ഭർത്താവിന് കൃഷിപ്പണി ആണ് എന്ന് മറ്റുള്ളവരോട് പറയാൻ എനിക്ക് നാണക്കേട് തോന്നിയിരുന്നു….

രചന : Sinana Diya Diya

ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോണെടുത്തു നെറ്റ് ഓൺ ആക്കിയത്.

നെറ്റ് ഓണാക്കിയതോടെ വാട്സാപ്പിൽ തുരുതുരാ മെസ്സേജ് വന്നുകൊണ്ടിരുന്നു..

ഇതാരപ്പാ ഇത്രയധികം മെസ്സേജ് അയക്കാനെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്ന് നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറിസ് ടെൻത്തു ഗ്രൂപ്പെന്ന തങ്ങളുടെ പത്താംക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെക്സ്റ്റ്‌ &വോയിസ്‌ മെസ്സേജുകളാണ്..

എന്താണാവോ ഇന്നത്തെ ചർച്ച..

ആകാംഷയോടെ തുറന്ന് നോക്കിയപ്പോൾ കണ്ടത് എല്ലാവരും ഒരിക്കൽക്കൂടി ഒത്തുകൂടിയാലോ എന്ന ആലോചനയാണ്.. ഏകദേശം15 വർഷമായി പലരെയും തമ്മിൽ കണ്ടിട്ട്.. അന്നത്തെ പാവാടക്കാരികളും മുറിട്രൗസറും ഒറ്റമുണ്ടും പാന്റ്റും ധരിച്ചു വരുന്ന മീശമുളയ്ക്കാത്ത ആൺകുട്ടികളും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയരായിട്ടുണ്ടാകും..

പത്താം ക്ലാസ് കഴിഞ്ഞതിൽ പിന്നെ രണ്ടുമൂന്നു പേരൊക്കെ കാണുമെങ്കിലും എല്ലാവരെയും ഇതേവരെ കണ്ടിട്ടില്ല….

ഈയടുത്ത കാലത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയതും എല്ലാവരെയും ആഡ് ചെയ്തതും .. പരസ്പരം വിശേഷങ്ങൾ പങ്കു വെക്കും എങ്കിലും എല്ലാവർക്കും നേരിട്ട് കാണാൻ ഒരു പൂതി… രണ്ടുമൂന്നു പേരൊഴികെ ബാക്കിയെല്ലാവരും നാട്ടിലുണ്ട്…

എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് എവിടെ ഒത്തുകൂടും എന്നതാണ് വിഷയം…. എല്ലാവർക്കും വരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ദിവസം നിശ്ചയിച്ചു അവസാനം എല്ലാവർക്കും വരാൻ കഴിയുന്ന സ്ഥലമെന്ന നിലയിൽ ബീച്ചിൽ കൂടാം എന്നു തീരുമാനിക്കുകയും ചെയ്തു….. ചില പെൺകുട്ടികൾ ഭർത്താക്കന്മാരോട് ചോദിക്കട്ടെ അവരുടെ സമ്മതം കിട്ടിയാലേ വരുകയുള്ളൂ എന്നൊക്കെ പറയുന്നുണ്ട്

ഇതുകേട്ടപ്പോൾ റാഹിയ പറഞ്ഞു എന്റെ ഇക്ക സമ്മതിക്കും ഞാൻ എന്തായാലും വരും

നിങ്ങളെല്ലാവരും വരാൻ നോക്കണേ 15 വർഷമായി നമ്മൾ കണ്ടിട്ട് എന്നിട്ട് നമുക്ക് അടിച്ചുപൊളിക്കണം.

അവൾ പിന്നെ ആ ലോകത്തായിരുന്നു എല്ലാവരെയും കാണാനുള്ള ആകാംക്ഷയിൽ… വീട്ടിലെ പണി ചെയ്യുമ്പോഴും അവളുടെ ചിന്ത ഈ ഒരു കൂടിച്ചേരൽ മാത്രമായിരുന്നു….

