സംഗമം, തുടർക്കഥയുടെ ഭാഗം 22 വായിച്ചു നോക്കൂ…

രചന : ഭാഗ്യ ലക്ഷ്മി

ശ്രേയയുടെ കാൾ കണ്ടതും അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

“ഹലോ ശ്രേയാ….”

“ഹ… ഹലോ…ഡോക്ടർ….”

അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു….

“ശ്രേയാ എന്ത് പറ്റി…? തൻ്റെ സ്വരം എന്താ വല്ലാതെ ഇരിക്കുന്നെ..?”

അവൻ പരിഭ്രമത്തോടെ ചോദിച്ചു…

“അ…അല്ലി…..”

അത്ര മാത്രമേ അവൾക്ക് പറയുവാൻ സാധിച്ചുള്ളൂ…. ശ്രേയയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങലുകൾ മാത്രമാണ് പിന്നീട് അഭി കേട്ടത്…

“ശ്രേയാ…. എന്താ…? അല്ലിക്ക്… അല്ലിക്കെന്ത് പറ്റി…? അവൾ ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നില്ലേ….??”

“അവള്… അവളെന്തൊക്കെയോ പറഞ്ഞിട്ട് ഇവിടുന്ന് ഇറങ്ങിപ്പോയി….”

ശ്രേയ വിങ്ങിപ്പൊട്ടി….

“എന്താ….? എന്തൊക്കെയാ നീ ഈ പറയുന്നത്….? അല്ലിയെവിടെ പോയെന്നാ….?”

അവൻ വെപ്രാളത്തോടെ ചോദിച്ചു…

“അറിയില്ല…. കുഞ്ഞ് മരിച്ച മനോവിഷമത്തിൽ ആവും…. പിന്നെ അച്ചാച്ചൻ്റെ അവസ്ഥ കണ്ടുള്ള വേദനയും… എല്ലാം കൂടെ അവൾക്ക് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല….

അവള് ഇവിടുന്ന് പോവാണെന്ന് പറഞ്ഞ് ഞങ്ങൾ തടയുന്നതിന് മുൻപ് എവിടേക്കോ പോയി…. അല്ലി വല്ല അബദ്ധവും കാണിക്കുമോന്നാ ഇപ്പോഴെൻ്റെ പേടി…. അവളെ കണ്ടെത്തണം ഡോക്ടർ….”

ശ്രേയ വിതുമ്പലോടെ പറഞ്ഞവസാനിപ്പിച്ചു….

അഭിക്ക് കേട്ടതൊന്നും വിശ്വസിക്കാനായില്ല…

ഈശ്വരാ അല്ലി….!!

അവൻ ഭീതിയോടെ ഓർത്തു കൊണ്ട് പുറത്തേക്കിറങ്ങി….

❤❤❤❤❤❤❤❤❤❤

“അല്ലീ…. അല്ലീ….”

അബോധാവസ്ഥയിൽ അലക്സിയുടെ അധരങ്ങൾ മന്ത്രിച്ചു കൊണ്ടിരുന്നു…

അലക്സി പിറു പിറുക്കുന്നത് കേട്ടതും ശ്രേയ അവൻ്റെ അരികിലേക്ക് ധൃതിയിൽ ചെന്നു…

അവളുടെ മിഴികൾ സന്തോഷത്താൽ ഈറനണിഞ്ഞു…

“മമ്മീ….”

അവൾ ഉറക്കെ വിളിച്ചതും ഡെയ്സി ഓടി വന്നു..

“മമ്മീ….. ദേ അച്ചാച്ചൻ എന്തൊക്കെയോ പറയുന്നുണ്ട്…”

അവൾ ഉത്സാഹത്തോടെ പറഞ്ഞു….

“നീ വേഗം ഡോക്ടറെ വിളിക്ക്….”

അവർ പ്രതീക്ഷയോടെ പറഞ്ഞു…

“ആരാണ് ഈ അല്ലി….?”

അലക്സിയെ പരിശോധിച്ച ശേഷം ഡോക്ടർ ചോദിച്ചു….

