ഒരാഴ്ച്ചയായി അവൾ വീട്ടിൽ പോയിട്ട്, എന്താ തിരിച്ചു വരാത്തേ, നിങ്ങൾ തമ്മിൽ എന്തേലും വ-ഴക്കുണ്ടായോ

രചന : അഞ്ചു അഖിൽ

സർപ്രൈസ്…

❤❤❤❤❤❤❤❤❤

ഏറെ പ്രതീക്ഷയോടെ ആണ് മനു അന്നും വീട്ടിലെത്തിയത്… പക്ഷെ ഉമ്മറപ്പടിയിൽ തന്നെ കാത്തിരിക്കുന്ന അമ്മയെ കാണും വരെയേ ഉള്ളായിരുന്നു ആ പ്രതീക്ഷകൾ.ഒരാഴ്ച്ചയായി ദേവി വീട്ടിൽ പോയിട്ട്.. കല്യാണത്തിന് ശേഷം ഇത്രയും ദിവസം അവളെ പിരിഞ്ഞു ഇരിക്കുന്നത് ആദ്യമായാണ്..

“മനു നീ ഇത് എന്താലോചിച്ചു നിൽക്കുവാ?? ”

അമ്മയുടെ വിളി എന്നെ ചിന്തകളിൽ നിന്നുണർത്തി

“മോള് വിളിച്ചാരുന്നോ… എന്നാ തിരിച്ചു വരിക എന്ന് വല്ലതും പറഞ്ഞോ നിന്നോട്.. ”

അമ്മയുടെ ചോദ്യങ്ങൾ കേട്ടപ്പോൾ അവളെ പിരിഞ്ഞു ഇരിക്കുന്നതിന്റെ വിഷമം തനിക്ക് മാത്രം അല്ല എന്നവന് മനസിലായി..

“അമ്മ ചായ ഉണ്ടേൽ ഒരെണ്ണം എടുക്ക്.. ഞാനൊന്നു കുളിക്കട്ടെ.. ”

മനു ബാഗ് മേശപ്പുറത്തു വെച്ചിട്ട് കുളിമുറിയിലേക്ക് കയറി.. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും ചായ മേശപ്പുറത്തു എത്തിയിരുന്നു..

തല തോർത്തിയ ശേഷം തോർത്തു മുണ്ട് സ്റ്റാൻഡിൽ വിരിക്കാൻ പോയപ്പോഴാണ് ഒരാഴ്ച കൊണ്ട് മാറിയ തന്റെ മുറിയുടെ കോലം അവൻ നോക്കിയത്… ദേവി വളരെ അടുക്കും ചിട്ടയും ഉള്ള കൂട്ടത്തിലാണ്… ഞാനോ നേരെ തിരിച്ചും… അവൾ ഇല്ലാത്തതിന്റെ എല്ലാ കുറവും ആ വീട്ടിൽ അറിയാനുണ്ട്..

ചായ കുടിച്ചു ഗ്ലാസ്‌ അടുക്കളയിൽ കൊണ്ട് വെച്ചപ്പോൾ അമ്മ പുറത്ത് കോഴിക്ക് തീറ്റ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു.. ഗ്ലാസ്‌ അവിടെ വെച്ചിട്ട് അവൻ മുറിയിലേക്ക് വന്നോന്നു മയങ്ങി…

നാലു കൊല്ലം മുൻപാണ് മനു ആദ്യമായി ദേവിയെ കാണുന്നത്… കുളിമുറിയിൽ തെന്നി വീണ അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആയിരുന്നു അത്.. അവൾ അവിടെ നഴ്‌സ് ആയിരുന്നു.. ജോലിയിൽ കയറിയിട്ട് മാസങ്ങൾ ആകുന്നതേ ഉള്ളായിരുന്നു..

അമ്മക്ക് ആശുപത്രിയിൽ പകൽ സമയത്തു പെങ്ങളും രാത്രിയിൽ ഞാനും ആയിരുന്നു കൂട്ടിരുന്നത്..

അച്ഛൻ നാലു കൊല്ലം മുൻപ് ഹൃദ്രോഗം ബാധിച്ചു മരിച്ചതാണ്.. പെങ്ങൾക് ഒരു മകൻ ഉണ്ട്..

അളിയനും പെങ്ങളും ഫുൾ ടൈം വന്നു നിൽകാം എന്ന് പറഞ്ഞെങ്കിലും ഞാനാണ് വേണ്ട എന്ന് പറഞ്ഞത്.. വീഴ്ചയിൽ അമ്മയുടെ കൈ ഒടിഞ്ഞിരുന്നു… തലയിലും മുറിവ് ഉണ്ടായിരുന്നു.

