അമ്മാവനെത്ര നിർബന്ധിച്ചിട്ടും അവൾ മറ്റൊരു വിവാഹത്തിനും സമ്മതം മൂളിയില്ല…

രചന : ജിഷ സുരേഷ്

ജീവിതം

❤❤❤❤❤❤❤❤❤❤

ഗോപിക തന്നെക്കാണാത്ത ഭാവത്തിൽ തിടുക്കപ്പെട്ട് നടന്നു പോകുന്നതു നോക്കി അരുൺ തന്റെ ബൈക്കിൽ ചാരിയിരുന്നു.

വില കൂടിയതും, നേർത്തതുമായ ലാച്ചക്കിടയിലൂടെ അവളുടെ ദേഹം തെളിമയോടെ കാണാമായിരുന്നു.

അവൾക്ക് ബാങ്കിൽ ജോലി കിട്ടിയിട്ട് കുറച്ചു നാളായി. അവിടേക്ക് പോകുന്ന പോക്കാണ്.

അതും നോക്കി അന്തംവിട്ട് നിൽക്കയായിരുന്ന കൂട്ടുകാരൻ ഗോപിക്കുട്ടനോട് അരുൺ ദുഃഖത്തോടെ പറഞ്ഞു.

അവള് കൈവിട്ടു പോയെടാ. ഈയിടെയായി അവളെന്നെ ശ്രദ്ധിക്കാറ് കൂടിയില്ല.

ഗോപിക്കുട്ടനത് വിശ്വസിക്കാനായില്ല.അരുണിന്റെ വിരൽത്തുമ്പിൽ നിന്ന് പിടിവിടാതെ നടന്നവൾ.അവനെ തനിക്കുവേണമെന്ന് ശാഠ്യം പിടിച്ച്, സ്വന്തം ചോരയെപ്പോലും അകറ്റിയിരുന്നവൾ.

അരുണിന്റെ അമ്മാവന്റെ മകളാണ് ഗോപിക.

അവൾക്കൊപ്പം പിറന്നവളൊരാൾ കൂടിയുണ്ട് ,

രാധിക.

എടാ….. നിനക്കത് തന്നെ കിട്ടണം.

ആ രാധികക്ക് നിന്നെയെത്രയിഷ്ടമായിരുന്നു.

എന്തൊരു പാവമായിരുന്നു അവൾ.

അന്നേരം നീ ,, “അവൾ മണ്ടിയാണ്, പഠിക്കാൻ മിടുക്കിയല്ല,

വെറും നാട്ടിൻപുറക്കാരിയെപ്പോലെയാ അവള് എന്നൊക്കെപ്പറഞ്ഞല്ലെ അതിനെ ഒഴിവാക്കിയെ…

ഇവള് പോകുന്നപോക്ക് കണ്ട് നാട്ടുകാര് കണ്ണുപൊത്തുമല്ലോ. ഇതിനെന്താ ഡ്രസ്സ് അലർജിയാ.

ഗോപികയെക്കുറിച്ചാണ്.

അരുൺ ഒന്നും പറഞ്ഞില്ല. അവന്റെ മനസ്സിൽ നിറനിലാവുപോലെയുള്ള രാധികയുടെ മുഖം തെളിഞ്ഞു.

അമ്മാവന്റെ രണ്ടുപെൺമക്കളിൽ ഏറ്റവും പാവമവളായിരുന്നു. രാധിക.

യാതൊരു സാമർത്ഥ്യവുമില്ലാതിരുന്നവൾ.

ഗോപിക പക്ഷേ അവളിൽ നിന്നേറെ വ്യത്യസ്ഥയായിരുന്നു. വേഷത്തിലും, ഭാവത്തിലും, സ്വഭാവത്തിലും……

എപ്പോഴും വർത്തമാനം പറയുന്ന കിലുക്കാംപെട്ടിയും.

വളരെ മോഡേണുമായ അവളോടായിരുന്നു തനിക്കെന്നും ഇഷ്ടം.

പക്ഷേ അമ്മാവന് താൽപര്യം തനിക്ക് രാധികയെ നൽകാനായിരുന്നു. തനി നാട്ടിൻപുറത്തുകാരനായ തനിക്ക് ചേരുന്നത് രാധികയായിരിക്കുമെന്ന് അമ്മാവന് തോന്നിയിരിക്കാം.

പോരാത്തതിന് രാധികക്ക് തന്നെ വലിയ ഇഷ്ടമായിരുന്നെന്ന് അമ്മാവനറിയാമായിരുന്നു.

പക്ഷേ, അന്നതറിഞ്ഞവശം ഗോപിക അച്ഛനോട് പറഞ്ഞു. തനിക്കും അരുണേട്ടനേയാണ് ഇഷ്ടം,

തന്നെയാണ് ഏട്ടനുമിഷ്ടമെന്ന്.

അമ്മാവൻ പിന്നെന്തു പറയാൻ. അദ്ദേഹത്തിന് രണ്ടുമക്കളുമൊരുപോലല്ലേ..

പക്ഷെ രാധിക അതിനുശേഷം തീർത്തും മൗനിയായി. അവൾ ഡിഗ്രി പാതിവഴിയിൽ നിർത്തി.

അമ്മാവനെത്ര നിർബന്ധിച്ചിട്ടും അവൾ ഒന്നിനും തയ്യാറായില്ല. എത്ര നിർബന്ധിച്ചിട്ടും അവൾ മറ്റൊരു വിവാഹത്തിനും സമ്മതം മൂളിയില്ല.

ഗോപിക്കുട്ടനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ അരുണിന് വല്ലാത്ത നൊമ്പരം തോന്നി.

❤❤❤❤❤❤❤❤❤❤

വൈകീട്ട് അമ്മയോടൊത്ത് കൃഷ്ണന്റെ അമ്പലത്തിൽ തൊഴാൻ പോയപ്പോൾ, അവിടെ രാധിക നിൽപ്പുണ്ടായിരുന്നു.

വീതിക്കരയുള്ള സെറ്റുസാരിയുടുത്ത് നീളൻമുടിയിൽ മുല്ലപ്പൂ ചൂടി ആൽച്ചുവട്ടിൽ തനിച്ചിരിക്കുന്ന അവളെക്കണ്ടപ്പോൾ അന്നാദ്യമായൊരിച്ഛാഭംഗം തോന്നി.

അമ്മയെക്കണ്ട്, അമ്മായീ എന്നു വിളിച്ചവൾ ഓടിയെത്തി. തന്നെ നോക്കിയും അവൾ വാടിയൊരു ചിരി ചിരിച്ചു.

അമ്മക്കവളെ വലിയ ഇഷ്ടമായിരുന്നെന്ന് തനിക്കറിയാം. ഗോപികയുടെ ആരോടും ബഹുമാനമില്ലാത്ത പെരുമാറ്റം അമ്മക്കൊട്ടും ഇഷ്ടമില്ലായിരുന്നു.

ഒന്നിച്ചു തൊഴുതിറങ്ങിയപ്പോഴാണ് അമ്മ അവളോട് വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞത്.

ഗോപികക്ക് , അവൾ ജോലിചെയ്യുന്ന ബാങ്കിലെ മാനേജർ ആലോചനയുമായി വന്നതും,

അവൾക്കയാളെ മതിയെന്നു പറഞ്ഞവൾ വാശിപിടിച്ചതും, , അമ്മാവൻ തനിക്കരുണിന് കൊടുത്ത വാക്ക് മാറ്റാനാവില്ലെന്ന് പറഞ്ഞപ്പോൾ അവൾ അതിന് പിണങ്ങി വീട്ടിലാരോടും മിണ്ടാറില്ലെന്നുമൊക്കെപ്പറഞ്ഞത് കേട്ടപ്പോളവൻ അന്തംവിട്ടു നിന്നുപോയി.

അപ്പോൾ അതാണകൽച്ചക്ക് കാരണം.

ഗോപികക്ക് തന്നെ വേണ്ടാതായിരിക്കുന്നു. തന്നേക്കാൾ ഉയർന്നവനെക്കണ്ടപ്പോൾ അവൾ അതിനു പിന്നാലെ പോയിരിക്കുന്നു.

അരുണിന് വേദനയെക്കാൾ തന്നോടുതന്നെ വെറുപ്പും പുച്ഛവുമാണ് തോന്നിയത്.

തനിക്കതുതന്നെ വേണം.

മടങ്ങി വീട്ടിലെത്തിയ ശേഷം അമ്മയുമായാലോചിച്ച് അവനൊരു തീരുമാനത്തിലെത്തിയിരുന്നു.

പിറ്റേന്ന് സന്ധ്യക്ക് അവൻ അമ്മാവനെക്കാണാൻ അവരുടെ വീട്ടിലെത്തി. അവനെത്തിയെന്നറിഞ്ഞിട്ടും ഗോപിക അവളുടെ റൂമിൽ നിന്നിറങ്ങിയതേയില്ല.

ഗോപികയെ അവൾക്കിഷ്ടമുള്ളയാൾക്ക് തന്നെ വിവാഹം ചെയ്തുകൊടുക്കാനവൻ അമ്മാവനോട് പറഞ്ഞു.

വിരോധമില്ലെങ്കിൽ രാധികയെ തനിക്കു നൽകണമെന്നും.

പക്ഷേ അമ്മാവൻ മൗനിയായിരുന്നു.

അദ്ദേഹത്തിനറിയില്ലായിരുന്നു,, രാധിക ഇനിയതിന് സമ്മതിക്കുമോയെന്ന്.

കാരണം ഒരാസാമാന്യ വ്യക്തിത്വത്തിനുടമയായിരുന്നു രാധിക.

പാവമാണെങ്കിലും തന്റെയാദർശത്തെ മുറുകെപ്പിടിക്കുന്നവൾ.

തന്റെ സഹോദരിക്കു വേണമവനെയെന്നു പറഞ്ഞ അന്ന്,, മനസ്സിലെ മോഹത്തിന് കടിഞ്ഞാണിട്ടവളാണവൾ. ഇനിയവൾ അതിന് സമ്മതിക്കുമോ…. ആവോ.

എന്നിട്ടും അദ്ദേഹം പറഞ്ഞു.

നീ തന്നെയവളോടു സംസാരിക്ക്…..

അതിനനുസരിച്ച് തീരുമാനിക്കാം നമുക്ക്.

നേർത്ത ഇരുളിലേക്ക് നോക്കി നിർവ്വികാരയായി നിന്ന അവളോട് താനൊന്നേ പറഞ്ഞുള്ളൂ.

സ്നേഹത്തിനുവേണ്ടി നല്ലൊരു ഹൃദയത്തെ അവഗണിക്കേണ്ടി വന്നുവെനിക്ക്. നല്ലത് തിരഞ്ഞെടുക്കാനും കഴിഞ്ഞില്ല. ആ നെഞ്ചിൽ, ഏതെങ്കിലുമൊരു കോണിൽ എനിക്കിത്തിരിയിടം ഇനിയും ബാക്കിയുണ്ടെങ്കിൽ കാത്തിരിക്കും ഞാനിനിയുള്ള കാലം.

മറുപടിക്ക് കാക്കാതെ പടിയിറങ്ങുമ്പോൾ , നേർത്ത വെട്ടത്തിലും അവളുടെ മനോഹരമായ മിഴികളിലെ നീർത്തിളക്കം കാണുന്നുണ്ടായിരുന്നു.

പ്രത്യാശയുടേയും, പ്രതീക്ഷയുടേയും, നിരാശയുടേയും, വേർപ്പാടിന്റേയും ആകത്തുകയാണല്ലോ ജീവിതമെന്നത്.

കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു.

അരുണിന്റെ ജീവിതത്തിനു വെളിച്ചമേകാൻ എല്ലാം മറന്ന് രാധികയെത്തിയപ്പോൾ, സ്വയം തിരഞ്ഞെടുത്ത ജീവിതത്തിനു മുൻപിൽ തന്റെ ദുരഭിമാനവും, ധാർഷ്ട്യവും മൂലം ഭർത്താവിനോട് പിണങ്ങി ഗോപിക സ്വന്തം വീട്ടിലേക്കുതന്നെ മടങ്ങിയെത്തിയിരുന്നു. തികച്ചും പരാജിതയായിട്ടുകൂടി തോൽക്കാൻ മടിച്ച്.

ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ജയപരാജയങ്ങളിൽ കൂടിയുള്ള മനുഷ്യന്റെ യാത്ര.

അതൊക്കെയൊരു വിധിയാണെന്ന ചിന്തയോടെ ഈക്കഥ ഞാനിവിടെ നിർത്തുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ജിഷ സുരേഷ്