നീയെന്നെ വിട്ടുപോയതിൽ പിന്നെ എപ്പോഴെങ്കിലും മനസറിഞ്ഞു ചിരിച്ചിട്ടുണ്ടോ…

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

നീയെന്നെ വിട്ടുപോയതിൽ പിന്നെ എപ്പോഴെങ്കിലും മനസറിഞ്ഞു ചിരിച്ചിട്ടുണ്ടോ?

അതിനു മറുപടി പറയാതെ അവൾ ആ കുന്നിന് താഴെയുള്ള കാഴ്ചകളിലേക്ക് നോക്കി നിന്നു.

“താഴെ നിറയെ പച്ചപ്പുതച്ച പാടങ്ങളാണ്. ആ പാടത്തിനരികിലൂടെ ഒരു വഴി. ആ വഴി വന്നു നിൽക്കുന്നത് കുന്നിൻ പുറത്തെ മഹാദേവന്റെ ക്ഷേത്രത്തിലേക്കുള്ള പടിയിലാണ്. പാറ വെട്ടി പണിത ഒരുപാടു പടികൾ. പടികൾ കയറി ചെല്ലുമ്പോൾ ഒരു പാലമരം അതിനു താഴെ ഒരു നാഗക്കാവ്. നാഗകാവിന് താഴെ മഞ്ഞൾ പൊടികൾ നിറഞ്ഞു കിടക്കുന്നു.. ഭക്തരുടെ വഴിപാടാണ്..

അതിനു മീതെ വെളുത്ത പാലപൂക്കൾ വീണുകിടക്കുന്നുണ്ടാകും. വല്ലാത്തൊരു വാസനയാണ് അവിടെ.

അവിടെ നിന്നും കുറച്ചു പടികൾ കയറിയാൽ മഹാദേവന്റെ ക്ഷേത്രമാണ് വെട്ടുകല്ലുകൊണ്ടു പണിതു.

ഓടുമേഞ്ഞ ഒരു കുഞ്ഞു ക്ഷേത്രം.

നാട്ടിലെ ആളുകൾ വീട്ടിലെന്തു നല്ല കാര്യം നടക്കാണെങ്കിലും.. അവിടെ പായസം വെക്കും. ചിലർ ചുറ്റുവിളക്കാകും. കമ്മറ്റിക്കാരോ ഭാരവാഹികളോ ഇല്ലാത്ത നിലകൊള്ളുന്ന ഒരു കുഞ്ഞു ക്ഷേത്രം.

ഒരു നാടിന്റെ മുഴുവൻ ദേവൻ എന്ന് വിശ്വാസികൾ കരുതുന്ന ഒരിടം.

സന്ധ്യാസമയത്തു പാടത്തു നിന്നു നോക്കിയാൽ ആ കൽവിളക്കിൽ തെളിയുന്ന ദീപങ്ങൾക്ക് എന്തൊരു ഐശ്വര്യമാണ്. ”

ഗീതിക.. എന്താ ആലോചിക്കുന്നേ?

ഒന്നൂല്യ ശ്രീ… നമുക്കൊന്ന് വലം വെച്ചാലോ?

ഉം..

അഴിഞ്ഞു കിടക്കുന്ന മുടി ചെവിയുടെ പിന്നിലേക്ക് ഒതുക്കിവെച്ചു അവൾ അതു പറഞ്ഞപ്പോൾ ഞാൻ മറുത്തൊന്നും പറഞ്ഞില്ല..

ആ കുന്നിൻ മുകളിലൂടെ അവളുടെ കൂടെ നടന്നു.

ഒരു വശത്തു ശാരദേടത്തിയും മകൾ ശ്രീലക്ഷ്മിയും കൂടി പായസം തയ്യാറാക്കുന്നുണ്ട്.

എന്താ വിശേഷം എന്ന് ചോദിച്ചപ്പോൾ.. ഇവൾടെ കല്യാണം ശരിയായി . അതിന്റെയാ.. പ്രസാദം കഴിച്ചിട്ട് പോയാൽ മതിട്ടോ എന്നും പറഞ്ഞു.. ഇപ്പോ ആവും.

എന്നിട്ടേ പോണുള്ളൂ എന്ന് അവളാണ് മറുപടി പറഞ്ഞത്.

ശ്രീയെന്താ ഒന്നും സംസാരിക്കാത്തത്. എത്ര പറഞ്ഞാലും തീരാത്ത അത്രയും വിശേഷങ്ങൾ ഉണ്ടാവാറുണ്ടല്ലോ പണ്ടൊക്കെ?

പണ്ടല്ലേ? ഇപ്പോ കാലങ്ങൾ മാറിയില്ലേ..

അതിന്റെയാകും. അല്ലെങ്കിലും എനിക്കെന്തു വിശേഷം ഉണ്ടാകാനാണ്..

നേരം വെളുക്കുന്നു രാത്രിയാകുന്നു. അതിനിടയിൽ പറമ്പ് പാടം. അച്ഛനുണ്ടാക്കിയ ബിസിനസൊക്കെ നോക്കി നടക്കുന്നു.

ഞാനായിട്ട് ഒന്നും ചെയ്യാനില്ല എല്ലാം അച്ഛൻ കാണിച്ചുതന്ന വഴികളിലൂടെ ഓടിച്ചുകൊണ്ടിരിക്കുന്നു.

എന്നിട്ട് എല്ലാത്തിന്റെയും മാറ്റ് കൂടിയിട്ടല്ലേ ഉള്ളു?

ഒരു കുറവുമില്ലാതെ നടത്തികൊണ്ട് പോകുന്നത് തന്നെ വല്യ കാര്യമല്ലേ.

എല്ലാം ഉണ്ടായിട്ടും അച്ഛൻ ഇല്ലല്ലോ അതന്നെ വല്യ കുറവല്ലേ..

നീയെന്നെ വേണ്ടാന്നു വെച്ചുപോയപ്പോഴും.

എല്ലാരും കുറ്റം പറഞ്ഞിട്ടും. അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല. ഒരു പക്ഷെ . ഈ ലോകത്തു എന്നെ മനസിലാക്കിയ ഒരാളുണ്ടാവില്ല.പറയുമ്പോൾ തൊണ്ട ഇടറിപോകുന്നുണ്ടായിരുന്നു.

എന്റെ അലമ്പു സ്വഭാവവും ബാറിലും പൂരത്തിനും അടിയുണ്ടാക്കലും എല്ലാം കാരണം ഞാൻ കുറേ മനസു വിഷമിച്ചിട്ടുണ്ട്.

എന്തിനാ എനിക്കു ഇങ്ങനെ പിടിച്ചു നിർത്താൻ പറ്റാത്ത ദേഷ്യം വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു…

ചെന്നു പെടുന്നിടത്തൊക്കെ എന്നെ പോലെ കുറേ തല്ലിപൊളികളും കിട്ടും കൂട്ടുകാരായിട്ട്.

നീയും കൂടെ പോയതിൽ പിന്നെ അതു വഷളായി കൂടുതൽ കൂടുതൽ.

നേരം വെളുക്കുമ്പോൾ തോന്നും ഒന്നും വേണ്ടായിരുന്നു എന്ന്. കൂടെ ഉള്ളവർ വിളിച്ചാൽ പിന്നേം പോവും.

ഒരു ദിവസം ഒരു സന്ധ്യക്ക്‌ അച്ഛൻ വിളിച്ചു എന്റെ കൂടെ വരാൻ പറഞ്ഞു..

അച്ഛന്റെ പഴയ ജീപ്പിൽ ഞങ്ങള് . ഒരു സ്ഥലം വരെ പോയി. ജീപ്പ് ട്ടാറിട്ട വഴിയിൽ നിന്നു തിരിഞ്ഞു ഒരു വലിയ കയറ്റം കയറി പാറവിരിച്ച ഒരു കുന്നിൻ മു=കളിൽ പോയി നിന്നു.

എന്താടാ ഇറങ്ങണില്ലേ..?

എന്നിട്ട് വണ്ടിയുടെ ബാക്കിൽ നിന്നു ഒരു കുപ്പിയെടുത്തിട്ട് ജീപ്പിന്റെ ബോണറ്റിൽ വെച്ചു കൂടെ വാഴയിലയിൽ പൊതിഞ്ഞ നല്ല ബീഫും.

അച്ഛൻ തന്നെ കുപ്പി പൊട്ടിച്ചു രണ്ടു ഗ്ലാസ്സിലെക്കായി ഒഴിച്ചു.

അടിക്കടാ.. നല്ല ഒന്നാംതരം വാറ്റാണ്.

അല്ല അച്ഛൻ എപ്പോഴാ കള്ളുകുടി തുടങ്ങിയേ?

അതോ അമ്മയറിയാതെ ഇവിടെ വന്നു കുടിക്കാറുണ്ടല്ലേ…?

എന്ന് പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു.

എന്നിട്ട് ഒരു ഗ്ലാസ്‌ എടുത്തു എനിക്കും തന്നു.

ചിയേർസ് പറഞ്ഞു.. ഒരു വലി വലിച്ചിട്ടു ഒരു കഷ്ണം ബീഫ് എടുത്തു കഴിച്ചു.

അടിപൊളി. എന്താടാ നോക്കി നിക്കണേ കഴിച്ചോ. നിന്നെ ഉപദേശിക്കാൻ കൊണ്ടുവന്നതൊന്നുമല്ല. നീ കഴിക്കടാ ശ്രീകുട്ടാ..

ശെരിക്കും കൂട്ടുകാരനെ പോലെയായിരുന്നു.

ഞാനാണ് മാറിയത് കള്ളുകുടിച്ചു മുന്നിൽ പോയി നിക്കാനുള്ള മടി. അതായിരിക്കും കാരണം.

പിന്നൊന്നും നോക്കിയില്ല ഞാനും അടിച്ചു..

ഫിറ്റായപ്പോൾ അച്ഛൻ പറഞ്ഞു നീയിപ്പോ പാടാറൊന്നുമില്ലേ..

ആദ്യമൊക്കെ റൂമിൽ നിന്നു നിന്റെ പാട്ടൊക്കെ കേൾക്കായിരുന്നു ഇപ്പോ കുറെയായിട്ടു ഒന്നും കേൾക്കാനില്ല..

നീയേ.. ആ ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ.. ഒന്ന് പാടിക്കെ.. അച്ഛൻ കേൾക്കട്ടെ..

അച്ഛന്റെ സംസാരത്തിൽ തന്നെ വല്ലാത്തൊരു പോസിറ്റീവ് ആണ്. പാട്ടുപാടി കൊടുത്തപ്പോൾ അച്ഛൻ ലയിച്ചിരിക്കുന്നുണ്ടായിരുന്നു..

ഇടക്കൊക്കെ പാടടോ കഴിവ് അതു എല്ലാവർക്കും കൊടുക്കില്ലല്ലോ.. അമ്മയും പറയാറുണ്ട് നിന്റെ പാട്ടും തമാശയും ഒക്കെ മിസ്സ്‌ ചെയ്യിണ്ട്ന്നു.

കണ്ടക ശനിയാണെന്നൊക്കെ അവള് പറയണേ..

ഓരോരോ അന്ധവിശ്വാസങ്ങൾ. പാവം.

പിന്നെ നിന്റെ മനസിലെ വിഷമം ഞങ്ങൾക്കെല്ലാവര്ക്കും അറിയാ.

നമ്മളെ വിട്ടുപോകുന്നവർക്കു നമ്മളെ വേണ്ടാത്തത് കൊണ്ടാണ്. അല്ലെങ്കിൽ അവർക്കു അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടാവില്ലത്തു കൊണ്ടാണ്.

നമ്മള് മാറാത്തിടത്തോളം നമ്മള് അതിനെ പറ്റി വിഷമിക്കരുത്. സ്നേഹം ആത്മാർത്ഥമാണെങ്കിൽ കാലം അതിനെ ചേർത്തുവെച്ചോളും.

പിന്നെ നീ കള്ളുകുടിച്ചു നടക്കുന്നത് അതൊന്നും ഞാൻ വേണ്ടാന്നു പറയില്ല..

നീ ചോദിച്ചില്ലേ അച്ഛൻ കഴിക്കോ എന്ന്?

കഴിച്ചിരുന്നു നീയൊക്കെ കഴിക്കുന്നതിന്റെ ഇരട്ടി..

പലതും നഷ്ടപ്പെടുത്തി. പിന്നെ പിന്നെയാ മനസിലാക്കിയത് കയ്യിലു ഒന്നുമില്ലെങ്കിൽ കൂട്ടുകാരൊക്കെ പതിയെ പതിയെ ഇല്ലാതാകും..

സന്തോഷം കൊണ്ടുള്ള കള്ളുകുടി നിരാശകൊണ്ടാകും. ചിലപ്പോൾ അപമാനം നേരിടേണ്ടി വന്നേക്കും..

ഒരു ദിവസം ഇവിടിരുന്നു കള്ളുകുടിക്കുമ്പോൾ കയ്യിലു പൈസ ഇല്ലാത്തതിന്റെ പേരിൽ നാണം കെട്ടു ഇറങ്ങി പോകേണ്ടി വന്നിണ്ട് അച്ഛന്.

കൂട്ടുകാരുടെ ഇടയിൽ നിന്നു.

