ദേവു … ഇനി ഞാൻ ആ ജോലിക്ക് പോകുന്നില്ല, എനിക്ക് കഴിയില്ലെടി,.. അയ്യോ എന്താണ് ഏട്ടാ പ്രശ്നം, എന്തുപറ്റി…

രചന : നവാസ് ആമണ്ടൂർ.

(“ഈ കഥ പരമാവധി വായിക്കപ്പെടാൻ എല്ലാരും സപ്പോർട് ചെയ്യണം.. ഈ കാലഘട്ടത്തിൽ പലർക്കും ചിന്തിക്കാനുള്ള ഒരു മെസ്സേജ് കഥയിൽ ഉണ്ടന്നാണ് എന്റെ വിശ്വാസം.. 🙏”)

വീണ്ടും ചില വീട്ടുകാര്യങ്ങൾ.

❤❤❤❤❤❤❤❤❤❤❤❤

ഇണകൾ തമ്മിൽ ആകർഷണം ഉണ്ടാക്കുന്ന കാരണങ്ങൾ ഉണ്ട്. ആണും പെണ്ണും ആ കാരണങ്ങൾ കൊണ്ട് പരസ്പരം മോഹിക്കപ്പെടും എന്റെ ഭാര്യക്കും ഉണ്ട്.. എന്നോട് മോഹം തോന്നിപ്പിക്കുന്ന കാരണങ്ങൾ.

ആ കാരണങ്ങൾ ഭർത്താവിൽ കാണുമ്പോൾ ഭാര്യക്ക്‌ പ്രത്യക ഇഷ്ടം തോന്നും. ആ ഇഷ്ടം അവന്റെ കൈക്കുള്ളിൽ വാടിയ താമര തണ്ട് പോലെ തളർന്നു ഉറങ്ങും വരെ ഉണ്ടാവും.

ചിലർക്ക് ഏതെങ്കിലും ഒരു നിറത്തിലുള്ള ഡ്രസ്സ്‌ ആയിരിക്കും.. അല്ലെങ്കിൽ അവളെ സപ്പോർട് ചെയ്തു സംസാരിക്കുന്ന വാക്കുകളൊ ചില പെർഫ്യൂമിന്റെ മണമോ ഒരു പുഞ്ചിരി പോലും ആ ഇഷ്ടത്തിന്റെ വാതിൽ തുറക്കും.അങ്ങനെ നൂറായിരം കാരണങ്ങൾ ഉണ്ടാവാം.പലർക്കും പല തരത്തിൽ ആയിരിക്കും ഇണയോട് അങ്ങനെയുള്ള ഇഷ്ടം.

എന്റെ ദേവികക്ക് ഇതൊന്നും അല്ല എന്നോട് വല്ലാത്ത ഇഷ്ടം ഉണ്ടാക്കുന്ന കാരണം.

മിക്കവാറും ഞാൻ താടി വെട്ടി ഷൈപ് ചെയ്തു നടക്കുകയാണ് പതിവ്. താടി വളർത്തുന്നത് എനിക്കിഷ്ടമാണ്. എങ്കിലും ഇടക്ക് വല്ലപ്പോഴും മാത്രം താടി ഷേവ് ചെയ്യും. അന്ന് മീശ കട്ടിയിൽ വെട്ടി ഒതുക്കും.

എന്നെ അങ്ങനെ കാണുമ്പോൾ അവളുടെ നോട്ടത്തിൽ പ്രണയം ഉണ്ടാവും.ചുണ്ടിൽ കുസൃതിയോടെ പുഞ്ചിരി തെളിയും. എന്റെ കവിളിൽ അവളുടെ കവിളുകൾ ഉരച്ചു എന്നെ സ്‌നേഹം കൊണ്ട് തലോടും.പിന്നെ ചെറിയൊരു വേദന ഉണ്ടാക്കുന്നപോലെ ചുണ്ടിൽ കടിക്കും.

