നീയും അനിതയും തമ്മിൽ എന്താ ബന്ധം, പലരും പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല, പക്ഷെ ഇന്ന് നേ-രിട്ട് ക-ണ്ടു

രചന : ഷിദ്ധു സുരേഷ്

പുതപ്പ് തല വഴി മൂടിയിട്ടും തണുപ്പ് മാറത്തത് എന്തേ എന്ന് ആലോചിച്ച് കണ്ണു തുറന്നപ്പോഴാണ് രേണു അടുത്തില്ലെന്ന് മനസിലായത്..

പുതപ്പ് മേലേ നിന്നും മാറ്റി പതിയെ കട്ടിലിൽ നിന്നും എണീറ്റു. കണ്ണ് രണ്ടും ഉറക്കത്തിന്റെ പിടിയിൽ നിന്നും വിട്ടിട്ടില്ലായിരുന്നു.ആ ഇരുണ്ട വെളിച്ചത്തിൽ ജനലരികിൽ ഒരു നിഴലനക്കം കണ്ടു

അത് അവളായിരുന്നു.. രേണു.

എന്തെടോ… തനിക്ക് നാളെ ജോലിയില്ലേ??

ഞാൻ എണീറ്റത് അവൾ അറിഞ്ഞിരുന്നില്ല അതായിരിക്കാം പ്രതീക്ഷിക്കാതെയുള്ള എന്റെ ചോദ്യം അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയത്‌. അവൾ മറുപടി ഒന്നും പറയാതെ അങ്ങനെ തന്നെ നിന്നു.

രേണു.. നീ ഉറങ്ങുന്നില്ലെങ്കിൽ വേണ്ട ആ ജനൽ എങ്കിലും അടയ്‌ക്കൂ..പുറത്ത് നിന്ന് വീശുന്ന തണുത്ത കാറ്റ് കാരണം ഉറങ്ങാൻ പറ്റുന്നില്ല.. !!

ഷിദ്ധു….ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ??

അവളുടെ ആ ചോദ്യത്തിൽ എന്തോ ഒരു ഗൗരവം അടങ്ങിയിരുന്നു.

ഇപ്പോഴോ…ഈ പാതിരാത്രിക്ക് തന്നെ നിനക്ക് ചോദിക്കണോ.. നീ ഒന്ന് പോയേ.. എനിക്ക് ഉറങ്ങണം..

നീയും അനിതയും തമ്മിൽ എന്താ ബന്ധം.. എനിക്കറിയണം..?? നിലാവിന്റെ വെളിച്ചത്തിൽ ഞാൻ അവളുടെ മുഖം അപ്പോഴാണ് ശ്രദ്ധിച്ചത്. ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു.

നീ എന്തൊക്കെയാണ് ഈ പറയുന്നത്.. ഞാനും അനിതയും തമ്മിൽ എന്ത് ബന്ധം??

“എന്റെ മുമ്പിൽ നീ വെറുതെ പൊട്ടൻ കളിക്കരുത്..പലരും പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചിരുന്നില്ല. ഇന്ന് ഞാൻ നേരിട്ട് കണ്ടു.”

ദേഷ്യം കാരണം മുഷ്ടി ചുരുട്ടി കൊണ്ടാണ് അവൾ പറഞ്ഞത്.

നീ എന്ത് കണ്ടുവെന്ന രേണു പറയുന്നത്..??

“എന്റെ മക്കളെ പോലും ആ മൂധേവി വശീകരിച്ചു വെച്ചിരിക്കുകയാണ്.. “അവളിലെ ദേഷ്യം കൂടി കൂടി വരുകയായിരുന്നു.

രേണൂ….മതി നിർത്ത്. ബാക്കി നമ്മുക്ക് നാളെ സംസാരിക്കാം..

ഓ.. അവളെ പറഞ്ഞപ്പോഴേക്കും നിനക്ക് അങ്ങ് കൊണ്ടുവല്ലേ. അവളുടെ കെട്ടിയവന് കുട്ടികൾ ഉണ്ടാക്കാൻ കഴിവില്ലെങ്കിൽ എന്റെ കെട്ടിയവനെയും മക്കളെയും ആണോ പിടിച്ചു വെക്കേണ്ടത്.

രേണൂ നിനക്ക് ഇപ്പോ എന്ത് പറഞ്ഞാലും മനസിലാവില്ല.. കാരണം നിന്റെ മനസ് നിറച്ചും വിഷമാണ്. എനിക്ക് എന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല.

അതേ.. ഇപ്പോ എന്റെ മനസിലാണല്ലോ വിഷം.

ഇന്ന് ഞാൻ കണ്ടു ബീച്ചിൽ അവളും നിങ്ങളും പിള്ളേരും ചേർന്ന് നടത്തിയ അഭ്യാസങ്ങൾ…

കഴിഞ്ഞോ.. നിന്റെ പുതിയ കണ്ടു പിടുത്തങ്ങൾ ഒക്കെ…. ബെഡിൽ ആഞ്ഞടിച്ചുകൊണ്ട് അവളോട്‌ ഞാൻ ചോദിച്ചു.

നിങ്ങൾ അവളുടെ കൂടെ പോവുകയാണെങ്കിൽ പൊക്കോ പക്ഷേ എനിക്ക് എന്റെ മക്കളെ വേണം.

അതിന് എങ്ങനാ അവൾ എന്റെ മക്കളെയും മയക്കിയിരിക്കുകയല്ലേ. ഇപ്പോ എന്റെ മക്കളെ കൊണ്ട് മമ്മി എന്നല്ലേ അവൾ വിളിപ്പിക്കുന്നത്.

പുച്ഛത്തോടെയാണ്.. അവൾ പറഞ്ഞു നിർത്തിയത്.

ഞാൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു. എനിക്ക് അവളോട്‌ ദേഷ്യത്തിനേക്കാൾ ഉപരി സഹതാപമാണ് തോന്നിയത്.മെല്ലെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

രേണു.. നീ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത്..

അവൾ മറുപടിയില്ലാതെ എന്റെ മുഖത്ത് തന്നെ നോക്കിനിൽക്കുകയായിരുന്നു

ഞാൻ നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതി പറയാതെ ഇരുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അത് പറയാൻ ഇപ്പോഴാണ് ശരിയായ സമയം എന്ന് എനിക്ക് തോന്നുന്നു..

കണ്ണും കാതും ഒരു പോലെ കൂർപ്പിച്ചുകൊണ്ട് എന്നെ നോക്കി..

നമ്മൾ രണ്ടുപേരും നമ്മുടെ ജീവിതം മാത്രമാണ് നോക്കി നടന്നത്. കാലത്ത് എണീറ്റ് കുട്ടികൾക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി കഴിപ്പിച്ചു ക്ലാസ്സിലേക്ക് വിട്ടയക്കുന്നു.

നമ്മളും ജോലിക്ക് പോവുന്നു…വൈകീട്ട് വന്ന് വീട്ടിലെ ജോലി നോക്കുന്നു. ഉറങ്ങുന്നു..

അതിനിടയിൽ അവർക്ക് പറയാനുള്ളതോ..

അവരോടൊപ്പം അഞ്ചു മിനിറ്റ് ചെലവ് അഴിക്കാനോ നമ്മുക്ക് സമയമുണ്ടായിരുന്നില്ല. കുറച്ചു വൈകീട്ട് ആണെങ്കിലും അതൊക്കെ എന്റെ ശ്രദ്ധയിൽപ്പെട്ടു.

