ആരാ നിന്നോട് എൻ്റെ റൂമിൽ കേറാൻ പറഞ്ഞത്, പോയേ, പോ. മഹിയുടെ മുഖം കറുപ്പിച്ചുള്ള വർത്തമാനം കേട്ട് ഞാൻ

രചന : ജ്യോതിശ്രീ. പി

കടലോളം

❤❤❤❤❤❤❤❤❤❤❤❤

ഇവിടെ എവിട്യോ ആയേർന്നു ആ ബുക്ക്..

ശ്ശൊ.. കാണാനേ ഇല്ലാ..

നെറയേ കവിതകൾ ഉള്ള വല്യേ ബുക്ക്..

“ആരാ നിന്നോട് എൻ്റെ റൂമിൽ കേറാൻ പറഞ്ഞത് .. പോയേ… പോ..” മഹിയുടെ മുഖം കറുപ്പിച്ചുള്ള വർത്തമാനം കേട്ട് ഞാൻ വേഗം പുറത്തേക്കിറങ്ങി..

“അത്.. ഏട്ടാ.. ഞാനൊരു പുസ്തകം എടുക്കാൻ.. ഞാൻ പേടിച്ച് പേടിച്ച് പറഞ്ഞൊപ്പിച്ചു..

എന്നിട്ട് പടിക്കെട്ടുകൾ വേഗത്തിൽ ഇറങ്ങി അടുക്കളേൽ എത്തി.

“അമ്മേ… ഈ ഏട്ടന് ഇത് എന്തിന്റെ കേടാ..

എന്നോട് ഒരു സ്നേഹോല്യ. എപ്പഴും മൊഖം ദാ ഇത്രണ്ടാവും..ബും ന്ന്..”

എനിക്ക് വല്ലാതെ വിഷമം ആയീ.

“ഇല്ലെടീ മഹിയ്ക്ക് നിന്നോട് ഒരുപാട് സ്നേഹോം വാൽസല്യൊക്കേണ്ട്.” ദോശ പ്ലേറ്റിലാക്കുന്നതിനിടയിൽ അമ്മ പറഞ്ഞു.

“ഓ.. ഈ ചൂടാവ്ണതാണോ സ്നേഹം? എനിക്ക് കേൾക്കണ്ട..വലുതായേന് ശേഷം എന്നോട് ഒന്ന് ചിരിക്കാൻ കൂടി വന്നിട്ടില്ല ഏട്ടൻ..

പണ്ടൊക്കെ എന്നെ വല്യ ഇഷ്ടായിരുന്നുന്നല്ലേ എല്ലാരും പറേണേ..

ഇപ്പൊ അതൊക്കെ എവിടെ പോയോ ആവോ.. ന്തായാലും ഞാൻ പോവ..

എനിക്ക് ദോശ മതി..”

ഞാൻ വേഗം എണീറ്റു.

“ശ്ശോ.. ബസ്സ് ഇനീം വന്നില്ലല്ലോ ആര്യേ…ക്ലാസില് വൈകും…”എനിക്ക് ടെൻഷൻ ആയി..

“അല്ല..നിന്റെ ഏട്ടനില്ലേ അവിടെ.. സ്വന്തം കൂടപ്പിറപ്പല്ലെങ്കിലും വല്യച്ഛൻ്റെ മോനല്ലേ..

അച്ഛൻ ഇല്ലാത്ത നിന്നെ ഏട്ടനല്ലേ നോക്ക്ണേ..

പക്ഷേ ഒരു മൊരടൻ സ്വഭാവമാ ആള്ടെ.”

അവൾ പറഞ്ഞു.

“അതൊക്കെ ശര്യാ.. എന്നോട് ഒരു സ്നേഹോം കാണിക്ക്ണില്ല. മിണ്ടാനേ വര്ണില്ല..

എപ്പഴും ജോലി..ജോലി..

വന്നാൽ എഴുത്ത്, കഥ..

ന്തായാലും എൻ്റെ ഏട്ടനെ എനിക്ക് ഇഷ്ടാണ്..

സ്നേഹം കാട്ടീലേലും വേണ്ടില്ലാ..

ഞാൻ ദൂരേയ്ക്ക് നോക്കി നിന്നു..

എന്തോ ഒരു സങ്കടം ഉള്ളിൽ വന്ന് നിറഞ്ഞു.

