മതിയായി ഏട്ടാ.. നമുക്ക് നാളെ തന്നെ വീട്ടിലേക്ക് പോകാം, ഈ കുത്തുവാക്കുകൾ കേട്ട് നിൽക്കാൻ കഴിയുന്നില്ല..

രചന : ശാരിലി ദേവൻ

മനസ്സ്…

❤❤❤❤❤❤❤❤❤

ഉറക്കം കടന്നു വരാത്ത നിമിഷങ്ങളെ പഴിചാരി കൊണ്ടാണവൻ അവളോടു ചോദിച്ചത്….

“നിനക്കിന്ന് ഉറക്കമൊന്നുമില്ലേ.പെണ്ണേ.. ” ?

അവൾ പതിയെ ഒന്നു മൂളി ഇല്ലയെന്നു അർത്ഥമാക്കുന്ന വിധത്തിൽ..

ഉറങ്ങാൻ കഴിയുന്നില്ല രവിയേട്ടാ.

ഇന്ന് ചന്തുട്ടൻ വിളിച്ചിരുന്നു …

അമ്മക്ക് തീരെ വയ്യാന്ന്.നാത്തൂനെ കൊണ്ട് ഒറ്റക്കു കഴിയില്ലെന്ന് …

ശോഭ പറയുന്നതെല്ലാം ‘രവി മൂളി കേൾക്കുന്നുണ്ടെങ്കിലും ‘ പോകാനുള്ള സമ്മതം നൽകാത്തതിൽ അവൾക്ക് ചെറിയ ഒരു വിഷമം തോന്നി…

ഏട്ടൻ ഒന്നും പറഞ്ഞില്ല…

ഞാനെന്തു പറയാനാണ് ശോഭേ.

അമ്മായമ്മയുടെ മലവും മൂത്രവും’ കോരാൻ അവൾക്കിപ്പോൾ അറപ്പു തോന്നുന്നുണ്ടാകും ..

പട്ടണത്തിലെ കുട്ടിയല്ലേ നിന്നെ പോലെയാണോ..

എന്നും കായ്ച്ചു നിൽക്കുന്ന മരം ഒരിക്കൽ കരിഞ്ഞുണങ്ങുമെന്ന് നിൻ്റെ അമ്മയും കരുതി കാണില്ല.

മകളെപ്പോലെയാകില്ലല്ലോ. മരുമകൾ..

ഏട്ടാ എന്നെ പെറ്റഅമ്മയല്ലേ..

നാളെയൊരിക്കൽ എനിക്കും ഈ ഗതി വരില്ലേ

ശോഭയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ. രവി മൗനമായി ഇരുന്നു ..

ശാന്തമായ ആ മനസ്സിലെ വിഷമം അവൾക്കറിയാമായിരുന്നു.’..

അവൾ ഏട്ടനോട് ചേർന്നു കിടന്ന് ആ നെഞ്ചിൽ വിരലുകളോടിച്ചു വീണ്ടും ചോദിച്ചു…

രവിയേട്ടാ.. ഞാൻ ..

ആ വിളി കാതിൽ പതിക്കുന്നതിനോടൊപ്പം അവളുടെ കണ്ണുനീരും അവൻ്റെ തോളിൽ പതിച്ചിരുന്നു..

ഇടതു കൈ കൊണ്ട് ആ കവിളിൽ മെല്ലെയവൻ തലോടിക്കൊണ്ട് പറഞ്ഞു…

ശോഭേ. നീയെന്തിനാ ‘കരയുന്നേ. നിൻ്റെ വിഷമം എനിക്കു മനസ്സിലാകും.

