ഞാൻ എട്ടിൽ പഠിക്കുമ്പോൾ ആണ് അജയ് എന്നെ അയ്യാൾ ആദ്യമായി ഉപയോഗിച്ചത്…

രചന : Kannan Saju ( അഥർവ്വ് )

” ഞാൻ എട്ടിൽ പഠിക്കുമ്പോ ആണ് അജയ് എന്നെ അയ്യാൾ ആദ്യമായി ഉപയോഗിച്ചത് ”

പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും തമ്മിൽ ഉള്ള സംസാരം തുടർന്നുകൊണ്ടിരുന്നു. ഇരുവരും മൗനം തുടർന്നു… മഴ പെയ്യാൻ മുട്ടി നിക്കുന്ന മാനം… കറുത്തിരുണ്ട് നിക്കുന്നുണ്ട്.

” അതിപ്പോ ഇത്രയും നാളും എന്താ പറയാതിരുന്നെ എന്ന് ചോദിച്ചാൽ എനിക്കറിയില്ല !

ഇപ്പൊ പറയണം എന്ന് തോന്നി… ചിലപ്പോഴൊക്കെ അതോർത്തിരുന്നു കരയാറുണ്ട്.. ചിലപ്പോഴൊക്കെ തോന്നും അതെന്റെ തെറ്റല്ലല്ലോ എന്ന്.. പക്ഷെ പിന്നീട് തോന്നും എന്തിനാ പിന്നെ വീണ്ടും വീണ്ടും അയ്യാള് വിളിച്ചപ്പോ പോയതെന്ന് ”

അറിയാതെ ഒഴുകി വന്ന കണ്ണ് നീര് അവൾ തുടച്ചു….

” എന്റെ അച്ഛന്റെ ചേട്ടന്റെ മോനാണ് …. അവര് നാല് പേരാ… മൂന്നാണും ഒരു പെണ്ണും …

ചേച്ചി എങ്ങോടെങ്കിലും മാറുമ്പോൾ ആണ് കളിക്കാനാണെന്നും പറഞ്ഞു അയ്യാൾ എന്നെ വിളിച്ചു കൊണ്ട് പോവാറ്..”

” അത് അറിവില്ലാത്ത ഒരു പ്രായത്തിൽ പറ്റിയതല്ലേ???? അന്ന് നീ കുഞ്ഞല്ലേ??? ദേഹത്ത് തൊടുമ്പോഴും തലോടുമ്പോഴും അത് സ്നേഹം കൊണ്ടാണെന്നു കരുതിക്കാണും ”

” ആയിരിക്കണം… എല്ലാം മനസ്സിലാക്കി തുടങ്ങിയതിൽ പിന്നെ കുറ്റബോധം ആയിരുന്നു ”

അജയ് അവളുടെ മുഖത്തേക്ക് നോക്കി…

” എന്തിനു ??? എന്തുകൊണ്ട് നീ ആരോടും പറഞ്ഞില്ല ഒച്ച വെച്ചില്ല എന്നൊന്നും ഞാൻ ചോദിക്കില്ല ഫർസു… ”

അവൾ ഞെട്ടലോടെ അവനെ നോക്കി…..

” ഒന്ന് നീ പ്രതികരിച്ചു തുടങ്ങിയപ്പോ അവൻ ഭീഷണി പെടുത്തി കാണും… രണ്ടു പറഞ്ഞാലും ഒറ്റപ്പെടാൻ പോവുന്നതും കുറ്റം കേൾക്കുന്നതും ചീത്തയാവുന്നതും വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ നീ മാത്രമായിരിക്കും.. അല്ലെ??? ”

അവൾ നിറ കണ്ണുകളോടെ അജയ്‌യെ നോക്കി..

” അജയ്… സത്യം ! മുനീർ ഒന്നും അറിയാത്ത പോലെ ഇപ്പോഴും വന്നു സ്നേഹത്തിൽ തോളിൽ കയ്യിട്ടു സംസാരിക്കുമ്പോൾ, എന്റെ പെങ്ങൾ എന്ന് പറഞ്ഞു അവന്റെ ഭാര്യക്ക് എന്നെ പരിചയപ്പെടുത്തുമ്പോ, എവിടേലും പോവേണ്ടി വരുമ്പോ നീ മുനീറിനേം കൂട്ടി പോ എന്ന് ഉപ്പയോ ഉമ്മയോ പറയണ കേൾക്കുമ്പോ എന്റെ ചങ്കു പൊട്ടി പോവും ”

അജയ് ഒന്നും മിണ്ടാനാവാതെ താഴേക്കു നോക്കി ഇരുന്നു…

” അവൻ അന്നെന്നെ എന്തൊക്കയാ ചെയ്തേ…. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ എങ്ങിനാ ഇങ്ങനെ അഭിനയിക്കാൻ കഴിയാ ”

” നമ്മുടെ തലമുറ വരെ ഉള്ളവരുടെ ഒരു ശാപം ആണ് ഫർസു അത്… ഇപ്പോഴത്തെ കുട്ടികൾക്ക് പിന്നേം കുറച്ചു കൂടി സംരക്ഷണം കിട്ടുന്നുണ്ട്..

ടീച്ചർമാർ, കൗൺസിലിംഗ്.. അങ്ങനെ എല്ലാം…

പെൺകുട്ടികളുടെ കാര്യം മാത്രല്ല മോളെ..

ഞങ്ങൾ ആണ്പിള്ളേരും സ്വന്തം വീടുകളിൽ തന്നെ ചെറുപ്പകാലത്തിൽ നല്ലപോലെ മിസ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ട്… ആരോട് പറയാൻ ആര് കേൾക്കാൻ… ”

” നിന്നോടുള്ള ദേഷ്യം കൊണ്ടല്ല അജയ് ഞാൻ ഇന്നലെ അങ്ങനെ… ”

” മനസ്സിലായി ”

” എനിക്ക് പറ്റുന്നില്ലായിരുന്നു… നീ എന്റെ അടുത്ത് വരുമ്പോ എല്ലാം പഴയ ഓർമ്മകൾ മനസ്സിലേക്ക് വന്നുകൊണ്ട് ഇരിക്കുന്നു..

എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയിരുന്നു

” അതെല്ലാം മറക്കാൻ നിനക്ക് കഴിയില്ലേ മോളെ?? ”

” കുറച്ചു ടൈം എടുക്കും അജയ്… ഇതൊക്കെ എങ്ങനെ പറയും എന്ന് കരുതി ചത്തു ജീവിക്കുവായിരുന്നു ഞാൻ…. ഇപ്പോ പകുതി ആശ്വാസം ആയി ”

” എന്തിനാടോ….???? ഞാൻ എപ്പോഴേലും തന്റെ പാസ്ററ് ചോദിച്ചോ??? തനിക്കായിട്ട് പറയാൻ തോന്നി.. താനായിട്ട് പറഞ്ഞു… നീ എന്റേതായതിന് ശേഷം എന്റേത് മാത്രം ആയിരിക്കണം.. ആ ഒരു ആഗ്രഹമേ ഉള്ളു എനിക്ക്

അവൻ കൈകൾ തോളിൽ വട്ടം ഇട്ടു അവളെ ചേർത്തിരുത്തി…

” ബയോളജി ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുമ്പോ എല്ലാം, മറ്റുള്ളവർ കൗതുകത്തോടെ നോക്കി ഇരിക്കുമ്പോ എല്ലാം എന്റെ മനസ്സ് നിറയെ ഇതായിരുന്നു അജയ്…

ഞാനൊരു ചീത്ത കുട്ടി ആണെന്ന തോന്നൽ… അതെന്നെ വല്ലാതെ ബാധിച്ചിരുന്നു..

എന്റെ ചിന്തകളെ തളർത്തിയിരുന്നു ”

” ആരെങ്കിലും ചെയ്ത തെറ്റിന് മോളെങ്ങനാ ചീത്ത കുട്ടി ആവുന്നേ??? എന്ത് ഏതെന്നു തിരിച്ചറിയാത്ത പ്രായത്തിൽ സംഭവിച്ചതല്ലേ…???

