അമ്മ അനന്തേട്ടനോട് പറയണം എന്നെയോർത്തു ജീവിതം കളയരുതെന്ന്, എനിക്കത് താങ്ങാൻ പറ്റണില്ല്യ…

രചന : നിമിഷ ബിനിഷ്

ചെടികൾക്കു വെള്ളമൊഴിക്കുന്നതിനി ടയിലാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ദേവകിയമ്മ നോക്കിയത്…

“ന്റെ മോളെ.. നീയെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ? എത്ര നാളായി ന്റെ കുട്ടിയെ കണ്ടിട്ട് ”

ഓടിച്ചെന്ന് ചേർത്തണച്ചപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

“ഇങ്ങനെ കരയാതെ ന്റെ ദേവകിക്കുട്ട്യേ.. നിക്കും സങ്കടാവും ട്ടോ ”

“വാ മോളെ.. “നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു ദേവകിയമ്മ അവളെയും കൂട്ടി അകത്തേക്ക് നടന്നു.

“എല്ലാം പഴയത് പോലെ തന്നെ അല്ലെ അമ്മേ…

ഒരു മാറ്റവുമില്ല “അവൾ ചുറ്റും കണ്ണോടിച്ചു.

“ഇവിടെന്തു മാറ്റണ്ടാവാനാ മോളു.. മാറിയത് മുഴുവൻ നീയാ.. നോക്ക് കുട്ടീടെ രൂപം.. ന്ത് നീണ്ട മുടിയാർന്നു, അതെല്ലാം വെട്ടി മുറിച്ചിട്ട്.. ന്തു കോലാ കുട്ട്യേ ഇത്

“അവർ അവളുടെ മുടിയിൽ തഴുകി. മറുപടി ഒരു ചിരി മാത്രമായിരുന്നു.

ഞാൻ നന്ദന…. മുല്ലശ്ശേരി തറവാട്ടിലെ സേതുമാധവന്റെയും ദേവകിയമ്മയുടെയും മൂന്നാമത്തെ മകൾ.

എനിക്ക് മുകളിൽ രണ്ട് ഏട്ടൻമാരാണുട്ടോ. അവരെല്ലാം കല്യാണം കഴിഞ്ഞു വീട് വെച്ച് വേറെയാണ് താമസം. ഏടത്തിമാർക്ക് തറവാട്ടിലെ ചിട്ടകൾ ഒന്നും പിടിക്കില്ല. അതന്നെ കാരണം. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ തനിച്ചായി തറവാട്ടിൽ. ഞാൻ വരാത്തതിൽ എന്നും പരാതിയും പരിഭവവുമാണ് അമ്മയ്ക്ക്. അമ്മയെ പറഞ്ഞിട്ടും കാര്യമില്ല… ഇവിടേക്ക് വന്നിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എല്ലാം പഴയത് പോലെ തന്നെ തോന്നുന്നു..

നാടും വീടും എല്ലാം.. ഒരു മാറ്റവുമില്ലാതെ. അമ്മ പറഞ്ഞത് പോലെ മാറ്റം തനിക്ക് മാത്രമാണ്. കളിചിരിയും കുറുമ്പുമായി ഇവിടെ നിറഞ്ഞു നിന്നിരുന്ന നന്ദൂട്ടിയിൽ നിന്നും ഇന്നത്തെ നന്ദന ശ്രീകുമാർ ആയപ്പോൾ ഒരുപാട് മാറ്റങ്ങൾ അനിവാര്യമായിരുന്നു…………

കല്യാണം കഴിഞ്ഞ് ശ്രീയേട്ടന്റെ കൂടെ പോയതാണ് ബാംഗ്ലൂർക്ക്. പിന്നെ അതായി എന്റെ ലോകം.

ഇതുവരെ ഇവിടേക്ക് വരാൻ തോന്നിയില്ല.. അതാണ് സത്യം.. എല്ലാം മറക്കാൻ അതാണ് നല്ലതെന്നു തോന്നി.

“എന്താ കുട്ട്യേ ഇങ്ങനെ ആലോചിച്ചു കൂട്ടണേ.. വരൂ ചായ കുടിക്കാം, നിനക്കിഷ്ട്ടള്ള എത്തക്കാപ്പം ഉണ്ട്

അമ്മ എടുത്തു വെച്ച ഏത്തക്കാപ്പം എടുത്തു ഒന്നു കടിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു..

അമ്മയുടെ രുചി.

“ശ്രീ എന്താ വരാതിരുന്നേ? ശ്രീക്ക് മോളെ കാര്യമല്ലേ? ”

“ശ്രീയേട്ടന് എന്നോട് ഇഷ്ടം തന്നെയാ അമ്മേ.