ഈ ഭൂമിയിൽ നിന്നെക്കുറിച്ചു എനിക്കറിയാവുന്നത്രയും വേറെ ഒരാൾക്കും അറിയില്ല.. നീയൻ്റെ ഭാര്യ മാത്രമല്ല.. എൻ്റെ എല്ലാമെല്ലാമാണ്…

സ്വന്തം അമ്മയേയും അച്ഛനേയും കാണാനനുവദിക്കാത്ത ഞാനൊരു ക്രൂരനാണെന്നു വരെ നിൻ്റെ മനസ്സിലിപ്പോൾ തോന്നുന്നുണ്ടാകും’

അല്ലേ…

നിന്നെ പോലെ എനിക്കുമുണ്ടായിരുന്നു ഒരമ്മ..ഞാനൊന്നും മറന്നിട്ടില്ല..

നിനക്ക് പോകാം. ഞാനൊരിക്കലും നിന്നെ തടയുകയില്ല.. അമ്മയേയും അച്ചേനേയും കാണാം.

അവരെ ശുശ്രൂഷിക്കാം.’ അത് ഒരു മകളുടെ കടമയാണ്..

വയസ്സാം കാലത്ത് അവർ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്..

എന്നിരുന്നാലും ഒന്നേ എനിക്ക് നിന്നോട് പറയാനുള്ളൂ

പഴയതൊന്നും നീ മറക്കരുത്..

രവിയേട്ടൻ അതു പറഞ്ഞു. മുഴുവിപ്പിക്കുമ്പോൾ ശബ്ദം വല്ലാതെ ഇടറിയിരുന്നു ..

ഒരിക്കലുമില്ല രവിയേട്ടാ.. എല്ലാമെനിക്ക് അറിയാവുന്നതല്ലേ …

അമ്മയേക്കാളും ഞാനല്ലേ. അവനെ സ്നേഹിച്ചത്

ഈ കൈവെള്ളയിലില്ലേ ഞാനവനെ കൊണ്ടു നടന്നത്. വലുതായപ്പോൾ ആ സ്നേഹം തിരിച്ചു തന്നതും തന്നോടു തന്നെ. പടിയടച്ചു പിണ്ഡം’ വെച്ചതിനേക്കാളും വലിയ സ്നേഹ പ്രകടനുമുണ്ടോ..

ഈ ഭൂമിയിൽ ആങ്ങളയാണു പോലും ആങ്ങള’…

ഓർക്കുമ്പോൾ ചങ്കുപൊട്ടി പോവാ..

ശോഭേ വിഷമിക്കല്ലേ ..

എപ്പോഴെങ്കിലും ഞാൻ നിന്നെ ഒറ്റപ്പെടുത്തിയ പോലെ നിനക്കു തോന്നിയിട്ടുണ്ടോ..

അങ്ങിനെ പറയരുതേട്ടാ..

എൻ്റെ ജീവിതത്തിൽ എനിക്കൻ്റെ അമ്മയായും അച്ഛനായും കൂടപിറപ്പായും എൻ്റെ ഏട്ടൻ കൂടെയുള്ളപ്പോൾ ഞാനെങ്ങിനെയാ തനിച്ചാകുന്നേ..

നീ കിടന്നോ.. ഒരോന്ന് ആലോചിച്ച് ഇനി ഒരോ അസുഖം വരുത്തി കൂട്ടണ്ട ..

നാളെ രാവിലെത്തന്നെ പോകാൻ നോക്കിക്കോളൂ.’

ആ തോളിൽ തല വെച്ചങ്ങിനെ അവൾ കിടന്നുറങ്ങി..

ഏറെ നേരം കഴിഞ്ഞിട്ടും രവിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല .. പഴയ കാര്യങ്ങൾ കൺമുന്നിലങ്ങനെ തെളിഞ്ഞു വരുന്നു ..

അവൾ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ അവൻ പതിയെ എഴുന്നേറ്റ് പുറത്തെ ചാരുകസേരയിൽ പോയിരുന്നു

പുറത്ത് നല്ല നിലാവുണ്ട്. ചീവീടുകൾ മത്സരിച്ചു കരയുകയാണ്. രാത്രിയിലെ നിശബദതക്ക് ഭംഗം വരുത്തുവാൻ അവർ തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കുകയാണ്..