പെൺകുട്ടികളിൽ തനിക്കും രണ്ടു മൂന്നു പേർക്കു മാത്രമേ ജോലി ഇല്ലാത്തതായിയുള്ളൂ.. ബാക്കി എല്ലാവരും പഠിച്ച് ജോലിയൊക്ക വാങ്ങി നല്ല നിലയിലാണ് ജീവിക്കുന്നത്…

അതെങ്ങിനെ പത്താം ക്ലാസ് ആകുന്നതിനു മുൻപേ വിവാഹലോചനകൾ വന്നുതുടങ്ങിയിരുന്നു..

ഒരുവിധം തരക്കേടില്ലാതെ പഠിച്ചിരുന്ന തന്നെ പിടിച്ച് കെട്ടിച്ചു വിട്ടു… ചില തലതെറിച്ച കാരണവന്മാരുടെ സ്ഥിരം പല്ലവി ആയ പെണ്ണുങ്ങൾ പഠിച്ചിട്ട് എന്താവാനാണ്..

വെറുതെ പൈസ കളയാനായിട്ട്.. കെട്ടിയോനെയും കുട്ടികളെയും നോക്കി പേരേല് കുത്തിയിരിക്കുക എന്നും പിന്നെ നിനക്ക് താഴെ രണ്ടെണ്ണം കൂടി വളർന്നുവരുന്നുണ്ട് എന്നതും കൂടി ആയപ്പോഴേക്കും ഉപ്പയും മറ്റുള്ളവരും അത് ശരിവെച്ചു അങ്ങനെ അവർക്ക് ഇഷ്ട്ടപ്പെട്ട ഒത്തു വന്ന ഒരു ആലോചന ഉറപ്പിച്ചു…. സമ്മതം ആണോ എന്നു പോലും ചോദിക്കാതെ.. പത്താം ക്ലാസ് പരീക്ഷയെഴുതിക്കാതെ കണ്ട് കല്യാണം നടത്തി.

വീട്ടുകാർക്ക് പത്താംക്ലാസും പരീക്ഷയും ഒന്നും ഒരു വിഷയമേ അല്ലായിരുന്നു..

അവരുടെ കടമ അതങ്ങു നിറവേറ്റി അത്രതന്നെ..

പിന്നീട് കെട്ടിയോനെ സോപ്പ് ഇട്ടാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്…. അന്നേരം 5 മാസം ഗർഭിണി ആയിരുന്നു…. എന്നാലും പരീക്ഷ എഴുതണം എന്നത് അവളുടെ മോഹമായിരുന്നു…..

അന്ന് കണ്ടതാണ് എല്ലാ കൂട്ടുകാരെയും… പരീക്ഷ എഴുതി നല്ല മാർക്കോട് കൂടി തന്നെ പാസാക്കുകയും ചെയ്തു പക്ഷേ ആ സമയം തുടർന്ന് പഠിക്കാൻ ഒന്നും സാധിച്ചില്ല നിറവയറുമായി പ്രസവത്തിനുള്ള കാത്തിരിപ്പായിരുന്നു.

പിന്നെ പഠിപ്പ് നോക്കിയില്ല കാരണവന്മാർ പറഞ്ഞപോലെ കെട്ടിയോൻക്കും കുട്ടികൾക്കും വെച്ചുണ്ടാക്കി വീട് വൃത്തിയാക്കി അവരുടെ കാര്യങ്ങളെല്ലാം നോക്കി ഒരു മൂലയിൽ അങ്ങനെ ഒതുങ്ങി കൂടി…. കൂടെ പഠിച്ചിരുന്ന ആരെങ്കിലും ഒക്കെ എവിടെയെങ്കിലും വെച്ച് കാണും അത്രതന്നെ.

പിന്നീടാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായതും ഇവിടെ വരെ എത്തിയതും……

പഠിച്ചു ജോലി വാങ്ങിയവർ അതിനെപ്പറ്റി വാചാലമാകുമ്പോൾ അവൾക്ക് സഹിക്കില്ല..

അപ്പോഴൊക്കെയും അവളെ ഒന്ന് പഠിക്കാൻ സമ്മതിക്കാതെ കല്യാണത്തിന് തള്ളിവിട്ട എല്ലാവരെയും പ്രാകി കൊണ്ടിരിക്കും….

