പ്രേമിച്ച് വീട്ടുകാർക്ക് മാനക്കേട് ഉണ്ടാക്കി ഏതോ ഒരുത്തന്റെ ഒപ്പം താൻ ഇറങ്ങിപ്പോയി…

രചന : വാൻ പേഴ്‌സി

ഒരിക്കലും ഇനി ഈ വീടിന്റെ പടി ചവിട്ടരുതെന്നു കരുതിയതാണ്..

അന്ന് ശരത്തേട്ടന്റെ ഒപ്പം പുതിയൊരു ജീവിതം തുടങ്ങുമ്പോൾ മനസ്സിൽ എടുത്ത ആദ്യ തീരുമാനമായിരുന്നു അത്.

എന്തു വന്നാലും,ഇനി പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും,ആരുടെ മുൻപിൽ കൈ നീട്ടിയാലും ഇവിടെ വരില്ല എന്നു..

പക്ഷേ ഇന്ന് വീണ്ടും തനിക്ക് ഇവിടെ വരേണ്ടി വന്നു..

വിധി അല്ലാതെന്ത്…

മനസ്സിൽ കരുതിക്കൊണ്ടു കൊണ്ട് അവൾ ആ വീടിന്റെ ഗേറ്റ് തുറന്നു കയറി.

ആറ് വർഷങ്ങൾക്ക് മുൻപാണ് താൻ ഈ വീട്‌ വിട്ട്‌ പോയത്..

പ്രേമിച്ച് വീട്ടുകാർക്ക് മാനക്കേട് ഉണ്ടാക്കി ഏതോ ഒരുത്തന്റെ ഒപ്പം താൻ ഇറങ്ങിപ്പോയി എന്നാണ് ചെറിയമ്മയുടെ പറച്ചിൽ.ആ പറച്ചിലിനുള്ളിൽ അവരോളിപ്പിച്ചു വെച്ചതാവട്ടെ തന്നോടുള്ള അവരുടെ ശത്രുതയും.

അമ്മ മരിച്ചു കുറെ നാള് കഴിഞ്ഞു മാളുനെ നോക്കാൻ ആരെങ്കിലും വേണ്ടേ സുധാകരാ,അവളൊരു പെങ്കൊച്ചല്ലേ എന്ന ചോദ്യം കേട്ടു മടുത്തിട്ടോ അതിൽ എന്തോ കാര്യം ഉണ്ടെന്നു തോന്നിയിട്ടൊ ആവണം..അച്ഛനാ തീരുമാനം എടുത്തത്.

ഒരു ദിവസം സ്‌കൂൾ കഴിഞ്ഞു വരുമ്പോൾ വീട്ടിൽ അവരുണ്ടായിരുന്നു.തന്റെ ചെറിയമ്മ..അച്ഛന്റെ രണ്ടാം ഭാര്യ..

അന്ന് മുതൽ അതു വരെ വർണാഭമായിരുന്ന മാളുവിന്റെ ജീവിതത്തിൽ ഇരുള്പടർന്നു കയറി.

അവിടന്നങ്ങോട്ട് അവൾക്കു അച്ഛനുമില്ലാതായി,എന്തു ചെയ്താലും ഇല്ലേങ്കിലും കണ്ണു പൊട്ടുന്ന ചീത്ത വിളിക്കും..അവർക്ക് മതിയാവുന്ന വരെ തല്ലും

അതിനു ആഘാതം കൂട്ടാനെന്നോണം അവർക്കൊരു മോനും മോളും ഉണ്ടാവുക കൂടി ചെയ്തു..

അതൊട് കൂടി അവളെ കാണുന്നതെ അവർക്ക് ചതുർത്ഥിയായി..

വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ അച്ഛന്റെ കയ്യിലൊരു പൊതിയുണ്ടാവും..

പ്രകടിപ്പിക്കാനാവാഞ്ഞ അത്രയും സ്നേഹം അച്ഛനതിൽ ഒളിച്ചു കടത്തിയിരുന്നു.മറ്റൊരു തരത്തിൽ ആ കാലത്ത് മാളുവിന് ലഭിച്ചു പോന്ന സ്നേഹം അതു മാത്രമായിരുന്നു.

