ഓ കാമുകിയെ പറയുമ്പോൾ നിങ്ങൾക്ക് നൂറ് നാവാണല്ലോ, എന്നാൽ പിന്നെ അവളെ കൂ-ടെ പൊ-റുപ്പിച്ചോ

രചന : സന്തോഷ് അപ്പുക്കുട്ടൻ

നിധി നഷ്ടപ്പെട്ടവൻ

❤❤❤❤❤❤❤❤❤

“ഈ കുട്ടിയല്ലേ ദേവേട്ടനെ ഇഷ്ടമില്ലാത്തതുക്കൊണ്ട്, തേച്ചു പോയത് ?”

നിഷയുടെ ചോദ്യം കേട്ടപ്പോൾ ദേവൻ ഒന്നു കിടുങ്ങി.

അവൻ വിളറിയ മുഖത്തോടെ ഹിമയെ നോക്കി.

ഹിമ ശ്വാസമറ്റതു പോലെ, തന്റെ അടുക്കലേക്ക് വരുന്ന കാർത്തിക്കിനെ നോക്കി.

“എന്റെ ഭാര്യ, വിവാഹത്തിനു മുൻപ്, പക്വതയില്ലായ്മ കാലത്ത് ആരെയെങ്കിലുമൊക്കെ സ്നേഹിച്ചിട്ടുണ്ടാകും. അത് ചോദ്യം ചെയ്യാൻ എനിക്കല്ലാതെ മറ്റാരാൾക്ക് അർഹതയില്ല”

കാർത്തിക്കിൽ നിന്നുയർന്ന വാക്കുകൾ കേട്ടപ്പോൾ നിഷ ചൂളിപോയി.

തന്റെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ ഹിമയുടെ കൈയ്യിൽ കൊടുത്തു കൊണ്ട്, കാർത്തിക് ദേവനെ നോക്കി.

” ഈ പൂരപ്പറമ്പിൽ വെച്ച് നിന്നെയും ഭാര്യയെയും കണ്ടപ്പോൾ, നിങ്ങളോട് ഒന്നു സംസാരിക്കണമെന്നു ആഗ്രഹം പ്രകടിപ്പിച്ച ഹിമയ്ക്ക്, ഞാൻ അനുവാദം കൊടുത്തതുക്കൊണ്ടാണ് അവൾ നിങ്ങളുടെ അടുത്തേക്ക് വന്നത്

കാർത്തിക്കിന്റെ കണ്ണുകൾ പുച്ഛത്തോടെ നിഷയിലേക്ക് നീണ്ടു.

” ഇത് നിഷയുടെ തെറ്റല്ല, ഒരു പെണ്ണിനെ എങ്ങിനെ നിലയ്ക്കു നിർത്തണമെന്നറിയാത്ത ദേവന്റെ തെറ്റാണ്

ദേവനെ നോക്കി പറഞ്ഞു കൊണ്ട് ഹിമയുടെ തോളിൽ കൈയിട്ടു കാർത്തിക്ക്.

“വാ പോകാം”

“ചേട്ടാ വെടിക്കെട്ട് കണ്ടിട്ട് പോകാം ”

കഴിഞ്ഞ രംഗങ്ങൾ മറന്ന പോലെ ഹിമ കാർത്തിക്കിനോട് കെഞ്ചി.

” ഈ വെടിക്കെട്ട് കൊണ്ടു മതിയായില്ലേ നിനക്ക്?”

കാർത്തിക്കിന്റെ സ്വരത്തിൽ ചൂട് നിറഞ്ഞതറിഞ്ഞ ഹിമ പിന്നെയൊന്നും സംസാരിക്കാതെ അവനൊപ്പം ചേർന്നു നടന്നു.

“അളിയാ നിൽക്കവിടെ? നിഷ ബോധമില്ലാതെ എന്തോ വിളിച്ചു പറഞ്ഞെന്നു വെച്ച് നീ പിണങ്ങി പോകല്ലേ ?”

ദേവൻ വിളിച്ചു പറഞ്ഞപ്പോൾ കാർത്തിക് തിരിഞ്ഞു നിന്നു.

