അവന് അവിഹിതം ഉണ്ടത്രേ. സഹിക്ക വയ്യാതെ വന്നപ്പോൾ അവൾ ചെറിയ മോനുമായി ഇറങ്ങി പോന്നു…

രചന : റിവിൻ ലാൽ

ഗൾഫിൽ നിന്നും ഇത്തവണത്തെ ലീവിനു നാട്ടിൽ പോകുമ്പോളേ തീരുമാനിച്ചതാണ് കുറേ സ്ഥലത്തു ട്രിപ്പ്‌ പോകണം എന്നത്. അതു കൊണ്ടു പോകാനുള്ള സ്ഥലമൊക്കെ ലിസ്റ്റ് ഉണ്ടാക്കി വെച്ചിട്ടാണ് ഞാൻ ഫ്ലൈറ്റ് കയറിയത്. വിചാരിച്ച പോലെ തന്നെ നാട്ടിലെത്തി ആദ്യത്തെ ഒരാഴ്ച കറക്കമായിരുന്നു. അതു കഴിഞ്ഞു എട്ടാം ദിവസം അല്പം വിശ്രമിക്കാനാണ് വീട്ടിൽ തന്നെ അന്നിരുന്നത്.

രാവിലെ ഒരു കട്ടൻ ചായയുമായി ഞാൻ ഉമ്മറത്തിരിക്കുമ്പോളാണ് അച്ഛൻ വന്നു പറഞ്ഞത്,

“കിച്ചൂ.. അച്ഛമ്മക്ക് അല്പം വയ്യാ. ഇന്നലെ രാത്രി ശ്വാസം മുട്ടൽ വീണ്ടും വന്നിരുന്നു. നീയാ ചായ വേഗം കുടിച്ചു അച്ഛമ്മയെ വേഗം ഹോസ്പിറ്റലിൽ കൊണ്ടു പൊയ്ക്കോ. എനിക്ക് ബാങ്കിലൊന്നു അത്യാവശ്യമായി പോകാനുണ്ട്.

എന്തേലും കുഴപ്പം ഉണ്ടേൽ നീ വിളിച്ചാൽ മതി.

ഞാനങ്ങു എത്തിക്കോളാം”

ഞാൻ സമ്മതിച്ചു. ചായ പാതി കുടിച്ചിടത്തു വെച്ചു നിർത്തി ഞാൻ വേഗം റെഡിയായി.

അച്ഛമ്മയെയും കൊണ്ടു കാറിൽ കയറാൻ ഒരുങ്ങിയപ്പോളാണ് മുന്നിലെ വലതു വശത്തെ ടയർ പഞ്ചർ ആയി കിടക്കുന്നത് കണ്ടത്.

സ്റ്റെപ്പിനി നോക്കിയപ്പോൾ അതിലാണേൽ ടയർ പ്രഷറും കുറവ്.

“ശ്ശെ.. ഈ ടയറിനു പഞ്ചറാവൻ കണ്ട നേരം.!”

ഞാൻ ടയറിൽ കാലു കൊണ്ടു ഇടിച്ചു കൊണ്ടു പിറു പിറുത്തു. കറക്റ്റ് സമയത്ത് മഴയും ചെറുതായി ചാറി തുടങ്ങി.

അപ്പോളാണ് അമ്മ അടുക്കളയിൽ നിന്നും അങ്ങോട്ട്‌ വന്നത്. “കാറിനു പോകാൻ പറ്റൂലെങ്കിൽ ഞാനാ വളവിലെ ദേവുനെ വിളിക്കാം. അവളുടെ ഓട്ടോയിൽ പോകാം” അമ്മ പറഞ്ഞു നിർത്തി.