“ഉം…” ആര്യ നെടുവീർപ്പിട്ടു.

ക്ലാസിൽ കേറിയപ്പോഴാണ് മായയുടെ ചോദ്യം വന്നത്

“അല്ല നീ ഇന്നും സ്കോളർഷിപ്പ് എക്സാം ഫീസടച്ചില്ലല്ലോ ?

ഞാൻ ഒന്ന് മൂളി.

“ഇല്ലടോ.. ഞാൻ ഏട്ടനോട് ചോയ്ച്ചില്ല..

അത്രേം കൂടുതൽ ക്യാഷൊന്നും ഏട്ടൻ തരില്ല..

ഓടിക്കും. എനിക്ക് സ്കോളർഷിപ്പൊന്നും വേണ്ട

അപ്പോഴേക്കും വർഗീസ് സാർ കയറി വന്നു..

“അല്ല എക്സാമിന് ഫീസടച്ച എല്ലാവരും പ്രിപ്പറേഷൻസ് തുടങ്ങീലേ.. ഗുഡ്..”.

ഞാൻ തലകുനിച്ചു സാറിനടുത്തേക്ക് ചെന്നു.

“സർ.. ഫീസടയ്ക്കാൻ പറ്റില്ല.. ഏട്ടന് ഈ മാസം വർക്ക് ഉണ്ടായിരുന്നില്ല..

എനിക്ക് എക്സാം എഴുതണ്ട..

വിറയലോടെ ഞാനതു പറയുമ്പോൾ സർ അത്ഭുതത്തോടെ എന്നെ നോക്കുകയായിരുന്നു.

” കാവ്യയുടെ ഫീസ് അടച്ചല്ലോ.. തൻ്റെ സഹോദരൻ മഹേഷ് തന്നെ ഇവിടെ വന്ന് മുഴുവൻ ഫീസും അടച്ചല്ലോ..

താൻ അറിഞ്ഞില്ലേ!!

സാർ ഒരു ചിരി ചിരിച്ചു.

“എന്തൊരു സ്നേഹമാണെടോ ആ ഏട്ടന് തൻ്റെ അനിയത്തിയോട്.. എന്നെ എല്ലാ ആഴ്ചയും വിളിച്ചു കാര്യങ്ങൾ അന്വേഷിക്കും.”

അത് കേട്ടപ്പോൾ എൻ്റെ ഹൃദയം നിറഞ്ഞു.. കണ്ണുകളിൽ നിന്നും സ്നേഹം കണ്ണീരായി ഒഴുകി.

വേഗം വീട്ടിലേത്താനായിരുന്നു എനിക്ക് തിരക്ക്.

എത്തിയപാടേ ഏട്ടൻ്റെ മുറിയിലേക്ക് ഓടിക്കയറി പുസ്തകം വായിച്ചിരുന്ന ഏട്ടനെ പിറകിലൂടെ ചെന്ന് ചേർത്ത് പിടിച്ചു..

“ഏട്ടാ ” എന്ന് മെല്ലെ വിളിച്ചു.

ഏട്ടൻ തിരിഞ്ഞിരുന്ന് എൻ്റെ കണ്ണുകളിലേക്ക് നോക്കി..

“ഏട്ടനാണല്ലേ ൻ്റെ ഫീസടച്ചത്? സാറ് പറഞ്ഞൂലോ..”

എൻ്റെ സംസാരം കേട്ട് ഏട്ടൻ ചിരിച്ചു കൊണ്ട് എന്നെ ചേർത്ത് നിർത്തി..

എൻ്റെ കവിളത്ത് ഒരിറ്റു കണ്ണുനീർതുള്ളി വീണത് ഞാനറിഞ്ഞു.

ഏട്ടൻ ചോദിച്ചു..

“ൻ്റെ കുട്ടിയ്ക്ക് ഏട്ടനെ എത്രത്തോളം ഇഷ്ടാണ്?”

ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു.

“കടലോളം….”

പിന്നീട് ഉയർന്ന മാർക്കോടെ സ്കോളർഷിപ്പ് നേടിയപ്പോഴും ഏട്ടൻ നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞത് ഇതായിരുന്നു..

“ൻ്റെ മുത്തിനോട് കടലോളം സ്നേഹാണ് ഈ ഏട്ടന്…”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ജ്യോതിശ്രീ. പി