പറഞ്ഞുറപ്പിച്ച് നടത്തുന്ന ഒരു കച്ചവടമല്ല വിവാഹം… എന്റെ മകളെ അതിന് കിട്ടില്ല…

അവളിടം

*********

“എന്ത് കൊടുക്കും?”

“വരൂ… ദാ നോക്കൂ, ഈ മുറി.

അതവൾക്കുള്ളതാണ്.”

നന്നായി അടുക്കി ഒതുക്കി വച്ച മുറി.

ടേബിളിൽ തലേന്ന് പാതി വായിച്ചു മടക്കി വച്ച ഒരു പുസ്തകം.

അതിനടുത്തായി ഒരു കസേരയും.

ബുക്ക് ഷെൽഫും നന്നായൊതുക്കി വച്ചിരിക്കുന്നു.

“ദാ.. ഈ അലമാരയിൽ അവളുടെ വസ്ത്രങ്ങളും അവൾക്കിഷ്ടപ്പെട്ടു വാങ്ങിയ പല സാധനങ്ങളുമാണ്.

ഇത് മോളുടെ ബെഡും. പഠനവും വിശ്രമവുമെല്ലാം ഇവിടെയാണ്.”

ചുവരിൽ തൂക്കിയിരിക്കുന്ന ചിത്രത്തിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ തുടർന്നു.

“അവളുടെ ഈ പുഞ്ചിരി മാഞ്ഞു കാണരുത് എന്ന് തന്നെയാണ് എല്ലാ മാതാപിതാക്കളേയും പോലെ ഞങ്ങളുടേയും ആഗ്രഹം. സ്വപ്നങ്ങൾക്കൊത്ത് പഠിക്കാനും ആത്മവിശ്വാസത്തോടെ ജീവിതത്തെ കാണാനും പ്രതിസന്ധികളെ തളരാതെ നേരിടുവാനും എന്നും ഞങ്ങളൊപ്പമുണ്ടാവും എന്നത് ഞങ്ങൾ അവൾക്ക് കൊടുത്ത വാക്കാണ്.”

ഇടയ്ക്കയാൾ ഒന്നു നിർത്തി.

“അല്ലാ… ഇതൊക്കെ ഞങ്ങളോട് എന്തിന്?”

“ഇല്ല.. ഞാൻ പറഞ്ഞു തീർന്നില്ല. ഏഴെട്ടു മാസത്തിനുള്ളിൽ അവൾക്കൊരു ജോലിയാവും. സ്വന്തം കാലിൽ നിൽക്കാനൊരു വരുമാനവും. അതില്ലെങ്കിലും ഈ മുറിയെന്നും അവൾക്കുള്ളത് തന്നെ.

എന്റെ മകനെപ്പോലെ തന്നെ അവളുടേതെന്ന് അവൾക്കുറപ്പിക്കാവുന്ന ഒരിടം. ഇതാണ് ഞങ്ങൾ അവൾക്ക് കൊടുക്കുന്നത്. എന്താ?”

“നിങ്ങളെന്താ ഒരുമാതിരി ആളെ കളിയാക്കുകയാണോ? വിവാഹം കഴിച്ചയയ്ക്കുമ്പോൾ മകൾക്ക് എന്ത് കൊടുക്കുന്നു എന്നാണ് ചോദിച്ചത്? ചെറുക്കന് വേറെ പെണ്ണ് കിട്ടാതെയൊന്നുമില്ല. അവനെന്തിന്റെ കുറവുണ്ടായിട്ട്?

അവന് നല്ല ഉദ്യോഗമുണ്ട്.

ലക്ഷക്കണക്കിന് കിട്ടാൻ ഇന്നത്തെ സ്ഥിതിക്ക് തന്നെ ആളുകൾ ക്യൂവാ.

ഇതൊരുമാതിരി ആളെ കളിയാക്കാൻ..”

“മകന് പെണ്ണുകിട്ടുന്നതോ കെട്ടിക്കുന്നതോ അതൊക്കെ നിങ്ങളുടെ കാര്യങ്ങൾ.. അവന് ഒരു കുറവുണ്ട്. നിങ്ങളെപ്പോലുള്ള മാതാപിതാക്കൾ വളർത്തി വലുതാക്കി എന്ന കുറവ്.”

