എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ല, ഞാനും നിങ്ങടെ അനിയനും തമ്മിൽ സ്നേഹമാണ്….

രചന : അയ്യപ്പൻ

തന്റെ അനുജനുമായി പ്രേമത്തിലായിരുന്ന ചിരുതയെ ചാത്തൻ വിവാഹം കഴിക്കുമ്പോൾ അവൾക്ക് പ്രായം പത്തൊൻപത്….

ഉരുക്കു പെണ്ണ്…

കണ്ണിലെവിടെയോ കനലൊളിപ്പിച്ചവൾ…

ചാര നിറത്തിലെ ഉടലിൽ എണ്ണ മയമങ്ങനെ നനഞ്ഞു കിടക്കും..

ചാത്തന് അവളോട് ചെറുപ്പത്തിലെന്നോ തുടങ്ങിയ ഇഷ്ടമായിരുന്നു… അയാളുടെ മുറപ്പെണ്ണ്…

ഒരു സന്ധ്യയ്ക്കു മുങ്ങാംകുഴിയിട്ട് പിടിച്ച മീൻ കൊടുക്കാൻ ചിരുതയുടെ വീട്ടിൽ ചെന്നപ്പോ തൊട്ടു തുടങ്ങിയ പ്രേമം…..

കഴുത്തിൽ നിന്നും താഴേക്ക് തിരമാല പോലെ ചുരുണ്ട മുടിയുള്ളൊരു പെണ്ണ്…

അയാളോട് സംസാരിക്കുമ്പോഴൊക്കെ ഹൃദ്യമായ ലജ്ജയോടെ ഏറ്റവും വിനയമായി സംസാരിക്കുന്ന പെണ്ണ്…

അവളുടെ ചിരിക്കു വല്ലാത്തൊരു ചന്തമാണ്….

അന്ന് സന്ധ്യയ്ക്കും അവൾ അയാളെ നോക്കി ഏറ്റവും മനോഹരമായി ചിരിച്ചിരുന്നു, മൂക്കിന്റെ ഓരത്തെ മറുക് കൂടുതൽ ഭംഗിയേകി …

ആ ഒരറ്റ ചിരിയിൽ അയാളുടെ വറ്റിവരണ്ടു കിടന്നിരുന്ന ഹൃദയത്തിൽ ഒരു നീരുറവ പൊട്ടിച്ചിരിക്കുന്നു

അയാളുടെ ഒരു കാലിനു മറ്റേ കാലിനേക്കാൾ വലുപ്പക്കുറവ് ഉണ്ടായിരുന്നു…

അന്ന് രാത്രിയിൽ ചായ്ച്ചു കെട്ടിയ ഓലമേഞ്ഞ കുടിലിന്റെ ഉള്ളിൽ നിന്നും അവളെ പറ്റി അയാൾ ഓർത്തു….

നെറ്റിയിൽ ഒരു വട്ടപൊട്ടിട്ട്, എണ്ണ തേച്ചുമിനുക്കിയ മുടിയഴിച്ചിട്ടു , ചോന്ന പട്ടുകൊണ്ടുള്ള ഉ=ടുപ്പിട്ട അവളുടെ മടിയിൽ കിടക്കുന്നത് സ്വപ്നം കണ്ടയാൾ വെറുതെ പുറത്തേക്കിറങ്ങി….

അർദ്ധരാത്രി കഴിഞ്ഞിരുന്നു ചുറ്റോടു ചുറ്റും കൂരിരുട്ട് തിങ്ങി നിറഞ്ഞു നിന്നു…

കുടിലിനു ചുറ്റം നിന്നിരുന്ന ചോളത്തിന്റെ കീഴിൽനിന്നും നിന്നനിൽപ്പിൽ അയാളൊന്നു വട്ടം കറങ്ങി… എന്നിട്ട് മെല്ലെ വിളിച്ചു….

ചിരുതേ……..ന്റെ ചിരുത പെണ്ണെ…..

അപ്പോൾ ഓലമേഞ്ഞ കുടിലിൽ നിന്നും വേറെയൊരാൾ കൂടി അവളെ സ്വപ്നം കണ്ടു ഉറങ്ങുന്നുണ്ടെന്നു അയാൾ അറിഞ്ഞില്ല….

**************

വർത്താനം പറഞ്ഞു മടിയിൽ ഇരിക്കുന്ന മുറുക്കാൻ ചവച്ചു കറ്റ മെതിക്കുന്ന നേരത്താണ് ചിരുതയെ മോഹിച്ചു അവളെ കല്യാണം കഴിച്ചു കൂടെകൂട്ടാൻ ആരൊക്കെയോ വരുന്നുണ്ടെന്ന് ചാത്തൻ അറിഞ്ഞത്…

മനസ്സു നൊന്തു നീറി അവളെ വിട്ടു കൊടുക്കാൻ കഴിയില്ലെന്ന മനസ്സോടെ അയാൾ കൊയ്ത്തു നിർത്തി ദൂരെ മാറിയിരുന്നു..

അവൾ അയാളുടെ ഹൃദയത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയിരുന്നു…. കൊയ്യാൻ വന്നവരൊക്കെ അയാൾ വിങ്ങി മാറിയിരിക്കുന്നത് കണ്ടു അത്ഭുതത്തോടെ നോക്കിയിരുന്നു കാരണം ജോലിയിൽ മടി കാണിക്കാത്തവനാണ് ചാത്തൻ …

നീക്കിയിരുപ്പിൽ നിന്നും കുറച്ചെടുത്തു ചിരുതയെ പെണ്ണ് ചോദിക്കാൻ ചെല്ലുമ്പോൾ അവളുടെ അപ്പൻ അയാളെ ചേർത്തുപിടിച്ചിരുന്നു….

കാരണം അവിടെയുള്ളൊരിൽ അയാൾ ആയിരുന്നു ജോലിയിൽ സമർത്ഥൻ…

കള്ള് കുടിക്കില്ല പുക വലിക്കില്ല..

അന്തിക്ക് പുരയിൽ കയറുന്നവൻ…

കൂട്ടി വെച്ചിരിക്കുന്നവയിൽ ഒരുപാട് നാണയങ്ങളും തുട്ടും കൂടുതൽ ഉള്ളവൻ…

പല്ല് വെളുക്കെ ചിരിച്ചു ചാത്തൻ പടിയിറങ്ങുമ്പോൾ.. കൂരയ്ക്കുള്ളിനിന്നും ചിരുത കൈകൾ ചേർത്ത് തലയിൽ അടിച്ചു…

പിന്നികെട്ടി വെച്ചിരുന്ന മുടി അഴിച്ചിട്ടു,,, ചാണകം മെഴുകിയ തറയിൽ കിടന്നു ആർത്തലച്ചു കരഞ്ഞു….

***************

കല്യാണം കഴിഞ്ഞ രാത്രിയിൽ ചാത്തൻ അവളുടെ അരികിലേക്ക് ചേർന്നിരുന്നു…..

അയാൾ മുടിയിഴകൾ വകഞ്ഞു മാറ്റി നുണക്കുഴി ചൂഴ്ന്നിറങ്ങിയ അവളുടെ താടിയിൽ പിടിച്ചു മേല്പോട്ട് ഉയർത്തിയപ്പോഴാണ് കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ അയാൾ ശ്രെദ്ധിച്ചത്….

ആകാംഷയോടെ അയാൾ ചോദിച്ചു

“ഏൻ പെണ്ണിന് ന്തു പറ്റിയെ”??????

അവൾ വിങ്ങി ചുണ്ടുകൾ വിറച്ചുകൊണ്ട് പറഞ്ഞു…

“ഇയ്ക്ക് ഇഷ്ടല്ല…… ”

അയാൾ ഒന്ന് ഞെട്ടി താൻ ആവില്ലെന്നുറപ്പോടെ അയാൾ ചോദിച്ചു…

“ആരെ ”

അവൾ ചൂണ്ടുവിരൽ ചാത്തന് നേരെ നീട്ടി…..

അയാൾ ഒരു നിമിഷം കൊണ്ട് ഉരുകിയൊലിച്ചു…

അതുവരെയും നിന്നിരുന്ന വികാരങ്ങൾ ആവിയായിപോയിരുന്നു….

അവൾ അടുത്തതായി പറഞ്ഞ വാക്കുകൾ കേട്ടാണ് അയാളുടെ ഹൃദയത്തിൽ ഒരു കാരമുള്ള് തുളച്ചു കയറിയത്….

“ഞാനും ഇങ്ങടെ അനിയനും തമ്മിൽ സ്നേഹമാണ്…. സ്നേഹമെന്നു ച്ചാ വല്ലാത്ത സ്നേഹം..

അവൾ പറഞ്ഞു നിർത്തിയപ്പോ ശ്വാസവേഗതയിൽ അവളുടെ മാറിടം ഉയർന്നു പൊങ്ങിയിരുന്നു…

ഒന്നും മിണ്ടാനാവാതെ അയാൾ പുറത്തേക്കിറങ്ങി…

കുടിലിന്റെ അങ്ങേ അരികത്തു അയാളുടെ അനുജൻ കിടപ്പുണ്ട്…

സ്നേഹിച്ചവളെ അമ്മയായോ ചേച്ചിയായോ കാണേണ്ടി വന്ന അവന്റെ അവസ്ഥയോർത്തയാളുടെ കണ്ണു നിറഞ്ഞു..

ഒരൊറ്റ വാക്ക് ഇതിനെ പറ്റി പറയാഞ്ഞത് താൻ അത്രമേൽ ചിരുതയെ മോഹിച്ചത് കൊണ്ടാവും എന്നയാൾ ഓർത്തു…

അയാളുടെ ഹൃദയം നീറി…

അന്ന് ഒരു കൂരയ്ക്കുള്ളിൽ മൂന്ന് ഉടലുകൾ ഉറങ്ങാതെ… നെഞ്ച് നീറി….. പരസ്പരം ആശ്വസിപ്പിക്കാനാവാതെ ഇരുന്നു…

മാനത്തു ചന്ദ്രൻ പാതി മുഖം മറച്ചു തന്നെ നിന്നു….

ചിരുത മിടുക്കിയായിരുന്നു..

അവൾ അവിടെയാകെ അടിച്ചുവാരി തീയിട്ടു…

പുഴുങ്ങിയ നെല്ല് കുത്തിയതെടുത്തു കഞ്ഞി വെച്ച്…

മാറാല കെട്ടിയിടത്തെല്ലാം അവൾ വൃത്തിയാക്കി..

വീട്ടിൽ പെണ്ണിന്റ മണം അങ്ങനെ പൂത്തുലഞ്ഞു നിന്നു…

ഒരൊറ്റ പായുടെ രണ്ടറ്റതായും ചാത്തനും ചിരുതയും കിടന്നിരുന്നത്… രാത്രിയിൽ എപ്പോഴൊക്കെയോ അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ കേട്ട് അയാളുടെ ഹൃദയം നൊന്തിരുന്നു….. അയാൾക്ക് അവളെ കാണുമ്പോഴൊക്കെ വ്യസനം തോന്നി…

ചാത്തനും അനിയനും കഞ്ഞി മോന്താൻ ഇരിക്കുമ്പോഴൊക്കെ അയാളുടെ നെഞ്ചിടിക്കും..

അവൾ ഒന്നും മിണ്ടാതെ ചട്ടിയിൽ ഒഴിച്ച് തരുന്ന ചൂട് കഞ്ഞി കുടിക്കുമ്പോ അവിടെയാകെ നിശബ്ദത പരക്കും…

ആരും മിണ്ടാതെ പരസ്പരം നോക്കാതെ അവർ എണീറ്റ് പോവും….

അവിടം ഒച്ച ഉയർന്നിട്ട് നാളുകളായിരുന്നു…

മിണ്ടാത്ത മനുഷ്യർ…

പരസ്പരം നോക്കാത്ത മനുഷ്യർ…

ചിരിക്കാത്ത മനുഷ്യർ….

അയാൾ അവളെ ഒന്നിനും ശല്യപെടുത്തിയിരുന്നില്ല.

അവൾ കുളിക്കാൻ മറപ്പുരയിലേക്ക് പോവുന്നതിനു മുന്നെയായി അയാൾ വെള്ളം കൊണ്ട് വെക്കും..

അവൾ തുണി മാറുമ്പോൾ നോക്കാതെ കാണാതെ തിരിഞ്ഞു നിക്കും….

അവൾ അടുക്കളയിൽ കേറാൻ കഴിയാത്ത ഏഴ് ദിവസങ്ങളിൽ കഞ്ഞി ഉണ്ടാക്കി അടുത്ത് കൊണ്ട് വെക്കും…

ചിരുതയും അയാളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു….

അവളെ കാണുമ്പോഴൊക്കെ വല്ലാതെ നിസഹായതയോടെ മാറി കളയുന്നൊരു മനുഷ്യൻ….

അവൾ ഉറങ്ങിയെന്നു കരുതി അവളുടെ ചുരുണ്ടു പിണഞ്ഞു കിടക്കുന്ന തലമുടിയിൽ വല്ലാത്തൊരു ഹൃദ്യതയോടെ ചുംബിക്കുന്ന മനുഷ്യൻ…..

അവളെ മറ്റാരേക്കാളും വല്ലാതെ സ്നേഹിക്കുന്നൊരു ആണൊരുത്തൻ…

അയാളെ ഓർക്കുമ്പോഴൊക്കെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി പടരുന്നുണ്ട്… അവൾക്ക് അയാളോട് വല്ലാത്തൊരു പ്രേമം തോന്നി…. അയാളെ കാണാൻ തോന്നി…

അവൾ ദേഹം നിറയെ എണ്ണ തേച്ചു കുളിച്ചു… ഉള്ളതിൽ ഏറ്റവും നല്ല ഉടുപ്പ് ഇട്ട് മുടി നടുവേ പകുത്തിട്ട് അയാളെ നോക്കിയിരുന്നു….

അന്തിയായിട്ടും കാണാഞ്ഞിട്ടാണ് അവൾ വല്ലാത്തൊരു പരിഭ്രമത്തോടെ പുറത്തേയ്ക്കിറങ്ങിയത്

മഴ തുരുതുരാ പെയ്യുന്നുണ്ട് ഇടി വെട്ടി ഭൂകമ്പം സൃഷ്ടിക്കുന്നുണ്ട്.. ഓരോ നിഴലും അയാളാണെന്ന് വിചാരിച്ചു അവൾ പുറത്തേക്കു നോക്കും…

ചിരുത ഉറങ്ങാതെ വാതിൽ അടച്ചിട്ടു അയാളെ കാത്തിരുന്നു… രാത്രിയിൽ എപ്പോഴോ കതവിൽ ആഞ്ഞൊരു കൊട്ട് കേട്ട് അവൾ പേടിയോടെ ചോദിച്ചു….

“ഹാരാ…. “…. ഹാരാന്ന് ??????

ഞാ…… ഞാനാ… ചാത്തൻ …

അവൾ ഓടിച്ചെന്നു വാതിൽ തുറന്നു…. മഴ മുഴുവനും നനഞ്ഞു കുതിർന്നയാൾ നിന്നു…..

പെരയ്ക്കകത്തു അയാൾ നനവോടെ നിന്നു അയാൾക്ക് കുളിർകോരുന്നുണ്ട്… അവൾ പെട്ടന്ന് അടുപ്പിൽ തീ കത്തിച്ചു…. തീയുടെ ചൂടിൽ അയാൾ കണ്ണടച്ചു നിന്നു….

അവൾ പെട്ടന്ന് പരതി അവളുടെ മുണ്ടിന്റെ ഒരു മുറിഞ്ഞ ഭാഗം അയാൾക്ക് നേരെ നീട്ടി പുഞ്ചിരിക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ മുഖത്തേക്ക് നോക്കാതെ അയാൾ അത്‌ പറഞ്ഞത്..

“ഞാൻ ഇവ്ടെന്നു പോവും…. കരേല് ഇന്ന് വള്ളം അടുപ്പിക്കും…. അപ്പോ ഞാനിവിടെന്ന് പോവും.

നിന്നെ വല്ലോരേം എപ്പിച്ചിട്ട് പോയാല് നിക്ക് സമാധാനം ആവും….

അവൾ അയാളെ മിഴിച്ചു നോക്കി……..

അയാൾ പറഞ്ഞു

“ഇളയവൻ നല്ലൊനാ…. പാവമാ… നിങ്ങള് സ്നേഹം ആരുന്നില്ലേ… എനക്കു നിശ്ഛയമോണ്ട് നിങ്ങള് ചേരും.. ഞാൻ തടസ്സമാവില്ല… ഞാന് പോവാ……

അവസാനമത് പറയുമ്പോൾ അയാളുടെ തൊണ്ട ഇടറിയിരുന്നു കണ്ണ് നിറഞ്ഞിരുന്നു….

വാക്കുകൾ കിട്ടാതെ അയാൾ നിന്നു….

ചിരുതയെ അയാൾ ഒന്നുകൂടി നോക്കി …..

അവൾക്കു ഭൂമി കറങ്ങുന്ന പോലെ തോന്നി….

വിവാഹം കഴിഞ്ഞതിൽ പിന്നെ ഇളയവനോട് ഉള്ള സ്നേഹം അസ്തമയിച്ചിരുന്നു…

അവനും അതെ…

ഇനിയൊരിക്കലും അങ്ങനെയൊന്നും കാണാനോ തനിക്കോ അവനോ കഴിയില്ലന്നവൾ ഓർത്തു……

അവൾ തൊണ്ട ഞരങ്ങി കണ്ണ് നീറി നീരിറങ്ങി അവൾ നിന്നു…

അവൾ ഒന്ന് അയാളെ നോക്കി എന്നിട്ട് ഒരൊറ്റ ഓട്ടത്തിൽ അയാളെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി

എന്നിട്ട് മെല്ലെ പറഞ്ഞു

“ഏയ്….. നിക്ക് ഇങ്ങളെ മതി….. ഇങ്ങളില്ലാതെ എനക്ക് പറ്റൂല….. ചിരുതേടെ മനസ്സിൽ ഒറ്റ ഒരു പുരുഷനെ ഒള്ളു…

ഇങ്ങള്……. ചാവണ വരെയും ഇങ്ങള് തന്നെ..

അവൾ കരഞ്ഞു പോയി….

അയാൾ വിശ്വസിക്കാനാവാതെ തരിച്ചു നിന്നു…

അവളുടെ ഏങ്ങലടികൾ ഉയരുന്നുണ്ട്…

അവളുടെ മാറിടം അയാളുടെ നെഞ്ചിൽ ആഴ്ന്നിറങ്ങുന്നുണ്ട്… കണ്ണീരിന്റെ ചൂട്‌ അയാളുടെ മുഖത്ത് പറ്റുന്നുണ്ട്…

അവളുടെ ഉടലിന് അപ്പോ കണ്ണിമാങ്ങയുടെ ചൂരായിരുന്നു….

അയാൾ അവളെ സ്നേഹത്തോടെ വിളിച്ചു…

ചിരുതേ…… ന്റെ ചിരുതപെണ്ണെ…………

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അയ്യപ്പൻ