അന്ന് കയ്യിലു ഒരു മോതിരം ഉണ്ടായിരുന്നു അതു ഊരി വാറ്റുകാരൻ പത്രോസിനു കൊടുത്തിട്ട് കുടിച്ചു.. അന്ന് ഒരു തോന്നൽ ഉണ്ടായതാ ഇനി കുടിക്കില്ലെന്നു.. അവിടുന്ന് ഞാൻ മാ=റിയ മാറ്റം ആണ്.

അച്ഛൻ ഇങ്ങനൊക്കെ ആയിതീർന്നത്..

ഈ കണ്ടതൊക്കെ ഉണ്ടാക്കിയതും.

അതുകൊണ്ടാ മറ്റുള്ളവർ പറഞ്ഞിട്ടും ഞാൻ നിന്നെ ഒന്നും പറയാത്തത്. എല്ലാവർക്കും സ്വയം ഒരു തോന്നൽ ഉണ്ടാകണം..

അച്ഛൻ നിർത്താനൊന്നും പറയില്ല. അതിന്റെതായ സമയം വരുമ്പോൾ നീ നിർത്തിക്കോളും. നീ എന്റെ മോനല്ലേ.. നീ നന്നായിക്കോളും.. എനിക്കു ഉറപ്പുണ്ട്.

പിന്നെ ഇപ്പോ വന്നത് ഇതൊന്നും പറയാനല്ലടാ..

നിന്റെ കൂടെ രണ്ടെണ്ണം അടിക്കാൻ തന്നെയാ..

മനസു തുറന്നു സംസാരിക്കാൻ കള്ള് നല്ലതാ…

പിന്നെ ഇവിടം അച്ഛേടെ പ്രിയപ്പെട്ട ഇടമാണ് സന്തോഷം ആണേലും സങ്കടം ആണേലും അച്ഛ ഇവിടാ വന്നിരിക്കാ.. വല്ലാത്തൊരു സമാധാനം ആണ് അപ്പൊ.

ഒരുപക്ഷെ അച്ഛ ഇവിടെ നിന്നല്ലേ ശെരിക്കും അവസാനിപ്പിച്ചതും തുടങ്ങിയതും.

ശ്രീകുട്ടാ.. അച്ഛ ഓവർ ആയോ?

ഞാനാ.. ഓവർ..

ആണോ? എന്നാൽ മ്മടെ ചാക്കോ ചേട്ടനെ വിളിച്ചു ഇങ്ങോട്ടു വരാൻ പറ. കള്ളുകുടിച്ചിട്ടേ വണ്ടിയോടിക്കുന്നത് വണ്ടിക്കു ഇഷ്ടപ്പെടില്ല..

ടാ ഞാൻ ഇല്ലെങ്കിലും ഇവനെയും നീ നോക്കികോളണേ..മ്മടെ ആദ്യത്തെ വണ്ടിയാ..

അമ്മേനേ ഇതിലാ കൊണ്ടുപോയത് പ്രസവിക്കാൻ ആശുപതി എത്തുമ്പോഴേക്കും പ്രസവം കഴിഞ്ഞു.

അന്നുമുതൽ ഇവനും എനിക്കു നിന്നെപ്പോലെ തന്നാ..

എത്ര വലുതായാലും എത്ര കരുതലാണ് എന്റെ മനസ്സിൽ ഇരുന്നു എന്തോ നീറുന്നപോലെ.

ഉം..

വീട്ടിലെത്തിയപ്പോൾ അമ്മ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു.

രണ്ടാൾക്കും അമ്മ ചോറു വിളമ്പി തന്നു..

കുറ്റബോധം കൊണ്ടാണോ എന്നറിയില്ല. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ വികാരം കൊണ്ടു കണ്ണു നിറയുണ്ടായിരുന്നു.

അന്നേപ്പിന്നെ ഞാനും കുടിച്ചില്ല..

” ശ്രീ ഒരുപാടു മാറിപ്പോയല്ലോ.. ശെരിക്കും. ശ്രീ ചോദിച്ചില്ലേ എന്നെ പിരിഞ്ഞു പോയതിൽ പിന്നെ എപ്പോഴെങ്കിലും സന്തോഷിച്ചിട്ടുണ്ടോ എന്ന്?

സത്യം പറഞ്ഞാൽ വിഷമാകുവോ?

പറയെടോ.

സത്യത്തിൽ ഒരുപാട് വിഷമിച്ചിട്ടുണ്ട് എന്താ എന്നെ മനസിലാകാത്തത് എന്ന് ചിന്തിച്ചു. പക്ഷെ ശ്രീക്കോ എപ്പോഴും കൂട്ടുകാർ കള്ളുകുടി.. എല്ലാം മതി.

