ആമീ നമ്മുടെ സീനിയർ അഖിൽ ഇല്ലേ, അവൻ എന്നോട് ഇഷ്ടമാണോ അല്ലയോ എന്ന് പറയാൻ പറഞ്ഞു. ഞാനെന്നാ പറയ്യാ..

രചന : ഗൗരി പാർവ്വതി

തിരിച്ചറിവുകൾ…

❤❤❤❤❤❤❤❤❤❤❤

“ഡീ പെണ്ണേ നീയാ ബുക്ക് ഒന്നു എടുത്തു വയ്ക്കുമോ . എന്നിട്ട് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ”

ഞാനൽപ്പം ദേഷ്യത്തോടെ തന്നെ ആമിയോട് പറഞ്ഞു. അഭിരാമി എന്ന ആമി എന്റെ കുട്ടിക്കാലം മുതലുള്ള എന്റെ കളിക്കൂട്ടുകാരിയാണ്. എങ്കിലും ഒരു പുസ്തകപ്പുഴു ആയതോണ്ടായിരിക്കാം എന്നെക്കാൾ പക്വതയും അറിവും അവൾക്കിത്തിരി കൂടുതലാണ്. ഞാൻ എന്തു കാര്യവും അവളോടാണ് പങ്കുവയ്ക്കാറ്.

” ശരി ഞാനിതാ ബുക്ക് മാറ്റിവച്ചു. നീ പറയ് പാറു എന്താ പ്രശ്നം ?”

അവൾ ചോദിച്ചു.

” അത് ആമീ നമ്മുടെ സീനിയർ അഖിൽ ഇല്ലേ കുറേക്കാലമായല്ലോ പുറകെ നടക്കുന്നു . ഞങ്ങൾ വല്ലപ്പോഴും ചാറ്റ് ഒക്കെ ചെയ്യാറുണ്ട്. അവൻ എന്നോട് ഇഷ്ടമാണോ അല്ലയോ എന്ന് പറയാൻ പറഞ്ഞു. ഞാനെന്നാ പറയ്യാ ?”

അഭിരാമി എല്ലാം കേട്ടു ഒരു ആലോചനയോടെ നിന്നു

തുടർന്നു ചോദിച്ചു:

“പാറു നീയെന്താ തീരുമാനിച്ചിരിക്കുന്നത് ?”

” എടീ ഞാനൊന്നും പറഞ്ഞില്ല. ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിയാതെ വരുമ്പോൾ ഞാൻ നിന്നോടല്ലേ ചോദിക്കാറ്. ”

“പാറു ഇതിലിപ്പോ ഒറ്റവാക്കിൽ എനിക്കൊന്നും പറയാനില്ല. തീരുമാനം നിന്റേതായിരിക്കണം. നിന്റെ ജീവിതമാണ്. ”

“ആമീ എന്റെ ജീവിതത്തിൽ നിന്റെ അഭിപ്രായത്തിനും വിലയുണ്ട് ”

അഭിരാമി കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം പറഞ്ഞു:

” ഈ വരുന്ന 3 ദിവസം കോളേജ് ലീവ് ആണല്ലോ.

ഈ 3 ദിവസം നീ ഞാൻ പറയുന്നതുപോലെ ചെയ്യുമോ. നാലാം ദിവസം നിനക്ക് നിന്റെ തീരുമാനം അഖിലിനെ അറിയിക്കാം എന്തു തന്നെ ആയാലും.”

ഒരു നിമിഷം ഒന്നു അമ്പരന്നെങ്കിലും പാറു പറഞ്ഞു:

” ശരി സമ്മതിച്ചു . നീ പറയും പോലെ ചെയ്യാം”

” ഉം. ഒന്നാമത്തെ കാര്യം ഈ 3 ദിവസം നീ നിന്റെ മൊബൈൽ ഫോൺ ഓഫ് ആക്കി വയ്ക്കണം.

നീ അത് എടുക്കുകയേ ചെയ്യരുത് . പറ്റില്ലെങ്കിൽ എന്റെ കൈയിൽ തന്നേക്ക് ഞാൻ തിരിച്ചു തരാം 3 ദിവസം കഴിഞ്ഞിട്ട്. ”

“ശരി സമ്മതിച്ചു. പിന്നെ ? ”

”രണ്ടാമത്തെ കാര്യം മുറിക്കുള്ളിൽ ചടഞ്ഞിരിക്കാതെ സ്വന്തം വീടും വീട്ടുകാരെയും ഒക്കെ ഒന്ന് അടുത്തറിയണം . അവരോട് ഒന്ന് മനസ് തുറന്ന് സംസാരിക്കണം .ഇത്രയും മതി. ഈ 3 ദിവസം ഇതിൽ മാത്രം ആയിരിക്കണം നിന്റെ ചിന്ത. മറ്റാരും മറ്റൊന്നും നീ ആലോചിക്കരുത് .സമ്മതിച്ചോ ?”

