എനിക്കിപ്പോഴും അശ്വിനെ ഇഷ്ടമാണ്. പക്ഷെ ഒന്നിച്ചു ജീവിക്കാനും പ്രണയിക്കാനും പറ്റില്ല എനിക്ക്…

രചന : Ammu Santhosh

കാഴ്ചപ്പാടുകൾ

❤❤❤❤❤❤❤❤❤❤❤❤

“ഡാ ഒന്ന് എണീറ്റെ ”

തട്ടി വിളിക്കുന്നത് അശ്വിൻ തന്നെ ആണെന്ന് വിപിന് അറിയാം. കുറച്ചു ദിവസങ്ങൾ ആയി ഇത് പതിവാണ്. ഇവനും ശില്പയും തമ്മിൽ പ്രണയത്തിലായി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ യുദ്ധം തുടങ്ങിയതാണ്. അവരുടെ വഴക്കിനിടയ്ക്ക് നഷ്ടപ്പെടുന്നത് തന്റെ മനസമാധാനമാണെന്ന് ഇവനെന്താ ഓർക്കാത്തത്..

“എന്റെ പൊന്ന് അശ്വിനെ.. ഇന്നലെ ഓഫീസിൽ നിന്ന് ലേറ്റ് ആയിട്ടാ വന്നത്.. ഉറങ്ങിയപ്പോൾ ഒരു മണിയായി. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെടാ ”

“എന്നാ പിന്നെ ഞാൻ ചത്തു കഴിഞ്ഞു നീ ഉണർന്നാൽ മതി ”

അവന്റെ വാശി നിറഞ്ഞ സംസാരം കെട്ട് വിപിൻ പുതപ്പ് മാറ്റി എഴുനേറ്റിരുന്നു

“നീ ചാകാൻ പോകും മുന്നേ യാത്ര പറയാൻ വന്നതാണോടാ ഉവ്വേ.. ഇന്ന് എന്താ പ്രശ്നം?”

“പ്രശ്നങ്ങൾ ഒക്കെ തീർന്നു അത് പറയാൻ വന്നതാ.”

“ആഹാ ബെസ്റ്റ്.. അത് ഫോൺ ചെയ്തു പറഞ്ഞാൽ പോരാരുന്നോ… എന്നെ എന്തിനാടാ ഇങ്ങനെ പെടാപ്പാട് പെടുത്തണേ ”

“ഞാനും ശില്പയും തമ്മിൽ പിരിഞ്ഞു. അവൾ ബ്രേക്ക്‌ അപ്പ്‌ ആകാൻ പോവാന്ന് പറഞ്ഞു..

അവൾ എന്നെ തേച്ചെട ”

“ദേ ഒന്ന് അങ്ങ് വെച്ച് തരും.. ഈ തേച്ചു തേച്ചു എന്ന് കേൾക്കുന്നത് തന്നെ എനിക്ക് കലിയാ..

എന്തോന്ന് തേപ്പ്. തുണിയാണോ തേയ്ക്കാൻ.

പ്രണയത്തിന് ഒരന്തസ്സ് ഇല്ലെടാ ”

“അവളുടെ പ്രണയത്തിനില്ല.. നീ പറഞ്ഞ സാധനം. അവൾക്ക് വേറെ ആരെങ്കിലും കാണും..

മിക്കവാറും രാത്രി ഓൺലൈനിൽ കാണുന്നുണ്ടിപ്പോ.ചോദിച്ച പറയും ജോലിക്കുള്ള പ്രിപറേഷൻ ആണെന്ന്. ഒക്കെ നുണയാ..”

വിപിന് സത്യത്തിൽ അവനിട്ടു ഒന്ന് കൊടുക്കണം എന്നാ തോന്നിയത്

“ഞാൻ ഒന്ന് പല്ല് തേച്ചു കുളിച്ചിട്ട് വരുന്ന വരെ ക്ഷമ ഉണ്ടാവോ നിനക്ക്?”

അവൻ തൊഴുതു

“ഉം ”

വിപിൻ കുളിച്ചു വേഷം മാറി വന്നപ്പോഴും അവൻ അതെ ഇരിപ്പ് ഇരിക്കുവാണ്

“എടാ നീ വന്നേ ഒരു ചായ കുടിച്ചേ.. അമ്മയോട് മിണ്ടിയില്ലേ നീയ്‌.. വാ വിശക്കുന്നു വല്ലോം കഴിക്കാം”

“ഞാൻ നിന്റെ ദോശ തിന്നാൻ വന്നതല്ല…

എനിക്ക് വയ്യ… നീ അവളോട് ഒന്ന് സംസാരിക്കാമോ.. എനിക്ക് അവളില്ലാത്ത ഒരു ജീവിതം പറ്റില്ലടാ “അശ്വിൻ ദേഷ്യത്തിൽ പറഞ്ഞു