ബാർബർ ഷോപ്പിലിരിക്കുന്ന.എന്റെ താടിയിൽ അയാൾ സോപ്പ് പതിപ്പിക്കുമ്പോൾ അവളുടെ നോട്ടവും പ്രണയത്തിലുള്ള പുഞ്ചിരിയും ഓർത്ത് കണ്മുന്നിലെ കണ്ണാടിയിൽ നോക്കി ഞാൻ പുഞ്ചിരിത്തൂകി.

താടി വടിച്ചു കുറച്ചു പൌഡറിട്ട് വീട്ടിലേക്ക് നടക്കാൻ തുടങ്ങി.

ഒരുപാട് അലഞ്ഞു തിരിഞ്ഞു ഒരു ജോലിക്ക് വേണ്ടി. ഒരു സുഹൃത്ത് വഴി ഒരു ജോലി റെഡിയായി

ജോലി കിട്ടിയപ്പോൾ എന്നേക്കാൾ സന്തോഷം അവൾക്കാണ്.പക്ഷെ ഒരു കണ്ടീഷൻ ഉണ്ട് ഈ ജോലി സ്ത്രീകളുടെ ഇടയിൽ ആയത് കൊണ്ട് പെണ്ണുങ്ങളോട് ഇടപഴകി വീണ് പോകരുത്.

“നിനക്ക് തോന്നുന്നോ ഞാൻ അങ്ങനെ വീണ് പോകുമെന്ന്..”

“പറയാൻ പറ്റൂല ചെക്കാ..”

“നിന്റെ ഏട്ടൻ വീണത് നിന്റെ മുൻപിൽ മാത്രമാണ്… ഇനി എവിടെയും വീഴില്ല മുത്തേ.”

പലയിടത്തും പോയി ശ്രീ ശക്തിയിലുള്ള പെണ്ണുങ്ങളെ കാണണം. അവരോട് സംസാരിക്കണം.

അവരെ സഹായിക്കാൻ വന്നതാണെന്ന് അവരെ വിശ്വസിപ്പിക്കണം.

ശ്രീ ശക്തിയിലുള്ള പെണ്ണുങ്ങൾക്ക് വലിയൊരു തുകയായി ലോൺ കൊടുക്കും. കുറഞ്ഞത് ഒരു ഗ്യാങ്ങിൽ അഞ്ച് പേരെങ്കിലും വേണം.ലോൺ എടുക്കുന്നവർ കമ്പനി ഉത്പന്നങ്ങളും വാങ്ങണം.അവർ പറയുന്ന പലിശയും കൊടുക്കണം.

സാധാരണ എല്ലാവരും ഉപയോഗിക്കുന്ന പേസ്റ്റ് സോപ്പ് ഷാമ്പു അതിന്റയൊക്കെ വില നമ്മുക്ക് അറിയാം… പക്ഷെ ഈ കമ്പനിയുടെ സോപ്പിന് മാത്രം അഞ്ഞൂറു രൂപയുണ്ട്… കിച്ചൻ ഉപകരണങ്ങളും ഉണ്ട് അവരുടെ ലിസ്റ്റിൽ.. അവർ ഇടുന്ന വില.. എന്നെപോലെ ഉള്ളവർ കമ്പനി ഉത്പന്നങ്ങൾക്ക് ഉള്ളതും ഇല്ലാത്തതുമായ ഗുണങ്ങൾ പറഞ്ഞു പഠിപ്പിക്കണം.ചെറിയ തുകക്ക് വാങ്ങി ഉപയോഗിക്കുന്ന സാധനങ്ങൾക്ക് പകരം വില കൂടിയത് വാങ്ങി ഉപയോഗിക്കാൻ സത്യത്തിൽ സാഹചര്യം മുതലെടുത്തു നിർബന്ധിക്കപ്പെടുകയാണ്.