എന്തായാലും തനിക്ക് നേടാൻ സാധിക്കാത്തത് തന്റെ മക്കളിലൂടെ നേടിയെടുക്കും എന്നത് അവളുടെ വാശിയായിരുന്നു…..

അങ്ങനെ പറഞ്ഞ പോലെ ആ ദിവസം വന്നെത്തി…

പണികളെല്ലാം നേരത്തെതന്നെ ചെയ്തിട്ട് ഭർത്താവിനെയും മക്കളെയും കൂട്ടി പോവാൻ ഒരുങ്ങി

ഭർത്താവിനെ വിളിച്ചു നോക്കട്ടെ എന്ന് വിചാരിച്ച് ഫോണെടുത്തു അപ്പോഴാണ് അയാൾ തിരിച്ചു വിളിക്കുന്നത്

റാഹി എന്റെ പണി കഴിഞ്ഞിട്ടില്ല നിങ്ങൾ ഒരു വണ്ടി വിളിച്ചു പൊയ്ക്കോളൂ വൈകിട്ട് ഞാൻ വിളിക്കാം വരാം…. അവൾ ശെരി എന്നു പറഞ്ഞു ഫോൺ വെച്ചു…

“ഒരുകണക്കിന് നന്നായി ഇക്ക വരാഞ്ഞത്…ഭർത്താവിന് കൃഷിപ്പണി ആണ് എന്ന് പറഞ്ഞാൽ എനിക്ക് നാണക്കേട് ആകുമായിരുന്നു കൂട്ടുകാർക്കിടയിൽ…

എല്ലാവരും കല്യാണം കഴിക്കുന്ന സമയത്ത് തന്നെ ഒരുപാട് കളിയാക്കിയതാണ് ഓരോന്ന് പറഞ്ഞിട്ട്…. ഇപ്പോഴും പണിക്കാരുടെ കൂടെ അദ്ദേഹവും പണിയെടുക്കാനും മറ്റും കൂടുന്നൂന്നകാര്യം ആരോടും പറഞ്ഞിട്ടില്ല..എല്ലാരോടും പറഞ്ഞിരിക്കുന്നത് വലിയ ബിസിനസുകാരൻ ആണെന്നാണ് ഇക്ക വന്നിട്ടുണ്ടെങ്കിൽ എല്ലാം പൊളിയും എല്ലാരും പോയതിനു ശേഷം വിളിച്ചാൽ മതി ഇക്കാനെ അപ്പൊ പിന്നെ ആരും ഒന്നും അറിയുകയുമില്ല… അവർ സ്വയം ഓരോ കഥകൾ മെനഞ്ഞുണ്ടാക്കി ആശ്വസിച്ചു…..

ഉമ്മാ വണ്ടി വന്നു വേഗം വരാൻ പറഞ്ഞു കുട്ടികൾ വിളിച്ചപ്പോഴാണ് അവൾ വീടും പൂട്ടി ഇറങ്ങിയത്….

പിന്നീട് ബീച്ചിൽ എത്തിയപ്പോ ഓരോരുത്തരായി വന്ന് കൊണ്ടിരിക്കായിരുന്നു…. ചിലരൊക്കെ ഫാമിലിയായി വന്നിട്ടുണ്ട് ചിലരൊക്കെ തനിച്ചു വന്നിട്ടും ഉണ്ടായിരുന്നു…. എല്ലാവർക്കും ഒരുപാട് മാറ്റങ്ങൾ.. പെട്ടെന്ന് കണ്ടപ്പോൾ എന്താണ് പറയേണ്ടത് എന്നൊന്നുമറിയാതെ പലരും മൗനമായി പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു..