അവർ നമ്മുക്കിടയിൽ ശ്വാസമുട്ടിയാണ് ജീവിച്ചിരുന്നത്.. ഒരു ജയിൽവാസം പോലെ അവർക്ക് ഇത്തിരി ആശ്വാസമായിക്കോട്ടെ എന്ന് കരുതിയാണ് അന്ന് ഒരു ദിവസം അവരെയും കൂട്ടി ബീച്ചിലേക്ക് പോയത്..അന്ന് അവിടെ അനിതയും ഹസ്ബൻഡ് ഗിരിയുമുണ്ടായിരുന്നു…

നീ നേരത്തെ പറഞ്ഞില്ലേ അവളുടെ കെട്ടിയവന് കുട്ടികൾ ഉണ്ടാക്കാൻ കഴിവില്ലെന്ന്.. അയാൾക്ക് അല്ല അവൾക്കായിരുന്നു പ്രശ്നം.. ആ വിഷമം മറക്കാൻ രണ്ടുപേരും അവിടെക്ക് വന്നത്..

അന്നും നിനക്ക് ജോലി തിരക്കയായിരുന്നു. ഒരു അച്ഛന്റെയും അമ്മയുടെയും സാമിപ്യം നമ്മുടെ മക്കൾക്കും മനസ് തുറന്നു സ്നേഹിക്കാൻ കുട്ടികൾ അവർക്കും ആവശ്യമായിരുന്നു.

ഞാൻ അവരെ അവർക്ക് വിട്ട് കൊടുത്തു..

കാരണം അവർ നമ്മളിൽ നിന്ന് ഒരുപാട് അകന്നിരുന്നു. അത് വെറുപ്പില്ലേക്ക് എത്താതെ ഇരിക്കാൻ എനിക്ക് ഇതേ ഒരു മാർഗം ഉണ്ടായിരുന്നുള്ളു.

നിന്നോട് ഇതിനെ കുറിച്ച് സംസാരിക്കാൻ വരുമ്പോഴെല്ലാം നിനക്ക് തിരക്കായിരുന്നു. നിന്റെ തിരക്കുകൾ എനിക്ക് മനസിലാവും പക്ഷേ അവർക്ക് അതറിയില്ലലോ.. അവർ കുട്ടികൾ അല്ലേ.!!

ഇന്ന് ഗിരി അവർക്ക് പപ്പയും അനിത അവര്ക്ക് മമ്മിയുമാണ്.. അത് ഞാനോ അവരോ പറഞ്ഞു പഠിപ്പിച്ചതല്ല.. അവർ ഇഷ്ടം കൊണ്ട് വിളിക്കുകയാണ്‌.ഇപ്പോ ഞാൻ ശ്രമിക്കുകയാണ് അവർക്ക് നല്ല ഒരു അച്ഛനാവാൻ..

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ എന്നെ നോക്കി പറഞ്ഞു.

എന്നാലും പത്തുമാസം അവരെ ചുമന്ന് പ്രസവിച്ച എന്നെ അവർക്ക് എങ്ങനെ തള്ളി കളയാനാവില്ല…

അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

“പത്തുമാസം..!! എങ്ങനെ പത്തുമാസം ചുമന്ന് പ്രസവിച്ച അല്ലേ.. രേണു നിനക്കിത് എങ്ങനെ മുഖത്ത് നോക്കി പറയാൻ പറ്റുന്നേ.. നീ ഒരു കാര്യം മനസിലാക്കണം പ്രതിഫലം ആഗ്രഹിച്ചു ചെയ്യുന്ന ഏതൊരു പ്രവർത്തിയും അത് സ്വാർത്ഥത തന്നെയാണ്..അതിലൊരു നന്മയുമില്ല. അതിൽ ഈ പത്തുമാസകണക്കും പെടും.. നീ ഒരിക്കലും മക്കളോട് പത്തുമാസത്തിന്റെ കണക്ക് പറയരുത്.

ചെലപ്പോ നമ്മുക്ക് അടിമയായി ഇരിക്കാനാണ് അവരെ ജനിപ്പിച്ചതെന്ന് അവർക്ക് തോന്നും.

നാളെ ഇനി നമ്മളെ നോക്കിയതിന്റെ കണക്ക് അവർ തിരിച്ചു പറഞ്ഞാൽ നമ്മൾ കേട്ടോണ്ടിരിക്കാനേ പറ്റൂ. കാരണം കണക്ക് പറയാൻ പഠിപ്പിച്ചത് നമ്മൾ തന്നെയാണല്ലോ. അവർക്ക് ഇന്ന് ആവശ്യം ഒരു അമ്മയുടെ സ്നേഹമാണ്..

