ചേട്ടാ, ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. ചേട്ടൻ ഒന്ന് സഹായിക്കാമോ. രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്തു തരാമോ

രചന : അമ്മു സന്തോഷ്

“വരാൻ ഉള്ളത് പിന്നെ….”

“അപ്പോൾ നിന്റെ മനസ്സിലാരാണ്ടുണ്ട്. സത്യം പറയടാ ആരാ? ” അമ്മയാണ്

കല്യാണം ഇപ്പോൾ വേണ്ട എന്ന് പറഞ്ഞതിനാ തെറ്റിദ്ധരിക്കണ്ട.

“എടാ നീ ഞങ്ങളെ നാണം കെടുത്തുമോ? ജ്യോത്സൻ നിന്റെ ജാതകം നോക്കി പറഞ്ഞതാ നീ ഒളിച്ചോടിയെ കല്യാണം കഴിക്കുള്ളു ന്ന് ” “നിനക്ക് പ്രേമം ഉണ്ടെങ്കിൽ പറയെടാ പേടിക്കണ്ട “അച്ഛൻ.

പ്രേമം പോലും പ്രേമം ! എന്നെ തേച്ചിട്ടു പോയ പെണ്ണുങ്ങളുടെ ലിസ്റ്റ് എടുത്താൽ ഗിന്നസ്‌ റെക്കോർഡ് എനിക്ക് കിട്ടും

“അച്ഛൻ ചോദിച്ചതിന് മറുപടി പറയ് “അമ്മ

ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച പോലും എനിക്കിത്രേം അത്ഭുതം ഉണ്ടാകില്ല. അമ്മയ്ക്കും അച്ഛനും ഒരു അഭിപ്രായം. ശ്ശോ എന്നെ സമ്മതിക്കണം.

“എന്റെ അച്ഛാ.. ഒറ്റയ്ക്ക് ഒളിച്ചോടിട്ടെന്നാ കിട്ടാനാ?കൂടെ ആരേലും വരാൻ വേണ്ടേ? എനിക്ക് പ്രേമം ഇല്ല ”

ആരോടു പറയാൻ ആരു കേൾക്കാൻ.

പിടിച്ച പിടിയാലേ പെണ്ണ് കാണാൻ കൊണ്ട് പോയി.

പെണ്ണ് വന്നു, ഈശ്വര.. നല്ല ഫ്രൂട്ട് സാലഡ് പോലുള്ള പെണ്ണ്.

ഞാൻ ചിരിയോടെ എന്റെ അച്ഛനെ നോക്കി. അച്ഛൻ എന്നെ നോക്കിയപ്പോൾ ഞാൻ തലയാട്ടി.

ഒറ്റയ്ക്ക് സംസാരിക്കാൻ വല്ലോമുണ്ടെങ്കിൽ എന്നാ സ്ഥിരം ഡയലോഗ് വന്നതും ചാടി എഴുനേറ്റു ഞാൻ പെണ്ണിന്റെ പുറകെ.

വിയർക്കുന്നുണ്ട് എന്ത് ചോദിക്കും. പേര് ചോദിച്ചാലോ?

“ചേട്ടാ “ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി അനിയത്തി ഭൂതം ഇവിടെ വന്നോ?

“ചേട്ടാ ”

അനിയത്തിയല്ല നമ്മുടെ ഫ്രൂട്സാലഡ്

“എന്തോ “ജീവിതത്തിൽ ഇന്ന് വരെ. ഇത്രയും വിനീത വിധേയനായി ഞാൻ ഇങ്ങനെ വിളി കേട്ടിട്ടില്ല.

“ചേട്ടനെ എനിക്ക് ഇഷ്ടം ആയി “അവൾ ചിരിച്ചാൽ…. മുത്തു പൊഴിയും എന്ന് പാടാൻ തോന്നിപ്പോയി…

“ഈശ്വര !.. എന്ത് നല്ല കൊച്ച്‌ .. എനിക്ക് രണ്ട് വട്ടം ഇഷ്ടം ആയിന്ന് പറഞ്ഞാലോ?

“ചേട്ടനെ കണ്ടാലേ അറിയാം നല്ല ആളാണ് “അവൾ നിലാവ് വഴിയുന്ന ചിരിയോടെ പറയുന്നു എത്ര പെട്ടെന്ന് എന്നെയങ്ങു മനസിലാക്കിക്കളഞ്ഞേന്റെ പൊന്നെ !

