കട്ടിലിലേക്ക് കയറി സിസിലിയെ ഉലഹന്നാൻ കെട്ടിപ്പിടിച്ചപ്പോൾ അവൾ തെന്നിമാറി കൊണ്ട് പറഞ്ഞു…

രചന : പെരുമ്പാവൂരുകാരൻ ഷെഫീക്ക്

ഉലഹന്നാന്റെ മൂന്നാമത്തെ ശ്രമം

❤❤❤❤❤❤❤❤❤❤

രണ്ടാമത്തെ കുട്ടിക്കുവേണ്ടിയുള്ള മൂന്നാമത്തെ ശ്രമത്തിനിടക്കാണ് ഉലഹന്നാന്റെയും ഭാര്യ സിസിലിക്കുട്ടിയുടെയും പുതപ്പിനിടയിലേക്ക് ഒരാൾ കടന്നു കയറിയത്..!

വലിയ വായിൽ കാറിക്കൊണ്ട് സിസിലിക്കുട്ടി പുതപ്പ് വലിച്ചു മാറ്റിയപ്പോൾ ഉലഹന്നാനും ഒന്നു പതറി..

“ശ്ശെ നാശം പിടിക്കാൻ ഈ പൂച്ച ”

സിസിലിക്കുട്ടിയുടെ മുരൾച്ച. രണ്ടു പേരുടെയും ഇടയിൽ ഉലഹന്നാൻ വളർത്തുന്ന പൂച്ച..

പൂച്ച അയാളെ നോക്കി മൂക്ക് ചൊറിഞ്ഞു നാവ് നുണഞ്ഞപ്പോൾ

ഉലഹന്നാൻ തല ചൊറിഞ്ഞു നാവ് കടിച്ചു.

“കർത്താവേ ഇതിന് ഇതു തന്നെയാണോ പണി..!

മനുഷ്യനെ ഒന്നിനും സമ്മതിക്കൂലല്ലോ.!”

അതും പറഞ്ഞ് അയാൾ ഭാര്യയെ നോക്കി.

സിസിലിക്കുട്ടി മുടിവാരിക്കെട്ടി ദേഷ്യത്തിൽ പറഞ്ഞു.

“ഉലുച്ഛായനോട് ഞാൻ പലവട്ടം പറഞ്ഞതാ ഇത്തവണ ലീവിന് ഞാൻ വരുമ്പോ ഈ സാധനത്തിനെ ഇവിടെ കാണരുതെന്ന്.. ”

അയാൾ അവളെയും പൂച്ചയെയും മാറി മാറി നോക്കുമ്പോൾ പൂച്ച അയാളെയും അവളെയും മാറി മാറി നോക്കുകയായിരുന്നു.സിസിലിയാണേൽ ഉലഹന്നാനേ മാത്രം നോക്കി ഒരു ദഹിപ്പിക്കുന്ന നോട്ടം. അയാൾ കട്ടിലിൽ നിന്നെഴുന്നേറ്റ് പൂച്ചയെ തൂക്കിയെടുത്ത് മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് വിട്ടു.

പൂച്ച അയാളുടെ കാലിൽ വട്ടം ചുറ്റി നിന്നപ്പോൾ ഉലഹന്നാൻ പൂച്ചയോട് പറഞ്ഞു.

“എന്റെ മംഗലശ്ശേരി നീലകണ്ടാ നീ പോ പോയി എവിടെലുമൊന്ന് ചുരുണ്ട് കൂട്”

ഉലഹന്നാന് രണ്ടു വർഷം മുമ്പ് കിട്ടിയതാണി പൂച്ചയെ.

അയാളുടെ പഞ്ചറൊട്ടിക്കുന്ന കടയുടെ അരികിലുള്ള കുറ്റികാട്ടിൽ കാക്കകൾ കൊത്തുന്ന ഒരു പൂച്ച കുഞ്ഞിനെ കണ്ടപ്പോൾ തോന്നിയ സഹതാപം അതിനെ സർവോപരി ദയാലുവായ അയാളുടെ വീട്ടിലെത്തിച്ചു.