“അച്ചാച്ചൻ്റെ വൈഫാണ് ഡോക്ടർ…”

ശ്രേയയാണ് മറുപടി പറഞ്ഞത്…

“എന്നിട്ട് ആളെവിടെ…?”

“അത്… അത് ഇപ്പോൾ ഇവിടെയില്ല ഡോക്ടർ…”

“വാട്ട്…? പേഷ്യൻ്റ് അന്വേഷിക്കുന്നുണ്ടല്ലോ…

അല്ലിയുടെ പ്രസൻസ് കൊണ്ട് മാത്രമേ അലക്സിക്ക് പൂർണ്ണമായും ദേദമാകാൻ സാധിക്കുകയുള്ളൂ…

അല്ലിയോട് എത്രയും പെട്ടെന്ന് അലക്സിയുടെ അടുത്തേക്ക് വരാൻ പറയൂ…”

“അല്ലിയില്ലെങ്കിൽ അലക്സിക്ക് ഭേദമാകില്ലേ…?”

ഡേവിഡ് ഇടയ്ക്ക് കയറി ചോദിച്ചതും ഡെയ്സി അയാളെ സംശയത്തിൽ ഒന്ന് നോക്കി….

“അതിനുള്ള മറുപടിയാണ് അബോധാവസ്ഥയിൽ പോലും അല്ലിയുടെ പേര് പറഞ്ഞു കൊണ്ടിരിക്കുന്ന അലക്സി…”

ഡോക്ടർ പറഞ്ഞു….

“അല്ലിയെ എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കാം ഡോക്ടർ….”

ഡേവിഡിനെ ഒന്ന് തറപ്പിച്ച് നോക്കിക്കൊണ്ട് ശ്രേയ പറഞ്ഞു…

ഡോക്ടർ പോയതും ഡെയ്സി ഡേവിഡിന് നേരെ തിരിഞ്ഞു…

“സത്യം പറ… അല്ലി ഇവിടുന്ന് പോയതിന് പിന്നിൽ നിങ്ങളാണോ…?”

ഡേവിഡ് ഒന്നും മിണ്ടാതെ മുഖം തിരിച്ചു…

“നമ്മുടെ മകൻ്റെ അവസ്ഥ കണ്ടില്ലേ നിങ്ങള്….?

ഈ അവസ്ഥയിൽ അവൻ അന്വേഷിച്ചത് എന്നെയോ നിങ്ങളെയോ അല്ല… അല്ലിയെ മാത്രമാണ്…

അത്ര മാത്രം അവനവളെ സ്നേഹിക്കുന്നുണ്ട്… തിരിച്ച് അല്ലി അതിലിരട്ടി നമ്മുടെ മകനെയും സ്നേഹിക്കുന്നുണ്ട്….

അലക്സി ഇനിയും എഴുന്നേല്ക്കില്ലെന്ന് കരുതി അവനെ വിട്ട് പോകാനും മാത്രം സ്വാർത്ഥയല്ല അല്ലി…. അങ്ങനെ അവൾക്കവനെ ഉപേക്ഷിച്ച് പോകുവാൻ ഒരിക്കലും സാധിക്കില്ല… നിറവയറുമായി അവൾ രാപ്പകലില്ലാതെ നമ്മുടെ മകനെ പരിചരിക്കുന്നത് കണ്ടതാ ഞാൻ.. ആ പാവം കുഞ്ഞ് ഊണും ഉറക്കവുമില്ലാതെ നമ്മുടെ മകന് കൂട്ടിരുന്നതാ… അതിവിടുന്ന് പോയിട്ടുണ്ടെങ്കിൽ അതിൻ്റെ മനസ്സ് അത്ര മാത്രം നൊന്തിട്ടാവണം..

