അമ്മേ എന്തൊക്കെ പറഞ്ഞാലും എനിക്കു സാരിയുടുത്ത് അമ്പലത്തിലേക്കു പോകണം…

രചന : അഹല്യ അഹല്യ

ദീപ്തജ്വാല

❤❤❤❤❤❤❤❤❤

“അമ്മേ എന്തൊക്കെ പറഞ്ഞാലും എനിക്കു സാരിയുടുത്ത് അമ്പലത്തിലേക്കു പോകണം….

എന്റെ പ്രായത്തിലുള്ള പെൺകുട്ടികളൊക്കെയും സാരി ഉടുത്തിട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്….

ഞാനിപ്പോ സാരിയുടുത്താൽത്തന്നെ അമ്മയ്ക്കെന്തിത്ര മാനക്കേടു തോന്നാൻ??!!…

ഒന്നുമില്ലെങ്കിലും ഈ ചിങ്ങത്തിലു ഇരുപതാവില്ലേ എനിക്ക്???…”

തിരുവാതിര നാൾ പുലർച്ചെ ദീപ്തജ്വാല എഴുന്നേറ്റു…

തുളസിത്തറയിൽ ദീപം കൊളുത്തി വേഗം തന്നെ കുളിച്ചു വന്നത് തൃക്കോവിലിലെ ശിവനെ തൊഴാൻ പോകാനാണ്…

ഒത്തിരി ആശിച്ചതാണ് ഈ ദിവസത്തേക്ക്….

അതിനു വേറൊരു കാരണമുണ്ട്…

കഴിഞ്ഞ ഓണത്തിനു മുത്തശ്ശി തറവാട്ടിൽ പോയപ്പോ തന്ന കസവുകര സാരി ഉടുക്കണം എന്നവൾ കാലേകൂട്ടി തീരുമാനിച്ചതാണ്….

അന്നു മേടിച്ച സാരി തിരുവോണത്തിന്റെ അന്ന് തന്റെ ഒറ്റ നിർബന്ധത്തിന്റെ പുറത്ത് ഉടുത്ത് അമ്മയ്ക്കൊപ്പം കോവിലിൽ പോയി വന്നതാണ്…

പിന്നീട് അമ്മ അതു കെട്ടിപ്പൂട്ടി അലമാരയിൽ തന്നെ കൊണ്ടു വച്ചു….

അന്നുടുത്തിട്ടു തന്നെ അമ്മയ്ക്ക് ഒട്ടും ഇഷ്ടമായിട്ടില്ല…

വഴിനീളെ തന്റെ മെലിഞ്ഞ ശരീരവും സാരിയും തമ്മിലുള്ള പൊരുത്തക്കേടുകൾ എണ്ണിപ്പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു…

അതുകൊണ്ടായിരിക്കണം ഇന്നു കോവിലിൽ പോകുമ്പോ സാരി ഉടുക്കുകയാണെന്നു പറഞ്ഞപ്പോ വേണ്ടാന്നു തറപ്പിച്ചു പറഞ്ഞത്….

“എന്റെ ദീപു, നിന്റെ പ്രായത്തിലുള്ള പെൺകുട്ടികളെ പോലെയാണോ നീയ്യ്???!!

നിന്റെ ഈ രൂപം നീയൊന്നു കണ്ണാടീലേക്കു നോക്കൂ…. എന്നിട്ടു പറയ്…..

മെലിഞ്ഞുണങ്ങി ഒരു ചുള്ളിക്കമ്പിനോളം പോരുമോ നീയ്യ്???

അതും നല്ല പോട്ടേ…

ഇതു വെയിലു കൊണ്ടു ഉണങ്ങി ഉണങ്ങി ഒരു തവിട്ടു നിറം….

ആ നീ ഒരു സാരി വലിച്ചു ചുറ്റിയാൽ എങ്ങനെയുണ്ടാവും….

വെള്ളരിപ്പാടത്തു കോലം കുത്താനാണോ??….”

“അമ്മാ… എനിക്ക് എന്റെ കോലത്തിൽ ഒരു കുറവും തോന്നീട്ടില്ല…

ഇനിയിപ്പോ ആർക്കേലും അങ്ങനെ എന്റെ മുഖത്തോട്ടു നോക്കുമ്പോ വിഷമം തോന്നുന്നുണ്ടേൽ താഴത്തേയ്ക്ക് നോക്കി നടന്നുകൊള്ളട്ടെ…..

എന്റെ രൂപം ഇങ്ങനെ ആയിരിക്കുന്നേൽ എന്നേക്കാൾ വിഷമം എന്തിനാ മറ്റുള്ളോർക്ക്???..

“ദേ, ഈ കുട്ടി…. ഞാൻ പറയണതു കേൾക്കാൻ കുറച്ചിലാണോടീ നിനക്ക്?

സത്യല്ലേ പറഞ്ഞേ അപ്പുറത്തെ ഭാമേടെ മോളെ കണ്ടുവോ നീയ്യ്??

