ആരും കാണാതെ മെല്ലെ ഗേറ്റും കടന്ന് ഞാനാ വീടിനു ചുറ്റും നടന്നു.. ഒളിഞ്ഞു നോട്ടമാണേ…

രചന : സോളോമാൻ

ലവ് ആഫ്റ്റർ മാര്യേജ്

❤❤❤❤❤❤❤❤❤❤

ജീവിതത്തിൽ ആദ്യമായിട്ട് ഒരടിപൊളി ചേട്ടനെ കണ്ടു.. നല്ല കട്ടത്താടിയും,കൂളിങ് ഗ്ലാസും..കറുത്ത ബുള്ളറ്റു വണ്ടിയും ഒക്കെയായി.. വന്നിറങ്ങിയ ഉടൻ മീശേം പിരിച്ച് മുണ്ടും മടക്കിക്കുത്തി ഒരു പോക്കാണു പുള്ളി..

ന്റമ്മോ..രോമാഞ്ച കഞ്ചുകിതമായിപ്പോയി..

“എന്തെ നിങ്ങൾക്കൊക്കെ ഒരു അൽഭുതം..” വായ് നോട്ടം ഇങ്ങൾ ആൺകുട്ട്യോൾക്ക് മാത്രം പറഞ്ഞതല്ല..ഞങ്ങളു പെൺകുട്ട്യോളും നല്ല അസ്സലായി വായ്നോക്കും.. സാധാരണയായി ഞാനങ്ങനെ പിടക്കോഴി ആകാറില്ല..

പക്ഷെ നെഞ്ചിലൊരുത്തനെ പ്രാണനാക്കി നടന്നൊടുക്കം അവനെന്നേം ഇട്ടേച്ചങ്ങ് പോയി..

പച്ച മലയാളത്തിൽ പറഞ്ഞാൽ നല്ല മുട്ടക്കാട്ടൻ തേപ്പ് കിട്ടീന്ന്.. ഇക്കണ്ട ആൾക്കാർടെയൊക്കെ ധാരണ ഈ തേപ്പ് പറഞ്ഞ സാധനം ഞങ്ങളു പെൺകുട്ട്യോൾക്ക് മാത്രം പറഞ്ഞതാന്നാ..

എന്നാലെ,അങ്ങനല്ല.. ചില ലവന്മാരൊക്കെ തേച്ചിട്ടു പോകുമ്പൊ ജീവിതം തന്നെ നഷ്ടപ്പെടുത്തുന്ന ഒരുപാട് പെൺകുട്ടികൾ ഇമ്മടെ നാട്ടിലുണ്ട്..

അപ്പൊ പറഞ്ഞു വന്നത് മൊഞ്ചൻ ചേട്ടന്റെ കാര്യം..

ചങ്ങായി ഒരു രക്ഷയില്ലാട്ടൊ..പോയ പോക്കിൽ എന്റെ ഹൃദയം അപ്പാടെ അടിച്ചോണ്ടാ പുള്ളി പോയത്..ശോകമൂകമായ ജീവിതാന്തരീക്ഷത്തിനു ഒരു മാറ്റമൊക്കെ വരുത്താൻ സമയമായിരിക്കുന്നു

ഇനിയൊരു പ്രണയം വേണ്ടാന്നുള്ള തീരുമാനത്തിൽ ഉറച്ച് എഫ് ബി യിൽ ഫെമിനിച്ചി ചമഞ്ഞ് പ്രണയം പൊട്ടിയ നൈരാശ്യം പോസ്റ്റിട്ട് വെറുപ്പിച്ചോണ്ടിരിക്കുമ്പൊഴാ ചങ്ങായി എല്ലാം പൊളിച്ച് കയ്യീ തന്നേക്കണത്..

ഉള്ളിലൊരു ജാള്യത രൂപപ്പെട്ടുവെങ്കിലും ഇജ്ജാതി ഗുമ്മ് ചെക്കന്മാർക്ക് മുന്നീ എന്തൂട്ട് കോപ്പ് ജാള്യത..തൂക്കിയാടെറിഞ്ഞു..