വീശിയടിക്കുന്ന തണുത്ത കാറ്റിൻ്റെ തഴുകലിൽ അലിഞ്ഞു ചേർന്ന് .. അവനറിയാതെ അവൻ്റെ ഓർമ്മകളുമായി പുറകോട്ടു സഞ്ചരിച്ചു…

എടീ കയ്യിമെത്തെയും കഴുത്തിലേയും എന്തേടീ…

അച്ചാ അത് രവിയേട്ടന് ഒരു അത്യാവശ്യം വന്നപ്പോൾ ഒന്നു പണയം വെച്ചതാ..

എന്നിട്ടവൻ്റെ മുഖത്ത് അതാന്നും കണ്ടില്ലല്ലോ ..

എപ്പഴും കാണും ഒരു വളിച്ച ചിരി.. അഹങ്കാരത്തിനു ഒരു കുറവുമില്ല..

ഇപ്പോഴും രാജകുടുംബമാണാന്നാ വിചാരം.. കയ്യിലാണെങ്കിൽ അഞ്ചു പൈസയില്ല”

അച്ഛാ ഒന്നു പതുക്കേ.. ഏട്ടൻ ഉറങ്ങിയിട്ടില്ല ..

കേൾക്കട്ട ടീ.. ഇല്ലാത്തതൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ .. നാലാളറിയെ മാന്യമായിട്ടു തന്നെയാ നിന്നെ പറഞ്ഞയച്ചത്. കല്യാണം കഴിഞ്ഞിട്ടു ആറു ഏഴ് മാസമായിട്ടില്ല അവളു പിച്ചക്കാരെ പോലെ വെറും കഴുത്തിൽ വന്നു നിന്നേക്കണ്…

നിനക്കെങ്ങിനെ തോന്നി എൻ്റെ മുന്നിൽ ഇങ്ങിനെ വന്നു നിക്കാൻ

വലിയകത്ത് മാധവന് വയസ്സേ കൂടിയിട്ടുള്ളൂ: ‘

അന്തസ്സിനു ഒരു കുറവും വന്നിട്ടില്ല…

നിങ്ങളൊന്ന് മിണ്ടാതിരിക്കു മനുഷ്യാ..’ നിറവയറുള്ള പെണ്ണിനോടാണോ ഇത്ര ഉച്ചത്തിൽ സംസാരിക്കുന്നത് ..

അവൻ്റെയല്ലേ. ചുമക്കുന്നത്. അപ്പോൾ അത്രയേ ഗുണം കാണൂ ..

മോളു അകത്തു പോ മോളേ..

അച്ചൻ പറയുന്നത് കാര്യമാക്കേണ്ട.

എല്ലാത്തിനും നീ ഒരുത്തി. ഉണ്ടല്ലോ.. ആദ്യം നിന്നെയാ തല്ലേണ്ടത് ..

ഞാനും ചന്തുട്ടനും നൂറു പ്രാവശ്യം പറഞ്ഞതാ.. ഇത് വേണ്ടാന്ന്…

നിൻ്റെയും അവളേടേം വാശിയായിരുന്നില്ലേ ..

അനുഭവിച്ചോ ”അമ്മേം മോളും

കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടിയ ശോഭ ആ കാഴ്ച്ച കണ്ട് ഒന്നു ഞെട്ടി..

വാതിലിൽ ചാരി മിണ്ടാതെ നിൽക്കുന്ന രവിയേട്ടൻ

ഏട്ടാ..

വിതുമ്പി കൊണ്ടവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു

സാര്യല്യ മോളേ. എന്നെയല്ലേ അച്ഛൻ പറഞ്ഞത്.

താൻ കേൾക്കാൻ ബാധ്യസ്ഥനാണ്.. തെറ്റുകൾ മുഴുവൻ എൻ്റെ ഭാഗത്തല്ലേ..

എന്നാലും ഏട്ടാ.. അച്ഛൻ..

കണ്ണീരിൽ അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു ..

നമുക്ക് നമ്മുടെ വീട്ടിൽ പോകാം ഏട്ടാ..

നാളെത്തന്നെ പോകാം..