ഇത്രേം നല്ല അച്ഛനും അമ്മയുണ്ടായിട്ടും ശ്രീയെന്തെ ഇങ്ങനെ ആയിപോയത് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ പോയാലെങ്കിലും താൻ നന്നാവും എന്ന് കരുതി പോയതാ..

എന്നിട്ട് നന്നായോ?…

എവിടെ?

ഒന്ന് തിരിച്ചു വിളിച്ചോ?

അല്ലെങ്കിലും വല്യ അഭിമാനിയല്ലേ വിളിച്ചാൽ എന്തേലും കൊഴിഞ്ഞു പോയാലോ അല്ലേ?

അവളുടെ ചോദ്യങ്ങൾക്കു മറുപടിയൊന്നും കൊടുക്കാൻ എന്റെ കയ്യിൽ ഇല്ലായിരുന്നു..

എന്തേലും പറഞ്ഞാൽ അതു ന്യായീകരിക്കാൻ വേണ്ടിയാണെന്ന് തോന്നിയാലോ..

തെറ്റുകൾ ചെയ്തവർക്കു കാരണങ്ങൾ നിരത്താൻ ഒരുപാടുണ്ടാകും. അതൊന്നും ചെയ്ത തെറ്റിന് പരിഹാരമല്ലല്ലോ..

മിണ്ടാതെ നിന്നപ്പോൾ കയ്യിൽ തട്ടി ഒന്നുടെ ചോദിച്ചു. എന്താ ശ്രീക്കൊന്നും പറയാനില്ലേ?..

ഇതിനൊക്കെ ഉത്തരം കിട്ടനാണോ .

ഇനിയൊരിക്കലും തമ്മിൽ കാണില്ല എന്ന് പറഞ്ഞു നാട് വിട്ടുപോയവൾ കാനഡയിൽ നിന്നു വന്നത്?

ആണെങ്കിൽ?

ടോ ഇനിയെങ്കിലും ആ മസിലുപിടുത്തം ഒന്ന് വിടടോ..

എത്രനാളായി ഇന്നു വിളിക്കും നാളെ വിളിക്കും എന്നു കരുതി കാത്തിരിക്കുന്നത് എന്നറിയോ?

എന്നും പറഞ്ഞു ചേർത്തുപിടിച്ചത് അവളായിരുന്നു.. വര്ഷങ്ങള്ക്കു ശേഷം വീണ്ടും മനസ്സിൽ ഒരു മഴപെയ്തു കാത്തിരിപ്പു അവസാനിച്ചതിന്റെ ഒരു സ്നേഹമഴ.

സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു കാഴ്‌ചമറച്ചപ്പോൾ. തെളിഞ്ഞത് ഒരു വിവാഹ പന്തലായിരുന്നു..

കൈ ചേർത്തുപിടിച്ചു കൂടെ കൂട്ടുമ്പോൾ സ്വപ്നങ്ങൾക്കെല്ലാം നല്ല തിളക്കമായിരുന്നു. എല്ലാം നഷ്ടപ്പെടുത്തിയതു ഞാനാണ്. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്നു കരുതിയിരുന്നു. ഒരുപാട് ആഗ്രഹിച്ചിരുന്നു തിരിച്ചു വന്നിരുന്നെങ്കിലെന്നു.

നിനച്ചതൊക്കെ വെറുതെയായിരുന്നു. ഇത്രയും കാലം മറ്റൊരാൾക്കും മനസ്സിൽ ഇടംകൊടുക്കാതെ രണ്ടുപേരും കാത്തിരുന്നത് ഈ കൂടിച്ചേരലിനു വേണ്ടിയായിരുന്നു.

ഒരുപാട് പ്രിയപ്പെട്ടത് കളഞ്ഞുപോയപ്പോൾ ഒരുപാട് വേദനിച്ചിരുന്നു.. ഇന്നിപ്പോൾ അതു തിരിച്ചു കിട്ടിയിരിക്കുന്നു.. ആ സ്നേഹത്തെ ഞാനെടുത്തു ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചു. ഇനിയൊരിക്കലും നഷ്ടപെടാത്തവിധം.

കുന്നിൻ മുകളിലെ ദേവനെ തൊഴുതു പടികൾ ഇറങ്ങുമ്പോൾ കൈകൾ ചേർത്തു പിടിച്ചിരുന്നു.

ഗീതിക… നീയിപ്പോൾ ഹാപ്പിയാണോ. എന്നാൽ നമുക്കൊരിടം വരെ പോയാലോ…

ജീപ്പ് മണ്ണിട്ട റോഡിൽ കൂടെ വലിയൊരു കയറ്റം കേറികൊണ്ടിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