നടക്കുമ്പോൾ ചെറിയൊരു സൈഡ് ചെരിവ് കണ്ടപ്പോൾ ഉലഹന്നാൻ പൂച്ചക്ക് പേരുമിട്ടു.

മംഗലശ്ശേരി നീലകണ്ടൻ. അതൊരു കണ്ടനും കൂടിയായിരുന്നു..

കട്ടിലിലേക്ക് കയറി സിസിലിയെ ഉലഹന്നാൻ കെട്ടിപ്പിടിച്ചപ്പോൾ അവൾ തെന്നിമാറി കൊണ്ട് പറഞ്ഞു

“എന്റെ മൂഡ് പോയി ഉലുച്ഛായ ഇന്നിനി എന്നെ നോക്കണ്ടാ. കിടന്നുറങ്ങാൻ നോക്ക്.”

ആ വാക്കുകൾ കർക്കിടത്തിലെ ഇടിവെട്ടിയുള്ള മഴപ്പോലെ തോന്നി അയാൾക്ക്.

“സിസുവെ ഇച്ഛായന്റ മൂഡ് പോയിട്ടില്ലാടി… ”

അതും പറഞ്ഞ് അയാൾ അവളെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ സിസിലിക്കുട്ടി ചീറി.

” ആ പൂച്ചയെ കൊണ്ടുപോയി കളയാതെ എന്റെ ശരീരത്തിൽ തൊടാൻ ഞാൻ സമ്മതിക്കുകേലാ..

ആനകുത്തിയാലും അവളുടെ പിടിവാശി മാറില്ലാന്ന് അയാൾക്ക് നന്നായിട്ടറിയാം.. ആ പൂച്ചയെ എന്തോ അവൾക്ക് കണ്ണെടുത്താൽ കണ്ടുകൂടാ..

മിക്കപ്പോഴും രാത്രി ഇടയിലോട്ടുള്ള അവന്റെ കടന്നുകയറ്റം കൂടി വന്നു കൊണ്ടിരുന്നു..

“അപ്പോ സിസുവെ ഇന്ന് നോ രക്ഷ ലേ.”

“അതെ ഇന്ന് നോ രക്ഷാ…”

“അങ്ങനെ പറയല്ലേ കൊച്ചേ രണ്ടു ദിവസം കഴിഞ്ഞാല് നിന്റെ ലീവ് തീരും ”

“അങ്ങനെ തന്നെ പറയും ഇച്ഛായ..”

സിസിലിക്കുട്ടി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ക്ലർക്കാണ്.

മൂന്നു ദിവസത്തെ അവധി കിട്ടിയതുകൊണ്ട് വീട്ടിലേക്ക് വന്നതാണ്. രണ്ടാമതൊരു കുട്ടിയും കൂടി വേണമെന്നത് ഈ അവധിക്ക് നടപ്പാക്കനിരുന്നതാണ്..

”മംഗലശ്ശേരി നീലകണ്ടാ നീ ചതിച്ചല്ലോടാ ”

എന്നും പറഞ്ഞ് ഉലഹന്നാൻ കമിഴ്ന്നടിച്ചു കിടന്നു..

പിറ്റെന്ന് പോത്തിറച്ചി കുരുമുളകിട്ട് വരട്ടിയതും പാലപ്പവും ഉലഹന്നാന് ഇറങ്ങിയില്ല പക്ഷേ താഴെയിരുന്ന് നീലകണ്ടൻ നല്ല തീറ്റയാണ്.

ഇടക്കിടക്കവൻ തീറ്റ നിർത്തി അയാളെ നോക്കും.