പക്ഷെ എന്തോ ഒന്നിനും സമയമില്ല. എപ്പോഴും ജോലി തന്നെ. തിരക്കുള്ള ബിസിനസ്മാൻ ആയിപോയില്ലേ

അവളുടെ മുഖത്തു ഒരു വിഷാദചിരി പരന്നു.

“നീയിപ്പോഴും ഒന്നും മറന്നില്യേ കുട്ട്യേ? എന്താ ഇത്ര കാലവും ഇങ്ങട് വരാതിരുന്നത്? ആരോടും പൊറുക്കാൻ പറ്റീട്ടുണ്ടാവില്യാ അല്ലേ? എന്നാലും അമ്മ ഇവിടുള്ള കാര്യം കൂടി മറന്നോ ന്റെ കുട്ടി…

ആർക്ക് മനസിലായില്ലെങ്കിലും ന്റെ കുട്ടിടെ മനസ്സ് നിക്കറിയാം… ഒരുപാട് സങ്കടപ്പെട്ടൂലെ. ”

“സാരല്യ അമ്മേ..ഞാനതൊക്കെ എന്നേ മറന്നു.

അതോണ്ടല്ലേ ഇപ്പൊ ഇങ്ങട് വന്നത് ഞാനൊന്നു കുളിച്ചിട്ടു വരാം, ഇവിടുത്തെ കുളത്തിൽ മുങ്ങി നിവർന്നിട്ട് എത്ര കാലായി.. ”

തിരിഞ്ഞു നടക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ അമ്മ കാണാതെ തുടച്ചു അവൾ……

❤❤❤❤❤❤❤❤❤

കുളക്കടവിലേക്ക് നടക്കുമ്പോൾ അനന്തേട്ടന്റെ ഓർമ്മകളായിരുന്നു മനസ്സ് നിറയെ….

അനന്തേട്ടൻ…… തറവാട്ടിലെ കാര്യസ്ഥന്റെ മകൻ… ചാരക്കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു മേൽച്ചുണ്ട് കടിച്ചു പിടിച്ചു ഒരു പുഞ്ചിരിച്ചു കൊണ്ട് തന്റെ ഹൃദയം കവർന്ന അനന്തേട്ടൻ.

കാര്യസ്ഥന്റെ മകൻ എന്നതിലുപരി അനന്തേട്ടൻ തന്റെ പ്രാണനായിരുന്നു. തങ്ങൾ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കു വെച്ച കുളക്കടവിൽ ഇരുന്നപ്പോൾ ഹൃദയം വിങ്ങി.ഒരു പാവാടക്കാരിയുടെ മോഹങ്ങൾക്ക് അച്ഛനും ഏട്ടന്മാരും അത്ര വലിയ പ്രാധാന്യമൊന്നും തരാതിരുന്നത് കൊണ്ട് ഉടഞ്ഞു പോയ സ്വപ്‌നങ്ങൾ അവളെ നോക്കി പല്ലിളിച്ചു.

അനുസരണക്കേട് കാണിച്ചാ കൊന്നു തള്ളുമെന്ന ഏട്ടന്മാരുടെ ഭീഷണിയും തറവാടിന് തീയിടുമെന്ന അച്ഛന്റെ ഭയപ്പെടുത്തലും ഒന്നും തന്റെ മുന്നിൽ വിലപ്പോവാതിരുന്നപ്പോൾ അനന്തേട്ടന്റ അമ്മയുടെ കണ്ണീരാണ് തന്നെ പിടിച്ചുലച്ചത്. മകന്റെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ എല്ലാം മറക്കണമെന്ന ആ അമ്മയുടെ യാചനക്കു മുമ്പിൽ ബലി കഴിച്ച തന്റെ പ്രണയം ഇന്നും തീരാത്ത നോവാണ്. എത്ര നേരം അങ്ങനെ ഇരുന്നുവെന്നറിയില്ല അമ്മയുടെ വിളിയാണ് അവളെ ഉണർത്തിയത്.

“എന്താ കുട്ട്യേ കണ്ണും തുറന്നിരുന്ന് സ്വപ്നം കാണണെ? കുളി കഴിഞ്ഞില്ല്യേ? ”

“കഴിഞ്ഞു…ദാ വരണു അമ്മേ

“വേഗം ഈറൻ മാറി തിരിഞ്ഞു നടന്നു അവൾ.

❤❤❤❤❤❤❤❤❤❤

“എത്ര ദിവസംണ്ടാവും കുട്ട്യേ നീയ്, “ശ്രീ എന്ത് പറഞ്ഞാ വിട്ടത് ” അവളുടെ പാത്രത്തിൽ കഞ്ഞി വിളമ്പി കൊണ്ട് ദേവകിയമ്മ തിരക്കി.