അച്ചനേയും. അമ്മയേയും കാണണമെന്ന് വാശി പിടിച്ചിട്ട് ..

മതിയായി ഏട്ടാ.. കുത്തുവാക്കുകൾ കൊണ്ടു നോവിക്കാനായിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു

പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിക്കാൻ നിൽക്കാതെ ശോഭ തിരിച്ചു പോകാനുള്ള തിരക്കുകൂട്ടുകയായിരുന്നു

അമ്മയെന്തേ ശോഭേ…

അമ്മയും അച്ഛനും . ഉമ്മറത്തുണ്ട് ..

യാത്ര പറയാൻ ചെന്നതും അച്ഛൻ മുഖം തിരിച്ച് മുറ്റത്തേക്ക് കാർക്കിച്ചൊരു തുപ്പ് ..

രവി പ്രതീക്ഷിച്ചിതായിരുന്നു ..

തൻ്റെ സാമീപ്യം അയാൾക്ക് അറപ്പുളവാക്കുമെന്ന്.

അച്ചൻ പ്രതികരിച്ചത് തന്നോടു മാത്രമായിരിക്കും എന്നു കരുതിയ തനിക്ക് തെറ്റി..

രാജാവ് മന്ത്രിയോടെന്ന പോൽ അമ്മയോട് ആജ്ഞാപിക്കുകയായിരുന്നു ..

എടീ നിൻ്റെ മോളോട് പറഞ്ഞേക്ക്..

പ്രസവത്തിന് ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ഇവിടെ നിന്ന് എങ്ങിനെയാ പറഞ്ഞു വിട്ടത്

അതുപോലെത്തനെയായിരിക്കണം. അല്ലങ്കിൽ ഈ പടി ഞാൻ കയറ്റിയ്ക്കില്ല.. പറഞ്ഞേക്കാം..

ആ നാണമില്ലാത്തവനോട് പറഞ്ഞിട്ട് കാര്യമില്ല..

അച്ഛൻ അമ്മയുടെ മുഖത്ത് നോക്കിയാണ് പറഞ്ഞെതെങ്കിലും എനിക്കും ശോഭയ്ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു…

വേദനയോടെ ആ പടി കടക്കുമ്പോൾ ഈ പടിയിനി ചവിട്ടില്ല എന്ന് മനസ്സിൽ ശപഥം എടുത്തുകൊണ്ടാണ് അവൻ അവളുടെ കൈകളിൽ ചേർത്തു പിടിച്ചു കൊണ്ട് തിരിച്ചു നടന്നത്..

അവളുടെ വീട്ടിൽ നിന്നു വന്നതിനു ശേഷം അവൾ ആകെ തളർന്നിരുന്നു..

അച്ഛൻ പറഞ്ഞ വാക്കുകളാണ് ഇതിൻ്റെ പിന്നിലെന്ന് അറിയാമായിരുന്നിട്ടും . നിസ്സഹായനായി നോക്കി നിൽക്കുമ്പോൾ എന്നും ആശ്വസിപ്പിക്കാൻ അമ്മയുണ്ടാകും കൂടെ …

നീയിങ്ങിനെ തളരല്ലടാ .. പിന്നെയവൾക്കരാടാ..

ഞാനെന്തു ചെയ്യാനാ. അമ്മേ.. അവളുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിയുന്നില്ല …

പാവം എല്ലാമറിഞ്ഞതുകൊണ്ടാകും ഒരു മസാല ദോശ പോലും എന്നോട് ആവശ്യപ്പെടാതിരിക്കുന്നത്

നീ വിഷമിക്കണ്ടടാ. നമുക്ക് ഒരു വാടക വീട്ടിലേക്ക് മാറിയാലാടാ രവീ…

നീ ഇത് വിറ്റു അവളടെ പണയപ്പാട് എടുത്തു കൊടുക്ക്…

അതൊന്നും വേണ്ടമ്മേ.. ജോലിക്ക് പണം കെട്ടിയതല്ലേ അടുത്തു തന്നെ ശരിയാകും ..

