ഗർഭിണിയാണെന്നു പോലും പരിഗണിക്കാതെ അവന്റെ കൂട്ടുകാർക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുവാ

രചന : Jyothi C S

കനൽക്കാറ്റ്

❤❤❤❤❤❤❤❤❤

ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയിലേക്ക് നോക്കിനിൽക്കെ സംഗീതയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. പകൽ ഉരുകിത്തീരുന്നതും രാവണയുന്നതുമൊന്നും തിരിച്ചറിയാനാവാത്ത വിധം പ്രകൃതി ഇരുണ്ടിരിക്കുന്നു. തന്റെ ഭാവി പോലെ. ഭാവി….. അവൾക്ക് ആ വാക്കിനോട്‌ അത്യധികം അമർഷം തോന്നി.

ഓർമ്മ വച്ച കാലം മുതൽ അങ്ങനെയൊന്ന് തന്റെ ജീവിതത്തിൽ ഇല്ലായിരുന്നു….

നല്ല ഭാവി എന്നൊക്കെയുള്ള ചിന്തകൾ പോലും മനസ്സിൽ വന്നിട്ടില്ല.

കുട്ടിക്കാലം മുതൽ കണ്ടു വളർന്നത് ദാരിദ്രവും കഷ്ടപാടുകളുമാണ്‌. അതിനിടയിൽ അന്നന്നത്തെ ദിവസം കഴിച്ചു കൂട്ടുക എന്നല്ലാതെ നാളെയെക്കുറിച്ച് ചിന്തിട്ടില്ല. ചിന്തിച്ചിട്ടും കാര്യമില്ല.. അടുത്തുള്ള ചെറിയൊരു ആശുപത്രിയിൽ തൂപ്പ് ജോലിയായിരുന്നു, അമ്മയ്ക്ക്. അച്ഛന് കൂലിപ്പണിയും.

അച്ഛൻ നല്ല അധ്വാനി ആണ്. അതുകൊണ്ട് തന്നെ ജോലിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

ദിവസവും ജോലി ചെയ്തു കിട്ടുന്ന കൂലി കൊണ്ട് അന്ന് തന്നെ ഷാപ്പിൽ കയറി ബോധം മറയുവോളം കുടിച്ച് നാലു കാലിൽ കയറി വരുന്ന അച്ഛന് വീട് നോക്കാനുള്ള സമയമോ സൗകര്യമോ ഉണ്ടായിരുന്നില്ല.

ഉമ്മറത്ത് മണ്ണെണ്ണ വിളക്കിന്റെ മുനിഞ്ഞ വെട്ടത്തിലിരുന്ന് പഠിക്കുന്ന ചേച്ചിയും അനിയത്തിയുമാവും അച്ഛന്റെ ആദ്യത്തെ ഇരകൾ.

ഒരിക്കൽ അമ്മയെ വിളിച്ചിട്ട് അമ്മ കേട്ടില്ല എന്ന് കാരണത്തിന്, പാഠപുസ്തകം വലിച്ചുകീറി ചെകിടടിച്ചു പൊട്ടിച്ചപ്പോൾ, കാത് കീറി അതിലുണ്ടായിരുന്ന പൊട്ടു കമ്മൽ ഒടിഞ്ഞു പോയി. ആ നാലാം ക്ലാസുകാരിക്ക് ആകെ ഉണ്ടായിരുന്ന പൊന്നായിരുന്നു അത്. സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ കൂട്ടുകാർക്കൊക്കെ കമ്മൽ കണ്ട്, അമ്മയോട് വാശിപിടിച്ച്, വഴക്കുണ്ടാക്കി വാങ്ങിച്ചെടുത്തത്. സ്വന്തം ശരീരത്തുണ്ടായിരുന്ന തരി പൊന്നായിരുന്ന താലി വിറ്റായിരുന്നു ആ പാവം അവൾക്കാ കമ്മൽ വാങ്ങി കൊടുത്തത്.