അത്‌ ഓരോ ഞയറാഴ്ച്ചയും അനിത നൽകുന്നുണ്ട്. പോവണ്ടാന്ന് പറയാൻ എനിക്കാവില്ല..

പിന്നെ ഇന്ന് ബീച്ചിലേക്ക് ഗിരിക്ക് വരാൻ പറ്റില്ലെന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ അനിതയ്ക്ക് കുട്ടികളെ കാണാതെ ഇരിക്കാൻ ആവില്ല…അതുകൊണ്ട് കുട്ടികളെ ഒന്ന് അവളെ കൊണ്ട് കാണിച്ചുകൊടുക്കുമോ എന്ന് ഗിരി എന്നോട് ചോദിച്ചു.. കുട്ടികൾക്കും അത്‌ ഇഷ്ടമായിരുന്നു.

അതുകൊണ്ട് ഞാൻ കൊണ്ട് പോയി..

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു കുറ്റവാളിയെ പോലെ അവൾ തലകുനിച്ച് ഇരിക്കുകയായിരുന്നു.

പറഞ്ഞത് ഇത്തിരി കടന്ന് പോയോ എന്ന ചിന്ത എന്നെ അലട്ടി തുടങ്ങി..

“രേണൂ.. സോറി ഞാൻ പെട്ടെന്ന് ദേഷ്യത്തിൽ…സോറി.. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല. എനിക്കറിയാം ഈ ജോലി നിന്റെ സ്വപ്നമാണെന്ന്.. പക്ഷേ ചില കാര്യങ്ങൾ.. !!

“വേണ്ട..ഷിദ്ധു.. എനിക്ക് മനസിലാവും. കരഞ്ഞുകൊണ്ടാണ് അവളത് പറഞ്ഞത്.

പക്ഷേ ഷിദ്ധു…ഇത് ഒരുപാട് വഷളാവുമുമ്പേ എന്നോട് പറയായിരുന്നു. നീ പറഞ്ഞത് ശരിയാണ് പത്തുമാസകണക്ക് കൊണ്ട് ഞങ്ങൾ അവരെ പഠിപ്പിക്കുന്നത്…എന്റെ ഔദാര്യമാണ് നിങ്ങളുടെ ജീവിതമെന്നാണ്…അതുകൊണ്ട് നീ എന്നെ നോക്കണം അല്ലെങ്കിൽ സ്നേഹിക്കണം.. ശരിക്കും സ്വാർത്ഥത തന്നെയാണല്ലേ..നമ്മുടെ കുട്ടികൾ അനിതയെ മമ്മി എന്ന് വിളിക്കുന്നതിനേക്കാൾ ഇഷ്ടത്തോടെ അമ്മയെന്ന് എന്നേ വിളിക്കും.. ഞാൻ വിളിപ്പിക്കും..

പറഞ്ഞു തീർന്നതും പെട്ടെന്ന് അവളുടെ കൈ എന്റെ കൈയിൽ മുറുക്കി പിടിച്ചുകൊണ്ട് ചേർന്നു ഇരുന്നു.

ഇത്രയും തെറ്റുകൾ എന്റെ വശത്ത് ഉണ്ടായിട്ടും നിന്നെ സംശയിച്ചിട്ടും… എന്നോട് ഇപ്പോഴും ദേഷ്യം തോന്നുന്നില്ലേ..

ഇല്ലെന്ന് ഞാൻ തലയാട്ടി..

അതെന്താ…???

നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നാലും ഇത് തന്നെയാണ് ചെയ്യുക… സാഹചര്യമാണ് നമ്മളെ ഓരോ വേഷം കെട്ടിക്കുന്നത് അതുകൊണ്ട് നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഷിദ്ധു സുരേഷ്