ഓഹ് ഈ പിള്ളേരെ കൊണ്ട് ഞാൻ തോറ്റു, നാശം പിടിക്കാൻ എങ്ങനെയെങ്കിലും സ്കൂളൊന്ന് തുറന്നാൽ മതിയായിരുന്നു….

രചന : സജി തൈപ്പറമ്പ്

ഓഹ് ഈ പിള്ളേരെ കൊണ്ട് ഞാൻ തോറ്റു, നാശം പിടിക്കാൻ എങ്ങനെയെങ്കിലും ഈ സ്കൂളൊന്ന് തുറന്നാൽ മതിയായിരുന്നു,

ഹരിയേട്ടാ… ഇവരെയൊന്ന് അങ്ങോട്ട് വിളിക്കുന്നുണ്ടോ ?

ഉമ്മറത്തിരുന്ന് പത്രം വായിക്കുകയായിരുന്ന ഹരികുമാർ ,ഭാര്യയുടെ നിലവിളി കേട്ട്, ബെഡ് റൂമിലേക്ക് വേഗം ചെന്നു.

കട്ടിലിൽ കിടന്ന് മൂത്ത കുട്ടികളായ അനുവും വിനുവും പരസ്പരം തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് വഴക്കടിക്കുമ്പോൾ, അവരെ പിടിച്ച് മാറ്റാനായി വിമല, പെടാപാട് പെടുകയായിരുന്നു.

ഡാ… ഇങ്ങോട്ട് മാറെഡാ.. രാവിലെ തന്നെ രണ്ടും കൂടി ഗുസ്തി പിടിക്കാതെ കുളിച്ചൊരുങ്ങി ട്യൂഷന് പോകാൻ നോക്കെഡാ..

രണ്ട് പേരുടെയും ചെവിക്ക് പിടിച്ച് മുരുക്കിയിട്ട് ,ഹരി അവരോടലറി

അതിനിന്ന് ട്യൂഷനില്ലച്ഛാ…

ടീച്ചറുടെ വീട്ടിൽ ഏതോ ഗസ്റ്റ് വരുന്നുണ്ടെന്ന്

ഈശ്വരാ … അപ്പോൾ, രണ്ട് മണിക്കൂറ് നേരം കിട്ടുന്ന സ്വസ്ഥതയും, നഷ്ടമായല്ലോ?

എടീ വിമലേ… ഞാനാ സുധീന്ദ്രൻ്റെ വീട്ടിലേയ്ക്ക് പോകുവാണ് , ഊണ് കാലമാകുമ്പോൾ നീയെന്നെ വിളിച്ചാൽ മതി,,

അത് ശരി ,ഈ കുരുത്തംകെട്ടവൻമാരുടെ ഇടയിൽ എന്നെ ഇട്ടേച്ച് നിങ്ങള് സമാധാനം തേടി പോകുവാണല്ലേ ? നിങ്ങൾക്ക് ആഴ്ചയിൽ വരുന്ന ഒരു അവധി ദിവസം പോലും മക്കളെ സഹിക്കാൻ വയ്യ,

അപ്പോൾ വെക്കേഷൻ തുടങ്ങി കഴിഞ്ഞ ഒന്നര മാസമായി ഈ മൂന്ന് കുരിപ്പുകളെ മേയ്ക്കുന്ന എന്നെ നിങ്ങളൊന്ന് സമ്മതിക്കണം ,മൂത്തത് രണ്ടെണ്ണം എപ്പോഴും അടിയും ഇടിയും തല്ലിപ്പൊട്ടിക്കലുമാണ്

ഇളയതൊരെണ്ണമാണെങ്കിൽ ഈ വീടു മുഴുവൻ അലങ്കോലമാക്കിയിടും, നേരം വെളുത്താൽ, അന്തിയാകുന്നത് വരെ, എനിക്ക് മൂട് കുത്തി ഒന്നിരിക്കാൻ പറ്റില്ല ,അറിയാമോ?

നീ പ്രസവിച്ചതല്ലേ? അനുഭവിച്ചോ ?

ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് ,തുടർച്ചയായുള്ള പ്രസവം കാരണം, എൻ്റെ കരിയറ് കൂടി ഇല്ലാതായി ,എൻ്റെ കഷ്ടകാലത്തിന് ജോലിക്കുള്ള ഇൻ്റർവ്യൂ വരുന്ന ദിവസം, ഞാൻ ലേബർ റൂമിലായിരിക്കും ,ഇല്ലെങ്കിൽ എനിക്കും നിങ്ങളെ പോലെ നല്ലൊരു ജോലി കിട്ടിയേനെ,

എൻ്റെ വിമലേ.. ഇനിയിയിപ്പോൾ അതും പറഞ്ഞോണ്ടിരുന്നിട്ടെന്താ കാര്യം ?ആ ജോലി കിട്ടിയില്ലെങ്കിലെന്താ? ഈ വീട്ടിൽ നിനക്ക് പിടിപ്പത് ജോലിയില്ലേ ? പിന്നെ എല്ലാ വീട്ടിലും ,ചെറുപ്രായത്തിലുള്ള മക്കളെ വളർത്തിയെടുക്കുന്നത് അമ്മമാര് തന്നെയാണ്,

അച്ഛൻ പട്ടാളത്തിലായിരുന്നപ്പോൾ, ഞങ്ങള് നാല് മക്കളെ എൻ്റെ അമ്മ തന്നെയാണ് വളർത്തി വലുതാക്കിയത് ,നിൻ്റെ അമ്മയും അങ്ങനെ തന്നെയായിരുന്നില്ലേ?

അത് പിന്നെ അക്കാലത്തല്ലേ ?

അന്ന് നമുക്കൊന്നും ഇത്രയും കുസൃതിയുമില്ലായിരുന്നു, നമ്മുടെ മാതാപിതാക്കൾ മക്കളെ കൊണ്ട് ഇത്രയും പൊറുതിമുട്ടിയിട്ടുമില്ലായിരുന്നു,

നീ എന്തെങ്കിലും ചെയ്യ് വിമലേ..

ഞാനെന്തായാലും സുധീന്ദ്രൻ്റെയടുത്തേക്ക് പോകുവാണ്

ഭർത്താവ് തന്നെ കൈയ്യൊഴിഞ്ഞ് പോയപ്പോൾ, നടുക്കടലിൽ കൊമ്പൻ സ്രാവുകൾക്ക് തിന്നാൻ വലിച്ചെറിഞ്ഞ് കൊടുത്തിട്ട് പോകുന്ന പ്രതീതിയായിരുന്നു വിമലയ്ക്ക് .

********************

ഹല്ലാ,, ഇതാര് ഹരിയോ?

കുറെ നാളായല്ലോഡാ, നിന്നെ ഇങ്ങാട്ടൊക്കെ കണ്ടിട്ട്?

കൂട്ടുകാരനെ കണ്ടപ്പോൾ സുധീന്ദ്രൻ്റെ മുഖത്ത് വല്ലാത്ത സന്തോഷം.

ഓഹ് നേരം കിട്ടണ്ടേടാ.. ആഴ്ചയിലൊരു അവധി കിട്ടിയാൽ എവിടെങ്കിലും എന്തേലുമൊരു പരിപാടി കാണും ,പിന്നെ എന്താന്നറിയില്ല ഇന്ന് മാത്രം പ്രത്യേകിച്ച് ചടങ്ങുകളൊന്നുമില്ലായിരുന്നു ,

അല്ല നീ എന്തിനാ ഈ കുഞ്ഞ് മാവിൻ കൊമ്പിൽ ഇത്രയും ചെറിയൊരു ഊഞ്ഞാല് കെട്ടുന്നത്?

മീനു രണ്ട് ദിവസമായിട്ട് പറയുന്നതാടാ, ഒരു ഊഞ്ഞാല് കെട്ടാൻ ,ഇന്നവധിയല്ലേ ? പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് , രാവിലെ അവളുടെ ആഗ്രഹം സാധിക്കാമെന്ന് കരുതി, ഇനി ഇത് കഴിഞ്ഞിട്ട് ,സമയം പോകാൻ വേറെ എന്ത് ചെയ്യുമെന്നാണ് ഞാനാലോചിക്കുന്നത്

അത് ശരി, എന്നാൽ പിന്നെ കുറച്ച് വലിയ ഊഞ്ഞാല് കെട്ടാമായിരുന്നില്ലേ? ഇതിലിപ്പോൾ നിങ്ങൾക്ക് രണ്ട് പേർക്കും ഇരിക്കാൻ കഴിയില്ലല്ലോ?

അതിനിത് ഞങ്ങൾക്കിരിക്കാനല്ലെങ്കിലോ?

സുധീന്ദ്രൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

പിന്നെ?

