ആരോ ശരീരത്തിൽ തൊട്ടതുപോലെ തോന്നി നോക്കുമ്പോൾ ഒരാൾ തന്റെ കട്ടിലിൽ ഇരിക്കുന്നു…

രചന : Latheesh Kaitheri

ഈ നഗരത്തിൽ എത്തിയതുമുതൽ വല്ലാത്ത വീർപ്പുമുട്ടലായിരുന്നു , എന്റെ നാടിനെ ഓർക്കാനുള്ള ഒന്നുമിവിടെ ഇല്ലാ …

അച്ചനെയും അമ്മയേയും അനിയനേയും ഓർത്തപ്പോൾ സങ്കടം വീണ്ടും കീഴ്‌പ്പെടുത്തുകയാണ്

ആദ്യമായാണ് വീടുവിട്ട് നിൽക്കുന്നത് ,

വീടിനരികിലുള്ള കടയിൽ പോകുമ്പോൾ പോലും അനിയൻ കണ്ണൻ കൂടെയുണ്ടാകും ,

ഇതു തികച്ചും ഒറ്റപ്പെട്ട പോലെ .

ഇന്നലെ വരാൻനേരം എല്ലാവരും കരഞ്ഞെങ്കിലും കണ്ണൻ അവന്റ കണ്ണുനീർ ഇപ്പോഴും തൊർന്നുകാണില്ല ,അവനെ തന്നോളം ഒരുപക്ഷെ അമ്മയ്ക്കുപോലും അറിയില്ല .

താനുമായി പത്തു വയസ്സിന് ഇളയതാണവൻ ,

‘അമ്മ എടുത്തു നടന്നതിനെക്കാൾ അവനെയെടുത്തു ലാളിച്ചത് ഭക്ഷണം കൊടുക്കുന്നത് ഒക്കെ താനാണ്

അമ്മ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നേഴ്‌സാണ് .

എല്ലാവർക്കും അമ്മയെ ഇഷ്ട്ടമാണ് ,മിക്കവാറും ദിവസങ്ങളിൽ ഇഞ്ചക്ഷൻ എടുക്കാനൊക്കെയായി വീട്ടിൽ ഓരോരുകൂട്ടരുവരും .

അവരൊക്കെ കാശുനീട്ടിയാലും ‘അമ്മ മേടിക്കാറില്ല

അവസാനം പ്രായമുള്ള അമ്മൂമ്മമാരും മനസ്സറിഞ്ഞു അനുഗ്രഹിച്ചുപറയും ” നീ നന്നായിവരും മോളേ എന്ന് ” ആ ആനുഗ്രഹങ്ങളാണ് നമ്മുടെ വീട്ടിലെ സന്തോഷത്തിന്റെ പ്രധാന കാരണം .

അങ്ങെനെയുള്ള നൂറുനൂറു അനുഗ്രഹങ്ങൾക്കുവേണ്ടിയാണ് ,,താനും അതേപാത സ്വീകരിച്ചു ഇങ്ങോട്ടു പഠിപ്പിനായി വന്നത്

ക്ലാസ്സുതുടങ്ങി ,ദിവസങ്ങൾ ഇന്ന് നാലായി ,പുതിയ ഹോസ്റ്റൽ ആണ് താനും വേറൊരു കുട്ടിയും മാത്രമേ തന്റെ റൂമിലുള്ളു .

ആളുടെ വീട് തമിഴ്‍നാട് തഞ്ചാവൂർ ആണ്

പേര് കമല വാക്കുകളിൽ സ്നേഹം കലർത്തി പലതും അവൾ സംസാരിക്കും

എങ്കിലും തനിക്കുകൂടുതലായി ഒന്നും മനസ്സിലായില്ല

ക്ലാസ്സിലും അതികം സുഹൃത്തുക്കൾ ഒന്നുമില്ല ,

ക്ലാസ്സുവിട്ടാൽ റൂമിലെത്താനുള്ള ഒരു വെപ്രാളം ആണ് ,

എത്തിയ ഉടനെ വീട്ടിലേക്കു വിളിച്ചു സംസാരിച്ചു കൊണ്ടു സമയം കൊല്ലും .

രണ്ടുവശത്തേക്കുമുള്ള കോളുകൾ ഫ്രീ ആക്കിയാണ് അച്ഛൻ സിം എടുത്തുതന്നത് ,

അതുകഴിഞ്ഞാൽ കുറച്ചുവായിക്കും ,പിന്നെ ഭക്ഷണം കഴിച്ചുകിടക്കും ,,

ഈ ഭക്ഷണമൊക്കെ കഴിക്കുമ്പോഴാണ് , ഉപ്പു പോരാ എരുവില്ല എന്നൊക്കെ പറഞ്ഞു

അമ്മയോട് പിണങ്ങുമ്പോഴുള്ള കാര്യങ്ങൾ ഓർത്തു വിഷമം വരുന്നത് ,

ഇന്നേക്ക് വന്നിട്ട് മാസം ഒൻപതു കഴിഞ്ഞു ,

അഞ്ചു പുതിയ കുട്ടികൾ കൂടി നമ്മുടെ റൂമിലേക്ക് വന്നു ,,

എല്ലാം മലയാളി കുട്ടികൾ ,എല്ലാവർക്കും നല്ല തന്റേടം ,ഇതു തന്റേടം ആണോ കുറച്ചു ഓവർ അല്ലെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ,

ഒന്ന് സ്വര്യമായി വീട്ടിലേക്കു വിളിച്ചിട്ടു മാസങ്ങളായി ,

എപ്പോഴും കലപില ശബ്‍ദം ,

ഓരോരാളും കാമുകൻ മാരെ തകർത്തുവിളിക്കുകയാണ്,,, ചില വിളികൾ നേരം വെളുക്കുന്നതുവരെ നീളും ,

ചിലർ ഒരേ സമയം രണ്ടും മൂന്നും ബോയ്ഫ്രണ്ടുമായൊക്കെ ടൈം വെച്ചു ആടി തിമിർക്കുന്നു ,

ഇവിടെ ആരും കാണില്ല അറിയില്ല എന്നൊക്കെ ഉള്ള വിശ്വാസത്തിൽ ആണ് എല്ലാ പരിപാടിയും

ഒരുപക്ഷെ വീട്ടിലുള്ള അമിത നിയന്ത്രങ്ങളെ പൊട്ടിച്ചെറിയുന്ന സന്തോഷം ആകാം അവർക്ക്

പലപ്പോഴും ബൈക്കിൽ കയറി അവർ പോകുന്നത് കാണാം

ആ ദിവസങ്ങളിൽ ക്ലാസ്സിലും കയറാറില്ല ,

ചോദിക്കുമ്പോൾ ഓരോരുകാരണങ്ങൾ പറഞ്ഞു തലയൂരാറാണ്‌ പതിവ് ,അതുകൊണ്ട് താൻ ഇപ്പോൾ ഒന്നും ചോദിക്കാറുമില്ല ,

മറ്റുള്ളവർ കാണാതെ അവർ റൂമിൽ നിന്നും മദ്യപിക്കാറുണ്ട്

താൻ ഒറ്റയ്ക്ക് എങ്ങനെ അവരോടെതിർത്തു നിക്കും

സാഹചര്യം പന്തിയല്ല എന്ന് തോന്നിയതുകൊണ്ട് തമിഴത്തികുട്ടി നേരത്തെ റൂമുമാറിപ്പോയി ,

താനും അതെ ആവശ്യവുമായി ചെന്നപ്പോൾ ഇപ്പൊ വേറെ റൂമിൽ ഒഴിവില്ല എന്നുപറഞ്ഞു തിരിച്ചയച്ചു

തന്നെയും അവർ മദ്യപിക്കാൻ ഒരുപാടു നിർബന്ധിച്ചു , താൻ എല്ലായപ്പോഴും ഒഴിഞ്ഞു മാറി

അവരെ പേടിച്ചു ഒരു കോളയിൽ കമ്പനി കൊടുക്കും ചിലപ്പോഴൊക്കെ ,

എന്താണെന്നറിയില്ല ഇപ്പോൾ എല്ലാ ദിവസവും ആ കോളയോട് ഒരു താല്പര്യം തോന്നുന്നു .

പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം അത് തനിക്കും കിട്ടുന്നു ,

പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ പരിപാടിയിൽ താനും ഇരിക്കാൻ തുടങ്ങി

ഇന്ന് കൂട്ടത്തിലുള്ള ഒരാളുടെ birthday പാർട്ടി ആണ് .

അതവർ ശരിക്കും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ,

പുറത്തു അതിനുവേണ്ടി അവർ റൂമൊക്കെ അറേഞ്ചു ചെയ്തിട്ടുണ്ട്

ഒരുപാട് ഒഴിഞ്ഞുമാറിയെങ്കിലും എന്നെ അവർ വിടുന്നമട്ടില്ല

ഞായറാഴ്ച ആയതുകൊണ്ട് ഇന്ന് ക്ലാസ്സില്ല .

പത്തുമണി ആകുമ്പോൾ അവരുടെ കൂടെ അവർ അറേഞ്ചു ചെയ്ത റൂമിലേക്ക് വിട്ടു ,,

പോകുന്ന വഴിക്ക് ഓട്ടോ നിർത്തിച്ചു അവർ മദ്യഷോപ്പിൽ പോയി മദ്യം വാങ്ങി ,അതിനൊന്നും അവർക്കൊരു മടിയും ഉണ്ടായിരുന്നില്ല .

റൂമിൽ എത്തിയപ്പോൾ സമാധാനമായി വേറെ ആരും ഇല്ലാ ,നമ്മളുമാത്രമേ ഉള്ളു ,,

പക്ഷെ അതിനു അത്ര ആയുസ്സുണ്ടായില്ല ,

ഉച്ചയോടടുത്തപ്പോൾ രണ്ടു ബൈക്കിൽ ആയി നാല് ആൺപിള്ളേരും കൂടി വന്നു പരുപാടിയിൽ ജോയിൻ ചെയ്തു .

വല്ലാത്ത വീർപ്പുമുട്ടലായിരുന്നു എനിക്ക്

ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആൾക്കാർ,,,,

കൂടാതെ ,അവരും തന്റെ കൂടെവന്നവരുമായുള്ള ശരീരഭാഷയൊക്കെ കാണുമ്പോൾ എന്തോ അത്ര പന്തിയല്ല ,

അവർ ഇടക്കിടെ തന്നെ കോള കുടിക്കാൻ നിർബന്ധിച്ചുകൊണ്ടേ ഇരുന്നു ,

എന്താണെന്നറിയില് തലവെട്ടിപൊളിക്കുന്നതുപോലെ വേദനിക്കുന്നു ,

എവിടെയെങ്കിലും ഒന്നു കിടക്കണം എന്നു പറഞ്ഞപ്പോൾ അവരിലൊരാൾ എനിക്ക് റൂം കാട്ടിത്തന്നു ,

അല്പമൊന്നു കിടന്നു അവർ വന്നാലും ഇല്ലെങ്കിലും താൻ പെട്ടെന്നുതന്നെ പോകും എന്ന് ഉറപ്പിച്ചുതന്നെയാ കിടന്നത് ,

ആരോ ശരീരത്തിൽ തൊട്ടതുപോലെ തോന്നിയാ കണ്ണുതുറന്നത് ,

നോക്കുമ്പോൾ അതിലൊരാൾ തന്റെ കട്ടിലിൽ ഇരിക്കുന്നു ,

എന്തുചയ്യണം എന്നറിയാതെ അയാളെ തട്ടിമാറ്റി പാർട്ടിനടക്കുന്ന റൂമിലേക്ക് ഓടി ,

അവിടെ കണ്ടകഴ്ച അതിലും വിചിത്രം ആയിരുന്നു

വെള്ളമടിച്ചു വെളിവില്ലാതെ അവർ അവിടെ കാട്ടുന്ന പേക്കൂത്തുകൾ ,ആണും പെണ്ണും പാലിക്കേണ്ട മര്യാദകൾ എല്ലാം അവിടെ കാറ്റിൽ പറത്തുകയാണ്,,

ഒന്നും പറയാതെ റൂമിൽ നിന്നിറങ്ങി ,ഓട്ടോ പിടിച്ചു ഹോസ്റ്റലിലേക്ക് പോയി .

നേരെ പോയത് കമലയുടെ റൂമിലായിരുന്നു ,,അവളെ പുറത്തേക്കുവിളിച്ചു കാര്യങ്ങൾ പറഞ്ഞു ,

അവളുടെ നെഞ്ചിലേക്ക് ചാരി കുറേക്കരഞ്ഞു ,,

റൂമിൽ പോയി കിടന്നെങ്കിലും തലവേദന സഹിക്കാൻ പറ്റുന്നില്ല ,ശർദ്ധിക്കാനും വരുന്നു ,

കമലയുടെ നിർദ്ദേശപ്രകാരം അവളെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി

ഡോക്ടർ പറഞ്ഞ കാര്യം കേട്ട് ഞാൻ ബോധം കേട്ടില്ലെന്നേയുള്ളു ,,,എന്റെ ഉള്ളിലുള്ള ആൽക്കഹോളിന്റെതാണ് ഈ അവസ്ഥകളൊക്കെ ഉണ്ടാക്കിയത് ,,

