മോളെ, അവൻ വന്നൂട്ടോ. എന്റെ സേവിച്ചൻ.. ഇനി ഇവിടെ ഉണ്ടാവുമെന്ന് അവൻ എനിക്ക് വാക്ക് തന്നിട്ടുണ്ട് കൊച്ചെ

രചന : Athira S

നീഹാരം

❤❤❤❤❤❤❤❤

കോളജിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് കാരയ്ക്കൽ തറവാട്ടിലെ ത്രേസ്യാമ്മ വരുന്നത് നീഹാരിക കണ്ടത്.അവളെ തന്നെ നോക്കിയാണ് വരവ്

അടുത്ത് എത്തിയപ്പോൾ അവർ അവളെ നോക്കി ചിരിച്ചു.അവളും പുഞ്ചിരി തൂകി..

” മോളെ , അവൻ വന്നുട്ടോ..എന്റെ സേവിച്ചൻ.. ഇനി ഇവിടെ ഉണ്ടാവുമെന്ന് അവൻ എനിക്ക് വാക്ക് തന്നിട്ടുണ്ട് കൊച്ചെ..നിന്റെ കൂടെ പഠിച്ചത് അല്ലേ അവൻ ഇപ്പൊ അവന് ജോലി ആയി..നീ ഇപ്പോഴും കുടുംബത്തിന്റെ പ്രാരാബ്ധം കൊണ്ട് പഠിച്ച് മുഴുവൻ ആക്കിയതുമില്ല..ഇത്തവണ എന്റെ പൊന്നുമോൾക്ക്‌ റാങ്ക് കിട്ടണം കേട്ടോ…അവസാന കൊല്ലം അല്ലേ.നന്നായി പഠിക്കണം.കുടുംബത്തിന് ഏക ആശ്രയം നീ അല്ലെടി കൊച്ചെ..”

ഒരു ശ്വാസത്തിൽ ത്രേസ്യാമ്മ പറഞ്ഞു നിർത്തിയപ്പോൾ അവളിൽ ഉടലെടുത്തത് ഓർമകളുടെ തിരമാലകൾ ആയിരുന്നു .

മറുപടിയായി ” ശരി അമ്മച്ചി ” എന്ന് മാത്രം അവളിൽ നിന്നും ലഭിച്ചപ്പോൾ തലയിൽ തഴുകി അവർ നടന്നകന്നു.

ബസ് വന്നപ്പോൾ യാന്ത്രികമായി നീഹാരിക കയറി.അവൾക്ക് ഏറ്റവും പ്രിയപ്പെട്ട വിൻഡോ സീറ്റിൽ തന്നെ ഇരുന്നു.മനസ്സിൽ പഴയ കാര്യങ്ങളുടെ വേലിയേറ്റം ഉണ്ടായപ്പോൾ അവൾ പതിയെ കണ്ണുകൾ അടച്ചു

❤❤❤❤❤❤❤❤❤❤❤❤❤❤

അച്ഛന്റെ സുഹൃത്തായ ജോസഫ് സാറിന്റെയും ത്രേസ്യാമ്മയുടെയും ആൺതരി.

കാരയ്ക്കൽ സേവിയർ.എന്നും സ്കൂളിൽ പോകുന്നതും വരുന്നതും ഞങ്ങൾ ഒരുമിച്ച് ആയിരുന്നു.എനിക്ക് താഴെ നിഹാനും അവന് താഴെ കാതറിനും കൂടെ ആയപ്പോൾ ഞങ്ങളുടെ കൂടെ അവരും വരുന്നത് പതിവായി.നാൽവർ സംഘം സ്കൂളിൽ പോകുന്നത് കാണാൻ തന്നെ എന്ത് ചേലാണെന്ന് അമ്മയും അച്ഛനും പറയും.എന്നെക്കാൾ രണ്ട് വയസ്സ് മൂത്തത് ആണ് സേവിച്ചൻ.ഇച്ചായ എന്ന് മാത്രം വിളിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട് സേവിച്ചൻ എന്ന് തന്നെ വിളിക്കുന്നത് ആയിരുന്നു ഇഷ്ടം.