“ഒന്ന് പോ അവിടുന്ന് “എന്നെ ഇങ്ങനെ ആരും ഇത് വരെ പുകഴ്ത്തിട്ടില്ല, ഞാൻ ഉള്ളിൽ പറഞ്ഞു.

അപ്പോൾ അവൾ വീണ്ടും

“ചേട്ടാ ഞാൻ കൂടെ പഠിക്കുന്ന ബിജുവുമായി ഇഷ്ടത്തിലാ. ചേട്ടൻ എന്നെ ഇഷ്ടം അല്ല എന്ന് പറയുമോ പ്ലീസ് ”

ആറ്റം ബോംബ് വീണ നാഗസാക്കി കണ്ടിട്ടുണ്ടോ? ഹിരോഷിമ കണ്ടിട്ടുണ്ടോ?

എന്റെ നെഞ്ചത്തോട്ടു നോക്ക്.

പെണ്ണുങ്ങളെനിക് വാഴുകേല. ഇതെന്റെ ജാതകത്തിലുള്ളതാ. അതാ ജ്യോൽസ്യൻ ക്ണാപ്പൻ പറഞ്ഞില്ലേ അച്ഛാ…ഞാൻ പല്ലിറുമ്മി

എന്റെ കന്നി പെണ്ണുകാണൽ ഗോവിന്ദ ! ഞാൻ ദീർഘ ശ്വാസം വിട്ടു.

അവളെ ഇഷ്ടം ആയില്ലെന്നു ഞാൻ അച്ഛനോട് പറഞ്ഞു. മീൻതല കണ്ട പൂച്ചയുടെ പോലെയുള്ള എന്റെ ആക്രാന്തം നേരിട്ട് കണ്ട അച്ഛൻ എന്നെ സംശയം നിറഞ്ഞ കണ്ണുകളോടെ നോക്കി. ഇഷ്ടം ആയില്ല. പെണ്ണിന് തടി കൂടുതലാ എനിക്ക് മെലിഞ്ഞ പെണ്ണ് മതി. ചുമ്മാ തട്ടിവിട്ടു. ആരേലും മതി എന്ന് പറയാനൊക്കുമോ?

രണ്ടു ആഴ്ച കഴിഞ്ഞു ഒരു ഫോൺ കാൾ. നമ്മുടെ ഫ്രൂട്സാലഡ്

“ചേട്ടാ ” അവളുടെ ഒലക്ക മേലെ ചേട്ടൻ !

പോടീ ****** മനസ്സിൽ പറഞ്ഞു ഞാൻ

“ചേട്ടാ “വീണ്ടും വിളി.. എനിക്ക് വയ്യ ഞാൻ വിളി കേൾക്കും

ഞാൻ ഒരു ലോലഹൃദയനാണ്

“എന്തോ ‘”

“ഒരു ഹെൽപ് ചെയ്യാമോ? ” എന്താ ശബ്ദം !

“പറഞ്ഞോ മോളെ “വാക്കുകളിൽ ഗ്ളൂക്കോസ് കലക്കി ഞാൻ

“ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. ചേട്ടൻ ഒന്ന് സഹായിക്കാമോ.? രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്തു തരാമോ? “പിന്നെ എന്റെ ഒപ്പം ഒന്ന് റെയിൽവേ സ്റ്റേഷനിൽ വരാമോ? ആങ്ങള ആണെന്ന് പറഞ്ഞാൽ മതി. രാത്രിയിൽ അല്ലേ പോലീസ് കണ്ടാലോ അതാ ” ഒറ്റ ശ്വാസത്തിൽ പെണ്ണ് പറഞ്ഞു തീർത്തപ്പോൾ എന്റെ ശ്വാസം വിലങ്ങി.

എനിക്ക് ഇതിലും വലുത് വന്നില്ലെങ്കിൽ മാത്രം അതിശയിച്ചാൽ മതി. പെണ്ണ് കാണാൻ പോയ പെണ്ണിനെ ഒളിച്ചോടാൻ സഹായിക്കുന്ന ആദ്യ വീര പുരുഷന്റെ പേര് ആയി എന്റെ പേരും ചരിത്രത്തിൽ ഇടം പിടിക്കട്ടെ.ഞാൻ ഒരു ചരിത്രം ആകാതിരുന്നാൽ മതിയാർന്നു.