കടലിന്റെ വിശാലത പോലെ അവർക്കും ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു എല്ലാവരും ആ ഒരു നിമിഷം ആ പഴയ ക്ലാസ് റൂമിൽ ആണെന്നത് പോലെ ആയിരുന്നു ചിരിയും കളിയും തമാശയും ആയി… പുതിയ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് സമയം പോകുന്നത് പോലും അറിയാതെ മറ്റൊരു ലോകത്തായിരുന്നു… അങ്ങനെ കേക്ക് മുറിക്കലും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കലും എല്ലാം കഴിഞ്ഞു ഇനി ഇതേ പോലെ എപ്പോഴെങ്കിലും എല്ലാവരും കൂടി നമുക്ക് ഒത്തു കൂടാം എന്ന പ്രത്യാശയോടെ ഓരോരുത്തരായി പോകാൻ തുടങ്ങി…

അവസാന രണ്ടു മൂന്നു പേരും മാത്രമായി അവരാണെങ്കിൽ അന്നത്തെ ക്ലാസിലെ അവളുടെ കട്ട ചങ്ക് ആയിരുന്നു…. രണ്ടാളുടെ ഭർത്താവ് ഗൾഫിൽ ആയോണ്ട് അവരുടെ ഉപ്പയുടെയും കസിൻറ്റെ കൂടെയും ആയിരുന്നു വന്നത് ഒരാൾ അവളുടെ അനിയന്റെ കൂടെയും ആയിരുന്നു…

എപ്പോഴാണ് അവർ പറയുന്നത് തന്നെ ഭർത്താവിനെ ഡ്രൈവിംഗ് ഒന്നും അറിയില്ല അതുകൊണ്ട് എപ്പോഴും എവിടേക്ക് വേണമെങ്കിലും അനിയനെ കൂടിയിട്ടാണ് പോവാ അതല്ലെങ്കിൽ ഓട്ടോ വിളിച്ചിട്ടാണ് പോകാറ് അങ്ങനെ ഭർത്താവിനെ പറ്റി ഒരുപാട് വിശേഷങ്ങൾ….

ആൾക്ക് എന്താടി ജോലി…

തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യാണ്

ഞങ്ങൾക്ക് ജീവിക്കാൻ ആ ജോലി തന്നെ ധാരാളമാണ് പക്ഷെ ഡ്രൈവിംഗ് അറിയാത്തതുകൊണ്ട് എവിടെയെങ്കിലും പോകണമെങ്കിൽ ഭയങ്കര ബുദ്ധിമുട്ട്….ആൾക്ക് പഠിക്കാൻ താൽപര്യവുമില്ല….

ആദ്യമൊക്കെ എനിക്ക് ഭയങ്കര പ്രയാസം ആയിരുന്നു പിന്നീട് അതൊക്കെ ശീലമായി…. ആളുകൾക്കിടയിൽ നല്ലൊരു ഭാര്യയും ഭർത്താവും ആണ്… പക്ഷേ നേരെ മറിച്ചാണ് കാര്യങ്ങൾ…. ഭർത്താവിൽ നിന്ന് കിട്ടാനുള്ള കിട്ടേണ്ട സ്നേഹവും ലാളനയും പരിഗണനയും ഒന്നും അയാൾക്ക് നൽകാൻ വയ്യാത്ത പോലെയാണ്…. മനസ്സിലുണ്ടെങ്കിലും അത് പുറത്ത് പ്രകടിപ്പിക്കാൻ അയാൾക്ക് മടിയാണ്…

ഒരു മകൾ ഉണ്ട്..ഞങ്ങളുടെ ജീവിതത്തിലെ ഏതോ ഒരു നല്ല നിമിഷത്തിലാണ് അവൾ വയറ്റിൽ രൂപം കൊണ്ടത്..

ഇനി അവർക്ക് വേണ്ടി ജീവിക്കണം തുടക്കത്തിൽതന്നെ എല്ലാം മനസ്സിലായപ്പോൾ ഒന്നും വേണ്ടാന്ന് വെച്ച് ഇട്ടെറിഞ്ഞു വീട്ടിൽ പോവാൻ നോക്കിയതാ സ്വന്തം വീട്ടിൽ പോയപ്പോൾ അവർക്ക് നമ്മൾ ഒരു ബുദ്ധിമുട്ടാണെന്ന് പറയാതെ പറഞ്ഞു കൂടെ താഴെയുള്ളവരുടെ ഭാവിയും നോക്കണ്ടേ പിന്നെ അവിടെത്തന്നെ കൂടി ഒന്നുമില്ലെങ്കിലും അയാൾ കഴിക്കുന്നതിൽ ഒരു പങ്ക് ഞങ്ങൾക്കും തരും…..

പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു….എല്ലാം വിധി ആയിരിക്കും ഇനി അങ്ങനെ പറഞ്ഞു സമാധാനിക്കുകയാണ്….

അവളുടെ കണ്ണിലെ നിർവികാരത എത്രയാണെന്ന് റാഹിക്ക് ഊഹിക്കാമായിരുന്നു…

അതിനിടയിൽ അവളുടെ അനിയൻ വന്നപ്പോൾ അവളും മോളും ഇനിയെന്നെങ്കിലും ഇതേപോലെ കാണാമെന്നു പറഞ്ഞു പോവുകയും ചെയ്തു

അങ്ങനെ എല്ലാവരും പോയി കഴിഞ്ഞപ്പോൾ അവൾ ഭർത്താവിനെ വിളിച്ച് അയാൾ അല്പസമയത്തിനകം കാറുമായി വന്നു അവരെയും കൊണ്ട് പോകുന്ന വഴിയിൽ ഭക്ഷണവും കഴിച്ചാണ് വീട്ടിൽ എത്തിയത്….

പോരുന്ന വഴിയിലും വീട്ടിൽ എത്തിയിട്ടും അവളുടെ മുഖത്തു മൗനമായിരുന്നു…. ഉമ്മച്ചിക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഭർത്താവും മക്കളും ഒരുപാട് കളിയാക്കി… എനിക്ക് തലവേദനിച്ചിട്ട് വെയ്യ ഞാൻ കുറച്ചുനേരം കിടക്കട്ടെ എന്ന് പറഞ്ഞു അവൾ റൂമിലേക്ക് പോയി

അവളുടെ മനസ്സിൽ കൂട്ടുകാരി പറഞ്ഞ വാക്കുകളായിരുന്നു….. ഭർത്താവ് ഉണ്ടായിട്ടും ഇല്ലാത്തത് പോലെ… അന്ന ക്ലാസിലെ ഏറ്റവും ചന്തമുള്ള കുട്ടിയായിരുന്നു അവൾ.. റാഹിയെ പോലെ അവളെയും ഒരുപാട് കാരണങ്ങൾ കണ്ടെത്തി വേഗം നികാഹ് കഴിപ്പിച്ചു…ചെക്കനെ കുറിച്ച് കൂടുതൽ ഒന്നും അനേഷിച്ചില്ല…

ഭർത്താവ് ഉണ്ടോ ചോദിച്ചാൽ ഉണ്ട് പക്ഷേ അയാളിൽ നിന്നുള്ള അവഗണന എത്രത്തോളം സങ്കടം ഉണ്ടാക്കിയിട്ട് ഉണ്ടാകും… സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ചേർത്തു പിടിക്കാനും തെറ്റ് കാണുമ്പോൾ ശാസിക്കാനും എല്ലാറ്റിനുമുപരി ജീവനായി എന്റെ മാത്രം സ്വന്തമാണ് എന്ന അഹങ്കാരത്തോടെ പറയാനും സ്നേഹിക്കാനും നല്ലൊരു ജീവിത പങ്കാളിയെ കിട്ടുക എന്നത് തന്നെയല്ലേ ഏതൊരു പെണ്ണിന്റെയും ഭാഗ്യം…..

പക്ഷേ എനിക്ക് എല്ലാം പടച്ചതമ്പുരാൻ തന്നിട്ടും ഞാൻ അതിന്റെ മൂല്യം അറിയാതെ പോയല്ലോ….

ഭർത്താവിന്റെ പേര് കോയ എന്നു പറയാനും തൊഴിൽ കൃഷി പണി ആണെന്ന് പറയാനും മറ്റുള്ളവരുടെ മുന്നിൽ എനിക്ക് നാണക്കേട് ആയിരുന്നു…

പതിനഞ്ചു വർഷം കൂടെ ജീവിച്ചിട്ടും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ…

ഞാൻ പുറമേ കാണിച്ചില്ലങ്കിലും മനസ്സിന്റെ ഉള്ളിൽ ഒരു വേർതിരിവ് ഉണ്ടായിരുന്നില്ലേ….