“ഞാനോ? ഞാൻ ഈ ടൈപ്പ് ചീള് പ്രേമകാര്യത്തിൽ ഇടപെടുകേല… കണ്ടിട്ടുണ്ടെന്നല്ലാതെ അവളോട് ഞാൻ ഇത് വരെ മിണ്ടിട്ട് കൂടിയില്ല. ഞാൻ ചെന്നു ചോദിക്കണം അവൾ വല്ലോം പറയണം.. ഞാൻ നാണം കെടണം. എനിക്ക് വയ്യ “വിപിൻ കൈ മലർത്തി

അശ്വിൻ കണ്ണ് നിറച്ച് അവനെ ഒന്ന് നോക്കി

“ശരിയാ നീ നാണം കെടേണ്ട

ഞാൻ ആരാല്ലേ.? എനിക്കൊരു അനിയൻ ഉണ്ടാരുന്നെങ്കിൽ…”

“മതി മതി സെന്റി… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം അവൾ എന്നെ വല്ലോം പറഞ്ഞാൽ നിന്നേ ഞാൻ ഇടിക്കും നല്ല ഇടി ഇടിക്കും ഉറപ്പ്

വിപിൻ പറഞ്ഞത് കെട്ട് കണ്ണൊക്കെ തുടച്ചു അശ്വിൻ ചിരിച്ചു

“അവന്റെയൊരു കള്ളക്കരച്ചില്.. വാ കഴിക്കാൻ പോവാം ”

വിപിന്നവനെ വലിച്ചെഴുനേൽപ്പിച്ചു

ഒന്ന് കാണാൻ പറ്റുമോ എന്ന് വിപിൻ ചോദിച്ചപ്പോൾ ശില്പ എതിരൊന്നും പറഞ്ഞില്ല.

ട്യൂഷൻ ഉണ്ട് ചേട്ടാ അത് കഴിഞ്ഞു ലൈബ്രറിയുടെ മുന്നിൽ വരാം എന്ന് മാത്രം പറഞ്ഞു

കുറച്ചു നേരമെ അവന് കാത്തു നിൽക്കേണ്ടി വന്നുള്ളൂ

നിറം മങ്ങിയ കോട്ടൺ ചുരിദാറിന്റെ ഷാൾ ഒന്ന് നേരെയിട്ട് കാറ്റിൽ പറന്ന മുടിയൊക്കെ ഒതുക്കി അവൾ ബസ് ഇറങ്ങി നേരേ അവനരികിലേക്ക് വരുന്നത് നോക്കി നിൽക്കെ അശ്വിൻ പറഞ്ഞതൊന്നും സത്യമല്ല എന്ന് വിപിന് തോന്നി

ശില്പ പുഞ്ചിരിച്ചു

“എന്നെ അറിയാമല്ലോ ശിൽപക്ക്?”

അവൻ വെറുതെ ചോദിച്ചു

“അറിയാം ചേട്ടാ അശ്വിൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്.

ചേട്ടൻ വന്നത് എന്തിനായിരിക്കും എന്ന് അറിയാമെനിക്ക് ”

“അവനൊരു ബഹളം ഒക്കെ ഉണ്ടെന്നേ ഉള്ളു പാവാ. ഒറ്റ മോനായി വളർന്നതിന്റ ഒരു ലാളന കൂടുതൽ ഉണ്ട്.. കുറച്ചു പൊസ്സസ്സീവ് ആണ്. ഈ എന്നോട് പോലും ഉണ്ട്.. നിങ്ങൾ തമ്മിലുള്ള പ്രശ്നം എനിക്ക് അറിയില്ല.. ഇതൊക്കെ ആവും എന്ന് ഞാൻ ഊഹിച്ചതാ ”

“ചേട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”

പെട്ടെന്ന് ശില്പ ചോദിച്ചു

“ഇല്ല..”അവൻ പെട്ടെന്ന് പറഞ്ഞു

“എന്നാ ചേട്ടൻ ലക്കി ആണ് “ശില്പ ചിരിച്ചു

“അതെന്താ?”അവൻ അമ്പരപ്പിൽ ചോദിച്ചു

“നമ്മുടെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടുന്ന ഒരു അവസ്ഥ ചേട്ടൻ ആലോചിച്ചു നോക്കു. നമ്മുടെ കോൺടാക്ട്സ് മറ്റൊരാൾ നിയന്ത്രിക്കുന്നു.

നമ്മുടെ വേഷത്തെ, ഭാഷയെ യാത്രകളെ, നമ്മുടെ ഹോബി, നമ്മുടെ ഇഷ്ടം, സന്തോഷം ഒക്കെ വേറെയൊരാൾ നിയന്ത്രിക്കുകയാണ്.. ഊഹിച്ചു നോക്കിക്കേ.. നരകം ആണ് ചേട്ടാ അത്..”

“കുറച്ചു ഒക്കെ സ്നേഹം കൊണ്ടല്ലേ?”

“അത് സ്നേഹം അല്ല കീഴടക്കലാണ്.. ഞാൻ അശ്വിന്റെ അടിമ അല്ല.. ചേട്ടനോട് സത്യം പറയാമല്ലോ എനിക്കിപ്പോഴും അശ്വിനെ ഇഷ്ടം തന്നെ ആണ്. പക്ഷെ ഒന്നിച്ചു ജീവിക്കാനും പ്രണയിക്കാനും എനിക്ക് പറ്റില്ല. എനിക്ക് പഠിക്കാൻ ഉണ്ട്.ഞാൻ ഒരു പാവപ്പെട്ട വീട്ടിലെ കൊച്ചാ ചേട്ടാ.

അപ്പൊ ചോദിക്കും പിന്നേ എന്തിന് പ്രേമിക്കാൻ പോയിന്നു.പഠിച്ചാ പോരെ എന്ന്. ഇഷ്ടം തോന്നുന്ന ഒരാൾ.. നമ്മളോട് വന്നു ഇഷ്ടം ആണെന്ന് പറയുമ്പോ കല്ല് ഒന്നുമല്ലല്ലോ ഹൃദയം.. സ്നേഹിച്ചു പോയി.. പക്ഷെ ഇടം വലം തിരിയാൻ സമ്മതിക്കില്ല. എന്റെ റിലേറ്റീവ്സിന്റെ വീട്ടിൽ പോകാൻ പോലും അനുവാദം വാങ്ങണം. എന്താ ചേട്ടാ അത്? എന്റെ ജീവിതം അല്ലെ?”

വിപിന് വാക്കുകൾ കിട്ടുന്നില്ലായിരുന്നു

“ഇങ്ങനെ ഒന്നും എനിക്കിഷ്ടമല്ല എന്ന് പറഞ്ഞാൽ പറയും എനിക്ക് വേറെ ആളുണ്ടെന്ന്. പകൽ മുഴുവൻ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി അത് കഴിഞ്ഞു മൂന്നാല് വീട്ടിൽ ട്യൂഷൻ എടുക്കുന്നുണ്ട്.

രാത്രി ആണ് കുറച്ചു നേരം പഠിക്കാൻ കിട്ടുന്നത്.

അന്നേരം ഓൺലൈനിൽ കുറച്ചു വായിക്കും ടെസ്റ്റ്‌ ഒക്കെ എഴുതി നോക്കും യൂട്യൂബിൽ വീഡിയോസ് ഒക്കെ ഉണ്ടല്ലോ ഇപ്പൊ… അതിനാണ് ബഹളം..

എനിക്ക് ടെൻഷൻ വന്നാൽ പഠിക്കാൻ പറ്റില്ല..

ഞാൻ പലതവണ പറഞ്ഞു.. ഒരു പ്രയോജനം ഇല്ല. വളരേ ആലോചിച്ചു.. ശരിയാവില്ല. ഇതിന്റെ പേരില് എന്നെ തേപ്പുകാരി എന്ന് വിളിക്കുമായിരിക്കും സാരമില്ല. എന്നെ പോലെ കുറെ തേപ്പുകാരികൾ ഉണ്ട്. ഇത് പോലെ ആണുങ്ങൾ തുടങ്ങിയാൽ തേച്ചു പോകുന്നതാ.. അല്ലാതെ വേറെ ആൾ ഉണ്ടായിട്ടല്ല. ചേട്ടൻ അശ്വിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്ക്.. എന്റെ ലക്ഷ്യം ജോലിയാണ്.. എന്റെ വീട്ടുകാരുടെ സെക്യൂരിറ്റി ആണ്. അത് കഴിഞ്ഞേ ഉള്ളു എനിക്ക് പ്രണയം.. പോട്ടെ ചേട്ടാ.. വൈകിയ അച്ഛൻ പേടിക്കും ഹാർട്ടിനു ഒരു സർജറി കഴിഞ്ഞിരിക്കുവാ..”

അവൾ ഒന്ന് നടന്നിട്ട് തിരിച്ചു വന്നു

“അശ്വിൻ ചേട്ടന് ജീവിതത്തിന്റെ പ്രയാസം അറിഞ്ഞൂടാ അതാണ്.. എനിക്ക് അതെ അറിയാവുള്ളൂ.