ഹരികുമാർ കൗതുകത്തോടെ ചോദിച്ചു.

അതൊക്കെയുണ്ട്, ങ്ഹാ, അത് പോട്ടെ, നിനക്ക് കുടിക്കാൻ ചായയോ കാപ്പിയോ ?

ഞാൻ ചായ കുടിച്ചിട്ടാണിറങ്ങിയത് തത്ക്കാലം എനിക്ക് ഒരു ഗ്ളാസ്സ് വെള്ളം മതി

എങ്കിൽ നീ ഇരിക്ക്, ഞാൻ മീനുവിനോട് വിളിച്ച് പറയാം,

ഡീ …, മീനുവേ… ദേ ഹരി വന്നിട്ടുണ്ട്, നീ അവന് കുടിക്കാൻ കുറച്ച് വെള്ളമെടുത്ത് കൊടുക്ക്

അയാൾ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ച് പറഞ്ഞു

നിങ്ങൾക്കൊന്ന് എടുത്ത് കൊടുത്താലെന്താണ് ?

ഞാനിവിടെ വെറുതെയിരിക്കുവല്ല, ഈ വീടാകമാനം നിരന്ന് കിടക്കുന്നത് നിങ്ങളും കണ്ടതല്ലേ ?

ഞാനാദ്യം ഇതൊക്കെയൊന്ന് അടുക്കിപ്പെറുക്കി വയ്ക്കട്ടെ ,എന്നെ ശല്യപ്പെടുത്തല്ലേ..

അകത്ത് നിന്ന് മീനുവിൻ്റെ മറുപടി കേട്ട്, ഹരികുമാർ അമ്പരന്ന് പോയി

പക്ഷേ ,സുധീന്ദ്രൻ യാതൊരു നീരസവുമില്ലാതെ പുഞ്ചിരിയോടെ അടുക്കളയിൽ ചെന്ന് കുടിവെള്ളമെടുത്ത് കൊണ്ട് ഹരികുമാറിന് കൊടുത്തു.

അല്ല സുധീ … ഒരു സംശയം ? നീയും മീനുവും മാത്രമുള്ള ഈ വീട്ടിൽ നിൻ്റെ ഭാര്യയ്ക്ക് ഇതിനും മാത്രം ജോലിയോ? ഈ വീട് അലങ്കോലമാക്കാനായിട്ട് നിങ്ങൾക്ക് മക്കളില്ലെന്ന് എനിക്കറിയാം ,

അതോ ,നിങ്ങള് കുട്ടികളെ വല്ലതും ദത്തെടുത്തോ ?അതാണ് നീ രാവിലെ തന്നെ ഊഞ്ഞാല് കെട്ടുന്നതല്ലേ ?

ഹരികുമാർ ആകാംക്ഷയോടെ ചോദിച്ചു.

ഹ ഹ ഹ ,ഡാ ഹരീ .. അതിന് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള യോഗ്യത പോലും ഞങ്ങൾക്കില്ലല്ലോ

ചുമ്മാതൊന്നും ആരും കുട്ടികളെ ദത്ത് തരില്ല ,

അതിന് ചില ഫോർമാലിറ്റീസൊക്കെയുണ്ട്,

അതിൽ ഏറ്റവും പ്രധാനം, എനിക്കും മീനുവിനും ഒരിക്കലും കുട്ടികളുണ്ടാവില്ല, എന്ന മെഡിക്കൽ സർട്ടിഫിക്കേറ്റാണ് ,ആ ഒരു ഉറപ്പ് തരാൻ, ഗൈനക്കോളജിസ്റ്റിനും കഴിയുന്നില്ല ,ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവുമെന്ന് തന്നെയാണ് എല്ലാ ഡോക്റ്റേഴ്സും പറയുന്നത്, കാത്തിരിക്കണമത്രേ ?ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്, വർഷങ്ങൾ പലതായെന്ന് നിനക്കറിയാമല്ലോ ? ഒടുവിൽ കാത്തിരുന്ന് കാത്തിരുന്ന് സഹികെട്ടപ്പോൾ ,ഞങ്ങൾ സ്വയം അച്ഛനും അമ്മയുമായി മാറാൻ തീരുമാനിച്ചു,

അങ്ങനെ ഞങ്ങൾക്ക് പെട്ടെന്നൊരു ദിവസം രണ്ട് കുട്ടികളുണ്ടായി, ഒരാണും ഒരു പെണ്ണും ,പിന്നെ ഞങ്ങൾ ഫുൾ എൻഗേജ്ഡായി,