” അതുകൊണ്ടൊന്നുമല്ലടാ! ഈ രംഗത്തോടു കൂടി എന്റെ ഭാര്യയുടെ മൂഡ് പോയി. വിഷമിച്ചു നടക്കുന്ന അവളെ കാണുമ്പോൾ എനിക്ക് സഹിക്കാൻ കഴിയില്ല ”

ആ അളിയാ പിന്നെ ഒരു കാര്യം ചെയ്യ് വൈകീട്ട് ഞാൻ ബിനിയിലെത്താം അളിയനും കൂടി പോര്

കാർത്തിക്ക് വിളിച്ചു പറഞ്ഞതും, ദേവൻ കൈവിരൽ ഉയർത്തി സമ്മതം കാണിക്കുന്നതും കണ്ട ഹിമ അമ്പരപ്പോടെ കാർത്തിക്കിനെ നോക്കി.

“ദേവേട്ടനെ കാർത്തിക്കിന് നേരത്തെ അറിയോ?”

” എഞ്ചിനിയറിംങ്ങ് കോളേജിൽ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചിരുന്നത് ഇപ്പോഴും ആ ബന്ധം ദൃഢമായി തന്നെ മുന്നോട്ടു പോകുന്നുണ്ട് ”

കാർത്തിക്ക് ചിരിയോടെ ഹിമയെ നോക്കി.

” നീ ദേവനെ കണ്ടപ്പോൾ, എന്റെ അയൽക്കാരനാണെന്നും പറഞ്ഞ് സംസാരിക്കാൻ ധൃതികൂട്ടിയപ്പോൾ, അതിന്റെ പിന്നിൽ തകർന്നടിഞ്ഞ ഒരു പ്രണയത്തിന്റെ തേങ്ങൽ ഞാൻ കേട്ടിരുന്നു”

ഹിമ കടക്കണ്ണിലൂടെ കാർത്തിക്കിനെയൊന്നു പാളിനോക്കി.

“ഇതൊക്കെ അറിഞ്ഞിട്ട്, ഒന്നും അറിയാത്ത പോലെ ഇരുന്നിട്ട്, എന്നോട് അതിനെ പറ്റി ഒരു വാക്ക് ചോദിക്കാതെ ?”

കാർത്തിക്കിന്റെ കൈ തണ്ടയിൽ നഖം പതിയെ കുത്തിയിറക്കി ഹിമ.

“ഇതൊക്കെ ചോദിക്കാൻ അത്ര വലിയ സംഭവമാണോ പൊന്നേ?”

കാർത്തിക്ക്, ഹിമയുടെ അരക്കെട്ടിലൂടെ കൈ ചേർത്ത് പിടിച്ചു.

” നിഷയുടെ ഒരു ചോദ്യത്തോടെ, വൈകീട്ട് കൂട്ടുക്കാരനുമായി വെള്ളമടിക്കാനുള്ള ഒരവസരം തുറന്നു കിട്ടി ന്റെ കാർത്തിക്കിന് ”

ചിരിയോടെ അതും പറഞ്ഞ്, ഹിമയും കാർത്തിക്കിന്റെ വയറിലൂടെ കൈ ചേർത്തു.

കാർത്തിക്കിക്കിന്റെയും, ഹിമയുടെയും കെട്ടിപ്പിടിച്ചുക്കൊണ്ടുള്ള ആ നടത്തം നിഷയ്ക്ക് പിടിച്ചില്ല.

“ഒരു ആണിനെ പ്രേമിച്ചിട്ട്, നിഷ്ക്കരുണം പുറന്തള്ളിയ പെണ്ണായിട്ടും എന്താ ഒരു ചേർത്തു പിടിക്കൽ”

” നിനക്കെന്താ വട്ടുണ്ടോ നിഷേ?”

ദേവൻ ദേഷ്യത്തോടെ നിഷയെ നോക്കി.

“വട്ടൊന്നുമല്ല ദേവേട്ടാ ന്റെ ദേവേട്ടനെ പറ്റിച്ച പെണ്ണല്ലേയെന്ന് ഓർക്കുമ്പം ഒരു തരിപ്പ് മുകളിലേക്ക് അരിച്ചു വന്നതാ ”

നിഷ പ്രേമാർദ്രമായി ദേവന്റെ കണ്ണുകളിലേക്ക് നോക്കി.

” ആ തരിപ്പ് അതിന്റെയല്ല നിഷാ ! ഭർത്താവിന്റെ പഴയ കാമുകിയെ കാണുമ്പം ഏതൊരു ഭാര്യയ്ക്കുമുണ്ടാവും ഈ തരിപ്പ്! കാമുകി തന്നെക്കാൾ സൗന്ദര്യമുള്ളതാണെങ്കിൽ പിന്നെ പറയേം വേണ്ട ”

“ഓ കാമുകിയെ പറയുമ്പോൾ നൂറ് നാവാണ്!