കുഞ്ഞ് മരണപ്പെട്ടതല്ല കാരണം… മറ്റെന്തോ ഉണ്ട് അല്ലി പോയതിന് പിന്നിൽ… ഗർഭകാലത്ത് പോലും അതിനല്പം സന്തോഷം കൊടുക്കാൻ നമ്മുക്കായില്ല… അലക്സുടെ അവസ്ഥ കണ്ട് വേദന തിന്നാ അതിവിടെ ജീവിച്ചത്…. നിങ്ങൾക്ക് അവളെ ഇഷ്ടമല്ലായിരുന്നെന്ന് എനിക്കറിയാം…

പക്ഷേ ഇച്ചായാ അവളെ വേദനിപ്പിക്കുന്ന എന്തെങ്കിലും പ്രവർത്തി നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ… ഇപ്പോൾ അല്ലി നെഞ്ച് നീറി ഇവിടുന്ന് പോയതിന് കാരണം നിങ്ങളാണെങ്കിൽ കർത്താവ് നിങ്ങളോട് ഒരിക്കലും പൊറുക്കില്ല…”

ഡെയ്സി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു…

“എന്താ പപ്പേ ഒന്നും മിണ്ടാത്തത്…? അല്ലി എവിടെ….?”

സ്വരം കനപ്പിച്ച് അതും ചോദിച്ചു കൊണ്ട് ശ്രേയ ഡേവിഡിനരികിലേക്ക്‌ നടന്നടുത്തു…

❤❤❤❤❤❤❤❤❤❤

“നിങ്ങളെ തടയാൻ ഉയർത്തിയ കരങ്ങൾ പോലും നിങ്ങളെ തലോടിയിട്ടല്ലാതെ പിൻ വാങ്ങിയിട്ടില്ല ഇച്ചായാ….!!”

അല്ലി പാലത്തിന് മുകളിൽ നിന്ന് ശക്തമായി ഒഴുകുന്ന ആറിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

“നിങ്ങളില്ലാത്ത ഈ ജീവിതം അല്ലിക്ക് വേണ്ട…

നിങ്ങളോടൊപ്പമുള്ള ഓർമ്മകളിൽ നീറി നീറി ജീവിക്കാനും എനിക്ക് കഴിയില്ല… എനിക്ക് വേണ്ടത് നിങ്ങളുടെ ഓർമ്മകളല്ല… എൻ്റെ പ്രണയം പൂർണ്ണമാകുന്നത് നിങ്ങളുടെ സാന്നിധ്യത്തിലൂടെ മാത്രമാണ്

നിങ്ങളുടെ അസാന്നിധ്യത്തിൽ എനിക്ക് ജീവിക്കാനാവില്ല… നമ്മുടെ പ്രണയത്തിൻ്റെ പ്രതീകമായ നമ്മുടെ മകൻ….

അവന് നമ്മൾ ഇരുവരുടെയും സ്നേഹം ലഭിക്കാനുള്ള ഭാഗ്യവും ഇല്ലാതായി പോയല്ലോ…

മാതൃത്വം പോലും നിഷേധിക്കപ്പെട്ടവളായില്ലേ ഞാൻ…?!”

അല്ലി എന്തോ തീരുമാനിച്ചു കൊണ്ട് താഴേക്ക് നോക്കി….

ഇനീം ഇതാണ് തൻ്റെ മുൻപിലെ ഏക വഴി…. അവൾ മിഴികൾ ഇറുക്കിയടച്ചു…

“അല്ലീ…. അല്ലീ…..”

തനിക്ക് പരിചിതമായൊരു സ്വരം കാതുകളിൽ പതിഞ്ഞതും അല്ലിയുടെ പാദങ്ങൾ പിൻ വലിഞ്ഞു….

അവൾ പിൻ തിരിഞ്ഞ് നോക്കും മുമ്പ് അഭി അവളിലേക്കോടി അടുത്തിരുന്നു..

“അല്ലീ….!!”

കരഞ്ഞു കലങ്ങിയ മിഴികളോടെ നിസ്സഹായയായി തന്നെ നോക്കുന്നവളെ അവൻ വേദനയോടെ വിളിച്ചു….