“മതിയമ്മേ… വയറു നിറഞ്ഞു.. രണ്ടാഴ്ച ഉണ്ടാവും ശ്രീയേട്ടൻ ബിസിനസ് ടൂറിലാണ്. ”

“രണ്ടാഴ്ചയോ.. അത് ദാ ന്നു പറയുമ്പോഴേക്കും തീരും. കുറച്ചൂസം കൂടുതൽ അമ്മേട കൂടെ നിന്നൂടെ കുട്ട്യേ?,

“ദേവകിയമ്മയുടെ തൊണ്ടയിടറി.

“ഞാനിനിയും വരില്ല്യേ ദേവകികുട്ട്യേ.. കരയല്ലേ. ഞാനിന്നു അമ്മേടെ കൂടെയാട്ടോ ഉറങ്ങണത്.

“അവരുടെ നേര്യതിന്റെ തുമ്പിൽ കൈ തുടച്ചു കൊണ്ട് അവൾ കൊഞ്ചി.

“മോൾ കിടന്നോ.. അമ്മയിപ്പോ വരാ.

രാത്രി അമ്മയുടെ മടിയിൽ കിടന്നു വിശേഷങ്ങൾ പറയുമ്പോൾ താൻ പഴയ നന്ദൂട്ടി ആയത് പോലെ തോന്നി അവൾക്ക്.

**************

“ആരാ ഇത് മുല്ലശ്ശേരിലെ കുട്ട്യല്ലേ… കുറെയായല്ലോ ഇങ്ങട് വന്നിട്ട്..സുഖല്ലേ? ”

“സുഖാണ് തിരുമേനി

ഇലച്ചീന്തിലെ പ്രസാദം വാങ്ങി അവൾ ചിരിച്ചു.

“എവിടെ… ആള് വന്നില്യേ? കണ്ടില്ല്യാലോ? ”

“ഞാൻ തനിച്ചാ പോന്നത്… ആൾക്ക് ഒരു ബിസിനസ് ടൂർ… തിരുമേനിക്ക് സുഖല്ലേ? ”

“ഉം.. അങ്ങനെ പോണു കുട്ട്യേ… ന്റെ കുട്ട്യോൾക്കെല്ലാം ഓരോ ജോലിയായപ്പോ ന്നോട് വിശ്രമിച്ചോളാൻ പറഞ്ഞതാ.. ത്തിരി വാതത്തിന്റെ അസ്കിതേണ്ടെ….ന്റെ കണ്ണടയാണ വരെ ദേവിയെ പൂജിക്കണന്നാ നിക്ക്. ”

“മ് ഞാൻ പോട്ടെ തിരുമേനി അമ്മ കാത്തിരിക്കണുണ്ടാവും ”

ഒന്നുടെ തൊഴുതു തിരിഞ്ഞു നടന്നു അവൾ.

പടിക്കെട്ടുകളിറങ്ങി ചെരിപ്പ് ഇടുമ്പോഴാണ് എതിരെ വരുന്നയാളെ കണ്ടത്……..

അനന്തേട്ടൻ….

തന്റെ ഹൃദയം നിലച്ചു പോയെന്നു തോന്നി അവൾക്കു. ആറ് വർഷങ്ങൾക്കു ശേഷം കാണുകയാണ് അനന്തേട്ടനെ.

“നന്ദു….. ”

ശബ്ദം ചിലമ്പിച്ച ആ വിളിയിൽ ശില പോലെ നിന്ന അവൾ ഞെട്ടിയുണർന്നു.

“താൻ എപ്പോ വന്നു ബാംഗ്ലൂർന്നു ”

“ഞാ….. ൻ ഇന്നലെ ”

അവൾക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

“മ്… സുഖല്ലേ തനിക്ക്? ”

“താൻ തനിച്ചാണോ… എവിടെ ശ്രീകുമാർ? ”

“തനിച്ചാ… ശ്രീയേട്ടന് ഓരോ തിരക്ക്….

അമ്മയ്ക്ക് സുഖാണോ… കുടുംബം കുട്ടികൾ?

“അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.

“കുടുംബം ”

അവന്റെ മുഖത്ത് സങ്കടത്തിൽ പൊതിഞ്ഞ ഒരു ചിരിയുണ്ടായി.

“അമ്മ പോയിട്ട് രണ്ടു കൊല്ലം കഴിഞ്ഞു..