ഒരു നെടുവീർപ്പിട്ടുകൊണ്ടയാൾ തുടർന്നു

“പറഞ്ഞുറപ്പിച്ച് നടത്തുന്ന ഒരു കച്ചവടമല്ല വിവാഹം. എന്റെ മകളെ അതിന് കിട്ടില്ല. ഒത്തുപോരാൻ കഴിയാത്തിടത്ത്.. മാനസികശാരീരിക പീഢനങ്ങൾ നേരിടേണ്ടി വരുന്നിടത്ത്..

ഒരിക്കലും ആത്മാഭിമാനം വ്രണപ്പെട്ട്, യാതനകൾ സഹിച്ച് നിലകൊള്ളാൻ ഞങ്ങളവളെ ഒരിക്കലും വിട്ടു കൊടുക്കില്ല. ഞങ്ങളെന്നല്ല.. ഒരു മാതാപിതാക്കളും വിട്ടുകൊടുക്കരുത്.

ഓടിയെത്താൻ ഒരു തീരം..

ആശ്വാസമാകാൻ ഒരിടം.. ചേർത്തു പിടിക്കാൻ തന്റെ ഉറ്റവരും ഉടയവരും.. ഇതൊക്കെ ഉണ്ടെന്ന് ഉറപ്പുള്ളപ്പോൾ ജീവൻ വേണ്ടെന്നുവയ്ക്കാൻ ഒരു പെൺകുട്ടിയും തയ്യാറാവില്ല. അവളുടെ ജീവനും ജീവിതവും ഒരാളുടേയും ഔദാര്യമല്ല..അതവളുടെ മാത്രം അവകാശമാണ്. അതിൽ അവളുടെ ജീവിതപങ്കാളിക്കോ വീട്ടുകാർക്കോ, എന്തിന് മാതാപിതാക്കളായ ഞങ്ങൾക്കോ അവളുടെ സഹോദരങ്ങൾക്കോ അധികാരമില്ല.

സഹിക്കാൻ പറ്റാത്തിടങ്ങൾ ഉപേക്ഷിക്കാൻ..

തിരികെ വരാൻ ഓരോ പെൺകുട്ടികൾക്കും ധൈര്യമുണ്ടാവട്ടെ. കൈകൾ ചേർത്തു കൊടുക്കാൻ മാത്രമല്ല, തിരികെ പോരേണ്ടി വരുമ്പോൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ നമുക്കും കഴിയണം.

സമൂഹത്തിലെ നിലവാരം നോക്കി പെരുമനടിക്കൽ വിവാഹക്കോലാഹലങ്ങൾക്ക് പകരം ലളിതമായ വിവാഹങ്ങൾ ഉണ്ടാവട്ടെ. ഇനിയൊരു ഉത്രയും വിസ്മയയും വാർത്തകളിൽ നിറയാതിരിക്കാൻ…

“ഓഹ് കഴിഞ്ഞോ? ഇങ്ങനെയൊരു വിവാഹം ഞങ്ങൾക്ക് അല്ലേലും വേണ്ട. ഏത് നേരത്താണാവോ ഇങ്ങോട്ട് വരാൻ.. ഛെ” നീരസത്തോടെ അയാൾ മറുപടി പറഞ്ഞു.

“പോകാൻ വരട്ടെ. ഇതുകൂടെ കേട്ടോളൂ.. നിങ്ങൾ എന്നോട് ചോദിച്ചതും പറഞ്ഞതുമെല്ലാം വീഡിയോവിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.

ഏതായാലും ഇതൊരു പരാതിയായി നൽകാനാണ് എന്റെ തീരുമാനം.

നീതിയും ന്യായവും നിയമവുമെല്ലാം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താൻ ഒരച്ഛനെന്നും ഒരു പൗരനെന്നുമുള്ള നിലയിൽ എനിക്കും അവകാശമുണ്ട്.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഫാബി നിസാർ