വീട്ടിലാണേൽ പെണ്ണിനു മുട്ടുന്നുണ്ട് ഇപ്പൊ കെട്ടിക്കണമെന്നും പറഞ്ഞ് തന്തേടെ വക വെർപ്പിക്കൽ..

പോരാത്തെയ്നു അയലത്തെ വീട്ടിലെ രമ്യ അങ്ങാടിയിലെ ഓട്ടോക്കാരൻ ചേട്ടന്റെ കൂടെ അന്തസ്സായി ഒളിച്ചോടിപ്പോയ പ്രക്ഷുഭ്തമായ അന്തരീക്ഷോം..

ആകെ കൂടി പെട്ടു പോയ അവസ്ഥ..

വൈകാതെ തന്നെ വല്ല ഇൻസൈഡ് ഇസ്തിരി ദുബായ്ക്കാരൻ കോന്തനും വന്നാൽ അപ്പൻ പിടിച്ചു കെട്ടിക്കുമെന്നതിൽ നോ ഡൌട്ട്..

അതിനു മുന്നെ ലെവനെ കേറിയങ്ങ് പ്രേമിക്കണം..

നല്ല വർക്കത്തുള്ള ചെക്കനായോണ്ട് ഇനീപ്പൊ അപ്പൻ സമ്മതിച്ചില്ലേലും ചെങ്ങായി എറക്കിക്കോണ്ട് പോയ്ക്കോളും..

പിന്നീടുള്ള ഓരോ ദിനവും സ്വപ്നങ്ങൾ അവനു വേണ്ടി മാറ്റിവെച്ചു..

എന്നും ഞാനാ ചേട്ടനെ കാണാറുണ്ട്..

പക്ഷെ ബസ് സ്റ്റോപ്പ് നിറയെ എന്നെ പോലെയുള്ള സകലമാനവളുമാരും നിരന്നു നിന്നിട്ടും ചങ്ങായീടെ നോട്ടം ഒരുതവണ പോലും ഞങ്ങൾടെ പരിസര പ്രദേശങ്ങളിൽ പോലും പതിഞ്ഞില്ല എന്നത് എന്നിൽ അൽഭുതം തീർത്തു..

കൂടെ അയ്യെടാാ ഭാവത്തിൽ നിന്നും ഉടലെടുത്ത നിരാശയും,ക്രോധവും കൂടെ ഉണ്ടെന്ന് കരുതിക്കൊ….

ശ്ശെടാാ..എന്നാലും ഇവനെന്താ ഇങ്ങനെ..

ചങ്ങായീനെ കാട്ടാൻ മോന്ത നിറച്ചും പൊട്ടീം പെയിന്റും അടിച്ചതൊക്കെ വെയിസ്റ്റ്..

ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല,മൂന്നിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം..

പിന്നീടുള്ള എന്റെ പ്രയാണം ആ ചേട്ടന്റെ വാസസ്ഥലവും തേടിയായിരുന്നു..

ഏതു പുലിക്കും കാണുമല്ലൊ ഒരു കാടും ഗുഹയും..

അങ്ങനെ അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിൽ ഞാനയാൾടെ ഗുഹ കണ്ടു പിടിച്ചു..ച്ഛെ..വീട് കണ്ടു പിടിച്ചു..

ഇനിയുള്ള രംഗങ്ങൾക്ക് ക്യാമറ പിറകിൽ വെച്ചാ മതീ ട്ടൊ..

ഒളിഞ്ഞു നോട്ടമാണു..

ആരും കാണാതെ മെല്ലെ ഗേറ്റും കടന്ന് ഞാനാ വീടിനു ചുറ്റും നടന്നു..

അത്രമേൽ ആകാംശയാണെന്ന് കൂട്ടിക്കൊ..

