മോളെ… ഈ കല്യാണത്തിന് നീ ഒന്ന് സമ്മതിക്ക്.. നിനക്ക് നന്നായി ചേരും അവൻ, പക്ഷെ ഏട്ടാ…

രചന : Unais Bin Basheer

മംഗല്യം തന്തുനാനേനാ…

❤❤❤❤❤❤❤❤❤❤

ഈ വീടും പുരയിടവും എല്ലാം കൂടെ ഒരു രണ്ട് രണ്ടര ഏക്കർ വരും അല്ലെ..

പെണ്ണ് കാണാൻ വന്നവരുടെ കൂട്ടത്തിലുള്ള പ്രായമായ ആ അമ്മാവന്റെ ചോദ്യം കേട്ടപ്പോൾ വാതിൽ മറവിൽ നിന്ന എനിക്ക് ആകെ അരിശം കേറി..

‘ഉം.. അതേ.. രണ്ടര ഏക്കറിന്റെ മേലുണ്ട്..

ഇതും പറഞ്ഞു ചേട്ടൻ അയാളെ നോക്കി വശ്യമായി ചിരിച്ചു.

ചവച്ചു കൊണ്ടിരുന്ന വെറ്റില മുറ്റത്തേക്ക് നീട്ടി തുപ്പി അയാൾ ‘ഉം.. എന്ന് നീളത്തിൽ മൂളി..

ശേഷം ചാരുകസേരയിൽ ചാഞ്ഞിരുന്ന് ചോദ്യം തുടർന്നു.

‘ മാധവൻ മാഷിന് ആകെ നിങ്ങൾ രണ്ട് മക്കൾ അല്ലെ ഉള്ളു..

‘ അതേ.. ഞാനും അവളും..

അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ ഈ വലിയ വീട്ടിൽ ഞങ്ങൾ മാത്രേ ഉള്ളു..

പിന്നെ തൂക്കാനും തുടക്കാനും വരുന്ന കുറച്ച് ജോലിക്കാർ എന്നും വന്ന് പോകും.

ഹാ രണ്ടായത് ഏതായാലും നന്നായി അഥവാ വീതം വെക്കുമ്പോഴും രണ്ടായി മാത്രം ഭാഗിച്ചാൽ മതിയല്ലോ.. അല്ലെ..

ഇതും പറഞ്ഞു വെറ്റിലക്കറപല്ല് കാട്ടി അയാൾ വെളുക്കെ ചിരിച്ചു..

ഇതും കൂടെ ആയപ്പോൾ എന്റെ ക്ഷമ നശിച്ചു.

ഞാൻ വാതിൽ മറവിൽ നിന്നും ഏട്ടനെ അകത്തേക്ക്‌ വിളിച്ചുവരുത്തി..

‘അതേയ് എനിക്കീ കല്യാണം വേണ്ടട്ടാ..

പറഞ്ഞേക്കാം..

ചേട്ടൻ അവരോട് പറ തൽക്കാലം ഇപ്പൊ ഈ വീടും പറമ്പും ഭാഗംവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്.

‘ഹേ.. നീ എന്താ പറയുന്നേ..

‘പിന്നല്ലാതെ..

അയാൾ കല്യാണാലോചനക്ക് വന്നതോ

അതോ നമ്മുടെ വീട് വീതംവെപ്പിന് വന്നതോ..

അവിടിരുന്ന് പറഞ്ഞതെല്ലാം ഞാൻ കേട്ടു..

എന്റെ പൊന്നു ചേട്ടാ എനിക്കീ കല്യാണം വേണ്ട.

ചേട്ടൻ തൽക്കാലം അവരോട് പോകാൻ പറയ്.

അതാണോ.. എന്റെ അച്ചു ഇതൊക്കെ ഇപ്പോഴത്തെ ഒരു നാട്ടുനടപ്പല്ലെ.

അതിലെന്താ തെറ്റ്..

കേട്ടിടത്തോളം നമുക്ക് ചേരുന്ന ബന്ധം ആണ്..

മാത്രമല്ല. ചെക്കൻ ഒരു അധ്യാപകൻ കൂടെയാണ്..

ഹാ ബെസ്റ്റ്. വാദ്യാർ പണി ചേരുന്ന ആള് തന്നെ.. ഇങ്ങേരൊക്കെ വേദമോതി കൊടുക്കുന്ന മക്കളൊക്കെ എന്തായി തീരുവോ എന്തോ..

എനിക്കെന്തായാലും ഈ കല്യാണം വേണ്ട.. ഇനി അയാൾ മാഷ് അല്ല, സ്വന്തമായി ഒരു സ്കൂൾ നടത്തുന്ന ആളായാലും ശെരി എനിക്ക് താല്പര്യം ഇല്ല..