ഞാൻ പറഞ്ഞില്ലേ സെക്സിനെ കുറിച്ച് ഒന്നും അറിയാത്ത പ്രായത്തിൽ.. തൊട്ടും തലോടിയും ഓരോന്ന് ചെയ്യുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ചലനങ്ങൾ എന്തുകൊണ്ടാണെന്നു തിരിച്ചറിയാൻ കഴിയാതെ നിക്കുമ്പോൾ തന്റെ ഭാഗത്തു ഒരു തെറ്റും ഇല്ലെടോ ”

” ആരോടും പറയാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു… സ്കൂൾ വിട്ടു വരുന്ന വഴിയിൽ ക്ലാസ്സിലെ ആണ് കുട്ടികളോട് പോലും മിണ്ടുന്നതു കണ്ടാൽ വടി എടുക്കുന്ന ഉമ്മിയോട് ഇതെങ്ങനെ പറയാനാ ??? ”

” എന്തായാലും ഇപ്പൊ ഞാനില്ലേ മോൾക്ക്‌.. പിന്നെന്താ??? ”

അവൾ ഒന്നൂടെ ചേർന്നിരുന്നു നെഞ്ചിലേക്ക് മുഖം കയറ്റി വെച്ചു.മെല്ലെ മുഖം ഉയർത്തി അജയ്യേ ഒന്ന് നോക്കി

” എന്നാ ആലോചിക്കണെ??? വേണ്ടായിരുന്നുന്നു തോന്നേണ്ടോ??? ”

മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി അവൻ അവളുടെ നെറുകയിൽ ചേർത്ത് പിടിച്ചു ചുംബിച്ചു… ”

എനിക്ക് നിന്നെ മാത്രം മതി ”

അവൾ കണ്ണുകൾ അടച്ചു അവനെ വട്ടം കെട്ടിപ്പിടിച്ചു

അയ്യാൾ പിന്നെ ശല്ല്യം ചെയ്യാൻ വന്നിട്ടുണ്ടോ???

” ഇല്ല… പ്രതികരിച്ചു തുടങ്ങിയതിൽ പിന്നെ വന്നിട്ടില്ല ”

” ഉം ”

കുറച്ചു നേരം മൗനമായി ഇരുന്ന ശേഷം

” ലൈഫിൽ ഇതുപോലെ മറ്റെന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ വേറെ??? ”

” എന്തെ അജയ് അങ്ങനെ ചോദിച്ചേ??? ”

” ഒന്നുല്ലടാ… നിന്നെ അറിഞ്ഞിരിക്കാൻ ”

” ഇല്ല… പിന്നെ പൊതു സ്ഥലങ്ങളിൽ എല്ലാ സ്ത്രീകൾക്കും ഉണ്ടായിട്ടുള്ളത് പോലെ ഉള്ള അനുഭവങ്ങൾ.. അല്ലാതെ വേറൊന്നും ഇല്ല ”

” മം… ഇപ്പൊ മനസ്സിലെ ഭാരം എല്ലാം ഇറങ്ങിയില്ലേ.. ഇനി എനിക്ക് ധൈര്യമായി കെട്ടിപ്പിടിക്കലോ ??? ”

” പ്ലീസ് അജയ്.. എനിക്ക് കുറച്ചു ടൈം വേണം…

നീ തൊടുമ്പോഴും എനിക്ക് ആ ഓർമ്മകൾ ആണ് വരുന്നത്.. ആ ഫീലാണ് കിട്ടുന്നത്.. ടൈം എടുക്കും മാറാൻ.. ”

” സാരില്ല… ആവശ്യത്തിന് ടൈം എടുത്തോ… ഉം? ”

അവൾ മറുപടി പറയാതെ അവനു ചുറ്റും ഉള്ള പിടുത്തം ഒന്നൂടെ മുറുക്കി.

