എന്നോട് ദേഷ്യപ്പെടല്ലേ അരുണേട്ടാ.. എന്നെയൊന്ന് നോക്ക്, എന്നോട് സ്നേഹത്തോടെ സംസാരിക്ക്…

രചന : ലിൻസി ലാസർ

ഒരു അവസരം കൂടി……

********************

“ഭാമേ… നീയെന്തെടുക്കുവാ അവിടെ? ”

“ഏട്ടാ ഞാനിവിടുണ്ട്

“നീയിവിടെ കതകടച്ചിരുന്ന് എന്ത് കാണിക്കുവാ? ലൈറ്റിട്ടുടെ?”

“ഞാനിവിടെ ഓരോന്നാലോചിച്ച് ”

“ഇനിയെപ്പോ നിന്റെ വീട്ടിൽ പോകാമെന്നായിരിക്കും ആലോചന ”

“ഞാൻ പറഞ്ഞില്ലല്ലോ എന്റെ വീട്ടിൽ പോകണമെന്ന്

“അല്ല നീയെന്ത് പറഞ്ഞാലും അവസാനം അതിലാണല്ലോ ചെന്നെത്തുന്നത് ”

ഭാമ ഒന്നും മിണ്ടിയില്ല

“നീ ആ പിള്ളേരുടെ അടുത്തേക്ക് ചെല്ല്… എനിക്ക് കോൺഫറൻസ് തുടങ്ങാറായി ”

“ഏട്ടാ ഇന്നെങ്കിലും ഇത്തിരി നേരത്തെ വരണേ..

എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ”

“കുറച്ച് അർജന്റ് മീറ്റിംഗാ.. എന്നാലും നോക്കട്ടെ..”

പിറ്റേന്ന് പ്രഭാതം

*******************

“ഭാമേ…. ചായ… ഇതെന്തുവാ നിന്റെ മുഖം കടന്തല് കുത്തിയ പോലെ ഇരിക്കുന്നത്. രാവിലെ മനുഷ്യന്റെ മൂഡ് കളയാൻ ”

“ഓ.. നിങ്ങൾക്കല്ലേ ഉള്ളു മൂഡ് ഓഫും മൂഡ് ഓണുമൊക്കെ.. ഞാനൊക്കെ എന്താ പ്രതിമകളാണോ? എപ്പഴും ഒരേ മൂഡിൽ ഇരിക്കാൻ ”

“ഉവ്വ്…. പ്രതിമയെ ഞാൻ വെളുപ്പിന് കണ്ടു…

വികാരവും വിചാരവും ഇല്ലാത്ത സാധനം…

എന്താടി.. രണ്ട് പെറ്റപ്പോഴേക്കും അതൊക്കെ കെട്ടോ..?”

“എനിക്കും കൂടി തോന്നണ്ടേ…

എന്നോടൊന്ന് സ്നേഹത്തോടെ സംസാരിക്കാറ് പോലുമില്ല പിന്നെങ്ങനാ”….

“ഓ… സംസാരിച്ചാ പിന്നെ നീയങ്ങു മറിക്കും…

രാവിലെ പോ എന്റെ മുൻപീന്ന് എനിക്ക് പോകാൻ സമയമായി ”

“അതെ അരുണേട്ടാ… ഇടയ്ക്ക് ഞാൻ വിളിക്കുമ്പോ ഒന്നെടുക്കണേ”

“മ്മ്… നോക്കട്ടെ..”

പതിവ് പോലെ അന്നും ഭാമ അരുണിനെ പല തവണ വിളിച്ചു. ഒന്നും അയാൾ അറ്റൻഡ് ചെയ്തില്ല.

വൈകുന്നേരം

******************

“ടീ… ടീ… ഭാമേ….”

“ആ ഏട്ടാ….”

“ഈ ഗേറ്റും തുറന്നിട്ട്…കുഞ്ഞിനെ മുറ്റത്ത്‌ നിർത്തിയിട്ട് നീയെവിടെ പോയതാ?”

“അത് ഞാൻ..പുറകുവശത്ത് തൂക്കാൻ..”

“ഇപ്പൊ ഞാൻ വന്നില്ലാരുന്നെങ്കിൽ കുഞ്ഞ് ഗേറ്റ് കടന്ന് പോയേനെ… ഇപ്പൊ നിനക്ക് ഒന്നിനും ഒരു ശ്രദ്ധയുമില്ല.. രണ്ടെണ്ണം തരുകയാ വേണ്ടത്

“ഞാൻ ശ്രദ്ധിച്ചില്ല ഏട്ടാ…”

ഭാമ കരയാൻ തുടങ്ങി..

“ആ മോങ്ങാൻ തുടങ്ങി… നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല..”

കുഞ്ഞിനേയും എടുത്ത് അരുൺ അകത്തേക്ക് കയറി.

*************

“ഏട്ടാ ഞാൻ മനപ്പൂർവം അങ്ങനെ ചെയ്യുമോ?

ശ്രദ്ധിച്ചില്ല അതോണ്ടാ..”

“എന്തെങ്കിലും സംഭവിച്ചെങ്കിലോ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ.. സാരമില്ല പോട്ടെ ഇനി ഇതും പറഞ്ഞ് കരയണ്ട ”

“ഞാനിന്നും വിളിച്ചാരുന്നു ഏട്ടൻ എടുത്തില്ല ”

“നിനക്കറിഞ്ഞുടെ ഭാമേ എന്റെ തിരക്ക്. രാവിലെ നിന്റടുത്തുന്നു പോയിട്ട് വൈകിട്ട് ഇങ്ങോട്ടല്ലേ വരുന്നത്. പിന്നെന്തിനാ ഇങ്ങനെ വിളിക്കുന്നത്.”

“ഏട്ടാ… ഞാനൊരു കാര്യം പറയട്ടെ…”

“ഉം… പറയെടി…”

“എനിക്കൊരു കൗൺസിലിംഗിന് പോയാൽ കൊള്ളാമെന്നുണ്ട്.”

“എന്ത് കൗൺസിലിങ് ”

“ഒരു സൈക്കോളജിസ്റ്റിന്റെയടുത്ത് ”

“എന്തോന്നാ.. പറഞ്ഞു പറഞ്ഞ് നീയെങ്ങോട്ടാ പോകുന്നത്.”

“സത്യമാ ഏട്ടാ.. കുറെ നാളായി എനിക്കെന്തൊക്കെയോ കുഴപ്പമുണ്ട്. ഒന്നിനും സന്തോഷം തോന്നുന്നില്ല. ആകപ്പാടെ ഒരു നിരാശ. ഒന്നിനും ശ്രദ്ധയില്ല… വെറുതെയിരിക്കുമ്പോ കരച്ചിൽ വരും..

കുഞ്ഞുങ്ങളുടെ കാര്യം പോലും നേരെ നോക്കാൻ പറ്റുന്നില്ല.. പിന്നെ..”

“മതി.. മതി.. ബാക്കി ഞാൻ പറയാം എന്റെ മനസിന് തീരെ സന്തോഷമില്ലാത്തോണ്ട് ഞാൻ കുറച്ച് നാൾ വീട്ടിൽ പോയി നിന്നോട്ടെ..

അതല്ലേ..”

“അതല്ല.. ഏട്ടാ..”

“ഈ ലോകത്ത് നീ മാത്രമേ കല്യാണം കഴിച്ചിട്ടുള്ളോ നീ മാത്രമേ പ്രസവിച്ചിട്ടുള്ളോ? ഇതൊക്കെ എല്ലാ പെണ്ണുങ്ങളും ചെയ്യുന്നതാ..

കുറച്ച് പക്വതയോടെ പെരുമാറാൻ പഠിക്ക് ആദ്യം.”

“ഞാൻ എന്തൊക്കെയാ പറയുന്നത് ഏട്ടൻ എന്തൊക്കെയാ കേൾക്കുന്നത് ”

“നിനക്കുള്ള കുഴപ്പം ഞാൻ പറയാം ‘വളർത്തു ദോഷം’. ഒറ്റ മോളാണെന്നും പറഞ്ഞ് ഇങ്ങനെയാണോ ”

“ഞാൻ കൗൺസിലിങ്ങിന്റെ കാര്യമാ പറഞ്ഞ് വന്നത്

“മതി സംസാരിച്ചു വഷളാക്കാൻ വയ്യ എനിക്ക്.

നല്ല ഉറക്കം വരുന്നു. നീ പോയി കിടക്ക്.”

