതിക്കും വേണം ഒരു സ്ഥാനം… മരുമകളായിട്ടല്ല… മകളായിട്ട് നിന്റെ അമ്മ എന്നെ സ്നേഹിക്കണം നന്ദൻ…”

“ഒരിക്കലും നടക്കില്ല ഇതൊന്നും… അമ്മയുടെ മനസ്സിലുള്ള വധു തയ്യാറായിക്കഴിഞ്ഞു… അധികം വൈകാതെ അത് നടത്തിക്കാനുള്ള ബദ്ധപ്പാടിലാണ് അമ്മ…”

നനവുപടർന്ന കണ്ണുകൾ ദൂരേക്ക് പായിച്ചു അവൾ പുഞ്ചിരി സൃഷ്ട്ടിക്കാൻ ശ്രമിച്ചു…

“all the best… ഇതിലും അധികം സംസാരിക്കാൻ മാത്രം അർഹത ഈ അനാഥക്കില്ല

തണൽ വിരിച്ച ആൽമരച്ചോടും കടന്നവൾ അകലുമ്പോൾ ശീതളിമയിലും അവന്റെ നെഞ്ചിൽ വേദനയുടെ കനലെരിയുകയായിരുന്നു… !

****************

“മിസ്സിസ് രഘുറാം അല്ലെ… ”

“അതെ… ”

“ഞാൻ town SI ബിനോയ്‌ ആണ്… ”

തുടർന്നയാൾ പറഞ്ഞ വാക്കുകൾ കേട്ട് ഉമാദേവി തകർന്നു… കാറുമെടുത്തു പാഞ്ഞവിടെ എത്തുമ്പോൾ ജനലഴികൾക്കടുത്തായി തലകുനിച്ചു നിൽക്കുന്ന നന്ദനെയാണ് കണ്ടത്…

“LSD ആണ്..! അറിയാലോ കേസ്…എഞ്ചിനീയർ മോനെ അമ്മക്കിനി കാണാൻ കിട്ടുമെന്ന് തോന്നുന്നില്ല… ”

ദേഷ്യവും ദുഖവും കണ്ണീരായി ഒഴുകുന്നത് തടയാൻ അവർ നന്നേ പാടുപെടുന്നുണ്ടായിരുന്നു…

അപമാനഭാരം പേറിയ ശിരസ്സ് ഉയരുന്നുണ്ടായിരുന്നില്ല…

****************

നീണ്ട രണ്ട് വർഷങ്ങൾ എടുത്തു കെട്ടുപാടുകളിൽ നിന്നവൻ മോചിതനാവാൻ… സുഹൃത്തുക്കളുടെ ചതിയിൽ പെട്ടതാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ… പക്ഷെ തിരിച്ചുവരവ് നാട്ടിൽ കോലാഹലം സൃഷ്ട്ടിച്ചു…

അഡ്വക്കേറ്റ് രഘുറാമിന്റെ മകൻ മയക്കുമരുന്ന് കേസിൽ പ്രതിയായതുമാത്രമേ നാട്ടുകാർ അറിഞ്ഞുള്ളു …

മറ്റൊന്നും കേൾക്കാൻ അവർ തയ്യാറായില്ല…അമ്മയുടെ സങ്കല്പങ്ങൾ പൂവണിഞ്ഞില്ല…

ലഹരിക്കടിമയായ ഒരുത്തനെ വേണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ തറപ്പിച്ചുപറഞ്ഞു….

*******************

“വലതുകാൽ വെച്ച് കയറു മോളെ ”

കയ്യിൽ നീട്ടിപ്പിടിച്ച നിലവിളക്കിന്റെ വെട്ടത്തിൽ കൃതിയുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു…

ഗൃഹത്തിന്റെ ലക്ഷ്മിയായും ഉമാദേവിയമ്മയുടെ മകളായും നന്ദന്റെ നല്ല പാതിയായും തീരാൻ അവളും തയ്യാറായിക്കഴിഞ്ഞു…

താൻ കാരണം ആദ്യമായി ഇറ്റുവീണ കണ്ണീരിന്റെ മറപറ്റി തന്റെ നെഞ്ചിൽ ചേർന്നുകിടക്കുന്ന അവളോട് നനുത്ത സ്വരത്തിൽ അവൻ ചോദിച്ചു.

“ഒരു ലഹരി മരുന്ന് കേസിൽ പ്രതിചേർക്കപ്പെട്ടവനെ നീയെന്തിനു വീണ്ടും സ്നേഹിച്ചു? തള്ളിപ്പറഞ്ഞ കുടുംബത്തെ ഒന്നാകെ അപമാനിതരാക്കാൻ നിനക്ക് കഴിയുമായിരുന്നില്ലേ? പിന്നെന്തിനാ നീ വീണ്ടും എന്നെ…?”

മുഴുമിക്കാൻ അനുവദിക്കുംമുന്നേ അവളുടെ കരങ്ങൾ അവനെ തടഞ്ഞിരുന്നു…

“അറിയില്ല നന്ദൻ എനിക്ക്… നിന്നെയല്ലാതെ മറ്റൊരാണിനെയും സ്നേഹിക്കാൻ ഈ ജന്മം എനിക്ക് സാധിക്കില്ല… ”

“എന്ത് വിശ്വാസത്തിലാണ് നീയെന്നെ… ”

“പിതൃത്വം അറിയാത്ത പെണ്ണിനെ നിനക്ക് വെറുക്കാനായില്ലല്ലോ… അതുപോലെ നിന്റെ ഏത് തെറ്റുകളെയും പൊറുക്കാനും എനിക്ക് കഴിയും…നീയെന്നെ വഞ്ചിക്കാത്തിടത്തോളം കാലം…പിന്നേ ഈ പൊല്ലാപ്പൊക്കെ… എനിക്ക് തന്നെ വിശ്വാസമാണെടോ… ഞാനറിഞ്ഞ നന്ദനൊരിക്കലും തെറ്റ് ചെയ്യില്ല… ”

കണ്ണിൽ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒന്നുകൂടി അവളെന്നോട് ഒട്ടിക്കിടന്നു.. !

ആരൊക്കെ അവിശ്വസിച്ചാലും എന്നെ അറിയുന്ന പെണ്ണിന് വേണ്ടി അറിഞ്ഞുകൊണ്ട് കൂട്ടുകാരന്റെ കെണിയിൽ പോയിപ്പെട്ട്കൊടുത്തത് ഈ നിമിഷത്തിനു വേണ്ടിയായിരുന്നു…

അവനപ്പോൾ അനുഭവിക്കുകയായിരുന്നു …പ്രാണന് തുല്യം തന്നെ സ്നേഹിക്കുന്ന ഇവൾക്ക് വേണ്ടി കുടുംബത്തെക്കൂടി സമ്മാനിക്കാനായതിന്റെ നിർവൃതി…!

“അറിയപ്പെടുന്ന പിതൃത്വമില്ലാഞ്ഞിട്ടും പിതാവിന് പിറന്നൊരു പെണ്ണിന്റെ പ്രണയം ആ മാതാവും അംഗീകരിച്ചുക്കഴിഞ്ഞു… “!

ചുറ്റിപ്പിടിച്ചകൈകൾ തന്നോട് വലിച്ചടുപ്പിച്ചു ആ രാത്രിയുടെ ചൂടിൽ നന്ദനും മയങ്ങിയിരുന്നു… !!

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശിവാംഗിശിവ