നീയൊരു മുടന്തൻ അല്ലേടാ, നിനക്കെങ്ങനെ ധൈര്യം വന്നു എന്റെ മോളെ പെണ്ണാലോചിച്ച് വരാൻ

രചന : വിജയ് സത്യ.

വിവാഹാലോചന…

❤❤❤❤❤❤❤❤❤❤

ജിതിൻ ചേട്ടന്റെ മാറിൽ തലവെച്ചു കിടക്കാൻ കൊതിയോടെ ദിവ്യ ആവാതില്ലാത്ത കാൽപാദം കൊണ്ട് ശ്രമിക്കുന്നത് കണ്ടു ജിതിൻ അവളെ പൊക്കിയെടുത്തു നെഞ്ചിൽ കിടത്തി..

അവൾക്ക് സന്തോഷമായി..

ഇടത് കാലിന്റെ പാദത്തിലെ ബലം അവൾക്ക് ഒരാക്സിഡന്റിൽ അല്പം നഷ്ടമായിരുന്നു.

ഇതൊക്കെ അറിഞ്ഞിട്ടാണ്‌ ജിതിൻ അവളെ കെട്ടിയത്

അപകടത്തിനു മുമ്പ് ഒരുപാട് ചെറുക്കന്മാർ പെണ്ണുകണ്ടു പോയതാണ് ദിവ്യയെ..

അന്ന് വന്ന പയ്യന്മാരെ ഒന്നും അവളുടെ മാതാപിതാക്കൾക്ക്‌ ബോധിച്ചില്ല..

ജിതിൻ ചേട്ടന്റെ ഭാര്യയാകാൻ ആയിരുന്നു കാലം ഒരുക്കിയ ചില കുസൃതികൾ…അങ്ങനെ കിടന്നുകൊണ്ട് അവളുടെ ചിന്തകൾ അതിലേക്ക് പറന്നു നടക്കാൻ തുടങ്ങി

ദേ..ദാമു പെണ്ണ് കാണാൻ ആണെന്ന് പറഞ്ഞു നീ അതുപോലുള്ള കണ്ട അലവലാതികളെയും കൊണ്ടു എന്റെ വീടിന്റെ ഈ പടി കേറരുത്..

ഞങ്ങളുടെ പെണ്ണിനെ ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ടേ കെട്ടിക്കുന്നുള്ളൂ…

അതുപോലുള്ള വല്ല ചെറുപ്പക്കാരും ഉണ്ടെങ്കിൽ പറ നമുക്ക് ആലോചിക്കാം..

പ്രഭാകരേട്ടാ… സർക്കാർ ഓഫീസിൽ അല്ലെങ്കിലും ആ ചെറുക്കനും നല്ല ശമ്പളമുള്ള ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി..

എന്ത് കമ്പനിയാടോ…

പെൻഷൻ കിട്ടുമോ? അവന്റെ കാലശേഷം അവന്റെ ഭാര്യക്ക് പെൻഷൻ കിട്ടുമോ? പ്രൊവിഡൻ ഫ്രണ്ടും ഗ്രാറ്റുവിറ്റിയും അലവൻസും ബത്തയും ഉണ്ടോ? ഹർത്താലും കോവിഡ് പോലുള്ള പകർച്ചവ്യാധിയും നാട്ടിൽ വന്നാൽ ലോക്ക് ഡൗൺ ആക്കി അടച്ചിട്ടാൽ ചുമ്മാ വീട്ടിൽ ഇരിക്കാൻ പറ്റുമോ.? ക്യാഷ് ലീവ് കിട്ടുമോ? എന്തിനധികം നേരാംവണ്ണം ഒന്ന് ലീവ് എടുക്കാൻ പറ്റുമോ?..

അത്‌ പിന്നെ..

ബ്രോക്കർ ദാമു ഫോണിന്റെ മറുതലയ്ക്കൽ നിശബ്ദത പാലിക്കാനെ പറ്റിയുള്ളു..

പ്രഭാകരേട്ടൻ വിഷമിക്കേണ്ട.. ഇനി മോൾക്ക് പറ്റിയ സർക്കാർ ഉദ്യോഗസ്ഥനെയും കൊണ്ട് മാത്രമേ ഞാൻ വരുള്ളൂ..

ദാമു ഉറപ്പുനൽകി…

ഇന്നത്തെ കാലഘട്ടത്തിൽ സ്വന്തം മോളെ ആർക്കും കല്യാണം കഴിച്ചു കൊടുക്കണം എന്നതിനെക്കുറിച്ച് അവളുടെ മാതാപിതാക്കൾക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കുന്നതിൽ പരിപൂർണ്ണ അവകാശമുണ്ട്. അവരത്‌ ആഗ്രഹിക്കുന്നതും നടപ്പാക്കുന്നതിലും തെറ്റൊന്നുമില്ല. കാരണം പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടത് ചെയ്യാൻ മാതാപിതാക്കൾക്ക് അതിന്റെതായ ഉത്തരവാദിത്വവും ഉണ്ട്. രാമുവിന് അതറിയാം..

അങ്ങനെയിരിക്കെ കുറച്ചുദിവസങ്ങൾക്കുള്ളിൽ ദാമുവിനു വിവാഹത്തിനായി പെണ്ണ് അന്വേഷിച്ചു തെക്ക് വടക്കു നടക്കുന്ന നല്ലൊരു സർക്കാർ ഉദ്യോഗസ്ഥനെ കിട്ടി..

ചെറുക്കൻറെയും പെണ്ണിനേയും ജാതി ഒന്നുതന്നെ.. പക്ഷേ അതിനകത്ത് എന്തോ ഒരു ഉപജാതി ഉണ്ട്.. അവർ തമ്മിൽ ചേരാൻ പാടില്ലാത്തത് ആണ്..അതിനെ കുറിച്ച് അറിയേണ്ടതുണ്ട്..

ചെറുക്കനോട് അടുത്ത ലീവ് ഉള്ള ദിവസം നോക്കി വരാൻ പറഞ്ഞ ദാമു അതേക്കുറിച്ച് നേരിട്ട് ചെന്നു ചോദിച്ച് മനസ്സിലാക്കാനായി ഒരു ദിവസം ഈ പ്രഭാകര ചേട്ടന്റെ വീട്ടിലേക്ക് പോകാനായി തിരിച്ചു..

ആ നാട്ടിലെ കവലയിൽ ബസ് ഇറങ്ങിയ ദാമു ഒരു സോഡാ കുടിച്ചു പ്രഭാകരൻ ചേട്ടന്റെ വീട്ടിലേക്ക് തിരിയുന്ന റോഡിലെ നടന്നു..

അപ്പോഴതാ കവലയിൽ പുതുതായി അനാദിക്കട തുടങ്ങുന്ന ചെറുപ്പക്കാരനായ ജിതിൻ മുന്നിൽ നടന്നു നീങ്ങുന്നു..

ഹലോ ജിത്തു…എങ്ങോട്ട് ഇത്ര കഷ്ടപെട്ടു..

ജിതിനു ഏതോ ഒരു കാലിനെ ഇത്തിരി നീളം കുറവുണ്ട് അതുകൊണ്ട് നടത്തത്തിൽ അല്പം മുടന്ത് ഉണ്ടോ എന്ന് നാട്ടുകാർക്ക് നല്ല സംശയം ഉണ്ട്..

പക്ഷേ ആൾക്കാരൊക്കെ കാണുമ്പോള് ആ മുടന്ത് മനപൂർവ്വം ഇല്ലാതാക്കി നടക്കാൻ അവൻ ആകും… ഒരു അര ഇഞ്ച് ഒരിഞ്ചു വ്യത്യാസം..

അതുകൊണ്ടുതന്നെ ശത്രുക്കള് മുടന്തൻ ജിത്തു എന്നും സ്നേഹമുള്ളവർ ജിത്തു മോൻ എന്നും വിളിക്കും.

അല്ല ആരിത് ദാമുവേട്ടനോ.. കുറേ നാളായല്ലോ ഈ വഴിക്ക് ഒക്കെ കണ്ടിട്ട്?..

എന്തോന്ന് പറയാനാ ജിത്തു മോനെ.. ഇപ്പൊ കല്യാണമൊക്കെ വളരെ കുറവാണ്..ചിലരു പ്രേമവും ഒളിച്ചോട്ടവുമായി നടക്കുന്നു. ചിലര് മക്കളെ പേടിച്ചു പ്രേമിച്ച വരെ തന്നെ കെട്ടിക്കോളാൻ സമ്മതിക്കുന്നു. അതൊക്കെ നമ്മുടെ കച്ചവടത്തെ ബാധിക്കില്ലേ…

ശരിയാ ശരിയാ നമുക്ക് പ്രേമവും ഇല്ല.. അറേഞ്ചും കിട്ടില്ല

നിന്നെപ്പോലെ ഇരുന്നിടത്ത് കാശു കൊണ്ടുത്തരുന്ന കച്ചവടം ഒന്നും നമുക്ക് ഇല്ലല്ലോ..ആട്ടെ ഇതെവിടെയാ പോകുന്നത്?

കട വിപുലീകരിച്ചത് ദാമുവേട്ടനു അറിയാലോ..

എന്റെ കടയുടെ അടുത്തുള്ള വീട്ടുകാരെ ഒക്കെ നേരിട്ട് പോയി ക്ഷണിക്കുകയാണ്.. ഇനി ആ പ്രഭാകരേട്ടന്റെ വീട്ടിൽ ചെല്ലാൻ ഉണ്ട്.

അത് നല്ല കാര്യമാണ്.. നീ ആളു കൊള്ളാമല്ലോ ജിതിൻ. നിന്റെ വിനയവും ബഹുമാനവും ആണ് നിന്റെ പ്ലസ് പോയിന്റ്. നാട്ടുകാരൊക്കെ ഒന്ന് ഇമ്പ്രെസ്സ് ആയാൽ കച്ചവടം പൊടിപൊടിക്കാ…

അതെന്നേ…

ഇതേ സമയം പ്രഭാകരനും ഭാര്യയും കുശലം പറഞ്ഞു കൊണ്ടു വീടിന്റെ പൂമുഖത്തു ഇരിക്കുകയയായിരുന്നു.

പ്രഭാകരേട്ടാ… നമ്മുടെ ബ്രോക്കർ ദാമു ഒരു പുതിയ കക്ഷിയെ കൊണ്ടുവരുന്നുണ്ടെന്നു തോന്നുന്നു.

ആണോ?.. അപ്പോൾ മോളോ?

ദിവ്യ പുറത്തുപോകാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്..

അതേതായാലും നന്നായി.. നമ്മളുടെ മകളുടെ സൗന്ദര്യം മുഴുവൻ പുറത്ത് ഉണ്ടാകുമല്ലോ..

പ്രഭാകരനും ഭാര്യയും പൂമുഖത്തു തന്നെ ഉണ്ടായിരുന്നതുകൊണ്ടു ദൂരെ നിന്നും നടന്നു വരുന്ന ദാമുവിനെയും പയ്യനെയും കണ്ടു..

തുറന്നിട്ട ഗേറ്റിലൂടെ നടന്നുവരുന്ന ദാമുവിനെയും കൂടെയുള്ള ചെറുക്കനെ കണ്ടു പ്രഭാകരനും ഭാര്യയും ഞെട്ടി..

ഈ ദാമുവിന് ഇത് എന്തിന്റെ കേടാണ്.

ഇതാ മോട്ടൻ ജിത്തുവല്ലേ…

പ്രഭാകരൻ സംശയത്തോടെ ഭാര്യയോട് ചോദിച്ചു..

അവൻ ഇപ്പോൾ വല്യ കാശുകാരനായത്രേ കവലയിൽ സൂപ്പർ മാർക്കറ്റ് തുടങ്ങി..

പ്രഭാകരന്റെ ഭാര്യ അവരറിഞ്ഞ സത്യം പറഞ്ഞു..

ആർക്ക് വേണം തോട്ടത്തിൽ ദാസിന്റെ മകന്റെ ബന്ധം..അവനു വല്ല വിദ്യാഭ്യാസം ഉണ്ടോ… ഈ കവലയിലെ കട മുഴുവനും അവന്റെതായാൽ ആർക്കു വേണം അവനെ..

ഭാര്യയുടെ വാക്കുകേട്ട് പ്രഭാകരൻ പുച്ഛിച്ചു പറഞ്ഞു

അതെയതെ…കഷ്ടം ഇനി ദാമു അവന്റെ കാശിന്റെ കാര്യവും മറ്റു പറഞ്ഞു നമ്മളെ കാൻവാസ് ചെയ്യാൻ നോക്കും പ്രഭകരേട്ടാ..

ഭാര്യ ആവലാതിപ്പെട്ടു..

നീ ഒന്നു ചുമ്മാതിരി… അവന്റെ കാൻവാസും ബ്രെയിൻ വാഷിംഗ് ഒന്നും എന്റെ അടുത്ത് ചെലവാകില്ല…. നല്ല ആട്ട് അഡ്വാൻസായി വെച്ച് കൊടുക്കുന്നുണ്ട്..

ദാമൂവും ജിതിനും പൂമുഖപ്പടിയിൽ എത്തി..

ദാമു അകത്തുകയറാൻ ഭാവിച്ചു..

നിൽക്കു അവിടെ… ഇങ്ങട് കയറണ്ട..

ഇവിടെ പലചരക്ക് കടക്കാരന് പെണ്ണില്ല.. കാശുകൊറേ സമ്പാദിച്ചിട്ടുണ്ടെങ്കിൽ വല്ല അനാഥാലയത്തിൽ പോയി പെണ്ണിനെ കണ്ടോളണം..

ദാമു നിന്നെയാണ് തല്ലേണ്ടത്..

പ്രഭാകരൻ ചേട്ടൻ ഇതെന്നാ ഭാവിച്ചോ..

ഈ ചെറുക്കാൻ….

ദാമു വിശദികരിക്കാൻ തുടങ്ങവേ

വേണ്ട വേണ്ട ഈ ചെറുക്കന്റെ ഗുണതിയാരം നീ ഇനി എഴുന്നള്ളിക്കണം എന്നില്ല.. അവനെ കുറച്ചൊക്കെ ഞങ്ങൾക്കറിയാം…

ങ്ങേ… എല്ലാം അറിഞ്ഞു കൊണ്ടാണോ ഈ രോഷം..ഈ പയ്യൻ ഇവിടെ കട ഉദ്ഘാടനം പറയാൻ വരുന്നത് അറിഞ്ഞു കൊണ്ടാണോ ഈ കലാപരിപാടി…

ജിതിനോട് വല്ല മുൻവൈരാഗ്യവും ഉണ്ടാകും

ദാമുവിന് ആകെ കൺഫ്യൂഷനായി..

കട ഉദ്ഘാടനം പറയാൻ വന്ന തന്നോട് എന്തിനാണ് ഇയാൾ പെണ്ണില്ലെന്നും പിടക്കോഴിയും ഒന്നും പറയുന്നത്… മോളെ കെട്ടിക്കാൻ ആയപ്പോൾ ഇയാൾക്ക് വട്ടായോ..

ജിതിനും അമ്പരന്നുപോയി…

പ്രഭാകരൻ ചേട്ടാ ഞാൻ വന്നത്..

ജിതിൻ അത്രയും പറയുമ്പോഴേക്കും പ്രഭാകരൻ ഇടയിൽ കയറി പറഞ്ഞു..

എടാ.. എടാ..ഈ തൊട്ടടുത്തുള്ള നീ ഈ ബ്രോക്കർ ദാമുവിനെ കൂട്ടി വന്നാൽ ആർക്കാ മനസ്സിലാവാത്തത്.. അത് എന്തിനാണെന്ന്..

അതുകൊണ്ട് മോനാ വെള്ളം അങ്ങ് വാങ്ങി വെച്ചേര്… നീയൊരു മുടന്തൻ അല്ലേടാ. നിനക്കെങ്ങനെ ധൈര്യം വന്നു കൈയും കാലും ഒക്കെ നേരെ ഉള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥയെ പെണ്ണ് ആലോചിക്കാൻ.

നിനക്ക് പെണ്ണിനെ വേണമെങ്കിൽ തരത്തിൽ ഉള്ള അവളുമാരെ ആലോചിക്കണം.. അല്ലാതെ വെറും പത്താം ക്ലാസ് തോറ്റ നീ അപ്പന്റെ പഴയ കടയിൽ ഇരുന്ന് കുറച്ച് കാശ് ഉണ്ടാക്കിയിട്ട് ഇപ്പോ അഞ്ചു പത്തു ഷട്ടർ ഉള്ള കട തുടങ്ങിയെന്ന് വച്ച് വിദ്യഭ്യാസവും വിവരവും ഉള്ള പെണ്ണിനെ കിട്ടുമോ…? നിന്നെ പറഞ്ഞിട്ട് കാര്യമില്ല ഇക്കാര്യത്തിൽ നിന്നെ കൊണ്ടുവന്ന ഇവനെയാണ് പറയേണ്ടത്…

എന്നും പറഞ്ഞു അയാൾ ദാമുവിന് നേരെ ആയി പിന്നെ അധിക്ഷേപം..തെറിയും

ജിതിന് കാര്യം ഏതാണ്ടൊക്കെ പിടികിട്ടി…

താൻ ഈ ദാമുവിൻറെ കൂടെ വന്നത് കൊണ്ടു പുള്ളി തെറ്റിദ്ധരിച്ചിരിക്കുയാണ്.. അയാളുടെ മോളെ പെണ്ണുകാണാൻ ചെന്നതെന്നാ ധരിച്ചുവെച്ചിരിക്കുന്നത്….

ഉറഞ്ഞു തുള്ളുന്ന അയാളെ നോക്കി ജിതിൽ ഉള്ളാലെ ചിരിച്ചു.. അയാളുടെ ഭാര്യയുടെ മുഖവും കടന്നൽ കുത്തിയ പോലെ ഉണ്ട്..

പുറത്ത് ബഹളം കേട്ട് അപ്പോഴേക്കും മകൾ ദിവ്യ അവിടെ കടന്നു വന്നു..

എന്താ അച്ഛാ… അമ്മേ പ്രശ്നം….,?

അവൾ രണ്ടുപേരോടും ഉറക്കെ ചോദിച്ചു..

മോളെ പട്ടണത്തിലെ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന് പെണ്ണ് വേണം.. അവൻ മോൾക്ക് ചേർന്ന പയ്യനാണ്.. അതേ കുറിച്ച് പറയാനാ ഞാൻ വന്നത്…വരാൻ നേരത്ത് ഈ ജിത്തു പ്രഭാകരൻ ചേട്ടനെ കട ഉത്ഘാടനം ചെയ്യുന്ന കാര്യം നേരിട്ട് വന്നു പറയാൻ ഇങ്ങോട്ട് വരികയായിരുന്നു.. എന്റെ കൂടെ ഇവനെ കണ്ടപ്പോൾ നിന്റപ്പൻ കരുതി ജിത്തു ആണ് ചെറുക്കൻ എന്നു… അതോണ്ട് അവനെ അവഹേളിച്ചു സംസാരിച്ചു ബഹളം വെക്കുകയായിരുന്നു..

ദാമു പറയുന്നത് കേട്ട പ്രഭാകരൻ എളിഭ്യനായി..

ഭാര്യയും നാണം കെട്ടു..

സോറി…. ജിത്തു മോനെ… നീ നിന്റെ കട ഉത്ഘാടനം പറയാൻ വന്നതാണോ…

പ്രഭാകരൻ നാണംകെട്ടു ചോദിച്ചു..

അല്ല പിന്നെ…

അതും പറഞ്ഞു ജിതിൻ അവന്റെ കൈയിൽ പൊതിയിൽ നിന്നും ഒരു ഇൻവിറ്റേഷൻ ലെറ്റർ എടുത്തു പ്രഭാകരന് കൊടുത്തു..

ഉത്ഘാടനത്തിനു വരണം കടയിൽ നിന്നും സാധനങ്ങൾ വാങ്ങുകയും വേണം..

അവൻ വളരെ എളിമയോടെ പറഞ്ഞു..

അതുകൂടി ആയപ്പോൾ പ്രഭാകരന് വല്ലാത്ത കുറ്റബോധം ഉണ്ടായി..

എന്നെ ദാമുവിനെ കൂടെ കണ്ടപ്പോൾ പ്രഭാകരൻ കൺഫ്യൂഷൻ അതിന് ഞാൻ ക്ഷമ ചോദിക്കുന്നു.. ഞാനിപ്പോൾ പെണ്ണുകെട്ടാൻ തീരുമാനിച്ചിട്ടില്ല.. അഥവാ കിട്ടുന്നുണ്ടെങ്കിൽ എന്റെ ഈ കാലിന്റെ ചെറിയ പോരായ്മ അറിയുന്ന അതുൾക്കൊള്ളുന്ന ആരെയെങ്കിലുമേ കെട്ടൂ..ദിവ്യയെ ഇതുവരെ ആ സ്ഥാനത്ത് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല.. എന്നാൽ ഞാൻ ഉറങ്ങട്ടെ…

അകത്തു കയറി ഇരിക്കുന്നില്ലേ?

പ്രഭാകരൻ അല്പം സങ്കോചത്തോടെ ചോദിച്ചു

ഇനിയിപ്പോ വേണ്ട…പിന്നീടാവട്ടെ..കുറച്ച് പേരെ കൂടി കടയുത്ഘാടനം പറയാനുണ്ട്..

അതും പറഞ്ഞ് ജിതിൻ അന്തസ്സായി നടന്നുപോയി..

ഒരു മുടന്തും പുറത്ത് കണ്ടില്ല..

ദാമുവിൻറെ കയ്യിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ഉണ്ടെന്ന് കേട്ടതോടെ പ്രഭാകരൻ പിന്നെ ദാമുവിനോട് വലിയ ബഹുമാനവും ആദരവും പ്രകടിപ്പിച്ച് സ്വീകരിച്ചിരുത്തി..

ആട്ടെ ദാമു പറ ആരാ പുതിയ കക്ഷി..?

അതു………

ദാമു വിവരിച്ചു തുടങ്ങി

ദാമു കൊണ്ടുവന്ന ആ ബന്ധം ഏതാണ്ട് ഉറപ്പിക്കാൻ തീരുമാനിച്ചു.. ഇരുവർക്കും പരസ്പരം ഇഷ്ടമായി.. ഇരു വീട്ടുകാർക്കും ഇഷ്ടമായി. അവരുടെ ഇരു കുടുംബക്കാർക്കും ഇഷ്ടമായി.

വിവാഹം നിശ്ചയിച്ചു..

ഒരുദിവസം ദിവ്യ ബാങ്കിൽനിന്നും ജോലി കഴിഞ്ഞു തന്റെ സ്കൂട്ടിയിൽ വരവേ ഒരു ബൈക്കുമായി കൂട്ടിയിടിച്ച് ആക്സിഡന്റ് ആയി..

തെറിച്ചുവീണ അവളുടെ പാദത്തിൽ കൂടെ ബസ് കയറി ഇറങ്ങി..

മിശ്ര ഭംഗം വന്ന പാദത്തിന്റെ അസ്ഥികൾ കൂട്ടിയോജിപ്പിച്ച് അതൊരു പാദരൂപം ആക്കുന്നതിനു ഡോക്ടർമാർ ഒരുപാട് പരിശ്രമിച്ചു. കുറെനാൾ ഹോസ്പിറ്റൽ കിടക്കേണ്ടിവന്നു.. പാദത്തിന് അല്പം വൈകല്യവും നടക്കുമ്പോഴുള്ള ചെറിയൊരു ഇഴച്ചിലും കാരണം വിവാഹം ഉറപ്പിച്ച ചെറുക്കൻറെയും വീട്ടുകാരുടെയും മനസ്സ് മാറി…മുടന്തിയെ അവർക്ക് വേണ്ട..

നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി.

പാദത്തിന് ചില പോരായ്മകൾ ഉണ്ടെങ്കിലും ദിവ്യ തന്റെ സ്കൂട്ടിയിൽ വീണ്ടും ജോലിക്ക് പോയി തുടങ്ങി.

അതിനുശേഷം അവിടെ ആരും പെണ്ണ് അന്വേഷിച്ചു വന്നില്ല..

ഓന്നോ രണ്ടോ വർഷങ്ങൾ കടന്നു പോയി…ദിവ്യക്ക് വയസ്സ് കൂടി കൂടി വന്നു..

വിവാഹ പ്രായം ഒക്കെ അതിക്രമിച്ചു..

കാര്യങ്ങളൊക്കെ ജിതിൻ അറിയുന്നുണ്ടായിരുന്നു..

പ്രഭാകരൻ അന്ന് പറഞ്ഞ വാക്കു ജിതിൻ ഓർത്തു..

നിനക്ക് തക്ക പെണ്ണിനെ അന്വേഷിച്ചാൽ പോരെ.. എന്തോരം പെൺകുട്ടികൾ കാലും കയ്യും ആവാത്തത് ആയി ഈ നാട്ടിലുണ്ട്..

ഒരു ദിവസം ജിതിൻ തന്റെ അച്ഛൻ ദാസിനേയും കുട്ടി പ്രഭാകരനെ വീട്ടിലെത്തി..

എന്റെ ഒരേയൊരു മോന് നിന്റെ പെണ്ണിനെ കൊടുക്കുന്നോ പ്രഭാകര നീ.. അവൻ കെട്ടി കൊണ്ടുപോയി നന്നായി നോക്കിക്കൊള്ളും..

കെട്ടുപ്രായം കഴിഞ്ഞിട്ടും കുറേ നാളുകളായി മകൾ വീട്ടിൽ ഇരിക്കുന്നത് കണ്ട് ആ മാതാപിതാക്കൾ തീർത്തും നിരാശരും ചിന്താവിവശരുമായിരുന്നു അപ്പോൾ..

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പണ്ടുള്ളോർ പറഞ്ഞത് എത്ര നേരാ.. ഇവളെ കണ്ടു ഞങ്ങൾ അല്പം അഹങ്കരിച്ചു പോയി.. മോൻ എന്നോട് ക്ഷമിക്കണം… അന്ന് ഞാൻ പറഞ്ഞ വാക്കുകൾ ദൈവം ഏറ്റെടുത്തെന്നു തോന്നുന്നു.. വൈകല്യത്തിൽ മോനെ കെട്ടാൻ വേണ്ടി ദൈവം എന്റെ മോളെ താഴ്ത്തിയെങ്കിലും സ്വഭാവത്തിലും ആൾക്കാരോടുള്ള പെരുമാറ്റത്തിലും മോനോടൊത്തു ഉയരാൻ ദൈവം ഞങ്ങൾക്ക് അവസരം ഉണ്ടാക്കിയതായിട്ടാണ് തോന്നുന്നത്.

ഈ വിവാഹത്തിന് ഞങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ സമ്മതമാണ്…

അതൊന്നും സാരമില്ല..ഇപ്പോൾ നടക്കുന്ന കാലം എത്ര മോശമാണെന്നു പറഞ്ഞാലും ആ കാലം നോക്കുന്നത് നമ്മൾ എത്ര മോശമായി നടക്കുന്നു എന്നാണ്..അങ്ങനെയെങ്കിലേ കാലത്തിനും നമ്മളെ മോശം ആക്കാൻ പറ്റുള്ളൂ.. മറിച്ചു ഏതു പരിതസ്ഥിതിയിലും നമ്മൾ നന്മ മുറുകെ പിടിച്ചാൽ നമ്മളെയും നന്മ തേടിവരും. ഒരു കാലത്തിനും നമ്മെ മോശം ആക്കാൻ പറ്റില്ല…

പത്തി മടങ്ങിയ പ്രഭാകരന് തന്റെ അഹങ്കാരത്തിന് പറ്റിയ തെറ്റിൽ നല്ലൊരു പ്രായശ്ചിത്തമായി അതിനെ കണ്ടു മോളെ ജിതിന് കല്യാണം കഴിച്ചുകൊടുക്കാൻ തീരുമാനിക്കുന്നു..

അങ്ങനെ ജിതിൻ ദിവ്യയെ കെട്ടി വീട്ടിലേക്കു കൊണ്ടു വന്നു..

ലൈക്കും കമന്റും ചെയ്യണേ….

രചന : വിജയ് സത്യ

Scroll to Top