ഒരാഴ്ചയോളം അമ്മ ആശുപത്രിയിൽ കിടന്നു.. ദേവിക്ക് വൈകിട്ടത്തെ ഷിഫ്റ്റ്‌ ആയിരുന്നു… 8 മണിയോടെ അവൾ എത്തും..

എല്ലാ രോഗികളോടും ഒരു പ്രത്യേക കെയർ അവൾക്കുണ്ടായിരുന്നു..

എന്നാൽ ഞാൻ അടുത്ത് ഇരിക്കുമ്പോൾ അവൾ അമ്മയോട് വിശേഷങ്ങൾ ഒക്കെ തിരക്കിയിട്ടു വേഗം ഓടി പോകും..

“അതിനെ ഞാൻ പിടിച്ചു തിന്നാൻ പോകുന്നത് പോലെ ആണ് അതിന്റെ വേഗം കണ്ടാൽ ”

ഞാൻ അമ്മയോട് പറയുമായിരുന്നു..

ഒരു ദിവസം കഞ്ഞി വാങ്ങാൻ പുറത്ത് പോയിട്ട് വരുമ്പോൾ കണ്ടത് അമ്മയോട് വാ തോരാതെ സംസാരിക്കുന്ന ദേവിയെ ആണ്.. എന്നെ കണ്ട പാടെ ഒരു ജാള്യതയോടെ അവൾ വേഗം അവിടെ നിന്നു എഴുനേറ്റ് പോയി..

അന്ന് ഞാൻ പുറത്തെ വരാന്തയിൽ ഇരുന്നപ്പോഴാണ് അവൾ എന്റെ മുന്നിൽ കൂടി എങ്ങോട്ടോ പോകുന്നത് കണ്ടത്..

ഞാൻ അവളെ തടഞ്ഞു നിർത്തി..

” അതേയ് എന്നെ കണ്ടാൽ ഏതേലും ഭീകര ജീവിയുടെ മുഖ സാദൃശ്യം ഉണ്ടോ??? ”

ഞാൻ അവളോട് ചോദിച്ചു..

“ഇല്ലാ… ” അവൾ തെല്ലു പരിഭ്രമത്തോടെ മറുപടി നൽകി..

“പിന്നെന്തിനാ താൻ എന്നെ കാണുമ്പോ പെട്ടെന്ന് എണീറ്റ് ഓടുന്നത്??.. ഞാൻ ഇല്ലാത്തപ്പോൾ അമ്മയോട് ഭയങ്കര കത്തി വെക്കൽ ഒക്കെ ആണെന്ന് ഞാൻ അറിഞ്ഞല്ലോ ”

അവൾ ഒന്ന് ചിരിച്ചു.. അതായിരുന്നു തുടക്കം..

പിന്നീട് പതിയെ ഞങ്ങൾ മിണ്ടി തുടങ്ങി..

ഒരാഴ്ച കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി..

ഡിസ്ചാർജ് ചെയ്ത് ഇറങ്ങുമ്പോൾ അവളോട് യാത്ര പറയുന്ന കൂട്ടത്തിൽ അവളുടെ നമ്പർ വാങ്ങുവാനും ഞാൻ മറന്നില്ല..

വീട്ടിൽ എത്തിയ ശേഷവും അമ്മക്ക് അവളെ പറ്റി വാതോരാതെ പറയുവാനേ നേരം ഉണ്ടായിരുന്നുള്ളൂ…

ആദ്യമൊക്കെ വെറും ഗുഡ്മോർണിംഗ് ഇൽ ഒതുങ്ങിയിരുന്നു ഞങ്ങളുടെ മെസ്സേജ് അയക്കൽ.

എന്നാൽ പല ആവശ്യങ്ങൾക്കായി ഹോസ്പിറ്റലിൽ പോകുമ്പോൾ ഒക്കെ അവളെ കാണുകയും പരിചയം കൂടി കൂടി വരികയും ചെയ്തു..

ഇടക് എപ്പോഴോ എന്റെ ഫോൺ കേടായി… ഒരു മാസത്തിനു ശേഷം ആണ് പുതിയ ഫോൺ വാങ്ങിയത്… വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോ ആദ്യം വന്ന മെസ്സേജ് അവളുടേത് ആയിരുന്നു..

ഇടക്കെപ്പോഴോ അവൾ അത് പറയുകയും ചെയ്തു .