‘ഓ.. ശെരി. വേണ്ടെങ്കിൽ വേണ്ട. ഞാൻ നിർബന്ധിക്കുന്നില്ല..

എന്തായാലും അവർ വന്നതല്ലേ.. കണ്ടിട്ട് പോകട്ടെ. എന്നിട്ട് നമുക്ക് തീരുമാനിക്കാലോ..

അതല്ലേ മര്യാദ..

ഏട്ടനെന്നെ തണുപ്പിക്കാനുള്ള ശ്രമം ആണ്..

ഉം.. ഓക്കേ പക്ഷെ ചെക്കനും പെണ്ണും പരസ്പ്പരം സംസാരിക്കുന്ന ആ സ്ഥിരം ക്ളീഷേ ഉണ്ടല്ലോ..

അതൊന്നും നടക്കില്ല. പറഞ്ഞേക്കാം..

ആം..സമ്മതിച്ചു

മോളിപ്പം ചെന്ന് ചായ എടുത്തു വാ..

ചേട്ടൻ അങ്ങോട്ട് ചെല്ലട്ടെ..

ഇതും പറഞ്ഞു ചേട്ടൻ ഉമ്മറത്തേക്ക് പോയി..

അടുക്കളയിൽ നിന്ന് ചായ എടുത്ത് വന്നപ്പോഴും ഉമ്മറത്തെ ചർച്ച തീർന്നിട്ടില്ലായിരുന്നു..

ഇതുവരെ കുടുംബത്തിൽ നടന്ന കല്യാണവും അതിന്റെ ഭീമമായ ചിലവും അന്തസും ഒക്കെ വരിവരിയായി അയാളിൽ നിന്നും പുറത്തേക്ക് വന്നുകൊണ്ടിരുന്നു

ചായ കൊടുക്കും നേരം ഞാൻ അയാളെയും വാദ്യാരേയും ഒന്ന് തുറിച്ചു നോക്കി തിരിഞ്ഞു നടന്നു

എന്നാൽ പിന്നെ ചെക്കനും പെണ്ണിനും എന്തേലും പറയാനോ ചോദിക്കാനോ ഉണ്ടേൽ ആവാലോ ലെ..

അയാൾ ഒരു കവിൾ ചായക്കൊപ്പം മിക്സ്ചർ വായിലേക്കിട്ട് ചവച്ചു കൊണ്ട് പറഞ്ഞു..

ഏട്ടൻ ഇടം കണ്ണാൽ എന്നെ നോക്കിയപ്പോൾ

ഞാൻ പറ്റില്ലെന്ന് തലയാട്ടി..

ആ ആവാം.. അതാണല്ലോ അതിന്റെ ശെരി..

ഏട്ടൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു എന്നെ നോക്കി..

ദുഷ്ടൻ.. പണ്ടുതൊട്ടേ ഇങ്ങനെ ആണ് പറയുന്നതെന്ന് ചെയ്യുന്നത് മറ്റൊന്ന്..

ഞാൻ മനസ്സിൽ ഏട്ടനെ പിറുപിറുത്തു..

എന്റെ മുറിയിൽ ആയത് കൊണ്ട് തന്നെ അയാളെ നേരിടാൻ എനിക്ക് നല്ല ധൈര്യമായിരുന്നു..

‘അശ്വതി എന്നാണല്ലേ പേര്.??

‘അതേ.. ചേട്ടന്റെ പേരെന്താ..

ഞാൻ ഒട്ടും പതറാതെ തിരിച്ചു ചോദിച്ചു..

അയാളൊന്ന് വിക്കി.. ശേഷം തുടർന്നു

എന്റെ പേര് അരുൺ.. അധ്യാപകനാണ്.. നാട്ടിൽ തന്നെ, ഞാൻ പഠിച്ച സ്കൂളിൽ..

‘ഓ.. കണക്ക് വാദ്യാർ ആവുമല്ലേ..

‘അല്ല.. മലയാളം.. എന്തേ അങ്ങനെ ചോദിച്ചത്

‘ഹേയ് ഒന്നൂല്ല.. വന്നപ്പം തൊട്ട് അവിടിരുന്ന് കണക്ക് പറയുന്നത് കൊണ്ട് ചോദിച്ചതാ..

ഞാൻ ഒരു ലോഡ് പുച്ഛം വാരി വിതറി..

അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു..

അശ്വതി നല്ല സ്മാർട്ട് ആയിട്ട് സംസാരിക്കുന്നുണ്ട്..

ഇച്ചിരി സ്മാർട്ട് ഒക്കെ കാണും വാദ്യാരേ..

അച്ഛൻ ഇല്ലാതെ വളർന്നതല്ലേ..

അതിന്റെ ഗുണം കാണിക്കണ്ടേ..