അവൾ നന്നേ അവശയായിരുന്നു…. ഭക്ഷണം പോലും കഴിച്ചിട്ട് ദിനങ്ങൾ ആയതു പോലെ…

വെയിൽ മുഴുവൻ കൊണ്ട് മുഖമാകെ വാടിയിരിക്കുന്നു.. ചുണ്ടുകൾ പുഞ്ചിരി എന്തെന്ന് മറന്നിരിക്കുന്നു… ഒന്ന് നേരെ നിൽക്കാനുള്ള ആരോഗ്യം പോലുമില്ല…

അല്ലിയുടെ അവസ്ഥ അഭിയുടെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടിരുന്നു….

“അ…അഭിയേട്ടാ… എൻ്റെ…. കുഞ്ഞ്…

എൻ്റെ മോൻ…!!”

പാതി ബോധത്തിൽ പറഞ്ഞവസാനിപ്പിക്കും മുൻപവൾ അവൻ്റെ കരങ്ങളിലേക്ക് കുഴഞ്ഞ് വീണു..

❤❤❤❤❤❤❤❤❤❤❤❤

മുഖത്തേക്ക് വെള്ളം തളിച്ചതും അല്ലി ഒന്ന് ഞെരുങ്ങി….

“എൻ്റെ കുഞ്ഞ്…. കുഞ്ഞിനെ കൊണ്ടോവെണ്ട…. എൻ്റെ മോൻ…”

അവൾ സ്വയമറിയാതെ പിറു പിറുത്തു കൊണ്ടിരുന്നു….

അവളുടെ നെറ്റി ചുട്ടു പൊള്ളുന്നുണ്ടായിരുന്നു…

അഭി ഒരു തുണി നനച്ച് അവളുടെ നെറ്റിമേൽ വെച്ചു കൊടുത്തു….

“എൻ്റെ കുഞ്ഞെവിടെയാ…? എൻ്റെ മോന് വിശക്കുന്നുണ്ടാവും….”

അബോധാവസ്ഥയിൽ അത് പറയുമ്പോൾ അവളുടെ മാറ് അറിയാതെ ചുരത്തിക്കൊണ്ടിരുന്നു…. ഇട്ടിരിക്കുന്ന ദാവണിയുടെ ബ്ലൗസ്ലാകെ നനഞ്ഞു കുതിർന്നു… അത് കാൺകെ അഭിക്ക് എന്തെന്നില്ലാത്ത വേദന തോന്നി…

“മരിച്ചു പോയ കുഞ്ഞ് എങ്ങനെ തിരികെ വരാനാ അല്ലീ….?!”

അവൻ വ്യഥയോടെ ആരോടെന്നില്ലാതെ പറഞ്ഞു.

മെല്ലെ വാത്സല്യത്തോടെ ഒരു കരം അല്ലിയുടെ ശിരസ്സിൽ തലോടി….

അവൾ ആയാസപ്പെട്ട് മിഴികൾ തുറന്നു…

“അച്ഛൻ….” അവൾ പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞു….

“മോളെ….”

അല്ലി തേങ്ങിക്കൊണ്ട് ദേവരാജൻ്റെ നെഞ്ചോട് ചേർന്നു…. അയാളവളെ അടക്കിപ്പിടിച്ചു…

തൊട്ടു പിന്നിലായി പ്രണവുൾപ്പടെ ബാക്കിയുള്ളവരും ഉണ്ടായിരുന്നു….

“കഴിയുന്നില്ല…. എൻ്റെ കുട്ടീടെ ഈ അവസ്ഥ കാണാൻ…!!”

അയാൾ ഇടർച്ചയോടെ പറഞ്ഞു…

“അച്ഛാ… അച്ഛാ എൻ്റെ കുഞ്ഞ്….”

അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു…

കണ്ട് നിന്നവരുടെയെല്ലാം മിഴികൾ ഈറനണിഞ്ഞു

“എന്നോട്… എന്നോടച്ഛന് ദേഷ്യമാണോ…?”

അവൾ കരച്ചിലിനിടയിൽ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് ചോദിച്ചു…

“ഒരു ദേഷ്യവുമില്ല… എൻ്റെ കുട്ടി ഇങ്ങനെ സങ്കടപ്പെടാതെ…”

അയാൾ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു….