“എനിക്ക് ഭംഗിയില്ലെങ്കിൽ ഭംഗിയുള്ള അവളെ വിളിച്ച് കൂടെ പൊറുപ്പിച്ചോ? ”

അടിമുടി തരിച്ചു കയറിയ ദേവൻ അവളെ രൂക്ഷമായി നോക്കി.

” ഇനി ഒന്നിച്ചു പൊറുത്തിട്ടില്ലായെന്ന് ആർക്കറിയാം?”

ദേവൻ പൊടുന്നനെ, ദേഷ്യത്തോടെ അവളുടെ കൈയ്യും പിടിച്ച് ആൾക്കൂട്ടത്തിൽ നിന്ന് പുറത്തു കടന്നു.

ഒഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തതും, നിഷ കയറിയിരുന്നു.

“കാമുകിയെ പറ്റി പറയുമ്പോൾ വല്ലാതെ പൊള്ളുന്നുണ്ടല്ലോ?”

പിന്നിൽ നിന്നുയരുന്ന അവളുടെ ചോദ്യത്തിനുള്ള മറുപടിയെന്നോണം അവന്റെ കൈ ആക്സിലേറ്ററിൽ അമർന്നു.

ബൈക്ക് പോർച്ചിലേക്ക് കയറ്റി സ്റ്റാൻഡിട്ടതും നിഷയെയും പിടിച്ച് വീട്ടിലേക്ക് ഓടിക്കയറി ദേവൻ.

റൂമിലെത്തിയതും, സർവ്വ ശക്തിയുമെടുത്ത് നിഷയുടെ കവിളിൽ ആഞ്ഞരൊടി കൊടുത്ത് ദേവൻ.

” ഇത് ആരോട്, എങ്ങിനെ, എവിടെ വെച്ച് പെരുമാറണമെന്ന് മറക്കാതിരിക്കാൻ വേണ്ടി.”

അടിയുടെ ശബ്ദവും കേട്ട് വിലാസിനി മുറിയിലേക്ക് വന്നപ്പോൾ കണ്ടത് കവിളും പൊത്തിപിടിച്ച് നിൽക്കുന്ന നിഷയെയാണ്.

” എന്തു ഭ്രാന്താടാ നീയി കാണിക്കുന്നേ?”

നിഷയ്ക്കും, ദേവനും ഇടയിൽ കയറി നിന്ന് വിലാസിനി അത് ചോദിക്കുമ്പോൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

” അമ്മയും അമ്മാവനും കൂടി എന്റെ മേൽ കെട്ടിവെച്ച സാധനം കൊള്ളാം”

ഒരു പുച്ഛത്തോടെ നിഷയെ നോക്കി വാതിൽ കടക്കാനൊരുങ്ങുന്ന ദേവന്റെ കൈയിൽ പിടുത്തമിട്ടു വിലാസിനി.

“എന്താ ഉണ്ടായതെന്നു പറഞ്ഞിട്ടു പോടാ മോനെ?”

അടി കിട്ടിയ കവിളും തലോടി നിഷ, വിലാസിനിയുടെ അരികെ വന്നു.

” ഇത്രയ്ക്കും ഭ്രാന്തിളകാൻ ഒന്നും ഇല്ല അമ്മായി പൂരപ്പറമ്പിൽ വെച്ച് ദേവേട്ടനെ ഇട്ടിട്ടുപോയ പഴയ കാമുകിയെ കണ്ടു അതാ പ്രശ്നം ”

വാതിൽപ്പടിയിലെത്തിയ ദേവൻ ഒരു നിമിഷം തിരിഞ്ഞു നിന്നു.

” എന്നെ അവളലല്ല ഇട്ടിട്ടുപോയത് ഞാനാ അവളെ മനപൂർവ്വം മറന്നത്. ”

ദേവൻ കോപത്തോടെ നിഷയുടെ നേർക്ക് കൈ ചൂണ്ടി.

