ഏട്ടൻ അയക്കുന്ന കാശ് എന്റെ ധൂർത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്നിട്ടും പരാതി ആയിരുന്നു…

രചന : മഹാദേവൻ

രാധിക പറഞ്ഞപ്പോഴും ആരും അതത്ര കാര്യമാക്കിയില്ല. ഉള്ള വീട്ടിലെ പെണ്ണായിരുന്നു.

അല്ലെങ്കിൽ മറ്റുള്ളവർക്ക് മുന്നിൽ അവൾ അങ്ങനെ ഒക്കെ കാട്ടികൂട്ടിയിരുന്നു.

കെട്ടിയോൻ ഗൾഫിൽ കിടന്ന് കഷ്ട്ടപെട്ടുണ്ടാക്കുന്നത് ഇവിടെ ധൂർത്തടിക്കുമ്പോൾ അവളിൽ അഹങ്കാരമുണ്ടായിരുന്നു.

മാസാമാസം വരുന്ന പണത്തിന്റെ വിലയറിയാതെ ചിലവാക്കി ജീവിച്ചവൾക്ക് ഇപ്പോൾ കമ്മ്യൂണിറ്റികിച്ചണിൽ നിന്ന് ഭക്ഷണം വേണമെന്ന് പറഞ്ഞപ്പോൾ ആർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല,

പലരും പറഞ്ഞു ” ആ പെണ്ണുമ്പിള്ളക്ക് വീട്ടിൽ ഉണ്ടാകാനുള്ള മടി കൊണ്ടായിരിക്കും. എന്നാ അഹങ്കാരം ആണ് അതിന്. ഇതിപ്പോ മറ്റുള്ളവർക്ക് മുന്നിൽ ഒന്നുമില്ലെന്ന് കാട്ടി സിമ്പതി വാങ്ങിക്കുന്ന ചില സാധനങ്ങൾ ഉണ്ട്. ഉണ്ടെങ്കിലും ആർക്കും കൊടുക്കത്തും ഇല്ല.

ആ കൊടുക്കാനുള്ള മടികൊണ്ട് ഇല്ലെന്ന് കാണിക്കാൻ ഇതുപോലെ ഓരോ അടവുമായി ഇറങ്ങിക്കോളും ” എന്ന്.

അത് ശരിയാകുമെന്ന അർത്ഥത്തിൽ പലരും തലയാട്ടിയപ്പോഴും വാർഡ്‌മെമ്പർ ആയ ശൈലജ മാത്രം അവരുടെ തീരുമാനത്തിന് എതിരായിരുന്നു,

” നിങ്ങൾ പറയുന്നതൊക്കെ ശരിയായിരിക്കാം.

പക്ഷേ, ഇന്നത്തെ അവസ്ഥയിൽ ഒരാൾ കമ്മ്യൂണിറ്റികിച്ചണിൽ നിന്നും ഭക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് കൊടുക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.

അവർ മുന്നേ എങ്ങനെ ആയിരുന്നു എന്ന് ചിന്തിക്കേണ്ട സമയം അല്ല ഇത്.

നമ്മൾ ഇവിടെ ഭക്ഷണം ഉണ്ടാക്കുന്നത് ഇതുപോലെ ആവശ്യക്കാർക്ക് കൊടുക്കാൻ ആണ്. അത്രേം നിവർത്തി ഇല്ലാത്തവർ, ആവശ്യക്കാർ മാത്രമേ വിളിക്കാവൂ എന്ന് പറഞ്ഞിട്ടും അവർ വിളിച്ചെങ്കിൽ അത് അവർക്കിപ്പോൾ ആവശ്യമുള്ളത് കൊണ്ടാകുമല്ലോ. അപ്പോ പിന്നെ, നമുക്ക് നേരിട്ട് പോയിത്തന്നെ കൊടുക്കാം.. എന്താണ് അവസ്ഥ എന്നും അറിയാലോ… അതല്ലേ അതിന്റെ ശരി ”

പലർക്കും അത്ര താല്പര്യം ഉണ്ടായിരുന്നില്ല.