അല്ലങ്കിലും പേരിലും തൊഴിലിലും എന്തിരിക്കുന്നു…..തന്റെ മനസ്സിന്റെ പക്വത കുറവാണ് എല്ലാം.

അദ്ദേഹം ഒരു നല്ല ഭർത്താവായിരുന്നു

എല്ലാ കാര്യങ്ങളും പറയാതെ തന്നെ ചെയ്തു തരും… തന്റെ രണ്ട് അനിയത്തിമാരുടെ കല്യാണത്തിന് പോലും ഉപ്പാടെ സ്വന്തം മോനായി നിന്ന് എല്ലാ കാര്യങ്ങളിലും സഹായിച്ചു….

തന്നെയും മക്കളെയും ഒരുപാട് ഇഷ്ടമാണെന്ന് ആ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാം…. എന്നിട്ടും ചില നേരത്ത് അദ്ദേഹത്തിനോട് ഞാൻ നീചമായി പെരുമാറിയിട്ടില്ലേ… അവൾക്കെല്ലാം ആലോചിച്ചപ്പോൾ കുറ്റബോധം വന്നു….

ഇനിയും ഞാൻ പേരിന്റെയും തൊഴിലിന്റെയും പേരിൽ അദ്ദേഹത്തെ മനസ്സ് കൊണ്ട് അകറ്റി നിർത്തിയാൽ പടച്ചോൻ പോലും എന്നോട് പൊറുക്കില്ല…. അങ്ങനെ ഓരോന്ന് ആലോചിച്ച് അവൾ കണ്ണുകൾ അടച്ചു കിടക്കുമ്പോഴാണ് അയാൾ വന്ന് ചോദിക്കുന്നത്

“റാഹി അന്റെ തലവേദന മാറിയോ “…

കണ്ണുകൾ ഒക്കെ നിറഞ്ഞിരിക്കുന്നല്ലോ നമുക്ക് ഡോക്ടറെ കാണാം കുറവില്ലെങ്കിൽ….

എനിക്ക് തലവേദന ഒന്നുമില്ലായിരുന്നു ഞാൻ വെറുതെ പറഞ്ഞതാ….

പിന്നെന്താ കണ്ണും മുഖവും ഒരുമാതിരി ഇരിക്കണത്….. ഇവിടുന്ന് പോകുമ്പോൾ സന്തോഷത്തോടുകൂടി പോയതാണല്ലോ അവിടെ പോയപ്പോൾ എന്തുപറ്റി…

ഇനി അന്റെ പണ്ടത്തെ വല്ലലൈനിനെയും കണ്ടു സങ്കടം വന്നിട്ടാണോ…. അയാൾ തമാശ പോലെ പറഞ്ഞു പൊട്ടിച്ചിരിക്കാൻ തുടങ്ങി….

” എനിക്ക് അങ്ങനെ പഠിക്കുമ്പോൾ ആരും ഉണ്ടായിട്ട് ഒന്നുമില്ല വെറുതെ ഇങ്ങള് ഓരോന്ന് പറയണ്ട…

പിന്നെ എന്താണ് എന്റെ ഭാര്യക്ക് പറ്റിയത് പറയൂ ഞാനും കേൾക്കട്ടെ….

അവൾ കൂട്ടുകാരി പറഞ്ഞ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞു

റാഹി.. നമ്മൾ കാണുന്ന പോലെയല്ല പലരുടെയും ജീവിതം… ചിലത് മറ്റുള്ളവരുടെ മുന്നിൽ അഭിനയം ആവാം… അതുമല്ലെങ്കിൽ മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതും ആവാം…. ഓരോരുത്തരുടെയും പുറമേയുള്ള ജീവിതം കണ്ടു നമ്മൾ അസൂയപ്പെട്ടിട്ട് കാര്യമില്ല അവരുടെ ഉള്ളിൽ നൂറുകൂട്ടം പ്രശ്നങ്ങളും ആയിട്ടാകും നടക്കുന്നത്…. ആരോടും ഒന്നും തുറന്നു പറയാതെ ജീവിതാവസാനം വരെ എങ്ങനെ നീണ്ടുപോകും….