അല്ലിയുടെ അവസ്ഥ കണ്ട് നിൽക്കാനാവതെ അയാൾ പുറത്തേക്കിറങ്ങി…

അല്ലിക്ക് വല്ലാതെ നെഞ്ച് വേദനിക്കുന്നുണ്ടായിരുന്നു… അവൾ നെഞ്ചിൽ അമർത്തിപ്പിടിച്ചു….

“എൻ്റെ മോന് വിശക്കുന്നുണ്ട്… ആരാ… ആരാ അവന് പാല് കൊടുക്കാ….”

അവൾ സ്വബോധം നഷ്ടമായവളെ പോലെ പറഞ്ഞു കൊണ്ടിരുന്നു…

അഭിയും പ്രണവും വേദനയോടെ പരസ്പരം നോക്കി…

“എൻ്റെ കുഞ്ഞിനെ… എനിക്ക് വേണം.. അവനെ കണ്ട് കൊതി തീർന്നില്ല എനിക്ക്….

എൻ്റെ മോനെ എ… എനിക്ക് തരാൻ പറ..”

അവളുടെ നിലവിളികൾ ചുറ്റിനും അലയടിച്ചു….

“അല്ലീ….”

അഭി അവളുടെ അടുത്തേക്ക് ചെന്നിരുന്നു…

“എന്തൊക്കെയാ നീ ഈ പറയുന്നെ…? സത്യം ഉൾക്കൊള്ള് മോളെ… കുഞ്ഞിനിയും എങ്ങനെ തിരികെ വരാനാ…?”

അവൻ ഇടർച്ചയോടെ ചോദിച്ചു…

“അഭിയേട്ടാ… എൻ്റെ കുഞ്ഞിനെ അവര്….

അവര് കൊണ്ട് പോയി… എൻ്റെ അടുത്തൂന്ന് കൊണ്ട് പോയി… എനിക്ക് തിരികെ തരാൻ പറ അഭിയേട്ടാ… തിരികെ തരാൻ പറ…”

അവൾ അവൻ്റെ നെഞ്ചിലേക്ക് വീണു വിതുമ്പി.

“ആരു കൊണ്ട് പോയെന്നാ…? മരിച്ചു പോയ കുഞ്ഞിനെ എങ്ങനെയാ തിരികെ കൊണ്ടുവരുക അല്ലീ… എനിക്ക് മനസ്സിലാവുന്നുണ്ട് നിൻ്റെ വേദന… പക്ഷേ നീ യാഥാർത്ഥ്യം ഉൾക്കൊണ്ടേ മതിയാവൂ….”

“അ…അഭിയേട്ടാ…. എൻ്റെ കുഞ്ഞ് മരിച്ചിട്ടില്ല അഭിയേട്ടാ… എൻ്റെ മോനെ എനിക്ക് കൊണ്ടുത്തരുവോ അഭിയേട്ടാ….”

അവൾ കെഞ്ചി…

“അല്ലീ…. എന്തൊക്കെയാ നീ ഈ പറയുന്നത്…?

കുഞ്ഞ് മരിച്ചിട്ടില്ലെന്നോ…?”

“അതെ അഭിയേട്ടാ… എൻ്റെ കുഞ്ഞ് മരിച്ചിട്ടില്ല… സത്യമാ അഭിയേട്ടാ… എൻ്റെ കുഞ്ഞിനെ അയാള് അകറ്റിയതാ എൻ്റെ അടുത്തൂന്ന്.

കുഞ്ഞ് മരിച്ച വേദനയിൽ അല്ലിയുടെ സമനില തെറ്റി തുടങ്ങിയോ…?

അഭി സങ്കടത്തോടെ ഓർത്തു….

“അഭിയേട്ടാ എൻ്റെ കുഞ്ഞിനെ ഒന്നു തിരികെ തരാൻ പറയുമോ…?”