അതിനൊക്കെ പുറമെ ഓരോ അടവിനും പലിശ. ഒന്നോ രണ്ടോ അടവ് മുടങ്ങിയാൽ പലിശയുടെ പലിശ..

എന്തങ്കിലുമൊക്കെ മാറ്റി നിർത്താൻ കഴിയാത്ത ആവിശ്യങ്ങളുമായി പ്രതിക്ഷയോടെ നിൽക്കുന്ന പെണ്ണുങ്ങളുമായി കൂടുതൽ സംസാരിച്ചു തുടങ്ങിയപ്പോൾ കുറച്ചു ദിവസം കൊണ്ട് എനിക്ക് ഈ തട്ടിപ്പിന് കുടപ്പിടിക്കുന്ന പരിപാടി മതിയായി.

ജോലി അവസാനിപ്പിച്ചു വീട്ടിൽ കയറി ചെല്ലാൻ മനസിന്‌ ഒരു വിഷമം.

സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞു വിടുന്ന പോലെ ജോലി കിട്ടിയപ്പോൾ പുതിയ ഡ്രസും ചെരിപ്പും ഹാൻഡ് ബാഗും വാങ്ങി സന്തോഷത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവളോട് എങ്ങനെ പറയും ആ ജോലിയും വേണ്ടെന്ന് വെച്ചന്ന്.

വീട്ടിൽ കയറി ചെന്നപ്പോൾ ആദ്യം കണ്ടത് അവൾ എന്റെ മുഖമാണ്.

ഷേവ് ചെയ്തു മിനുസപ്പെടുത്തിയ എന്റെ മുഖം കണ്ടപ്പോൾ പതിവുപോലെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

കുളി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എന്റെ കവിളിൽ അവളുടെ കവിൾ ചേർത്ത് വെച്ച് ഉരസി.

ഭക്ഷണം കഴിച്ച പത്രങ്ങൾ കഴുകി വെച്ച് മേല് കഴുകി എനിക്ക് ഇഷ്ടമുള്ള നൈറ്റ്‌ ഡ്രസ്സ്‌ ധരിച്ചു അവൾ ബെഡ് റൂമിൽ വന്നു.

“ഇയാള് എന്നെ കൊതിപ്പിക്കാൻ അല്ലെ ഇപ്പൊ താടി വടിച്ചത്..?”

അത് പറഞ്ഞു അവൾ എന്റെ കവിളിൽ കടിച്ചു.

“അല്ലങ്കിലും നിനക്ക് എന്താ പെണ്ണേ താടി വടിക്കുമ്പോൾ ഒരിളക്കം…?”

“അതെ ഇയാൾ എന്നെ ആദ്യമായി ചേർത്ത് പിടിച്ചത്.. ചുണ്ടിൽ ചുംബിച്ചത്.. കെട്ടിപിടിച്ചത്..

പിന്നെ… പിന്നെ അങ്ങനെ എല്ലാം.. എന്നെ സ്വന്തമാക്കിയ ആ ദിവസം ഇയാൾക്ക് താടി ഉണ്ടായിരുന്നില്ല.. ഇങ്ങനെ താടി വടിച്ചു കാണുമ്പോൾ അതൊക്കെ ഓർമ്മ വരും.”

ഞാൻ അവളെ കെട്ടിപിടിച്ചു കവിളിലും ചുണ്ടിലും കഴുത്തിലും മാറി മാറി ചുംബിച്ചു.

മൊബൈൽ എടുത്തു മൊബൈലിൽ പഴയ പ്രണയഗാനങ്ങൾ വെച്ചു.

ഞാനും അവളും ഞങ്ങൾ ചുംബനങ്ങൾ കൊണ്ട് ഉണർന്നു.ശരീരം ചൂട് പിടിച്ചു

കരയിൽ പിടിച്ചിട്ട മീനുകളെ പോലെ പിടഞ്ഞു.

അവസാനം അവൾ എന്റെ നെഞ്ചിൽ തളർച്ചയോടെ കിടന്നു.