താൻ പൊതികളുമായി എത്തുന്ന ദിവസങ്ങളില് എല്ലാം എന്തെങ്കിലും കാരണമുണ്ടാക്കി തന്നെ പൊതിരെ തല്ലിയിരുന്നത് അച്ഛനോടുള്ള അവരുടെ പ്രതിഷേധമാണെന്നു മനസിലാക്കിയിട്ടാവണം.

എനിക്കായുള്ള പലഹാരപ്പൊതിയുടെ ആ വരവ് നിലച്ചു.തനിക്കു കിട്ടാവുന്ന ആ ചെറിയ സ്നേഹവും തട്ടിയകട്ടിയ സന്തോഷത്തിൽ ചെറിയമ്മ അഹങ്കരിച്ചു…

പക്ഷെ അതിനു അച്ഛന്റെ മറുപടി വ്യത്യസ്തമായിരുന്നു…

പലഹാരപ്പൊതിയുടെ വരവ് നിലച്ചതിന്റെ പിറ്റേന്ന് സ്‌കൂൾ വിട്ടു പോരുമ്പോൾ തന്നെ നോക്കി ഗേറ്റിൽ നിൽക്കുന്ന അച്ഛനെയാണ് കണ്ടത്.

തന്നെ കണ്ടയുടനെ കയ്യിൽ നിന്നു ബാഗും വാങ്ങി കൈപിടിച്ചു നേരെ നടന്നത് കൃഷ്ണേട്ടന്റെ ചായ പീടികയിലേക്കാണു..അന്ന് കഴിച്ച പഴംപൊരിയിലും ചായയിലും അച്ഛന്റെ സ്നേഹവും ഉണ്ടായിരുന്നു..

അതും ആരോ പറഞ്ഞു ചെറിയമ്മയുടെ ചെവിയിലെത്തി,അന്നും അവര് വലിയ വഴക്കുണ്ടാക്കി

പോകെ പോകെ..അച്ഛന് തന്നോട് സ്നേഹം കാണിക്കുവാൻ പേടി ആയിത്തുടങ്ങി…

വീടിനുള്ളിൽ കാണുമ്പോഴൊക്കെയും ഒരു ചിരി…

അത്രമാത്രം..

മറ്റുള്ള സമയങ്ങളില് എല്ലാം അച്ഛൻ വളരെയധികം വിഷമിച്ചു കണ്ടു..

അങ്ങനെ കാലം മുനോട്ട് പോയി,കൂടെ അച്ഛനും…

ഒറ്റപ്പെടലിന്റെ ക്രൗര്യം പിന്നീട് ആണവൾ ശെരിക്കും അറിഞ്ഞത്..

ഭക്ഷണം പോലും കിട്ടാതെയായി..

പഠിത്തം സൗജന്യമായത് കൊണ്ട്,ഉച്ചയ്ക്ക് മാത്രം വയർ നിറയെ ഭക്ഷണം കഴിച്ചു…

അങ്ങനെ കാലം കഴിച്ചു പോയ നാളുകളിൽ എന്നോ ആണ് അവൾ ശരത്തിനെ കണ്ടുമുട്ടുന്നത്..

അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട സുഹൃത്തിന്റെ മകനായിരുന്നു.

വീട്ടിലെ ഇലക്ടറീഷ്യൻ പണിക്ക് വന്നപ്പോഴാണ് അവള് മുതിർന്നതിനു ശേഷം അവനെ കാണുന്നത്..

അന്ന് തന്നെ ചെറിയമ്മ പറഞ്ഞ തെറിയും വഴക്കും ഏട്ടനും കേട്ടിരുന്നു.കണ്ണീര് വീണ മിഴിയുമായി താൻ മുറിയിലേക്കോടുമ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി.അച്ഛന്റെ മരണ ശേഷം അന്ന് ആദ്യമായ് തനിക്കാരോ ഉണ്ടെന്നൊരു തോന്നൽ അവൾക്കുണ്ടായി..