അതോടെ സ്വർണ്ണക്കമ്മലിനോടുള്ള അവളുടെ മോഹം അവസാനിച്ചു.

മദ്യപിക്കാൻ സ്വന്തം പണം തികയാതെ വരുമ്പോഴൊക്കെ അച്ഛൻ അരി കലത്തിൽ കൈയിട്ട് വാരും, അതിലുള്ള അമ്മയുടെ ഇത്തിരി സമ്പാദ്യത്തിൽ . അവിടെ നിന്നും മിച്ചം പിടിക്കുന്നത് കൊണ്ടായിരുന്നു ഞങ്ങൾ മൂന്ന് ജന്മങ്ങളുടെ ജീവൻ നിലനിർത്തിപ്പോന്നത്.

അനുഭവങ്ങൾ പലപ്പോഴായപ്പോൾ വൈകിട്ടുള്ള ഉമ്മറത്തെ പഠനം അവസാനിച്ചു. അച്ഛന്റെ നിഴൽ വെട്ടം കാണുമ്പോൾ പുസ്തകങ്ങൾ അടച്ചുവെച്ച് എഴുന്നേൽക്കും. മറ്റെവിടെയെങ്കിലും പോയിരുന്ന് ഒരു വിളക്കു കൊളുത്തി പഠിക്കാനുള്ള വക ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെ, അച്ഛന്റെ പൂരപ്പാട്ടിനും അമ്മയുടെ പുറത്ത് തീർക്കുന്ന പഞ്ചാരിമേളത്തിനും ഇടയിൽ എവിടെ പഠിക്കാൻ…..?

അതുകൊണ്ട് തന്നെ പഠനത്തിൽ ഒരിക്കലും മുന്നേറാൻ കഴിഞ്ഞില്ല. ദൈവം അതിനുള്ള കഴിവ് തന്നതും ഇല്ല.

ആകെ കൃത്യമായി ചെയ്ത് പോന്നത് തന്നെക്കാൾ രണ്ടു വയസ്സിനിളയ അനിയത്തി ആവണിയെ അച്ഛന്റെ തല്ലു കൊള്ളാതെ സംരക്ഷിക്കുക എന്നതായിരുന്നു.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി അമ്മ അച്ഛനോടൊന്ന് പ്രതികരിച്ചത് കണ്ടത്.

അത്രയും നാൾ ഇല്ലാതിരുന്ന അമ്മയുടെ ധൈര്യത്തിന് പിന്നിൽ അയല്പക്കത്ത് പുതിയതായി താമസത്തിന് വന്ന ചെറുപ്പക്കാരൻ ആണെന്ന് ആദ്യമൊന്നും മനസ്സിലായില്ല. പക്ഷേ മൂന്ന് മാസങ്ങൾക്ക് അപ്പുറം ഒരു ദിവസം വൈകുന്നേരം സ്കൂളിൽ നിന്നും തിരികെ വന്നപ്പോൾ വീട്ടിൽ അമ്മ എത്തിയിട്ടില്ല.

ഇരുളും വരെ നോക്കിയെങ്കിലും അമ്മ വന്നില്ല.

അന്നത്തെ ദിവസം സൂര്യനസ്തമിച്ച് പുലർന്നപ്പോൾ മനസ്സിലായി, അമ്മ ഇനി ഒരിക്കലും വരില്ല എന്ന്.

അതോടെ ജീവിതത്തിൽ ആകെയുണ്ടായിരുന്ന ഇത്തിരിവെട്ടം അണഞ്ഞു.

അമ്മ പോയതോടുകൂടി അച്ഛന്റെ കൈക്കരുത്ത് തീർക്കാനുള്ള ഉപകരണങ്ങൾ മാത്രമായി താനും അനിയത്തിയും മാറി. പിന്നെ ജീവിക്കാനായി,

പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്‌ അടുത്തുള്ള പാറമടയിൽ ജോലിക്കു പോയിത്തുടങ്ങി.

അഞ്ചു വർഷങ്ങൾ…..അന്നത്തെ എട്ടാം ക്ലാസുകാരിയെ കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ ചിറകിനടിയിൽ സംരക്ഷിച്ചു. പഠിപ്പിച്ചു. ഒപ്പം പാറമടയിൽ ജോലിചെയ്യുന്ന മുരുകനെന്ന തമിഴ്നാട്ടുകാരൻ പലപ്പോഴായി ഇഷ്ടം പറഞ്ഞതാണ്. ഒന്നിനും ചെവി കൊടുത്തില്ല.

അതിനുള്ള സമയവും സാഹചര്യവും തനിക്കില്ല.

മക്കൾ മുതിർന്നപ്പോൾ അച്ഛന്റെ ഉപദ്രവം കുറഞ്ഞു. മദ്യപാനം നിർത്തിയില്ലെങ്കിലും വീട്ടിലേക്ക് വരുന്നത് കുറവായതുകൊണ്ട് മിക്ക ദിവസങ്ങളിലും തല്ലുകൊള്ളാതെ രക്ഷപ്പെട്ടു.

പക്ഷേ, പെട്ടെന്നൊരുനാൾ അച്ഛൻ ഈ ഭൂമിയിൽ നിന്ന് തന്നെ വിട പറഞ്ഞപ്പോൾ ഞങ്ങൾ പൂർണ്ണമായും തനിച്ചായി. നാട്ടുകാരുടെ ഭാഷ്യത്തിൽ

‘ചോദിക്കാനും പറയാനും ആരും ഇല്ലാത്തവർ ‘.

അച്ഛൻ ജീവിച്ചിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു എന്ന് അവർ മനഃപൂർവം വിസ്മരിച്ചു.

പിന്നെയും രണ്ടു വർഷങ്ങൾ. മുരുകൻ വീണ്ടും പലവട്ടം ഇഷ്ടം അറിയിച്ചെങ്കിലും, അച്ഛൻ പോയ വിടവിലേക്കു ഒരു ആൺതുണ ആവശ്യമില്ലെന്ന് തീർത്തു പറഞ്ഞു. പേടിയായിരുന്നു,

അനിയത്തിയുടെ ജീവിതം സുരക്ഷിതമാക്കാതെ സ്വന്തം ജീവിതം സ്വപ്നം കാണാൻ. പിന്നീടൊരിക്കൽ അവൻ തിരികെ തമിഴ്‌നാട്ടിലേക്ക് പോയെന്ന് കേട്ടപ്പോൾ മാത്രം ഉള്ളം നീറി.

*****************

ആവണി വളർന്നു. പക്ഷേ, അവൾ ഒരുപാട് വളർന്നു പോയെന്ന് മനസ്സിലായത്,

ഒരു നാൾ കോളേജിൽ പോയ ആൾ തിരികെ വരാതിരുന്നപ്പോഴാണ്. കൂടെ പഠിച്ച ഏതോ ഒരുത്തനുമായി വിവാഹം കഴിഞ്ഞെന്നറിഞ്ഞപ്പോഴും കരഞ്ഞില്ല. മരവിച്ചു പോയിരുന്നു മനസ്സ്.

എങ്കിലും ഉള്ളം ആർത്ത് കരഞ്ഞു…..

” ഒരു വാക്ക് പറയാമായിരുന്നില്ലേ അവൾക്ക്…..

ഒന്നും സംഭവിക്കാത്തത് പോലെ അഭിനയിച്ചു.

ജീവിതം പിന്നെയും മുൻപോട്ട് നീങ്ങി. പക്ഷേ ദൈവത്തിന്റെ പരീക്ഷണങ്ങൾ അവിടം കൊണ്ട് തീർന്നില്ല. ആറ് മാസങ്ങൾക്കപ്പുറം ഒരു പുലർച്ചെ വാതിൽ തുറന്നപ്പോൾ കണ്ടത്, മുറ്റത്തൊരു മൂലയിൽ ചുരുണ്ടുകൂടിയിരിക്കുന്ന ആവണിയെയാണ്.

തന്നെ കണ്ടതും ചാടിപിടഞ്ഞെഴുന്നേറ്റ്, മുഖം കുനിച്ചു നിൽക്കുന്നവളുടെ കരണം പുകക്കാൻ തോന്നി. പക്ഷേ നോട്ടമെത്തിയത് അല്പം വീർത്തുന്തിയ വയറിലേക്കായിരുന്നു. തളർന്നു പോയി. ഇറക്കിവിടാൻ തോന്നിയില്ല… കുറച്ചു നാൾ മുൻപ് വരെ തന്റെ ജീവന്റെ പാതിയായിരുന്നല്ലോ….

ഒരേ ചോര…..

“അവനെന്നെ ചതിച്ചു ചേച്ചി….ഇപ്പൊ ഗർഭിണിയാണെന്നു പോലും പരിഗണിക്കാതെ അവന്റെ കൂട്ടുകാർക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുവാ

എന്നെ ഇറക്കിവിടല്ലേ ചേച്ചി……. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെയെങ്കിലുമോർത്ത്….”

കൈകൾ കൂപ്പി അവളാർത്ത് കരഞ്ഞപ്പോൾ തോറ്റ് പോയി.

പിന്നെയും ഒരാഴ്ച കഴിഞ്ഞ് പണി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ്, ഉള്ളിൽ നിന്നും ഉച്ചത്തിൽ കരച്ചിലും പുരുഷ ശബ്ദവും കേട്ടത്.

കൈയിൽ കരുതിയ വെട്ടുകത്തിയുമായി അടുക്കളവാതിൽ വഴി ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടത്, ഗർഭിണിയാണെന്നു പോലും പരിഗണിക്കാതെ, അവളുടെ മേലേക്ക് പടർന്ന് കയറാൻ ശ്രമിക്കുന്ന രണ്ട് പേരെയാണ്.

ആദ്യത്തെ വീശലിൽ തന്നെ ഒരുത്തന്റെ കഴുത്തിന് കത്തി കൊണ്ടു. രണ്ടാമന്റെ കൈക്കിട്ടായിരുന്നു വെട്ട് കൊണ്ടത്. അവൻ പുറത്തേക്കോടിയത് ഒരു മിന്നായം പോലെ കണ്ടു.

കഴുത്തിന് വെട്ട് കൊണ്ട് മരിച്ചത് അവളുടെ ഭർത്താവായിരുന്നു. രക്ഷപെട്ടോടിയത് അവന്റെ കൂട്ടുകാരനും.

കോടതിയിൽ ശിക്ഷയേറ്റ് വാങ്ങുമ്പോൾ ഒന്നേ അപേക്ഷിച്ചുള്ളൂ… ആവണിയുടെയും കുഞ്ഞിന്റേയും സംരക്ഷണം. അവരെ ഗവണ്മെന്റിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിലേക്ക് പോവുമ്പോൾ മാസങ്ങൾ മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇപ്പൊ വളർന്നിട്ടുണ്ടാവും. വർഷം എട്ട് കഴിഞ്ഞില്ലേ…..

നാളെ തനിക്ക് മോചനം കിട്ടുന്ന ദിവസമാണ്.

ആവണി പലപ്പോഴായി കാണാൻ വന്നെങ്കിലും ഒരിക്കൽ പോലും താൻ അനുവദിച്ചില്ല.

നേരം പുലർന്നു. പക്ഷേ ഉള്ളിൽ ആകെയൊരു വെപ്രാളമാണ്. ഇവിടുന്നിറങ്ങിയാൽ എന്ത് ചെയ്യും……? എങ്ങോട്ട് പോവും….? ഒരു കൊലപാതകിക്കാര് ജോലി തരും……?