അവനും അങ്ങനെ തന്നെ. എന്നും ഒരുതരം ആരാധന ആയിരുന്നു സേവിച്ചനോട്.നിഷ്കളങ്കമായ ആ പുഞ്ചിരി എന്നും നോക്കിയിരിക്കാൻ തോന്നും.വാ തോരാതെ ഇൗ സൂര്യന് കീഴിലുള്ള കാര്യങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോൾ , എല്ലാ മത്സരങ്ങൾക്കും വിജയി ആവുമ്പോൾ ഇതൊന്നും എനിക്ക് കഴിയാത്തതിൽ അസൂയയും കുശുമ്പും ഉണ്ടായിരുന്നു താനും.അത് അറിയുന്നത് കൊണ്ട് തന്നെ പിണക്കം മാറാൻ അവന്റെ സമ്മാനം എനിക്ക് തരുമായിരുന്നു. സ്കൂളിൽ നിന്നും കോളജിൽ പോയി തുടങ്ങിയ അവനോട് എന്ന് മുതലാണ് പ്രണയം എന്ന വികാരം എന്നിൽ വളർന്നത് എന്നറിയില്ല.

അന്നൊരിക്കൽ സേവിച്ചന്റെ പിറന്നാളിന് അമ്പലത്തിൽ പോയി വന്നു ചന്ദനം ചാർത്തി കൊടുത്തപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൊരുത്തു.എന്നെ അവനിലേക്ക് ആകർഷിക്കുന്ന എന്തോ ഉണ്ടെന്ന് അറിയാതെ തോന്നി പോയി .

ഒരിക്കൽ എന്നെയും കൂട്ടി പുഴകടവിൽ പോകണം എന്ന് പറഞ്ഞപ്പോൾ എന്റെ പ്രണയം അവനോട് പറയണം എന്ന് മനസ്സ് തീരുമാനിച്ചു.പിടയ്ക്കുന്ന ഹൃദയവുമായി എനിക്കേറ്റവും പ്രിയപ്പെട്ട മഞ്ചാടി മണികളും മയിൽപീലിയും കൈയിൽ കരുതി ചെന്ന ഞാൻ അഭിമുഖീകരിച്ചത് മറ്റൊരു പ്രണയത്തെ ചൊല്ലി വാചാലനാകുന്ന സേവിച്ചനെയാണ്.ആരാണെന്നോ ഒന്നും തന്നെ ചോദിച്ചില്ല.തിരിഞ്ഞ് നടന്നു ഒന്നും മിണ്ടാതെ.പിന്നെ ഒരിക്കൽ പോലും മുന്നിലേക്ക് ചെന്നില്ല.

ഒരു മാസം കഴിഞ്ഞ് സേവിച്ചൻ ബാംഗ്ലൂർ പോകുന്നു എന്ന് അച്ഛൻ പറയുന്ന കേട്ടപ്പോൾ മനസ്സ് ആർത്തലയ്ക്കുന്നുണ്ടായിരുന്നു.പക്ഷേ ഇന്ന് ആ മനസ്സ് മറ്റാരെയോ കൊതിക്കുന്നു എന്ന് ഓർത്തപ്പോൾ ഒരു നേർത്ത തേങ്ങലായി അതും അവസാനിപ്പിച്ചു.അതിനെല്ലാം തെളിവായി ഡയറിയിലെ ചില താളുകൾ മാത്രം അവശേഷിപ്പിച്ചു ഒരിക്കലും മറക്കാൻ ആവാത്ത മുഖവുമായി മുന്നോട്ട് പോകാൻ തന്നെ ആയിരുന്നു തീരുമാനം.ആരും അറിയാതെ മനസ്സിൽ തന്നെ ഇട്ടു മൂടിയ ഒരു പ്രണയം.പിന്നീട് അച്ഛന്റെ മരണവും കടങ്ങളും അതുകൊണ്ട് മുടങ്ങിയ പഠിത്തവും അനിയനെ ഒരു നല്ല നിലയിൽ എത്തിക്കാൻ ഉള്ള പരിശ്രമവും ആയിരുന്നു.ആർമിയിൽ അവന് സെലക്ഷൻ കിട്ടിയപ്പോൾ പിന്നെ അവന്റെ നിർബന്ധം ആയിരുന്നു മുടങ്ങിയ പഠിത്തം മുഴുവൻ ആക്കണം എന്നത് .

കല്യാണാലോചനകൾ വന്നപ്പോൾ മനപ്പൂർവം എല്ലാം ഒഴിവാക്കി.ഒരു ജോലി അതാണ് ഇപ്പൊൾ അത്യാവശ്യം എന്ന് അമ്മയോട് പറഞ്ഞപ്പോൾ മൗനസമ്മതം നൽകി.ഇനി എന്റെ സമ്മതം കിട്ടിയതിനു ശേഷം മാത്രമേ കല്യാണത്തെ കുറിച്ച് ചിന്തിക്കുകയുള്ളു എന്നും വാക്ക് തന്നു.

