ദേവു ഇങ്ങോട്ട് മിണ്ടാൻ വന്നപ്പോഴും, മറുപടി ഒന്നോ രണ്ടോ വാക്കുകളിൽ മാത്രം ഞാൻ ഒതുക്കി

രചന : sreejith

“തന്റെ നോട്ടം കണ്ടിട്ട് തന്നെ പേടി ആകുന്നല്ലോടോ… ”

“എനിക്ക് കണ്ണ് ഉള്ളത് കാഴ്ചകൾ കാണാൻ ആ..അപ്പൊ ചിലപ്പോ എനിക്ക് ഇഷ്ട്ടം ഉള്ളത് നോക്കി എന്നിരിക്കും… ”

“നോക്കിക്കോ…എത്ര വേണേലും നോക്കിക്കോ.

അല്ലെങ്കിലും തനിക്കു പെൺകുട്ടികളെ കാണുമ്പോൾ ഇത്തിരി ഇളക്കം കൂടുതൽ ആ എന്ന്‌ എല്ലാവരും പറയാറുണ്ട്… ”

“ദേ…അനാവശ്യം പറഞ്ഞാൽ പെണ്ണാണെന്നൊന്നും ഞാൻ നോക്കത്തില്ല…അടിച്ചു കരണം പുകയ്ക്കും…”

“പിന്നേ…ഒന്ന് പോടോ…ഇത്‌ പോലുള്ള ഡയലോഗ് കേട്ടാൽ നിന്ന നിൽപ്പിൽ ബോധം പോകുന്ന പെൺകുട്ടികളെ താൻ കണ്ടിട്ടുണ്ടാകു.ഈ ദേവൂനെ ആ ഗണത്തിൽ കൂട്ടണ്ട… ”

“ഇതല്ലേ നിന്റെ സ്വഭാവം…വെറുതെ അല്ലേടി നിനക്ക് കല്യാണം ഒന്നും ശരിയാവാത്തതു…നിന്നെ കെട്ടുന്നതിലും ഭേദം വല്ല ട്രെയിനിനും തല വെക്കുന്നതാ… ”

“തല മുടിയും മീശയും നരച്ചു തുടങ്ങി…ആദ്യം തനിക്കൊരു പെണ്ണ് കിട്ടാൻ അമ്പലത്തിൽ എന്തെങ്കിലും വഴിപാടുകൾ നേര്..എന്നിട്ട് മതി ബാക്കി ഉള്ളവരുടെ കെട്ടു നടത്താൻ… ”

“അത് കൂടി കേട്ടതോടെ ദേവൂനെ അടിച്ചു കൊല്ലാൻ തോന്നിയെങ്കിലും റോഡിലൂടെ പോകുന്ന ആൾക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന്‌ മനസ്സിലായതോടെ ഞാൻ സംയമനം പാലിച്ചു…”

“എന്നേ കലിപ്പിച്ചൊരു നോട്ടം നോക്കി ദേവു വണ്ടിയും ഓടിച്ചു പോകുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ദേഷ്യത്തെക്കാൾ കൂടുതൽ എനിക്കവളോട് സ്നേഹമാണ് തോന്നിയത്… ”

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ദേവു ഞങ്ങളുടെ ക്ലാസ്സിൽ വരുന്നത്…അന്ന് തന്നെ സുന്ദരിയായിരുന്ന അവളുടെ മുഖ ഭംഗിയേക്കാൾ എനിക്കിഷ്ടം തോന്നിയത് മൂക്കിൽ കിടക്കുന്ന കൊച്ചു മൂക്കുത്തിയോടായിരുന്നു..

ക്ലാസ്സിലെ ബാക്കി എല്ലാ ആൺകുട്ടികളോടും നല്ല സൗഹൃദം പുലർത്തിയിരുന്ന അവൾ എന്നോട് മാത്രം അകന്നു നിന്നു…അത് പെൺകുട്ടികളോട് മിണ്ടാൻ കുറച്ചു നാണം ഉള്ള കൂട്ടത്തിൽ ആയിരുന്നു ഞാൻ എന്നുള്ളത് കൊണ്ടാകാം..

ഫ്രീ പീരീഡ് കിട്ടുന്ന സമയങ്ങളിൽ ഒളി കണ്ണിട്ട് ദേവൂനെ നോക്കാനും..മറ്റുള്ള ആൺകുട്ടികളോട് അവൾ മിണ്ടുമ്പോൾ ദേഷ്യം തോന്നി..അത് ഞാൻ തീർത്തിരുന്നത് എന്റെ കൂട്ടുകാരന്റെ മുതുകിൽ ഇടിച്ചായിരുന്നു ..