ദിവസങ്ങൾ കടന്നു പോയി. ഭാമയിൽ സ്വഭാവ വ്യതിയാനങ്ങൾ കൂടിക്കൂടി വന്നു. കുറെയൊക്കെ ശ്രദ്ധിക്കാതെയും ശ്രദ്ധിച്ച കാര്യങ്ങൾക്ക് അവളെ കുറ്റപ്പെടുത്തിയും ദിവസങ്ങൾ നീങ്ങി.

**************

“ഗുഡ് ആഫ്റ്റർനൂൺ സർ”

“ഗുഡ് ആഫ്റ്റർനൂൺ വിഷ്ണു..”

“സാറിന്റെ വൈഫ്‌ നന്നായി എഴുതാറുണ്ട് അല്ലേ?

എന്നിട്ട് ഇതുവരെ പറഞ്ഞില്ലല്ലോ”

“എന്റെ വൈഫോ തനിക്ക് ആള് മാറി പോയതായിരിക്കും”

“ഭാമ അരുൺ സാറിന്റ വൈഫല്ലേ.. ഇന്ന് രാവിലെ സാറിനെയും ടാഗ് ചെയ്തു വന്ന ഫേസ്ബുക് പോസ്റ്റാ.. ദാ…

‘മൗനം… ദിവസേന എന്നെ കാർന്നുതിന്നുന്ന മൗനം… ഇരുട്ടിനോട് ഒരു വല്ലാത്ത ഇഷ്ടമാണ് ഇപ്പോൾ… ആ ഇരുട്ടിലാണ് ഞാൻ എന്റെ പ്രിയ സുഹൃത്തിനെ പരിചയപ്പെട്ടത്.. മരണം……..

അവൻ ഞാൻ പറഞ്ഞതെല്ലാം കേട്ടു..

എന്റെ കൂടെ അവനുണ്ടെന്ന് പറഞ്ഞു..

കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു..

ഞാനവന്റെ സൗഹൃദത്തിന് അടിമപ്പെട്ടിരിക്കുന്നു…

ഭ്രാന്തിയെന്ന വിളിപ്പേരും ഈ ലോകത്തിന്റെ സഹതാപ ദൃഷ്ടികളും ഞാൻ ആഗ്രഹിക്കുന്നില്ല

എന്റെ എല്ലാ പ്രശ്നത്തിനും ഒരു അവസാനം ഉണ്ടാകുമെങ്കിൽ…

ഞാൻ അവനോടൊപ്പം പോകാൻ തയാറാണ്..’

അത് വായിച്ച അരുണിന്റെ മനസിലൊരു കൊള്ളിയാൻ മിന്നി…

ബോസിനോട് എന്തൊക്കെയോ കാരണങ്ങൾ നിരത്തി ലീവ് വാങ്ങി അരുൺ വീട്ടിലേക്ക് കുതിച്ചു.

അവൻ ഭയന്നത് പോലെ ഭാമ തന്റെ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഇരുട്ട് നിറഞ്ഞ മുറിയിൽ അബോധാവസ്ഥയിൽ കിടന്നിരുന്നു.

സിറ്റി ഹോസ്പിറ്റൽ, ഇക്ക

********************

“24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല അരുൺ. നല്ല വീര്യമുള്ള വിഷമാണ് ഉള്ളിൽ ചെന്നിരിക്കുന്നത്. ഞങ്ങൾ മാക്സിമം ശ്രമിക്കാം. എങ്കിലും 50% ചാൻസേയുള്ളൂ”

Dr. ശിവപ്രസാദിന്റെ വാക്കുകൾ കേട്ട് ICU വിനു മുൻപിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ അരുൺ ഇരുന്നു.

***************

“Mr. അരുൺ ”

“ഞാനാണ് സിസ്റ്റർ

“ഭാമയുടെ ഹസ്ബൻഡ് അല്ലെ

“അതെ”

“നിങ്ങളെ ഡോക്ടർക്കൊന്ന് കാണണമെന്ന് പറഞ്ഞു. എന്റെ കൂടെ വാ”

സിസ്റ്ററിനോപ്പം നടന്ന് ഡോക്ടറിന്റെ കാബിന് മുൻപിൽ എത്തിയപ്പോഴാണ് അരുൺ ആ ബോർഡ്‌ ശ്രദ്ധിക്കുന്നത്.

Dr. റോയ് തോമസ്

കൺസൾട്ടന്റ് സൈക്ക്യാട്രിസ്‌റ്റ്

“സിസ്റ്റർ ഇത്..”