ഒരു മാസം തന്നോട് മിണ്ടാതെ ഇരുന്നപ്പോൾ ആണ് ഞാൻ തന്നെ എത്രമാത്രം മിസ്സ്‌ ചെയ്യുന്നു എന്ന് മനസിലായതെന്നു… അറിയാതെ മനസ്സിൽ എവിടെയോ ഒരു പ്രണയം പൊട്ടി മുളച്ചുവോ എന്നും തോന്നുന്നുണ്ട് എന്ന്…

പിന്നീട് ഉള്ള എന്റെ ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു.. ചാറ്റ് ചെയുമ്പോൾ ഞാൻ അങ്ങോട്ട് മറുപടി ഒന്നും പറഞ്ഞില്ലെങ്കിൽ കൂടി അവൾ ഇങ്ങോട്ട് വന്നു മിണ്ടുമായിരുന്നു.. പതിയെ എന്നിലും ഒരു ഇഷ്ടം ഉടലെടുത്തു തുടങ്ങി..

ആ ഇടക്ക് ആണ് അമ്മ എനിക്ക് കല്യാണാലോചനകൾ നോക്കി തുടങ്ങിയത്.. ഓരോ പെൺകുട്ടികളുടെ കാര്യവുമായി എന്നും അമ്മ എന്റെ അടുത്തേക് വരാറുണ്ടായിരുന്നു…

അങ്ങനെ ഒരു ദിവസം ഞാൻ അവളെ കുറിച്ച് അമ്മയോട് സൂചിപ്പിച്ചു..

“അമ്മേ അവളെ നമുക്ക് ഈ വീട്ടിലേക്ക് കൊണ്ടുവന്നാലോ? ”

പെട്ടെന്ന് അമ്മയുടെ മുഖം മാറുന്നത് ഞാൻ ശ്രെദ്ധിച്ചു.

“കാര്യം എന്താ അമ്മേ അമ്മക്ക് അവളെ ഇഷ്ടമല്ലേ.. ”

ഞാൻ ചോദിച്ചു..

“അവൾ നല്ല കുട്ടി ഒക്കെ ആണ്… പക്ഷെ അവർ നമ്മുടെ ജാതി അല്ലല്ലോ..

പിന്നെ നഴ്സും.. ഇത് വേണ്ടടാ ”

അമ്മയുടെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരി ആണ് വന്നത്..

“അമ്മ ഇത് ഏത് കാലത്താണ് ജീവിക്കുന്നത്… ഇപ്പോഴും 19 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടിയില്ലേ..

നഴ്സ് ജോലിക്ക് ഇപ്പോ എന്താണ് കുഴപ്പം??

അമ്മയുടെ കാര്യം തന്നെ എടുത്തേ… അമ്മയെ എന്ത് കാര്യമായിട്ടാ അവൾ നോക്കിയത്..

നമ്മുടെ മീര ആണേൽ അങ്ങനെ നോക്കുവോ??..

അവർ ശെരിക്കും മാലാഖ തന്നെയല്ലേ.. കിട്ടുന്ന തുച്ഛമായ ശമ്പളത്തിന് അവർ ഇരട്ടി ജോലി എടുക്കുന്നില്ലേ…

പിന്നെ ജാതി… ഇന്നത്തെ കാലത്ത് അതൊക്കെ ആരാ അമ്മേ നോക്കുന്നത്? എനിക്ക് എന്നെയും എന്റെ അമ്മയെയും നല്ലപോലെ നോക്കുന്ന ഒരു കുട്ടിയെ ആണ് വേണ്ടത് അത് അവളെ കൊണ്ട് പറ്റും എന്ന് അമ്മക്ക് നന്നായി അറിയാം ”

എല്ലാം കേട്ട ശേഷം അമ്മ ഒന്നും മിണ്ടാതെ എഴുനേറ്റ് പോയി…

ഒരാഴ്ച്ച കഴിഞ്ഞ് അമ്മ എന്നോട് പറഞ്ഞു നമുക്ക് അവളുടെ വീട്ടിൽ പോയി ആലോചിക്കാമെന്ന്..

അങ്ങനെ ഒരു ഞായറാഴ്ച ഞാനും അമ്മയും മീരയും അളിയനും കൂടി അവരുടെ വീട്ടിൽ പോയി…

കാര്യങ്ങൾ കേട്ടപ്പോൾ ആദ്യം അവർ ഒന്ന് അമ്പരന്നെങ്കിലും എല്ലാത്തിനും ഒരു തീരുമാനം ആയിട്ടാണ് അവിടുന്ന് ഇറങ്ങിയത്..