” നീ ഒറ്റയൊരുത്തിക്ക് വേണ്ടി ”

” കാമുകിയെ ന്യായീകരിക്കാൻ ഒരു ഉളുപ്പുമില്ലല്ലോ? എനിക്കു വേണ്ടി ഉപേക്ഷിച്ചതാണെത്രെ ”

നിഷയുടെ ചുണ്ടിൽ വിരിഞ്ഞ പുച്ഛം കണ്ട് ദേവന് ഭ്രാന്തിളകി .

“അതെടീ എനിക്ക് ഉളുപ്പില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ഹിമയെ വിട്ട് ഞാൻ നിന്നെ കെട്ടില്ലായിരുന്നു

“മോനേ മതിയെടാ”

വിലാസിനിയത് പറയുമ്പോൾ, വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു.

” പറയണം അമ്മേ ഇവളറിയണം”

ദേവൻ, പുച്ഛത്തോടെ നിൽക്കുന്ന നിഷയുടെ അരികിലേക്ക് നടന്നു.

” നാലു വർഷം എന്നെ പ്രാണനെ പോലെ സ്നേഹിച്ച ഹിമയെ, അവളറിയാതെ എന്നിൽ നിന്നകറ്റിയത് നിനക്കു വേണ്ടി തന്നെയാണ്.

എന്തോ ഒരു ദോഷവും, ഇത്ര വയസ്സുകഴിഞ്ഞാൽ ഇനി നിന്റെ വിവാഹം നടക്കില്ലെന്നും, നിനക്ക് താഴെയുള്ള രണ്ട് പെൺകുട്ടികളുടെയും ഗതിയോർക്കുമ്പം നെഞ്ചു പൊട്ടുന്നുവെന്നും ഈ ഇറയത്തിരുന്നാണ് നിന്റെ അച്ഛൻ കണ്ണീരോടെ പറഞ്ഞത് ”

ദേവൻ വരണ്ട ഒരു ചിരിയോടെ അമ്മയെ നോക്കി

“ഒരു പ്രാവശ്യം അറ്റാക്ക് വന്ന കുഞ്ഞനിയന്റെ കണ്ണുനീർ അമ്മയ്ക്ക് കണ്ടു നിൽക്കാനായില്ല”

“കണ്ണീരും തുടച്ച് നിന്റെ അച്ചൻ ഇവിടെ നിന്ന് പടിയിറങ്ങുമ്പോൾ, ആ ചുണ്ടിൽ വിരിഞ്ഞ മന്ദഹാസത്തിന്റെ കാരണം എന്റെ അമ്മയുടെ വാക്കുകളായിരുന്നു.”

ദേവൻ കിതപ്പോടെ നിഷയെ നോക്കി.

” അവനൊരു പെൺകുട്ടിയുമായി സ്നേഹത്തിലാണെങ്കിലും, അവളെ വിട്ടൊഴിയാൻ ഞാൻ പറഞ്ഞാൽ അവൻ കേൾക്കും.”

“കുഞ്ഞാങ്ങള ധൈര്യമായി പോ, നിഷയുടെ കഴുത്തിൽ ന്റെ ദേവൻ മിന്നുകെട്ടിക്കോളും ”

അതായിരുന്നു അമ്മ കൊടുത്ത വാക്ക്!

”എന്റെ പ്രാണൻ പോലും അവകാശപ്പെട്ട അമ്മയ്ക്കു വേണ്ടി, അമ്മയുടെ വാക്കിന് വേണ്ടി ഞാൻ പ്രാണനെ പോലെ സ്നേഹിച്ച ഒരു പെണ്ണിനെ ത്യജിക്കാനും ഞാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു ”

ഒരു കടംകഥ കേൾക്കുന്ന മട്ടിൽ നിൽക്കുകയായിരുന്നു നിഷ.

” പക്ഷെ ഒന്നുണ്ടായിരുന്നു. എന്റെ വിവാഹം നടക്കുന്നതിനു മുൻപ് ഹിമയുടെ വിവാഹം നടത്തണമെന്നത് എന്റെ വാശിയായിരുന്നു ”

ദേവന്റെ കണ്ണു നിറഞ്ഞു തുടങ്ങി.

” അല്ലെങ്കിൽ ഒരിക്കലും വിവാഹം കഴിക്കാതെ അവളീ ഭൂമിയിൽ ഒറ്റപ്പെട്ടു പോകുമെന്നറിയാം”

ദേവൻ തളർച്ചയോടെ അടുത്ത് കണ്ട കസേരയിലിരുന്നു.