അല്ലി പ്രതീക്ഷയോടെ അവനിൽ മിഴികൾ നട്ടു…

“ആരോടാ അല്ലീ ഞാൻ പറയേണ്ടത്…?”

അവൻ നിസ്സഹായതയോടെ ചോദിച്ചു..

“അലക്സിച്ചായൻ്റെ അച്ഛനോട്….”

അഭി സംശയത്തോടെ അവളെ നോക്കി….

“അലക്സിയുടെ അച്ഛനോടോ…?”

“അതെ… അതെ…. എൻ്റെ കുഞ്ഞിനെ…

എൻ്റെ മോനെ എന്നിൽ നിന്നും അകറ്റി…”

അല്ലി പരിസര ബോധമില്ലാതെ പറഞ്ഞു കൊണ്ടിരുന്നു…

അഭിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല….

“വ്യക്തമായി പറയ് അല്ലീ…. എന്താ ഉണ്ടായത്..?”

അല്ലി ഡേവിഡിൻ്റെ അടുത്ത് പണം ചോദിക്കാൻ പോയത് മുതൽ കുഞ്ഞിനെ കൊടുത്തത് വരെയുള്ള കാര്യങ്ങൾ അഭിയോട് പറഞ്ഞു….

അഭിയും ബാക്കിയുള്ളവരും എല്ലാം കേട്ട് തറഞ്ഞ് നിന്നു…

“എന്തൊക്കെയാ അല്ലീ ഞാനീ കേൾക്കുന്നത്…?

നീയെന്തിനാ നിൻ്റെ കുഞ്ഞിനെ കൊടുക്കാൻ പോയത്…?

കൊല്ലും ഞാനിന്നയാളെ…..”

പ്രണവ് പല്ലു ഞെരിച്ചു കൊണ്ട് പറഞ്ഞു….

❤❤❤❤❤❤❤❤❤❤

“എന്താ പപ്പാ എൻ്റെ ചോദ്യത്തിനുത്തരം തരാത്തത് ?

ശ്രേയ ദേഷ്യത്തിൽ ചോദിച്ചു..

“നീ എന്നെ ചോദ്യം ചെയ്യാറായിട്ടില്ല…”

ഡേവിഡ് ദേഷ്യത്തിൽ പറഞ്ഞു…

“എങ്കിൽ ഞങ്ങൾ ചോദിക്കാം…”

അതും പറഞ്ഞ് കയറി വരുന്ന അഭിയെയും പ്രണവിനെയും അലക്സിയുടെ കൂട്ടുകാരെയും ഡേവിഡ് ഞെട്ടലോടെ നോക്കി…. പ്രണവ് അല്ലിയെ അടക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു…

അഭിയെ കണ്ടതും ശ്രേയയുടെ മിഴികൾ വിടർന്നു…. എത്ര കുഴിച്ചു മൂടാൻ ശ്രമിച്ചിട്ടും വീണ്ടും ഉള്ളിൻ്റെ ഉള്ളിൽ പ്രണയം മുള പൊട്ടുന്നതവൾ അറിഞ്ഞു…. എന്നാൽ പൊടുന്നനെ അവൾ മിഴികളെ ശാസിച്ചു കൊണ്ട് ദയനീയതയോടെ അവനിൽ നിന്നവ പിൻവലിച്ചു…

“എവിടെ അല്ലിയുടെ കുഞ്ഞ്…? ഇപ്പോൾ ഈ നിമിഷം കുഞ്ഞ് ഇവളുടെ അടുത്ത് എത്തിയിരിക്കണം….”

അഭി സ്വരം കനപ്പിച്ച് ഡേവിഡിനോട് ചോദിച്ചതും പ്രണവ് ദേഷ്യത്തിൽ അയാളുടെ കോളറിൽ കുത്തിപ്പിടിച്ചു….

ഡെയ്സിയും ശ്രേയയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കിയതും അർച്ചന സത്യങ്ങളെല്ലാം അവരോട് പറഞ്ഞിരുന്നു…

ഡേവിഡിൻ്റെ യഥാർത്ഥ മുഖം മനസ്സിലായതും അവർ ആകെ തകർന്നു പോയി….