അവളെ ഇറക്കി തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ മുഴുവൻ അവളുടെ വാക്കുകളും ചിന്തകളും ആയിരുന്നു…

” കുട്ടിക്കാലത്തെ ഇത്തരം അനുഭവങ്ങൾ അവരെ ജീവിതകാലം മുഴുവൻ ഒരുപക്ഷെ വേട്ടയാടിയേക്കാം… അതിൽ കൂടുതലും ഇരയാക്കുന്നതും ബാധിക്കപ്പെടുന്നതും പെൺകുട്ടികൾ ആണ്… കടിച് പാമ്പിനെ കൊണ്ട് തന്നെ വിഷം എടുപ്പിക്കണം എന്ന് കാരണവന്മാർ പറയും…

പക്ഷെ അതോടെ മനുഷ്യൻ ജീവിക്കും പാമ്പ് മരിക്കും.. അതുപോലെ അല്ലാലോ ഇത്… കീഴടക്കിയവനെ കൊണ്ട് തന്നെ ആ പെണ്ണിനെ കെട്ടിച്ചാൽ അവൾ അനുഭവിച്ച വിഷമങ്ങളും അവൾക്കു നിഷേധിക്കപ്പെടുന്ന നീതിയും അവളിൽ നിന്നും തട്ടിയെടുത്ത സ്വാതന്ത്ര്യവും തിരിച്ചു കിട്ടുമോ???

അങ്ങനൊരാൾക്കൊപ്പം അവൾ എങ്ങനെ ജീവിക്കും… സമൂഹം വളർത്തിയ പാപ ബോധം കാരണം അങ്ങനെ ചിന്തിക്കുന്നവരും ഉണ്ട്.. ബാലതസംഘം ചെയ്തവനോട് പ്രണയം തോന്നിയവർ!

ചെറുപ്പം മുതലേ ഉപയോഗിച്ച് പോന്നത് കൊണ്ട് തനിക്കു എന്തൊക്കയോ നഷ്ട്ടപെട്ടു ഇനി അവനെ തന്നെ കെട്ടിയാലേ ജീവിതം ഉള്ളു എന്ന് ചിന്തിക്കുന്നവർ… അപ്പൊ തന്നെ പോലുള്ളവരോ??

അവധിക്കു വീട്ടിൽ നിക്കാൻ വന്ന കസിൻ ചേട്ടൻ സ്ഥിരമായി ഉപയോഗിച്ച തന്റെ കൂട്ടുകാരൻ,പിന്നീട് കാമം അവനൊരു ഭ്രാന്തായി മാറിയിരുന്നു.

ഇന്ന് അച്ഛനമ്മമാർ കുറച്ചൂടെ എജ്യൂക്കെട്ടട് ആയി..പുതിയ മാധ്യമങ്ങൾ വന്നു.. കുട്ടികളുടെ സുരക്ഷക്കായി പല മുന്നേട്ടങ്ങൾ വന്നു….

അവൾ പറഞ്ഞ വാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചു. ‘ ഒന്നും അറിയാത്ത പോലെ അയ്യാൾ വന്നു തോളിൽ കയ്യിടുന്നത് ” അവൻ അറിയാതെ മുഷ്ടി ചുരുട്ടി.. ” എന്റെ പെണ്ണിനെ അങ്ങനെ ചെയ്തിട്ട് ഒന്നും അറിയാത്ത പോലെ ഭാര്യക്ക് അവളെ പെങ്ങൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയ നാറിയെ ഒറ്റ വെട്ടിനു കൊല്ലണം

” അജയ് സ്റ്റീറിങ്ങിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.”

ഒന്നോർത്തു നോക്കിയേ, എന്നിട്ട് എവിടേലും പോവാൻ അപ്പനും അമ്മേം അവന്റെ കൂടെ തന്നെ അവളെ വിടുക… ഹോ… ”

അങ്ങനെ സ്വയം ഓരോന്ന് പറഞ്ഞും ആലോചിച്ചും വീട്ടിൽ എത്തവേ മുറ്റത്തു ഒരു കാർ കിടക്കുന്നു..

അജയ് പുറത്തേക്കു ഇറങ്ങി..