“റോയ് സാറാണ് നിങ്ങളെ കാണണമെന്ന് പറഞ്ഞത്”

“സാർ ഇതാണ് അരുൺ. ഭാമയുടെ ഹസ്ബൻഡ്.”

“Ok വരൂ അരുൺ ഇരിക്ക്. തന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് അറിയാം. ഞാൻ നേരിട്ട് കാര്യത്തിലേക്ക് വരാം. ഭാമ എന്റെ പേഷ്യന്റ് ആയിരുന്നു.

“വാട്ട്‌?????”

“കൂൾ ഡൌൺ അരുൺ. ഭാമ എന്നെ ഒരു പ്രാവശ്യമേ കാണാൻ വന്നിട്ടുള്ളൂ. അതും രണ്ട് മൂന്ന് ആഴ്ച മുൻപ് ”

“പക്ഷെ സർ അവൾ എന്നോടൊന്നും പറഞ്ഞിട്ടില്ല

“ഭർത്താവ് അറിയാതെ വന്നതാണെന്ന് എന്നോട് പറഞ്ഞിരുന്നു.ഇപ്പോൾ തുറന്നു പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാം. പക്ഷെ പറയാതിരിക്കാൻ കഴിയില്ലല്ലോ. It was a case of chronic depression.”

“ഡിപ്രെഷനോ????”

“അതെ. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ആ പെൺകുട്ടി. പക്ഷെ അന്ന് തന്നിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അറിയാനും അതിൽ നിന്ന് റിക്കവർ ചെയ്യാനും അവൾ ആഗ്രഹിച്ചിരുന്നു.

” പക്ഷെ ഞാൻ അവൾക്കും കുഞ്ഞുങ്ങൾക്കും ഒരു കുറവും വരുത്തിയിട്ടില്ല സർ

“No അരുൺ നിങ്ങൾ വിലപ്പെട്ട ഒരു കാര്യം അവൾക്ക് കൊടുത്തിരുന്നില്ല ‘നിങ്ങളുടെ സമയം’.

ശരിയല്ലേ?”

മറുപടി ഒന്നും പറയാനില്ലായിരുന്നു അരുണിന്.

“അവളിൽ നിന്ന് അന്ന് അറിഞ്ഞ കാര്യങ്ങൾ വഴി ഇത് എങ്ങനെ സംഭവിച്ചു എന്ന് ഞാൻ പറയാം.

ഇപ്പൊ ഭാമയ്ക്ക് 23 വയസ്.നിങ്ങളുടെ കല്യാണം കഴിഞ്ഞപ്പോൾ അവൾക് വയസ് 20. പക്വതയെത്താത്ത പ്രായത്തിൽ കല്യാണം.

അതിനോട് പൊരുത്തപ്പെട്ടു വരുമ്പോഴേക്കും 2 മാസത്തിനുള്ളിൽ അവൾ ഗർഭിണിയായി.ആദ്യ പ്രസവം കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. അതിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. നിങ്ങൾ കേട്ടിട്ടുണ്ടാകും post partum depression. പ്രസവാനന്തര വിഷാദ രോഗം. ആ സമയത്ത് അവൾ അവളുടെ വീട്ടിലായിരുന്നത് കൊണ്ട് നിങ്ങളിത് അറിഞ്ഞില്ല. അവളിലെ മാറ്റം അറിഞ്ഞ അവളുടെ അമ്മ, ആവശ്യമായ സ്നേഹവും സപ്പോർട്ടും കെയറും കൊടുത്ത് കൂടെ നിന്നു.

അങ്ങനെ അവൾ പതിയെ അതിൽ നിന്ന് റിക്കവർ ആയി.

മൂത്ത മകന് ഒരു വയസ് തികയുന്നതിന് മുൻപ് അവൾ വീണ്ടും ഗർഭിണിയായി. രണ്ടാമത്തെ പ്രസവമായത് കൊണ്ട് അധിക നാൾ അവിടെ നിർത്താതെ അവളെ തിരികെ വീട്ടിൽ കൊണ്ടുവന്നു.

താമസിയാതെ നിങ്ങളുടെ പെങ്ങളുടെ പ്രസവാവശ്യങ്ങൾക്കായി നിങ്ങളുടെ അമ്മ അങ്ങോട്ട് പോയി.

എന്നാൽ അവളെ അവളുടെ വീട്ടിലോട്ട് വിടാനോ അവളുടെ അമ്മയെ ഇങ്ങോട്ട് വിളിക്കാനോ നിങ്ങളുടെ ദുരഭിമാനം സമ്മതിച്ചില്ല.