” ശരി സമ്മതിച്ചു. പക്ഷേ അതും ഇതും തമ്മിലെന്താ ബന്ധം ആമീ ?”

” അതൊക്കെ നിനക്ക് മനസ്സിലാക്കും .നീയാദ്യം ഞാൻ പറയുന്നത് കേൾക്ക്.

” ശരി നീ പറയും പോലെ “.

പാറു വേഗം തന്റെ മൊബെൽ ഫോൺ എടുത്ത് ഓഫ് ചെയ്ത് ആമിയുടെ കൈയിൽ കൊടുത്തു:

“എന്റെ കൈയിൽ ഇരുന്നാൽ ഞാൻ ഉപയോഗിച്ചു പോകും. നീ വച്ചോ ”

രണ്ടു പേരും കോളേജിൽ നിന്ന് വീട്ടിലേക്ക് നടന്നു .

വീട്ടിലെത്തിയ പാടെ അമ്മയെ വിളിച്ചാണു പാറു വീട്ടിലേക്ക് കയറിയത് . അങ്ങനുള്ള പതിവെല്ലാം സ്കൂളിൽ പഠിക്കുന്ന കാലത്തെ അവസാനിച്ചതായിരുന്നു. സാധാരണ ഫോണിൽ കളിച്ചായിരുന്നു വീട്ടിലേക്ക് കയറാറ് .

അമ്മ അടുക്കളയിൽ ചായയുണ്ടാക്കുകയായിരുന്നു.

പതിയെ മുറിയിൽ ബാഗും മറ്റും വച്ച് അവൾ അടുക്കളയിലേക്ക് ചെന്നു അമ്മ ഉണ്ടാക്കി വച്ച ചൂടുള്ള പഴംപൊരി ഒരെണ്ണം എടുത്തു തിന്നു.

”എന്താപ്പോ ഒരു പുതിയ ശീലം ?

അടുക്കളയൊക്കെ ന്റെ കുട്ടിക്ക് അറിയോ

സാധാരണ ഹാളിലിരുന്ന് ചായയ്ക്ക് വിളിച്ചു കൂവാറല്ലേ പതിവ് ”

“ഓ ഈ അമ്മ തുടങ്ങി. ഇന്നു തൊട്ട് ഞാൻ നല്ല കുട്ടിയാവാൻ തീരുമാനിച്ചു പോരെ.”

” എന്തോ കാര്യസാധ്യത്തിനല്ലാതെ നീ സോപ്പിടാൻ വരില്ല എന്ന് എനിക്കറിയില്ലേ പാറൂ.”

” ഈ അമ്മയ്ക്ക് എന്നെ ഒരു വിശ്വാസവുമില്ല”

ഞാൻ മുഖം വീർപ്പിച്ചു നിന്നു .

അച്ഛന്റെ ശബ്ദം ഉമ്മറത്ത് കേട്ട പാടെ ഞാൻ അങ്ങോട്ട് ഓടി. പണ്ടെല്ലാം അച്ഛൻ വരുന്നതും നോക്കി പലഹാരപ്പൊതിയ്ക്കായി ഞാൻ കാത്തു നിൽക്കാറുണ്ടായിരുന്നു.

പിന്നീട് അച്ഛൻ വരുന്നതും പോകുന്നതും ഒന്നും ഞാൻ അറിയാതായി. സോഷ്യൽ മീഡിയയിലെ സൗഹൃദങ്ങളും പുതിയ കോളേജ് ജീവിതവുമെല്ലാം എന്നെ സ്വാധീനിച്ചിരുന്നു:

എന്നെ കണ്ടതും അച്ഛൻ ഒരു ചിരിയോടെ കൈയ്യിലിരുന്ന പൊതി എനിക്കു നേരെ നീട്ടി.

ഞാനതു വാങ്ങിക്കും മുമ്പേ അനിയൻ കുട്ടൻ ഓടി വന്ന് അത് കൈക്കലാക്കിയിരുന്നു.

ഞാൻ അവന്റെ പുറകെ ഓടി .

ഞങ്ങളുടെ വഴക്കും മറ്റും അച്ഛൻ ആസ്വദിച്ചിരിക്കുന്നത് ഞാൻ കണ്ടു.