അപ്പോ പിന്നെ അടുത്തയാഴ്ച്ച അവളെ പറഞ്ഞയക്കാൻ എന്താ ചെയ്ക..

ഞാനൊരു ലോണിന് അപേക്ഷിച്ചിട്ടുണ്ട് .. അതു കിട്ടിയാൽ എല്ലാം ശരിയാകും അമ്മേ..

പാവമാടാ അവള് . ആ കണ്ണീരു കാണുമ്പോൾ എൻ്റെ നെഞ്ചു പൊട്ടാറുണ്ട്.. അവൾ മഹാലക്ഷ്മിയാ…

എൻ്റെ മോളാ അവള് ..

ടാ അവളെ പറഞ്ഞയക്കാതിരിക്കാൻ പറ്റുമോടാ ..

അതെങ്ങിനെയാ അമ്മേ.. ആദ്യത്തെ പ്രസവമല്ലേ..

ആ പൊന്നുണ്ണിയെ തൻ്റെ മടിയിലേക്ക് തന്നാൽ മതി.. ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാടാ.

ദിവസങ്ങൾ തള്ളി നീക്കി നീക്കി. ആ ദിവസവുമെത്തി…

പ്രസവത്തിനായി വീട്ടിലേക്ക് കൊണ്ടുപോകാൻ കാറിൽ കയറുന്ന ‘സമയത്ത് വെറും ‘ കഴുത്തിൽ നോക്കി. അവളുടെ അമ്മ പറഞ്ഞതു കേട്ട് പൊട്ടിക്കരഞ്ഞതു അവൾ മാത്രമായിരുന്നില്ല തൻ്റെ അമ്മയും കൂടി ആയിരുന്നു .. ആശ്വസിപ്പിക്കാൻ കഴിയാതെ ഉള്ളു കൊണ്ട് താനും…

രവീ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ആ മനുഷുൻ പറയുന്നത് അനുസരിക്കാനേ കഴിയൂ …

വെറും കയ്യോടെയാണെങ്കിലും ഞാനവളെ കൊണ്ടു പോകും…

എൻ്റെ മോളാ ഇവള്… ഈ. സമയത്തുള്ള വേദന തിരിച്ചറിയാനും കഴിയും.. ഞാനൊരു അമ്മയല്ലേടാ…

എന്നാൽ അദ്ദേഹം വാശി തീർക്കുന്നത് നിന്നോടാണ്..

അവൾക്കു വേണ്ടി ആദ്യമായി അവർക്കു മുന്നിൽ അവൻ കെഞ്ചി ..

ഒത്തുതീർപ്പുകൾക്കൊടുവിൽ അവളയും കൊണ്ട് കാർ പടി കടന്നു പോയപ്പോൾ തൻ്റെ കണ്ണുകൾ നിറയുന്നത് അമ്മ കണ്ടു പിടിച്ചിരുന്നു…

നീ കരയുന്നോടാ പൊട്ടാ..അവളിങ്ങ് വരില്ലടാ നിന്നെപ്പോലെ ഒരു ചുണക്കുട്ടിയേയും കൊണ്ട് ..

ആ സ്നേഹ വാക്കുകൾ അസ്തമിക്കാൻ.

വർഷങ്ങൾ ഒന്നും വേണ്ടി വന്നില്ല .. കുറച്ചു ആഴ്ചകൾ മാത്രം.

മോനേ തുലാർഷപെയ്ത്താണല്ലോ..

അവളുടെ കാര്യമാലോചിക്കുമ്പോൾ പേടിയാവാ..

നീ നാളെയവിടം വരെ ഒന്നു പോണം എൻ്റെ മനസ്സിലെന്തോ .. വല്ലാത്ത ഒരു വിഷമം പോലെ…

ശരിയമ്മേ..

രാത്രി ഒരു പാട് വൈകി… ഒരു രണ്ടു മണിയോടടുക്കുമ്പോഴാണ് ഫോണടിച്ചത് ..