നിങ്ങളെന്നെ ഒളിഞ്ഞു നോട്ടക്കാരീന്നൊ,കണ്ടം ചാടീന്നൊ വിളിച്ചോളൂ..

അയാൾക്ക് വേണ്ടി ഞാൻ ഇതും ഇതിനപ്പുറോം ചാടും..

ഹാാ തുറന്നിട്ട ജനാല വാതിൽക്കലൂടെ സാഹസികമായ ഒളിഞ്ഞു നോട്ടത്തിനിടയിൽ കൈയ്യിനു മേൽ മുറുകിയ കരങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു..

പിടഞ്ഞു കൊണ്ട് തിരിഞ്ഞ എനിക്കു പിറകിൽ അതാ നിൽക്കുന്നു മല പോലെ ആ ചേട്ടൻ..

കണ്ണുകളിൽ ഒടുക്കത്തെ തീക്ഷ്ണത..

കലിപ്പ് കബൂർ സീൻ..

“എന്താടി ഇവിടെ..ആരാ നീ..?”

ന്റമ്മോ..ദുൽഖറു കുഞ്ഞിക്കാന്റെ പോലെ കനമുള്ള വോയ്സിൽ പുള്ളീടെ ചോദ്യം..

ഉള്ളീന്നാണേൽ പട പടാന്ന് ഇടിക്കുവാ..

“അത്..ഞാൻ…അത് പിന്നെ..”

പണ്ടാറടങ്ങാനായ്ട്ട് ഒച്ചേം പൊറത്തോട്ട് വരണില്ല..

“കുറച്ച് ദിവസായ്ട്ട് ഞാൻ ശ്രദ്ധിക്കുന്നു..എനിക്കു പിന്നാലെ തന്നെ..എന്താ ശരിക്കും തന്റെ പ്രശ്നം?..”

സംഗതി ചങ്ങായി എല്ലാം കണ്ട്ക്ക്..ഇനീപ്പൊ ഒഴിഞ്ഞു മാറാൻ കയ്യൂല…

എന്തേം ആവട്ടെ..ഒള്ളത് തുറന്നങ്ങ് പറഞ്ഞേക്കാം..

ഞാനൊന്ന് ദീർഘനിശ്വാസമെടുത്തു..

“അതേയ് ചേട്ടാ..ചേട്ടനെയെനിക്ക് വല്ലാതങ്ങ് ഇഷ്ടായി..ഇങ്ങടെ ലൈഫിൽ എന്തേം സ്കോപ്പുണ്ടോന്ന് അറിയാനുള്ള നടപ്പായ്നു..ചുരുക്കിപ്പറഞ്ഞാൽ ‘ ഐ ഡ ബ്ല്യൂൂന്ന് ‘..”

ഒറ്റ ശ്വാസത്തിൽ ഞാൻ കാര്യം പറഞ്ഞു..

അത് കേട്ടപ്പൊ മൂപ്പരൊന്ന് ചിരിച്ചു..

കട്ടത്താടിക്കും മീശയ്ക്കുമിടയിൽ മുല്ല മൊട്ടു പോലെയുള്ള പല്ലുകൾ തിളങ്ങി..

ഈശ്വരാാ..ചങ്ങായി കൊതിപ്പിച്ച് കൊല്ലൂലൊ..( ആത്മഗതം..)

“ഹ ഹ..നീ ആളു കൊള്ളാലൊ… അതേയ്..അങ്ങനാണേൽ എനിക്ക് ഒരാൾടെ സമ്മതം കൂടി വേണം..”

“അതാരാപ്പാ അങ്ങനൊരാൾ..”

ചോദ്യത്തോടൊപ്പം തന്നെ മൂന്നാലു ചോദ്യ ചിഹ്നം തല കുത്തനെ നിന്നു..

¿¿¿¿ 👈 ദാണ്ടെ ഇത് പോലെ..

ആ ചേട്ടനെന്നെ വീടിനുള്ളിലേയ്ക്ക് ക്ഷണിച്ചു..