ഞാൻ എന്ത് പറയണം എന്നാലോചിച്ചു ഞാൻ ചെന്നില്ലെങ്കിൽ വേറെ ആരേം വിളിക്കും. എന്റെ വിധി ഇതായിരിക്കും പോകാം. വേറെ ആർക്കും ശത്രുക്കൾക്കു പോലും… ദൈവമേ… എന്റെ തലയിലെഴുതിയതു ദൈവം ഭാര്യയോട് പിണങ്ങിയിരുന്ന നേരത്താണെന്നു എനിക്കുറപ്പായി

റെയിൽവേ സ്റ്റേഷൻ

മണിക്കൂർ രണ്ടു കഴിഞ്ഞു. ലവൻ വന്നില്ല.

പെൺകൊച്ചു കരയാൻ തുടങ്ങി

ചുറ്റും നിന്നവർ ശ്രദ്ധിക്കുന്നുണ്ട്. കാമുകന്റെ ഫോൺ ഓഫ്‌.

“കൊച്ചേ അവൻ വരുമോ? ” ഞാൻ ഗതികെട്ട് ചോദിച്ചു

അവൾ ഉറക്കെ കരയുന്നു.

പിന്നെ എനിക്കോർമ്മ വരുമ്പോൾ ഞാൻ പോലീസ് സ്റ്റേഷനിൽ ആണ് സൂർത്തുക്കളെ. പോലീസ് സ്റ്റേഷനിൽ ആണ്

ഒളിച്ചോട്ടത്തിനു ചോദ്യം ചെയ്യുകയാണ്

എന്റെ അച്ഛനും അവളുടെ അച്ഛനും വന്നു

അവളുടെ മുഖത്തെ സങ്കടവും അപേക്ഷയും കണ്ടപ്പോൾ എനിക്കൊന്നും പറയാനും തോന്നിയില്ല. പാവം

വീട്ടിൽ ചെന്നപ്പോൾ അമ്മ വിത്ത്‌ ചൂൽ

“എന്തിനാടാ മഹാപാപി ഞങ്ങളെ നാണം കെടുത്താനായിട്ട്… അന്തസ്സായി കല്യാണം കഴിപ്പിച്ചു തരില്ലെടാ ഞങ്ങൾ…? ദൈവമേ ഈ ജ്യോത്സ്യം എത്ര ശരിയാ… “.

ചൂൽ രണ്ടു വട്ടം നടുവിന് വീണെന്നാണ് എന്റെ ഒരിത്. എന്റെ അമ്മയ്ക്ക് നാണമൊന്നുമില്ല. ഞാൻ ഇനി എത്ര വയസ്സായാലും അമ്മ ഈ ചൂലടി നിർത്തുമെന്നും തോന്നുന്നില്ല.

അമ്മയും അച്ഛനും സംയുക്തമായി ആക്രമണം അഴിച്ചു വിട്ടപ്പോളും ഞാൻ മിണ്ടിയില്ല. എന്ത് മിണ്ടാൻ !

ഇന്ന് എന്റെ കല്യാണം ആണ്. ഫ്രൂട്സാലഡ് തന്നെ. അവളുടെ പ്രേമം ഒരു കുട്ടിക്കളി ആയി കണ്ടു ഞാൻ ക്ഷമിച്ചു. കാരണം തേപ്പ് ഒരു പാട് കിട്ടിയവനാ ഞാൻ. കുറച്ചു കൊടുത്തിട്ടുമുണ്ട്

“ഏത്? ”

ഒരിക്കലെങ്കിലും തേപ്പ് എന്താണ് എന്ന് എല്ലാറുമറിയുന്നതു നല്ലതാ. അതിന്റെ സെന്സിബിലിറ്റി സെന്സിറ്റിവിറ്റി ഒക്കെ അറിയുന്നത് നല്ലതാ. അപ്പോൾ കിട്ടുന്ന ജീവിതത്തിനു ഒരു വിലയുണ്ടാകും. മുറുകെ പിടിച്ചോളും. എന്ന് വെച്ചു പാവം ഞാൻ അവളെ ഇത് പറഞ്ഞു പീഡിപ്പിക്കുകയൊന്നുമില്ല കേട്ടോ

ഞാനും പുണ്യവാളൻ ഒന്നുമല്ലല്ലോ .

അവളെ തേച്ചവനെ കണ്ടിരുന്നെങ്കിൽ ഞാൻ അഞ്ചു പവന്റെ മാല വാങ്ങിച്ചു കൊടുത്തേനെ.

(ചുമ്മാ )അവനെങ്ങാനും അന്ന് വന്നിരുന്നെങ്കിൽ…. ഹോ..,

എന്നാലും ആ ജ്യോത്സനെ സമ്മതിക്കണം.,,

ഇയാൾ ഇതൊക്കെ എങ്ങനെ അറിയുന്നു?

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അമ്മു സന്തോഷ്

Scroll to Top