അകത്തു നിന്നും അമ്മയുടെ ശാസനാ രീതിയിലുള്ള ശബ്ദം കേട്ടതേ ഞാൻ തോറ്റു കൊടുത്തു. വലുതായെന്നൊന്നും നോക്കൂല അമ്മ നല്ല അടി കിട്ടും.

അനിയനോട് കെറുവിച്ച് ഞാൻ അടുക്കളയിൽ പോയി ചായയെടുത്ത് ഹാളിലേക്ക് വന്നു.

ഓരോ തമാശകളും വിശേഷങ്ങളും പറഞ്ഞ് ഞങ്ങൾ ചായ കുടിച്ചു.

ഇതിനിടയിൽ അമ്മ അച്ഛനോട് ചോതിച്ചു:

പോയ കാര്യം എന്തായി ?

അച്ഛൻ പറഞ്ഞു :

എന്താവാനാ ഒരു തീരുമാനവും ആയില്ല.

അതെങ്ങനാ ആരേലും ഒന്ന് വിട്ടു കൊടുക്കണ്ടേ .

എല്ലാവർക്കും വാശി.

പിള്ളേർ ഓരോന്ന് ചെയ്തു വയ്ക്കും .

പിന്നീട് അച്ഛനും അമ്മയ്ക്കുമാ പെടാപ്പാട്.

സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല.

ഞാൻ അമ്മയോട് കാര്യം ചോദിച്ചു.

അമ്മ പറഞ്ഞു:

നിനക്കറിയില്ലേ നമ്മുടെ അശോകേട്ടന്റെയും ലീനേച്ചിയുടെയും മോള് മായ ഒളിച്ചോടിപ്പോയത്.

അവളുടെ കൂടെപ്പഠിച്ച ചെക്കന്റെ കൂടെ. ഇപ്പോ 6 മാസം ആയിരിക്കുന്നു കല്യാണം കഴിഞ്ഞിട്ട്.

അവിടെന്തൊക്കെയോ പ്രശ്നം ആയിട്ട് അവള് ഇങ്ങോട്ട് തന്നെ പോന്നിരുന്നു. ഒറ്റമോൾ അല്ലേ ഇവരു അവളെ വീട്ടിൽ കയറ്റുകയും ചെയ്തു.

പിന്നല്ലേ അറിഞ്ഞത് അവൻ ജോലിക്കും പോകാതെ കൂട്ടുകാരുമായി കറങ്ങി നടക്കാണ് പോലും

അവന്റെ വീട്ടിലാണെങ്കിൽ ഒരു ഗതിയും ഇല്ലാത്ത വീട്ടുകാരാണ്.

അവന്റെ അമ്മയുമായി ഇവളു തീരെ ഒക്കുന്നുമില്ല.

ഇവിടെ എന്തോരും സുഖ സൗകര്യത്തിൽ കഴിഞ്ഞ പെണ്ണാണ് . എന്തു ചെയ്യാനാ ഓരോ വിധി.

അവളുടെ മേലുള്ള സ്വർണ്ണമെല്ലാം അവൻ കൊണ്ടോയി വിറ്റു പോലും.

അവസാനം അവന്റെ അമ്മയുമായി വഴക്കുണ്ടാക്കിയെന്ന് പറഞ്ഞ് അവളെ അവൻ തല്ലി.

ഇതു വരെ പട്ടിണിയറിയാത്ത പെണ്ണ് അതും അറിഞ്ഞു.

ഒടുവിൽ ഗതികെട്ടാ അവൾ ഇങ്ങോട്ടു തന്നെ പോന്നത്.

പെറ്റ വയറിനും പോറ്റിയ നെഞ്ചിനും അങ്ങനങ്ങു തള്ളിക്കളയാൻ പറ്റുമോ.

ഇന്നു ഇവരെല്ലാം കൂടി അവന്റെ വീട്ടിലേക്ക് ഒരു ഒത്തുതീർപ്പിന് പോയതാ ”

“അവിടത്തെ അവസ്ഥയൊന്നും പറയേണ്ട ലതേ .

ആ ചെക്കന്റെ അച്ഛൻ കൂലിപ്പണിക്ക് പോയിട്ടാ കുടുംബം പോറ്റുന്നത് . അയാളുടെ വയസ്സായ അച്ഛനും അമ്മയും ഒക്കെ അവിടെയാ താമസം.

ഒന്നോളം പോന്ന ഒരു മകനാ ഇതു പോലെ ഉത്തരവാദിത്വമില്ലാതെ നടക്കുന്നത് .