” എന്തെങ്കിലും ആവശ്യങ്ങൾക്കോ, ഒരു പിരിവിനോ ചെന്നാൽ കൈ മലർത്തുന്നവൾ ആണ്.

അടുത്തുള്ളവരെ പോലും ഒന്ന് സഹായിക്കില്ല. ഗൾഫിലെ പണം വന്നു മറിയുന്നതിന്റെ അഹങ്കാരം.

തൊട്ടടുത്ത വീട്ടിലെ സരോജിനിയമ്മക്ക് പനി വന്നപ്പോൾ സഹായിക്കാൻ ആരും ഇല്ലാതിരുന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാത്തവൾ.

ഒരു തുളളി വെള്ളം കൊടുക്കാൻ പോലും ആ വഴി ഒന്ന് പോയില്ല. ആ വീട്ടിൽ വൃത്തി ഇല്ലത്രെ

ചെറ്റക്കുടിലിൽ കേറി കാവിയിട്ട നിലത്തിരുന്നാൽ ചളി ആകുമത്രേ ”

അങ്ങനെ ഉള്ള ഒരുവളെ സഹായിക്കാനോ തിരിഞ്ഞുനോക്കാനോ ആർക്കും താല്പര്യം തോന്നിയില്ലെങ്കിലും മെമ്പറുടെ വാക്കുകൾക്ക് മുന്നിൽ സമ്മതിച്ചുകൊണ്ട് എല്ലാവരും തലയാട്ടി.

ഭക്ഷണവുമായി രാധികയുടെ ഗെറ്റ് തുറന്ന് അകത്തു കേറുമ്പോൾ പുറത്തേക്ക് നോക്കിക്കൊണ്ട് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു അവളും നാല് വയസ്സായ മകനും.

ഗേറ്റ് തുറന്ന് പൊതികളായി അകത്തേക്ക് വരുന്ന ആളുകളെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു പ്രകാശമുണ്ടായിരുന്നു.

കയറിവന്ന മെമ്പറും കൂടെ ഉള്ളവരും പുഞ്ചിരിയോടെ ഭക്ഷണപ്പൊതി അവൾക്കുനേരെ നീട്ടിയപ്പോൾ പെട്ടന്ന് തന്നെ കൈ നീട്ടി വാങ്ങി ആ പൊതികൾ

അവളുടെ മുഖത്തെ സന്തോഷവും ഭാവങ്ങളും കണ്ടപ്പോൾ വന്നവർക്കും തോന്നാതിരുന്നില്ല കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്.

” എന്തു പറ്റി മോളെ ”

എന്ന് സ്നേഹത്തോടെ അവൾക്കരികിലേക്കിരുന്നുകൊണ്ട് മെമ്പർ ചോദിച്ചപ്പോൾ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി.

“കരയല്ലേ…. കരയാതെ പോയി ആ കൊച്ചിന് ഭക്ഷണം കൊടുക്കൂ… ഇനി എന്തേലും വേണമെങ്കിൽ വിളിക്കാൻ മറക്കരുത്. ”

മെമ്പറുടെ വാക്കുകൾക്ക് പൊട്ടിക്കരച്ചിലോടെ തലയാട്ടുമ്പോൾ പറയാൻ ഒരുപാട് ഉണ്ടായിരുന്നു അവൾക്ക്

” ഒക്കെ ന്റെ അഹങ്കാരത്തിന്റെ ഫലമാണ് ചേച്ചി.

ഉള്ളപ്പോൾ അഹങ്കരിച്ചു. ഗൾഫുകാരന്റെ ഭാര്യയെ എല്ലാവരും കുറച്ചു കാണരുത് എന്നുള്ള അഹംഭാവം ഉണ്ടായിരുന്നു. അതിനു വേണ്ടി ഏട്ടൻ അവിടെ കഷ്ട്ടപ്പെടുമെന്ന കാശ് മുഴുവൻ മറ്റുള്ളവർക്ക് മുന്നിൽ ആർഭാടം കാണിക്കാൻ വേണ്ടി ധൂർത്തടിച്ചു.

ഒരാളെ പോലും സഹായിക്കാതെ ഞാൻ…..