അവന്റെ അമ്മ ആദ്യം ഇറങ്ങി വന്നു

” കാർത്തികയും ഭർത്താവും വന്നിട്ടുണ്ട്…

അവനെന്തോ തിരക്കുണ്ടത്രേ… കാർത്തികക്ക് നാളെ എക്സാം തിരുവനന്തപുരത്തു.. അമ്മാവൻ പറഞ്ഞത്രേ ഇവിടെ കൊണ്ട് വിടാൻ.. അവളെ നീ കൊണ്ടൊക്കോളും എന്ന്.. നിന്റെ പെങ്ങളല്ലേ…

ആ വാക്ക് ഒരു ഇടിമിന്നൽ പോലെ അജയ്യുടെ നെഞ്ചിൽ പതിഞ്ഞു.

” അളിയാ എന്നാ ഞാൻ ഇറങ്ങട്ടെ..? ” ചിരിച്ചു കൊണ്ട് കാറിന്റെ ഡോർ തുറന്നു അവളുടെ ഭർത്താവ് പറഞ്ഞു

അജയ് ചിരിച്ചുകൊണ്ട് തലയാട്ടി.. ഉമ്മറ തിണ്ണയിൽ നിക്കുന്ന കാർത്തികയെ നോക്കി ടാറ്റാ കൊടുത്തു അയ്യാൾ കാർ മുന്നോട്ടു എടുത്തു…

” നീ പോയി വെല്ലോം എടുത്തു കഴിക്കു പെണ്ണെ..

കല്യാണം കഴിഞ്ഞു രണ്ടു മാസമേ ആയുള്ളൂ..

ക്ഷീണിച്ചു പണ്ടാരടങ്ങി.. മുഖത്തൊരു തെളിച്ചവും ഇല്ല ”

അതും പറഞ്ഞു അമ്മ അകത്തേക്ക് നടന്നു…

അജയ് സ്റ്റെപ് കയറി വരാന്തയിൽ എത്തി.. ഇരുവരും മുഖാമുഖം നോക്കാൻ മടിച്ചു…

” ഏട്ടന്റെ കൂടെ ഞാൻ വരില്ല ” എന്ന് പറയാൻ അവളുടെ മനസ്സ് കൊതിച്ചു.. പക്ഷെ അങ്ങനെ പറഞ്ഞാൽ പിന്നീട് ഒരുപാട് ചോദ്യങ്ങൾ വരും..

സമൂഹത്തിന്റെ ചട്ടക്കൂടുകൾ പൊളിയും..

ഭർത്താവ് തന്നെ വേണ്ടെന്നു പറയും.. ഒറ്റയ്ക്ക് ജീവിക്കാൻ സമ്മതിക്കാതെ വീണ്ടും പിടിച്ചു കെട്ടിക്കും.. പെണ്ണിന് മാത്രം അറിയാവുന്ന അനുഭവിക്കുന്ന ചില നിമിഷങ്ങൾ.

” കാർത്തു ”

അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി…

” ഞാൻ പറയാൻ പോവുന്നതൊന്നും ഒന്നിനേം ന്യായീകരിക്കാനും ഒന്നിനും പകരവും ഒന്നിൽ നിന്നും ഒളിച്ചോട്ടവും ആവില്ലെന്നു എനിക്കറിയാം.. ബാക്കി കാലം തീരുമാനിക്കട്ടെ… സോറി ”

നിറ കണ്ണുകളോടെ അവളുടെ കണ്ണിൽ നോക്കി അയ്യാൾ പറഞ്ഞു… പക്ഷെ കാലം മുഴുവൻ പുറത്തേക്കു വന്നാൽ ആരെങ്കിലും കാണുമോ എന്ന് കരുതി ഉള്ളിൽ തന്നെ അവൾ ഒഴുക്കി തീർത്ത കണ്ണീരിനു പകരം ആവില്ലായിരുന്നു അത്..

ഒരിക്കൽ കൂടി അവൻ പറഞ്ഞു ” സോറി “.

The End.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Kannan Saju ( അഥർവ്വ് )

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top