ആലോചിക്കുംതോറും എനിക്കതിനുള്ള ഉത്തരം ലഭിച്ചുതുടങ്ങി ,,

അവർ എനിക്കുതന്ന കോളയിൽ ചെറിയ അളവിൽ മദ്യം ഒഴിച്ചാ തന്നുകൊണ്ടിരുന്നത് ,,

അതുകൊണ്ടാണ് ചെറുതായി തലയ്ക്കു സുഖം ലഭിച്ചുകൊണ്ടിരുന്നത് ,

താൻ ടോയ്‌ലെറ്റിൽ പോയ സമയത്തു അവർ ഇന്നും അതെ പണിതന്നെ എടുത്തുകാണും ,കൂടാതെ അതിന്റെ അളവും കൂട്ടികാണും ,അതാണ് ഈ തലവേദനക്കും ശർദ്ധിക്കുമൊക്കെ കാരണം

പിന്നീട് അവരുടെ കൂടെ നില്ക്കാൻ തനിക്കു പേടിയായിരുന്നു ,

വീട്ടിൽ അച്ഛനെവിളിച്ചു കാര്യം പറഞ്ഞു ,കേട്ട ഉടനെ അമ്മയും അച്ചനും അനിയനും ഓടി എത്തി .

അച്ഛനെ കണ്ട ഉടനെ അച്ഛന്റെ ചുമലിലേക്ക് വീണു നന്നായി അങ്ങ് കരഞ്ഞു …എന്റെ ഒഴുകിത്തീർത്ത കണ്ണുനീരിൽ നിന്നും ഞാൻ അനുഭവിച്ച നൊമ്പരങ്ങളുടെ ഭാരം അമ്മയും അച്ഛനും ശരിക്കും തിരിച്ചറിഞ്ഞു ..

ബോൾഡായി തന്റേടത്തോട് കൂടി എന്തിനെയും നേരിട്ട് ജീവിക്കാൻ പഠിക്കണം എന്ന് പറഞ്ഞു എന്നെ എപ്പോഴും ആശ്വസിപ്പിക്കാറുള്ള അമ്മ എന്നെ കാണിക്കാതെ കണ്ണുനീർ തുടച്ചുകളയാൻ വെമ്പുന്നതു ഞാൻ കണ്ടു .

കാര്യം ഒന്നും മനസ്സിലായിങ്കിലും കണ്ണനും വന്നു സങ്കടം ..

അച്ഛനോടൊപ്പം കുറച്ചു നിമിഷം അവനെയും കൂടി കെട്ടിപ്പിടിച്ചിരുന്നപ്പോള് എവിടേയ്‌യോക്കെയോ ചെറുതായി ഒരു സന്തോഷം …ആശ്വാസം …

ഇപ്പോൾ ഞാൻ വേറൊരു ഹോസ്റ്റലിൽ ആണ് ,

എന്റെ കൂടെ കമലയും ഇങ്ങുപോന്നു ,

ചെറിയ റൂം രണ്ടാൾക്കുമാത്രം താമസിക്കാൻ പാകത്തിൽ ചോദിച്ചുവാങ്ങി ,,,

ഇപ്പോൾ ഞാൻ കുറച്ചു തമിഴൊക്കെ പേസും കേട്ടോ ,

ഒരു പാട് സുഹൃത്തുക്കൾ ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലതു ,

എനിക്ക് കമല മതി ഇവിടെ കൂട്ടിനു ,

ഇപ്പോൾ ആദ്യം വന്നപ്പോഴുള്ള ഒരു സന്തോഷം എനിക്ക് ലഭിക്കുന്നുണ്ട് ,

കണ്ണനോടൊക്കെ കമല ഇപ്പോൾ സംസാരിക്കും അവനുമിപ്പോൾ ചെറുതായി തമിഴ്‌ പഠിച്ചോ എന്നൊരു സംശയം ഉണ്ട്

എന്തായാലും നമ്മളുവിടുമോ ,കമല ഇപ്പോൾ നല്ല അസ്സലായി മലയാളം പറയും ,

പഠനം എന്തായാലും പൂർത്തിയാക്കണം , എന്തൊക്കെ പരീക്ഷണങ്ങൾ ഉണ്ടായാലും ,,,അതിന് അമ്മയ്ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ എനിക്ക് രക്ഷയായി ഉണ്ടാകും ,,ആ വിശ്വാസമാണ് എന്റെ ശക്തി.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Latheesh Kaitheri