അതിന്റെ ഒരു വ്യത്യാസം ഉണ്ട്..”അവൾ പുഞ്ചിരിച്ചു

“പോട്ടെ ചേട്ടാ ”

അവൾ നടന്നു നീങ്ങുന്നത് കാണെ അവന്റെ ഉള്ളിൽ ബഹുമാനം നിറഞ്ഞു.

“നല്ല പെണ്ണ് “അവൻ മന്ത്രിച്ചു

“നീ അത് വിട്ടേക്ക് അശ്വിൻ അവൾക്കൊരുപാട് പ്രശ്നങ്ങൾ ഉണ്ട്.. നീ അത് മറക്കു ”

വിപിൻ അശ്വിനോട് പറഞ്ഞു

“അത് ശരി അവൾ പറയുന്നത് കേട്ട് ഇങ് പൊന്ന് ല്ലേ.. എടാ മുഴുവൻ കള്ളം ആണെടാ… ഞാൻ പറഞ്ഞതാ ജോലിക്ക് ഒന്നും ശ്രമിക്കേണ്ട എനിക്കിഷ്ടം പോലെ കാശുണ്ട് എന്നൊക്കെ.

അപ്പൊ അവൾക്ക് പറ്റുകേല.. പെണ്ണ് എന്ന വർഗത്തെ വിശ്വസിക്കാൻ പറ്റുകേല.. നീ നോക്കിക്കോ ഞാൻ അവളെ വെറുതെ വിടുകേല.. നോക്കിക്കോ. കൊല്ലും ഞാനവളെ “അവൻ വൈരാഗ്യത്തിൽ പറഞ്ഞു

ഒറ്റ അടി കൊടുത്തു വിപിൻ.. അവൻ നടുങ്ങി മുഖം പൊത്തിയപ്പോൾ കൈ വീശി ഒന്നുടെ കൊടുത്തു

“ആണിന്റെ വില കളയാൻ ഇറങ്ങിയിരിക്കുന്ന ശവം.. എടാ ആ പെണ്ണ് ജീവിതത്തിൽ വളരെയധികം സ്വപ്‌നങ്ങൾ ഉള്ളവളാ. നല്ല വ്യക്തമായ കാഴ്ചപ്പാട് ഉള്ളവളാ. വേറെ വല്ലാരും ആയിരുന്നു എങ്കിൽ നിന്റെ കാശു കൊണ്ട് അടിച്ചു പൊളിച്ചു നടന്നേനെ.. അവൾ അന്തസ്സ് ഉള്ള പെണ്ണാ.. നിന്നേ പോലെയുള്ള ആണുങ്ങൾക്കു പെണ്ണ് എന്ന് പറഞ്ഞാൽ എന്താ? ഒരു കളിപ്പാട്ടം.. പെണ്ണ് അതല്ല ഏതെങ്കിലും മനസിലാക്കു.. ഇനി നീ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ എന്നെ പ്രതീക്ഷിക്കണ്ട ഒന്നിനും ”

വിപിൻ വാശിയോടെ പറഞ്ഞു നടന്നു തുടങ്ങി

“എടാ പോവല്ലേ എടാ..”എന്ന് വിളിച്ചു കൊണ്ട് അശ്വിൻ അവന്റെ പിന്നാലെ ചെന്നു

“അപ്പനെയും അമ്മയുടെയും കാശ് കൊണ്ട് ജീവിക്കാതെ പണിയെടുക്ക്. ജോലി ചെയ്യ്..

അപ്പൊ നിനക്ക് ഇമ്മാതിരി വേണ്ടാത്ത ചിന്ത ഒന്നും ഉണ്ടാവില്ല ”

അശ്വിൻ മെല്ലെ തല കുലുക്കി

“പോവാം ”

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വിപിൻ. അശ്വിൻ അവന്റെ പിന്നിൽ കയറി

“എന്നെ തിരിച്ചു തല്ലാഞ്ഞത് എന്താ?”

അവൻ അശ്വിനോട് ചോദിച്ചു

“സ്നേഹം ഉള്ളത് കൊണ്ട് ”

അവൻ പറഞ്ഞു

വിപിന്റെ കണ്ണ് ഒന്ന് നിറഞ്ഞു

“അപ്പൊ അവളെയും ഇനി ഉപദ്രവിക്കരുത്.. സ്നേഹം ഉണ്ടായിരുന്നു എങ്കിൽ..

“ഇല്ല… പ്രോമിസ് ”

അശ്വിൻ അവന്റെ തോളിലേക്ക് തല ചായ്ച് വെച്ചു

വിപിൻ കണ്ണാടിയിലൂടെ അവനെ നോക്കി പുഞ്ചിരിച്ചു

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Ammu Santhosh