ഇൗ പ്രാരാബ്ധങ്ങൾക്കിടയിൽ അടഞ്ഞു പോയ അധ്യായം ആയിരുന്നു സേവ്യർ കാരയ്ക്കൽ.

തിരികെ വന്നിരിക്കുന്നു.നീണ്ട പത്തു വർഷങ്ങൾക്കു ശേഷം

❤❤❤❤❤❤❤❤❤❤❤❤❤

” കോളേജ് സ്റ്റോപ് ഒക്കെ ഇറങ്ങിക്കേ…”

കണ്ടക്ടറുടെ ശബ്ദമാണ് ഓർമകളുടെ തീരത്ത് തനിച്ചിരുന്ന അവളെ സ്വബോധത്തിൽ എത്തിച്ചത്

പെട്ടന്ന് ബാഗ് എടുത്ത് അവളിറങ്ങി നടന്നു.മിഴിക്കോണിൽ ഉരുണ്ടുകൂടി പെയ്യാൻ വെമ്പി നിന്ന കണ്ണുനീർ തുള്ളിയെ ആരും കാണാതെ തൂവാലയിൽ ഒപ്പിയെടുത്തു നീഹാരിക തിരക്കേറിയ കാമ്പസിലേക്ക് കാലെടുത്ത് വച്ചു.ക്ലാസിൽ എത്തി ബെഞ്ചിൽ തല ചെരിച്ച് കിടന്നപ്പോൾ നെഞ്ച് എന്തിനോ വേണ്ടി തുടിയ്ക്കുകയായിരുന്നു.

ആരോടും പറയാതെ പോയ പ്രണയത്തിന് ഇത്രമേൽ നോവ് പടർത്താൻ കഴിയുമെന്നത് അവളിൽ അത്ഭുതം ആയിരുന്നു.ക്ലാസിൽ പ്രിൻസിപ്പൽ സർ വന്നപ്പോൾ ആണ് അവൾ‌ എഴുന്നേറ്റത്.

” ഗുഡ് മോണിംഗ് സർ..”

” ഗുഡ് മോണിംഗ് മൈ ഡിയർ സ്റ്റുഡന്റ്സ്..

ഞാൻ നിങ്ങളുടെ പുതിയ മലയാളം മാഷേ പരിചയപ്പെടുത്താൻ വേണ്ടി വന്നതാണ്.നല്ല ഭാഷ പ്രാവീണ്യം ഉള്ള ആളാണ്.. ഓകെ ഇനി ബാക്കി ഒക്കെ സർ തന്നെ പറയും..”

അയാളോട് ചിരിച്ചുകൊണ്ട് പ്രിൻസിപ്പൽ തിരികെ നടന്നു.

” ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം, ഓർമിക്കണം എന്ന വാക്കു മാത്രം, എന്നെങ്കിലും വീണ്ടും എവിടെവച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്ക് മാത്രം..”

ആ വരികൾ കേട്ടപ്പോൾ നിഹാരിക ഓർത്തത് സേവിച്ചനെ പറ്റി ആയിരുന്നു.മാഷ് പറഞ്ഞതൊന്നും പിന്നെ അവൾക്ക് കേൾക്കാൻ കഴിഞ്ഞില്ല..

” നീഹാരിക….”

ദേഷ്യം കലർന്ന ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങിയപ്പോൾ ആണ് താൻ ക്ലാസിൽ ആണെന്ന ചിന്ത അവളിൽ ഉടലെടുത്തത്.

” നീഹാരിക.. ഗെറ്റ് അപ്പ്..താൻ എന്ത് ആലോചിച്ച് ഇരിക്കുവ..കാലം കുറെ ആയല്ലോ ല്ലെ കോളേജ് കയറി ഇറങ്ങാൻ തുടങ്ങിയിട്ട്‌..ഇത്തവണ പാസ്സ് ആവണം എന്നൊന്നും ഇല്ലേ.സ്വപ്നം കാണാൻ ഇവിടെ ഇരിക്കണം എന്നില്ല..യു കാൻ ഗോ ഔട്ട്‌

പുറത്തേക്കുള്ള വാതിൽ ചൂണ്ടി അയാളത് പറഞ്ഞപ്പോൾ കുനിഞ്ഞ മുഖവുമായി അവൾക്ക് പുറത്തേക്ക് നടക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

സുമുഖനായ ആ സാറിന്റെ ആക്രോശം അവളിൽ ഒത്തിരി വേദനയുളവാക്കി

ഇന്ന് ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം .

നീഹാരിക ലൈബ്രറിയിൽ ചെന്നിരുന്നു.നേരം സന്ധ്യ ആയി തുടങ്ങിയപ്പോൾ ആണ് അവൾക്ക് പോകാൻ തോന്നിയത്.അല്ലെങ്കിലും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എന്തോ ഒരു സ്വസ്ഥത ആണ്.

സമയം ആറ് മണി ആയതെ ഉള്ളുവെങ്കിലും ആകാശം ഇരുണ്ട് തുടങ്ങി .വീട്ടിൽ എത്താൻ ഇത്ര വൈകിപോയതിൽ വിഷമം തോന്നി.പിന്നാലെ ആരുടെയോ കാലൊച്ച കേട്ടപ്പോൾ ഭയം അവളെ മൂടി .തിരിഞ്ഞ് നോക്കിയപ്പോൾ ആരോ പിന്നിൽ ഉണ്ടുതാനും.

നീഹാരിക നടത്തത്തിന്റെ വേഗത കൂട്ടി.പെട്ടന്നാണ് അവളുടെ കൈകളിൽ പിടിത്തം വീണത് . മുഖമടച്ച് കൊടുക്കാൻ കൈകൾ ഉയർന്നപ്പോൾ അത് കോളജിൽ വന്ന പുതിയ സാർ ആണെന്ന് അവൾക് തിരിച്ചറിഞ്ഞത്

” സർ… സാറെന്താ ഇവിടെ..”

” ഓഹോ..അപ്പോ നിഹാരികയ്ക്ക്‌ ഇനിയും എന്നെ മനസ്സിലായില്ല എന്നുണ്ടോ?”

കണ്ണുകളിലേക്ക് നോക്കി അയാൾ ചോദിച്ചപ്പോൾ അവളിൽ ഒരു ആശ്ചര്യം നിറഞ്ഞു..

” സേ.. സേവിച്ചൻ …”

” ഓ…അപ്പോ ആ പേരൊക്കെ അറിയാം അല്ലേ..ഞാൻ കരുതി നീ മറന്നു എന്ന്..ഇന്ന് മോൾ ക്ലാസിൽ ആരെയാ സ്വപ്നം കണ്ടുകൊണ്ടിരുന്നേ..പുതിയ ആരെങ്കിലും മനസ്സിൽ കൂടിയോ..”

” എന്റെ മനസ്സിൽ എന്നും ഇന്നും…”

എന്തോ ഓർത്തത് പോലെ അവൾ പറഞ്ഞു നിർത്തി..

” എന്താ..ബാക്കി പറഞ്ഞെ..കേൾക്കട്ടെ..”

“ഒന്നുമില്ല…എന്നും ഇന്നും ആരുമില്ല എന്ന്..”

ആ പെണ്ണിന്റെ മുഖം കൈകളിൽ എടുത്ത് അവൻ തന്റെ മുഖത്തിന് നേരെ പിടിച്ചു. നീഹാരിക അവന്റെ കൈകളിൽ പിടിത്തം മുറുക്കി..

” എടീ…നീ സത്യം പറ..ഇൗ കണ്ണിൽ നോക്കി പറ ആരും ഇല്ല എന്ന് …”

അവനെ അഭിമുഖീകരിക്കാൻ അവൾക്ക് ആയില്ല .

കുനിഞ്ഞ മുഖവുമായി നിന്ന അവളെ അവൻ ചേർത്ത് പിടിച്ചു.എന്നിട്ട് പറഞ്ഞു

” എന്റെ മനസ്സിൽ എന്നും ഇന്നും ഒരാളെ ഉള്ളൂ നിഹ..അത് നീ ആണ്..നീ മാത്രം…”

നടുക്കത്തോടെ നീഹാരിക അത് കേട്ടു.വിശ്വസിക്കാൻ കഴിയാതെ അവൾ ചോദിച്ചു..

” അപ്പൊൾ അന്നു പുഴകടവില് വച്ച് ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞതോ..”