ശരിക്കും പറഞ്ഞാൽ അശോകേട്ടന്റെ തലയും കുനിച്ചുള്ള ഇരിപ്പു കണ്ടിട്ട് എന്റെ ഇടനെഞ്ച് പൊട്ടിപ്പോയി. അത്രയും പൊന്നു പോലല്ലേ അങ്ങേരു അവളെ നോക്കിയത് . ഒരച്ഛനും ഇങ്ങനൊരു അവസ്ഥ ഉണ്ടാവരുത്.”

അച്ഛൻ പറഞ്ഞു നിർത്തിയതും എനിക്കാകെ വല്ലാത്ത അസ്വസ്ഥത തോന്നി.

പിറ്റേന്ന് ഞാനുണർന്നതു തന്നെ ആരുടെയോ സംസാരം കേട്ടിട്ടാണ്. നോക്കിയപ്പോൾ പരദൂഷണക്കുറ്റി ലീലേടത്തി.

മായേച്ചിയുടെ കാര്യം പറയാനായിരിക്കും രാവിലെ തന്നെ എഴുന്നള്ളിയത്.

ഞാൻ അവരു പറയുന്നത് ചെവിയോർത്തു കൊണ്ട് നിന്നു.

” അല്ല ലതേ പാറു ഇതുവരെ എണീറ്റില്ലേ. വല്ലയിടത്തും ചെന്നു കയറേണ്ട പെണ്ണാ.

നീയിങ്ങനെ അടുക്കളയിൽ കയറ്റാതെ പോറ്റിക്കോ

കെട്ടിക്കാൻ പ്രായമായതാണെന്ന വിചാരം വേണ്ട

എനിക്കാകെ അടിമുടി പെരുത്തു കയറി.

അവരെ ഞാൻ മനസ്സുകൊണ്ട് പ്രാകി .

പക്ഷേ എന്റെ അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു.

”ലീലേടത്തീ എന്റെ മകളെ ഞാൻ വളർത്തുന്നത് വല്ലവരുടെയും അടുക്കളപ്പണി ചെയ്യാനല്ല.

പിന്നെ അവളിപ്പോ പഠിക്കേണ്ട പ്രായമാണ്. ഒരു ജോലിയൊക്കെ ആയി സ്വന്തം കാലിൽ നിൽക്കാനുള്ള പക്വത ഒക്കെ വന്നിട്ടേ അവളെ ഞങ്ങൾ കെട്ടിക്കുന്നുള്ളൂ.

പിന്നെ എന്റെ മോൾക്ക് അത്യാവശ്യം അടുക്കളപ്പണിയൊക്കെ നന്നായറിയാം.

എന്റെ അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ ഞാൻ 2 മാസം എന്റെ വീട്ടിലായിരുന്നു. അന്ന് ഇവിടത്തെ കാര്യങ്ങളെല്ലാം അവൾ നന്നായി നോക്കിയിരുന്നു.

പിന്നെ അവൾ ഇവിടെ ചെയ്യുന്ന ജോലികൾ എല്ലാം കെട്ടിച്ചു വിടുന്ന വീട്ടിലും ചെയ്യും. അതിനുള്ള വിവരമൊക്കെ അവൾക്കുണ്ട്.”

എനിക്ക് അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നി. എന്റെ അമ്മ മാസ്സ് അല്ലേ.

പ്രതീക്ഷിച്ച മറുപടിയൊന്നും കിട്ടാഞ്ഞിട്ടായിരിക്കും ലീലേടത്തി പോകുന്നത് കണ്ടു.

ഫോണില്ലാത്തതു കൊണ്ട് ഞാനിന്ന് അമ്മയെ നന്നായി സഹായിച്ചു.

അമ്മയ്ക്കും ഒത്തിരി സന്തോഷായി.

ഞങ്ങൾ ഇന്ന് ഒരു പാട് സംസാരിച്ചു.

അമ്മ പണ്ടത്തെ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു.

അച്ഛൻ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചു.

അപ്പോഴാണ് അമ്മ അച്ഛന്റെ കൈ പിടിച്ചു നോക്കിയത്. ചിലയിടത്തൊക്കെ തഴമ്പു പൊട്ടി ചോര വന്നിട്ടുണ്ട്.

” പണി കഴിഞ്ഞു വരുമ്പോഴാ ബംഗ്ലാവിലെ വറീതേട്ടന്റെ മോന്റെ വീട്ടിലേക്ക് കല്ലിറക്കുന്നതു കണ്ടത്.