അധികം വൈകാതെ നിങ്ങളും ജോലിക്ക് പോയിത്തുടങ്ങി. വല്ലാത്തൊരു ഒറ്റ പെടലും മാനസിക പിരിമുറുക്കവും അവൾ അനുഭവിച്ചു തുടങ്ങി.എല്ലാം കൂടി അവൾക്ക് മാനേജ് ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അവൾ നിങ്ങളിൽ നിന്ന് ആഗ്രഹിച്ച പ്രണയവും കരുതലും കൂടി കിട്ടാതെയായപ്പോൾ വല്ലാത്ത നിരാശ അവളെ പിടികൂടി. ഇതൊക്കെ നിങ്ങളെ അറിയിക്കാൻ പല പ്രാവശ്യം അവൾ ശ്രമിച്ചു എന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ തിരിച്ച് കുറ്റപ്പെടുത്തലുകൾ അല്ലാതെ ഒരു ആശ്വാസവാക്ക് പോലും അവൾക്ക് കിട്ടിയില്ല ”

“മനപ്പൂർവം അല്ല ഡോക്ടർ എന്റെ വർക്ക്‌ പ്രഷർ അത്രത്തോളം ഉണ്ടായിരുന്നു.”

“ഇനി എന്ത് ന്യായീകരണങ്ങൾ നിരത്തിയിട്ടും പ്രയോജനമില്ലല്ലോ അരുൺ.മനുഷ്യ മനസ് വളരെ സങ്കീർണതകൾ നിറഞ്ഞതാണ്. നോർമലായിരിക്കുന്ന ആൾക്കാൾ വരെ വളരെ പെട്ടന്നുള്ള ഷോക്കിൽ നിരാശയിലേക്ക് വീഴാം. അപ്പൊ പിന്നെ ഒരു പ്രാവശ്യം ഇത് ബാധിച്ചിരുന്ന ഒരാളുടെ കാര്യം പറയണോ?

ഇനിയും ദൈവം ഒരു അവസരം നിങ്ങൾക്ക് തന്നാൽ അവളെയൊന്ന് ചേർത്ത് പിടിച്ച്, ക്ഷമയോടെ അവളെ കേൾക്കണം, മറ്റാരേക്കാളും നിങ്ങൾ അവളുടെ കൂടെ ഉണ്ടെന്നൊരു ഉറപ്പ് അവൾക്ക് കിട്ടിയാൽ വളരെ വേഗം അവൾ സുഖപ്പെടും.

*************

തിരികെ ICU വിന്റെ വാതിൽക്കൽ ഇരിക്കുമ്പോൾ അരുണിന്റെ മനസിലും’ദൈവമേ എനിക്ക് ഒരു അവസരം കൂടി തരണേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.

ICU വിലെ എമർജൻസി അലാറത്തിന്റെ ശബ്ദം കേട്ടാണ് അരുൺ കണ്ണ് തുറന്നത്. കണ്ണ് തുറക്കുമ്പോൾ ആരൊക്കെയോ മുൻപിലുടെ പായുന്നുണ്ടായിരുന്നു.

എന്തു വേണമെന്നറിയാതെ പകച്ചു നിന്ന അയാളുടെ കാതുകളിലേക്ക് ഈയം ഉരുക്കിയൊഴിച്ചത് പോലെ ഡോക്ടറിന്റെ ശബ്ദം പതിഞ്ഞു

“I am sorry അരുൺ.. പെട്ടനുണ്ടായ ഒരു കാർഡിയാക് അറസ്റ്റ്. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….”

*********

ഭാമയുടെ സാമീപ്യം ഇല്ലാത്ത എന്നാൽ അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന വീട്. ആ വീടിന്റെ അകത്തേക്ക് കാലെടുത്തു വച്ചപ്പോഴേ എവിടെ നിന്നോ ആ ശബ്ദം അരുണിനെ തേടിയെത്തി.

“എന്നോട് ദേഷ്യപ്പെടല്ലേ അരുണേട്ടാ.. എന്നെയൊന്ന് നോക്ക്, എന്നോട് സ്നേഹത്തോടെ സംസാരിക്ക്, എനിക്ക് വേറെ ആരുണ്ട് ഇതൊക്കെ പറയാൻ..”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ലിൻസി ലാസർ