ക്ലാസ്സിൽ എല്ലാവരോടും കുറച്ചു കലിപ്പിച്ചു സംസാരിക്കുന്നത് കൊണ്ടാകും..സുഹൃത്തുക്കൾ പിന്നീട് കലിപ്പൻ എന്ന്‌ ഇരട്ടപ്പേര് എന്നേ വിളിച്ചു തുടങ്ങിയത്.

വർഷങ്ങൾ ഓരോ നിമിഷങ്ങൾ പോലെ കടന്നു പോയിട്ടും..പരസ്പരം അധികം മിണ്ടിയിട്ടില്ലെങ്കിലും…എനിക്ക് മനസ്സിൽ ദേവുനോടുള്ള ഇഷ്ട്ടം കൂടുകയാണ് ചെയ്തത്

എന്തൊക്കെ കാര്യങ്ങൾ നമ്മൾ മനസ്സിൽ ഒളിപ്പിച്ചാലും…നമ്മുടെ നിഴലു പോലെ കൂടെ നടക്കുന്ന ചങ്കിനു നമ്മുടെ മനസ്സ് വായിക്കാൻ കഴിയും എന്ന്‌ പറയുന്നത് പോലെയാണ് ..

ഒരു നാൾ അജു…നിനക്ക് ദേവൂനോട് ഇഷ്ട്ടം ആണോ എന്ന്‌ ചോദിക്കുന്നത്..

വേറെ ആരോട് നമ്മൾ നുണ പറഞ്ഞാലും കൂട്ടുകാരുടെ മുൻപിൽ മാത്രം പിടിച്ചു നിക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ടാകും..അജുവിന്റെ ചോദ്യത്തിന് ആദ്യം ഞാൻ നുണ പറഞ്ഞെങ്കിലും പിന്നീട് ദേവൂനെ ഇഷ്ടമാണെന്നുള്ള കാര്യം ഞാൻ തുറന്നു പറഞ്ഞത്..

“എത്ര നാൾ നീ ഇത്‌ മനസ്സിൽ കൊണ്ട് നടക്കും…അവൾക്ക് മറ്റാരോടെങ്കിലും ഇഷ്ട്ടം തോന്നുന്നതിനു മുൻപ് തുറന്നു പറയെടാ എന്നുള്ള അജുവിന്റെ വാക്കുകൾ കേട്ടിട്ട് ആകണം…ഒരു ദിവസം രണ്ടും കല്പ്പിച്ചു ഇഷ്ടമാണെന്നു പറയാൻ വേണ്ടി ഞാൻ പോയത്‌

പക്ഷെ ദേവൂന്റെ മുഖം കണ്ടപ്പോൾ തന്നെ സകല ധൈര്യവും പോയ ഞാൻ… നാളെ പറയാം..പിന്നേ പറയാം എന്ന്‌ ഓരോ ഒഴിവുകഴിവ് പറഞ്ഞു മുങ്ങുകയാണ് ചെയ്തത്…

ദേവു പഠിക്കുന്ന അതേ കോളേജിൽ അതേ കോഴ്സിന് ഞാൻ ചേർന്നപ്പോഴും…അവൾ ജോലി ചെയ്യുന്ന ബാങ്കിൽ തന്നെ ജോലിക്ക് കേറിയപ്പോഴും ഒരിക്കൽ പോലും ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞിരുന്നില്ല..

ദേവു ഇങ്ങോട്ട് മിണ്ടാൻ വന്നപ്പോഴും…മറുപടി ഒന്നോ രണ്ടോ വാക്കുകളിൽ മാത്രം ഞാൻ ഒതുക്കുമ്പോഴൊക്കെ..ആ ഉണ്ട കണ്ണുകൾ കൊണ്ട് ഇയാൾ എന്തൊരു മനുഷ്യനാ എന്നൊരു അർത്ഥത്തിൽ ദേവു എന്നേ തന്നെ നോക്കുമായിരുന്നു

അവൾ പോകുന്ന മിക്ക സ്ഥലങ്ങളിലും എന്നെയും കാണുന്നത് കൊണ്ടും ഇടയ്ക്കൊക്കെ ദേവൂനെ ഞാൻ നോക്കി നിക്കുമ്പോൾ അവൾ പെട്ടെന്ന് തല തിരിച്ചു എന്നേ നോക്കുമ്പോഴും അവളുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…..