ചെറിയ കുഞ്ഞിനെ പോലെ ചിണുങ്ങുന്ന അവളെ കാൺകെ സേവിച്ചന് ചിരി വന്നു..

” പൊട്ടി പെണ്ണേ..അത് നീ തന്നെ ആയിരുന്നു.അതിനു മുഴുവൻ കേൾക്കാൻ നിന്നോ നീ.പിന്നാലെ നിന്ന് എത്ര തവണ ഞാൻ വിളിച്ചു.പിന്നെ ഒരിക്കൽ എങ്കിലും നീ മുന്നിൽ വന്നോ? ഇല്ലാല്ലോ..അത് കൊണ്ടാ ഞാൻ നിന്നോട് പിന്നൊന്നും പറയാതെ പോയത് .വന്നിട്ട് പറയാമെന്ന് വച്ചു.നിന്റെ കാര്യങ്ങൾ എല്ലാം ഞാനും അറിഞ്ഞിരുന്നു.നിന്റെ അനിയന് സെലക്ഷൻ കിട്ടാൻ വേണ്ടതൊക്കെ ഞാൻ തന്നെ ആണ് ചെയ്തത് .അവനോട് നിന്നോടൊന്നും പറയരുത് എന്ന് വിലക്കിയതും ഞാനാ..”

എല്ലാം കേട്ട് നീഹാരിക മൗനിയായി തുടർന്നു.

സേവിച്ചൻ ചോദിച്ചു..

“ഇനിയും വേണോ നിനക്ക് തെളിവുകൾ..”

പഴ്സിൽ നിന്നും അവളുടെ പഴയ ഫോട്ടോ എടുത്ത് അവൻ അവൾക് നേരെ നീട്ടി.

നീഹാരിക അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

ഇരുവരും കൂടെ വീട്ടിലേക്ക് നടന്നു.

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു. വീട്ടുകാർക്ക് അവരുടെ ബന്ധത്തിൽ എതിർപ്പോ അവഗണനയോ ഉണ്ടായിരുന്നില്ല.മകന്റെ ഇഷ്ടം തന്നെ ആയിരുന്നു കാരയ്ക്കൽ തറവാടിലെ എല്ലാവർക്കും ഇഷ്ടം.പ്രണയത്തിന്റെ വസന്തകാലം തീർത്ത് അവർ മത്സരിച്ച് സ്നേഹിച്ചു. പത്ത് കൊല്ലം നൽകാൻ കഴിയാതെ പോയ പ്രണയം ഇരുവരും ഒരു കൊല്ലം ആസ്വദിച്ചു.പഠനം കഴിഞ്ഞ് ജോലി കിട്ടിയതും അവളെ സേവിച്ചൻ സ്വന്തമാക്കി .ജാതിയുടെയും മതത്തിന്റെയും കെട്ടുകൾ പൊട്ടിച്ചു അവർ ഒന്നായി

❤❤❤❤❤❤❤❤❤

നാളുകൾക്ക് ശേഷം..

“സേവിച്ചാ…. സേവിച്ച……. പെട്ടന്ന് ഇങ്ങ് വന്നെ..”

” എന്തുവാടി കാന്താരി നീ ഇങ്ങനെ നിലവിളിക്കുന്നേ..എന്താ കാര്യം?”

അവൾ സേവിച്ചനോട് പറഞ്ഞു.

” അതോ..പിന്നെ ആ മുഖപുസ്തകം ഒന്ന് എടുത്തിട്ട് ഞാൻ ഒരു ചെറുകഥ അക്ഷരമഞ്ജരി വാർഷിക ചെറുകഥ മത്സരത്തിന് എഴുതി ഇട്ടിട്ടുണ്ട്.ഒന്ന് ലൈക് അടിച്ചെ..”

” ഓഹോ..ആരുടെ കഥ ആണെടി..നമ്മുടെ ആണോ.” അവൻ ചോദിച്ചു

” പിന്നല്ലാതെ..” നിഹാരിക പറഞ്ഞു

” ലൈക് അടിച്ചുട്ടോ ”

സേവിച്ചൻ അവളുടെ അധരങ്ങൾ കവർന്നെടുത്തു അവരുടെ പ്രണയലോകത്തേക്ക്‌ ചേക്കേറി..ഇനി അവരായി അവരുടെ പാടായി ..

ലൈക്ക് കമന്റ്‌ ചെയ്യണേ

അവസാനിച്ചു

രചന : Athira S