ഓരോ ദിവസവും അവർക്ക് വേണ്ടി ഞാൻ പുതിയ കളിപ്പാട്ടങ്ങളും, കുട്ടിയുടുപ്പുകളുമൊക്കെ വാങ്ങിക്കൊണ്ട് വരും ,മീനുവത് അലമാരയിൽ ഭംഗിയായി അടുക്കി വയ്ക്കും, പിറ്റേന്ന് രാവിലെ അവളതെല്ലാമെടുത്ത് വാഷ് ചെയ്ത് വെയിലത്തിട്ട് ഉണക്കുകയും, വൈകുന്നേരം തിരിച്ച് അലമാരയിൽ തന്നെ ഭംഗിയായി അടുക്കിവയ്ക്കുകയും ചെയ്യും,

അങ്ങനെ ഞാൻ ജോലിക്ക് പോകുന്ന സമയത്ത്, ഒറ്റപ്പെട്ട് പോകുന്ന മീനു, ചെയ്യാൻ മറ്റൊന്നുമില്ലാതെ വരുമ്പോൾ ചെയ്യുന്നൊരു കാര്യമെന്താന്ന് തനിക്കറിയാമോ ?

രാവിലെ തന്നെയവൾ , വീടാകെ അലങ്കോലമാക്കിയിടും, എന്നിട്ട് അവള് തന്നെ മണിക്കൂറുകൾ ചിലവിട്ട്, അതെല്ലാം പഴയ രീതിയിലാക്കും ,ഒരു കുഞ്ഞിനെയെങ്കിലും ദൈവം ഞങ്ങൾക്ക് തന്നിരുന്നെങ്കിൽ, ജീവിതത്തിൽ ഞങ്ങൾക്കിങ്ങനെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്താൻ വേണ്ടി , അഭിനയിക്കേണ്ടി വരില്ലായിരുന്നു ,എൻ്റെയും മീനുവിൻ്റെയും വിഷമം നിനക്ക് മനസ്സിലാവില്ല സുധീ …

കാരണം, നിങ്ങൾക്ക് മൂന്ന് പൊന്നോമനകളെയല്ലേ ദൈവം തന്നിരിക്കുന്നത് ,നീ ഭാഗ്യവാനാടാ,

എനിക്ക് നിന്നോട് അസൂയ തോന്നുന്നു,,,

പതർച്ചയോടെ അത് പറയുമ്പോൾ, സുധീന്ദ്രൻ്റെ കണ്ണുകൾ ഈറനായിരുന്നു.

ഛെ!എന്താടായിത് ? കൊച്ചുകുട്ടികളെ പോലെ ?

നീ തന്നെയല്ലേ മുൻപ് എന്നോട് പറഞ്ഞിട്ടുള്ളത്,

എല്ലാത്തിനും ഒരു സമയമുണ്ടെന്ന്, അതേടാ… നിനക്കും മീനുവിനുമുള്ള ആ സുദിനം അധികം താമസിയാതെ വരും ,നീ സമാധാനമായിരിക്ക് ,

ഓഹ് , നേരം പോയതറിഞ്ഞില്ല ,ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ ,അവിടെ വിമല ഒറ്റയ്ക്ക് കുട്ടികളെ ഹാൻഡില് ചെയ്യാൻ പാട് പെടുന്നുണ്ടാവും

സുധീന്ദ്രനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ,രാവിലെ മക്കളൊരു ശല്യമാണെന്ന് ചിന്തിച്ച് പോയതിൽ അയാൾക്ക് അതിയായ പശ്ചാതാപം തോന്നി .

NB : മക്കളുടെ കുസൃതി കൊണ്ട് പൊറുതിമുട്ടുമ്പോൾ, ക്ഷമയോടെ അതിനെ നേരിടുക ,

അവരുടെ കുസൃതിത്തരങ്ങളും, കളി ചിരികളും, ഒരിക്കലെങ്കിലും അനുഭവിക്കാനും,അതൊന്ന് ആസ്വദിക്കാനുമായി കാത്തിരിക്കുന്ന നിരവധിപ്പേരുണ്ടെന്ന കാര്യം, ആരും വിസ്മരിച്ച് പോകരുത്.

എല്ലാവർക്കും നല്ലത് മാത്രം ആശംസിച്ച് കൊണ്ട്, നിർത്തുന്നു ,

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ്