ഇന്നത്തെ രാ-ത്രി ആരായിരിക്കും വരുന്നതെന്ന് ഞാൻ പകൽ മുഴുവനും ചിന്തിച്ചു.. ചിന്തകളിൽ എപ്പഴോ നിങ്ങളുടെ മുഖം കടന്നു വന്നിരുന്നു.

രചന : അഖിൽ സതീഷ്..

ശതാവരി

*************

“ഇന്നത്തെ രാത്രി ആരായിരിക്കും വരുന്നതെന്ന് ഞാൻ പകൽ മുഴുവനും ചിന്തിച്ചു..ചിന്തകളിൽ എപ്പഴോ നിങ്ങളുടെ മുഖം കടന്നു വന്നിരുന്നു..സത്യം പറഞ്ഞാൽ ഇന്ന് നിങ്ങൾ വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..”

കട്ടിലിന്റെ ഇളക്കമുള്ള കാലിന്റെ അടുത്തേക്കിരുന്നവൾ അയാളോട് പറഞ്ഞു..

” ഇന്നെന്താ ഇത്രക്ക് ചിന്തിക്കാൻ..”

അയാൾ കട്ടിലിന്റെ തലക്കലേക്ക് ചാഞ്ഞിരുന്നുകൊണ്ട് അവളോട് ചോദിച്ചു..

അവൾ ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാളുടെ അടുത്തേക്കിരുന്നു..

” ഇന്നെന്റെ നൂറാമത്തെ രാത്രിയാണ്..!” അവൾ അയാളുടെ മേലേക്ക് ചാഞ്ഞു കൊണ്ട് കാതിൽ മെല്ലെ പറഞ്ഞു..

” നൂറാമത്തെ രാത്രിയോ..?”

” അതെ..നൂറാമത്തെ രാത്രി..” അവൾ എഴുന്നേറ്റിരുന്നു..

” രാത്രികൾ എണ്ണുമോ..ഹ ഹ ഹാ…എത്ര രാത്രികൾ എണ്ണും ഇനിയും നീ..”

അയാൾ ഉറക്കെ ചിരിച്ചു..

” അറിയില്ല….!” അവൾ അയാളെ നോക്കി മെല്ലെ പുഞ്ചിരിച്ചു..

” നൂറു രാത്രികൾ..നൂറു പുരുഷന്മാർ..നിനക്ക് ഞാൻ ശതാവരി എന്ന് പേര് വയ്ക്കട്ടെ..” അയാൾ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു..

” ശതാവരിയോ..അതെന്തു പേരാണ്..എനിക്ക് വേണ്ടാ..ഞാൻ കമലയാണ്..കമല..” അവൾ അയാളുടെ കൈ വിടുവിച്ചു പറഞ്ഞു..

” ശതാവരി എന്നാൽ നൂറു ഭർത്താക്കന്മാരുടെ ഭാര്യ…! കമലയേക്കാൾ നല്ലത് ശതാവരിയാണ്..”

അയാൾ പറഞ്ഞു..

” മാഷ് വല്ലോ കഥാകൃത്താനോ..സാഹിത്യം വല്ലാതെ വരുന്നുണ്ടല്ലോ..”

അവൾ അയാളെ നോക്കി ചോദിച്ചു..

” കഥകൾ എഴുതും..പക്ഷേ കഥാകൃത്തല്ല…!”

അയാൾ പറഞ്ഞു..

” മാഷേ..കഥയല്ലലോ ജീവിതം…മാഷ് ഇട്ട പേരൊക്കെ കൊള്ളാം..പക്ഷേ ആ പേര് ഇന്ന് ഒരു ദിവസമേ എനിക്ക് സൂക്ഷിക്കാൻ പറ്റൂ..നാളെ എനിക്ക് നൂറ്റിയൊന്നാം രാത്രി ആവും..