പാവം നീലൻ അവനറിയില്ലല്ലോ ഇത് ഈ വീട്ടിലെ അവസാനത്തെ ഭക്ഷണമാണെന്ന്. ഉലഹന്നാൻ ചിന്തിച്ചിരിക്കുമ്പേഴാണ് സിസിലിക്കുട്ടി ഒരു പ്ലാസ്റ്റിക്കിന്റെ സഞ്ചിയുമായ് വന്ന് നീലനെ എടുത്ത് അതിലേക്കിട്ടത്. അവനൊന്ന് പ്രതിഷേധിച്ചെങ്കില്ലും അത് വിജയിച്ചില്ലാ..

സഞ്ചിയും തൂക്കി ഉലഹന്നാൻ നടന്ന് പള്ളിമുക്ക് ജംഗ്ഷനിൽ എത്തിയപ്പോൾ അയാൾ പളളിയിലേക്ക് നോക്കി. പള്ളിക്കു മുന്നിലെ പ്രതിരൂപത്തിനു മുന്നിൽ ഉലഹന്നാൻ മുട്ടുകുത്തി..

“കർത്താവേ ഞാൻ വലിയ തെറ്റാണോ ചെയ്യുന്നതെന്നറിയൂകേല. എങ്കിലും ചങ്കിന്റെകത്തൊരു വിങ്ങല്.അങ്ങക്കറിയാലോ കുഞ്ഞിലെ കിട്ടിയാതാണിവനെ വളർത്തി നാലുകാലിൽ നിൽക്കാനുള്ള ത്രാണിയാക്കിയെടുത്തിട്ടുണ്ട്. ഇന്ന് ഇവനെ ഞാൻ കളയുകയാണ്.. ”

അയാൾ ഒന്ന് നിർത്തി സഞ്ചിയിലേക്ക് നോക്കി.

സഞ്ചിയിൽ നിന്നും നീലൻ തല പുറത്തേക്കിട്ട് കർത്താവിന്റെ തിരുരൂപത്തിലേക്ക് നോക്കൂന്നു..

അത് കണ്ട് ഉലഹന്നാൻ കർത്താവിനോട്.

“കണ്ടോ കർത്താവേ അവന് അങ്ങയോട് സ്നേഹമുണ്ട്. അവനെ നീ കാത്തോളണേ.പിന്നെ അവന്റെ പേര് മംഗലശ്ശേരി നീലകണ്ടൻ എന്നിട്ടതിൽ അങ്ങക്ക് എന്നോട് ദേഷ്യം തോന്നരുത്. അവൻ നല്ലൊന്നാന്തരം സത്യ ക്രീസ്ത്യാനിയും ദൈവഭയമുള്ളവനും ആണ്.. ”

പള്ളിയിൽ നിന്നിറങ്ങുമ്പോൾ മുന്നിൽ സേവ്യർ അച്ചൻ..

“എന്താണ് ഉലഹന്നാനേ വിശേഷിച്ച്… ”

“അത് അച്ചോ ഈ പള്ളിമുറ്റത്ത് ഒരു പൂച്ചക്കാല് ഓടി നടക്കണമെന്ന് കർത്താവിന് ഒരാഗ്രമുള്ളതായി ഇന്നലെയൊരു സ്വപ്നം കണ്ടു. ”

“അതു കൊണ്ട് ”

അച്ചൻ ചോദ്യരൂപേണെ അയാളെ നോക്കി.

“അപ്പോ ഞാൻ തേടിപിടിച്ച് നല്ലൊരു ലക്ഷണമൊത്ത ഐശ്വര്യമുള്ളൊരു പൂച്ചയെ ഇവിടെക്കായി കൊണ്ടു വന്നിട്ടുണ്ട് അച്ചോ…”

അതുകേട്ട് അച്ചൻ സഞ്ചിയിലോട്ട് നോക്കിയപ്പോൾ തല പുറത്തേക്കിട്ട് ഉലഹന്നാൻ കള്ളം പറയുന്നതാണെന്നർത്ഥത്തിൽ നീലൻ കണ്ണിറുക്കി കാണിച്ചു..

“മകനേ ഉലഹന്നാനേ അച്ചനോട് വേണ്ടാ നിന്റെ വേല കേട്ടാ.കഴിഞ്ഞ കുമ്പസാരത്തിൽ സിസിലി ഈ പൂച്ചയുടെ കാര്യം പറഞ്ഞിരുന്നു.. ”

“അടിപൊളി ! എന്നാ ഞാനങ്ങ്ട് പോകുകയാണ് അച്ചോ.. ”

ഉലഹാന്നനിൽ നിന്നൊരു വളിച്ച ചിരി മുഖത്തേക്കെത്തും മുന്നേ തോണ്ടി ഭണ്ഡാരത്തിനപ്പുറത്തേക്കിട്ട് അച്ചൻ നടന്നുപോയി..

ഉലഹന്നാൻ നടക്കുമ്പോൾ സഞ്ചിയിൽ നിന്നും തല പുറത്തേക്കിട്ട് നീലൻ തന്നിൽ നിന്നകന്നു പോകുന്ന വഴിയോര കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു. അയാളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞപ്പോൾ അതെന്താണെന്നറിയാൻ നീലൻ മറ്റ് കാഴ്ച്ചകളിൽ നിന്നും മുഖംമാറ്റി സൂക്ഷിച്ചു നോക്കി.

വഴിയരികിലെ തെങ്ങിനോടു ചേർന്ന് നിൽക്കുന്ന കള്ള് ഷാപ്പ്.ആർക്കോ കൊടുക്കാൻ എടുത്ത കള്ളും കുപ്പിയുമായ് പുറത്തേക്കിറങ്ങിയ തെക്കേലെ വറീത് ഉലഹന്നാനേ കണ്ടപ്പോൾ ശബ്ദമില്ലാതെ നോട്ടത്തിലൂടെ ചോദിച്ചു..

“ഉലഹന്നാനേ ഒരു കുപ്പി കള്ള് എടുക്കട്ടെ…”

നിരാശയോടെ ഉലഹന്നാൻ ശബ്ദമില്ലാത്ത മറു നോട്ടമെറിഞ്ഞു..

“സമയമില്ലാ വറീതേ.. ബസ് സ്റ്റാന്റിൽ എത്തണം.”

വറീതിന്റെ മുഖമൊരു നിരാശയുടെ കുഞ്ഞിനെ പെറ്റിട്ടു. ഷാപ്പിൽ കള്ളു കുടിച്ച് പൂസായ ചാക്കോ മാപ്പിളയുടെ ഡസ്കിൽ താളം പിടിച്ച് പാടുന്നൊരു കള്ളുപ്പാട്ട് കുറെ ദൂരം അയാളൊടൊപ്പം കൂട്ടിന് കൂടെ നടന്നു..

നിരന്ന് കിടക്കുന്ന ബസ്സുകളിൽ കോയമ്പത്തൂർ എന്ന് കണ്ട ബസ്സിൽ ഉലഹന്നാൻ കയറിപ്പറ്റി. സഞ്ചി സീറ്റിനടിയിലേക്ക് തള്ളി വെച്ചു.. പലതരം വർത്തമാനങ്ങളുമായ് ആളുകൾ ബസ്സിനകത്തേക്ക് കയറി വന്നുകൊണ്ടിരുന്നു.. ഒടുവിൽ ബസ്സനങ്ങി.

അയാളുടെ നെഞ്ചിടിക്കാൻ തുടങ്ങി.. കുറച്ചു ദൂരം പോയപ്പോൾ നീലൻ ചെറുതായൊന്ന് കരഞ്ഞു.

“മ്യാവു മ്യാവൂ.. ”

അതുകേട്ട് മുന്നിലിരുന്ന യാത്രക്കാരൻ തിരിഞ്ഞു നോക്കിയപ്പോൾ ഉലഹന്നാൻ പൂച്ചയുടെ ശബ്ദത്തിൽ കരഞ്ഞു കാണിച്ചു..

ഇയാൾക്കിതെന്തുപറ്റിയെന്ന ചോദ്യം അയാളുടെ മുഖത്ത് നിറഞ്ഞു..

ബസ്സ് കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ഉലഹന്നാൻ ഒച്ചയെടുത്തു..

“അയ്യോ വയറു വേദനിക്കുന്നേ.. വണ്ടി നിർത്ത്. എനിക്കിറങ്ങണം..”

ബസ്സിലുള്ളവർ അയാളെ നോക്കി. അയാൾ വയറു പൊത്തിയിരുന്നു.. ഒടുവിൽ ഉലഹന്നാനെ അവിടെയിറക്കി ബസ് നീലനെയും കൊണ്ട് കോയമ്പത്തൂർക്ക്.

സിസിലിക്കുട്ടിയുടെ ബുദ്ധിയായിരുന്നു. ദൂരെക്ക് പോകുന്ന ബസിൽ വേണം പൂച്ചയെ കയറ്റി വിടണമെന്നത്.

പഞ്ചറുകടയിലെ പണിക്കിടയിലും അയാൾക്കെന്തോ വല്ലാത്തൊരു മൗനമായിരുന്നു.

പിന്നെ സിസിലിക്കുട്ടിയോടൊപ്പമുള്ള സുന്ദര നിമിഷങ്ങളോർത്തപ്പോൾ മൗനം എങ്ങോട്ടോ പോയതയാൾ അറിഞ്ഞില്ല..

നേരം സന്ധ്യയോടടുത്തപ്പോൾ ഒരു പൊതി മുല്ലപ്പൂക്കളും വാങ്ങി ഉലഹന്നാൻ നേരെ വീട്ടിലേക്ക്.

കുളിച്ചൊരുങ്ങി നിൽക്കുന്ന സിസിലിയെ കണ്ടപ്പോൾ അയാളുടെ മനസ്സിലൊരു മഞ്ഞുമഴ പെയ്തു..

“മോളുറങ്ങിയോടീ… ”

“ഉം അവള് അമ്മച്ചിയോടൊപ്പം നേരത്തേ കിടന്നു..

കട്ടിലിൽ നിറയെ മുല്ലപ്പൂക്കൾ വിതറി ഉലഹന്നാൻ ആദ്യരാത്രിയെന്നപ്പോലെ സിസിലിക്കുട്ടിക്കുവേണ്ടി കാത്തിരുക്കുകയാണ്. ഇടക്ക് മുല്ലപ്പൂവും മണത്തു കൊണ്ടിരുന്നു.

ഒടുവിൽ സിസിലിയെയും കൊണ്ട് ഉലഹന്നാൻ പുതപ്പിനുള്ളിലേക്ക് അടുത്ത ശ്രമത്തിന് തുടക്കമിട്ടു

പെട്ടെന്ന് സിസിലിക്കുട്ടി കാറി കൂവി പുതപ്പ് മാറ്റി.ആ കാഴ്ച കണ്ട് അയാൾ വീണ്ടും പതറി.പുതപ്പിനകത്ത് രണ്ട് പൂച്ചകൾ! നീലനും കൂടെയൊരു കറുത്ത പൂച്ചയും.

നീലൻ എന്തോ പറയുന്നതുപോലെ ഉലഹന്നാന് തോന്നി.

“ഉലുവെ ഞങ്ങളെ അനുഗ്രഹിക്കണം വരുന്ന വഴിക്ക് എനിക്ക് കിട്ടിയ തമിഴത്തിയാ.”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : പെരുമ്പാവൂരുകാരൻ ഷെഫീക്ക്

Scroll to Top