“എൻ്റെ കുഞ്ഞിനെ എനിക്ക് തന്നേക്ക്…”

അല്ലി കൈകൂപ്പിക്കൊണ്ട് ഡേവിഡിനോട് പറഞ്ഞു….

“വിഷമിക്കണ്ട അല്ലി.. ആൻ്റിയുടെ അടുത്തല്ലേ കുഞ്ഞ്…. ഞാൻ നിന്നെ കുഞ്ഞിൻ്റെ അരികിൽ എത്തിക്കാം..”

ശ്രേയ അല്ലിയെയും കൂട്ടി പുറത്തേക്കിറങ്ങി…. സ്വന്തം കൂടപ്പിറപ്പിനെ പോലെ അല്ലിയെ കരുതലോടെ കൊണ്ടു പോകുന്ന ശ്രേയയെ അഭി നോക്കി നിന്നു..

ശ്രേയ നേരെ ചെന്ന് ഡേവിഡിൻ്റെ സഹോദരിയുടെ കരണത്തൊന്ന് പൊട്ടിച്ചു….

“ഇതെന്തിനാണെന്നോ…? ഒരമ്മയുടെ വേദന കാണാതിരുന്നതിന്…. ഒരുവളുടെ മാതൃത്വം തട്ടിപ്പറിച്ചിട്ട് മാതാവാകാൻ ശ്രമിച്ചതിന്…”

ശ്രേയ അതും പറഞ്ഞ് പൊടുന്നനെ മുറിയിൽ ചെന്ന് കുഞ്ഞിനെ കരങ്ങളിൽ എടുത്തു….

അവൾ വാത്സല്യത്തോടെ കുഞ്ഞിൻ്റെ കവിളിൽ ചുംബിച്ചു കൊണ്ട് അവനെ അല്ലിക്ക് നേരെ നീട്ടി… അല്ലി കുഞ്ഞിനെ വാരിപ്പുണർന്നു… മതിവരാതെ ചുംബിച്ചു കൊണ്ടിരുന്നു… അവൾ നന്ദിയോടെ ശ്രേയയെ നോക്കിയതും ശ്രേയ ഒന്ന് മിഴികൾ ചിമ്മി കാണിച്ചു…

അല്പം കഴിഞ്ഞതും ശ്രേയയും അല്ലിയും കുഞ്ഞുമായി വീട്ടിലേക്ക് കടന്നു ചെന്നു… അല്ലിയുടെ കരങ്ങളിൽ ഇരിക്കുന്ന വാവയെ ഡെയ്സി ഓടിപ്പോയി വാങ്ങി… അവനെ ഒന്ന് വാരിപ്പുണരാൻ അവരുടെ മനം വെമ്പുകയായിരുന്നു… അഭിയും പ്രണവുമെല്ലാം കുഞ്ഞിനെ വാത്സല്യത്തോടെ നോക്കിക്കണ്ടു…

“നമ്മുക്ക് പോവാം മക്കളെ…”

ഡെയ്സി അലക്സിയുടെ കൂട്ടുകാരെ നോക്കിക്കൊണ്ട് പറഞ്ഞു… അപ്പോഴേക്കുമവർ അലക്സിയെ ആംബുലൻസിൽ കയറ്റിയിരുന്നു….

ഡെയ്സി ഡേവിഡിന് നേരെ തിരിഞ്ഞു….

“ഇനിയും ഈ വീട്ടിൽ ഞാനോ എൻ്റെ മക്കളോ ഉണ്ടാവില്ല…. എൻ്റെ മകനെയും മരുമകളെയും സന്തോഷത്തോടെ ജീവിക്കാൻ നിങ്ങള് ഒരിക്കലും സമ്മതിക്കില്ല… സ്വന്തം മകൻ്റെ ജീവന് വിലയിട്ട നീചനാണ് നിങ്ങൾ… എന്ത് തെറ്റാ ഇവൾ നിങ്ങളോട് ചെയ്തത്…? നമ്മുടെ മകനെ പ്രാണന് തുല്ല്യം സ്നേഹിച്ചതോ….? അതിനാണോ ഇത്ര വല്ല്യ ക്രൂരത കാട്ടിയത്…?”

ഡെയ്സി എരിയുന്ന മിഴികളോടെ ചോദിച്ചു….

അന്നാദ്യമായി അച്ഛന് നേരെ സ്വരമുയർത്തുന്ന അമ്മയെ കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു ശ്രേയ….

“വാ മക്കളേ പോവാം….”

ശ്രേയയുടെയും അല്ലിയുടെയും കൈകളിൽ പിടിച്ചു കൊണ്ട് ഡെയ്സി മെറിനോടും വരുണിനോടും പറഞ്ഞു…

ഡേവിഡിൻ്റെ ഉള്ളിൽ കുറ്റബോധത്തിൻ്റെ കനലുകൾ ആളിക്കത്തി….

“ഡെയ്സി പോകരുത്….”

അയാൾ പെട്ടെന്ന് പറഞ്ഞതും അവർ പല്ല് ഞെരിച്ചു കൊണ്ട് ഒന്ന് നോക്കി… ശേഷം പിൻ തിരിഞ്ഞ് നോക്കാതെ നടന്നു….

“എൻ്റെ വക എന്തെങ്കിലും ഒന്ന് തരണ്ടേ….

എൻ്റെ അല്ലിയെ……”

പറഞ്ഞു തുടങ്ങിയതും അഭി ശ്രേയയെ ഒന്ന് നോക്കി

“അല്ല അലക്സിയുടെ അല്ലിയെ ഇത്രയ്ക്കും വിഷമിപ്പിച്ചതിന്….”

അഭി ഡേവിഡിനെ നോക്കി പറഞ്ഞതും ശ്രേയയുടെ മുഖം വിടർന്നു….

അഭി ഡേവിഡിൻ്റെ കരണത്തിട്ടൊന്ന് പൊട്ടിച്ചു….

പിന്നാലെയായി പ്രണവും….

ശ്രേയ ആരാധനയോടെ അഭിയെ നോക്കി….

അഭിയും പ്രണവും അർച്ചനയും പോകാനിറങ്ങി….

വരുണും മെറിനും അമിത്തും കൂടി അല്ലിയെയും ശ്രേയയേയും ഡെയ്സിയെയും കൂട്ടി….

ശ്രേയ ഇടയ്ക്കിടെ മുഖമുയർത്തി അഭിയെ നോക്കിക്കൊണ്ടിരുന്നു…

അല്ലി കുഞ്ഞുമായി ആംബുലൻസിലേക്ക് കയറി അലക്സിക്കരികിൽ ഇരുന്നു…

തൊട്ടുപിന്നാലെയായി കയറാൻ തുടങ്ങിയ ശ്രേയയുടെ കരങ്ങളിൽ അഭി പിടുത്തമിട്ടു….

“അല്ല നീ അവരുടെ കൂടെ പോവാണോ…?

എൻ്റെ ഒപ്പം വരുന്നില്ലേ….?”

ആർദ്രമായ് അവൻ ചോദിച്ചതും അവൾ അമ്പരപ്പോടെ നോക്കി….

“ഡോ… ഡോക്ടർ….”

ശ്രേയ അവിശ്വസനീയതയോടെ വിളിച്ചു…

“ഡോക്ടറല്ല… അഭി ഇച്ചായൻ…. ഈ നാവിൽ നിന്നും അതു കേൾക്കുന്നതാ എനിക്കിഷ്ടം…”

ശ്രേയ വായും പൊളിച്ച് നിന്നു…

“വരുന്നോ എൻ്റെ കൂടെ…”

അവൻ പ്രതീക്ഷയോടെ അവളെ നോക്കി….

അവൻ ചോദ്യമവസാനിപ്പിക്കും മുൻപവൾ സർവ്വരും നോക്കി നിൽക്കെ അഭിയെ ഇറുകെ പുണർന്നു

(തുടരും)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭാഗ്യ ലക്ഷ്മി