നൂറ്റിയൊന്നാം ഭർത്താവും..മാഷ് ദിവസവും ചിലപ്പോ ഓരോ പേര് കണ്ടു വെക്കേണ്ടി വന്നേക്കും അങ്ങാനാവുമ്പോൾ..” അവൾ ഒരു ദീർഘ നിശ്വാസം വിട്ടു..

അയാൾ ഒരു നിമിഷം നിശബ്ദമായി.. തൊട്ടപ്പുറത്തെ മുറിയിൽ നിന്നും കട്ടിലിന്റെ ഇളകിയ കാലിന്റെ അനക്കം മുഴങ്ങി കേട്ടു..അയാൾ കാർഡ് ബോർഡ് ഭിത്തിയിലേക്ക് ഒന്ന് ആഞ്ഞു തട്ടി..ശബ്ദം നിന്നു..മുറി വീണ്ടും നിശബ്ദമായി..

” കഥയല്ല ജീവിതം..ജീവിതം ആണ് കഥ..നൂറാമത്തെ പുരുഷൻ ആയി എന്നെ എന്തേ ചിന്തകളിലേക്ക് കടത്തി വിട്ടു..” അയാൾ അവളെ നോക്കി ചോദിച്ചു..

അവൾ ചിരിച്ചു…

” എന്തേ ചിരിച്ചത്..പറയൂ..എന്തിനു എന്നെ ആഗ്രഹിച്ചു..”

” മാഷിന് മുൻപ് ഇവിടെ വന്നത് ഓർമ്മയുണ്ടോ..”

” ഉണ്ട്..കുറച്ചു നാളുകൾക്ക് മുൻപ്..”

” അന്ന് മാഷ് വന്നത് എന്റെ ഇരുപത്തഞ്ചാമത്തെ രാത്രിയിൽ ആയിരുന്നു…”

” ആണോ..”

” മ്മ്മ്..അതെ..മാഷ് ഒരു വർഷം മുൻപ് അശോക് നഗറിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നില്ലേ..”

” ഉവ്വ്..നിനക്കെങ്ങനെ അറിയാം അത്..”

അയാൾ അവളെ അത്ഭുതത്തോടെ നോക്കി..

” നിങ്ങളുടെ ഫ്ലാറ്റിന്റെ താഴത്തെ നിലയിൽ ഉള്ള എന്റെ ഒരു അമ്മാവന്റെ ഫ്ലാറ്റിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്..നിങ്ങൾ എന്നെ കണ്ടിട്ടുണ്ടാവില്ല..പക്ഷെ ഞാൻ എന്നും നിങ്ങളെ നോക്കിയിരുന്നു..ഫ്ലാറ്റിന്റെ വരാന്തയിലൂടെ നിങ്ങൾ നടന്നു വരുമ്പോൾ ഞാൻ ജനലഴിക്കുള്ളിലൂടെ നിങ്ങൾ പോകുന്നത് ഒളിച്ചു നോക്കുമായിരുന്നു..എന്തോ ഒരിഷ്ടം..അമ്മാവന്റെ പീഡനങ്ങളിൽ നിന്നും രക്ഷപെടാനുള്ള വഴി ആയിരുന്നിരിക്കും ചിലപ്പോൾ നിങ്ങളിൽ ഞാൻ കണ്ടത്..” അവൾ പറഞ്ഞു നിർത്തി..അയാൾ അവൾക്ക് നേരെ അല്പം വെള്ളം കുടിക്കാൻ നീട്ടി..അവൾ അല്പം വെള്ളം കുടിച്ചു..

” പെട്ടെന്ന് നിങ്ങൾ വരാതെ ആയി..ജനലഴികൾക്കിടയിൽ നിന്ന് ഞാൻ കാലടി ശബ്ദങ്ങൾ തേടി..പക്ഷേ നിങ്ങൾ വന്നതേ ഇല്ല.. ഒരു ദിവസം എന്നെ അയാൾ ഇവിടെ കൊണ്ടുവന്നാക്കി പണം വാങ്ങി എങ്ങോട്ടേക്കോ പോയി..അന്ന് മുതൽ ഞാൻ രാത്രികൾ എണ്ണുവാൻ തുടങ്ങി..