കാലം പിന്നെയും കടന്നു പ്ലസ്ടു പാസായി നിന്ന സമയം.ഇതിനിടയിൽ പലപ്പോഴായി ശരത്തേട്ടനെ കണ്ടിരുന്നു.തന്നെ കാണുമ്പോഴൊക്കെയും അയാളുടെ കണ്ണിലെ തിളക്കം അവൾ ശ്രെദ്ധിച്ചിരുന്നു.

അങ്ങനെയൊരു ദിവസം..നേരിട്ട് പറയാൻ ഉള്ള പേടി കാരണം കോളേജിൽ ചേരണമെന്നും പഠിക്കണമെന്നും അയലത്തെ സൈനുത്തായെ കൊണ്ട് മാളു തന്റെ ചെറിയമ്മയെ അറിയിച്ചു.

അശ്രീകരം..നീയിനി കോളേജില് പോയിട്ട് എന്തിനാ..അല്ലെങ്കില് തന്നെ നിന്നെ കോളേജിൽ വിടാൻ നിന്റെ തന്ത ഇവിടെന്തെങ്കിലും ഉണ്ടാക്കിയിട്ടിട്ട് ഉണ്ടോ..

ഇവിടെ എങ്ങാനം അടുക്കളപണിയും കഞ്ഞിയും കുടിച്ചു കിടന്നോളനം..

മാളു പ്രതീക്ഷിച്ച മറുപടി.ഇവിടെ നിന്നാൽ പടിത്തവും ജീവിതവും ഒന്നും നടക്കില്ലഎന്നു അവൾക്ക് മനസ്സിലായ നിമിഷം..

ഇവിടുന്നു പോകണം…പഠിക്കണം..നല്ല ജോലി വാങ്ങണം..ഉള്ളിൽ നിന്നാരോ അവളോട് പറഞ്ഞുകൊണ്ടേയിരുന്നു..

ഇവിടെ നിന്നു നരകിക്കുന്നതിനെക്കാൾ നല്ലത് ഇവിടുന്നു പോകുക തന്നെയാണ്..

അവൾ മനസ്സിൽ പറഞ്ഞു…

അച്ഛനുണ്ടായിരുന്ന സമയത്ത്‌ തന്നിരുന്ന ചെറിയ നാണയതുട്ടുകൾ ഒക്കെ ഇട്ടു വെച്ചുരുന്ന കുടുക്കയും പൊട്ടിച്ചു..കയ്യിൽ കിട്ടിയ തുണികളും പുസ്തകങ്ങളും വാരി പെറുക്കി അവൾ അന്ന് രാത്രി..വീട് വിട്ടിറങ്ങി..

എന്തെന്നോ ഏതെന്നോ ഇല്ലാതെ ഭ്രാന്തു പിടിച്ചപോലെ അവൾ നടന്നു..

കുറെ ദൂരം നടന്നു കഴിഞ്ഞപ്പോൾ പിന്നിൽക്കൂടിയൊരു വെളിച്ചം വരുന്നത് അവൾ അറിഞ്ഞു..

പതിയെ ഒരു ഓട്ടോ വരുന്നതിന്റെ ശബ്ദവും അവൾ കേട്ടു..

ഈശ്വരാ…അതുവരെ ഇല്ലാതിരുന്നൊരു പേടി അവളെ പിടികൂടി.

ഓട്ടോ അടുത്ത് വരുംതോറും അവളുടെ പേടി കൂടി വന്നു..

ഓട്ടോ നിർത്താതെ കടന്നു മുൻപോട്ട് പോയപ്പോൾ അവളൊന്നു ആശ്വസിച്ചു..

പക്ഷെ ആ മുച്ചക്രവണ്ടി അവൾക്ക് കുറച്ചു മുന്നിലായി നിന്നു.

പേടി കൊണ്ടു അവൾ കണ്ണുകൾ ഇരുകിയടച്ചു..

“മാളു,നീയെന്താ ഇവിടെ..?”

ആ ശബ്ദമാണ് അവളുടെ കണ്ണുകൾ തുറപ്പിച്ചത്..

നോക്കുമ്പോൾ കണ്മുന്നിൽ കാക്കി വേഷമിട്ടു നിക്കുന്നത്..ശരത്തേട്ടനാണ്‌..