ആ പഴയ പത്താം ക്‌ളാസുകാരിയുടെ മനക്കരുത്ത് ഇന്നില്ല. താങ്ങാനൊരാളുണ്ടായിരുന്നെങ്കിലെന്ന്,

വെറുതെയെങ്കിലും മോഹിച്ച് പോവുന്നു. പക്ഷെ തളരാൻ പാടില്ല….. ഉത്തരവാദിത്തങ്ങൾ കൂടിയിട്ടേയുള്ളൂ…. ഒരു കുഞ്ഞും കൂടിയുണ്ട്.

അവരെ നോക്കിയേ പറ്റൂ. ആവണിക്ക് ചെറിയൊരു ജോലിയുണ്ട്. മോൻ, അനൂപ്, സ്കൂളിൽ പോവുന്നുണ്ട്.

എല്ലാം അവളുടെ കത്തുകളിൽ നിന്നും അറിയാറുണ്ട്. കാണാനോ ഫോൺ വിളിക്കാനോ താൻ കൂട്ടാക്കാത്തതിനാലാണ് അവൾ സ്ഥിരമായി കത്തെഴുതുന്നത്. മറുപടിയൊന്നും കൊടുക്കാറില്ലെങ്കിലും…

വീട്ടിലേക്ക് പോവാനുറച്ച് തന്നെയാണ് പുറത്തിറങ്ങിയത്. ആവണിയെ പ്രതീക്ഷിച്ചെങ്കിലും കൂടെയുള്ള ആളെ തീരെ പ്രതീക്ഷിച്ചില്ല.

“മുരുകൻ…….”

“ആമാ…. മുരുകൻ താൻ…… മറന്തിട്ടേനെന്ന് നെനച്ച് ഭയന്ത് പോച്ച് ….. എല്ലാം മുടിച്ച് തിരുമ്പി പോയത് ഉന്നെ മറക്കണമെന്ന് നെനച്ച് താൻ … ആനാ മുടിയാതെന്ന് പുരിഞ്ചു താനേ നാൻ മിണ്ടും വന്തത് …… ആനാ…..”

മുരുകൻ പകുതിക്ക് നിർത്തി…

സംഗീത ആവണിയെ നോക്കി. ഒരിക്കൽ പോലും അവളുടെ കത്തുകളിൽ മുരുകൻ ഉണ്ടായിരുന്നില്ല..

” അവളെ നോക്ക വേണ്ട .. ഞാൻ താനേ ഉന്നോട് സൊല്ല വേണ്ടെന്ന് ആവണിയോട് സൊന്നത്…ഇല്ലേനാ നീ ഇങ്കെ നിന്ന് എങ്കയേലും പോവുമെന്ന് ഭയന്തിട്ടേൻ…..

മുരുകന്റെ തമിഴും മലയാളവും ഒക്കെ കൂടിക്കലർന്ന സംസാരം കേട്ട് അവൾക്ക് ചിരി വന്നു.

അവൾ ആവണിയുടെ അരികിലേക്ക് നീങ്ങി.

അനൂപും കൂടെയുണ്ട്… മിടുക്കൻ കുട്ടൻ.

അനൂപിന്റെ നെറുകയിൽ നനുത്ത ഒരു ചുംബനം നൽകി അവൾ ആവണിയെ ഇറുകെ പുണർന്നു.

പിന്നെ തന്റെ വലംകൈ മുരുകന്റേതിനോട് ചേർത്തു പിടിച്ചു. തലേന്ന് പകൽ തുടങ്ങിയ കനത്ത മഴ അപ്പോഴേക്കും തോർന്നിരുന്നു.

മാനം തെളിഞ്ഞ് അർക്കൻ പുതിയൊരു പകലിന്റെ പണിപ്പുരയിലേർപ്പിട്ടിരുന്നു. ഇന്നോളം സ്വപ്നം കാണാൻ മടിച്ച തന്റെ ഭാവിയെ കുറിച്ച് നേർത്ത പ്രതീക്ഷകൾ അവളുടെ ഉള്ളിലും തെളിഞ്ഞു നിന്നു

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം…..

രചന : Jyothi C S