ഇരുപത്തഞ്ചാം രാത്രി നിങ്ങളെ ഇവിടെ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി..ഒപ്പം നിരാശയും..നിങ്ങളെ പറ്റി ഒന്നും അറിയാതെ തന്നെ നിങ്ങളിൽ ഒരു നന്മ ഞാൻ കണ്ടിരുന്നു..എന്തോ നിങ്ങളിൽ ഒരു സുരക്ഷിതത്വം എനിക്ക് തോന്നിയിരുന്നു..അത് ഇല്ലാതായപോലെ തോന്നി അപ്പോൾ..”

അവൾ പറഞ്ഞു നിർത്തി..

” എനിക്ക് അല്പം കൂടി വെള്ളം തരാമോ..”

അവൾ അയാളെ നോക്കി ചോദിച്ചു..

അയാൾ വെള്ളം നിറച്ച കുപ്പി അവൾക്ക് നേരെ നീട്ടി.. അവൾ വെള്ളം വാങ്ങി കുടിച്ചു..

” എന്നിട്ട് ബാക്കി പറയൂ..”

” അന്ന് എനിക്ക് ഭയം തോന്നി..നിങ്ങളോട്..പക്ഷേ ആ രാത്രി നിങ്ങൾ എന്നെ അത്ഭുതപെടുത്തി…

രാത്രി മുഴുവൻ നമ്മൾ സംസാരിച്ചിരുന്നു..നിങ്ങൾ എന്റെ ചിത്രം വരച്ചു…പോകാൻ നേരം എന്റെ നെറ്റിയിൽ ചുംബിച്ചു..നിങ്ങൾ മാത്രമേ എന്നോട് അങ്ങനെ പെരുമാറിയിട്ടുള്ളു..ആ രാത്രി ഞാൻ എണ്ണിയില്ല..സ്നേഹം തോന്നിയ പുരുഷനോട് ആദ്യമായി ഒരു വേശ്യാലയത്തിൽ വെച്ച് സംസാരിക്കാൻ അധികം ആർക്കും ഒരു പക്ഷേ പറ്റി കാണില്ല..അല്ലേ..”

അവൾ അയാളെ നോക്കി ചോദിച്ചു..

അയാൾ മറുപടി ആയി അലസമായൊന്നു ചിരിച്ചു..

” മടുപ്പ് തോന്നാറില്ലേ ഇവിടം..” അയാൾ ചോദിച്ചു

മറുപടി ആയി അവളും അലസമായൊന്നു ചിരിച്ചു..

” എനിക്ക് ഈ രാത്രി എണ്ണണം മാഷേ..ഞാൻ മാഷിന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങിക്കോട്ടെ ഇന്ന്

” മ്മ്മ്…” അയാൾ ഒന്ന് മൂളി..

അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു..

” മാഷേ…”

” മ്മ്മ്..”

” ഇനി ഇതുവഴി വന്നാൽ എനിക്ക് ഒരു ചിലങ്ക വാങ്ങി വരാമോ..” അവൾ ചോദിച്ചു..

” ചിലങ്കയോ…അതെന്തിനാ..”

” എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമായിരുന്നു..ഞാൻ സൂക്ഷിച്ച ചിലങ്കയിലെ മണികൾ എല്ലാം അടർന്നു പോയി..” അവൾ പറഞ്ഞു..

” ഇവിടെ നീ ചിലങ്ക കൊണ്ട് എന്ത് ചെയ്യാനാണ്.

” കട്ടിലിന്റെ കാലിൽ കെട്ടി വെക്കും..ഇവിടെ ഉള്ള എല്ലാ കാലുകൾക്കും ഇളക്കമാണ്..