“ദേവു … ഇനി ഞാൻ ആ ജോലിക്ക് പോകുന്നില്ല

“എന്താണ് ഏട്ടാ പ്രശ്നം.”

“നീയും ഒരു പെണ്ണല്ലേ.. നീയും എടുക്കാറുണ്ടല്ലോ.. പല ലോണുകൾ.. നിന്നെ പറഞ്ഞു പറ്റിച്ചു ഒരു കുടുക്കിൽ ഇടുന്ന പോലെ..

ഒരുപാട് പെണ്ണുങ്ങൾ.. അവരുടെ സാഹചര്യം മുതലുടുത്ത്‌ പറ്റിക്കാൻ എന്റെ മനസ് അനുവദിക്കുന്നില്ല.. കല്യാണം കഴിഞ്ഞിട്ട് കുറേ കൊല്ലം ആയില്ലേ.. ഇതുവരെ ഒരു കുട്ടിയെ ദൈവം തന്നില്ല.. ഇനി അതിന് ഒരു തടസ്സമായി ഈ ശാപം കൂടി വേണ്ട”

“ചേട്ടന് ഇഷ്ടമില്ല്ങ്കിൽ പോണ്ട.. ഇതുപോലെ ഒരു ജോലി ആണെന്ന് അറിഞ്ഞങ്കിൽ നേരത്തെ തന്നെ ഞാൻ വേണ്ടെന്ന് പറഞ്ഞാനെ.”

ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു.

“കള്ളൻ.. ഇത് പറയാൻ ആണല്ലേ താടി വടിച്ചു വന്നത്.”

“ജോലി വേണ്ടെന്ന് വെച്ചപ്പോൾ നിന്റെ മുഖമാണ് ഓർമ്മ വന്നത്.. നിന്റെ വിഷമമാണ് ഓർത്തത്.”

“അതൊന്നും സാരമില്ല.. മനസാക്ഷി പണയം വെച്ച് ഒന്നും ചെയ്യണ്ട.. ഏട്ടാ.”

“എനിക്ക് പകരം വേറെ ആളുകൾ വരും.. ഒരുപക്ഷെ മാസം കിട്ടുന്ന ശബളം മാത്രം ആവും അവർ ഓർക്കുക.. അവർക്കും ഉണ്ടാവും എത്ര അടവുകൾ അടച്ചിട്ടും തീരാത്ത ലോണുകൾ.”

ഞാൻ ഉറങ്ങും മുൻപേ അവൾ ഉറങ്ങി.

ഇങ്ങനെയുള്ള ദിവസങ്ങളിൽ അങ്ങനെയാണ് സങ്കടങ്ങളില്ലാതെ അവൾ സമാധാനത്തോടെ ഉറങ്ങും.

ബാധ്യതകളും പ്രശ്നങ്ങളും നമ്മുടെ മുൻപിൽ വരുമ്പോൾ കടം വാങ്ങുക എന്നൊരു മാർഗമാണ് മുന്നിൽ വരിക.ആ അവസ്ഥയാണ് ചിലരുടെ തട്ടിപ്പിനുള്ള വഴി ഒരുങ്ങുന്നത്.

അവർ പറയുന്നതൊക്കെ അംഗീകരിച്ചു കൊള്ള പലിശക്ക് കടം വാങ്ങുമ്പോഴും അറിഞ്ഞു കൊണ്ട് തന്നെയാണ് സമ്മതിക്കുന്നത്.

പെണ്ണുങ്ങളെ മാത്രം കേന്ദ്രികരിച്ചു പല പേരിലും നമ്മുടെ വാതിക്കിൽ ബാഗും തൂക്കി വന്ന് നിൽക്കുന്ന അതിഥി നമ്മളെ സഹായിക്കാനാണോ ചതിക്കാനാണോ വന്നതെന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കുക…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നവാസ് ആമണ്ടൂർ.