വീട്ടിൽ ഞാനിപ്പോ തനിച്ചാ.. തനിച്ചെന്നു പറയാൻ പറ്റില്ല്യാട്ടോ.. കുറെ പുസ്തകങ്ങളും ചെടികളും കൂട്ടിനുണ്ട്. ”

“അപ്പൊ കല്യാണം കഴിഞ്ഞില്ല്യേ? ”

“ഇത് വരെ കൂട്ടിന് ഒരാളൂടെ വേണം ന്നു തോന്നിയില്ല്യ നന്ദു… തന്നെ പോലെ താൻ മാത്രല്ലേ ഉള്ളു ”

സങ്കടത്തിൽ അവന്റെ ചുണ്ടൊന്നു കോടി.ഹൃദയത്തിൽ കത്തി തുളഞ്ഞിറങ്ങുന്ന വേദനയിൽ അവളൊന്നു വിതുമ്പി. കണ്ണുകൾ നിറഞ്ഞ് കാഴ്ച്ച മറയുന്നതിനു മുമ്പ് അവൾ തിരിഞ്ഞു നടന്നു…

അനന്തൻ വിളിക്കുന്നതോ പുറകെ ഓടി വരുന്നതോ ഒന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല. തിരികെ വീടിന്റെ പടി കയറുമ്പോൾ അവൾ വേച്ചു വീഴാൻ പോയി..

“ന്താ കുട്ട്യേ… ന്താ പറ്റിയെ? “ഓടിച്ചെന്നു അമ്മയുടെ മടിയിലേക്ക് വീഴുമ്പോൾ ഉറക്കെ കരഞ്ഞു പോയിരുന്നു അവൾ.

സങ്കടങ്ങൾ കരഞ്ഞു തീരട്ടെയെന്നു കരുതി ദേവകിയമ്മ അവളുടെ മുടിയിൽ തലോടി. കരഞ്ഞു എപ്പോഴോ അവൾ മയങ്ങി പോയിരുന്നു.

തന്റെ മടിയിൽ കിടന്നു മയങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം ആ അമ്മയുടെ ഹൃദയവും തേങ്ങി.

***************

“ഞാൻ തിരിച്ചു പൊയ്ക്കോട്ടേ അമ്മേ….. നിക്ക് പറ്റണില്ല്യ. ”

“ന്റെ കുട്ടിക്ക് സമാധാനം കിട്ടൂച്ചാൽ പൊയ്ക്കോളൂ.. മോൾക്ക് സങ്കടാവണ്ടാന്ന് കരുതിയാ ഞാൻ അനന്തൻറെ കാര്യം പറയാതിരുന്നത്. ”

ദേവകിയമ്മ നിറകണ്ണുകളോടെ അവളെ ചേർത്തു പിടിച്ചു.

“അമ്മ അനന്തേട്ടനോട് പറയണം ന്നെയോർത്തു ജീവിതം കളയരുതെന്ന്…. നിക്കത് താങ്ങാൻ പറ്റണില്ല്യ….. ”

അവൾ വിതുമ്പി.

“മ്..അമ്മ പറയാം അവനോട്……നമ്മൾ ആഗ്രഹിക്കുന്നതെല്ലാം കിട്ടണമെന്നില്യ കുട്ട്യേ… ഈശ്വരൻ വിധിച്ചതേ നടക്കു. ന്റെ കുട്ടി സമാധാനായിട്ട് പൊയ്ക്കോ… ”

****************

കാറിൽ കയറിയപ്പോൾ അവൾ ഒന്നൂടെ തിരിഞ്ഞു നോക്കി …..

“അമ്മ സങ്കടപ്പെടല്ലേ…. ഞാൻ ഇനിയും വരും ”

അവളുടെ കയ്യിൽ പിടിച്ചു ദേവകിയമ്മ പുഞ്ചിരിച്ചു.

“ന്റെ മോള് സന്തോഷായിരുന്നാൽ മതി. ”

അമ്മയും തറവാടും കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ അവൾ സീറ്റിലേക്കു ചാരി കിടന്നു.

അനന്തേട്ടൻ ഒരു നീറ്റലായി ഉള്ളിൽ കിടക്കുമ്പോൾ തനിക്കിവിടെ ഒരിക്കലും സമാധാനം കിട്ടില്ലെന്ന്‌ അവൾ ഓർത്തു.

വായനശാല കടന്നു പോകുമ്പോൾ അവിടെ അനന്തൻറെ കണ്ണിൽ കണ്ണുടക്കിയപ്പോൾ യാത്ര പറച്ചിലെന്നോണം അവൾ ഒന്നു ചിരിച്ചു……..

അപ്പോൾ അനന്തൻറെ കണ്ണുകളും നിറഞ്ഞിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നിമിഷ ബിനിഷ്