സത്യത്തിൽ ന്റെ ഏട്ടന് അവിടെ മീൻ മാർക്കറ്റിൽ ആണ് ജോലി.. മീൻ നാറ്റമടിച്ചും അതിന്റെ ചോരയുടെ ഉളുമ്പുമണത്തിൽ പിണഞ്ഞും അയക്കുന്ന കാശ് ആണ് ഞാൻ….

സത്യത്തിൽ ഏട്ടൻ അയക്കുന്ന കാശ് എന്റെ ധൂർത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്നിട്ടും പരാതി ആയിരുന്നു.

എന്നും വിളിക്കുമ്പോൾ എന്റെ പരാതി കേൾക്കാനെ ന്റെ ഏട്ടന് സമയമുണ്ടായിരുന്നുള്ളൂ..

എല്ലാം ദൈവം കാണുന്നുണ്ട്..

അതാണല്ലോ ഈ അവസ്ഥയിൽ എനിക്കും നിങ്ങളെ ഒക്ക ബുദ്ധിമുട്ടിക്കേണ്ടി വന്നത്..

ഞാൻ ഞാനായി ജീവിച്ചിരുന്നെങ്കിൽ ഈ പൊതിച്ചോറെങ്കിലും വേറെ വല്ല പാവങ്ങൾക്കും ഉപകാരമായേനെ..”

അവളുടെ വാക്കുകളും കണ്ണുനീരും മെമ്പറെയും വല്ലാതാക്കി..

” മോളെ…. കഴിഞ്ഞതോക്ക കഴിഞ്ഞു . തിരിച്ചറിവുകൾ തന്നെ ആണ് മനുഷ്യന്റ ആദ്യവിജയം.

നമ്മൾ മനുഷ്യരാകുന്നിടത്താണ് ജീവിതം സന്തോഷകരമാകുന്നത്.

ന്തായാലും ഇപ്പോൾ ഞങ്ങളൊക്കെ ഉണ്ടല്ലോ…

പേടിക്കണ്ട ”

ആശ്വസിപ്പിച്ചുകൊണ്ട് ചേർത്തുപിടിക്കുമ്പോൾ രാധികയുടെ കണ്ണുകൾ നിറഞ്ഞുതന്നെ നിന്നു,

ന്നാലും ഞാൻ എത്രത്തോളം പിടിപ്പുകേട് ഉള്ളവൾ ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലാകുന്നത് ചേച്ചി.

BPL കാർഡ് ആണേൽ താഴെ തട്ടിൽ ആണെന്ന് അറിയുന്നത് കൊണ്ട് താഴെ ആകാതിരിക്കാൻ APL.ആകാൻ വരുമാനം കൂട്ടി വെള്ളക്കാർഡും വാങ്ങി ഉള്ള ആനുകൂല്യങ്ങൾ എല്ലാം കളഞ്ഞു.

എന്നിട്ടിപ്പോൾ ഏട്ടന് അവിടെ നിന്നും കാശ് അയക്കാൻ പോലും പറ്റാതെ…. നാട്ടിലേക്ക് വരണം എന്നുണ്ട്.. അതിനു പോലും പറ്റുന്നില്ല…

സത്യത്തിൽ മറ്റുള്ളവർക്ക് മുന്നിൽ വലുതാക്കി കാണിച്ചിട്ടിപ്പോൾ എല്ലാവരേക്കാളും ചെറുതായിപ്പോയില്ലേ ഞാൻ…

എന്റെ അഹങ്കാരത്തിന്റ ശിക്ഷയ.. എല്ലാം എന്റെ അഹങ്കാരത്തിന്റെ ശിക്ഷയാ…. ”

” സാരമില്ല, എല്ലാം ശരിയാകും” എന്നും പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ട് വന്നവർ ആ പടിയിറങ്ങുമ്പോൾ അവൾ ഒന്നുകൂടി പറഞ്ഞു അവരോട്,

” ഈ അവസ്ഥയിൽ എല്ലാ ദിവസവും ഈ ചോറ് വേണേ….

ഗൾഫുകാരൻ ആണേലും അവസ്ഥ വളരെ മോശമാണെ ” എന്ന്.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : മഹാദേവൻ