” ആ സമയത്താണ് കാർത്തിക്ക് പെണ്ണ് അന്വേഷിച്ചു നടക്കുന്നത് ഞാനറിഞ്ഞത്. ”

“അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു.

അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു ഞാൻ ”

“എന്നിട്ടും അവൻ സന്തോഷത്തോടെ സമ്മതം മൂളി ഹിമയെ വിവാഹം കഴിക്കാൻ ”

ഒരു ഞെട്ടലോടെയാണ് നിഷ ആ വാക്കുകൾ കേട്ടിരുന്നത്.

” ഹിമയുടെ അച്ഛനോട് ഞാൻ എല്ലാ കാര്യവും തുറന്നു പറഞ്ഞിരുന്നു.

നിന്റെ വീട്ടിലെ പ്രാരാബ്ധങ്ങളെ കുറിച്ചും, നിന്റെ ജാതകത്തിലെ പ്രശ്നങ്ങളെ കുറിച്ചും

ജീവൻ പോയാലും മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലായെന്ന് പറഞ്ഞ ഹിമ,

സ്വന്തം ജീവൻ കഴുക്കോലിൽ തൂങ്ങിയാടുമെന്ന് ഭീഷണിപ്പെടുത്തിയ അച്ഛനു മുന്നിൽ തളർന്നു പോയി ”

ദേവൻ വേദനയോടെ അമ്മയെയും,നിഷയെയും നോക്കി.

” ഞാനും, ഹിമയും ചെയ്തത് തേപ്പെന്ന ആ വൃത്തിക്കെട്ട വാക്കല്ല!

സ്വന്തം അച്ചനും അമ്മയും വിജയിക്കാൻ വേണ്ടി സ്വയം തോറ്റു കൊടുത്തവരാണ് ”

ദേവൻ കസേരയിൽ നിന്നെഴുന്നേറ്റ് പതിയെ നിഷക്കരിലേക്ക് ചെന്നു.

ആ കണ്ണുകളിലേക്കവൻ ഇമവെട്ടാതെ നോക്കി നിന്നു.

” പക്ഷേ നീ ചെയ്തതാണ് തേപ്പ് എന്നു പറയുന്നത്

നിഷയും, വിലാസിനിയും ആ വാക്കുകൾ കേട്ട് പരസ്പരം നോക്കി.

നിഷയുടെ മിഴികൾ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു

ഒന്നുമറിയാതെ പകപ്പോടെ ദേവനെ നോക്കി വിലാസിനി.

“ഇവൾടെ ജാതകത്തിനും, കല്യാണ സമയത്തിനും ഒരു കുഴപ്പമില്ലായിരുന്നു അമ്മേ! ”

ദേവന്റെ സംസാരം കേട്ട് അർത്ഥമറിയാതെ വിലാസിനി, നിഷയെ നോക്കി.

“ഇവൾ നല്ലൊരു ബിസിനസുക്കാരനുമായി, അമ്മാവന്റെ മൗനാനുവാദത്തോടെ പ്രണയത്തിലായിരുന്നു.”

” അവന്റെ ബിസിനസ്സ് എട്ടു നിലയിൽ പൊട്ടിയപ്പോൾ, അയാളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും നിൽക്കാതെ മറുകണ്ടം ചാടുകയായിരുന്നു ഇവളും, ഇവൾടെ തന്തയും”

ഒരു ഞെട്ടലോടെ വിലാസിനി നിഷയെ നോക്കി.

ആ നോട്ടം നേരിടാനാവാതെ നിഷ മുഖം കുനിച്ചു.

ദേവൻ പതിയെ വിലാസിനിയുടെ തലയിൽ തലോടി.

” ഇനിയെങ്കിലും എടുത്തടിച്ച് ഒന്നും പറയുകയോ,

വാക്കു കൊടുക്കുകയോ ചെയ്യരുതമ്മ.”

“ആ ആലോചനയില്ലായ്മക്ക് സ്വന്തം ജീവിതം തന്നെ ബലികൊടുക്കേണ്ടി വരും ”

ഏങ്ങികരയുന്ന മകന്റെ ശിരസ്സിൽ തലോടി ആശ്വസിപ്പിക്കുമ്പോൾ, വിലാസിനിയുടെ കത്തുന്ന കണ്ണുകൾ നിഷയ്ക്കു നേരെ തിരിയുകയായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സന്തോഷ് അപ്പുക്കുട്ടൻ