താൻ എഴുന്നേറ്റു വരുമ്പേഴേക്കും’ ഫോണുമായി അമ്മ സോഫയിൽ ഇരിപ്പുണ്ട് ചോദിച്ചതിനു ഒന്നും മിണ്ടുന്നുമില്ല..

അവസാനമായി ആ ചുണ്ടുകൾ മന്ത്രിച്ചു..

വേഗം. ചെല്ലടാ അവൾക്ക് വയ്യടാ..

അമ്മയോട് യാത്ര ചോദിക്കാൻ പോലും നിൽക്കാതെ ആ . പെരുമഴയത്ത് അവളുടെ വീട്ടിലേക്ക് വച്ചു പിടിക്കുമ്പോൾ തൻ്റെ അമ്മയിവിടെ നെഞ്ചുവേദനയിൽ മരണത്തോട് മല്ലിടുകയായിരുന്നുവെന്ന് താനറിഞ്ഞിരുന്നില്ല ….

അടഞ്ഞുകിടന്ന അവളുടെ വീട്ടിൽ ഏറെ നേരം ഒച്ചയുണ്ടാക്കിയതിനു ശേഷമാണ് വേലക്കാരി വാതിൽ തുറന്നത്.

അവരെല്ലാം ആശുപത്രിയിലാ..

കാര്യമന്വേഷിച്ച തന്നോട് വേലക്കാരി കണ്ണീരോടെ മനസ്സുതുറന്നപ്പോൾ .. അവളുടെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു ഇന്നു ഇവിടെ നടന്നതെന്ന് ചിന്തിക്കാൻ തനിക്ക് വെറും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ.. നനഞ്ഞൊട്ടിയ വേഷവുമായി ആശുപത്രിയിലേക്ക് ചെന്ന തന്നെ ഒരു കുറ്റവാളിയെ പോലെയാണയാൾ നോക്കിയത്….

എല്ലാം കൈവിട്ടു പോയി എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ അമ്മ തൻ്റെയടുക്കലിലേക്ക് ഓടി വന്നപ്പോൾ …

അയാൾ അവരെ കണ്ണുരുട്ടി ഭയപ്പെടുത്തുകയായിരുന്നു…

പിറക്കും മുൻപേ കൊന്നുകളഞ്ഞ തൻ്റെ മകനേയും .. മകനേ എന്നു സ്നേഹത്തോടെ വിളിച്ച തൻ്റെ അമ്മയുടെ മരണത്തിനു കാരണമായവരോട് പിന്നീടങ്ങോട്ട് പകയായിരുന്നു ..

ഒടുങ്ങാത്ത പക..

ഇന്നിതാ ഒമ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു ..

അവൾക്കു ഞാനും എനിക്കു അവളുമായി ഈ വീട്ടിൽ… ഒഴിഞ്ഞുകൂടിക്കഴിയുന്നു..

ഒരിക്കലും ഒരമ്മയാകാൻ കഴിയില്ലെങ്കിലും അവളുടെ മനസ്സിലെ ആ മാതൃസ്നേഹം..

താനൊരിക്കലും കാണാതെ പോകരുത് .. എത്ര വൃത്തികെട്ട സ്ത്രീയായാലും അമ്മക്ക് പകരം അമ്മ മാത്രമേ കാണു ..

കണ്ണുകൾ തുടച്ചു കൊണ്ട് തിരിച്ചു മുറിയിലേക്കു വരുമ്പോഴും നാളെ അമ്മയെ കാണാൻ പോയ്ക്കോളൂ എന്ന തൻ്റെ അനുവാദത്തിൽ മതിമറന്ന് ഉറങ്ങുകയാണ് .. ആ പാവം..

ആ നെറ്റിയിൽ ഒരുമ്മ കൊടുത്ത് അവളോട് ചേർന്നങ്ങിനെ കിടന്നപ്പോൾ ഒരു പൂച്ച കുട്ടിയെ പോലെ അവൾ ചുരുണ്ടു കൂടുകയായിരുന്നു ..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ശാരിലി ദേവൻ