“വളവിലെ ദേവു ഏടത്തിയോ.? ഏതു..? എന്റെ പ്ലസ് ടു ജൂനിയർ മാളുവിന്റെ അമ്മയോ..??” ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

“അതേടാ.. അതു തന്നെ. അവരിപ്പോൾ ഒരു ഓട്ടോയോടിക്കാറുണ്ട്. ഞാൻ ഇടയ്ക്കു അവരെയാണ് വിളിക്കാറ്. നീയീ പുതിയ കാറും വാങ്ങി പോർച്ചിൽ കവർ ഇട്ടു മൂടി ഗൾഫിൽ പോയിരുന്നാൽ ഞങ്ങൾക്ക് ആവശ്യം നടക്കണ്ടേ.?”

നിന്റെ അച്ഛനാണേൽ ഒരിക്കൽ കാർ ഓടിക്കാൻ പഠിച്ചു തട്ടിച്ച ശേഷം പിന്നെ ഈ ഡ്രൈവിംഗ് പണിക്കു ഞാനില്ല എന്നും പറഞ്ഞിരിപ്പാണ്.

അപ്പോൾ പിന്നെ ഓട്ടോയൊക്കെ തന്നെ ശരണം.

അമ്മ പരിഭവിച്ചു.

“ശരി ശരി.. എന്നാൽ അവരെ വിളിച്ചേക്കു വേഗം..

വൈകണ്ട.” ഞാൻ പറഞ്ഞു.

അമ്മയുടെ ഫോൺ വിളി കഴിഞ്ഞു പത്തു മിനിറ്റിനകം ദേവു ഏടത്തി ഓട്ടോയുമായി എന്റെ വീട്ടു മുറ്റത്തെത്തി.

ഓട്ടോയിൽ നിന്നിറങ്ങി അവർ ചോദിച്ചു.

“മോൻ ലീവിന് വന്നു അല്ലേ.. രണ്ടു ദിവസം മുൻപേ വഴിയിലൂടെ കാറിൽ അങ്ങോട്ടുമിങ്ങോട്ടും പോയി വരുന്നത് ഞാൻ മുറ്റത്തു നിന്നും ശ്രദ്ധിച്ചിരുന്നു”

“അതേ.. വന്നപ്പോൾ തന്നെ കുറച്ചു സ്ഥലത്തു കറങ്ങാൻ പോയതായിരുന്നു”

ഞാൻ മറുപടി കൊടുത്തു.

“ഇന്ന് കാർ പണി തന്നോ.? സാരമില്ല മോനേ.

ഇങ്ങിനത്തെ സാഹചര്യങ്ങളിൽ ഓടിയെത്താനല്ലേ ഞങ്ങളെ പോലുള്ള പാവം ഓട്ടോക്കാർ” ദേവു ഏടത്തി ചിരിച്ചു കൊണ്ടു പറഞ്ഞു.

“എന്നാൽ നേരം കളയണ്ട. നമുക്കു പോകാം”

അതും പറഞ്ഞു ഞാനും അമ്മയും അച്ഛമ്മയെ ഓട്ടോയിൽ കൈ പിടിച്ചു കയറ്റി.

ദേവു ഏടത്തിയും അച്ഛമ്മ കയറുമ്പോൾ സഹായിച്ചു…

ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ ഹോസ്പിറ്റൽ എത്തി. ടോക്കൺ നമ്പർ എടുത്തപ്പോൾ ആറാണ്. ഇനിയും അഞ്ചു പേർ കയറാനുണ്ട്. ഞാൻ അച്ഛമ്മയെ അവിടെ ഹാളിൽ ഇരുത്തി പുറത്തേക്കു നോക്കിയപ്പോൾ ദേവു ഏടത്തി ഓട്ടോയിലിരുന്നു ഫോണിൽ ആരോടോ സംസാരിക്കുകയാണ്. അതു മിക്കവാറും അവരുടെ മകൾ മാളുവായിരിക്കും എന്ന് ഞാൻ ഊഹിച്ചു.

ഇപ്പോൾ വരാമെന്നു അച്ഛമ്മയോട് പറഞ്ഞു ഹാളിൽ നിന്നും ഞാൻ പുറത്തിറങ്ങി ദേവു ഏടത്തിയുടെ അടുത്തെത്തി.

എന്നെ കണ്ടപ്പോൾ അവർ ഫോൺ കട്ട്‌ ചെയ്തു ചോദിച്ചു. “ഡോക്ടർ ഇല്ലേ മോനേ..?? ടോക്കൺ കിട്ടിയോ..?”

“ആഹ്.. കുറച്ചാളുകൾ കയറാനുണ്ട്. അല്പം സമയം എടുക്കും. ദേവു ഏടത്തിക്കു തിരക്കുണ്ടോ..?”

ഞാൻ ചോദിച്ചു.

“ഹേയ്.. അതൊന്നും കുഴപ്പമില്ല മോനേ.

നിന്റെ അച്ഛമ്മയെ ഞാൻ തന്നെയാ മിക്കവാറും ഹോസ്പിറ്റലിൽ കൊണ്ടു പോവാറ്.

നിന്റെ അമ്മ എന്നെയേ വിളിക്കൂ എപ്പോളും.

അതു കൊണ്ടു തൽക്കാലം വേറെ ഓട്ടമൊന്നും പോണില്ല.

ഇത് കഴിയട്ടെ ആദ്യം.

” അവർ പറഞ്ഞു.

അവർക്കു എന്റെ വീടിനോടുള്ള സ്നേഹം ആ സംസാരത്തിൽ നിന്നും എനിക്കപ്പോൾ മനസിലായി.

“ദേവു ഏടത്തി എന്ന് മുതലാണ് ഓട്ടോയൊക്കെ ഓടിക്കാൻ തുടങ്ങിയത്.?

ഞാൻ ഒന്നര വർഷം മുൻപേ ലീവിന് വന്നപ്പോൾ ഇതൊന്നും ഇല്ലായിരുന്നല്ലോ..” ഞാൻ ചോദിച്ചു.

“ഒക്കെ വിധിയാണ് മോനേ. മാളുവിന്റെ അച്ഛൻ ഒരു ദിവസം രാത്രി ഓട്ടം കഴിഞ്ഞു ഈ ഓട്ടോയിൽ വീട്ടിലേക്കു വരികയായിരുന്നു. പെട്ടന്നൊരു നെഞ്ച് വേദന വന്നു ആൾക്ക്. വേദന വന്നപ്പോൾ ഓട്ടോ നിയന്ത്രണം വിട്ട് ഒരു പോസ്റ്റിൽ പോയി ഇടിച്ചു. അന്ന് രാത്രി നല്ല തകർത്തു പെയ്യുന്ന മഴയായിരുന്നു. അതു കൊണ്ടു തന്നെ റോഡിലൊന്നും ആരും ഉണ്ടായില്ല സഹായിക്കാൻ.

പിന്നെ കുറേ കഴിഞ്ഞു അതു വഴി പോയ ഒരു ചെറിയ പിക്ക് അപ്പ്‌ ഡ്രൈവറാണ് ആ വണ്ടിയിലിട്ട് ആളെ ഹോസ്പിറ്റലിൽ എത്തിച്ചേ.

പക്ഷേ അപ്പോളേക്കും ജീവൻ പോയിരുന്നു.

വീടിന്റെ നെടും തൂണായ മാളുവിന്റെ അച്ഛൻ പോയതോടെ വരുമാനം നിന്നു.

മൂത്ത മകളാണേൽ ഭർത്താവുമായി അടിയുണ്ടാക്കി എന്റെ വീട്ടിലാണിപ്പോൾ.

അവന് അവിഹിതം ഉണ്ടത്രേ.

സഹിക്ക വയ്യാതെ വന്നപ്പോൾ അവൾ ചെറിയ മോനുമായി ഇറങ്ങി പോന്നു. ബി. കോം കഴിഞ്ഞത് കൊണ്ടു ഒരു തുണി ഷോപ്പിൽ കാഷ്യർ ആയി ജോലിക്ക് പോകുന്നുണ്ടവൾ. ആ വരുമാനം കൊണ്ടു അവളുടെയും മോന്റെയും കാര്യം നടന്നു പോകുന്നു. സ്കൂൾ തുറന്നാൽ ചെലവ് കൂടും അവൾക്കു.

മോൻ മൂന്നാം ക്ലാസ്സിലെത്തി. പക്ഷേ പണ്ട് അവളുടെ കല്യാണത്തിനെടുത്ത നാലു ലക്ഷം രൂപ ലോൺ ഇനിയും അടച്ചു തീർക്കാൻ ഉണ്ട്. അടുത്ത വർഷത്തിന് മുൻപേ അത് അടച്ചു തീർത്തില്ലെങ്കിൽ ഞങ്ങളുടെ വീട് ബാങ്കുകാർ ജപ്തി ചെയ്യും.

അപ്പോളാണ് ഞാനും ജോലിക്ക് ഇറങ്ങാൻ തീരുമാനിച്ചത്. കുറച്ചു നാൾ അടുത്തുള്ള വീടുകളിൽ വീട്ടു ജോലിക്ക് പോയി. പക്ഷേ ആ പൈസ കൊണ്ടു രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ആയില്ല.

ഇടയ്ക്ക് തയ്യലും ഉണ്ട്. മാളുവിന്റെ കയ്യിലെയും കഴുത്തിലെയും അല്പം പൊന്നു പണയം വെച്ചു ഓട്ടോ നന്നാക്കി. ബാക്കി പൈസ ഓട്ടോയുടെ ഇൻഷുറൻസിൽ നിന്നും കിട്ടി. ലൈസൻസ് എടുത്തു അന്ന് തുടങ്ങിയതാ ഞാൻ ഈ ഓട്ടം…!!

ഓട്ടോ മാറ്റി ടാക്സി കാറാക്കി ഓട്ടം പിടിക്കണം എന്നുണ്ട്. പൈസ വേണ്ടേ മോനേ എല്ലാത്തിനും.

പിന്നെ എത്ര നാൾ ഓടുമെന്ന് അറിയില്ല. എവിടെ വരെ ഓടുമെന്നും അറിയില്ല. വണ്ടിയുടെയും എന്റെയും ഹൃദയം നിന്നു പോകുന്ന വരെ ഇങ്ങിനെ ഓടട്ടെ..!” അത്രയും പറയുമ്പോളേക്കും ദേവു ഏടത്തിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

എനിക്കെന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നു വാക്കുകൾ കിട്ടിയില്ല.

“അപ്പോൾ മാളു…??”” ഞാൻ ചോദിച്ചു.

“ഈ കഷ്ടപ്പാടിലും ട്യൂഷൻ എടുത്തും ചെറിയ ചിട്ടിയിൽ കൂടിയും എന്റെ മോൾ പഠിച്ചു

പി.ജി. യും ബിഎഡും കഴിഞ്ഞു ഇവിടെ ഒരു സ്കൂളിൽ ടീച്ചറാണ്. മൂന്നു മാസം ആയിട്ടുള്ളു ജോലി കിട്ടിയിട്ട്.

അവളെപ്പോളും പറയും

“അമ്മയിനി ഓട്ടോ ഓടിക്കാൻ പോകണ്ട. കടമൊക്കെ ഞാൻ വീട്ടിക്കോളാം. അച്ഛനെ പോലെ എന്തെങ്കിലും പറ്റിയാൽ പിന്നെ അവൾക്കു ആരുമുണ്ടാവില്ല എന്ന്”. അതു കേൾക്കുമ്പോൾ എനിക്ക് വിഷമാവും. അതിനെ ആരുടെയെങ്കിലും കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കണം.