മറുപടികളൊന്നും അവൾക്കില്ലയിരുന്നു..ഓടിച്ചെന്നു അവന്റെ മാറിൽ തല വെച്ചു ഇറുകെ കെട്ടിപിടിച്ചു..ആർത്തു കരഞ്ഞു..

ഒന്നു പതറിയെങ്കിലും അവൻ അവളെ ചേർത്ത്പിടിച്ചു…

നടന്നതൊക്കെയും അവൾ അവനോട് പറഞ്ഞു.

എല്ലാം കേട്ടത്തിന് ശേഷം..

ശരത്ത് അവന്റെ മനസ്സ് തുറന്നു..

അവളോടുള്ള ഇഷ്ടവും കൂടെകൂട്ടാൻ അവനൊരുക്കമാണെന്നും..

അവൾക്ക് മറുതൊന്നും പറയാനില്ലായിരുന്നു.

പിന്നെയെല്ലാം തിടുക്കത്തിലായിരുന്നു

നേരെ വീട്ടിലേക്ക് പോയി..

അമ്മ മാത്രമുള്ള അവന്റെ തുണയായി..

കല്യാണം…തുടർന്നുള്ള പഠിത്തം..ജോലി എല്ലാം ഏട്ടന്റെ അധ്വാനം ആണ്..

ഇന്നിപ്പോൾ അടുത്തുള്ള സ്‌കൂളിലെ ടീച്ചറായി ജോലി നോക്കുന്നു..

ഓര്മകളില് അവൾ ഒഴുകി നടന്നപ്പോഴേക്കും,

വീടിനുള്ളിൽ നിന്നും ആള് വന്നു..

മാളുവിന്റെ ചെറിയമ്മ ആയിരുന്നു അത്..

രണ്ടു പേരും പര്സപരം മനസിലാക്കികഴിഞ്ഞിരുന്നു.

ആരും ഒന്നും മിണ്ടിയില്ല..

മാളുവിന്റെ ഒപ്പം ഉണ്ടായിരുന്ന മിനി ടീച്ചർ ആ വീട്ടിലെ ആൾക്കാരുടെ ഒക്കെ വിവരങ്ങൾ ശേഖരിച്ചു സെന്സസ് പൂർത്തിയാക്കി.

മാളു ആരാണെന്നറിയാനുള്ള ആകാംക്ഷയുണ്ടായി അവർക്ക്,നേരിട്ട് ചോദിക്കാനുള്ള മടിയും..പകരം മിനിയോടായി ചോദിച്ചു..

“ടീച്ചര്മാരാണോ..എവുടുന്ന..?”

മറുപടി നൽകിയത് മാളുവാണ്..

“അതേ കോയിപ്രം ഗവണ്മെന്റ് ഹൈസ്‌കൂളിലെ ടീച്ചര്മാരാണ്..

ഞാൻ മാളു സുധാകരൻ,ഇതു മിനി ടീച്ചർ..”

അവളുടെ മറുപടിയിൽ തന്റെ ചെറിയമ്മയുടെ മുഖം വിളറി വെളുത്തത് അവള് കണ്ടു..

നേർത്തതൊരു പുഞ്ചിരി സമ്മാനിച്ചു അവൾ മിനി ടീച്ചറെയും കൂട്ടി ഗേറ്റ് കടന്നു പോയി..

തോൽവികൾ മാത്രം ഏറ്റുവാങ്ങിയ ഇടത്ത് വിജയിച്ചു കൊണ്ട്…

ആഗ്രഹം ആത്മാർത്ഥമാണ് എങ്കിൽ അതു സഫലീകരിക്കാൻ ഈ ലോകം മുഴുവൻ നിങ്ങൾക്ക് തുണ വരും.. പൗലോ കൊയ്‌ലോ

ഇവിടെ മാളുവിന്റെ ലോകം ശരത്ത് ആയിരുന്നു,നിങ്ങളുടേത് നിങ്ങൾ തന്നെ അന്വേഷിച്ചു കണ്ടെത്തുക..ആശംസകൾ..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : വാൻ പേഴ്‌സി