“നീ എന്താടാ ഈ ആലോചിച്ചു നിക്കുന്നത്..അവൾ അവളുടെ പാട്ടിനു പോയി എന്നുള്ള അജുവിന്റെ സംസാരം കേട്ടപ്പോഴാണ് ഞാൻ ഓർമ്മയിൽ നിന്നും മടങ്ങി വന്നത്…

“നിനക്ക് അവളെ കെട്ടാൻ യോഗം ഇല്ലെടാ…ഇങ്ങനെ ഒരു പേടി തോണ്ടൻ…”

“ഞാൻ എന്ത് ചെയ്യാൻ ആടാ അജു…ഇഷ്ട്ടം ആണെന്ന് പറയാൻ വന്നപ്പോൾ അവൾ എന്നോട് പറഞ്ഞത് നീയും കേട്ടതല്ലേ…”

“വർഷം കുറെ ആയില്ലേടാ അവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്..ആണുങ്ങളെ പോലെ ഇനിയെങ്കിലും മനസ്സിൽ ഉള്ളത് തുറന്നു പറയാൻ നോക്കെടാ” എന്ന്‌ പുച്ഛിച്ചു കൊണ്ട് അജു പോയപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുകയാണ് ചെയ്തത്..

ഇനിയും ഇക്കാര്യം ദേവൂനോട് തുറന്നു പറഞ്ഞിട്ടേ ബാക്കി കാര്യം ഉള്ളു എന്ന്‌ മനസ്സിൽ പ്രതിജ്ഞ എടുത്തു…ഞാറാഴ്ച ദേവു പോകുന്ന അതേ അമ്പലത്തിൽ ഞാനും പോയത്‌…

തിരിച്ചു വരുന്ന വഴി..അധികം ജന സഞ്ചാരം ഇല്ലാത്ത ഇടവഴിയിൽ വെച്ചു പേടിച്ചു വിറയ്ക്കുന്ന ശബ്ദത്തോടെ ദേവൂനെ ഞാൻ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ ഉച്ചത്തിൽ പൊട്ടി ചിരിക്കുകയാണ് അവൾ ചെയ്തത്..

“കൊള്ളാം…ഇപ്പോഴാണോ മനസ്സിൽ ഉള്ള ഇഷ്ട്ടം തുറന്നു പറയുന്നത്…എന്തായാലും ഒരുപാട് വൈകി പോയി ഉണ്ണിയേട്ടാ ..അടുത്ത ആഴ്ച എന്റെ വിവാഹ നിശ്ചയം ആണ്..ഉണ്ണിയേട്ടന്റെ വീട്ടിൽ ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു.. ഉണ്ണിയേട്ടനോട് ഞാൻ പറഞ്ഞോളാം എന്ന്‌ പറഞ്ഞത് കൊണ്ടാണ് അമ്മ ഇക്കാര്യം പറയാതിരുന്നത് എന്ന്‌ ദേവു പറഞ്ഞു നിർത്തിയപ്പോൾ നിന്ന നിൽപ്പിൽ ലോകം അവസാനിച്ചിരുന്നെങ്കിൽ എന്ന്‌ ഞാൻ കരുതിപ്പോയി..

ഞാറാഴ്ച എന്തായാലും അമ്മയെയും കൂട്ടി ഉണ്ണിയേട്ടൻ വീട്ടിലേക്ക് വരണം..മറക്കരുത് എന്ന്‌ പറഞ്ഞു ചിരിച്ചു കൊണ്ട് ദേവു നടന്നു പോയപ്പോൾ…കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ തുള്ളികളെ ഒളിപ്പിച്ചു വെക്കാൻ എനിക്കും കഴിഞ്ഞില്ല…

നീണ്ട വർഷത്തെ പ്രണയം ഒരു നിമിഷം കൊണ്ട് അവസാനിച്ചതു കൊണ്ട്… വീടിനു വെളിയിൽ പോലും ഇറങ്ങാൻ ഞാൻ പിന്നീട് കൂട്ടാക്കിയില്ല…

“നിനക്കിത് എന്ത് പറ്റി ഉണ്ണി എന്ന്‌ അമ്മ മാറി മാറി ചോദിച്ചപ്പോഴും…എനിക്ക് കുറച്ചു സമാധാനം തരുമോ എന്ന്‌ തിരിച്ചു അമ്മയോട് ചോദിക്കുകയാണ് ഞാൻ ചെയ്തത്…

ഒടുവിൽ ഞാറാഴ്ച…ദേവൂന്റെ വിവാഹ നിശ്ചയത്തിന് പോകുന്നില്ല എന്ന്‌ തീരുമാനിച്ചിരുന്ന ഞാൻ…നീ നിശ്ചയത്തിന് പോകണം…അല്ലെങ്കിൽ അമ്മയ്ക്ക് സംശയം ആകും…നിനക്ക് കൂട്ടിനു ഞാനും വരാം എന്ന്‌ പറഞ്ഞു അജു നിർബന്ധിച്ചത് കൊണ്ടാണ്…മനസ്സില്ലാ മനസ്സോടെ…അവസാനമായിട്ട് ദേവൂന്റെ മുഖം ഒരിക്കൽ കൂടി കാണാമല്ലോ എന്ന്‌ കരുതി അവളുടെ വീട്ടിലേക്ക് ഞാൻ പോയതും..

❤❤❤❤❤❤❤❤❤❤❤

“എന്താ ഉണ്ണിയേട്ടാ ഈ ആലോചിച്ചു കൂട്ടുന്നത്..ഞങ്ങൾക്ക് ഇറങ്ങാൻ സമയം ആയി എന്ന്‌ ദേവൂന്റെ സംസാരം കേട്ടിട്ടാണ് പാതി ഉറക്കത്തിൽ നിന്നും ഞാൻ കണ്ണു തുറന്നത്…

നിറ വയറിൽ കൈ വെച്ചു..മൂക്കിൽ തിളങ്ങുന്ന കൊച്ചു മൂക്കുത്തിയും ഇട്ട് എന്നേ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിക്കുവാണ് ദേവു…

ഏഴാം മാസത്തിൽ ദേവൂനെ വീട്ടിലേക്ക് കൊണ്ട് പോകാൻ എല്ലാവരും തന്നെ വന്നിട്ടുണ്ടായിരുന്നു..

സാവധാനം ദേവൂന്റെ നിറ വയറിൽ ചെവി വെച്ചു ഉള്ളിൽ ഉള്ള ജീവന്റെ തുടിപ്പ് ഞാൻ കേട്ടു കൊണ്ടിരുന്നു…

മോളെ ദേവു…എന്നുള്ള അമ്മയുടെ നീട്ടി ഉള്ള വിളി കേട്ടിട്ട് ഞാൻ അവളെയും കൂട്ടി ഉമ്മറത്തേക്ക് ചെന്നു…മനസ്സിൽ ഒരായിരം വേദന തോന്നിയെങ്കിലും ചിരിച്ചു കൊണ്ട് തന്നെ ഞാൻ ദേവൂനെ വീട്ടിലേക്ക് യാത്രയാക്കി…

*************

അന്ന് സകല പ്രതീക്ഷകളും അവസാനിച്ചു ദേവൂന്റെ വീട്ടിലേക്ക് കയറി ചെന്ന ഞാൻ കണ്ടത്…ഒരു മംഗള കർമ്മം നടക്കുന്ന വീടാണെന്ന് പോലും തോന്നിക്കാതെ..രാവിലെ തന്നെ ഉമ്മറത്തു ഇരുന്നു പത്രം വായിക്കുന്ന ദേവൂന്റെ അച്ഛനെയും…തൊട്ടടുത്തുള്ള വീട്ടിലേ കുട്ടികളോട് എന്തൊക്കെയോ സംസാരിച്ചു നിക്കുന്ന ദേവൂന്റെ പെങ്ങളെയും ആയിരുന്നു…

ദേ അവരിങ്ങു എത്തി എന്ന്‌ ഞങ്ങളെ കണ്ട ഉടനെ ദേവൂന്റെ അമ്മ എല്ലാവരോടും ആയി പറയുന്നത് കണ്ടിട്ട് ഒന്നും മനസ്സിലാകാതെ അമ്മയെയും അജുവിനെയും മാറി മാറി നോക്കുകയാണ് ഞാൻ ചെയ്തത്

ഒന്നും തന്നെ മനസ്സിലായില്ലെങ്കിലും ദേവൂന്റെ അച്ഛനോട് കുറച്ചു വിശേഷങ്ങൾ ഒക്കെ പറഞ്ഞിരിക്കുമ്പോഴാണ്

അണിഞ്ഞൊരുങ്ങി… കൈയ്യിൽ ചായയും പലഹാരങ്ങളും ആയിട്ട് ദേവു വരുന്നത്…

ഇവിടെ എന്താ നടക്കുന്നത് എന്നുള്ള എന്റെ അമ്പരപ്പ് നിറഞ്ഞ നോട്ടം കണ്ടിട്ടാകണം എന്നെയും ദേവൂനെയും മാത്രമാക്കി അവിടെ നിർത്തി ബാക്കി എല്ലാവരും അകത്തേക്ക് കയറി പോയത്‌…

“ഇതൊക്കെ എന്താ ദേവു…ഇന്ന് നിശ്ചയം ആണെന്ന് പറഞ്ഞിട്ട് എന്താ ഇതൊക്കെ എന്ന്‌ ഞാൻ ചോദിച്ചതിന്… “ഒരുപാട് വർഷം എന്നോട് ഇഷ്ട്ടം തുറന്നു പറയാതെ തന്നെ..എന്നേ ജീവനായി സ്നേഹിച്ച ആളല്ലേ…അപ്പൊ ഉണ്ണിയേട്ടന്റെ സ്നേഹം കണ്ടില്ലെന്നു നടിച്ചു മറ്റൊരാളെ വിവാഹം ചെയ്‌താൽ ഈശ്വരൻ പോലും എന്നോട് പൊറുക്കില്ല എന്ന്‌ ദേവു പറഞ്ഞു നിർത്തിയപ്പോൾ കണ്ണിൽ മുഴുവൻ ഇരുട്ട് കയറുന്നത് പോലെയാണ് എനിക്ക് തോന്നിയത്…

“ഉണ്ണിയേട്ടന് എന്നേ പണ്ട് മുതലേ ഇഷ്ട്ടം ആണെന്ന് എനിക്കറിയാമായിരുന്നു..പക്ഷെ അത് ഉണ്ണിയേട്ടന്റെ നാവിൽ നിന്നും എന്നെങ്കിലും കേൾക്കണം എന്നുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഇക്കാര്യം തുറന്നു പറയാതിരുന്നത്…”

വർഷങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യം തുറന്നു പറയാത്തത് കൊണ്ട് പിന്നീട് എനിക്ക് ഉണ്ണിയേട്ടനോട് ദേഷ്യം ആയി…കുറച്ചു ദേഷ്യത്തോടെ സംസാരിച്ചാൽ എങ്കിലും മനസ്സിൽ ഉള്ളത് പുറത്തു വരുമല്ലോ എന്ന്‌ കരുതിയാണ് ഇടയ്ക്കൊക്കെ ഉണ്ണിയേട്ടനെ ഞാൻ കളിയാക്കിയതും…

ഒടുക്കം എന്താണോ ഞാൻ ഉണ്ണിയേട്ടനിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചത്…അത് അന്ന് എന്നോട് തുറന്നു പറഞ്ഞപ്പോൾ…ഇത്രയും നാൾ എന്നേ വിഷമിപ്പിച്ചതല്ലേ..അപ്പൊ തിരിച്ചൊരു പണി തരണ്ടേ എന്ന്‌ കരുതിയാണ് ഇന്നെന്റെ വിവാഹ നിശ്ചയം ആണെന്ന് ഉണ്ണിയേട്ടനോട് ഞാൻ നുണ പറഞ്ഞത്…ഇക്കാര്യത്തിനു എനിക്ക് ഫുൾ സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടായിരുന്നത് അജുവും ഉണ്ണിയേട്ടന്റെ അമ്മയും തന്നെ ആയിരുന്നു എന്ന്‌ ചിരിച്ചു കൊണ്ട് ദേവു പറയുമ്പോഴും കാണുന്നത് സ്വപ്നം ആണോ എന്ന്‌ ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയിരുന്നു..

ഇപ്പൊ ഇവിടെ നടക്കുന്നത് കല്യാണത്തിന് മുൻപുള്ള നമ്മുടെ പെണ്ണ് കാണൽ ചടങ്ങ് ആണെന്ന് ദേവു പറഞ്ഞു നിർത്തിയപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി…

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ മെല്ല തലയുയർത്തി ദേവൂനോട് ചോദിച്ചു… “എനിക്ക് ദേവൂനെ ഇഷ്ടം ആണെന്നുള്ള കാര്യം എപ്പോഴാ ദേവൂന് മനസ്സിലായത് എന്ന്‌..”

അതിനു ചെറു പുഞ്ചിരിയോടെ എനിക്കവൾ മറുപടി നൽകി… “ഞാൻ നോക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ഉണ്ണിയേട്ടൻ എന്നേ നോക്കുന്നത് കണ്ടപ്പോഴാണ്…ഉണ്ണിയേട്ടൻ പറയാതെ പറഞ്ഞ ഇഷ്ട്ടം ഞാൻ അറിയാതെ അറിഞ്ഞെന്നെനിക്ക് മനസ്സിലായതെന്ന്..”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : sreejith

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top