എന്തോ.. അതിന്റെ ശബ്ദം കേൾക്കുമ്പോൾ ഇപ്പോൾ വല്ലാത്ത ഒരു ഭയം തോന്നുന്നു..ചിലങ്കയുടെ ശബ്ദം എനിക്കിഷ്ടമാണ്..!

” മ്മ്മ്…” അയാൾ അവളുടെ മുടികളിലേക്ക് ചുണ്ടുകൾ അമർത്തി..

” എന്താ ഒന്നും മിണ്ടാത്തത്..അന്ന് ഒരുപാട് സംസാരിച്ചിരുന്നല്ലോ..ഇന്ന് ചിത്രം വരക്കുന്നില്ലേ..”

അയാളുടെ വിരലുകളിലേക്ക് അവളുടെ വിരലുകൾ കോർത്തുകൊണ്ട് അവൾ ചോദിച്ചു..

” ഇപ്പോൾ വരക്കാറില്ല..കൈ വല്ലാതെ വിറയ്ക്കും..” അയാൾ പറഞ്ഞു..

” മ്മ്മ്…മാഷ് എന്താ അന്ന് എന്നെ ഒന്നും ചെയ്യാഞ്ഞത്..” അവൾ ചോദിച്ചു..

” ജനലഴിക്കുള്ളിലെ കണ്ണുകൾ ഞാൻ കണ്ടിരുന്നു…” അയാൾ പറഞ്ഞു..

ഒരു നിമിഷം ശ്വാസം പോലും ഒന്ന് നിശബ്ദമായി..

” മ്മ്മ്..” ഒരു തുള്ളി കണ്ണുനീർ അയാളുടെ നെഞ്ചിലേക്ക് വീണു..

” ശതാവരി..”

” അല്ല..മാഷേ..കമല..!”

” നിനക്ക് നൂറ്റിയൊന്നാം രാത്രി ഇല്ല..നൂറ്റിയൊന്നാം പുരുഷൻ ഇല്ല..നമുക്ക് പോകാം..”

അവൾ അയാളുടെ നെഞ്ചിലേക്ക് മുഖം അമർത്തി കണ്ണുകൾ അടച്ചു കിടന്നു…രാത്രി പിന്നിട്ടു കൊണ്ടിരുന്നു..അവൻ അവളുടെ കവിളിൽ തൊട്ടു..

ശരീരം തണുത്തിരുന്നു..അയാൾ അവളെ വിളിച്ചു..അവൾ കണ്ണുകൾ തുറന്നില്ല..നൂറ് രാത്രികൾ..നൂറ് പുരുഷന്മാർ..ശതാവരി..!

അയാൾ അവളുടെ മുറിയിലെ ഇരുമ്പു പെട്ടി തുറന്നു നോക്കി..അതിൽ മണികൾ പൊഴിഞ്ഞു നിറം മങ്ങിയ ഒരു ചിലങ്ക കിടന്നു..അയാൾ അഴിഞ്ഞു വീണു കിടന്ന രണ്ടു മുത്തുകൾ അതിലേക്ക് വച്ചു..താളം ഇല്ലാതെ അത് കയ്യിൽ ഇരുന്നു കിലുങ്ങി..അവളുടെ തണുത്തു ഉറഞ്ഞ കാലുകളിലേക്ക് അയാൾ ആ ചിലങ്ക കെട്ടി..അവളുടെ മുഖത്തേക്കൊന്നു നോക്കി..തണുത്തു ഉമിനീരൂറിയ ചുണ്ടുകളിൽ ചുംബിച്ചു..എന്നിട്ടയാൾ പതിയെ നടന്നകന്നു…

അപ്പുറത്തെ മുറിയിൽ നിന്നും വീണ്ടും കാൽ ഇളകുന്ന ശബ്ദം..

ശതാവരി നിശബ്ദമായി ഭയമില്ലാതെ കിടന്നു…!!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : അഖിൽ സതീഷ്..

Scroll to Top