6 മാസത്തിനുള്ളിൽ നിച്ഛയം അത് കഴിഞ്ഞ് രണ്ട് കൊല്ലത്തിനുള്ളിൽ കല്യാണം എന്ന തീരുമാനത്തിൽ എത്തി..

പിന്നീടങ്ങോട് പ്രണയത്തിന്റെ നാളുകൾ ആയിരുന്നു… വീട്ടുകാരുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് ആ പേടിയും ഇല്ലായിരുന്നു… വല്ലപ്പോഴുമൊക്കെ കറങ്ങാൻ പോകുകയും വൈകുന്നേരങ്ങളിൽ ഉള്ള ഫോൺ വിളിയും ഒക്കെ ആയി മുന്നോട്ട് പോയി…

രണ്ട് വർഷം കഴിഞ്ഞ് കല്യാണം കഴിഞ്ഞു…

പിന്നീടങ്ങോട്ട് ഞാൻ കണ്ടത് ആദ്യം എതിർപ് പറഞ്ഞ അമ്മ അവളെ താഴത്തും തറയിലും വെക്കാതെ കൊണ്ട് നടക്കുന്നതായിരുന്നു… മരുമകൾ ആയിരുന്നില്ല മകൾ ആയിരുന്നു അമ്മക്ക് അവൾ.. ഞങ്ങൾ അവളുടെ വീട്ടിൽ നിൽക്കാൻ പോയാൽ അമ്മയെ കൂടി അവൾ നിർബന്ധിച്ചു കൂടെ കൂട്ടും.. അഥവാ ഒറ്റക് പോയാൽ തന്നെ കൂടിപ്പോയാൽ ഒരു രാത്രി മാത്രം… പിറ്റേ ദിവസം അവൾ വീട്ടിൽ എത്തുമായിരുന്നു.. ആ അവൾ ആണ് ഇപ്പോൾ ഒരാഴ്ച ആയിട്ടും തിരിച്ചു വരാത്തത്

അമ്മയുടെ വിളി കേട്ടാണ് ഞാൻ മയക്കം വിട്ടു എഴുന്നേൽക്കുന്നത്..

“മനു, നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്ക് ഇട്ടിട്ടാണോ എന്റെ മകൾ അവിടെ പോയി നിൽക്കുന്നത്.. അങ്ങനെ ആണെങ്കിൽ ഇപ്പോ തന്നെ നീ അവളെ വിളിച്ചോണ്ട് വരണം ”

“അങ്ങനെ ഒന്നും ഇല്ലമ്മേ… അമ്മയും കാണുന്നതല്ലേ ഞങ്ങൾ എന്നും വിളിക്കുന്നത്.. ഇത് ഇപ്പോ ഇത്രേം ദിവസം എന്താ വരാത്തത് എന്ന് ഞാൻ ചോദിച്ചിട്ട് പോലും അവൾ പറയുന്നില്ല ”

ഞാൻ തുടർന്നു.. ” ഇനി എന്തൊക്കെ ആയാലും നാളെ വൈകിട്ട് ഞാൻ അവളെ പോയി വിളിച്ചോണ്ട് വന്നിരിക്കും ”

പിറ്റേന്ന് കടയിൽ ഇരുന്നപ്പോഴാണ് അമ്മയുടെ കാൾ വരുന്നത്… വേഗം വീട്ടിലേക്ക് വരാൻ എന്ന് പറഞ്ഞു കൊണ്ട്..

ഞാൻ വണ്ടി എടുത്ത് വേഗം വീട്ടിലേക്ക് ചെന്നു…

മുറ്റത്തു അവളുടെ വീട്ടിലെ കാർ കിടക്കുന്നത് കണ്ടു… എന്റെ മനസ്സിൽ ചെറിയൊരു ഭയം തോന്നാതെ ഇരുന്നില്ല.. ഉമ്മറത്തു അവളുടെ അച്ഛനും അനിയനും ഇരിപ്പുണ്ടായിരുന്നു..

“എന്നാലും മനു ഇത് വല്ലാത്ത ചെയ്ത്തായി പോയല്ലോ ”

ഞാൻ അകത്തേക്ക് കയറവെ അച്ഛൻ എന്നോട് പറഞ്ഞു..

ഞാൻ അമ്പരപ്പോടെ അച്ഛനെ നോക്കി.. എന്റെ കണ്ണുകൾ ദേവിക്കായി തിരഞ്ഞു..

“അവൾ അകത്തുണ്ട്… ”

അച്ഛൻ പറഞ്ഞു..

അമ്മയും എന്നെ വല്ലാത്തൊരു നോട്ടം നോക്കി..