എന്താ അവളുടെ ചേല്! പെൺകുട്ട്യോളായാൽ അങ്ങനെ വേണം നല്ല ചന്തം വേണം…

ചേലിലൊരു തടിയൊക്കെ വേണം…

നല്ല വെണ്ണപോലെ ഇരിക്കുന്നു… നല്ലോണം ഭക്ഷണം കഴിക്കണം അതിന്….

അവളു സാരി ഉടുത്താൽ ആർക്കും കുറ്റം പറയാൻ തോന്നില്ലാ അത്രയ്ക്കു ചേലാണ്…

അല്ലാതെ ഗ്രഹണി പിടിച്ച മാതിരി….”

“അമ്മാ എന്റെ കുറവുകളെക്കുറിച്ച് എനിക്ക് ബോധ്യം ഉണ്ട്…

ഈ വണ്ണമില്ലായ്മയും നിറക്കുറവും ഒന്നും ഞാൻ അത്രയും വല്യ ആഗോള പ്രശ്നായിട്ടു കണക്കാക്കുന്നുമില്ല….

ഈ ഭംഗി ഒന്നും അല്ലാലോ നമ്മൾക്ക് എന്നും തുണ…

നല്ല മനുഷ്യനാവാനുള്ള കഴിവ് അല്ലേ വേണ്ടത്??

നല്ലൊരു മനസ്സില്ലാഞ്ഞിട്ടു മേലേക്കു മോടിപിടിപ്പിച്ചിട്ട് ആർക്ക് എന്താ ഗുണം??

അമ്മ ഭാമ വല്യമ്മേടെ മോളെ മാത്രേ കണ്ടുള്ളൂ…

ആ വീട്ടിന്നകത്തു അരയ്ക്കു താഴെ തളർന്നൊരു മനുഷ്യനുണ്ട്….

ഭാമ വല്യമ്മേടെ മൂത്ത മകൻ….

ശ്രീയേട്ടൻ….

ആ ചേട്ടനെക്കണ്ട് എല്ലാരും സഹതപിക്കുകയാണ്..

ആ സഹതാപം കിട്ടീട്ട് ശ്രീയേട്ടനെന്താ ഗുണം വന്നത്??

ആ മനുഷ്യനെ തട്ടിച്ചുനോക്കുമ്പോൾ അമ്മേടെ മോൾ ഭാഗ്യവതിയാണ്…

എന്റെ കൈക്കോ കാലിനോ ശരീരാവയവങ്ങൾക്കോ മാനസികനിലയ്ക്കോ യാതൊരു കുഴപ്പവും ഇല്ല

ദൈവം സഹായിച്ച് പൂർണ്ണആരോഗ്യവതിയാണ്.

ആ കാര്യത്തിൽ അമ്മ സമാധാനിക്കയാണ് വേണ്ടത്…

അല്ലാതെ ഇല്ലാത്ത മേമ്പോടിയെപ്പറ്റി അന്ധമായ് ആഗ്രഹിക്കയല്ല….

സത്യം പറഞ്ഞാ ശ്രീയേട്ടനേയും എന്നേയും തട്ടിച്ചു നോക്കിയത് തന്നെ വല്യ കുറ്റമാണ്…

കാരണം ഈ ഭൂമിയിൽ ആരേയും ആരോടും താരതമ്യപ്പെടുത്തുവാനുള്ളതല്ല…

ഓരോരുത്തരേയും നമ്മളു വിശ്വസിക്കുന്ന ശക്തി ഓരോ രീതിയിലാണ് സൃഷ്ടിച്ചത്….

അതെങ്ങനെയായാലും അതിൽ ഒരു ന്യായം ഉണ്ടായിരിക്കും….

ഒരോരുത്തരും വെവ്വേറെ തന്നെയാണമ്മേ…

എനിക്കെന്നിൽ ഒരു അപമാനവും കാണുന്നില്ല..

അതും പറഞ്ഞുകൊണ്ട് ദീപ്തജ്വാല കസവുകര നെയ്ത സെറ്റുസാരി ഉടുത്തുകൊണ്ട് ഞൊറിവുകൾ നേരേയാക്കി….

മുടിപ്പിന്നൽ കെട്ടി കണ്ണിലൊരിത്തിരി കരിമഷി തൂകി അവൾ മുറ്റത്തെ ഒതുക്കുകല്ലുകൾ പതിയെ ഇറങ്ങി വയൽ വരമ്പിലൂടെ നടന്നു….

പുലരിയുടെ കിരണങ്ങൾ മുത്തമിട്ട മഞ്ഞുതുള്ളികളെ അരുമയായ് തഴുകി വയൽവരമ്പിലൂടെ ഒരു പൂത്തുമ്പിയെപ്പോലെ അവൾ അവളുടെ ലോകത്തേക്കു പാറിപ്പറന്നു…..

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം…..

രചന : അഹല്യ അഹല്യ