ഉം.. അത് വേണം

പിന്നെ.. എന്നെ ഇഷ്ടായോ തനിക്ക്..

സത്യം പറയാലോ ഒട്ടും ഇല്ല..

ഈ അടിവയറ്റിൽ മഞ്ഞുപെയ്യുന്ന സുഖം ഒന്നും തോന്നുന്നില്ല..

ഞാൻ അയാളിൽ നിന്നും മുഖം തിരിച്ചു..

ഹാ.. ആ സുഖം തന്നെ കണ്ടപ്പോൾ എനിക്കും തോന്നിയില്ല.

എന്നാലും ഒരു ചേലൊക്കെ ഉണ്ട്..

ഉള്ളത് പറയാലോ ആളെ എനിക്ക് ഇഷ്ടായി..

അമ്മക്കും..

പക്ഷെ തനിക്ക് എന്നെ ഒട്ടും ഇഷ്ടം ആയില്ലെന്ന് താൻ പറയാതെ തന്നെ എനിക്കറിയാം..

അല്ലെങ്കിൽ അത്ര ശക്തിയിൽ കാണാൻ വന്ന ചെക്കനെ ഒരു പെണ്ണും നോക്കില്ലല്ലോ..

എന്താടോ ഇനി വേറെ വല്ല ഇഷ്ടവും ഉണ്ടോ മനസ്സിൽ.. പ്രേമം..??

ഏട്ടനോട് പറയാൻ പേടി ആണേൽ എന്നോട് പറ.. ഞാൻ പറഞ്ഞോളാം തന്റെ ഏട്ടനോട്..

എനിക്ക് തന്നെ കെട്ടണം എന്നൊന്നും ഇല്ല..

അതേയ്.. ഞാൻ വല്ലോം പറയും പറഞ്ഞേക്കാം

വാദ്യാർ പണി എന്നല്ലേ പറഞ്ഞേ..

ബ്രോക്കർ എന്നല്ലല്ലോ..

താനൊന്ന് പോയി തരാവോ..

ഇഷ്ടം ആയില്ലെന്ന് മനസ്സിലായില്ലേ..

അപ്പോഴേക്കും അയാളുടെ അമ്മ അങ്ങോട്ട് കടന്നു വന്നു..

‘അല്ല തീർന്നില്ലേ ഇതുവരെ.. ഇവിടെ കൂടാൻ ഉള്ള പുറപ്പാടാണോ മനു.. പോകണ്ടേ..

ആ പോകാം അമ്മാ..

എഡോ ഞങ്ങൾ ഇറങ്ങുവാ..

എന്തായാലും തന്റെ തീരുമാനം ചേട്ടനോട് പറ..

വരട്ടെ മോളെ..

അയാൾക്കൊപ്പം അയാളുടെ അമ്മയും യാത്ര പറഞ്ഞിറങ്ങി..

മനസ്സ് കാറൊഴിഞ്ഞു തെളിഞ്ഞു..

ആശ്വാസത്തിന്റെ നിശ്വാസത്തോടെ കൊണ്ടുവച്ച ചായ തിരികെ എടുത്ത് നടക്കുമ്പോഴാണ് ഏട്ടൻ പിറകിൽ നിന്നും വിളിക്കുന്നത്..

അച്ചു.. എന്താ പറയണ്ടേ അവരോട്..

പോയി പണി നോക്കാൻ പറ.. അല്ലാതെ എന്ത് പറയാൻ.. അല്ലേൽ ആ അമ്മാവന്റെ തന്തക്ക് പറയ്..

ഇതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു..

നിനക്ക് എന്താ ഇത്ര തിരക്ക്.. നീ ആ പത്രം അവിടെ വെക്ക്. എന്നിട്ട് ഇവിടെ വന്നിരി..

ചേട്ടൻ പറയട്ടെ..

ചേട്ടൻ എന്നെ പിടിച്ചു അടുത്തിരുത്തി..

എടി നമ്മൾ വിചാരിക്കുമ്പോലെ അല്ല കാര്യങ്ങൾ..

നിങ്ങൾ സംസാരിക്കാൻ കയറിയില്ലേ അപ്പോൾ ആ അമ്മാവനൊരു കാൾ വന്ന് അങ്ങേര് പുറത്തേക്ക് പോയി..

അന്നേരം ആണ് ആ അമ്മ കാര്യങ്ങൾ ഒക്കെ പറയുന്നത്..

പാവങ്ങളാടി.. ആ അമ്മക്ക് തുണയായിട്ട് ഈ ഒരു മോൻ മാത്രമേ ഉള്ളു.. ഭർത്താവ് കുറെ മുന്നേ മരിച്ചു..

അതുകൊണ്ട് ഈ അമ്മാവൻ തെണ്ടിക്ക് ഒടുക്കത്തെ പേടിയാണത്രേ ഈ കല്യാണ ചിലവും മറ്റും ഒക്കെ അങ്ങേരുടെ തലയിൽ വീഴോ എന്ന്..