അതോടെ എന്റെ നെഞ്ചിടിപ്പ് കൂടി… ഓടിപ്പാഞ്ഞു ഞാൻ മുറിയിൽ എത്തിയപ്പോൾ കാണുന്നത് കുളി കഴിഞ്ഞിറങ്ങി വരുന്ന അവളെയാണ്.. അവൾ ആകെ ക്ഷീണിച്ചത് പോലെ തോന്നി എനിക്ക്

നീ എന്താ ഇത്രേം ദിവസം വരാഞ്ഞത്??

ഞാൻ അവളോട് ചോദിച്ചു..

ഒരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി..

എന്നാൽ ഞാൻ പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു..

“5 ദിവസം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു അതാ വരാഞ്ഞത് ”

ഇടക് ഒരു ഗ്യാപ് കിട്ടിയപ്പോൾ അവൾ പറഞ്ഞു മുഴുമിപ്പിച്ചു..

എനിക്ക് അത് കേട്ടപ്പോൾ ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു..

ഞാൻ അവളെ എന്തൊക്കെയോ പറഞ്ഞു റൂമിൽ നിന്നു ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് അമ്മ പറഞ്ഞത് നീ അവളെ ഒന്ന് പറയാൻ അനുവധിക്കെന്നു..

അവൾ പറഞ്ഞു തുടങ്ങി..

“ഇവിടുന്നു പോയപോഴേ എനിക്ക് തളർച്ചയും ക്ഷീണവും ഉണ്ടായിരുന്നു.. വീട്ടിൽ ചെന്നതിന്റെ പിറ്റേന്നു ശർദ്ധിച്ചു.. ”

അതെങ്ങനെയാ അവിടുന്നു ചക്കയും മാങ്ങയും എല്ലാം കഴിച്ചു കാണും പിന്നെങ്ങനെയാ ശർദ്ധിക്കാതിരിക്കുന്നെ.. ഇതൊന്നും നീ ഞാൻ ഫോൺ വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ?? ”

ഞാൻ പറഞ്ഞു തുടങ്ങി…

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഇനിയും അവൾക്കെന്തോ പറയാനുണ്ടെന്ന് തോന്നി.. ഞാൻ മൗനം പാലിച്ചു

അവൾ തുടർന്നു…

ആദ്യം അത് കാര്യമാക്കിയില്ല… പിന്നെ വീണ്ടും ശര്ധിച്ചപ്പോൾ സംശയം തോന്നി ഗൈനക്കോളജിസ്റ് നെ പോയി കണ്ടു..

യൂറിൻ പരിശോധിച്ചപ്പോഴാണ് പറഞ്ഞത് ഇത് ഒന്നും കഴിച്ചു ഉണ്ടായ ഛർദിൽ അല്ല പുതിയ ഒരാൾ കൂടി വരുന്നതിന്റെ ആണെന്ന് ”

അവളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കുന്നതിലും അപ്പുറം ആയിരുന്നു…

എന്നിട്ടും നീ എന്താ എന്നോട് ഇതൊന്നും പറയാഞ്ഞത്???

സന്തോഷം ഉള്ളിൽ അടക്കി പിടിച്ചു ഞാൻ ഗൗരവ ഭാവം മുഖത്തു വരുത്തി..

“അതേ… ശർദിൽ അധികം ആയപ്പോൾ അവരെന്നെ അവിടെ പിടിച്ചു അഡ്മിറ്റ്‌ ആക്കി..

അത് കൊണ്ട് ഞാനാ പറഞ്ഞത് ഇക്കാര്യം ഒക്കെ വീട്ടിൽ ചെന്നിട്ട് പറയാം എന്ന്.. ഇല്ലെങ്കിൽ വയ്യാത്ത അമ്മയെയും കൊണ്ട് അത്രേം യാത്ര ചെയ്ത് ആശുപത്രിയിലേക്ക് ഓടി വരില്ലേ.. അത് കൊണ്ടാ പറയാഞ്ഞത് ”

അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി..

എന്റെ മുഖത്തെ ഗൗരവം ചിരിയിലേക്ക് വഴുതി വീഴാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല..

“എന്നാലും ഇത് വല്ലാത്ത പണി ആയി പോയി കേട്ടോ.. നീ ഇന്നും കൂടി വന്നില്ലാരുന്നേൽ ഈ തള്ള എനിക്ക് ചോറ് പോലും തരില്ലായിരുന്നു….

അമ്മയെ നോക്കി പറഞ്ഞുകൊണ്ട് ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അഞ്ചു അഖിൽ