അതിനൊന്നു കൂടിക്കൊടുത്തു.

കുറച്ച് പൈസ കിട്ടി.”

ചിരിച്ചു കൊണ്ട് അച്ഛനത് പറഞ്ഞപ്പോൾ എന്റെ മനസ്സു തകർന്നു.

അന്നു നന്നായി കണ്ടു ഞാനെന്റെ അച്ഛന്റെയും അമ്മയുടെയും കൈകൾ.

ഞങ്ങൾക്കു വേണ്ടി കഷ്ടപ്പാടിന്റെപാടുകൾ വീണു പുറം ഭംഗികുറഞ്ഞ കൈകൾ.

ഞാൻ കൂടുതൽ അറിയുകയായിരുന്നു ഇവയെല്ലാം എനിക്കു ചുറ്റും നടന്നിരുന്ന സംഭവങ്ങൾ ആയിരുന്നു.

പക്ഷേ അതു കണ്ണു തുറന്നു കാണുവാൻ എന്റെ ഫോൺ മാറ്റി വയ്ക്കേണ്ടി വന്നു

എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

ഒരു ഫോൺ കിട്ടിയപ്പോൾ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു.

പുറത്തുള്ളവരുടെ സൗഹൃദ വലയത്തിനുള്ളിൽ പെട്ടു പോയപ്പോൾ ചുറ്റിലുള്ളവരുടെ സ്നേഹം കാണാൻ വൈകിപ്പോയി.

അന്നു ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് കഥകൾ പറഞ്ഞുറങ്ങിയത്.

വല്ലാത്തൊരു മനസ്സമാധാനം ഉണ്ടായിരുന്നു എനിക്ക്.

കോളേജ് തുറക്കുന്ന അന്ന് ഞാൻ ആമിയെയും കൂട്ടി അഖിലിനെ കാണാൻ പോയി.

അവന്റെ മുമ്പിൽ തലയുയർത്തി നിന്നുകൊണ്ട് ഞാൻ പറഞ്ഞു:

“അഖിൽ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു. ഒരു തമാശക്ക് ഒരു ബന്ധം തുടങ്ങി വച്ച് പകുതിക്ക് വച്ച് ഒഴിവാകുന്നതിനേക്കാൾ നല്ലതാണ് ഇപ്പോഴേ എല്ലാം പറയുന്നത്.

എന്റെ വീട്ടുകാരുടെ അടുത്തു നിന്ന് കിട്ടാത്ത സ്നേഹവും സംരക്ഷണവും മറ്റെവിടെ ചെന്നാലും എനിക്ക് ലഭിക്കില്ല.

അതു അറിയുന്നതോണ്ട് അവരുടെ ഇഷ്ടമില്ലാതെ ഒരു ബന്ധത്തിനും ഞാനില്ല.

പിന്നെ അഖിലിന് ഒരു ജോലിയൊക്കെയായി അന്നും എന്നോടിഷ്ടം ഉണ്ടെങ്കിൽ എന്റെ വീട്ടിൽ വീട്ടുകാരെ കൂടി കൂട്ടി വന്ന് ആലോചിക്കാം.

ഇപ്പോൾ നമുക്ക് നല്ല സുഹൃത്തുക്കളായി കഴിയാം.

അഖിൽ മറുപടിയൊന്നും പറയാതെ ഒന്നു ചിരിച്ചിട്ട് കടന്നു പോയി.

ഞാൻ ഒരു വലിയ ആശ്വാസത്തോടെ ആമിയെയും കൂട്ടി നടന്നു.

“ഡീ താങ്ക്സ് ട്ടോ. നീ കാരണം ഞാൻ പലതും പഠിച്ചു. ”

“അതൊന്നും വേണ്ടെടീ ഇതൊക്കെ ഞാൻ പറഞ്ഞാൽ നിനക്കൊരു ഉപദേശമായിട്ടേ തോന്നു

എന്നാൽ നീ സ്വയം മനസ്സിലാക്കിയാൽ പിന്നൊരിക്കലും നീ തെറ്റിൽ ചെന്ന് വീഴില്ല എന്ന് ഉറപ്പുണ്ട്.”

“നിന്നെപ്പോലൊരു ഫ്രണ്ട് ഉണ്ടേൽ ഞാനെന്നും സേഫ് ആണെടീ പെണ്ണേ ”

ഇതും പറഞ്ഞ് രണ്ടു പേരും ക്ലാസിലേക്ക് കൈകോർത്തു നടന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഗൗരി പാർവ്വതി