നാണോം മാനോം ഇല്ലാതെ ഞാനങ്ങട് തള്ളിക്കേറി പോകേം ചെയ്തു..

അകത്ത് മുറിയിൽ വീൽ ചെയറിൽ ഇരിക്കുന്ന ഒരു പെൺകുട്ടി..

എന്നെ കണ്ടതും അവൾ പുഞ്ചിരിയാലെ സ്വാഗതം ചെയ്തു..

അവൾക്കരുകിലേയ്ക്ക് മുട്ടു കുത്തി ഇരുന്ന് ആ ചേട്ടൻ പറഞ്ഞു..

“ദാണ്ടെ ഇതാണെന്റെ പാതി..ഇവൾക്കെന്നെ വേണ്ടായെങ്കിൽ എനിക്ക് സമ്മതമാണു..”

ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല..

കിളി പോയ പോലെ അന്തം വിട്ടു നിക്കണ എന്നെ കണ്ട ചേട്ടൻ തുടർന്നു..

“കുട്ടീ..നിങ്ങൾക്കൊക്കെ ഈ പ്രായത്തിൽ ജീവിതമെന്നാൽ ഒരു കൌതുകമാണു.. ഇപ്പൊ നിനക്കെന്നോട് തോന്നുന്ന ഈ കൌതുകമൊക്കെ എന്നിലേയ്ക്കെത്തുമ്പോൾ ചിലപ്പോൾ മാഞ്ഞു പോകും.. ഒരൊറ്റ നോട്ടത്തിൽ നമ്മിലുണ്ടാകുന്ന വികാരമല്ല പ്രണയം..പരസ്പരം അറിഞ്ഞും,മനസ്സിലാക്കിയുമുള്ള ദാമ്പത്യത്തിലാണു യഥാർത്ഥ പ്രണയത്തിന്റെ തുടക്കം.. അതിനു മാത്രമെ ആയുസ്സുണ്ടാകുകയുമുള്ളൂ.. ഞാനിന്ന് പ്രണയിക്കുന്നത് ഇവളെയാണു..എന്റെ ഭാര്യയെ..

നിന്റെ ലൈഫിലേയ്ക്കും അങ്ങനൊരാൾ കടന്നു വരും..നിനക്കു വിധിക്കപ്പെട്ടയാൾ..

അന്നു തൊട്ടാകണം നിന്റെ പ്രണയത്തിന്റെ തുടക്കം..”

നിന്ന നിൽപ്പിൽ ഭൂമിയിലേയ്ക്ക് ആഴ്ന്നു പോകുന്ന പോലെ..

മനസ്സിൽ നെയ്തു കൂട്ടിയ ഒരായിരം സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു..

സങ്കടം കൊണ്ട് എന്റെ കണ്ണുകളാകെ ഈറനണിഞ്ഞു..

മുഖത്ത് പുഞ്ചിരി വരുത്തി അവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോൾ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു അയാൾ..

എഴുന്നേറ്റു നടക്കാൻ പോലുമാകാത്ത സ്വന്തം ഭാര്യയെ പ്രാണനു തുല്ല്യം സ്നേഹിക്കുന്ന ആണൊരുത്തൻ..

പ്രണയമെന്ന നൈമിഷിക വികാരത്തിനുമപ്പുറം, പ്രണയത്തിന്റെ അനന്തമായ മറ്റൊരു തലങ്ങൾ കാട്ടിത്തന്ന ആണൊരുത്തൻ..

നാം കാണുന്നതിനും അറിയുന്നതിനുമപ്പുറം ജീവിതമെന്ന സത്യമുണ്ടെന്ന് പറഞ്ഞു തന്ന മനുഷ്യൻ.. ആ നിമിഷം തൊട്ട് ഞാനൊരു കാര്യം ഉറപ്പിച്ചിരുന്നു.. ഇനി ഇമ്മളും…ലവ് ആഫ്റ്റർ മാര്യേജ്

ശുഭം….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സോളോമാൻ