അതാണ് അങ്ങേര് ഈ കണ്ട പട്ടി ഷോ ഒക്കെ കാണിച്ചത്..

അവർക്ക് നിന്നെ മാത്രം മതി എന്നാ ആ ‘അമ്മ എന്നോട് പറഞ്ഞത്..

‘അമ്മ മാത്രം അല്ല പോകുമ്പോൾ അവനും പറഞ്ഞു

ഇവിടുന്ന് ഒരു തരി മണ്ണ് പോലും അവന് വേണ്ടെന്ന്.. അങ്ങേരുടെ വിവരമില്ലാഴ്മക്ക് ക്ഷമയും ചോദിച്ചിട്ടാ അവർ പോയത്..

മോളെ എല്ലാ കുടുംബത്തിലും ഇതുപോലെ ഒരാൾ കാണും.. നമുക്കും ഇല്ലേ ഒരു ഉപകാരവും ഇല്ലാത്ത അമ്മാവൻമ്മാർ അത്പോലെ..

എന്റെ മോൾ ഒന്ന് സമ്മതിക്ക്.. നിനക്ക് നന്നായി ചേരും അവൻ..

കേട്ടത് വിശ്വസിക്കാതെ ഞാൻ ഏട്ടനെ നോക്കി..

ഉള്ളത് തന്നെ ആണോ.. അതോ..

മരിച്ചു പോയ നമ്മുടെ അച്ഛനും അമ്മയും ആണേ സത്യം.. പോരെ..

പക്ഷെ ഏട്ടാ..

ഇനിയെന്താ ഒരു പക്ഷെ..

ഞാൻ അയാളെ ശരിക്കും കണ്ടിട്ടില്ല..

ഹേ.. പിന്നെ അത്രനേരം നീ എന്തോന്നാ റൂമിൽ പണിഞ്ഞേ..

അത് പിന്നെ ആ ദേഷ്യത്തിൽ ഞാൻ എന്തെല്ലോ പറഞ്ഞു..

നിന്നെയൊക്കെ ഉണ്ടല്ലോ..

ഇന്നാ വിളിക്ക് ഏട്ടൻ

ഫോൺ ഡയൽ ചെയ്ത് എനിക്ക് നേരെ നീട്ടി..

ഇതാരാ…

എടി അവനാ.. അരുൺ. സംസാരിക്ക്.. സോറി പറ..

അയ്യേ സോറിയോ..

അപ്പോഴേക്കും മറുതലക്കൽ ഫോണ് എടുത്തിരുന്നു

ഹ.. ഹെലോ..

അശ്വതി..

ആ. അതെ.. എങ്ങനെ മനസ്സിലായി..

ഇങ്ങനെ ഒരു ക്ലൈമാക്സ് ഞാൻ പ്രതീക്ഷിച്ചിരുന്നു.

ഏട്ടൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു ലെ

അത് .. ഞാൻ..

ഹേയ് ഒരു പ്രശ്നവും ഇല്ല.. താൻ ശരിയായ റൂട്ടിൽ തന്നെ ആണ് സംസാരിച്ചത്..

താൻ അതൊക്കെ പറയുമ്പോൾ എനിക്ക് ഇഷ്ടം കൂടിയതല്ലാതെ ഒരു തരി കുറഞ്ഞിട്ടില്ല..

പിന്നെ കല്യാണത്തിന് സമ്മതം ആണേൽ ഒരു ഡിമാന്റ് ഉണ്ട്..

ഏട്ടന്റെ ജോലി ഭാരം പേടിച്ച് താൻ പണ്ട് കുഴിച്ചു മൂടിയ ടീച്ചറാവണം എന്ന ആ മോഹം ഇല്ലേ..

ഇങ്ങോട്ട് വരുമ്പോൾ അത് കുഴിതോണ്ടി കയ്യിൽ കരുതിക്കോ..

ഇത് എന്റെ അല്ല അമ്മയുടെ ഡിമാന്റ് ആണ്..

എന്റേത് കല്യാണത്തിന്റെ അന്ന് പറയാം..

അപ്പൊ ശെരി..

ഫോണിലെ ശബ്ദം നിലച്ചപ്പോൾ ആകാശത്ത് മേഘങ്ങൾ വലിയ ശബ്‌ദത്തിൽ കൂട്ടിയിടിച്ചു..

ഇടവപ്പാതിയുടെ ആദ്യ തുള്ളി എന്നെ നനച്ച് പെയ്തിറങ്ങി..

മനസ്സിലപ്പോൾ ഒരു കല്യാണപന്തൽ ഒരുങ്ങുകയായിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Unais Bin Basheer