വയസ്സ് 28 കഴിഞ്ഞു. പഠിച്ചു ഒരു ജോലിയായി. ഇനി അവൾക്കും കാണില്ലേ ഒരു കൂട്ടു വേണം എന്ന ആഗ്രഹം. അത്രയും പറഞ്ഞവർ നിർത്തി.

“അവളുടെ മനസ്സിൽ ആരെങ്കിലും…?”

ഞാൻ മുഴുമിപ്പിച്ചില്ല.

“അങ്ങിനെ ഉറപ്പിച്ചു അവൾ പറഞ്ഞിട്ടില്ല. അവൾ ആരെ കെട്ടിയാലും എനിക്ക് കുഴപ്പമില്ല മോനേ.

എന്റെ മൂത്ത മോളുടെ ഗതി ഇവൾക്കും വരാതിരുന്നാൽ മാത്രം മതി.

എന്നാലും പണ്ട് പ്ലസ്ടുവിനു പഠിക്കുമ്പോൾ ആരോടോ ഒരു ഇഷ്ടം തോന്നിയിരുന്നു.

പക്ഷേ അതു ആ പയ്യനോട് പറഞ്ഞിട്ടില്ല.

പഠിച്ചു ജോലിയൊക്കെ കിട്ടി സമയമാകുമ്പോൾ എല്ലാം പറയാം എന്ന് മാത്രം എന്നോട് ഒരിക്കൽ പറഞ്ഞിരുന്നവൾ. മാളു കണ്ടെത്തുന്ന ആൾ ഒരിക്കലും അവൾക്ക് ചേരാത്ത ആളാവില്ല എന്നെനിക്കുറപ്പുണ്ട്. അത് കൊണ്ടാണോ എന്നറിയില്ല എപ്പോൾ കല്യാണ കാര്യം ഞാൻ ചോദിക്കുമ്പോളും

“സമയമായിട്ടില്ല” എന്ന് മാത്രം പറഞ്ഞു അവൾ ഒഴിഞ്ഞു മാറും.

മോനെന്താ ഇപ്പോൾ അങ്ങിനെ ചോദിച്ചേ.?”

ദേവു ഏടത്തി എന്നോട് ചോദിച്ചു.

“അത് പിന്നെ…!”

ഞാൻ പറഞ്ഞു തുടങ്ങുമ്പോളേക്കും ഹോസ്പിറ്റലിലെ ഒരു ചേട്ടൻ എന്നെ വിളിച്ചു കൈ കൊണ്ടു ആംഗ്യം കാണിച്ചു ഉള്ളിലേക്ക് വരാൻ ആംഗ്യം കാണിച്ചു.

ദേവു ഏടത്തി എന്നോട് പറഞ്ഞു “ടോക്കൺ നമ്പർ ആയി കാണും. അതാ അയാൾ വിളിക്കുന്നെ.

മോൻ ചെന്നു നോക്കു. എന്നാൽ മഴ കൂടുന്ന മുൻപേ കാണിച്ചു നമുക്കു തിരിച്ചു പോകാം”.

ഞാൻ ചെന്നു അച്ഛമ്മയെ ഡോക്ടറെ കാണിച്ചു.

മരുന്നും വാങ്ങി ഞങ്ങൾ വീട്ടിലേക്കു തിരിച്ചു.

വീട്ടിലെത്തിയപ്പോൾ അമ്മ മുറ്റത്തേക്ക് വന്നു അച്ഛമ്മയുടെ കൈ പിടിച്ചു അകത്തേക്ക് മെല്ലെ പിടിച്ചു കൂട്ടി കൊണ്ടു പോയി.

ഞാൻ പുറത്ത് നിന്നു. പേഴ്സിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു ദേവു ഏടത്തിക്കു കൊടുത്തു.

“അയ്യോ മോനേ.. 500 ന്റെ നോട്ടോ..?

എന്റേൽ ബാക്കി തരാൻ ചില്ലറയില്ല. എന്തായിപ്പോൾ ചെയ്യാ..?” അവർ പരിഭ്രമിച്ചു.

“ഹേയ്.. അത് കുഴപ്പമില്ല ദേവു ഏടത്തി.. വെച്ചോളൂ.. ആവശ്യങ്ങളൊക്കെ കുറേ ഉള്ളതല്ലേ” ഞാൻ പറഞ്ഞു.

“ചില്ലറ കിട്ടുമ്പോൾ ബാക്കി തരാം മോനേ..

അധ്വാനിക്കാതെ കിട്ടുന്ന പൈസ കയ്യിൽ നിൽക്കില്ല.. അത് കൊണ്ടാണ്…

അല്ല.. ചോദിക്കാൻ മറന്നു. മോന്റെ കല്യാണമൊക്കെ എന്തായി..??

ഇത്തവണയെങ്കിലും ദേവു ഏടത്തിക്കൊരു ചോറ് തരുമോ..??

അതോ അടുത്ത ലീവിന് വല്ല അറബി പെണ്ണിനേയും കൊണ്ടു വീട്ടിലേക്കു കേറി വരുമോ..??”

ദേവു ഏടത്തി തമാശ മട്ടിൽ ചോദിച്ചു.

“അറബി പെണ്ണൊന്നുമില്ല.. എന്നാലും മനസ്സിൽ ഒരാളുണ്ട് ദേവു ഏടത്തി.. കുറേ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു പഴയ ഇഷ്ടം..

ആ കുട്ടിയോടും ഞാനത് പറഞ്ഞിട്ടില്ല.. പക്ഷേ എന്നെ ഇഷ്ടമാവും.. എനിക്കുറപ്പാണ്…

ഇത്തവണ ലീവ് കഴിഞ്ഞു തിരിച്ചു പോകുന്ന മുമ്പേ ഞാൻ നേരിട്ടു വീട്ടിൽ വന്നു എല്ലാം സമാധാനമായി പറഞ്ഞോളാം.. ദേവു ഏടത്തിയുടെ അനുഗ്രഹം അപ്പോൾ ഉണ്ടായാൽ മതി.!”

ഞാൻ അത് പറഞ്ഞു നിർത്തുമ്പോൾ ദേവു ഏടത്തി നിഷ്കളങ്കമായി പറഞ്ഞു “മോൻ ആരെ കെട്ടിയാലും ആ കുട്ടി ഭാഗ്യം ചെയ്തവൾ ആയിരിക്കും. രണ്ടാൾക്കും നല്ലതേ വരൂ. ഇപ്പോളെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു. എന്നാൽ മോനേ ഞാൻ ഇറങ്ങിക്കോട്ടെ..?? അമ്മയോട് പറഞ്ഞാൽ മതി. മഴ പെയ്തു തുടങ്ങി. മാളു ഇന്ന് നേരത്തെ വരും എന്ന് നമ്മൾ ഹോസ്പിറ്റലിൽ നിൽക്കുമ്പോൾ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. അത് കൊണ്ടാട്ടോ. അതും പറഞ്ഞു ദേവു ഏടത്തി ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു.

ദേവു ഏടത്തി വീണ്ടും ഓടുകയാണ്….!!

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ഓട്ടം.

ആ മഴയത്തു ദേവു ഏടത്തിയുടെ ഓട്ടോ എന്റെ കണ്ണിൽ നിന്നും മറയുന്ന വരെ ഞാൻ നോക്കി നിന്നു.

മഴ എന്നെ നനച്ചു തുടങ്ങിയപ്പോൾ മനസ്സിൽ മാളുവിന്റെ മുഖവുമായി എന്റെ സ്വപ്നങ്ങൾക്കൊപ്പം ഞാൻ മുറ്റത്തു നിന്നും വീട്ടിലേക്കു തിരിഞ്ഞു നടന്നു….!!!

അവസാനിച്ചു

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : റിവിൻ ലാൽ