നീ കേട്ടിട്ടില്ലേ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ പോയി എന്നും മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് ഭർത്താവ് പോയി എന്നൊക്കെ അതിലൊക്കെ എന്തെങ്കിലും തക്കതായ കാരണങ്ങൾ ഉണ്ടാവും…..ചിലരാകട്ടെ എല്ലാറ്റിൽ നിന്നും ഒളിച്ചോടാൻ മരണത്തെ ആശ്രയിക്കുന്നു…..ഇനിയിപ്പോ എല്ലാ സുഖസൗകര്യങ്ങൾ ഉണ്ടായിട്ടും ഏതോ ഒരു നിമിഷത്തെ ഉൾപ്രേരണയിൽ ഇന്നലെ കണ്ടവരുടെ കൂടെ പരസ്പരം ഇട്ടെറിഞ്ഞ് പോകുന്നവരുമുണ്ട്…..

ഇന്നത്തെ കാലം അങ്ങനെയാണ് പരസ്പര സ്നേഹം പോലും അഭിനയം മാത്രമാണ് അതുകൊണ്ടാണ് സ്വന്തം മാതാവിനെയും പിതാവിനെയും വാർദ്ധക്യത്തിൽ അനാഥാലയത്തിൽ കൊണ്ടുപോയി തള്ളുന്നത് പോലും…

എന്തായാലും നിന്റെ കൂട്ടുകാരിയുടെ അവസ്ഥ ആലോചിക്കുമ്പോൾ പാവം തോന്നുന്നു ആ കുട്ടിക്ക് ഉണ്ടാവില്ലേ ഭാര്യ ആകുമ്പോൾ കുറെ മോഹങ്ങളും സ്വപ്നങ്ങളും ഇങ്ങനെയുള്ളവരൊന്നും ഒന്നും കല്യാണം കഴിക്കാൻ പോവരുത്…

വെറുതെയെന്തിനാ ഒരു പെൺകുട്ടിയുടെ ജീവിതം കൂടി നശിപ്പിക്കുന്നത്…..

നമുക്ക് പ്രാർത്ഥിക്കാനെ കഴിയൂ അവർക്ക് നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി…..

എന്തായാലും അതൊന്നും ഓർത്തു നീ തലപുണ്ണക്കണ്ട കിടന്നുറങ്ങാൻ നോക്ക്

കുട്ടികൾ രണ്ടാളും ഉറങ്ങി….

അതൊക്കെ പോട്ടെ 15 വർഷത്തിനുള്ളിൽ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ എനിക്ക് പൊരുത്തപ്പെട്ടു തരണം…..

ജീവിതമല്ലേ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം സ്വാഭാവികമാണ്..ഞാൻ അതൊന്നും അത്ര വലിയ കാര്യമായി എടുത്തിട്ടില്ല… എന്റെ ലോകം നീയും മക്കളും മാത്രമാണ്…..

പിന്നെ നിനക്ക് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നത് അല്ലേ… കുട്ടികളൊക്കെ വലുതായില്ലേ ഇപ്പോഴും ആ താല്പര്യം മനസ്സിൽ ഉണ്ടെങ്കിൽ സമയം വൈകി എന്നൊന്നും കരുതേണ്ട…ഇനിയും നമുക്ക് അത് തുടരാം…..

അയാളുടെ നെഞ്ചിൽ തലവെച്ച് കിടക്കുമ്പോൾ അവൾ ഓർത്തു ഇങ്ങനെ ഒരാളെ ഭർത്താവായി കിട്ടിയത് എന്റെ ഭാഗ്യമാണെന്ന് അത് തിരിച്ചറിയാൻ വൈകിയെങ്കിലും ഇനിയങ്ങോട്ട് തെറ്റുകൾ തിരുത്തി ഞാനും ഒരു നല്ല ഭാര്യയായി മാറിയിരിക്കും…. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ് എന്റെ ഇക്കാ….. ഒരിക്കലും അദ്ദേഹത്തെ എന്നിൽ നിന്നും തട്ടി മാറ്റരുതേ എന്ന പ്രാർത്ഥനയെ അവൾക്കുണ്ടായിരുന്നുള്ളു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Sinana Diya Diya